ചിലത് നമ്മളുമായി എത്ര ബന്ധപ്പെടുന്നില്ലെങ്കിലും നാം മറക്കാറേയില്ല. ചില ചലച്ചിത്ര ഓര്‍മ്മകളും അങ്ങനെയാണ് കൂടെക്കൂടെ ഓര്‍മ്മ പുതുക്കിക്കൊണ്ടിരുന്നില്ലെങ്കിലും അത് നമ്മുടെ ഉള്ളിലെവിടയോ പൂഴ്ന്ന് കിടക്കും, അനുകൂല സാഹചര്യങ്ങള്‍ പോലെ ചിലത് തൊടുമ്പോള്‍ മാത്രം കിളിര്‍ക്കാനായി. അത്തരം ചില ഓര്‍മ്മകളാണ് 12-ാത് ചലത്ച്ചിത്രമേള. കിക, ഗെറ്റിംഗ് ഹോം, അല്‍മദോവര്‍ എന്നിവയാണ് എന്റെ ആദ്യ ഫിലിം ഫെസ്റ്റിവല്‍ ഓര്‍മ്മകള്‍. കിക അനതിസാധാരണമായ ഒരു ചെറുത്തു നില്‍പ്പിന്റെ ഓര്‍മ്മയാണെങ്കില്‍ അല്‍മദോവര്‍ ഫ്രെയിമുകളുടെ ഉടുതുണി അഴിച്ചുകളയുകയായിരുന്നു. ഗെറ്റിംഗ് ഹോം ചെയ്തത് പക്ഷേ ഒരു സാധാരണമായ സംഭവത്തെ അസാധാരണമാകുകയായിരുന്നു. ഈ ഒരൊറ്റ സിനിമാക്കാഴചയാണ് എന്നെ സിനിമയോയടുപ്പിച്ചത്.
ആകപ്പാടെ ശരീരം, മനസ്സ് എന്നിവയുടെ അനുഭവ പരിധികളെ ചോദ്യം ചെയ്യുന്ന ചിത്രങ്ങളായിരുന്നു അല്‍മദോവറിന്റേത്. മനസ്സ് ശരീരം എന്നിവകൊണ്ട് പീഡനം എന്ന് നമ്മള്‍ പറയുന്ന പലതിലൂടെയും കടന്നു പോകുന്ന അല്‍മദോവറിന്റെ കഥാപാത്രങ്ങള്‍ക്ക് അത്തരം അനുഭവങ്ങള്‍ക്കുനേരെ തിരിഞ്ഞ് നിന്ന് ഒരു പുച്ഛച്ചിരിചിരിക്കാന്‍ കഴിഞ്ഞിരുന്നു. അത് അസ്വാഭാവിക കാര്യം ചെയ്യുന്ന ആത്മ നിര്‍വൃതിയോടെയല്ല അല്‍മദോവറിന്റെ ഫ്രെയിമില്‍ പകര്‍ന്നിരുന്നത്. 2007 ലെ 12-ാമത് രാജ്യന്തര ചലച്ചിത്രമേളയാണ് പെട്രോ അല്‍മദോവറിന്റെ റെട്രോസ്‌പെക്ടീവുമായി കടന്നുവന്നത്. വോള്‍വര്‍, വുമന്‍ ഇന്‍ ദ വേര്‍ജ് നെര്‍വ്‌സ്, ബ്രേക്ക് ഡൗണ്‍, ബാഡ് എഡ്യൂക്കേഷന്‍, ഓള്‍ എബൗട്ട് മദര്‍, ഹൈ ഹീല്‍സ്, ഫ്‌ളവര്‍ ഓഫ് മൈ സീക്രട്ട് , ലൈവ് ഫ്‌ളഷ്, ഡാര്‍ക്ക് ഹാബിറ്റ്‌സ്, കിക എന്നിവയാണ് 2007 ല്‍ പ്രദര്‍ശിപ്പിച്ചിരുന്ന അല്‍മദോവര്‍ ചിത്രങ്ങള്‍.
ചെറുപ്പക്കാരിയായ ഒരു സിനിമാനടി കോസ്മറ്റോളജിസ്റ്റായി മാറ്റപ്പെടുന്നതായിരുന്നു കികയുടെ ഇതിവൃത്തം. ഗെയിം ഹണ്ടിംഗിനെപ്പറ്റി എഴുതുന്നതിനായി സെപെയിനിലെത്തിയ ഒരു സ്വതന്ത്ര എഴുത്തുകാരന്‍ നിക്കോളാസ് തന്റെ മകന്റെ ശവം ഒരുക്കുന്നതിനായി കികയെസമീപിക്കുന്നു. മകന്റെ മരണം അസ്വാഭാവികമായതിനാല്‍ അയാള്‍ അത് അധികൃതരെഅറിയിക്കാന്‍ തയ്യാറാകുന്നില്ല. പക്ഷേ അതൊന്നും കികയ്ക്ക് പ്രശ്‌നമായിരുന്നില്ല. അവള്‍ അവളുടെ മേക്കപ്പ് ജോലികള്‍ തുടരുന്നതിനിടയില്‍ ശവത്തിനല്ല താന്‍ ജീവനുള്ള മനുഷ്യനാണ് മേക്കപ്പ് ചെയ്യുന്നതെന്ന് കികയ്ക്ക് മനസ്സിലാകുന്നത്. കികയുടെ പരിചരണത്തില്‍ റോമന്‍ എന്ന അയാള്‍ സുഖപ്പെടുകയും തന്റെ കഥ കികയോട് വെളിപ്പെടുത്തുകയും ചെയ്യുന്നു. അമ്മയുടെ അസ്വാഭാവികമായ മരണത്തില്‍ പൊലീസ് അന്വേഷിക്കുകയാണ് തന്നെ എന്ന വിവരം അയാള്‍ കികയോട് പറയുന്നു.
അമ്മയുടെ മരണത്തിനുത്തരവാദിയായി ചൂണ്ടിക്കാണിക്കുന്നത് അച്ഛനായ നിക്കോളാസിനെയാണ്. വളരെ കെട്ടുപിണഞ്ഞതും അസന്തുഷ്ടവുമായ ജീവിതങ്ങള്‍ വരച്ചിടുകയും അത് തങ്ങളെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന തരത്തില്‍ ജീവിക്കുകയും ചെയ്യുന്ന മനുഷ്യരെയാണ് അല്‍മദോവര്‍ നമുക്ക് പരിചയപ്പെടുത്തുന്നത്.
സത്യം ബോധ്യപ്പെട്ടതിനു ശേഷം കിക റോമനോടൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുന്നെങ്കിലും അവള്‍ അച്ഛനായ നിക്കോളാസുമായുള്ള രഹസ്യ ബന്ധം തുടരുന്നു. മനുഷ്യ മനസ്, തെറ്റ്, ശരി എന്നിവയുടെ നിലവിലുള്ള എല്ലാത്തരെ ചട്ടക്കൂടുകളേയും ഈ സിനിമ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. സിനിമ തുടങ്ങുമ്പോള്‍ കികയ്ക്ക് ഒരു ലൈഗിക വൈകൃതമുള്ള ഒരാളുടെ പീഡനത്തിന് ഇരയാകേണ്ടി വരുന്നുണ്ട്. അത് വളരെ കോമിക്കായിട്ടാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെങ്കിലും യാതൊരു വൈകാരികതയുമില്ലാത്ത വളരെ ലാഘവത്തോടെയാണ് കിക ആ സീനുകളില്‍ പീഡനത്തോട് പ്രതികരിക്കുന്നത്. ഏതൊരു കലഹത്തേയും പൊലെതന്നെയാണ് അവള്‍ കട്ടിലില്‍ കിടന്നുകൊണ്ട് അയാളുടെ ശരീര ചലനങ്ങളോട് പ്രതികരിക്കാന്‍ ശ്രമിക്കുന്നത്.
പിന്നെ വോള്‍വര്‍, ലിവിംഗ് ഫ്‌ളഷ്, ബോഡ് എജ്യൂക്കേഷന്‍ എന്നീ ചിത്രങ്ങളിലും സമാനമായ വികാരങ്ങളെ അമിതപ്രാധാന്യത്തോടെ വരച്ചു വയ്ക്കലല്ലാത്ത അനുഭവങ്ങള്‍ പെട്രോ പകര്‍ന്നു നല്‍കി.
ചൈനീസ് സിനിമകള്‍ സ്വപ്നങ്ങളില്‍ നിന്ന് ഉണ്ടാകുന്നവയാണ്. ചൈനീസ്, ഹോംകോംഗ്, തായ്‌വാന്‍ എന്നീ ചൈനീസ് സിനിമ വേര്‍തിരിവുകളില്‍ ഹോംകോംഗ് സിനിമയാണ് ഗെറ്റിംഗ് ഹോം. വീട്ടിലേക്കുള്ള തിരിച്ചെത്തല്‍ അല്ലെങ്കില്‍ പ്രവേശനം. എങ്ങനെയാണ് വീട്ടിലേക്ക് തിരിച്ചെത്തുന്നത് എന്നതാണിവിടെ പ്രമേയം. മരിച്ച് വിറങ്ങലിച്ചതിനു ശേഷമാണ് അങ്ങനെ ഒരു തിരിച്ചെത്തല്‍ എങ്കില്‍ അത് വൈകാരികമായ സെന്റിമന്‍സിന് പ്രാധാന്യം നല്‍കുന്ന വിധത്തിലാവും നമ്മുടെ പ്രതീക്ഷകളില്‍ സംഭവിക്കുക. ഗെറ്റിംഗ് ഹോം മറ്റൊരനുഭവമാണ് നല്‍കുന്നത്. രണ്ട് കൂട്ടുകാര്‍ക്കിടയില്‍ നടക്കുന്ന ഒരു കോമഡി കഥയാണിത്. രണ്ടു പേരില്‍ ഒരാള്‍ക്ക് ജീവനിനില്ല . സംഗ് യാംഗ് സംവിധാനം ചെയ്ത ഈ ചിത്രം സാവോ, ലിയു എന്നീ മധ്യ വയസ്സുകാരായ സുഹൃത്തുക്കകളുടെ കഥയാണ് പറയുന്നത്. ഈ ചിത്രം അത്തവണത്തെ ബെസ്റ്റ് ഏഷ്യന്‍ ഫിലിമിനുള്ള അവാര്‍ഡും നേടിക്കൊണ്ടാണ് പോയത്. രസകരമായ കഥപറച്ചില്‍ രീതിയാണിതിന്റെ പ്രത്യേകത. വളരെ വൈകാരികമായ ഒരു സംഭവത്തെ രസകരമായ ചില തമാശ നിറഞ്ഞ സീനുകളിലൂടെ കോര്‍ത്തിണക്കുന്നു ഇതില്‍. സാവോയും ലിയുവും സാവോയും ലിയുവും മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ലിയു അപ്രതീക്ഷിതമായി മരണപ്പെടുന്നു. ലിയുവിന്റെ സ്വന്തം ഗ്രാമത്തില്‍ എത്തിച്ചേരണമെന്ന എക്കാലത്തേയും ആഗ്രഹം നിറവേറ്റിക്കൊടുക്കാനായി ലിയുവിന്റെ മൃതദേഹവുമായി സാവോ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ കാമ്പ്. ഒരുപാട് ദൂരം കഷ്ടപ്പാടുകള്‍ക്കും രസകരമായി -എന്നാല്‍ ബുദ്ധിമുട്ടു നിറഞ്ഞ- അനുഭവങ്ങളിലൂടെ സാവോയോടൊപ്പം നാം യാത്ര ചെയ്യുന്നുണ്ടെങ്കിലും അയാള്‍ക്ക് കൂട്ടുകാരനെ യാത്രാമധ്യേ അടക്കം ചെയ്യേണ്ടി വരുന്നു.
കൊഴിഞ്ഞ ഓരോ ഇലയും മരത്തിലേക്ക് തന്നെ തിരിച്ചെത്തും എന്നതുപോലെ എന്റെ അഞ്ചാമത്തെ ഫെസ്റ്റിവല്‍ സംഭവിക്കാന്‍ പോകുന്നു. എല്ലാത്തവണയും പോലെ ഇത്തവണയും ഫെസ്റ്റിവല്‍ ഓട്ടോയ്ക്ക് തിരക്ക് കൂട്ടി ഇരുട്ടിനുള്ളിലിരുന്ന് നാമെല്ലാം കണ്ണു തുറക്കാന്‍ പോവുകയാണ് ഒട്ടേറെ സംസ്‌കാരങ്ങളെ സിനിമാ സങ്കേതങ്ങളെ അറിയാന്‍.
*
ലിമി മോഹന്‍ ജനയുഗം 09 ഡിസംബര്‍ 2011
Friday, December 9, 2011
Subscribe to:
Post Comments (Atom)
1 comment:
ചിലത് നമ്മളുമായി എത്ര ബന്ധപ്പെടുന്നില്ലെങ്കിലും നാം മറക്കാറേയില്ല. ചില ചലച്ചിത്ര ഓര്‍മ്മകളും അങ്ങനെയാണ് കൂടെക്കൂടെ ഓര്‍മ്മ പുതുക്കിക്കൊണ്ടിരുന്നില്ലെങ്കിലും അത് നമ്മുടെ ഉള്ളിലെവിടയോ പൂഴ്ന്ന് കിടക്കും, അനുകൂല സാഹചര്യങ്ങള്‍ പോലെ ചിലത് തൊടുമ്പോള്‍ മാത്രം കിളിര്‍ക്കാനായി. അത്തരം ചില ഓര്‍മ്മകളാണ് 12-ാത് ചലത്ച്ചിത്രമേള. കിക, ഗെറ്റിംഗ് ഹോം, അല്‍മദോവര്‍ എന്നിവയാണ് എന്റെ ആദ്യ ഫിലിം ഫെസ്റ്റിവല്‍ ഓര്‍മ്മകള്‍. കിക അനതിസാധാരണമായ ഒരു ചെറുത്തു നില്‍പ്പിന്റെ ഓര്‍മ്മയാണെങ്കില്‍ അല്‍മദോവര്‍ ഫ്രെയിമുകളുടെ ഉടുതുണി അഴിച്ചുകളയുകയായിരുന്നു. ഗെറ്റിംഗ് ഹോം ചെയ്തത് പക്ഷേ ഒരു സാധാരണമായ സംഭവത്തെ അസാധാരണമാകുകയായിരുന്നു. ഈ ഒരൊറ്റ സിനിമാക്കാഴചയാണ് എന്നെ സിനിമയോയടുപ്പിച്ചത്.
Post a Comment