99% സംഘടിക്കുമ്പോള്‍
വാര്‍ത്തകളുടെ പ്രവാഹത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യം നേടാതെ പോയ സംഭവമാണ് ഡിസംബര്‍ 12ന് അമേരിക്കയില്‍ നടന്ന തുറമുഖ ഉപരോധം. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭകര്‍ അന്നേദിവസം അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തെ എല്ലാ തുറമുഖവും സ്തംഭിപ്പിച്ചു. പുലര്‍ച്ചെ ആരംഭിച്ച ഉപരോധത്തില്‍ പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ പതിനായിരങ്ങള്‍ പങ്കുചേര്‍ന്നു. കോര്‍പറേറ്റുകളുടെ ആര്‍ത്തിക്കും കൊള്ളയ്ക്കും എതിരായി ആരംഭിച്ച വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം സുസ്ഥിരമായ പ്രസ്ഥാനമായി മാറുന്നുവെന്നതിന്റെ തെളിവുകൂടിയായിരുന്നു ഈ ജനമുന്നേറ്റം. താല്‍ക്കാലിക പ്രതിഭാസമാണ് ഈ പ്രക്ഷോഭമെന്നും വൈകാതെ കെട്ടടങ്ങുമെന്നും വലതുപക്ഷം ആദ്യം കരുതി. എന്നാല്‍ , മുതലാളിത്തവിരുദ്ധപ്രക്ഷോഭകര്‍ ചേര്‍ന്ന് രൂപംനല്‍കിയ കനഡ ആസ്ഥാനമായ അഡ്ബസ്റ്റേഴ്സ് ഫൗണ്ടേഷന്‍ തുടക്കമിട്ട പ്രക്ഷോഭം ഓരോദിവസം കഴിയുന്തോറും ശക്തിയാര്‍ജിക്കുകയാണ്. മാത്രമല്ല, പ്രക്ഷോഭത്തെ അക്കാദമിക് സമൂഹമടക്കം അംഗീകരിച്ചിരിക്കുന്നു. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തെക്കുറിച്ച് കോഴ്സ്തന്നെ ആരംഭിച്ചു.
"ദി ഒക്യുപൈഡ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍" എന്ന പത്രത്തിന്റെ പിറവിക്കും പ്രക്ഷോഭം വഴിതെളിച്ചു. സെപ്തംബര്‍ 17നാണ് ന്യൂയോര്‍ക്കിലെ സുക്കോട്ടി ഉദ്യാനത്തില്‍ പ്രക്ഷോഭകര്‍ ആദ്യമായി ഒത്തുചേര്‍ന്നത്. ജനമുന്നേറ്റം ശക്തിയാര്‍ജിച്ചിട്ടും മുഖ്യധാരാമാധ്യമങ്ങള്‍ ഇതിനെ അവഗണിച്ചു. പ്രക്ഷോഭത്തിന്റെ വാര്‍ത്തകള്‍ നല്‍കിയ ചുരുക്കം മാധ്യമങ്ങള്‍തന്നെ ഇതിനെ വഴിതെറ്റിയ യുവാക്കളുടെ രോഷപ്രകടനമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. ഇതോടെ ബദല്‍മാധ്യമത്തിന്റെ ആവശ്യകത പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ഏതാനും യുവാക്കള്‍ക്ക് ബോധ്യമായി. അങ്ങനെയാണ് ഒക്ടോബര്‍ ഒന്നിന് "ദി ഒക്യുപൈഡ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍" പിറവിയെടുത്തത്.
കൃത്യമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയിലെ സാധാരണക്കാര്‍ വാള്‍സ്ട്രീറ്റിനെ പ്രതിക്കൂട്ടില്‍ കയറ്റിയിരിക്കുന്നത്. ഇവയാകട്ടെ, അമേരിക്ക ഇന്ന് നേരിടുന്ന സാമ്പത്തിക- സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതും. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും കൊടിയ ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും അമേരിക്കയെ എത്തിച്ചത് വാള്‍സ്ട്രീറ്റിന്റെ ലാഭക്കൊതിയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ അമേരിക്കന്‍ സാമൂഹികജീവിതത്തില്‍ ഉടലെടുത്ത അന്തരം ഭയാനകമാണ്. രാജ്യത്തെ സ്വത്തിന്റെ 40 ശതമാനവും കൈയാളുന്നത് ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരാണ്. ജനസംഖ്യയുടെ 80 ശതമാനത്തിന് അവകാശപ്പെട്ടത് മൊത്തം സമ്പത്തിന്റെ ഏഴ് ശതമാനംമാത്രമാണ്. ഈ അന്തരം കൂടിവരികയാണ്. 25 വര്‍ഷംമുമ്പ് ഒരു ശതമാനംവരുന്ന സമ്പന്നരുടെ കൈവശമുണ്ടായിരുന്ന സ്വത്ത് 33 ശതമാനമായിരുന്നു.
