Monday, December 12, 2011

ഭയരഹിതരായി ജീവിക്കാനും അവകാശമുണ്ട്

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ സൃഷ്ടിച്ച മനുഷ്യാവകാശ ധ്വംസനങ്ങളും ഭീകരതകളുമാണ് മനുഷ്യാവകാശം സംബന്ധിച്ച് ഗൗരവപരമായി ചിന്തിക്കുന്നതിന് ഐക്യരാഷ്ട്രസഭയിലെ അംഗങ്ങളെ പ്രേരിപ്പിച്ചതും അതിനനുസരിച്ച് യു എന്‍ ഒ യുടെ പ്രഖ്യാപനമുണ്ടായതും. ഐക്യരാഷ്ട്ര സഭയുടെ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനം 1948 ഡിസംബര്‍ 10-നാണുണ്ടായതെങ്കിലും 1950 ഡിസംബര്‍ 4-നു ചേര്‍ന്ന ഐക്യരാഷ്ട്ര സഭയുടെ യോഗത്തില്‍വച്ചാണ് എല്ലാവര്‍ഷവും ഡിസംബര്‍ 10-ാം തീയതി സര്‍വരാജ്യങ്ങളും മനുഷ്യാവകാശദിനമായി ആചരിക്കണമെന്നു തീരുമാനമുണ്ടായത്. അതനുസരിച്ച് 1950 ഡിസംബര്‍ 10-നു തന്നെ ആദ്യ മനുഷ്യാവകാശ ദിനം ആചരിക്കപ്പെട്ടു. സാമൂഹിക മാധ്യമങ്ങളും മനുഷ്യാവകാശങ്ങളും എന്നതാണ് ഈ വര്‍ഷം ഐക്യരാഷ്ട്രസഭ ഊന്നല്‍ കൊടുത്തിരിക്കുന്ന വിഷയം.

യു എന്‍ ഒ യുടെ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ 30 വകുപ്പുകളാണുള്ളത്. മനുഷ്യന്റെ ഭയരഹിതനും, സ്വതന്ത്രനുമായി ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യാന്‍ ലോകത്ത് ഒരു ശക്തിക്കും അധികാരമില്ല. ആ അവകാശത്തെ അരക്കിട്ടുറപ്പിക്കുന്നവയാണു വകുപ്പുകള്‍. എവിടെയാണോ മനുഷ്യാവകാശങ്ങള്‍ ചവുട്ടി മെതിക്കപ്പെടുന്നത് അവിടെ അതിനെതിരെ പൊരുതാന്‍ മനുഷ്യരെ പ്രാപ്തരാക്കണമെന്നതാണ് യു എന്‍ ഒ ലക്ഷ്യമിടുന്നത്. ബോധവല്‍ക്കരണ പരിപാടികള്‍ എന്ന നിലയ്ക്ക് സെമിനാറുകള്‍, ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ നടത്തണമെന്നാണ് യു എന്‍ ഒ യുടെ നിര്‍ദ്ദേശം.

യു എന്‍ ഒ യുടെ കാഴ്ചപ്പാട് ഉള്‍ക്കൊണ്ടുകൊണ്ട് ഓരോ രാജ്യങ്ങളും അവരുടെ ഭരണഘടനയില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ 14, 15, 19, 21 വകുപ്പുകളിലാണ് ഇതുള്‍പ്പെടുത്തിയിരിക്കുന്നത്. അതനുസരിച്ച് ദേശീയതലത്തിലും സംസ്ഥാന തലത്തിലും മനുഷ്യാവകാശ കമ്മിഷനുകള്‍ രൂപീകരിക്കപ്പെട്ടു. ഇന്ത്യയില്‍ 1993-ലെ പ്രൊട്ടക്ഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് ആക്ട് പ്രകാരം മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രത്യേക കോടതി തന്നെ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. വനിതാ കമ്മിഷന്‍, പട്ടികജാതി-പട്ടിക വര്‍ഗ്ഗ കമ്മിഷന്‍ എന്നിങ്ങനെ അവകാശ സംരക്ഷണത്തിനുള്ള നിരവധി സമിതികള്‍ രൂപീകരിച്ചു. പരിസ്ഥിതി സംരക്ഷണ നിയമം, മലിനീകരണ നിയന്ത്രണ നിയമം, സ്ത്രീധന നിരോധന നിയമം, ബാലവേല നിരോധന നിയമം തുടങ്ങിയ ഒട്ടനവധി നിയമനിര്‍മ്മാണങ്ങള്‍ തന്നെ നടപ്പാക്കപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശത്തില്‍ രാഷ്ട്രപരമോ, വംശപരമോ, ലിംഗപരമോ, മതപരമോ, ഭാഷാപരമോ, സ്ഥാനപരമോ ആയ എന്തെങ്കിലും ചേരിതിരിവ് ഏതെങ്കിലും വ്യക്തിയോടു കാണിക്കുവാന്‍ മറ്റൊരാള്‍ക്കോ സമൂഹത്തിനു തന്നെയോ അധികാരമില്ല.

സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചു പഠിക്കുവാന്‍ വിവിധ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിലൊന്നാണ് യൂറോപ്യന്‍ ഹെല്‍ത്ത് കെയര്‍ ഫ്രാഡ് ആന്റ് കറപ്ഷന്‍ നെറ്റ്‌വര്‍ക്ക്. ഈ സ്ഥാപനം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുപ്രകാരം ആരോഗ്യരംഗത്ത് 180 ലക്ഷം കോടി യൂറോയുടെ വെട്ടിപ്പാണ് പ്രതിവര്‍ഷം നടന്നുവരുന്നത്.

ആരോഗ്യപദ്ധതി എന്നാല്‍ എന്ത് എന്നതിനു ലോകാരോഗ്യസംഘടന നല്‍കിയിട്ടുള്ള നിര്‍വചനത്തെ മാനദണ്ഡമാക്കിയാണ്, ഈ രംഗത്തെ മനുഷ്യാവകാശ ലംഘനങ്ങളുടെ തോത് നിശ്ചയിച്ചിരിക്കുന്നത്. ഔഷധങ്ങള്‍, ആശുപത്രി ഉപകരണങ്ങള്‍ എന്നിവയുടെ വാങ്ങല്‍, കൈക്കൂലി ഇനത്തില്‍ ഡോക്ടറന്മാര്‍ പാവപ്പെട്ട രോഗികളെ പിഴിയുന്നത്, സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും മോശപ്പെട്ട സേവനം ലഭിക്കുന്നത്, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചെയ്യപ്പെടുന്ന അത്യാവശ്യമല്ലാത്ത ചികിത്സ- പ്രസവ ശസ്ത്രക്രിയ, സ്‌കാനിംഗ് പോലുള്ള പരിശോധനകള്‍ തുടങ്ങിയവ - അതിനനുസരിച്ച് വന്‍തുകയുടെ ബില്ല് അടയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ദുരവസ്ഥ, ആരോഗ്യ ഇന്‍ഷ്വറന്‍സിന്റെ പേരില്‍ ഇന്‍ഷ്വറന്‍സ് കമ്പനി നടത്തുന്ന ചൂഷണം, അനാവശ്യ മരുന്നുകള്‍ കഴിപ്പിക്കുന്നത് എന്നിങ്ങനെ ആരോഗ്യ രംഗത്തെ അധാര്‍മ്മിക പ്രവണതകളാല്‍ ഈ മേഖലയെ ആശ്രയിക്കുന്ന പാവപ്പെട്ടവരും ഇടത്തരക്കാരുമായ രോഗികള്‍ അനുഭവിക്കുന്ന ചൂഷണത്തിന്റെ വിവരങ്ങള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്.

തെക്കേ ആഫ്രിക്കയിലെ ഗോത്രവര്‍ഗ്ഗ ജനത മനുഷ്യജന്മങ്ങളേ അല്ലെന്നതരത്തില്‍ അവരുടെ രോഗങ്ങള്‍ക്കുള്ള ചികിത്സ നല്‍കാതിരിക്കുന്നത്, അനാരോഗ്യത്തിന്റെ നിദാനങ്ങളായ പോഷകാഹാരക്കുറവും പട്ടിണിയും പരിഹരിക്കാന്‍ ഭരണകൂടം പരിശ്രമിക്കാതിരിക്കുന്നത്, കുടിക്കാനുള്ള ജലമോ, തലചായ്ക്കാനൊരു കൂരയോ നല്‍കാത്ത ഉത്തരവാദിത്വരാഹിത്വം എന്നിവയൊക്കെയും മനുഷ്യാവകാശത്തിന്റെ ലംഘനമായി പറഞ്ഞിരിക്കുന്നു.

