Friday, December 23, 2011

വൈദ്യനാഥന്‍ ശുപാര്‍ശ സഹ. മേഖലയെ തകര്‍ക്കും

സഹകരണമേഖല കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നല്‍കുന്നുണ്ട്. ജനജീവിതത്തിന്റെ എല്ലാതലങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന സാന്നിധ്യമാണ് സഹകരണ സംഘങ്ങള്‍. അവ കൂടുതല്‍ മേഖലയിലേക്ക് വ്യാപിച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന പുതിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ്. കേരളത്തിന്റെ ഗ്രാമീണ മേഖലയെ കൊള്ളപ്പലിശക്കാരുടെ പിടിയില്‍നിന്ന് രക്ഷപ്പെടുത്തുന്നതിനും ഗ്രാമപ്രദേശങ്ങളില്‍ വ്യാപകമായ വായ്പാസൗകര്യം രൂപപ്പെടുത്തുന്നതിനും സഹകരണ പ്രസ്ഥാനം നല്‍കിയ സംഭാവന നിസ്തുലമാണ്. കൃഷിയെയും പരമ്പരാഗത വ്യവസായത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള സഹായക മേഖലയായി ഇത് മാറുകയുംചെയ്തു. സഹകരണമേഖലയുടെ ഈ പ്രാധാന്യം മനസിലാക്കി ഇടപെടുന്നതില്‍ തികഞ്ഞ പോരായ്മയാണ് വലതുപക്ഷ സര്‍ക്കാരുകള്‍ കാണിക്കുന്നത്. ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നിയന്ത്രണത്തില്‍നിന്ന് സഹകരണ മേഖലയെ മാറ്റി സ്വാശ്രയ സഹകരണ സംഘങ്ങള്‍ക്ക് അനുകൂലമായ നയം 2001 അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടു. ഈ രീതിക്ക് മാറ്റം വരുത്തി സഹകരണമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത്.

സഹകരണമേഖലയെ തകര്‍ക്കുന്നതിന് ഇടയാക്കുന്ന വൈദ്യനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പാക്കുന്നതിന് എല്‍ഡിഎഫ് തയ്യാറാവാതിരുന്നത് ആ നയത്തിന്റെ ഭാഗമായാണ്. ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. നിര്‍ദേശിക്കപ്പെട്ട രീതിയില്‍ അത് നടപ്പാക്കപ്പെട്ടാല്‍ കേരളത്തിലെ സഹകരണമേഖലയുടെ മരണമണി മുഴങ്ങുമെന്നതില്‍ തര്‍ക്കമില്ല. ആഗോളവല്‍ക്കരണനയങ്ങള്‍ക്കനുസരിച്ച് ഇന്ത്യയുടെ ധനകാര്യമേഖലയെ മാറ്റിയെടുക്കുക കേന്ദ്രസര്‍ക്കാരിന്റെ പൊതുസമീപനമാണ്. പൊതുമേഖലാ ബാങ്കുകളെ ഇത്തരത്തില്‍ ക്രമീകരിക്കാനുള്ള നരസിംഹം കമ്മിറ്റി റിപ്പോര്‍ട്ടും ഈ കാലഘട്ടത്തിലാണ് കടന്നുവന്നത്. ഇതിലെ ശുപാര്‍ശകള്‍ ബാങ്കിങ് മേഖലയെ തകര്‍ക്കാനും സ്വകാര്യ-വൈദേശിക കുത്തകകള്‍ക്ക് മറ്റെല്ലാ മേഖലകളുമെന്നപോലെ ഇവിടെയും എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന വിധത്തില്‍ സഹകരണ സ്ഥാപനങ്ങളുടെ ആദായത്തിന് സേവന നികുതിയും ആദായനികുതിയും ബാധകമാക്കിയുള്ള കേന്ദ്രനിയമനിര്‍മാണം സഹകരണമേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന കാലത്താണ് വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനുള്ള തീരുമാനം ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. സഹകരണ വായ്പാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. എ വൈദ്യനാഥന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സഹകാരികളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി 2005 ഫെബ്രുവരി നാലിനാണ് കേന്ദ്രധനമന്ത്രിക്ക് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് സഹകരണമേഖലയില്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്ക ആ അവസരത്തില്‍തന്നെ ശക്തമായി ഉയര്‍ന്നു. റിസര്‍വ് ബാങ്കിന് നേരിട്ട് ബാങ്കിങ് റഗുലേഷന്‍ ആക്ടിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ വേണ്ട അധികാരം ഉറപ്പാക്കുന്ന വിധത്തില്‍ സഹകരണ നിയമം ഭേദഗതി ചെയ്യണമെന്നായിരുന്നു റിപ്പോര്‍ട്ടിന്റെ അന്തഃസത്ത. വായ്പാ സംഘങ്ങളുടെ ഓഹരി മൂലധനത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തം പൂര്‍ണമായും പിന്‍വലിക്കണമെന്നും ബാങ്കിന്റെ ഭരണസമിതിയില്‍ അംഗങ്ങളെ കോ ഓപ്റ്റ് ചെയ്യുന്നതിനും തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയെ പിരിച്ചുവിടുന്നതിനും റിസര്‍വ് ബാങ്കിന് അധികാരം നല്‍കണമെന്നുമുള്ള ശുപാര്‍ശകളുമുണ്ടായിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച വ്യക്തമായ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പ്രസ്ഥാനത്തെ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തകര്‍ക്കുന്ന കാര്യവും വലിയ ചര്‍ച്ചയായി രൂപപ്പെട്ടു.

ഇത്തരം വിമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് 2005 ജൂണ്‍ 27ന് ദേശീയ വികസന കൗണ്‍സിലില്‍ ചര്‍ച്ചചെയ്തു. തുടര്‍ന്ന് സെപ്തംബര്‍ ഒന്‍പതിന് സംസ്ഥാന സഹകരണമന്ത്രിമാരുടെ യോഗത്തിലും ചര്‍ച്ചനടന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമീണ സഹകരണ വായ്പാ പുനരുദ്ധാരണ പാക്കേജില്‍ ചില മാറ്റങ്ങള്‍ വരുത്തി. കേന്ദ്രസര്‍ക്കാരിന്റെ പാക്കേജില്‍ ബാങ്കിങ് നിയമത്തിലെ വ്യവസ്ഥകള്‍ സഹകരണ സംഘം രജിസ്ട്രാര്‍ പ്രാവര്‍ത്തികമാക്കണമെന്നും മേല്‍നോട്ടം വഹിക്കണമെന്നും ശുപാര്‍ശചെയ്യുന്ന നിലയുണ്ടാക്കി. പുനരുദ്ധാരണത്തിന്റെ കാര്യത്തിലെ നിബന്ധനകളില്‍ അയവുവരുത്തി. എന്നാല്‍ , കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കുന്ന വിധത്തിലുള്ള പല ശുപാര്‍ശകളും അതേപോലെ നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഏത് ബാങ്കിലും നിക്ഷേപം നടത്തുന്നതിനും വായ്പയെടുക്കുന്നതിനും സംഘങ്ങള്‍ക്ക് നല്‍കിയ സ്വാതന്ത്ര്യം കേരളത്തിലെ സഹകരണ വായ്പാമേഖലയെ ദോഷകരമായി ബാധിക്കും. പ്രാഥമിക സംഘങ്ങളുടെ നിക്ഷേപത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ ബാങ്കും അവയുടെ നിക്ഷേപത്തെ ആശ്രയിച്ച് നിലനില്‍ക്കുന്ന സംസ്ഥാന സഹകരണ ബാങ്കും എന്ന ഘടനയാണ് കേരളത്തില്‍ . പുതിയ വ്യവസ്ഥ നടപ്പായാല്‍ കേന്ദ്ര അപ്പക്സ് ബാങ്കുകളുടെ നിലനില്‍പ്പ് അപകടത്തിലാകും. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലെ നിക്ഷേപകര്‍ക്ക് വോട്ടവകാശം നല്‍കുക എന്നതും അതിന്റെ സംഘാടനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. റിസര്‍വ് ബാങ്ക് ലൈസന്‍സില്ലാത്ത വായ്പാസംഘങ്ങള്‍ ബാങ്ക് എന്ന പദം ഉപയോഗിക്കുന്നതും ബാങ്കിങ് പ്രവര്‍ത്തനം നടത്തുന്നതും നിരോധിക്കുന്ന വ്യവസ്ഥ ശുപാര്‍ശയിലുണ്ട്. ഇത് സഹകരണമേഖലയിലെ നിക്ഷേപം സമാഹരിച്ച പ്രാഥമിക സംഘങ്ങളുടെ നട്ടെല്ല് തകര്‍ക്കും. സ്ഥിരം നിക്ഷേപം സ്വീകരിക്കല്‍ , ചെക്ക് നല്‍കല്‍ , ഇടപാടുകാരന് വേണ്ടി ബാങ്കുകള്‍ തമ്മിലുള്ള പണമിടപാട് നടത്തല്‍ തുടങ്ങിയവ സാധ്യമല്ലാതാകും. പ്രാഥമിക കാര്‍ഷികവായ്പാ സഹകരണ ബാങ്കുകള്‍ക്ക് കാര്‍ഷിക ഇടപാടൊഴിച്ച് മറ്റൊന്നും നടത്താനാവില്ല. ഇത് സംസ്ഥാനത്തെ 1063 പ്രാഥമിക സഹകരണസംഘങ്ങള്‍ അടച്ചുപൂട്ടുന്ന നിലയില്‍ എത്തിക്കും. കര്‍ഷകജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധി രൂപപ്പെടുത്തുകയും ചെയ്യും. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് എടുക്കേണ്ടിവന്നാല്‍ മാവേലിസ്റ്റോറുകള്‍ , നീതി സ്റ്റോറുകള്‍ തുടങ്ങിയവയിലൂടെ ജനങ്ങള്‍ക്ക് ആശ്വാസകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. ഇപ്പോഴുള്ള നിക്ഷേപത്തിന്റെ 90-95 ശതമാനം വരെ വായ്പയായി സംഘങ്ങള്‍ നല്‍കുന്നുണ്ട്. അത് 65 ശതമാനമായി പരിമിതപ്പെടും. കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പറയുന്ന പണം, വായ്പ നല്‍കുന്നതില്‍ വന്ന നഷ്ടംമാത്രമാണ്. അങ്ങനെ വരുമ്പോള്‍ ഇപ്പോള്‍ പറയപ്പെടുന്ന തുക ലഭിക്കുകയുമില്ല. റിസര്‍വ്ബാങ്കിന്റെ ലൈസന്‍സെടുത്ത് പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ബാങ്കുകള്‍ക്കുതന്നെ ഇപ്പോള്‍ അവ നഷ്ടപ്പെടുന്ന സാഹചര്യമാണ്. നേരത്തെയുള്ളതുകൊണ്ട് അവയ്ക്ക് തല്‍ക്കാലം പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന് മാത്രം. ഇത്തരം സാഹചര്യംതന്നെയാണ് സഹകരണ ബാങ്കുകള്‍ക്ക് വരിക.

വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വ്യവസ്ഥകളില്‍ ഒപ്പിട്ട മറ്റ് സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങള്‍ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുവെന്ന അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. ഇതൊന്നും മനസിലാക്കാതെ ഈ റിപ്പോര്‍ട്ടിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് മറ്റ് പല താല്‍പ്പര്യങ്ങളും ലക്ഷ്യംവച്ചാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സഹകരണമേഖലയിലെ നിക്ഷേപം 20,370 കോടി രൂപയായിരുന്നു. അധികാരമൊഴിയുമ്പോള്‍ 68,000 കോടി രൂപയായി. ഈ തുക മറ്റ് മേഖലകളിലേക്ക് കൊണ്ടുപോകാനുള്ള താല്‍പ്പര്യം കൂടി ഇതിന് പിന്നിലുണ്ട് എന്ന് സംശയിച്ചാല്‍ തെറ്റില്ല. കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയായി പ്രവര്‍ത്തിക്കുന്നവയാണ്. ഇന്ത്യയൊട്ടാകെ 95,663 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍ 1608 എണ്ണമേ കേരളത്തിലുള്ളൂ. എന്നാല്‍ , മൊത്തം നിക്ഷേപത്തിന്റെ 32,802 കോടി രൂപയില്‍ 20,432 കോടി രൂപയും കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ സമാഹരിച്ചതാണ്. 1.68 ശതമാനം മാത്രമുള്ള സംസ്ഥാനത്തെ സംഘങ്ങളാണ് മൊത്തം നിക്ഷേപത്തിന്റെ 62.3 ശതമാനവും സ്വരൂപിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തിനാകമാനം മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സഹകരണ സ്ഥാപനങ്ങളാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനത്തിലൂടെ പ്രതിസന്ധിയിലാവാന്‍ പോകുന്നത്. ആഗോളവല്‍ക്കരണനയങ്ങള്‍ അതേപോലെ നടപ്പാക്കാന്‍ തയ്യാറായ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനുപോലും ഈ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2005 ജൂണ്‍ മൂന്നിന് കേരളത്തിലെ സഹകരണ സെക്രട്ടറി നബാര്‍ഡിന് നല്‍കിയ കത്തില്‍ റിപ്പോര്‍ട്ടിലെ പല ശുപാര്‍ശകളോടും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് വിശദമായി പഠിക്കുകയും നിര്‍ദേശങ്ങളിലെ ദോഷവശങ്ങളും ഗുണവശങ്ങളും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. എന്ത് ഗുണപരമായ കാര്യങ്ങളുണ്ടെങ്കിലും സഹകരണമേഖലയെ പൂര്‍ണമായും തകര്‍ക്കുന്നതാണ് പൊതുവില്‍ അതിന്റെ നിര്‍ദേശങ്ങളെന്ന നിലപാടെടുക്കുകയും ചെയ്തു. സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ത്തുകൊണ്ട് അതിന്റെ പാക്കേജിലൂടെ ലഭിക്കുന്ന പണംകൊണ്ട് ഒരു കാര്യവുമില്ല. ചുമരില്ലാതെ എങ്ങനെയാണ് ചിത്രം വരയ്ക്കുക എന്നതിന് യുഡിഎഫ് സര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്.

2008 ല്‍ ഒപ്പിടണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഈ അപകടാവസ്ഥ തിരിച്ചറിഞ്ഞതുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തയ്യാറാകാതിരുന്നത്. എന്നാല്‍ ധനമന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ ഇതില്‍ ഒപ്പിടുമെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞിരിക്കുന്നത്. ഇത് ആര്‍ക്കുവേണ്ടിയാണ് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. സഹകരണപ്രസ്ഥാനത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുന്ന ഒരു നയം അംഗീകരിക്കുമ്പോള്‍ ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകളുമായി ചര്‍ച്ചചെയ്യുക എന്നത് പ്രാഥമികമായ ജനാധിപത്യ മര്യാദയാണ്. മറ്റെല്ലാ കാര്യത്തിലുമെന്നപോലെ ഇക്കാര്യത്തിലും ജനാധിപത്യപരമായ രീതി അംഗീകരിക്കില്ലെന്നാണ് യുഡിഎഫ് നിലപാട്. നൂല്‍പ്പാലത്തിലൂടെ നീങ്ങുന്ന സര്‍ക്കാരായിട്ടുപോലും ഏകപക്ഷീയമായി കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഈ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് കേരളത്തിലെ സഹകാരികളുടെ യോഗം വിളിച്ച് പ്രശ്നം അടിയന്തരമായും ചര്‍ച്ചചെയ്യാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. ഏകപക്ഷീയമായി ഇതിലെ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാവുന്നതല്ല. വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതിനും കാര്‍ഷികമേഖല സംരക്ഷിക്കുന്നതിനും തുടങ്ങി ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ഉള്‍പ്പെടെ സഹകരണമേഖല നല്‍കുന്ന സംഭാവന അമൂല്യമാണ്. അതുകൊണ്ടുതന്നെ സഹകരണപ്രസ്ഥാനങ്ങളെ സംരക്ഷിക്കുക എന്നത് നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും കര്‍ത്തവ്യമാണെന്ന് കണ്ടുകൊണ്ട് ഇടപെടാനാകണം.

*
പിണറായി വിജയന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സഹകരണമേഖല കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നല്‍കുന്നുണ്ട്. ജനജീവിതത്തിന്റെ എല്ലാതലങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന സാന്നിധ്യമാണ് സഹകരണ സംഘങ്ങള്‍. അവ കൂടുതല്‍ മേഖലയിലേക്ക് വ്യാപിച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന പുതിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ്. കേരളത്തിന്റെ ഗ്രാമീണ മേഖലയെ കൊള്ളപ്പലിശക്കാരുടെ പിടിയില്‍നിന്ന് രക്ഷപ്പെടുത്തുന്നതിനും ഗ്രാമപ്രദേശങ്ങളില്‍ വ്യാപകമായ വായ്പാസൗകര്യം രൂപപ്പെടുത്തുന്നതിനും സഹകരണ പ്രസ്ഥാനം നല്‍കിയ സംഭാവന നിസ്തുലമാണ്. കൃഷിയെയും പരമ്പരാഗത വ്യവസായത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള സഹായക മേഖലയായി ഇത് മാറുകയുംചെയ്തു. സഹകരണമേഖലയുടെ ഈ പ്രാധാന്യം മനസിലാക്കി ഇടപെടുന്നതില്‍ തികഞ്ഞ പോരായ്മയാണ് വലതുപക്ഷ സര്‍ക്കാരുകള്‍ കാണിക്കുന്നത്. ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നിയന്ത്രണത്തില്‍നിന്ന് സഹകരണ മേഖലയെ മാറ്റി സ്വാശ്രയ സഹകരണ സംഘങ്ങള്‍ക്ക് അനുകൂലമായ നയം 2001 അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടു. ഈ രീതിക്ക് മാറ്റം വരുത്തി സഹകരണമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത്.