Monday, December 12, 2011

ഇന്ത്യന്‍ കമ്പോളത്തില്‍ വാള്‍മാര്‍ട്ടിന്റെ പദ്ധതി

ലോകബാങ്ക്, ലോകവ്യാപാരസംഘടന, അതിന്റെ അനുബന്ധസ്ഥാപനങ്ങള്‍ എന്നിവയിലൂടെ അമേരിക്കയുടെ നേതൃത്വത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക അജണ്ടയ്ക്ക് സമീപവര്‍ഷങ്ങളില്‍ ഇന്ത്യ കൂടുതലായി വഴങ്ങുകയാണ്.

ചിലവേറിയ ജനിതകവിത്തുകളുമായി വന്‍ലാഭം പ്രതീക്ഷിച്ചുകൊണ്ട് കാര്‍ഗില്‍, മൊന്‍സാന്റോ തുടങ്ങിയ കമ്പനികള്‍ കാര്‍ഷികമേഖലയിലേയ്ക്ക് കടന്നുകഴിഞ്ഞു. ജൈവവൈവിധ്യവും തദ്ദേശീയമായ കൃഷിസമ്പ്രദായങ്ങളും തകരുന്നതിനുപുറമെ കൃഷിക്കാര്‍ കടക്കെണിയിലകപ്പെടുകയും വിഷമകരമായ അവസ്ഥയെ നേരിടുകയും ചെയ്യുന്നു.

യൂറോപ്യന്‍ യൂണിയന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഇന്ത്യയുടെ ഔഷധനിര്‍മാണ-പണമിടപാട് മേഖലകള്‍ ചലിക്കുന്നത്. 2005 ലെ ഇന്ത്യാ-അമേരിക്കന്‍ ആണവഉടമ്പടിയോടെയാണ് രാഷ്ട്രാന്തര കോര്‍പ്പറേഷനുകളുടെ 'അട്ടിമറിവിപ്ലവ' മുണ്ടായത്. ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും ഇന്ത്യക്കുള്ള തന്ത്രപ്രാധാന്യത്തെ പിടിച്ചടക്കുന്നതിനുള്ള ഒരു വന്‍ പ്രഹരമായിരുന്നു അത്. അമേരിക്കയുടെ ആണവ ഇന്ധന-സാങ്കേതികവിദ്യ കമ്പനികള്‍ക്ക് ഇന്ത്യയില്‍ അത് കമ്പോളം തുറന്നുകൊടുക്കുകയും ചൈനയെ മെരുക്കുന്നതിനും ഇറാനിലെ അമേരിക്കന്‍ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയുടെ പങ്ക് ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ആണവഉടമ്പടി കാര്‍ഷികമേഖലയിലെ വൈജ്ഞാനിക മുന്‍കൈ സംരംഭത്തിനുള്ള ഒരു കരാര്‍ കൂടിയായിരുന്നുവെന്നത് അധികമാരും അറിഞ്ഞിരുന്നില്ല. ഇന്ത്യയുടെ കാര്‍ഷിക, ചില്ലറവ്യാപാരമേഖലകളിലേയ്ക്ക് അമേരിക്കന്‍ കമ്പനികള്‍ക്ക് കടന്നുവരാനുള്ള സൗകര്യമൊരുക്കകുയായിരുന്നു അതിന്റെ ലക്ഷ്യം. മൊണ്‍സാന്റോ, കാര്‍ഗില്‍, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനി പ്രതിനിധികളുടെ പൂര്‍ണവും പ്രത്യക്ഷവുമായ പങ്കാളിത്തത്തോടെയായിരുന്നു ഇതിനുള്ള കരാര്‍ എഴുതിയുണ്ടാക്കിയത്.

അമേരിക്കന്‍ കാര്‍ഷിക-ബിസിനസ് കമ്പനികളുടെ ചുവടുപിടിച്ച് വാള്‍മാര്‍ട്ടും ഇന്ത്യയിലേയ്ക്ക് കടക്കാന്‍ ഒരുങ്ങുന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നും തന്നെയില്ല. ചില്ലറവില്‍പനയുടെ വിവിധോല്‍പ്പന്നമേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചതിനെച്ചൊല്ലി ഇന്ത്യന്‍ പാര്‍ലമെന്റിലുണ്ടായ ബഹളം കാണിക്കുന്നത്, ഇന്ത്യന്‍ കമ്പോളത്തിലേയ്ക്ക് എന്ത് വില നല്‍കിയും കടന്നുകയറാന്‍ വാള്‍മാര്‍ട്ട് നിശ്ചയിച്ചുറച്ചിരിക്കുന്നുവെന്നതാണ്. ഇന്ത്യന്‍ കമ്പോളത്തിലേയ്ക്ക് വിദേശകുത്തകകളെ കടന്നുവരാന്‍ അനുവദിക്കുന്നത് ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവരെ പഴഞ്ചന്‍മാര്‍ എന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ്. എന്നാല്‍ സമ്പദ്ഘടനയുടെ വിവിധമേഖലകളെ വിദേശതാല്‍പര്യങ്ങള്‍ക്ക് അടിയറവെയ്ക്കുന്നതായ നവലിബറല്‍ ആഗോളവല്‍ക്കരണപദ്ധതിയില്‍ അന്ധമായ വിശ്വാസമര്‍പ്പിക്കുന്നവരാണ് യഥാര്‍ഥത്തില്‍ കാലഹരണപ്പെട്ട ചിന്തകളില്‍ ആണ്ടുപോയിട്ടുള്ളത്.

അന്താരാഷ്ട്ര മുതലാളിത്തത്തിന്, ഇന്ത്യ അതിന്റെ സമ്പദ്ഘടനയുടെ കവാടങ്ങള്‍ തുറന്നിട്ടുകൊടുക്കുന്ന അതേസമയത്ത് തന്നെയാണ് രാഷ്ട്രാന്തരകുത്തകകളുടെ അധീശത്വത്തിനും നയങ്ങള്‍ക്കുമെതിരെ പ്രതിഷേധിച്ചുകൊണ്ട് ലക്ഷക്കണക്കിന് ജനങ്ങള്‍ പങ്കെടുക്കുന്ന കയ്യടക്കല്‍ പ്രക്ഷോഭങ്ങള്‍ അമേരിക്കയിലും ലോകത്തുടനീളവും കരുത്താര്‍ജിക്കുന്നത് എന്നതാണ് വിരോധാഭാസം. തൊഴിലില്ലായ്മയും അഴിമതിയും എണ്ണിയാലൊടുങ്ങാത്ത അസമത്വങ്ങളും സൃഷ്ടിക്കുന്നതായ, സ്വതന്ത്രവിപണിയിലധിഷ്ഠിതമായ ആഗോളവല്‍ക്കരണം 'മരണാസന്ന'മായിരിക്കുന്നുവെന്നാണ് പ്രതിഷേധക്കാര്‍ നല്‍കുന്ന സന്ദേശം.

പാശ്ചാത്യലോകത്തെ ഭക്ഷ്യചില്ലറവില്‍പ്പനമേഖല തന്നെ ഒരുദാഹരണമായെടുക്കുക. വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകള്‍ കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ലാഭം ഊറ്റിയെടുത്തു. ചില്ലറവില്‍പ്പനമേഖലയിലുണ്ടായിരുന്ന മത്സരം അപ്രത്യക്ഷമായി. 'കേടുപറ്റാത്തത്' 'എല്ലായ്‌പോഴും ലഭ്യമാകുന്നത്' എന്നിങ്ങനെ മുദ്രണംചെയ്ത ഭക്ഷ്യപദാര്‍ഥങ്ങള്‍ വില്‍പ്പനക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പാടശേഖരങ്ങളില്‍നിന്നും ഷെല്‍ഫുകളിലേക്കെത്തുന്ന അവ രാസപദാര്‍ഥങ്ങള്‍ കുത്തിനിറച്ചവയാണ്. അവ ചിലപ്പോള്‍ ദരിദ്രരാഷ്ട്രങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച് സമ്പന്നരാഷ്ട്രങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന നാണ്യവിളകളുമാകാം.

ചില ഉപഭോക്താക്കള്‍ക്ക് നേട്ടമുണ്ടായെന്നുവന്നേക്കാം. പക്ഷേ നഷ്ടപ്പെടുന്നവരാണ് ഏറെയും. ഗ്രാമപ്രദേശങ്ങളില്‍കൂടിപോലും വിശാലമായ പാതകള്‍. പാതയോരങ്ങളില്‍ കുത്തകകളുടെ നഗരത്തിനുപുറത്തുള്ള വില്‍പ്പനശാലകള്‍. കാര്‍ബണ്‍ പുറന്തള്ളുന്ന തിരക്കേറിയ ഗതാഗതസംവിധാനം. ഇതിന്റെയെല്ലാം ദോഷം പേറേണ്ടിവരുന്നത് തദ്ദേശീയസമൂഹങ്ങളാണ്. കാര്‍ഷികമേഖലയില്‍ കടന്നുവന്നിട്ടുള്ള കുത്തകകള്‍ വന്‍ലാഭം കൊയ്യുന്നത് തൊഴിലാളികള്‍ക്കുനല്‍കുന്ന കുറഞ്ഞവേതനം, നികുതിദായകന്റെ പണമുപയോഗിച്ച് ലഭിക്കുന്ന സബ്‌സിഡി, രാസപദാര്‍ഥങ്ങളുടെ വ്യാപകമായ പ്രയോഗം എന്നിവയിലൂടെയാണ്. വളരെദൂരെനിന്നുമായിരിക്കും ഭക്ഷ്യപദാര്‍ഥങ്ങള്‍ വില്‍പ്പനശാലകളിലേത്തിക്കുക. കര്‍ഷകരില്‍ നിന്നും കുറഞ്ഞ വിലയ്ക്കായിരിക്കും അവര്‍ സാധനങ്ങള്‍ സംഭരിക്കുക. അങ്ങനെ വില്‍ക്കുകയല്ലാതെ കര്‍ഷകന് മറ്റ് മാര്‍ഗമില്ല. അതേസാധനം വളരെകൂടിയ വിലയ്ക്ക് ഉപഭോക്താവിന് വില്‍ക്കുന്നു.
ഈ സമ്പ്രദായമാണ് സ്വന്തം ഭക്ഷ്യമേഖലയിലേക്ക് 'ഇറക്കുമതി' ചെയ്യാന്‍ ഇന്ത്യ ശ്രമിക്കുന്നത്. വികേന്ദ്രികൃതമായ ചില്ലറവില്‍പ്പനമേഖലയാണ് ഇന്ത്യക്കുള്ളത്. ബഹുഭൂരിപക്ഷം പച്ചക്കറികളും വീട്ടുവാതില്‍ക്കല്‍ത്തന്നെ ലഭിക്കും. ഉപഭോക്താവിന്റെ ആവശ്യം ഫലപ്രദമായി നിറവേറ്റാന്‍ കഴിയുന്ന ഒരു സമ്പ്രദായമാണതെന്ന് നിസംശയം പറയാന്‍ കഴിയും. പരസ്പരം മത്സരിക്കുന്ന അസംഖ്യം ചെറിയ പലചരക്കുകടകളില്‍ നിന്നോ, ചന്തകളില്‍ നിന്നോ, തെരുവോര കച്ചവടക്കാരില്‍ നിന്നോ തദ്ദേശീയമായി ഉല്‍പ്പാദിപ്പിച്ച പുതിയ വസ്തുക്കള്‍ വാങ്ങുന്നതിന് ഉപഭോക്താവിനു കഴിയും.

ചില പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് ഇത്തരം ചെറിയ ചില്ലറ വ്യാപാരമേഖലകള്‍ സൃഷ്ടിക്കുന്നത്. അത് പരിസ്ഥിതി സൗഹൃദപരമാണ്. ഉപഭോക്താവിന് താങ്ങാന്‍ കഴിയുന്ന വിലയ്ക്ക് അത് ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നു.

കാര്യക്ഷമമല്ലാത്തതും ധാരാളം വസ്തുക്കള്‍ പാഴായിപ്പോകുന്നതുമായ ഒരു വിതരണ സമ്പ്രദായം കാരണം ഭക്ഷ്യവസ്തുക്കള്‍ക്കുണ്ടാകുന്ന വിലക്കയറ്റമാണ്, പാശ്ചാത്യ കുത്തകകളുടെ വില്‍പ്പന ശൃംഖലയില്‍ ഇന്ത്യയുടെ ചില്ലറ വില്‍പ്പന മേഖല സുരക്ഷിതമായിരിക്കും എന്ന മിഥ്യാധാരണ സൃഷ്ടിച്ചത്. അതേസമയം കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ഇന്ത്യയുടെ കാര്‍ഷിക മേഖലയെ പുനസ്സംഘടിപ്പിക്കുമ്പോഴുണ്ടാകുന്ന വിലക്കയറ്റത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല.

ലോകത്ത് പാഴായിപ്പോകുന്ന ഭക്ഷ്യവസ്തുക്കളുടെ പകുതിയും കുത്തകകളുടെ ചില്ലറവില്‍പ്പന ശൃംഖലയില്‍ നിന്നുമാണെന്ന് ഗ്രന്ഥകാരന്‍മാരായ ജോനാതന്‍ ബ്ലുറും ആന്ദ്രിയസെഗ്രെയും അഭിപ്രായപ്പെടുന്നു. പരിസ്ഥിതിക്ക് തീര്‍ത്തും ഇണങ്ങാത്ത ഒരു സമ്പ്രദായത്തിലൂടെയാണ് പാശ്ചാത്യ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ വന്‍ലാഭം കൊയ്യുന്നത്. വില്‍പ്പനശാലയിലെ ഷെല്‍ഫുകളില്‍ ദീര്‍ഘകാലം കേടുകൂടാതെയിരിക്കുന്നതിനായി ഭക്ഷ്യ പദാര്‍ഥങ്ങളില്‍ കൃത്രിമം കാണിക്കുന്നതിന് അവര്‍ കര്‍ഷകരെ നിര്‍ബന്ധിക്കാറുണ്ട്.

ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ കുത്തകകളുടെ വര്‍ധിച്ചുവരുന്ന നിയന്ത്രണം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നും നിലവിലുള്ള ചില്ലറ വില്‍പ്പന മേഖലയെ തകര്‍ക്കുമെന്നും ഭയാശങ്കകളുണ്ട്. ജനങ്ങള്‍ എന്തു കഴിക്കണമെന്നും അവ എങ്ങനെ ഉല്‍പ്പാദിപ്പിക്കണമെന്നും തീരുമാനിക്കുന്നത് ഏതാനും വിദേശ കുത്തകകള്‍ ആയിരിക്കും. ഏകപക്ഷീയ നേട്ടമുണ്ടാക്കുന്ന അന്താരാഷ്ട്ര കരാറുകള്‍ കൊളോനിയലിസത്തിന്റെ മറ്റൊരു പേരുമാത്രമാണ്. ഇത്തരം കരാറുകളിലൂടെ ഇന്ത്യ അതിന്റെ പരമാധികാരവും സ്വയം നിര്‍ണയാവകാശവും അടിയറവെയ്ക്കുകയാണെന്ന ആശങ്കയുമുണ്ട്.

*
കൊളിന്‍ റ്റൊഡ്ഹണ്ടര്‍ ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലോകബാങ്ക്, ലോകവ്യാപാരസംഘടന, അതിന്റെ അനുബന്ധസ്ഥാപനങ്ങള്‍ എന്നിവയിലൂടെ അമേരിക്കയുടെ നേതൃത്വത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക അജണ്ടയ്ക്ക് സമീപവര്‍ഷങ്ങളില്‍ ഇന്ത്യ കൂടുതലായി വഴങ്ങുകയാണ്.