വരുമാനത്തിന്റെ കാര്യത്തിലും ഇതേതോതില്‍ അന്തരം വര്‍ധിച്ചുവരുന്നു. 1976ല്‍ ഒരു ശതമാനം സമ്പന്നര്‍ക്ക് ലഭിച്ചിരുന്നത് മൊത്തം ദേശീയവരുമാനത്തിന്റെ ഒമ്പത് ശതമാനമായിരുന്നു. ഇപ്പോഴിത് 24 ശതമാനമായി മാറി. ഓഹരികള്‍ , ബോണ്ടുകള്‍ , മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നിങ്ങനെയുള്ള നിക്ഷേപങ്ങളുടെ 50 ശതമാനവും ഒരു ശതമാനംമാത്രം വരുന്ന അതിസമ്പന്നരുടേതാണ്. 50 ശതമാനം ജനങ്ങള്‍ക്ക് നിക്ഷേപങ്ങളിലുള്ള പങ്ക് 0.5 ശതമാനം മാത്രം. രാജ്യത്തെ വായ്പഭാരത്തിന്റെ 73 ശതമാനവും 90 ശതമാനം വരുന്ന ജനങ്ങളുടെ ചുമലിലാണ്. ഒരു ശതമാനം സമ്പന്നരുടെ ബാധ്യതയാകട്ടെ മൊത്തം കടത്തിന്റെ അഞ്ച് ശതമാനംമാത്രവും.
ഇത്തരത്തില്‍ പൊറുക്കാന്‍ കഴിയാത്ത സാമ്പത്തിക ഉച്ചനീചത്വം നിലനില്‍ക്കുന്ന സമൂഹത്തെയാണ് മൂന്നുവര്‍ഷംമുമ്പ് മാന്ദ്യം ബാധിച്ചത്. ഇതിന്റെ ഉത്തരവാദിത്തവും വാള്‍സ്ട്രീറ്റിനുതന്നെ. വാള്‍സ്ട്രീറ്റ് സൃഷ്ടിച്ച കുമിളകള്‍ പൊട്ടുകയും വായ്പ എടുത്തവരുടെ തിരിച്ചടവുശേഷി ഇല്ലാതാവുകയും ചെയ്തതോടെ ബാങ്കുകള്‍ പാപ്പരായി. അന്ന് സര്‍ക്കാര്‍ ലക്ഷക്കണക്കിന് കോടി ഡോളര്‍ ഒഴുക്കിയാണ് വാള്‍സ്ട്രീറ്റിനെ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. ഈ പണമാകട്ടെ, സാധാരണ നികുതിദായകരുടേതും. വാള്‍സ്ട്രീറ്റ് മേധാവികള്‍ക്ക് ഒന്നും നഷ്ടപ്പെട്ടില്ല. എന്നാല്‍ , ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി 2.9 കോടിപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇന്നിപ്പോള്‍ അമേരിക്കയില്‍ ആറിലൊരാള്‍ ദരിദ്രനാണ്. തൊഴിലില്ലായ്മ പത്ത് ശതമാനത്തോട് അടുക്കുന്നു.
അതേസമയം, സാമൂഹികസുരക്ഷാ പദ്ധതികള്‍ക്കായി പണം കണ്ടെത്താന്‍ സര്‍ക്കാര്‍ നികുതി ചുമത്താന്‍ ശ്രമിച്ചപ്പോള്‍ വാള്‍സ്ട്രീറ്റ് എതിര്‍ക്കുകയാണ്. തങ്ങളുടെ ചെലവില്‍ സാധാരണക്കാര്‍ക്ക് പരിരക്ഷ നല്‍കേണ്ടെന്ന വാദമാണ് അവര്‍ ഉയര്‍ത്തുന്നത്. പ്രതിപക്ഷപാര്‍ടിയായ റിപ്പബ്ലിക്കന്മാര്‍ക്കുപുറമെ ഭരണകക്ഷിയായ ഡെമോക്രാറ്റുകളിലെ ഗണ്യമായ വിഭാഗവും വാള്‍സ്ട്രീറ്റിന്റെ ഈ വാദത്തെ അതിശക്തമായി പിന്തുണയ്ക്കുന്നു.
