Wednesday, December 7, 2011

പത്രം പത്രം സര്‍വത്ര

ഇതുപോലൊരു തമാശച്ചൊല്ല് വെള്ളത്തെപ്പറ്റിയുണ്ട്, ഇംഗ്ലീഷിലും മലയാളത്തിലും. സര്‍വത്ര വെള്ളം കിടക്കുന്നു, കുടിക്കാന്‍ പറ്റിയതല്ലെന്നുമാത്രം. പിന്നെയെന്തിന് വെള്ളം എന്നാണ് ചോദ്യമെങ്കില്‍ പിന്നെയെന്തിന് പത്രം എന്ന് പിറകെ ചോദ്യം വരുന്നു. രാഷ്ട്രീയനേതാക്കളില്‍നിന്നാണ് ആക്ഷേപം പുറപ്പെടുന്നതെന്ന് പറഞ്ഞ് തടിയൂരാന്‍ പറ്റില്ല. കാരണം ആക്ഷേപം ഉന്നയിക്കാവുന്ന ഏറ്റവും ഉന്നതങ്ങളായ സ്ഥാനങ്ങളുടേതാണ് വിമര്‍ശം. ഇന്ത്യന്‍ പത്ര-മീഡിയ ലോകത്തിന്റെ മൂല്യങ്ങളുടെ സ്ഥിതി അത്ര ആശാസ്യമല്ലെന്ന് ഇതൊക്കെ തെളിയിക്കുന്നു. ഇവര്‍ തടിയൂരി രക്ഷപ്പെടാന്‍ , പെട്ടെന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ ശിലാശാസനം കുറിച്ചതുപോലെ, മൗലികാവകാശാധ്യായത്തില്‍ "ആവിഷ്കാരസ്വാതന്ത്ര്യം" എന്ന വിശാലമായ തലക്കെട്ടില്‍ രക്ഷാമാര്‍ഗം തേടുന്നു. പക്ഷേ, അവര്‍ ഓര്‍ക്കേണ്ടത് ഇന്ത്യന്‍ ഭരണഘടനയില്‍ ആവിഷ്കാരസ്വാതന്ത്ര്യത്തിന് അമേരിക്കന്‍ ഭരണഘടനയിലുള്ള വകുപ്പിന്റെ ഉറപ്പോ കേവലത്വമോ ഇല്ലെന്നാണ്. ഒരു തരത്തിലും അത് കുറച്ചുകൂടെന്ന് സംശയമെന്യേ പറഞ്ഞിട്ടുണ്ട്. നമ്മുടെ ആവിഷ്കാരസ്വാതന്ത്ര്യം,സഞ്ചാരസ്വാതന്ത്ര്യം തുടങ്ങിയ എല്ലാ പൗരസ്വാതന്ത്ര്യങ്ങളെയും സംരക്ഷിക്കേണ്ടതാണ് എന്ന് പറഞ്ഞ ഉടനെ, ആ വകുപ്പിന്റെ അപവാദങ്ങള്‍ എണ്ണിയെണ്ണി പറയുന്നുണ്ട്.

പത്ര-മീഡിയ നിയന്ത്രണം എന്ന് കേള്‍ക്കുമ്പോള്‍ അടിയന്തരാവസ്ഥയുടെ ദുഃസ്വപ്നം മനസ്സില്‍ കടന്നുവരും. പക്ഷേ, അവിടെ തകര്‍ന്നത് ഇന്ദിരാഗാന്ധിയാണ്. ഇന്ത്യയെ ഒരു സ്വേച്ഛാധിപത്യരാജ്യമാക്കാന്‍ ഭരണഘടനയുടെ അനുവാദം ഒരിക്കലും ലഭ്യമല്ല എന്നുവച്ച് മറുവശം മുഴുവന്‍ കുറ്റമറ്റതാണെന്ന് പറഞ്ഞുകൂടാ. ഇന്ത്യയിലെ ജനാധിപത്യ ചിന്തകരില്‍ അഗ്രഗണ്യനായ മാര്‍ക്കണ്ഡേയ കട്ജു പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ചെയര്‍മാന്‍ എന്ന നിലയില്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ ഇന്ദിരാഗാന്ധിയുടെ ഓര്‍മയില്‍ ശരിയാണെന്ന ഭ്രമം ഉണ്ടാകരുത്. ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായിരിക്കുകയും ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനങ്ങള്‍ നമ്മുടെ മൗലികാവകാശത്തെ ഹനിക്കുന്നതാണെന്ന് വാദിച്ചു സമര്‍ഥിക്കുകയുംചെയ്ത ജസ്റ്റിസ് പി ഷായും ഏറെക്കുറെ ഒരേ സ്വരത്തിലാണ് ആശയ നിയന്ത്രണങ്ങളെ കാണുന്നത്. ഒരു സജീവമായ സമൂഹത്തില്‍ സ്വാഭാവികമായി നിലനില്‍ക്കുന്ന ഭിന്നാഭിപ്രായങ്ങള്‍ നേരിടുമ്പോള്‍ രണ്ടിനും തുല്യാവസരം നല്‍കണം. അധികാരം തുല്യാവസരം നല്‍കണം എന്ന ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്റെ വിശ്വപ്രശസ്തമായ ചിന്ത ഇത്തരം ഘട്ടങ്ങളില്‍ വെളിച്ചം നല്‍കുന്നു. ഏകാഭിപ്രായ സ്ഥാപനമല്ല ഇന്ത്യയുടെ ലക്ഷ്യവും. പക്ഷേ, പത്രങ്ങളും ഈ ചിന്തയോടൊപ്പം ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു. മനുഷ്യര്‍ക്ക് പൊതുവേയുള്ള അപകടം, ഈ തത്വങ്ങളെല്ലാം അവര്‍ക്കും പരിചിതങ്ങളാണെങ്കിലും പ്രായോഗികരംഗത്ത് എത്തുമ്പോള്‍ അവര്‍ പിന്‍വലിഞ്ഞുകളയും എന്നതാണ്. വിദ്യാഭ്യാസരംഗത്തെ റിസര്‍വേഷന്‍ , ഗുജറാത്തിലെ മതപരമായ വിവേചനം തുടങ്ങി പല ജീവല്‍പ്രശ്നങ്ങളും വെളിച്ചത്ത് കൊണ്ടുവന്ന ഒരുപാട് ഡോക്യുമെന്ററികള്‍ക്ക് നീതി ലഭിച്ചത് സുപ്രീംകോടതിയുടെ ഉദാരചിന്ത നിമിത്തമാണ്. പത്രങ്ങള്‍ ഇതിനൊത്ത് വേണ്ടത്ര ഉയരുന്നില്ല. ഒരു കാരണം പഴയ പത്രങ്ങള്‍ ദേശീയമോ സാമൂഹികമോ ആയ വലിയ ചില ആദര്‍ശങ്ങള്‍ക്കുവേണ്ടി സ്ഥാപിക്കപ്പെട്ടുവെന്നതാണ്. ഭരണഘടനയിലെ വകുപ്പുകളെക്കാള്‍ അവരെ നിയന്ത്രിക്കുന്നത് ആ ആദര്‍ശങ്ങളാണ്. പല പത്രങ്ങളും പേരില്‍ ആ പഴയ പത്രങ്ങള്‍തന്നെ, പക്ഷേ, ആദര്‍ശ പ്രതിബദ്ധതയില്‍ അല്ല. പത്രങ്ങളുടെ സ്വഭാവം അറിയാതെ മാറിപ്പോകാന്‍ കാരണം അവയുടെ മാനേജ്മെന്റുകള്‍ക്ക് വന്നുകൂടിയ മാറ്റമാണ്. അവ ഇപ്പോള്‍ കോര്‍പറേറ്റ് മാനേജ്മെന്റുകളാണ്. അവര്‍ക്ക് ദേശവും സമൂഹവും ആദര്‍ശവും ഒന്നും വലിയ വിലയല്ല. വില തങ്ങളുടെ പ്രചാരവും പരസ്യത്തില്‍നിന്നുള്ള വരുമാനവുമാണ്. മലയാളത്തില്‍ എന്നതുപോലെ എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഇത്തരത്തില്‍ ഒരുപാട് സ്വഭാവമാറ്റം വന്ന പത്രങ്ങളുണ്ട്. പേരു പഴയതുതന്നെയാകാമെങ്കിലും മദ്യപനായാല്‍ പേരിലുള്ള തുല്യത സ്വഭാവത്തില്‍ നിഴലിച്ചുകാണുകയില്ല. കോര്‍പറേറ്റ് ലഹരിയില്‍പ്പെട്ട പത്രങ്ങള്‍ പൂര്‍വചരിത്രം മറന്നുകളയുന്നു. കോര്‍പറേറ്റ് ആക്രമണത്തില്‍നിന്ന് പത്രങ്ങളെ എങ്ങനെ രക്ഷിക്കാന്‍ കഴിയും എന്ന് ചിന്തിക്കണമല്ലോ. പത്രങ്ങളുടെയെല്ലാം കണ്ണ് വന്‍കാശിന്റെ മുന്നില്‍ തള്ളിനില്‍ക്കുകയാണ്.

ടിവി ചാനലുകളുടെ 24 മണിക്കൂര്‍ മത്സരത്തില്‍ അവരോട് തത്വോപദേശം ചെയ്താല്‍ വലുതായി ഫലിക്കുമെന്ന് തോന്നുന്നില്ല. എന്ത് നിസ്സാരവും രാജ്യത്തിന്റെ നോട്ടത്തില്‍ അപ്രധാനവും ആയ സംഭവം ഉണ്ടായാലും, അവര്‍ യന്ത്രാദിസാമഗ്രികളുമായി വേട്ടയാടി പല ആളുകളില്‍നിന്ന് പല അഭിപ്രായങ്ങള്‍ ഉണ്ടാക്കിക്കൊണ്ടുവന്ന് അവ നിരന്തരം പ്രചരിപ്പിക്കുകയായി. ഇവരുടെ മത്സരത്തില്‍നിന്ന് തല മുങ്ങിപ്പോകാതെ ഉയര്‍ത്തിപ്പിടിക്കാന്‍ പത്രത്തിനും ബദ്ധപ്പാടായി. മീഡിയകളുടെ എതിര്‍പ്പുകൊണ്ട് പല മൂല്യങ്ങളും ആദര്‍ശങ്ങളുടെ കൈയിരിപ്പുകളും നഷ്ടപ്പെട്ടുപോകുന്നു. ദേശീയ യാഥാര്‍ഥ്യം മറക്കാതെ തങ്ങള്‍ക്കുള്ള വലിയ ഉത്തരവാദിത്തങ്ങള്‍ മനസ്സില്‍ നിറച്ചുകൊണ്ട് പത്രപ്രവര്‍ത്തകര്‍ ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങാനുള്ള കാലം വന്നിരിക്കുന്നു. മുങ്ങുമ്പോള്‍ എല്ലാംകൂടി ഒന്നിച്ചുമുങ്ങും. ജനങ്ങളുടെ സഹനശക്തിയെ അത്രത്തോളം പരീക്ഷിക്കരുത്. പരീക്ഷിച്ചാല്‍ ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ ഉണ്ടായതുപോലെ പ്രക്ഷോഭക്കാരുടെ തെരുവുതിരമാലകളില്‍ നാട് മുങ്ങിപ്പോകും. ഇതൊന്നും ഇന്ത്യയില്‍ നടക്കില്ലെന്ന് സ്വര്‍ഗീയമൗഢ്യത്തില്‍ കഴിയുന്ന ഭരണവര്‍ഗത്തിന് തോന്നിക്കൂടായ്കയില്ല.

*
സുകുമാര്‍ അഴീക്കോട് ദേശാഭിമാനി 07 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...