മുല്ലപ്പെരിയാര്‍പ്രശ്നത്തിന്റെ രക്തസാക്ഷിയാണ് കെ ജെ മാത്യു എന്ന് തോന്നിയിട്ടുണ്ട്. അബോധത്തിലേക്ക് പോകുംമുമ്പ് ആ മനസ്സ് അസ്വസ്ഥമായിരുന്നു. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പോരാട്ടമായി; ജനതകള്‍ തമ്മിലുള്ള ബദ്ധവൈരമായി മുല്ലപ്പെരിയാര്‍ മാറുന്നു എന്ന ആശങ്കയാണ് മാത്യു അവസാനമായി പങ്കുവച്ചത്.
"സഖാവേ, കാര്യങ്ങള്‍ കൈവിട്ടുപോവുകയാണ്. പലരും മുതലെടുക്കാന്‍ ശ്രമിക്കുന്നു. രണ്ട് സംസ്ഥാനങ്ങളിലും ക്രിമിനലുകള്‍ രംഗത്തുവന്നിട്ടുണ്ട്. നാം എങ്ങനെയാണ് വാര്‍ത്ത കൈകാര്യംചെയ്യേണ്ടത്?" ആശുപത്രിയിലാകുന്നതിന് മണിക്കൂറുകള്‍ മുമ്പ് മാത്യു ഫോണില്‍ ആരാഞ്ഞു. ഒപ്പം താന്‍ എഴുതിയ ഒരു വാര്‍ത്തയുടെ കാര്യവും പറഞ്ഞു.
ഇടുക്കി ഡാമില്‍നിന്ന് വെള്ളം പതിവില്‍ കുടുതല്‍ ഒഴുക്കി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ്; അത് സംസ്ഥാനത്തെ ഇരുട്ടിലേക്ക് നയിക്കും എന്നാണാ വാര്‍ത്ത. കുറെ നാളായി മാത്യു മുല്ലപ്പെരിയാര്‍പ്രശ്നത്തെക്കുറിച്ച് മാത്രം പറയുന്നു. അസുഖത്തെക്കുറിച്ച് ആരായുമ്പോഴും മുല്ലപ്പെരിയാറിനെക്കുറിച്ച് മറുപടി. മരണത്തിന്റെ പൊട്ടാറായ ഒരണക്കെട്ട് ശരീരത്തില്‍ ഒളിപ്പിച്ചുവച്ചുകൊണ്ടാണ് മാത്യു വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചത്. മാത്യു ആശുപത്രിയിലായെന്ന് കേട്ടപ്പോള്‍ , അത് വേദന കടുത്തതുമൂലമുള്ള പതിവാണെന്നേ കരുതിയുള്ളൂ. പക്ഷേ, കോട്ടയത്തുനിന്ന് ന്യൂസ് എഡിറ്റര്‍ കെ സി രാജഗോപാലന്‍ വിളിച്ചറിയിച്ചു: "സ്ഥിതി അല്‍പ്പം ഗുരുതരമാണ്. രക്ഷപ്പെടാന്‍ സാധ്യത വിരളമാണ്" എന്ന്. മാത്യുവിന്റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ , സഹോദരന്‍ തോമസ് അറ്റന്‍ഡ്ചെയ്തു. ഗൗരവാവസ്ഥ അദ്ദേഹം വിശദീകരിച്ചു. കുടുംബം മാത്യുവിനുവേണ്ടി പ്രാര്‍ഥിക്കുകയാണ്. ദൈവവിശ്വാസമില്ലാത്തതിന്റെ വിഷമം അപ്പോഴാണനുഭവിച്ചത്. ആരോടാണ് പ്രാര്‍ഥിക്കേണ്ടത്? ഏതു പ്രാര്‍ഥനയാണ് അന്നയ്ക്കും മരിയക്കും മിലാനിയക്കും പ്രിയപ്പെട്ട ചാച്ചനെ തിരിച്ചുകൊടുക്കുക? യാഥാര്‍ഥ്യം വല്ലാതെ കഠിനമാണ്. അത് ലളിതമാക്കാന്‍ പ്രാര്‍ഥനയുടെ മരുന്നിന് കെല്‍പ്പില്ല.
മാത്യു ആശുപത്രിയിലേക്ക് നടന്നാണ് പോയത്. ഇപ്പോള്‍ പറയുന്നു ആ നടത്തം മരണത്തിലേക്കായിരുന്നുവെന്ന്. പാന്‍ക്രിയാസ് പണിമുടക്കിയിയിരിക്കുന്നു. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം ഒന്നൊന്നായി നിലയ്ക്കുന്നു. രക്തസമ്മര്‍ദം കുറയുന്നു. ശസ്ത്രക്രിയക്ക് പാകമല്ല ആ ശരീരം. ജീവന്‍ നില്‍ക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്താലാണ്-കൊച്ചിയിലെ ആശുപത്രിയില്‍നിന്ന് തുടരെത്തുടരെ വിവരം വന്നുകൊണ്ടിരുന്നു. ഒടുവില്‍ അറിഞ്ഞു, രണ്ടും കല്‍പ്പിച്ച് ശസ്ത്രക്രിയ നടത്തുകയാണെന്ന്. ആശ്വാസത്തിന്റെ ഒരു ചെറുകാറ്റായിരുന്നു ആ വാര്‍ത്ത. ആ കാറ്റ് വന്നപോലെ പോയി. കൊച്ചിയില്‍ വേഗം എത്തി മാത്യുവിനെ കാണാനുള്ള യാത്ര പാതിവഴിയില്‍ മുടങ്ങി. പ്രഭാവര്‍മയുടെ ഫോണ്‍കോള്‍ - മാത്യു ഇനി ഇല്ല. എന്തിനാണ് നിങ്ങള്‍ കാരുണ്യവാനായ ദൈവമേ എന്ന് വിളിക്കുന്നത്? എവിടെയാണ് ആ ദൈവം? ദൈവം ദയയുള്ളവനായിരുന്നുവെങ്കില്‍ പറക്കമുറ്റാത്ത ഈ മൂന്നു കുഞ്ഞുങ്ങളില്‍നിന്ന് മാത്യുവിനെ പറിച്ചെടുക്കുമായിരുന്നുവോ?
എല്ലാ വേര്‍പാടുകളും വിഷമം പെയ്യിക്കും. ചിലതില്‍ സങ്കടം പേമാരിപോലെ പെയ്യും. കാറ്റും മിന്നലുമുണ്ടാകും. മാത്യു മനസ്സില്‍ തിമിര്‍ത്തുപെയ്തു. ഇടുക്കിയുടെ സര്‍വവിജ്ഞാന കോശമായിരുന്ന മാത്യു; എന്തുപറഞ്ഞാലും, "സഖാവേ നമുക്ക് ശരിയാക്കാം" എന്ന് പ്രതിവചിക്കുന്ന മാത്യു; കൊച്ചുകൊച്ചു പരിഭവങ്ങള്‍പോലും മറയില്ലാതെ പങ്കുവയ്ക്കുന്ന മാത്യു-അങ്ങനെ എത്രയെത്ര മാനമാണ് ആ ചിത്രത്തിന്.
മാത്യു എന്ന ആതിഥേയനു യോജിച്ച ഭാര്യയാണ് മിനി. മാത്യുവിനെ തേടി വരുന്നവരെയെല്ലാം സ്നേഹംകൊണ്ടും ഭക്ഷണംകൊണ്ടും വീര്‍പ്പുമുട്ടിക്കുന്ന ആതിഥേയ. മക്കളെയും മിനിയെയും മണ്ണിനെയും ചെടികളെയും വീടിനെയും നാട്ടുകാരെയും അളവില്ലാതെ മാത്യു സ്നേഹിച്ചു. എവിടെനിന്നാണ് സ്നേഹത്തിന്റെ ഇത്രയും വലിയ സംഭരണി നിറയ്ക്കുന്നത്? കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വന്നിരുന്നു. അക്രഡിറ്റേഷന്‍ പുതുക്കാന്‍ . നേരെ വീട്ടിലേക്കാണ് കടന്നുവന്നത്. കട്ടപ്പനയില്‍ ചെല്ലുമ്പോള്‍ എനിക്കുള്ളതുപോലെ തിരുവനന്തപുരത്തെത്തുമ്പോള്‍ മാത്യുവിനുമുണ്ട്-ഒരു കുടുംബാംഗമായി കടന്നുവരാനുള്ള സ്വാതന്ത്ര്യം. ഇടുക്കിയും അതിെന്‍റ പച്ചപ്പും-പുറത്തുള്ളവര്‍ കാണാത്ത പലതും അവിടെയുണ്ടെന്ന് മാത്യു എന്നും പറയും. കരിങ്കല്ലുകൊണ്ടാണ് മാത്യൂവിന്റെ വീട് പണിതത്. കടന്നുചെല്ലുന്ന ആരും കൊതിയോടെ നോക്കുന്ന വീട്. എല്ലാം ചെയ്തത് കുറഞ്ഞ ചെലവിലാണ്. ആശയം മാത്യുവിന്റെ സ്വന്തം. ദേശാഭിമാനിയില്‍നിന്ന് റിട്ടയര്‍ചെയ്താലും വീടുപണി ഉപദേഷ്ടാവായി ജീവിക്കും എന്നാണ് മാത്യു ഒരിക്കല്‍ പറഞ്ഞത്.
നരിയന്‍പാറ കവലയില്‍നിന്ന് മാത്യുവിന്റെ തൊടിയിലേക്ക് കടന്നുചെല്ലുമ്പോള്‍ , ഇതാണോ ഏദന്‍തോട്ടമെന്ന് സംശയിക്കാം. തോരണമെന്നപോലെ പയറും പാവലും മറ്റു പച്ചക്കറികളും അതിഥിയെ സ്വാഗതംചെയ്യും. വീട്ടുമുറ്റത്തും ടെറസിലും വളപ്പിലും പൂത്തും കായ്ച്ചും സസ്യജാലം. മുറ്റത്ത് നെല്ല് കൃഷിചെയ്യുമെന്ന് മാത്യു പറഞ്ഞിരുന്നു. ആരാണീ മാത്യു? കര്‍ഷകനോ ആര്‍ക്കിടെക്റ്റോ? മാധ്യമ പ്രവര്‍ത്തകനോ? രാഷ്ട്രീയക്കാരനോ? തിരിച്ചറിയാന്‍ പ്രയാസം. ഇവ എല്ലാമായിരുന്നു. ചില്ലുകൂട്ടില്‍ കിടത്തിയ മാത്യുവിനെ നോക്കി വിങ്ങിപ്പൊട്ടിയവരില്‍ അന്നാട്ടുകാര്‍ മാത്രമായിരുന്നില്ല. മാധ്യമപ്രവര്‍ത്തകരും ബന്ധുക്കളും മാത്രമായിരുന്നില്ല. പൊട്ടിക്കരയുന്നവരെയും അനങ്ങാതെ കിടക്കുന്ന ചാച്ചനെയും മാറിമാറി നോക്കുകയായിരുന്നു മിലാനിയ-ഇളയ മകള്‍ . അവസാന നോക്കുകണ്ട് തിരിഞ്ഞു നടക്കുമ്പോള്‍ മാത്യു ചോദിക്കുന്നതുപോലെ-ഇനി എന്നാ സഖാവെ ഇങ്ങോട്ടിറങ്ങുക?
*
പി എം മനോജ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 25 ഡിസംബര്‍ 2011
Subscribe to:
Post Comments (Atom)
2 comments:
മുല്ലപ്പെരിയാര്‍പ്രശ്നത്തിന്റെ രക്തസാക്ഷിയാണ് കെ ജെ മാത്യു എന്ന് തോന്നിയിട്ടുണ്ട്. അബോധത്തിലേക്ക് പോകുംമുമ്പ് ആ മനസ്സ് അസ്വസ്ഥമായിരുന്നു. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പോരാട്ടമായി; ജനതകള്‍ തമ്മിലുള്ള ബദ്ധവൈരമായി മുല്ലപ്പെരിയാര്‍ മാറുന്നു എന്ന ആശങ്കയാണ് മാത്യു അവസാനമായി പങ്കുവച്ചത്.
"സഖാവേ, കാര്യങ്ങള്‍ കൈവിട്ടുപോവുകയാണ്. പലരും മുതലെടുക്കാന്‍ ശ്രമിക്കുന്നു. രണ്ട് സംസ്ഥാനങ്ങളിലും ക്രിമിനലുകള്‍ രംഗത്തുവന്നിട്ടുണ്ട്. നാം എങ്ങനെയാണ് വാര്‍ത്ത കൈകാര്യംചെയ്യേണ്ടത്?" ആശുപത്രിയിലാകുന്നതിന് മണിക്കൂറുകള്‍ മുമ്പ് മാത്യു ഫോണില്‍ ആരാഞ്ഞു. ഒപ്പം താന്‍ എഴുതിയ ഒരു വാര്‍ത്തയുടെ കാര്യവും പറഞ്ഞു.
ആര്‍ക്കും മറ്റൊരാള്‍ക്ക് പകരമാവാനാകില്ലല്ലോ.
വേര്‍പാടിന്റെ ദുഖവും നഷ്ടവും അപരിഹാര്യം തന്നെ.
Post a Comment