കോര്‍പറേറ്റുകള്‍ ഒഴുക്കുന്ന പണമാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ വിധി നിര്‍ണയിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരില്‍നിന്ന് കൂടുതല്‍ പണം സമാഹരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥികളാണ് വിജയിക്കുന്നത്. ഇത്തരത്തില്‍ ഭരണത്തില്‍ വരുന്നവര്‍ക്ക് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാറില്ല. മാത്രമല്ല, വാള്‍സ്ട്രീറ്റിലെ ഏതു തട്ടിപ്പിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയും ചെയ്യുന്നു. രാജ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മുഴുകുന്നവര്‍ക്ക് പരിരക്ഷ ലഭിക്കുന്നു. അമേരിക്കയിലെ വന്‍കിട കോര്‍പറേറ്റുകള്‍ കരുതുന്നതാകട്ടെ രാജ്യം തകര്‍ന്നാലും തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നാണ്. അതുകൊണ്ടുതന്നെ രാജ്യം നിലനില്‍ക്കണോ കോര്‍പറേറ്റുകള്‍ തടിച്ചുകൊഴുക്കണോ എന്ന ചോദ്യമാണ് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭകര്‍ ഉയര്‍ത്തുന്നത്.
*****
സാജന്‍ എവുജിന്‍
അറബ് വസന്തം : പ്രതീക്ഷയില്‍നിന്ന് ആശങ്കയിലേക്ക്
ഏകാധിപത്യത്തിനും ദുര്‍ഭരണത്തിനും എതിരായി അറബ്രാജ്യങ്ങളില്‍ ഉയര്‍ന്നുവന്ന ജനകീയപ്രക്ഷോഭങ്ങള്‍ പിന്നിടുന്ന വര്‍ഷത്തിന്റെ ആദ്യമാസങ്ങളെ പ്രതീക്ഷാനിര്‍ഭരമാക്കിയിരുന്നു. എന്നാല്‍ , പിന്നീടുള്ള നാളുകളില്‍ ഈ പ്രതീക്ഷ ആശങ്കയ്ക്ക് വഴിമാറി. അറബ് വസന്തം എന്ന പേരില്‍ ഉയര്‍ന്നുവന്ന ജനകീയപ്രക്ഷോഭങ്ങളുടെ മറവില്‍ ഈ മേഖലയില്‍ പാവഭരണാധികാരികളെ അധികാരത്തില്‍ പ്രതിഷ്ഠിക്കാനാണ് അമേരിക്കയും ബ്രിട്ടനും മറ്റ് പാശ്ചാത്യശക്തികളും ശ്രമിക്കുന്നത്. എണ്ണയുടെയും ധാതുസമ്പത്തിന്റെയും വന്‍നിക്ഷേപമുള്ള അറബ്-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പുരോഗമനശക്തികള്‍ ഭരണം കൈയാളുന്നത് സാമ്രാജ്യത്വത്തിന് ചിന്തിക്കാന്‍ കഴിയുന്ന കാര്യമല്ല.
ടുണീഷ്യയില്‍ 2010 ഡിസംബര്‍ 18ന് തിരികൊളുത്തിയ ജനകീയപ്രക്ഷോഭം തീര്‍ച്ചയായും ഏകാധിപതികള്‍ക്കും അഴിമതിക്കാര്‍ക്കും എതിരായിട്ടുള്ളതായിരുന്നു. മുഹമ്മദ് ബൗദ് അസീസ് എന്ന തൊഴില്‍രഹിതനായ യുവബിരുദധാരി വഴിയോരക്കച്ചവടക്കാരനായി. എന്നാല്‍ , വ്യാപാരലൈസന്‍സ് എടുത്തിട്ടില്ലെന്ന പേരില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയില്‍നിന്ന് ഇറങ്ങിവന്നശേഷം മുഹമ്മദ് തെരുവില്‍വച്ച് തീകൊളുത്തി ജീവനൊടുക്കുകയാണ് ചെയ്തത്. ഈ ജ്വാലകള്‍ കാട്ടുതീപോലെ പടര്‍ന്നു. ടുണീഷ്യയില്‍നിന്ന് ഈജിപ്ത്, അള്‍ജീരിയ, ജോര്‍ദാന്‍ , യെമന്‍ , സിറിയ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കലാപം ഉയര്‍ന്നു. ടുണീഷ്യയില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന പ്രസിഡന്റ് സൈനെല്‍ അബിദിന്‍ ബിന്‍ അലിക്ക് അഭയം നല്‍കിയത് അമേരിക്കയുടെ സഖ്യകക്ഷിയായ സൗദി അറേബ്യയാണ്. ടുണീഷ്യയില്‍ ഒക്ടോബര്‍ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സീറ്റ് നേടിയത് അന്നഹ്ദ എന്ന ഇസ്ലാമിക കക്ഷിയാണ്. അന്നഹ്ദയുടെ തലവന്‍ റഷീദ് ഗനൂഷി പാശ്ചാത്യര്‍ക്ക് പ്രിയങ്കരനും. തെരഞ്ഞെടുപ്പില്‍ പാശ്ചാത്യമാധ്യമങ്ങളുടെ അകമഴിഞ്ഞ സഹകരണം ഗനൂഷിക്ക് ലഭിച്ചു. ഫ്രാന്‍സിന്റെ മുന്‍കോളനിയായ ടുണീഷ്യയില്‍ തുടര്‍ന്നും ഇടപെടാനുള്ള അവസരമാണ് പാശ്ചാത്യരാജ്യങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.
ഈജിപ്തിലാകട്ടെ അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സൈനിക ജനറല്‍മാരാണ് ഹുസ്നി മുബാറക്കിന്റെ പതനത്തിനുശേഷം അധികാരം കൈയാളുന്നത്. മുബാറക് ഭരണത്തിലിരുന്നപ്പോള്‍തന്നെ യഥാര്‍ഥത്തില്‍ അധികാരം നിയന്ത്രിച്ചിരുന്നത് സൈന്യമാണ്. ജനകീയപ്രക്ഷോഭം അലയടിച്ചപ്പോള്‍ തന്ത്രപരമായ നിഷ്ക്രിയത്വം പാലിച്ച സൈനികനേതൃത്വം "ജനങ്ങളും സൈന്യവും ഒന്നിച്ചിരിക്കുന്നു" എന്ന മുദ്രാവാക്യം ഉയരാന്‍ ഇടയാക്കി. വിപ്ലവത്തില്‍ പങ്കാളികളാകാന്‍ തയ്യാറാകാതിരുന്നപ്പോള്‍തന്നെ ജനകീയാവകാശങ്ങള്‍ സംരക്ഷിക്കുന്നുവെന്ന പേരില്‍ സൈന്യം കൈയടി നേടുകയായിരുന്നു. എന്നാല്‍ , മുബാറക് അധികാരം ഒഴിഞ്ഞതോടെ സൈന്യത്തിന്റെ മട്ടുമാറി. ഇപ്പോള്‍ പ്രക്ഷോഭകര്‍ക്കുനേരെ കടുത്ത പീഡനം അഴിച്ചുവിട്ടിരിക്കുകയാണ്. രാജ്യവ്യാപകമായി 12,000ല്‍പരം ആളുകളാണ് വിചാരണ നേരിടുന്നത്.
മുബാറക്കിന്റെ 30 വര്‍ഷം നീണ്ട ഭരണത്തില്‍പോലും ഇത്രയേറെ രാഷ്ട്രീയത്തടവുകാര്‍ ഉണ്ടായിട്ടില്ല. മതനിരപേക്ഷസ്വഭാവം കൈവെടിഞ്ഞാണ് പൊലീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ക്രൈസ്തവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു. കോപ്ടിക് ക്രൈസ്തവര്‍ ഇതിനെതിരെ പ്രക്ഷോഭത്തിലാണ്. സംഘര്‍ഷത്തില്‍ നിരവധി കോപ്ടിക് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഭരണഘടന രൂപീകരിക്കാന്‍ അവകാശമുള്ള ഇടക്കാല സര്‍ക്കാരിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക് ബ്രദര്‍ഹുഡ് ആണ് മേല്‍ക്കൈ നേടിയിരിക്കുന്നത്. ഇതിനിടെ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടരുകയാണ്. കെയ്റോയിലെ തഹ്രിര്‍ ചത്വരത്തില്‍ പ്രക്ഷോഭകാരിയായ സ്ത്രീയെ സൈനികര്‍ നഗ്നയാക്കി മര്‍ദിച്ചതിനെതിരെ രാജ്യമെമ്പാടും വനിതകള്‍ തെരുവിലിറങ്ങിയിരിക്കുന്നു. ഇങ്ങനെ ഈജിപ്തിലെ സ്ഥിതി കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്.
ബഹ്റൈനില്‍ ഉയര്‍ന്ന ജനകീയപ്രക്ഷോഭത്തെ ഭരണാധികാരികള്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സേനയുടെ സഹായത്തോടെ നിഷ്ഠൂരമായി അടിച്ചമര്‍ത്തി. പ്രക്ഷോഭകര്‍ക്ക് വൈദ്യസഹായം നല്‍കിയവരെപ്പോലും ജയിലിലടച്ചു. മതനിരപേക്ഷതയുടെ പ്രതീകമായി അറബ്ലോകത്ത് ഉദയംകൊണ്ട ബാത്തിസ്റ്റ് പ്രസ്ഥാനം പുതിയ സംഭവവികാസങ്ങളുടെ ഫലമായി കടുത്ത ഭീഷണി നേരിടുകയാണ്. സിറിയയില്‍ ബാത്ത് ഭരണം അട്ടിമറിക്കാന്‍ കലാപകാരികള്‍ക്ക് വിദേശശക്തികള്‍ സഹായം നല്‍കുകയാണ്. ഇത് സിറിയയില്‍ രൂക്ഷമായ ആഭ്യന്തരസംഘര്‍ഷം സൃഷ്ടിച്ചിരിക്കുന്നു. അറബ് രാജ്യങ്ങളിലെ ജനകീയപ്രക്ഷോഭത്തെ ഏറ്റവും അപലപനീയമായ തരത്തില്‍ പാശ്ചാത്യര്‍ ദുര്‍വിനിയോഗംചെയ്തത് ലിബിയയിലാണ്. അവിടെ പാശ്ചാത്യര്‍ നഗ്നമായി ഇടപെട്ട് ഭരണാധികാരിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയെ വകവരുത്തി.
കമ്പോളദൈവം പരാജയപ്പെടുന്നു
കമ്പോളത്തില്‍ തകര്‍ച്ച, ആശയക്കുഴപ്പം, പരിഭ്രാന്തി- ഇതൊന്നും മുതലാളിത്തവിരുദ്ധര്‍ പ്രചരിപ്പിക്കുന്നതല്ല. പേരുകേട്ട മുതലാളിത്തപണ്ഡിതര്‍തന്നെ ഉരുവിടുന്നതാണ്. രണ്ട് ദശകമായി, കൃത്യമായി പറഞ്ഞാല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ലോകത്ത് പുതിയൊരു ദൈവം ഉടലെടുത്തിരുന്നു. സ്വതന്ത്രകമ്പോളമെന്ന െദൈവം. ഇതിനെ ആരാധിക്കുന്നവര്‍ക്കാണ് ലോകത്തെ നയിക്കാനുള്ള അര്‍ഹതയെന്ന് പ്രചാരണം പൊടിപൊടിച്ചു. എന്നാല്‍ "വളര്‍ച്ചയുടെ" കുമിളകള്‍ പൊട്ടുകയും തൊഴിലില്ലായ്മ പെരുകുകയും സാമ്പത്തിക പ്രതിസന്ധികള്‍ അടിക്കടി ഉണ്ടാവുകയും ചെയ്തതോടെ കമ്പോളദൈവത്തെ വിശ്വാസികള്‍ ഓരോരുത്തരായി കൈവിടുകയാണ്. 1929ല്‍ ആരംഭിച്ച്, മുപ്പതുകളില്‍ ലോകമാകെ പടര്‍ന്ന മഹാമാന്ദ്യം സാമ്പത്തിക- ധനകാര്യപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന വാദത്തിന് കരുത്തേകിയിരുന്നു. പക്ഷേ, രണ്ടാംലോകമഹായുദ്ധത്തിനുശേഷം ഡോളര്‍ ആഗോളകറന്‍സിയായി മാറുകയും അമേരിക്ക ലോകത്തിന്റെ ആധിപത്യം പിടിച്ചെടുക്കാന്‍ ശ്രമം ശക്തമാക്കുകയും ചെയ്തു.
"കാര്യക്ഷമമായ കമ്പോളത്തിന്റെ" തീരുമാനത്തിനായി എല്ലാം വിട്ടുകൊടുക്കണമെന്ന സിദ്ധാന്തം അമേരിക്കന്‍മുതലാളിത്ത പണ്ഡിതര്‍ പ്രചരിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ "സര്‍വതന്ത്രസ്വതന്ത്രമായ കമ്പോളം" എന്ന വാദത്തിന് മേല്‍ക്കൈ ലഭിച്ചു. 2008ല്‍ പ്രകടമായ ആഗോളസാമ്പത്തികത്തകര്‍ച്ച മറികടക്കാന്‍ ഇതേ പണ്ഡിതര്‍ നിര്‍ദേശിച്ച കുറിപ്പടി ഇതായിരുന്നു-ധനികരുടെ നികുതികള്‍ വെട്ടിക്കുറയ്ക്കുക, സാമൂഹ്യസുരക്ഷ പദ്ധതികള്‍ നിര്‍ത്തലാക്കുക. അമേരിക്കയില്‍ ബറാക് ഒബാമ അധികാരത്തില്‍ വന്ന സമയത്ത് കമ്പോളദൈവവും പൂജാരിമാരും ആരാധകരും ഹതാശരായിരുന്നു. ഇവരെ രക്ഷിക്കാന്‍ 7.77 ലക്ഷം കോടി ഡോളറിന്റെ സൗജന്യങ്ങളാണ് ഒബാമ അനുവദിച്ചത്. യൂറോപ്യന്‍രാജ്യങ്ങളും സമാന നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ , ഈ ചികിത്സ മേമ്പൊടിക്കേ ഫലിച്ചുള്ളുവെന്ന് രണ്ട് വര്‍ഷത്തിനകം ബോധ്യമായി.
ഇക്കൊല്ലം ഗ്രീസിലായിരുന്നു ആദ്യം കുഴപ്പം. കടക്കെണിയിലായ ഗ്രീസിന് യൂറോപ്യന്‍ യൂണിയന്‍ രക്ഷാപദ്ധതിയില്‍നിന്ന് ധനസഹായം ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ ചെലവുകള്‍ വന്‍തോതില്‍ ചുരുക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ സെന്‍ട്രല്‍ ബാങ്കും ഐഎംഎഫും നിബന്ധന വച്ചു. ഇത് അംഗീകരിച്ച് വായ്പ എടുക്കാനുള്ള ജോര്‍ജ് പാപ്പന്‍ഡ്ര്യൂ സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. പൊതുപണിമുടക്കുകള്‍ ആവര്‍ത്തിച്ചു. നില്‍ക്കക്കള്ളിയില്ലാതെ പാപ്പന്‍ഡ്ര്യൂ നവംബറില്‍ പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞു. പകരം ലൂക്കാസ് പാപ്പദമോസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും സാമ്പത്തിക രക്ഷാപദ്ധതി എങ്ങുമെത്തിയിട്ടില്ല. കടക്കെണി, പെരുകുന്ന തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവയുടെ രൂപത്തില്‍ പ്രതിസന്ധി ക്രമേണ ഫ്രാന്‍സ്, ബ്രിട്ടന്‍ , ഇറ്റലി, പോര്‍ച്ചുഗല്‍ , സ്പെയിന്‍ തുടങ്ങി പ്രധാന യൂറോപ്യന്‍ രാജ്യങ്ങളിലും അനുദിനം രൂക്ഷമാകുന്നു.
യൂറോ അംഗീകരിച്ച് യൂറോസോണില്‍ ഇനിയും അംഗമാകാത്ത ബ്രിട്ടനും യൂറോസോണ്‍ രാജ്യങ്ങളും തമ്മില്‍ കടുത്ത ഭിന്നത ഉടലെടുത്തിരിക്കുകയാണ്. പ്രതിസന്ധിയുടെ ഉത്തരവാദിത്തം ഇവര്‍ പരസ്പരം ആരോപിക്കുന്നു. പ്രതിസന്ധി കൈകാര്യംചെയ്യാന്‍ ആവിഷ്കരിച്ച നികുതികരാറില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കാമറോണ്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഇതരയൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിഷേധം ഇരമ്പുകയാണ്. കരാറില്‍ പങ്കാളിയായാല്‍ ലണ്ടന്‍ കേന്ദ്രമായ വ്യവസായങ്ങളെല്ലാം തകരുമെന്നാണ് കാമറോണ്‍ സര്‍ക്കാരിന്റെ വാദം. ബ്രിട്ടനില്‍ ഇപ്പോള്‍ത്തന്നെ തൊഴില്‍രഹിതരുടെ എണ്ണം 30 ലക്ഷത്തോളമായി. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നവംബര്‍ 30ന് രാജ്യത്ത് ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത പണിമുടക്ക് 1979നുശേഷമുള്ള ഏറ്റവും വിപുലമായ പ്രക്ഷോഭമായി. ഇറ്റാലിയന്‍ സമ്പദ്ഘടന കഴിഞ്ഞ സെപ്തംബറില്‍ അവസാനിച്ച മൂന്നു മാസത്തിനുള്ളില്‍ രണ്ട് ശതമാനം ചുരുങ്ങി. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ 118 ശതമാനമാണ് ഇറ്റലിയുടെ കടം. സ്പെയിനും പോര്‍ച്ചുഗലും രക്ഷാപദ്ധതി കാത്തിരിക്കുകയാണ്. യൂറോമേഖലയില്‍ ഏറ്റവും കടുത്ത തൊഴിലില്ലായ്മ സ്പെയിനിലാണ്, 21.5 ശതമാനം.
ലോകം ഞെട്ടിയ വെളിപ്പെടുത്തലുകള്‍
അമേരിക്കന്‍ കുടിലതകളും മറ്റ് രാജ്യങ്ങളില്‍ അവര്‍ നടത്തുന്ന കടന്നുകയറ്റവും പ്രതിലോമ പ്രവര്‍ത്തനങ്ങളും ലോകത്തിനുമുന്നില്‍ തുറന്നുകാട്ടിയ വിക്കിലീക്സ് വെളിപ്പടുത്തലുകളില്‍ കൂടുതലും പോയ വര്‍ഷമാണ്. അമേരിക്കന്‍ സര്‍ക്കാരിന്റെ നയതന്ത്ര രഹസ്യങ്ങള്‍ അടങ്ങുന്ന ലക്ഷക്കണക്കിന് കേബിളുകളാണ് പുറത്തുവിട്ടത്. ഇന്ത്യന്‍ രാഷ്ട്രീയത്തെയും വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍ പിടിച്ചുകുലുക്കി. യുപിഎ സര്‍ക്കാര്‍ വിശ്വസവോട്ട് നേടാന്‍ എംപിമാരെ വിലയ്ക്കെടുത്തതിന്റെയും ആണവകരാറിന്റെ മറവില്‍ നടന്ന ഇടപാടുകളുടെയും വിശദവിവരങ്ങള്‍ വിക്കിലീക്്സ് തെളിവുസഹിതം പുറത്തുവിട്ടു. ആണവകരാര്‍ വിഷയത്തില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് കോടിക്കണക്കിന് രൂപ ഒഴുക്കിയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തിയതെന്നും പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു.
കേരളരാഷ്ട്രീയത്തില്‍ അമേരിക്കന്‍ ചാരസംഘടന സിഐഎ പുലര്‍ത്തുന്ന താല്‍പ്പര്യവും നടത്തിയ ഇടപെടലുകളും ഇടതുപക്ഷം പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു വിക്കിലീക്സിന്റെ വെളിപ്പെടുത്തല്‍ . ഇന്ത്യയിലെ മുക്കിലും മൂലയിലും നടക്കുന്ന കാര്യങ്ങള്‍ വരെ അമേരിക്ക സൂക്ഷ്മതയോടെ നിരീക്ഷിച്ചുവരികയാണെന്ന് നയതന്ത്രജ്ഞരുടെ സന്ദേശങ്ങള്‍ വെളിപ്പെടുത്തുന്നു.
കള്ളപ്പണങ്ങള്‍ നിക്ഷേപിക്കാനുള്ള രഹസ്യയിടങ്ങളെന്ന് പേരുകേട്ട സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ ഏറ്റവും കൂടുതല്‍ പണം നിക്ഷേപിച്ചിരിക്കുന്നത് ഇന്ത്യക്കാരാണെന്ന് വിക്കിലീക്സ് പുറത്തുവിട്ടു. കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ കണ്ടെത്തുന്നതില്‍ ഇന്ത്യ അധികം താല്‍പര്യം കാണിക്കുന്നില്ലെന്ന് വ്യക്തമാക്കിയ വിക്കിലീക്സ്, കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് വ്യക്തമാക്കി. വെളിപ്പെടുത്തലുകള്‍ മൂലം പ്രതികൂട്ടിലായ അമേരിക്ക വെറുതെയിരുന്നില്ല. വിക്കിലീക്സിനുനേരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയെ പിടികൂടാന്‍ പല തന്ത്രങ്ങളും പ്രയോഗിച്ചു. അവസാനം സ്വീഡനില്‍ വെച്ച് അസാഞ്ചെയെ അറസ്റ്റുചെയ്തു.
വളര്‍ത്തിയ കൈകൊണ്ട് സംഹാരവും
കമ്യൂണിസത്തിനെതിരെ കുരിശുയുദ്ധം നയിക്കാന്‍ അമേരിക്ക പോറ്റിവളര്‍ത്തിയ ഒസാമ ബിന്‍ ലാദന്‍ എന്ന ഭീകരനേതാവിനെ ഒടുവില്‍ അമേരിക്കതന്നെ സംഹരിച്ചതിനും പോയവര്‍ഷം സാക്ഷിയായി. മെയ് ഒന്നിനായിരുന്നു പാകിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞ ലാദനെ അമേരിക്കന്‍സേന വധിച്ചത്. നീണ്ട പത്തുവര്‍ഷത്തെ പ്രയത്നത്തിനൊടുവില്‍ അമേരിക്ക ലക്ഷ്യം നേടുകയായിരുന്നു. ഇസ്ലാമാബാദില്‍നിന്ന് 120 കിലോമീറ്റര്‍ അകലെ, സൈനികകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന അബോട്ടാബാദ് നഗരത്തിലെ ബഹുനില മന്ദിരത്തില്‍ കുടുംബസമേതം കഴിയവെയാണ് ലാദന്‍ കമാന്‍ഡോ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും തുടര്‍ന്ന് കടലില്‍ സംസ്കരിക്കപ്പെട്ടതും.
മതത്തിന് രാഷ്ട്രീയത്തിന്റെയും ഭീകരതയുടെയും രൂപമാറ്റം വരുത്തിച്ച് നിരപരാധികളെ കൂട്ടക്കൊലചെയ്യാന്‍ നേതൃത്വം നല്‍കിയ ബിന്‍ ലാദന്റെ മരണം മനുഷ്യരാശിക്ക് ആശ്വാസമായിരുന്നു. എന്നാല്‍ , അമേരിക്കന്‍ സാമ്രാജ്യത്വം അതിന്റെ രാഷ്ട്രീയ- സാമ്പത്തിക- അധിനിവേശ താല്‍പ്പര്യങ്ങള്‍ക്കായി സൃഷ്ടിച്ച് വലുതാക്കിയ വിഷവിത്തായിരുന്നു ലാദന്‍ . ഒടുവില്‍ വളര്‍ത്തിയ കൈക്കുനേരെ തിരിഞ്ഞപ്പോഴാണ് ലാദന്റെ നാശം അമേരിക്കയ്ക്ക് അനിവാര്യമായത്. പാകിസ്ഥാന്‍ എന്ന പരമാധികാര രാഷ്ട്രത്തില്‍ അവരുടെ അനുവാദമില്ലാതെ കടന്നുചെന്ന് വിചാരണയോ തെളിവെടുപ്പോ ഇല്ലാതെ കൊലപ്പെടുത്തി എന്നത് അമേരിക്കയുടെ അപ്രമാദിത്ത സ്വഭാവം വീണ്ടും വെളിവാക്കുന്നതായിരുന്നു. അമേരിക്കയുടെ ഈ നിലപാട് വന്‍ പ്രതിഷേധത്തിനും ഇടയാക്കി. 2001 സെപ്തംബര്‍ 11ന് ലോകവ്യാപാരകേന്ദ്രത്തിനും പെന്റഗണിനും നേരെ നടന്ന ഭീകരാക്രമണത്തോടെയാണ് ലാദന്‍ നോട്ടപ്പുള്ളിയായത്.
തിരിച്ചുവരവില്‍ റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി
റഷ്യയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ശക്തമായ തിരിച്ചുവരവിന് പോയവര്‍ഷം സാക്ഷിയായി. ഡിസംബറില്‍ റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ ഡ്യൂമയിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വോട്ട് 12 ശതമാനത്തില്‍നിന്ന് 19 ശതമാനമായി ഉയര്‍ന്നു. സീറ്റ് 57ല്‍നിന്ന് 92 ആയി വര്‍ധിച്ചു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടും കമ്യൂണിസ്റ്റ് പാര്‍ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ശ്രദ്ധേയമായ പുരോഗതിയായി. 450 അംഗസംഖ്യയുള്ള ഡ്യൂമയില്‍ പുടിന്റെ പാര്‍ടിക്ക് 49.54 ശതമാനം വോട്ട് നേടി തൃപ്തിപ്പെടേണ്ടി വന്നു. നാലു കൊല്ലംമുമ്പ് 64.3 ശതമാനം ആയിരുന്നതാണ് 49.54 ശതമാനം ആയി കുറഞ്ഞത്.
സോഷ്യലിസവും കമ്യൂണിസവും മരിച്ചുകഴിഞ്ഞെന്നും മാര്‍ക്സിസം- ലെനിനിസം കാലഹരണപ്പെട്ടെന്നും വിളിച്ചുകൂവിയ വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ക്കുള്ള ശക്തമായ തിരിച്ചടികൂടിയായി തെരഞ്ഞെടുപ്പു ഫലം. 2008ല്‍ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക കുഴപ്പത്തിന്റെ പ്രത്യാഘാതങ്ങള്‍ റഷ്യയെയും ബാധിച്ചപ്പോള്‍ പുടിന്‍ ഉള്‍പ്പെട്ട ചില കമ്യൂണിസ്റ്റ് ഇതര നേതാക്കള്‍പോലും ജനസ്വാധീനം വര്‍ധിപ്പിക്കാന്‍വേണ്ടി പഴയ സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ ഖേദം പ്രകടിപ്പിച്ചതിനും പോയവര്‍ഷം സാക്ഷിയായി. ലോകത്തിലാകെ കണ്ടുവരുന്ന പോരാട്ടങ്ങളുടെയും മാറ്റങ്ങളുടെയും പ്രതിധ്വനിതന്നെയാണ് റഷ്യയിലും കാണാനാകുന്നത്.
1 comment:
ലോകം 2011 ൽ - ഒരു ഓട്ടപ്രദക്ഷിണം
Post a Comment