Saturday, December 10, 2011

സ്വാതന്ത്ര്യത്തിന്റെ നാനാര്‍ത്ഥങ്ങള്‍

മുസ്ളിം സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയെ സംബന്ധിച്ച ആഖ്യാനങ്ങള്‍ക്ക് പത്രമാധ്യമങ്ങളിലെന്നതു പോലെ, പുസ്തക/ചലച്ചിത്രക്കമ്പോളങ്ങളിലും നല്ല ചിലവും വിശ്വാസ്യതാലഭ്യതയുമുണ്ടെന്നതിന്റെ മറ്റൊരു സാക്ഷ്യമാണ് സൈറസ് നൌരസ്തേ സംവിധാനം ചെയ്ത ദ സ്റോണിംഗ് ഓഫ് സൊറായ എം (സൊറായ എമ്മിനെ കല്ലെറിഞ്ഞു കൊന്നത്/ഇംഗ്ളീഷ്, പേര്‍ഷ്യന്‍/2008/യു എസ് എ) എന്ന സിനിമ. ഫ്രഞ്ച് ഇറാനിയന്‍ പത്രപ്രവര്‍ത്തകനായ ഫ്രെയ്ഡൊണ്‍ സഹെബ്ജാം എഴുതിയ ല ഫെമ്മെ ലപ്പീഡി(1990/ഫ്രഞ്ച്) എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ എടുത്തിട്ടുള്ളത്. നിരവധി അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ബോക്സാപ്പീസില്‍ വന്‍ തോതില്‍ പണം വാരിക്കൂട്ടുകയും ചെയ്ത ദ സ്റോണിംഗ് ഓഫ് സൊറായ എം ലോകമെമ്പാടുമുള്ള സ്വാതന്ത്യ്രവാദികളെ പ്രകോപിപ്പിച്ചു. യൂറോപ്പില്‍ വ്യാപകമായ ബുര്‍ഖാ നിരോധനത്തിലൂടെ മുസ്ളിം സ്ത്രീകളെ സ്വതന്ത്രരാക്കുക എന്ന മതനിരപേക്ഷ/രക്ഷാകര്‍തൃ ആശയത്തിന് പ്രാബല്യം കിട്ടുന്നതിനിടയിലാണ് ഇത്തരത്തിലുള്ളൊരു റിയല്‍ സ്റോറി ചലച്ചിത്രരൂപത്തില്‍ പ്രചരിച്ചതും.

അമേരിക്ക മുതല്‍ കേരളം വരെ പ്രചരിപ്പിക്കപ്പെടുന്ന ആഖ്യാനങ്ങളില്‍ പതിവുള്ളതു പോലെ (ടി വി ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപവും വിലാപങ്ങള്‍ക്കപ്പുറവും ഓര്‍ക്കുക) നിസ്സഹായരും നിശ്ശബ്ദരും വിധേയപ്പെടുന്നവരുമായ മുസ്ളിം സ്ത്രീ കഥാപാത്രങ്ങളുടെ വാര്‍പ്പു മാതൃകകള്‍ക്കു പകരം, സ്വപ്രത്യയസ്ഥൈര്യമുള്ളവളും ലോകവിവരമുള്ളവളുമായ സാറ എന്ന കഥാപാത്രമാണ് സ്റോണിംഗിന്റെ ഒരു സവിശേഷത. മതനീതിയെ മറയാക്കി, പുരുഷാധികാരം നടത്തുന്ന തേര്‍വാഴ്ചകള്‍ക്കും അനീതികള്‍ക്കുമെതിരെ സധൈര്യം പോരാടുന്നവളാണ് സാറ. ഷോറെ അഖ്ദാഷ്ലൂ ആണ് സാറയായി അഭിനയിക്കുന്നത്. വ്യഭിചാരക്കുറ്റം ചുമത്തി സ്ത്രീകളെ കല്ലെറിഞ്ഞുകൊല്ലുന്ന ശിക്ഷാവിധി, ശരീ അത്തിന്റെ പേരില്‍ ഇസ്ളാമിക വിപ്ളവാനന്തര ഇറാനില്‍ വ്യാപകമായി നടപ്പിലാക്കുന്നുവെന്ന റിപ്പോര്‍ടുകളുടെ പശ്ചാത്തലത്തിലാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്ന പുസ്തകത്തിന്റെയും സിനിമയുടെയും ജനപ്രിയത വര്‍ദ്ധിക്കുന്നത്. നിരവധി ചരിത്രകാലഘട്ടങ്ങളിലൂടെ നിലനിന്നു പോന്നതിനാല്‍ നിയമത്തിന്റെയും മതസംഹിതകളുടെയും സാധൂകരണം ലഭിച്ചതായി കണക്കാക്കപ്പെടുന്ന ശിക്ഷാവിധിയാണ് വ്യഭിചാരക്കുറ്റം ചാര്‍ത്തപ്പെടുന്ന സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലുന്നത്.

തന്റെ ബുദ്ധിയും ബോധവും മന:സ്ഥൈര്യവും മനസ്സാക്ഷിയും ശബ്ദവും ഉപയോഗിക്കുന്നതിലൂടെ അസ്വാതന്ത്യ്രത്തിന്റെ വിലങ്ങുകള്‍ പൊളിച്ചെറിയാനുള്ള മാര്‍ഗവും ലക്ഷ്യവുമാണ് സാറ ദീര്‍ഘദര്‍ശനം ചെയ്യുന്നത്. പുരുഷാധികാരത്തിന് മറയായി മതത്തെ ദുരുപയോഗം ചെയ്യുന്ന അനീതിക്കെതിരെയാണ് മതവിശ്വാസി തന്നെയായ സാറ പൊരുതുന്നത്. ദൈവം, പ്രാര്‍ത്ഥന, അന്തിമ നീതി എന്നീ സങ്കല്‍പങ്ങളെ സംബന്ധിച്ച് നിരന്തരം ജാഗ്രത പുലര്‍ത്തുന്നതിലൂടെ അവള്‍ യഥാര്‍ത്ഥ മുസ്ളിമിന്റെ പ്രതീകമായി പരിണമിക്കുന്നു. കായികമായും ആത്മീയമായും ബലമുള്ളവളായി പ്രത്യക്ഷപ്പെടുന്ന സാറ, അടിമത്തത്തെ ഭേദിച്ച് പുറത്തു കടക്കുക തന്നെ ചെയ്യുമെന്ന സ്വാതന്ത്ര്യവാഞ്ഛയുടെ പ്രത്യക്ഷ നിദര്‍ശനമാണ്.

കാര്‍ കേടുവന്നതിനെ തുടര്‍ന്ന്, കുപ്പായെ എന്ന ഇറാനിയന്‍ കുഗ്രാമത്തില്‍ കുടുങ്ങിപ്പോവുകയാണ് നോവലിസ്റും പത്രപ്രവര്‍ത്തകനുമായ ഫ്രെയ്ഡൊണ്‍ സഹെബ്ജാം. കാറു നന്നാക്കിക്കിട്ടുന്നതിനിടയിലുള്ള ഇടവേളയിലാണ് സാറ, അയാളോട് തൊട്ടടുത്ത ദിവസം അവിടെ നടന്ന ഹീനമായ ഒരു കല്ലെറിഞ്ഞു കൊല്ലല്‍ വിധി വിവരിക്കുന്നത്. സൊറായക്കും ഭര്‍ത്താവ് അലിക്കും നാലു കുട്ടികളാണുള്ളത്. രണ്ടാണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും. ആണ്‍കുട്ടികളെ സ്വന്തമാക്കി, ഭാര്യയെയും പെണ്‍കുട്ടികളെയും ഉപേക്ഷിക്കാനാണ് അലിയുടെ ഉദ്ദേശ്യം. അതിനു ശേഷം ഒരു പതിനാറു വയസ്സുകാരിയെ വിവാഹം കഴിക്കുകയും വേണമയാള്‍ക്ക്. സ്ത്രീധനം മടക്കിക്കൊടുക്കാനില്ലാത്തതിനാല്‍, സൊറായയില്‍ വ്യഭിചാരക്കുറ്റം ചുമത്തി അവളെ ഇല്ലാതാക്കിയതിനു ശേഷം തന്റെ ഭാഗം സുരക്ഷിതമാക്കാനാണയാള്‍ ഉന്നമിടുന്നത്. ജയിലുദ്യോഗസ്ഥനായിരുന്ന അലിയുടെ കീഴില്‍ തടവുകാരനായി പിന്നീട് വിടുതല്‍ നേടിയ ആളാണ് ഗ്രാമത്തിലെ പ്രധാന മതപുരോഹിതന്‍. പഴയ കാര്യം പ്രചരിപ്പിക്കും എന്ന് അയാളെ ഭീതിപ്പെടുത്തി തന്റെ ഒപ്പം നിര്‍ത്തുകയാണ് അലി. വിഭാര്യനായ അയല്‍വാസിയുടെ വീട്ടില്‍ ജോലിക്കു പോകുന്ന സൊറായയുടെ മേല്‍ വ്യഭിചാരക്കുറ്റം ചുമത്തി കാര്യം സാധിക്കുകയാണവര്‍. ഇക്കാര്യമാണ് പുറം ലോകമറിയുന്നതിനു വേണ്ടി ഫ്രെയ്ഡൊണ്‍ന്റെ സഹായം, സാറ അഭ്യര്‍ത്ഥിക്കുന്നത്.

ധ്രുവീകരിക്കപ്പെട്ടതും, കടുത്ത ചായത്തില്‍ വൈകാരികവത്ക്കരിക്കപ്പെട്ടതുമായ കഥാപാത്രവല്‍ക്കരണങ്ങള്‍ വേഗത്തിലുള്ള ജനപ്രിയതാ നിര്‍മാണത്തിന് സഹായകമായിട്ടുണ്ട്. കാണിയെ ചിന്തിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനു പകരം ഭ്രാന്തു പിടിപ്പിക്കുന്ന രീതിയിലാണ് ചിത്രീകരണം. ഓരോ സീനുകളും ഓരോ കുറ്റപത്രങ്ങളെന്ന നിലക്കാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. വടിവൊത്ത ഉദ്ധരണികള്‍ക്ക് പാകമായ വിധത്തിലാണ് പല സംഭാഷണങ്ങളും. നിഷ്ഠൂരനായ അലിയുടെ സമീപത്ത് ആയത്തൊള്ള ഖൊമേനിയുടെ പോസ്റര്‍ ഒട്ടിച്ചുവെച്ചിരിക്കുന്നത് നോക്കുക. മതിഭ്രമം ബാധിച്ച പ്രതികാരത്വരയോടെയാണ് ചലച്ചിത്രം സങ്കല്‍പിക്കപ്പെട്ടിരിക്കുന്നത്; അതിനാല്‍ പരാമര്‍ശിക്കപ്പെടുന്ന സാംസ്ക്കാരികാന്തരീക്ഷത്തോട് നീതി പുലര്‍ത്തണമെന്ന് ഒരു നിര്‍ബന്ധവുമില്ലല്ലോ.

*
ജി പി രാമചന്ദ്രന്‍

No comments: