Sunday, December 18, 2011

ഇന്ത്യന്‍ സാമ്പത്തികരംഗം ചൂഷണമുക്തമാക്കണം

ഉന്തിന്റെ കൂടെയൊരു തള്ള് എന്ന നിലയിലാണ് അനുദിനം മൂല്യം കുറഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ രൂപയുടെ വീഴ്ചയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് പുറത്തുവന്ന രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ചാ റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയ 11.3 ശതമാനം നിരക്കില്‍ നിന്നും വ്യവസായ വളര്‍ച്ച -.5 ശതമാനത്തിലേയ്ക്ക് വീണപ്പോള്‍ നഷ്ടമായത് 10.53 ശതമാനമാണ് എന്നത് രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയാണ് കാണിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്കിന്റെ വായ്പാനയം പുറത്തുവന്നത്.

രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകളിലൊന്നും യാതൊരു മാറ്റവുമില്ലാതെ 8.5 ഉം 7.5 ഉം ശതമാനത്തില്‍ നിര്‍ത്തിക്കൊണ്ടുള്ള വായ്പാനയരേഖ വിപണിക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും ഇന്ത്യന്‍ രൂപ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന സമ്മര്‍ദ്ദത്തെ അതിജീവിക്കുവാന്‍ സഹായകരമാകില്ല ഇതിന് കാരണം ബഹുമുഖമാണ്. ഏതൊരു രാജ്യത്തെയും സാമ്പത്തികരംഗത്തെ പ്രതികൂലമായും അനുകൂലമായും ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അവ എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയവുമാണ്. അതുകൊണ്ട് തന്നെ സൂക്ഷ്മ നിരീക്ഷണവും കര്‍ശന ഇടപെടലുകളിലൂടെയുമാണ് ധനവിനിമയത്തെ നിയന്ത്രണ വിധേയമാക്കി നിര്‍ത്തേണ്ടത്.
നടപ്പുസാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് 7 ശതമാനമായി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അനുമാനിക്കുന്നത്. ഇതിനുകാരണം വ്യവസായ-ഉല്‍പാദന-സേവന മേഖലകളിലെ അപ്രതീക്ഷിത തളര്‍ച്ചയാണ്. കാര്‍ഷികരംഗം മാത്രമാണ് നേരിയ തോതിലെങ്കിലും പുരോഗതി കൈവരിച്ചത്. എന്നാല്‍ ഈ പുരോഗതി നാമമാത്രമായതുകൊണ്ടും മറ്റ് മേഖലകളിലെ പ്രതികൂല വളര്‍ച്ചാനിരക്കിനെ കവച്ചുവയ്ക്കാന്‍ തക്കവണ്ണം പോരുന്നതല്ലാത്തതുകൊണ്ടും രാജ്യത്തിന്റെ മൊത്തം ജി ഡി പി നിരക്ക് 7 ശതമാനമായി കുറയുമെന്ന നിരീക്ഷണം യാഥാര്‍ഥ്യമാകുവാനുള്ള സാധ്യതകള്‍ ഏറെയാണ്. എങ്കിലും നമ്മുടെ ധനകാര്യമന്ത്രി പ്രണാബ്കുമാര്‍ മുഖര്‍ജി 8.5 മുതല്‍ 9 ശതമാനം വരെയുള്ള വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്. ഇത് സാധ്യമാകാനുള്ള അനുകൂല സാഹചര്യങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നില്ല. മറിച്ചാകണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും.

ഗ്രീസില്‍ തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളെ മൊത്തത്തില്‍ പിടിച്ചുകുലുക്കിയ സാമ്പത്തിക മാന്ദ്യം ഇന്ത്യയുടെ കയറ്റുമതി വ്യവസായത്തെ കാര്യമായി ബാധിച്ചു. അമേരിക്കയിലെ മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇന്ത്യ ആശ്രയിച്ചിരുന്നത് യൂറോപ്യന്‍ രാജ്യങ്ങളെയാണ്. പ്രത്യേകിച്ചും സേവനമേഖലയില്‍ നാം കണ്ടെത്തിയ പുതിയ മേച്ചില്‍ പുറങ്ങളെ യൂറോപ്യന്‍ മാന്ദ്യം തകരാറിലാക്കി. 2000 മുതല്‍ 2011 വരെയുള്ള ഒരു ദശാബ്ദക്കാലം പരിശോധിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ ശരാശരി ജി ഡി പി 7.45 ശതമാനമാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചാ നിരക്കായ 11.80 ശതമാനം രേഖപ്പെടുത്തിയത് 2003 ഡിസംബറിലാണെങ്കില്‍ ഏറ്റവും കുറവായ 1.60 ശതമാനം 2002 ലാണ്. നമ്മുടെ സാമ്പത്തിക വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിക്കുന്നത് പരമ്പരാഗത ഗ്രാമീണ കാര്‍ഷികരംഗവും ആധുനിക കാര്‍ഷിക മേഖലയും കരകൗശലരംഗം, ആധുനിക വ്യവസായമേഖല, വിവിധങ്ങളായ സേവനമേഖലകള്‍, മറ്റ് ഉല്‍പാദന മേഖലകള്‍ എന്നിവയാണ്. ഇതില്‍ വ്യവസായരംഗവും കാര്‍ഷിക രംഗവും ഉണര്‍ന്നെങ്കില്‍ മാത്രമേ നമ്മുടെ സമ്പദ്ഘടനയ്ക്ക് ശക്തമായ ഒരു അടിത്തറ ഉണ്ടാക്കി എടുക്കുവാന്‍ സാധ്യമാകൂ.
കൂനിന്മേല്‍ കുരുവെന്ന കണക്കാണ് വര്‍ധിച്ചുവരുന്ന നാണ്യപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളുടെ താങ്ങാനാകാത്ത വിലവര്‍ധന രാജ്യത്തെ നാണ്യപ്പെരുപ്പത്തെ ചെറുതായല്ല ബാധിച്ചത്. വിപണിയില്‍ തക്കസമയത്ത് ഇടപെടാതിരിക്കുകയും പൊതുവിതരണ സമ്പ്രദായം ചിട്ടയായി ക്രമീകരിക്കാന്‍ കഴിയാതെ പോയതും നാണ്യപ്പെരുപ്പം കൂട്ടാന്‍ സഹായിച്ചു. പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വില കുത്തനെ ഉയര്‍ന്നപ്പോള്‍ ശക്തമായി ഇടപെടാതെ ഒരു നോക്കുകുത്തിയായി സര്‍ക്കാര്‍ മാറി നിന്നു. അവധി വ്യാപാരത്തിനും ഊഹക്കച്ചവടത്തിനുമായി വിപണി മലര്‍ക്കെ തുറന്നിട്ടുകൊടുത്തതുവഴി അശാസ്ത്രീയവും അനാരോഗ്യകരവുമായ സമീപനങ്ങള്‍ ഉടലെടുക്കുകയും അവ വിപണിയെ അശക്തമാക്കുകയും ചെയ്തു. കമ്പോളത്തിലെ ചാഞ്ചാട്ടങ്ങള്‍ നിയന്ത്രിക്കുന്നതിനുവേണ്ട ഇടപെടലുകള്‍ കാലാകാലങ്ങളില്‍ ഭരണസംവിധാനങ്ങളില്‍ നിന്നുമുണ്ടായാല്‍ മാത്രമേ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും വിപണിയിലെ ചൂഷണങ്ങളും ചെറുക്കാന്‍ കഴിയൂ. കാര്‍ഷിക രംഗത്ത് നമ്മുടെരാജ്യം നേരിടുന്ന വലിയ പ്രശ്‌നമാണ് വിളയും - വിപണിയും തമ്മിലുള്ള ദൂരം. ഈ ദൂരം കുറയ്ക്കാന്‍ ഇന്നും നമുക്കു കഴിഞ്ഞിട്ടില്ല. വിളകള്‍ സംഭരിച്ച് സൂക്ഷിക്കുവാനുള്ള ശാസ്ത്രീയ സംഭരണ കേന്ദ്രങ്ങള്‍ ഇന്ത്യയ്ക്ക് ഇന്നും അന്യമാണ്. രാജ്യത്തെ ഭക്ഷ്യവിളകളില്‍ നല്ലൊരുപങ്കും ഇക്കാരണങ്ങള്‍കൊണ്ട് തന്നെ ഉപയോഗശൂന്യമാകുന്നു. കാര്‍ഷിക ഉത്പാദനത്തില്‍ നാം നേടിയെടുത്ത നേരിയ വളര്‍ച്ചാനിരക്ക് ഇക്കാരണങ്ങളാല്‍ ഇല്ലാതാകുന്നു. ഈ അവസ്ഥയിലും രാജ്യത്തിന്റെ മൊത്തവില സൂചികയിലെ പണപ്പെരുപ്പനിരക്ക് 9.7 ശതമാനത്തില്‍ നിന്നും 9.1 ശതമാനമായി കുറയുകയുണ്ടായി എന്നത് തെല്ലാശ്വാസം നല്‍കുന്നു.

പണപ്പെരുപ്പം കുറയ്ക്കുകയും സാമ്പത്തിക വളര്‍ച്ച കൂട്ടുകയും ചെയ്യണമെങ്കില്‍ സാമ്പത്തിക കമ്മി ഗണ്യമായി കുറക്കേണ്ടിയിരിക്കുന്നു. എന്നാല്‍ നിലവിലെ കമ്മി 3.2 ശതമാനത്തില്‍ നിന്നും 4.1 ശതമാനമായി വര്‍ധിക്കുകയാണുണ്ടായത്. നിലവിലെ കമ്മിയും ധനകാര്യകമ്മിയും ചേര്‍ന്ന് രാജ്യത്തെ സാമ്പത്തികരംഗം ഗുരുതരമായ ഒരവസ്ഥയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇത് സാമ്പത്തിക മാന്ദ്യത്തിലേയ്ക്കാണോ രാജ്യത്തെ നയിക്കുന്നതെന്ന തിരിച്ചറിവ് ഭരണകേന്ദ്രങ്ങള്‍ക്കുണ്ടാവണം. മാറ്റങ്ങള്‍ക്കനുസരിച്ചുള്ള നയരൂപികരണവും ശക്തമായ ഇടപെടലുകളും അനിവാര്യമായിരിക്കുന്നു.

സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയുകയും പണപ്പെരുപ്പം കൂടുകയും ചെയ്യുന്ന അവസ്ഥ, രൂപയുടെ അമ്പരപ്പിക്കുന്ന മൂല്യത്തകര്‍ച്ചക്കുകാരണം. ഏഷ്യന്‍ രാജ്യങ്ങളിലെ നാണ്യങ്ങളില്‍ ഏറ്റവും താണ വിനിമയ നിലവാരം പുലര്‍ത്തുന്ന ഒന്നായി വികസനപാതയില്‍ ചൈനയോടൊപ്പം കുതിക്കുന്നു എന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ രൂപമാറിയിരിക്കുന്നു. ഒരു ഡോളറിന് 54.30 രൂപ എന്ന ക്രമത്തില്‍ ഏറ്റവും ഉയര്‍ന്ന വിനിമയസൂചിക തൊട്ട ഇന്ത്യന്‍ രൂപ കഴിഞ്ഞ ജൂലൈ മാസത്തിനുശേഷം 18 ശതമാനമാണ് തകര്‍ച്ചയെ നേരിട്ടത്. റിസര്‍വ് ബാങ്കിന്റെ സമയോചിതമായ ഇടപെടല്‍ ഇക്കാര്യത്തിലും ഉണ്ടായില്ല. തുടര്‍ച്ചയായി മൂല്യത്തകര്‍ച്ച നേരിട്ടുകൊണ്ടിരുന്ന അമേരിക്കന്‍ ഡോളറിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുന്നതിനായി യൂറോപ്യന്‍ മാന്ദ്യത്തെ ഉപയോഗെപ്പടുത്തിക്കൊണ്ടുള്ള ആസൂത്രിതമായ ഒരു നീക്കമാണോ ഇതിനുപിന്നിലെന്നും സംശയിക്കേണ്ടിയിരിക്കുന്നു. 48 ല്‍ നിന്നും 55 ലേയ്ക്കുള്ള ഡോളറിന്റെ കുതിച്ചുചാട്ടത്തില്‍ 54.30 എത്തുന്നതുവരെയും രാജ്യത്തെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ഇടപെടാതിരുന്നത് ന്യായീകരിക്കാവുന്നതല്ല. ചെറുതായി കാണാനുമാകില്ല. അന്താരാഷ്ട്ര വിപണിയിലെ ചൂതാട്ടക്കാരും ദല്ലാളന്മാരും നടത്തുന്ന അവധി വ്യാപാരവും ഊഹക്കച്ചവടവും ഒരുപരിധിവരെ ഈ മൂല്യത്തകര്‍ച്ചയ്ക്ക് സഹായകമായിട്ടുണ്ട്. ഈ ചൂതാട്ടത്തില്‍ ഇന്ത്യന്‍ വിപണിക്കും നല്ലൊരു പങ്കുണ്ട്. കഴിഞ്ഞ ഒരാഴ്ചത്തെ ഡോളര്‍-രൂപാ വിനിമയ കണക്കുകള്‍ വിരല്‍ചൂണ്ടുന്നതും ഇതിലേയ്ക്കാണ്. പാശ്ചാത്യര്‍ പഠിപ്പിച്ചുതന്ന ഊഹക്കച്ചവടവും അവധി വ്യാപാരവും സ്വായത്തമാക്കിയ നമ്മുടെ ദല്ലാളന്മാരും ധനകാര്യ സ്ഥാപനങ്ങളും ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും പേരുപറഞ്ഞ് അവയെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടവും അനാരോഗ്യകരമായ ധനവിനിമയത്തിനുള്ള അവസരങ്ങള്‍ ഒരുക്കി വിപണിയുടെ വാതായനങ്ങള്‍ ഇവര്‍ക്കായി തുറന്നുകൊടുത്തു. കൊയ്യാവുന്ന ലാഭം ഇടവേളകളില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്കൊപ്പം നമ്മുടെ ധനകാര്യ സ്ഥാപനങ്ങളും നേടിക്കൊണ്ടിരുന്നു. ഊഹക്കച്ചവടത്തിന്റെ ഭാഗമായി ബൂക്കുചെയ്യുന്ന ഫോര്‍വേഡ് കരാറുകള്‍ കാലാവധി കഴിയുന്ന മുറയ്ക്ക് വീണ്ടും പുതുക്കുന്നതിന് അനുവദിച്ചുകൊടുത്തു. മാത്രമല്ല ഫോര്‍വേഡ് കരാറുകള്‍ ബുക്കുചെയ്യുമ്പോള്‍ അടിസ്ഥാനമായി ഉണ്ടായിരിക്കേണ്ട കയറ്റുമതി - ഇറക്കുമതി കരാറുകള്‍ക്ക് ഇളവ് അനുവദിക്കുകയും ചെയ്തത് വിദേശവിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ അപകടാവസ്ഥയ്ക്ക് ആക്കം കൂട്ടുകയാണുണ്ടായത്. വിദേശ വിനിമയ-കയറ്റുമതി ഇറക്കുമതി വ്യാപാരത്തിലെ നഷ്ടം ചെറുക്കുന്നതിന് ഉപകരിക്കുന്ന കരാറാണ് ഫോര്‍വേഡ് കോണ്‍ട്രാക്ട് എങ്കില്‍ അതിനെ ദുരുപയോഗം ചെയ്ത് വിനിമയത്തിലൂടെ താല്‍ക്കാലിക ലാഭം കൊയ്യുന്നതിനും അതിലൂടെ ചൂതാട്ടത്തിനുള്ള പഴുതുകള്‍ ഒരുക്കിക്കൊടുക്കുന്നതിനും കേന്ദ്രബാങ്ക് ഉള്‍പ്പെടെയുള്ള ഭരണവര്‍ഗം തയ്യാറായി. ഇന്ത്യന്‍ വിപണിയിലേയ്ക്ക് പണത്തിന്റെ കുത്തൊഴുക്ക് നടത്തുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഈ സ്ഥിതി മുതലെടുത്ത് ഇടപാടുകളില്‍ ഏര്‍പ്പെട്ടു. രൂപയുടെ മൂല്യം കുറഞ്ഞ് 55 ലേയ്ക്ക് എത്തിച്ചേരുമ്പോഴാണ് റിസര്‍വ് ബാങ്ക് വൈമനസ്യത്തോടെയാണെങ്കിലും ഇടപെടലിനു തയ്യാറായതും വിദേശ നിക്ഷേപ സ്ഥാപനങ്ങളെ ഇതില്‍ നിന്നും വിലക്കിയതും.

വളരെ കര്‍ശനമായ നിയന്ത്രണങ്ങള്‍ അനിവാര്യമായിരിക്കുന്ന ഈ അവസരത്തില്‍ രാജ്യത്തെ ധനകാര്യ വിചക്ഷണന്മാരുടെ അഭിപ്രായങ്ങളും സംവാദങ്ങളും ഒരുക്കിക്കൊണ്ട് രൂപയുടെ വിപണിമൂല്യം 45 ലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാനുള്ള സമഗ്ര പദ്ധതിക്ക് രൂപം നല്‍കേണ്ടത് ഇന്ത്യന്‍ സമ്പദ്ഘടനയുടെ ആരോഗ്യകരവും സുസ്ഥിരവുമായ നിലനില്‍പ്പിന് ആവശ്യമാണ്. ഡോളര്‍-രൂപ മൂല്യത്തിന്റെ തിരിച്ചുപോക്കിനുള്ള പരിധി ഘട്ടം ഘട്ടമായി നിശ്ചയിച്ചുകൊണ്ടുള്ള ഒരു കര്‍മ്മപരിപാടിക്ക് അടിയന്തിരമായി രൂപം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇന്നത്തെ ആവശ്യം.

*
വി പി രാധാകൃഷ്ണന്‍ നായര്‍ ജനയുഗം

No comments: