Monday, December 12, 2011

വെള്ള വസന്തത്തിന്റെ കാഹളം മുഴങ്ങുന്നു

അമൃത ആശുപത്രിയിലെ നേഴ്സുമാരുടെ സമരം പി രാജീവ് എംപിയുടെയും മറ്റും ഇടപെടലിലൂടെ താല്‍ക്കാലികമായി അവസാനിച്ചിരിക്കുകയാണ്. മെച്ചപ്പെട്ട വേതനവും മറ്റ് അവകാശങ്ങളും നേടിയെടുക്കാനായിരുന്നു സമരം. തീരെ നിവൃത്തിയില്ലാതെ വന്നപ്പോള്‍മാത്രമാണ് നേഴ്സുമാര്‍ സമരരംഗത്തിറങ്ങിയത്. അടുത്തകാലത്ത് കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലും നേഴ്സുമാര്‍ സേവനവേതനവ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനായി സമരത്തിലായിരുന്നു. തികച്ചും ശോചനീയമായ തൊഴില്‍സാഹചര്യത്തിലാണ് ഇന്ത്യയൊട്ടുക്കുമുള്ള നേഴ്സുമാര്‍ ആതുരസേവനം നടത്തിവരുന്നത്. തൊഴിലിന്റെ പ്രത്യേകതകൊണ്ടും ബഹുഭൂരിപക്ഷവും സ്ത്രീകളായതുകൊണ്ടും പൊതുവെ സമരമാര്‍ഗത്തിലൂടെ തങ്ങള്‍ നേരിട്ടുവരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നേഴ്സുമാര്‍ക്ക് കഴിയാറില്ല. എന്നാല്‍ , ഈ വര്‍ഷം ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളിലെ വന്‍കിട സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ നേഴ്സുമാര്‍ ശമ്പളവര്‍ധനയ്ക്കും തൊഴില്‍സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി സമരംചെയ്യാന്‍ നിര്‍ബന്ധിതരായി. മുംബൈയിലെ ബാന്ദ്രയിലുള്ള ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്, പടിഞ്ഞാറന്‍ കല്യാണിലെ ഫോര്‍ട്ടീസ് ആശുപത്രി, ഡല്‍ഹിയിലെ ബത്ര ആശുപത്രി, റാം മനോഹര്‍ ലോഹ്യാ ആശുപത്രി, കൊല്‍ക്കത്തയിലെ രവീന്ദ്രനാഥ ടാഗോര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയാക് സയന്‍സസ് തുടങ്ങിയ നിരവധി വന്‍കിട കോര്‍പറേറ്റ് ആശുപത്രികളിലെ ആയിരക്കണക്കിനു നേഴ്സുമാര്‍ സമരത്തിനിറങ്ങുകയും ഭാഗികമായെങ്കിലും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ വിജയിക്കുകയുംചെയ്തു.
മിനിമം വേതനനിയമവും മറ്റും നിലവിലുണ്ടെങ്കിലും വളരെ തുച്ഛമായ ശമ്പളത്തിനാണ് മിക്ക സ്വകാര്യ ആശുപത്രികളിലും നേഴ്സുമാര്‍ സേവനമനുഷ്ഠിക്കുന്നത്. ജോലിഭാരവും ചുമതലകളും കൂടുതലുള്ള ഐസിയു, എമര്‍ജന്‍സി വിഭാഗങ്ങളില്‍ ജോലി നോക്കുന്നവര്‍ക്ക് പ്രത്യേക അലവന്‍സൊന്നും നല്‍കാറില്ല. മാത്രമല്ല ദിവസം 12 മണിക്കൂര്‍ ഷിഫ്റ്റില്‍ തുടര്‍ച്ചയായി ഇവര്‍ക്ക് ജോലിചെയ്യേണ്ടിവരുന്നു. 24 മണിക്കൂറും എപ്പോള്‍ ആവശ്യപ്പെട്ടാലും ജോലിക്കെത്തേണ്ട ഓണ്‍കോള്‍ ഡ്യൂട്ടിയിലുമായിരിക്കും. വാരാന്ത അവധികളൊന്നും നല്‍കാത്തതുമൂലം 28-30 ദിവസം തുടര്‍ച്ചയായി ജോലിചെയ്യേണ്ടിവരുന്നവരുമുണ്ട്. പ്രസവാവധി നിഷേധിക്കുന്ന ആശുപത്രിപോലുമുണ്ട്. താമസസൗകര്യമാകട്ടെ തികച്ചും അപര്യാപ്തവും. ജനറല്‍ വാര്‍ഡില്‍ അഞ്ചു രോഗികള്‍ക്കും ഐസിയുവില്‍ ഒരു രോഗിക്കും ഒരു നേഴ്സുവീതം വേണമെന്നാണ് നിബന്ധന. എന്നാല്‍ , മിക്ക ആശുപത്രികളിലും 10-15 രോഗികള്‍ക്ക് ഒരു നേഴ്സ് മാത്രമാണുള്ളത്. ഇതെല്ലാം സഹിച്ച് ജോലിചെയ്യാന്‍ നേഴ്സുമാരെ നിര്‍ബന്ധിതരാക്കുന്നതിന് ആശുപത്രി അധികൃതര്‍ ചില അടവുകള്‍ പ്രയോഗിക്കാറുണ്ട്. ജോലിക്ക് പ്രവേശിക്കുന്ന അവസരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിവയ്ക്കുകയും രണ്ടുവര്‍ഷത്തേക്ക് ജോലിചെയ്യാമെന്നു ഉറപ്പുവാങ്ങിക്കൊണ്ടുള്ള ബോണ്ടില്‍ ഒപ്പിടിവിക്കുകയുംചെയ്യുന്നു. ഇടയ്ക്ക് വിരമിച്ചാലും സര്‍ട്ടിഫിക്കറ്റ് തിരികെ ലഭിക്കുന്നതിനായി 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ആശുപത്രി അധികൃതര്‍ക്ക് നല്‍കേണ്ടിവരും. മാത്രമല്ല കൂടുതല്‍ മെച്ചപ്പെട്ട ആശുപത്രിയിലേക്ക് പോകാന്‍ അവസരം കിട്ടിയാല്‍ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് പോലും നല്‍കാന്‍ അധികൃതര്‍ തയ്യാറാകാറുമില്ല. ചുരുക്കത്തില്‍ ആതുരസേവനരംഗത്തെ മാലാഖമാര്‍ എന്നെല്ലാം പ്രസംഗവേദിയില്‍ വിശേഷിപ്പിക്കപ്പെടാറുള്ള ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ പിന്‍തലമുറക്കാര്‍ അടിമവേലയ്ക്ക് തുല്യമായ തൊഴില്‍ സാഹചര്യങ്ങളിലാണ് ആതുരസേവനം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.
ഡോക്ടര്‍മാര്‍ക്ക് എത്ര ഭഭീമമായ ശമ്പളം നല്‍കുന്നതിനും ആശുപത്രി അധികൃതര്‍ക്ക് ഒരു മടിയുമില്ല. ജോലിഭാരത്തിന്റെയും വേതനത്തിന്റെയും കാര്യത്തില്‍ നേഴ്സുമാരും ഡോക്ടര്‍മാരും തമ്മിലുള്ളതുപോലെ ഇത്രയേറെ അസമത്വം മറ്റൊരു മേഖലയിലുമുണ്ടെന്ന് തോന്നുന്നില്ല. ഇന്ത്യയില്‍ വിവിധ ആശുപത്രികളിലായി 17.5 ലക്ഷം നേഴ്സുമാരാണ് ജോലിചെയ്യുന്നത്. ഇതില്‍ 12 ലക്ഷവും മലയാളികളാണ്. സേവനമികവും തൊഴിലിനോടുള്ള പ്രതിബദ്ധതയുംമൂലം ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും മലയാളി നേഴ്സുമാര്‍ക്ക് വലിയ അംഗീകാരവും സ്വീകാര്യതയുമാണുള്ളത്. മറ്റ് സംസ്ഥാനങ്ങളിലെയും വിദേശരാജ്യങ്ങളിലെയും കേരളത്തിന്റെ അനൗപചാരിക അംബാസഡര്‍മാര്‍ എന്ന് മലയാളി നേഴ്സുമാരെ വിശേഷിപ്പിക്കാവുന്നതാണ്. വിദേശമലയാളികളോടൊപ്പം സമ്പദ്ഘടന നിലനിര്‍ത്തുന്നതിനാവശ്യമായ പണം കേരളത്തിലെത്തിക്കുന്നതിലും മലയാളി നേഴ്സുമാര്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.

അടുത്തകാലത്ത് വിവിധ സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പീഡനം അനുഭവിക്കേണ്ടിവന്നവരില്‍ കൂടുതലും മലയാളി നേഴ്സുമാരാണ്. അടിസ്ഥാനരഹിതമായ അരോപണം ഉന്നയിച്ചും മാനസിക സംഘര്‍ഷം താങ്ങാനാവാതെ രാജിവയ്ക്കാന്‍ തയ്യാറായപ്പോള്‍ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കാതെയും മറ്റും പീഡിപ്പിച്ചതിനെത്തുടര്‍ന്ന് മലയാളിയായ ബീന ബേബി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നാണ് മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ നേഴ്സുമാര്‍ സമരരംഗത്തേക്ക് വന്നത്. ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥം ആശുപത്രിയിലെ മലയാളി നേഴ്സ് ആന്‍സി ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത ഒരു കേസിനെത്തുടര്‍ന്ന് നേഴ്സുമാരുടെ അടിമപ്പണി അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആശുപത്രികളില്‍മാത്രമല്ല നേഴ്സിങ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളും പീഡനങ്ങള്‍ നേരിടുന്നുണ്ട്. റാം മനോഹര്‍ ലോഹ്യാ നേഴ്സിങ് കോളേജിലെ പ്രിന്‍സിപ്പല്‍ നിര്‍മല സിങ്ങിന്റെ നീചമായ പെരുമാറ്റത്തിനു വിധേയയാകേണ്ടിവന്ന ആതിര റോയി എന്ന മലയാളി വിദ്യാര്‍ഥിനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തകാലത്ത് ദേശീയതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദേശീയ ലേബലുകളുണ്ടെങ്കിലും ഇന്ത്യയൊട്ടാകെയുള്ള നേഴ്സുമാര്‍ക്ക് നേതൃത്വം കൊടുക്കുന്ന പുരോഗമന വീക്ഷണമുള്ള ഒരു പ്രസ്ഥാനത്തിന്റെ അഭാവം നേഴ്സുമാര്‍ ആരംഭിച്ചിട്ടുള്ള സമരങ്ങളെ ഏകോപിപ്പിച്ച് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് തടസ്സം നില്‍ക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന വന്‍കിട സ്വകാര്യ കോര്‍പറേറ്റ് ആശുപത്രികളില്‍ പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുകൊണ്ട് സേവനമനുഷ്ഠിക്കുന്ന നേഴ്സുമാരെ ഒരു ഏകീകൃത അഖിലേന്ത്യ പുരോഗമന സംഘടനയുടെ കീഴില്‍ അണിനിരത്താന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വൈകാതെ ശ്രമിക്കണം. എതായാലും വര്‍ഷങ്ങളായി പീഡനം അനുഭവിച്ചുവന്നിരുന്ന നേഴ്സുമാര്‍ ഉണര്‍ന്നു കഴിഞ്ഞു എന്ന് വ്യക്തമായിക്കഴിഞ്ഞു. ആര്‍ക്കും തടഞ്ഞുനിര്‍ത്താന്‍ കഴിയാത്ത ഒരു വെള്ള വസന്തത്തിന്റെ കാഹളം മുഴങ്ങിത്തുടങ്ങിയിരിക്കുന്നു.

*
ഡോ. ബി. ഇക്ബാല്‍ ദേശാഭിമാനി 12 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ദേശീയ ലേബലുകളുണ്ടെങ്കിലും ഇന്ത്യയൊട്ടാകെയുള്ള നേഴ്സുമാര്‍ക്ക് നേതൃത്വം കൊടുക്കുന്ന പുരോഗമന വീക്ഷണമുള്ള ഒരു പ്രസ്ഥാനത്തിന്റെ അഭാവം നേഴ്സുമാര്‍ ആരംഭിച്ചിട്ടുള്ള സമരങ്ങളെ ഏകോപിപ്പിച്ച് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് തടസ്സം നില്‍ക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന വന്‍കിട സ്വകാര്യ കോര്‍പറേറ്റ് ആശുപത്രികളില്‍ പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുകൊണ്ട് സേവനമനുഷ്ഠിക്കുന്ന നേഴ്സുമാരെ ഒരു ഏകീകൃത അഖിലേന്ത്യ പുരോഗമന സംഘടനയുടെ കീഴില്‍ അണിനിരത്താന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വൈകാതെ ശ്രമിക്കണം. എതായാലും വര്‍ഷങ്ങളായി പീഡനം അനുഭവിച്ചുവന്നിരുന്ന നേഴ്സുമാര്‍ ഉണര്‍ന്നു കഴിഞ്ഞു എന്ന് വ്യക്തമായിക്കഴിഞ്ഞു. ആര്‍ക്കും തടഞ്ഞുനിര്‍ത്താന്‍ കഴിയാത്ത ഒരു വെള്ള വസന്തത്തിന്റെ കാഹളം മുഴങ്ങിത്തുടങ്ങിയിരിക്കുന്നു.