ഡിസംബര്‍ ഒമ്പതുമുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന പതിനാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഫ്രഞ്ച് ആചാര്യന്‍ റോബര്‍ട്ട് ബ്രസ്സണിന്റെ സ്മൃതിചിത്രങ്ങള്‍ . ലോക സിനിമാചരിത്രത്തതില്‍ ഇടം നേടിയ ബ്രസ്സണ്‍ എക്കാലത്തേയും മികവുറ്റ ചലച്ചിത്ര ശില്‍പ്പികളിലൊരാളാണ്. 1901 സെപ്തംബര്‍ 25ന് ജനിച്ച അദ്ദേഹം 1999 ഡിസംബര്‍ 15ന് ലോകത്തോട് വിടപറഞ്ഞു. ഭാരതീയ തത്വചിന്തയോ ഉപനിഷത് സൂക്തങ്ങളിലും മറ്റും അതീവതാല്‍പ്പര്യമുണ്ടായിരുന്ന ബ്രസ്സണ്‍ കല ഒരു ഉപാസന തന്നെയായിരുന്നു. മൂന്നും നാലും വര്‍ഷങ്ങള്‍ എടുത്താണ് ബ്രസ്സണ്‍ ഒരു ചലച്ചിത്രം പൂര്‍ത്തികരിച്ചിരുന്നത്. പൂര്‍ണതയോടടുത്തുനില്‍ക്കുന്ന ചലച്ചിത്ര ശില്‍പ്പങ്ങള്‍ വാര്‍ത്തെടുക്കുന്നതിനായിരുന്നു ഈ കാലവിളംബം. ധ്യനനിരതനായ താപസന്റെ ഏകാഗ്രതയോടെയാണ് അദ്ദേഹം സംവിധാനം നിര്‍വഹിച്ചത്.
"ട്രയല്‍ ഓഫ് ജാന്‍ ഓഫ് സിക്കായി" റോബര്‍ട്ട് ബ്രസ്സണ്‍ ക്ലാസിക്കായി പരിഗണിക്കപ്പെടുന്നു. ഒരു ബ്രസ്സണ്‍ ചിത്രത്തില്‍ എല്ലാം കൃത്യമായി, അളന്നുമുറിച്ച് തിട്ടപ്പെടുത്തിയ രീതിയിലാണ് സംഭവിക്കുന്നത്. ചരിത്രത്തില്‍ ഇടംനേടിയ ജോണ്‍ ഓഫ് ആര്‍ക്ക് വിചാരണയുടെ രേഖകളോട് നീതി പുലര്‍ത്തിക്കൊണ്ടുള്ള അവതരണമാണ് പടത്തില്‍ അദ്ദേഹം സാക്ഷാത്ക്കരിച്ചത്.
പ്രമേയത്തിനും അവതരണത്തിനും ആശയത്തിനുമനുസൃതമായ സാങ്കേതികത്തികവിലും ബ്രസ്സണ്‍ തികഞ്ഞ ശ്രദ്ധപതിപ്പിച്ചിരുന്നു. ഓര്‍ക്കസ്ട്രയിലെ വിവിധ ഉപകരണങ്ങള്‍പോലെ സിനിമയിലും പ്രമേയത്തിന്റെ ഉന്നതമായ ആവിഷ്ക്കാരത്തിന് എല്ലാ വിഭാഗങ്ങളും പൂര്‍ണമാക്കേണ്ടത് അനിവാര്യമാണെന്നാണ് റോബര്‍ട്ട് ബ്രസ്സണ്‍ വിശ്വസിച്ചത്.
ഓരോ ദൃശ്യബിംബത്തിനും അതിന്റെ അര്‍ഥവ്യാപ്തിയും സമ്പന്നതയും പരിപൂര്‍ണതയുമുള്ളപോലെ ഒന്ന് മറ്റൊന്നിനോട് ചേരുമ്പോഴും വെളിച്ചത്തില്‍നിന്ന് മറ്റൊരു ദീപത്തിലേക്ക് വെളിച്ചം പകര്‍ന്ന് ഇരുവെളിച്ചങ്ങളും പൂര്‍ണമായി നില്‍ക്കുന്നതുപോലെയാണ് ബ്രസ്സണിന്റെ ദൃശ്യങ്ങള്‍ . വാക്കുകളില്ലാതെ ദൃശ്യങ്ങള്‍ക്ക് പൂര്‍ണതയാകുവാന്‍ ബ്രസ്സണ്‍ എന്നും യത്നിച്ചു.
ജര്‍മനിയിലെ ജയിലില്‍നിന്ന് രക്ഷപ്പെടുവാന്‍ ശ്രമിച്ച ജയില്‍ പുള്ളികളുടെ യഥാര്‍ഥ സംഭവത്തെ ആധാരമാക്കി റോബര്‍ട്ട് ബ്രസ്സണ്‍ ഒരുക്കിയ "അണ്‍ കണ്ടമ്മെ എമോര്‍ട്ട് സെസ്റ്റ്പാപ്പെ" എന്ന ചിത്രം സംവിധായകന്റെ കൈയൊപ്പ് തെളിഞ്ഞ സൃഷ്ടിയാണ്. ജയില്‍ പുള്ളികളില്‍ ഒരാളൊഴികെ മറ്റെല്ലാവരും സുരക്ഷാഭടന്മാരാല്‍ വെടിവച്ച് വീഴ്ത്തപ്പെടുന്നു. മോചനം ആഗ്രഹിച്ചവര്‍ മരണത്തിന്റെ വായിലേക്കാണ് എടുത്തുചാടിയത്. ജീവിതത്തിന്റെ സ്ഥായിയായ പ്രശ്നങ്ങള്‍ - സ്വാതന്ത്ര്യത്തിന്റെയും പാരതന്ത്ര്യത്തിന്റെയും, ബന്ധനത്തിന്റെയും വിമോചനത്തിന്റെയും ചര്‍ച്ചചെയ്യുവാന്‍ പ്രമേയത്തിന്റെ സാധ്യതകള്‍ സംവിധായകന്‍ ഉപയോഗിക്കുന്നു.
ചിത്രകല പഠിച്ച്, ചിത്രകാരനായി ജീവിച്ച് ചലച്ചിത്ര കലയിലെത്തിയ ബ്രസ്സണ്‍ തന്റെ ഫ്രെയിമുകള്‍ക്ക് ചിത്രകലയുടെ സൗന്ദര്യം നല്‍കുന്നതില്‍ എന്നും ദത്തശ്രദ്ധനായിരുന്നു. പ്രമേയം എന്തുതന്നെയായാലും ചിത്രത്തിനു കൈവരുന്ന താത്വികമാനവും ദര്‍ശനമൂല്യവുമാണ് ബ്രസ്സണ്‍ ചിത്രങ്ങളെ മറ്റു സംവിധായകരുടെ പടങ്ങളില്‍നിന്ന് ഭിന്നമാക്കുന്നത്.
ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ സത്യസന്ധമായി പകര്‍ത്തുന്നതോടൊപ്പം ഒരു അന്വേഷകന്റെ നിതാന്തയാത്രയായിരുന്നു ഓരോ ബ്രസ്സണ്‍ ചിത്രത്തിന്റെ ആന്തരികബലം. അതുകൊണ്ടുതന്നെ അനിതര സാധാരണമായ ഒരു ലയം ബ്രസ്സണ്‍ ചിത്രങ്ങള്‍ക്ക് കൈവന്നു. ഓരോ ഫ്രെയിമും ഓരോ സീക്വസും നവീനമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന രീതിയില്‍ വിഭാവന ചെയ്ത് അവതരിപ്പിക്കുന്നതില്‍ ബ്രസ്സണ്‍ അനുപമമായ വിജയം കണ്ടെത്തി.
"പണം" എന്ന ബ്രസ്സണ്‍ ചിത്രം ഒരു കള്ളനോട്ട് വരുത്തിവയ്ക്കുന്ന വിനയാണ് പ്രതിപാദിക്കുന്നത്. കടയില്‍ കൊടുത്ത് കള്ളനോട്ട് മാറിയ സമ്പന്നരായ കൗമാരക്കാര്‍ പിടിക്കപ്പെടാതെ രക്ഷപ്പെടുകയും പാവംതൊഴിലാളി യുവാവ് ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുകയുമാണ്. ജയില്‍ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ യുവാവ് ഒരു ക്രിമിനലായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഗ്രാമപ്രദേശതെ ഒരു ബംഗ്ലാവില്‍ യുവാവ് അഭയം തേടിയെത്തുന്നതും പിന്നീട് നടത്തുന്ന ഹീനമായ കൊലപാതകവും സമാനതകളുമില്ലാതെയാണ് പകര്‍ത്തപ്പെടുന്നത്. കള്ളനോട്ടില്‍ തുടങ്ങി കൊലപാതക പരമ്പരകളികലവസാനിക്കുന്ന "പണം" ഏറെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു- അന്നും ഇന്നും. പിക്പോക്കറ്റ്, ഉനെഫെമ്മെ ഡൗസ്, ലെ ജെര്‍മൊല്‍ ദ അണ്‍കൂര്‍ ദെ കാം വെയ്ന്‍ , മച്ചറ്റെ തുടങ്ങിയവയാണ് മറ്റ് ബ്രസ്സണ്‍ ക്ലാസിക്കുകള്‍ . ജോണ്‍ എബ്രഹാമിന്റെ ആരാധ്യനായിരുന്നു ബ്രസ്സണ്‍ .
*
എം സി രാജനാരായണന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 04 ഡിസംബര്‍ 2011
Monday, December 5, 2011
Subscribe to:
Post Comments (Atom)
1 comment:

Post a Comment