Tuesday, December 20, 2011

ചിദംബരം അയോഗ്യന്‍ കാരണങ്ങള്‍ അഞ്ച്

ആഭ്യന്തരമന്ത്രി പി ചിദംബരം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ ഒന്നല്ല, നാലുകാരണങ്ങളുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്നത്തിലെ സത്യപ്രതിജ്ഞാലംഘനം കൂടിയാവുമ്പോള്‍ കാരണങ്ങള്‍ അഞ്ചാവുന്നു.

ഒന്ന്: അഭിഭാഷകനായിരിക്കെ ആരുടെ വക്കാലത്തെടുത്തുവോ അതേ വ്യക്തിക്കെതിരായ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രിയായ ശേഷം പി ചിദംബരം നിര്‍ദേശം നല്‍കി എന്ന് വെളിപ്പെട്ടിരിക്കുന്നു.

രണ്ട്: അഭിഭാഷകനായിരിക്കെ ലോട്ടറിത്തട്ടിപ്പുകാര്‍ക്കുവേണ്ടി കോടതിയില്‍ ഉന്നയിച്ച വാദം ധനമന്ത്രിയായിരുന്നപ്പോള്‍ നിയമങ്ങളും ചട്ടങ്ങളുമാക്കി അക്കൂട്ടരെ സംരക്ഷിച്ചു എന്നത് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

മൂന്ന്: ധനകാര്യമന്ത്രി എന്ന നിലയ്ക്ക് വഹിക്കേണ്ട ഉത്തരവാദിത്തത്തില്‍ വീഴ്ചവരുത്തിക്കൊണ്ട് 2ജി സ്പെക്ട്രം കുംഭകോണത്തിന് കളമൊരുക്കിക്കൊടുത്തതായി പ്രണബ് മുഖര്‍ജിയുടെ ധനമന്ത്രാലയം, പ്രധാനമന്ത്രി കാര്യാലയത്തിന് കൈമാറിയ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നു.

നാല്: ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ജനതാപാര്‍ടി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ അപേക്ഷ സ്വീകരിച്ചുകൊണ്ട് സിബിഐ പ്രത്യേക കോടതി ചിദംബരത്തിനെതിരായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സ്വാമിയെ അനുവദിച്ചിരിക്കുന്നു.

ഇതില്‍ ഏതെങ്കിലും ഒന്നുതന്നെ ഒരു മന്ത്രിയുടെ രാജി ആവശ്യപ്പെടാനും രാജിവയ്ക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ പുറത്താക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കാനും പര്യാപ്തമായ കാരണങ്ങളാണ്. ഈ കാരണങ്ങളെല്ലാം നിലനില്‍ക്കെയാണ്, ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചുകൊണ്ടുള്ള ചിദംബരത്തിന്റെ മുല്ലപ്പെരിയാര്‍ പ്രസ്താവനയും കോടതി മുമ്പാകെ നിലനില്‍ക്കുന്ന പ്രശ്നത്തിലേക്കുള്ള കടന്നുകയറ്റവും!

സുനൈര്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥന്‍

എസ് പി ഗുപ്തയ്ക്കുവേണ്ടി വക്കാലത്തെടുത്ത അഭിഭാഷകനായിരുന്നു പി ചിദംബരം. ബിസിനസ് എതിരാളികളെ വലയ്ക്കാന്‍ എംപിമാരുടെ കത്ത് വ്യാജമായുണ്ടാക്കി എന്നതുമുതല്‍ രാജീവ് ക്രാന്തികാരി എന്ന എന്‍ജിഒ സംഘടനയെ ഉപയോഗിച്ച് കോടികളുടെ തട്ടിപ്പുനടത്തി എന്നതുവരെയായിരുന്നു കേസ്. പ്രതിയെ വാദിച്ച് രക്ഷിക്കുന്നതിനേക്കാള്‍ എളുപ്പം ഉത്തരവിറക്കി രക്ഷിക്കുന്നതാണെന്ന് തീരുമാനിച്ചു ചിദംബരം. 2001-03ല്‍ ഗുപ്തയുടെ വക്കീലായിരുന്ന ചിദംബരം കേന്ദ്രത്തില്‍ മന്ത്രിയാവുകയും ആഭ്യന്തരവകുപ്പ് കൈയില്‍ കിട്ടുകയും ചെയ്തപ്പോഴും ആ പണി തന്നെ ചെയ്തു. ഗുപ്തയ്ക്കെതിരായ മൂന്ന് പ്രഥമ വിവര റിപ്പോര്‍ട്ടുകളും റദ്ദാക്കാന്‍ ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് ഉത്തരവിറക്കി. നേരത്തെതന്നെ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞ കേസിലാണ് മന്ത്രിയുടെ വകയായുള്ള എഫ്ഐആര്‍ പിന്‍വലിക്കല്‍! നിയമമന്ത്രാലയത്തിന്റെയും ആഭ്യന്തരവകുപ്പിലെ ഡയറക്ടറുടെയും എതിര്‍പ്പിനെ മറികടന്നായിരുന്നു ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ തേജീന്ദര്‍ ഖന്നയ്ക്ക് ആഭ്യന്തര മന്ത്രാലയം കേസ് പിന്‍വലിക്കാനുള്ള നിര്‍ദേശം നല്‍കിയത്. ഇത് വിവാദമായ ഘട്ടത്തില്‍ ഇറക്കിയ ഉത്തരവ് ഖന്നയ്ക്കുതന്നെ പിന്‍വലിക്കേണ്ടിവന്നു.

ഓണ്‍ലൈന്‍ ലോട്ടറി മാഫിയക്കുവേണ്ടി കേരള ഹൈക്കോടതിയില്‍ വക്കാലത്തുമായി വന്ന് വാദിച്ചയാളാണ് ചിദംബരം. കോടതിമുമ്പാകെ വാദം വിലപ്പോയാലെന്ത്? വിലപ്പോയില്ലെങ്കിലെന്ത്? വാദിച്ച കാര്യങ്ങളെല്ലാം കേന്ദ്രമന്ത്രിയായപ്പോള്‍ ചിദംബരം നിയമവും ചട്ടവുമാക്കി തന്റെ ലോട്ടറിമാഫിയ കക്ഷികളെ സംരക്ഷിച്ചു. ഒരു പ്രൊമോട്ടര്‍ക്ക് ഒരു ദിവസം 24 നറുക്കെടുപ്പുവരെ നടത്താമെന്നായി; ഓണ്‍ലൈന്‍ ലോട്ടറിയെ നിയമവിധേയമാക്കുന്ന ചട്ടഭേദഗതിയായി; ലോട്ടറി എന്നാല്‍ ഓണ്‍ലൈന്‍ ലോട്ടറിയും കൂടിയാണ് എന്ന നിലയ്ക്ക് കേന്ദ്രലോട്ടറി നിയന്ത്രണച്ചട്ടം പരിഷ്കരിക്കലായി; കേരളത്തിന്റെ ഓണ്‍ലൈന്‍ ലോട്ടറി നിരോധനം ത്രിശങ്കുവിലുമായി. കോടതിവഴി പറ്റാത്തത് ഭരണാധികാരംവഴി ചിദംബരം ലോട്ടറി മാഫിയക്കായി നേടിക്കൊടുത്തു.

2 ജി സ്പെക്ട്രം കുംഭകോണത്തില്‍ പി ചിദംബരത്തിനുള്ള പങ്ക് പ്രണബ് മുഖര്‍ജിയുടെ ധനമന്ത്രാലയംതന്നെ സ്ഥിരീകരിച്ചതാണ്. ഉത്തരവാദിത്തത്തില്‍ ധനമന്ത്രി എന്ന നിലയ്ക്ക് ചിദംബരം കാട്ടിയ വിട്ടുവീഴ്ചയാണ് 1,76,643 കോടിയുടെ കുംഭകോണത്തിനുള്ള അരങ്ങൊരുക്കിക്കൊടുത്തത് എന്ന് 2011 മാര്‍ച്ചില്‍ പ്രണബിന്റെ അംഗീകാരത്തോടെ ധനമന്ത്രാലയം പ്രധാനമന്ത്രി കാര്യാലയത്തിലേക്കയച്ച കുറിപ്പ് സ്ഥിരീകരിക്കുന്നു. വിജ്ഞാപനത്തില്‍ പറഞ്ഞ തീയതിക്ക് വളരെ മുമ്പുതന്നെ സ്പെക്ട്രം ലൈസന്‍സ് അപേക്ഷകള്‍ സ്വീകരിക്കുന്നത് ഏകപക്ഷീയമായി നിര്‍ത്തിവച്ചത്, പതിറ്റാണ്ടുമുമ്പത്തെ വിലയ്ക്ക് 2008ല്‍ ലൈസന്‍സ് വിറ്റത് എന്നിവയടക്കം എല്ലാ കാര്യങ്ങളും ചിദംബരത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയായിരുന്നുവെന്ന് അന്ന് ടെലികോം മന്ത്രിയായിരുന്ന എ രാജ കോടതിയില്‍ പറഞ്ഞിട്ടുണ്ട്. അന്നത്തെ ടെലികോം സെക്രട്ടറി (ഇന്ന് ജയിലില്‍) സിദ്ധാര്‍ഥ ബഹുറ ഇത് ശരിവച്ചിട്ടുണ്ട്. ലൈസന്‍സ് വിലനിരക്ക് പുതുക്കണമെന്ന ധനസെക്രട്ടറി സുബ്ബറാവുവിന്റെ നിര്‍ദേശം ധനമന്ത്രി ചിദംബരം തള്ളിയിരുന്ന കാര്യം വ്യക്തമായിട്ടുണ്ട്. സ്പെക്ട്രം ലൈസന്‍സ് "സ്വാന്‍" എത്തിസലാത്തിനും യൂണിടെക് ടെലിനോറിനും മറിച്ചുവിറ്റത് ചിദംബരത്തിന്റെ സാന്നിധ്യത്തിലായിരുന്നുവെന്ന് എ രാജ പറഞ്ഞിട്ടുണ്ട്. ഓഹരി കൈമാറ്റത്തെ വിദേശനിക്ഷേപം ആകര്‍ഷിക്കാനുള്ള പരിപാടിയായി കണ്ടാല്‍ മതിയെന്നും ലൈസന്‍സ് വില്‍പ്പനയായി കണക്കാക്കേണ്ടതില്ലെന്നുമുള്ള ചിദംബരത്തിന്റെ നിലപാട് അഴിമതിക്ക് വഴിയൊരുക്കുന്നതില്‍ വഹിച്ച പങ്ക് ചില്ലറയല്ല.

ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്ന സുബ്രഹ്മണ്യം സ്വാമിയുടെ ഹര്‍ജി സിബിഐ പ്രത്യേക കോടതി സ്വീകരിച്ചതും തെളിവ് സമര്‍പ്പിക്കാന്‍ സ്വാമിയെ അനുവദിച്ചതും ചിദംബരത്തിന് കുംഭകോണത്തിലുള്ള പങ്കിന്റെ പ്രഥമദൃഷ്ട്യാ ഉള്ള സ്ഥിരീകരണമാണ്. രാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ ഏത് മന്ത്രിയെയും രാജിവയ്ക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് ഇതിലെ ഏത് സംഭവവും. എന്നാല്‍ , ചിദംബരം ആ വഴിക്കില്ല. രാജിയാണ് ഔചിത്യമെന്ന് ചിദംബരത്തെ ഉപദേശിക്കാന്‍ പ്രധാനമന്ത്രിക്ക് ധൈര്യവുമില്ല.

ഇപ്പറഞ്ഞ നാലുകാരണങ്ങള്‍ക്കുമേലെയാണ് അഞ്ചാം കാരണമായി മുല്ലപ്പെരിയാര്‍പ്രശ്നത്തിലുള്ള സത്യപ്രതിജ്ഞാലംഘനവും ഭരണഘടനാലംഘനവും ഉയര്‍ന്നുവരുന്നത്. ഇന്ത്യന്‍ ജനതയുടെ ഐക്യം പരിരക്ഷിക്കാന്‍ ഭരണഘടനാപരമായി ബാധ്യസ്ഥനായ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണ് ഒരു സംസ്ഥാനത്തിന്റെ പക്ഷംചേര്‍ന്ന് മറ്റൊരു സംസ്ഥാനത്തിനെതിരായി സംസാരിച്ചത്; മുല്ലപ്പെരിയാര്‍പ്രശ്നം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ കേസിലുണ്ടാകാന്‍പോകുന്ന വിധി ഇന്നതാണെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ച് കോടതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്; മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ കോടതിക്ക് നല്‍കേണ്ട റിപ്പോര്‍ട്ടിന്റെ സ്വഭാവം എന്തായിരിക്കണമെന്ന് അത് തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ഉന്നതാധികാരസമിതിക്ക് കല്‍പ്പന നല്‍കുംവിധം അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.

*
പ്രഭാവര്‍മ ദേശാഭിമാനി 20 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആഭ്യന്തരമന്ത്രി പി ചിദംബരം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ ഒന്നല്ല, നാലുകാരണങ്ങളുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്നത്തിലെ സത്യപ്രതിജ്ഞാലംഘനം കൂടിയാവുമ്പോള്‍ കാരണങ്ങള്‍ അഞ്ചാവുന്നു.