Wednesday, December 7, 2011

കേരള-തമിഴ്‌നാട് ജനതകള്‍ തമ്മില്‍ ശത്രുത കുത്തിപ്പൊക്കരുത്

മുല്ലപ്പെരിയാര്‍ കേരളത്തിന്റെ മനസ്സില്‍ തീരാത്ത അസ്വസ്ഥതയായി തുടരുകയാണ്. 116 വര്‍ഷം പ്രായമെത്തിയ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചുപോയാല്‍ ഉണ്ടാകാവുന്ന ദുരന്തങ്ങളെക്കുറിച്ച് സങ്കല്‍പിക്കാന്‍പോലും നമുക്കാവില്ല. അടിക്കടി ഭൂചലനമുണ്ടാകുന്ന ഒരു മേഖലയിലാണ് ഡാമിന്റെ നില്‍പ് എന്നുള്ളത് ജനങ്ങളുടെ ഭയപ്പാട് വര്‍ധിപ്പിക്കുന്നു. അതിന്റെ ദുര്‍ബലാവസ്ഥയെക്കുറിച്ച് വിദഗ്ധ പഠനസംഘങ്ങള്‍ പറഞ്ഞതത്രയും 35 ലക്ഷത്തില്‍പ്പരം ജനങ്ങളുടെ രാപകലുകളില്‍ നീറിപ്പടരുമ്പോള്‍ ഒരു സംസ്ഥാനം മുഴുവന്‍ ഭീതിയുടെ മുള്‍മുനയിലാവുന്നു.

സംഘര്‍ഷങ്ങള്‍ കത്തിപ്പടരാന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധ്യത കൂടുതലാണ്. എങ്കിലും സംഘര്‍ഷങ്ങള്‍ ആളിപ്പടരാതിരിക്കാന്‍ ജാഗ്രതപാലിക്കലാണ് വിവേകമുള്ളവരെല്ലാം ഇപ്പോള്‍ ചെയ്യേണ്ടത്. ആ ജാഗ്രതയില്‍ വീഴ്ചവരുത്തിയാല്‍ ആര്‍ക്കും നിയന്ത്രിക്കാനാവാത്തവിധം സംഘര്‍ഷങ്ങള്‍ കത്തിപ്പടരുകയാകും ഫലം. ആ സ്ഥിതിവിശേഷം കേരളത്തിനും തമിഴ്‌നാട്ടിനും ഉണ്ടാക്കുന്ന കഷ്ടനഷ്ടള്‍ ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്തത്ര വലുതായിരിക്കും.

കേരളത്തിന്റെ പ്രശ്‌നം ദശലക്ഷക്കണക്കിനു ജനങ്ങളുടെ സുരക്ഷയാണ്. തമിഴ്‌നാടിന്റെ ആവശ്യം കിട്ടിക്കൊണ്ടിരിക്കുന്ന വെള്ളം മുടക്കമില്ലാതെകിട്ടുക എന്നതും. അതു പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് 'കേരളത്തിന് സുരക്ഷ: തമിഴ്‌നാടിനു വെള്ളം' എന്ന മുദ്രാവാക്യം തന്നെ ഉണ്ടായത്.

കേരള സംസ്ഥാന ഗവണ്‍മെന്റം ഇവിടത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരേ സ്വരത്തിലാണ്. ആ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നത്. അത് അക്ഷരാര്‍ഥത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും വികാരമാണ്.

കരാര്‍ പ്രകാരം തമിഴ്‌നാട്ടിന് കിട്ടിക്കൊണ്ടിരിക്കുന്ന വെള്ളം ഒരുതുള്ളി പോലും കുറയാതെ തമിഴ്‌നാടിനു തുടര്‍ന്നും കിട്ടണമെന്നുതന്നെയാണ് കേരളം പറയുന്നത്. നദീജല തര്‍ക്കങ്ങളില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണിത്. അതുകൊണ്ടാണ് പുതിയ ഡാം എന്ന കേരളത്തിന്റെ ന്യായമായ ആവശ്യത്തോട് യാതൊരുവിധ സംശയങ്ങളുമുണ്ടാകേണ്ടതില്ലെന്ന് കേരളം തമിഴ്‌നാടിനോട് പറയുന്നത്. അത് തമിഴ്‌നാട് ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും മനസിലാക്കാനും മാനിക്കാനും കഴിയുന്ന നിലപാടാണ്.

പരസ്പരം ആദരവും സൗഹൃദവും പുലര്‍ത്തിക്കൊണ്ടുതന്നെ മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിയും. അതിനുള്ള രാഷ്ട്രീയ പക്വതയും സാമൂഹിക പ്രതിബദ്ധതയും ദേശീയ ഐക്യബോധവും കേരള-തമിഴ്‌നാട് ജനതകള്‍ക്കുണ്ട്. എന്നാല്‍ അതനു നിരക്കാത്ത സങ്കുചിതവാസനകള്‍ക്ക് അടിപ്പെട്ട ഏതാനും പേര്‍ ഇരു ഭാഗത്തുമുണ്ടാകാം. അവര്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ആലോചിക്കാതെ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കുന്ന വിവേകശൂന്യരാണ്. അവരാണ് അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. സമരരൂപങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും രൂപംകൊടുക്കുന്നവര്‍ ഇരുജനതകളും തമ്മിലുള്ള ആയിരമായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള സാഹോദര്യ ബന്ധങ്ങള്‍ മറന്നുപോകരുത്. അതിര്‍ത്തികള്‍ കടന്നുപോയി ജീവിക്കുന്ന തമിഴ്-മലയാളി സഹോദരങ്ങളെ ആവര്‍ ഒരു നിമിഷംപോലും മറന്നുപോകരുത്. ആ സഹോദരങ്ങളുടെ താല്‍പര്യങ്ങള്‍ ഇത്തരുണത്തില്‍ നിര്‍ണായകമാണ്.

തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ജനയുഗം ബന്ധപ്പെടുകയുണ്ടായി. അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലും എടുത്തുകഴിഞ്ഞതായി ഇരു സംസ്ഥാനങ്ങളിലെയും അധികൃതര്‍ ഒരുപോലെ പറഞ്ഞു. അതു സ്വാഗതാര്‍ഹമാണ്. രണ്ടു സംസ്ഥാന ഗവണ്‍മെന്റുകളും ഇക്കാര്യത്തില്‍ ബോധപൂര്‍വമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ ഐക്യത്തിന്റെ കാവല്‍ക്കാരെപ്പോലെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിപ്പോഴാണ്. രണ്ട് മുഖ്യമന്ത്രിമാരേയും ഒരുമിച്ചിരുത്തി മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ആരുടെയെങ്കിലും വിവരക്കേടോ പിടിപ്പുകേടോകൊണ്ട് തലമുറകളായി ഒന്നുപോലെ കഴിയുന്ന കേരളത്തിലെയും തമിഴ്‌നാട്ടിലേയും സഹോദര ജനതകള്‍ തമ്മില്‍ അകന്നുപോവരുത്. അവരുടെ സ്‌നേഹബന്ധങ്ങള്‍ ഇരുസംസ്ഥാനങ്ങള്‍ക്കും കണ്ണിലെ കൃഷ്ണമണിപോലെ പ്രിയങ്കരമാണ്. അതുമറന്നുകൊണ്ടുള്ള പ്രവൃത്തികള്‍ ഒരുഭാഗത്തുനിന്നും ഉണ്ടാകരുത്.

*
ജനയുഗം മുഖപ്രസംഗം 07 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആരുടെയെങ്കിലും വിവരക്കേടോ പിടിപ്പുകേടോകൊണ്ട് തലമുറകളായി ഒന്നുപോലെ കഴിയുന്ന കേരളത്തിലെയും തമിഴ്‌നാട്ടിലേയും സഹോദര ജനതകള്‍ തമ്മില്‍ അകന്നുപോവരുത്. അവരുടെ സ്‌നേഹബന്ധങ്ങള്‍ ഇരുസംസ്ഥാനങ്ങള്‍ക്കും കണ്ണിലെ കൃഷ്ണമണിപോലെ പ്രിയങ്കരമാണ്. അതുമറന്നുകൊണ്ടുള്ള പ്രവൃത്തികള്‍ ഒരുഭാഗത്തുനിന്നും ഉണ്ടാകരുത്.