ഇന്ത്യയിലെ ആരോഗ്യരംഗത്തു നടക്കുന്ന ചൂഷണങ്ങളില്‍ പ്രധാനമായി എടുത്തു കാണിക്കുന്നത് മനുഷ്യരെ പരീക്ഷണ മൃഗങ്ങളാക്കി അതീവ രഹസ്യമായി നടത്തപ്പെടുന്ന ചില ഔഷധ പരീക്ഷണങ്ങളെക്കുറിച്ചാണ്. ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ സി എം ആര്‍) നിബന്ധനകളെ മറികടന്നുള്ള ഇത്തരം പരീക്ഷണങ്ങളില്‍ ഗര്‍ഭനിരോധന ഔഷധങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധൗഷധങ്ങള്‍ തുടങ്ങിയവയ്ക്കാണ് ചില ഔഷധ നിര്‍മ്മാണ കമ്പനികള്‍ മറഞ്ഞുനിന്ന് ദല്ലാളന്മാരെ രംഗത്തിറക്കി പരീക്ഷണങ്ങള്‍ നടത്തുന്നതത്രേ. തുച്ഛമായ തുക പ്രതിഫലം നല്‍കിക്കൊണ്ടാണ് ഈ ഹീനകൃത്യങ്ങള്‍ നടന്നുവരുന്നത് എന്നതിനാല്‍, പട്ടിണിപ്പാവങ്ങളായ പലരും ഇതിനു വിധേയരാകാന്‍ സന്നദ്ധരാകുന്നുണ്ട്. ഗര്‍ഭമലസിപ്പിക്കല്‍, ജനിതക കോശങ്ങളെ കൃതൃമമായി മാറ്റിമറിക്കല്‍ തുടങ്ങിയ പരീക്ഷണങ്ങളും ഇത്തരത്തില്‍ തകൃതിയായി നടക്കുന്നവെന്ന് വെളിവാക്കപ്പെട്ടിട്ടുണ്ട്.

കേരള സംസ്ഥാനത്തില്‍, ഒരു ജനസമൂഹത്തെ ആകമാനം എങ്ങനെ മദ്യപാനികളാക്കി മാറ്റാം എന്ന് ലാഭം കൊയ്യുന്നത് ലക്ഷ്യമാക്കി നടക്കുന്ന അപ്രഖ്യാപിത ഗവേഷണത്തിന്റെ (!) ഫലം കണ്ടു തുടങ്ങിയതിനു തെളിവാണ് ഏറ്റവും കൂടുതല്‍ മദ്യമുപയോഗിച്ച സ്ഥലമെന്ന ഖ്യാതിക്കായി ചില പ്രദേശങ്ങള്‍ തമ്മില്‍ മത്സരം നടക്കുന്നുണ്ടോ എന്നു സംശയിക്കാവുന്ന തരത്തില്‍ മദ്യപാനാസക്തി വര്‍ദ്ധിക്കുന്നത്. കരള്‍രോഗവും രോഗപ്രതിരോധശേഷിക്കുറവും സമ്മാനിച്ച് നിത്യരോഗികളായി ഒരു സമൂഹം മാറുമ്പോള്‍ ഇവരോടു നേരിട്ടും ഇതുവഴി ദുരിതമനുഭവിക്കുന്ന അവരുടെ കുടുംബാംഗങ്ങളോടു പരോക്ഷമായും സര്‍ക്കാര്‍ തന്നെ മനുഷ്യാവകാശലംഘനം നടത്തുന്നു എന്നതു യാഥാര്‍ത്ഥ്യം. ബിവറേജസ് കോര്‍പ്പറേഷന്‍ വില്പനശാലകള്‍ കൂടുതല്‍ ആരംഭിച്ചും മദ്യത്തിന്റെ പരസ്യം ഒളിഞ്ഞും തെളിഞ്ഞും നല്‍കിയും ഈ മനുഷ്യാവകാശ ലംഘനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അസ്വാഭാവിക മരണം വിശേഷിച്ചും സ്ത്രീകളും പെണ്‍കുട്ടികളും, ശിശുക്കളുടെയും വൃദ്ധകളുടെയും മേലുള്ള ലൈംഗികാതിക്രമങ്ങള്‍, തമ്മില്‍ തല്ലും കൊലപാതകവും വിവാഹമോചനവും അവിഹിത ഗര്‍ഭവും മദ്യപാനത്തിന്റെ അനുബന്ധമായി സംഭവിക്കുന്നുവെന്നു മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അതോടെ കേരളം ഒരു പത്തുവര്‍ഷത്തിനു മുമ്പുള്ളതിനേക്കാള്‍ എത്രയോ അധികം മനുഷ്യാവകാശ ലംഘനങ്ങളുടെ വേദിയായിരിക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹിതകള്‍ ഭര്‍ത്തൃഗൃഹത്തിലനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളും വൃദ്ധരായ മാതാപിതാക്കള്‍ക്ക് മക്കളില്‍ നിന്നും സംരക്ഷണം ലഭിക്കാത്തതു മനുഷ്യാവകാശ ലംഘനങ്ങള്‍ തന്നെ. ജനങ്ങള്‍ക്ക് വേണ്ടതായ ധാന്യങ്ങളും ഇതര ആഹാര വസ്തുക്കളും കൃതൃമ ക്ഷാമമുണ്ടാക്കി പൂഴ്ത്തിവച്ച് വന്‍വിലയില്‍ വിപണിയിലിറക്കുന്നത് ചൂഷണത്തോടൊപ്പം മനുഷ്യാവകാശ ലംഘനവുമാണ്.

അമേരിക്കന്‍ യുവത്വം വാള്‍സ്ട്രീറ്റില്‍ പ്രക്ഷോഭണത്തിനെത്തിയതിന്റെ പിന്നിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ കഥ പുറംലോകം അതിശയത്തോടെയാണു ശ്രവിച്ചത്. തൊഴിലില്ലായ്മ, ദരിദ്രരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന, പാര്‍പ്പിടം പൊടുന്നനെ നിഷേധിക്കപ്പെട്ടത് എന്നിങ്ങനെ ഒരു 'സമ്പന്ന' രാജ്യത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ബ്രിട്ടനും ഫ്രാന്‍സും ഇത്തരം സമരങ്ങളുടെ വേദിയാകുകയാണ്. ലിബിയ, ഈജിപ്ത്, ടുണീഷ്യ, പാലസ്തീന്‍, സൊമാലിയ തുടങ്ങിയ 20 രാജ്യങ്ങളില്‍ ജനങ്ങള്‍ ഭരണകൂടത്തിനെതിരെയോ, ഏകാധിപത്യത്തിനെതിരേയോ കലാപമുയര്‍ത്തുകയും ചിലയിടങ്ങളില്‍ ഭരണാധിപന്മാര്‍ കൊല്ലപ്പെടുകയോ, രാജ്യംവിട്ടു പലായനം ചെയ്തതിന്റെയോ ഒക്കെ പിന്നില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനസമൂഹത്തിന്റെ രോഷാകുലമായ മനസ്സുണ്ടെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ നിര്‍വചനത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ പാതയോരത്ത് യോഗം ചേരരുതെന്ന കോടതിവിധിക്കെതിരെ ഒരഭിപ്രായം പറഞ്ഞ അറിയപ്പെടുന്ന ഒരു നേതാവിനെ ജയിലിലടച്ചതും കേരളത്തില്‍ സംഭവിച്ച ഒരു മനുഷ്യാവകാശ ലംഘനമാണ്. ഇവിടെ കോടതി നേരിട്ടാണത് നടത്തിയതെന്ന അത്ഭുതവും കൂടിയുണ്ട്. മുല്ലപ്പെരിയാറിലെ ഡാം പഴയ ബ്രിട്ടീഷ് അധീശത്വം കേരളത്തില്‍ വിതച്ചിട്ടുപോയ പ്രളയത്തിന്റെ വിത്താണ്. അത് ഒരു സംസ്ഥാനത്തിന്റെ നല്ലൊരു വിഭാഗം ഭൂപ്രദേശങ്ങളിലെ ജനങ്ങളുടെ നെഞ്ചിലെ തീയായ് മാറുന്നതും ഭയരഹിതമായി ജീവിക്കാനുള്ള മനുഷ്യരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാകുന്നു. മൗനം മുഖമുദ്രയാക്കിയിരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയടക്കമുള്ള ഭരണാധിപന്മാരും എന്തു ചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പുന്ന സംസ്ഥാന ഭരണക്കാരും മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ പ്രധാന പ്രതികളായി വിചാരണ ചെയ്യപ്പെടണ്ടവരായിരിക്കുന്നു.

*
ഡോ. കെ ജ്യോതിലാല്‍ (ഫോണ്‍ : 9387805568) ജനയുഗം 11 ഡിസംബര്‍ 2011

No comments: