Friday, December 16, 2011

മാര്‍ക്സാണ് ശരി

അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം ഒരു പ്രതീകമാണ്- അമേരിക്കക്കാരന്റെ അമര്‍ഷത്തിന്റെയും സങ്കടത്തിന്റെയും വിശ്വാസത്തകര്‍ച്ചയുടെയും പ്രതീകം. എല്ലാവര്‍ക്കും തൊഴിലും ഭക്ഷണവും പാര്‍പ്പിടവും നല്‍കാന്‍ മുതലാളിത്തത്തിനു കഴിയുമെന്ന വിശ്വാസം തകര്‍ന്നിരിക്കുന്നു. ഒരു ശതമാനം വരുന്ന ന്യൂനപക്ഷത്തില്‍ സമ്പത്തും വരുമാനവും കുന്നുകൂട്ടുകയാണ് മുതലാളിത്തം. ഇതുവരെ ആരാധിച്ചത് കപടദൈവത്തെയാണെന്ന് സാധാരണക്കാരായ അമേരിക്കക്കാര്‍ക്ക് മനസ്സിലായിരിക്കുന്നു. ആ രാജ്യത്ത് എല്ലാം സുഭിക്ഷം; കഴിയുമെങ്കില്‍ അവിടേക്ക് കുടിയേറി പാര്‍ക്കുന്നത് മോക്ഷദായകം എന്ന് അമേരിക്കക്കാരല്ലാത്തവരുടെ മോഹങ്ങള്‍ക്കുമേലും കരിനിഴല്‍ വീണിരിക്കുന്നു. അസമത്വവും തൊഴിലില്ലായ്മയും ദാരിദ്ര്യവും ആവര്‍ത്തിക്കുന്ന പ്രതിസന്ധികളും മുതലാളിത്തത്തിന്റെ മുഖമുദ്രകളാണെന്ന് ലോകം മനസ്സിലാക്കിയിരിക്കുന്നു. സ്വാതന്ത്ര്യമെന്നാല്‍ സമ്പന്നരുടെ സ്വാതന്ത്ര്യമാണെന്നും ജനാധിപത്യമെന്നാല്‍ സമ്പന്നരുടെ ആധിപത്യമാണെന്നുമുള്ള തിരിച്ചറിവ് ശക്തമാവുകയാണ്. "മൊത്തത്തില്‍ ബൂര്‍ഷ്വാസിയുടെ പൊതുകാര്യങ്ങള്‍ നടത്തുന്ന ഒരു കമ്മിറ്റിമാത്രമാണ് ബൂര്‍ഷ്വാ ഭരണകൂട" മെന്ന തിരിച്ചറിവും വ്യാപകമാകുന്നു. ഈ പശ്ചാത്തലത്തിലാണ് "മാര്‍ക്സാണ് ശരി; സോഷ്യലിസമാണ് മോചനമാര്‍ഗം" എന്ന ചിന്താഗതി വേരുറയ്ക്കുന്നത്.

സെപ്തംബര്‍ 17ന് ആരംഭിച്ച വാള്‍സ്ട്രീറ്റ് പ്രക്ഷോഭം മെല്ലെ കെട്ടുപോയാലും അതുയര്‍ത്തിവിട്ട ജ്വാല ഒട്ടനവധി പ്രക്ഷോഭങ്ങള്‍ക്ക് തീകൊളുത്തും. ചൂഷിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പ്രതിഷേധം ഏറെനാള്‍ തടുത്തുനിര്‍ത്താനാകില്ല. വാള്‍സ്ട്രീറ്റ് പ്രക്ഷോഭം അമേരിക്കന്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ബലമാര്‍ജിച്ചിട്ടുണ്ടെന്ന് ആരും കരുതുന്നില്ല. ശാക്തിക ബലാബലത്തില്‍ അമേരിക്കയിലെ തൊഴിലാളിവര്‍ഗം കരുത്തുകാട്ടാന്‍ തുടങ്ങിയിട്ടില്ല എന്നതുമാത്രമല്ല കാര്യം. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് നേതാവില്ല; കമ്യൂണിസ്റ്റ് പാര്‍ടിയുടെ ശക്തമായ നേതൃത്വമില്ല; ഒന്നിനെതിരെ 99 ശതമാനം എന്ന മുദ്രാവാക്യമല്ലാതെ കൃത്യമായ നയപരിപാടിയില്ല. ഉള്ളത് ജനങ്ങള്‍മാത്രം. കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വവും നയപരിപാടികളുമില്ലാത്ത തൊഴിലാളിവര്‍ഗ വിപ്ലവം ചരിത്രത്തിലുണ്ടായിട്ടുണ്ട്- 1871ലെ പാരീസ് കമ്യൂണ്‍ . 72 ദിവസം നിലനിന്ന പാരീസ് കമ്യൂണിനെ ഭരണകൂടം ക്രൂരമായി അടിച്ചമര്‍ത്തി. വാള്‍സ്ട്രീറ്റ് പ്രക്ഷോഭകാരികളെയും സമാനരീതിയില്‍ പ്രതിഷേധിക്കുന്ന മറ്റു രാജ്യങ്ങളിലെ സമരക്കാരെയും അടിച്ചമര്‍ത്താന്‍ ആരംഭിച്ചിരിക്കുന്നു. 144 വര്‍ഷംമുമ്പാണ് മാര്‍ക്സിന്റെ "മൂലധനം" പുറത്തിറങ്ങുന്നത്. അതിനും 19 കൊല്ലംമുമ്പ് മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് രചിച്ച "കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ" പ്രസിദ്ധീകരിക്കപ്പെട്ടു. തന്റെ സൈദ്ധാന്തിക നിലപാടുകള്‍ക്ക് മാര്‍ക്സ് ആധാരമാക്കിയത് സ്വന്തം ആത്മബോധമോ ഉള്‍പ്രേരണയോ അല്ല; ചരിത്രവസ്തുതകളാണ്. വൈജ്ഞാനികരംഗത്തെ മാറ്റിമറിച്ച മൂന്ന് ശാസ്ത്ര നിഗമനങ്ങള്‍ - പരിണാമസിദ്ധാന്തം, കോശഘടനാസിദ്ധാന്തം, ഊര്‍ജസിദ്ധാന്തം- മാര്‍ക്സിന്റെ ചിന്തകളെ എറെ സ്വാധീനിച്ചിട്ടുണ്ട്. സാമൂഹികചരിത്രം, രാഷ്ട്രീയം, തത്വശാസ്ത്രം, നിയമം, ഭൗതിക-ജൈവ ശാസ്ത്ര രംഗങ്ങളിലെ വികാസങ്ങള്‍ , സമരങ്ങളുടെ ചരിത്രം- എല്ലാം മാര്‍ക്സ് പഠനവിധേയമാക്കി. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് മാര്‍ക്സിസം രൂപംകൊണ്ടത്. മാര്‍ക്സിസം കേവലം വിശ്വാസ സംഹിതയോ ഉരുവിട്ടു പഠിക്കേണ്ട വേദപ്രമാണമോ അല്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസ്താവിക്കുന്നതുപോലെ "കമ്യൂണിസ്റ്റുകാരുടെ സൈദ്ധാന്തിക നിഗമനങ്ങള്‍ സര്‍വലോക പരിഷ്കര്‍ത്താവാകാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലുമൊരാള്‍ കല്‍പ്പിച്ചുണ്ടാക്കിയതോ കണ്ടുപിടിച്ചതോ ആയ ആശയങ്ങളെയോ പ്രമാണങ്ങളെയോ ആസ്പദമാക്കിയുള്ളതല്ല. നിലവിലുള്ള ഒരു വര്‍ഗസമരത്തില്‍നിന്ന് നമ്മുടെ കണ്‍മുമ്പില്‍ നടക്കുന്ന ചരിത്രപരമായ ഒരു പ്രസ്ഥാനത്തില്‍നിന്ന് പൊന്തിവരുന്ന യാഥാര്‍ഥ്യബന്ധങ്ങള്‍ക്ക് സാമാന്യരൂപം നല്‍കുകയാണ് ആ നിഗമനങ്ങള്‍ ചെയ്യുന്നത്."

എല്ലാ സ്വത്തുടമാ ബന്ധങ്ങളും തുടര്‍ച്ചയായ ചരിത്രപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്ന് പ്രസ്താവിക്കുകവഴി സാമൂഹിക ചരിത്രമാകെ ഒരു ചിമിഴിലൊതുക്കി സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് കാള്‍ മാര്‍ക്സ്. അടിമ-ഉടമ സ്വത്തുടമാ ബന്ധം വര്‍ഗസംഘട്ടനത്തില്‍ തകര്‍ന്നു. തുടര്‍ന്ന് നിലവില്‍വന്ന ജന്മി-കുടിയാന്‍ ബന്ധവും വര്‍ഗസംഘട്ടനത്തില്‍ തകര്‍ന്നു. അടിമവ്യവസ്ഥയ്ക്കും നാടുവാഴിത്ത വ്യവസ്ഥയ്ക്കുംശേഷം നിലവില്‍ വന്ന മുതലാളിത്ത-സ്വത്തുടമാ ബന്ധങ്ങളെയും കാത്തിരിക്കുന്നത് അനിവാര്യമായ തകര്‍ച്ചയാണ് എന്ന് മാര്‍ക്സ് വ്യക്തമാക്കുന്നു. ചരിത്രവികാസത്തെ വൈരുധ്യാത്മക ഭൗതികവാദത്തിന്റെ വീക്ഷണത്തിലാണ് മാര്‍ക്്സ് വിശകലനംചെയ്യുന്നത്. വൈരുധ്യാത്മക ഭൗതികവാദം ശാസ്ത്രീയമാണ്; എളുപ്പത്തില്‍ ബോധ്യപ്പെടുന്നതുമാണ്. പ്രകൃതി, ആശയം, സാമൂഹികവ്യവസ്ഥ തുടങ്ങി ഏതൊന്നിലും വിരുദ്ധശക്തികളുണ്ട്. അവ ഐക്യപ്പെട്ടു നില്‍ക്കുന്നു. ഈ ഐക്യമാണ് അവയുടെ അസ്തിത്വത്തിന് ആധാരം. ഐക്യപ്പെട്ടു നില്‍ക്കുമ്പോള്‍ത്തന്നെ വൈരുധ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ട്. ഏറ്റുമുട്ടലില്‍ നിലവിലുള്ളതില്‍നിന്ന് പുതിയതുണ്ടാകുന്നു. ഈ പ്രക്രിയ പ്രകൃതിയിലും സമൂഹത്തിലും നിരന്തരം ആവര്‍ത്തിക്കുന്നു. മുതലാളിത്തത്തിന്റെ തകര്‍ച്ച സുനിശ്ചിതമാണ്. ഏതെങ്കിലും മഹാന്റെ പ്രവചനംമൂലമല്ല ആ വ്യവസ്ഥ തകരുന്നത്. തകര്‍ച്ചയുടെ ബീജങ്ങള്‍ വ്യവസ്ഥയ്ക്കകത്തുതന്നെ പാകപ്പെടുകയാണ്. വര്‍ഗസമരത്തിലാണ് മുന്‍ വ്യവസ്ഥകള്‍ തകര്‍ന്നത് എന്നോര്‍മിക്കണം. വര്‍ഗസമരത്തിന്റെ രൂപം മാറാം. ഉയര്‍ന്നുവരുന്ന പുതിയ സമൂഹം മുന്‍ സോവിയറ്റ് യൂണിയന്റെ നേര്‍പതിപ്പാവുകയില്ല. ദേശീയ സാഹചര്യങ്ങളും പ്രശ്നങ്ങളും ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികളും പഴയ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ തനിപ്പകര്‍പ്പിന്റെ പുനര്‍ജനനം അപ്രസക്തമാകുന്നു. മാനിഫെസ്റ്റോ പ്രസ്താവിക്കുന്നതുപോലെ "ഫ്യൂഡല്‍ സമൂഹത്തിന്റെ നാശാവശിഷ്ടങ്ങളില്‍നിന്നും മുളയെടുത്ത ഇന്നത്തെ ബൂര്‍ഷ്വാസമൂഹം വര്‍ഗവൈരങ്ങളെ ഇല്ലായ്മ ചെയ്തിട്ടില്ല. പഴയവയുടെ സ്ഥാനത്ത് പുതിയ വര്‍ഗങ്ങളെയും പുതിയ മര്‍ദക സാഹചര്യങ്ങളെയും പുതിയ സമരരൂപങ്ങളെയും പ്രതിഷ്ഠിക്കുകമാത്രമാണ് ചെയ്തിട്ടുള്ളത്. നമ്മുടെ കാലഘട്ടത്തിന് ഈയൊരു പ്രത്യേകതയുണ്ട്. അത് വര്‍ഗവൈരങ്ങളെ കൂടുതല്‍ മൂര്‍ച്ഛിപ്പിച്ചിരിക്കുന്നു. സമൂഹമാകെത്തന്നെ രണ്ട് വലിയ വര്‍ഗങ്ങളായി കൂടുതല്‍ കൂടുതല്‍ പിളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബൂര്‍ഷ്വാസിയും തൊളിലാളിവര്‍ഗവുമാണ് അവ." കോര്‍പറേറ്റുകളും ധനകാര്യസ്ഥാപനങ്ങളും അടിച്ചേല്‍പ്പിക്കുന്ന പുതിയ തരത്തിലുള്ള മര്‍ദനരീതികളും വാള്‍സ്ട്രീറ്റ് പ്രക്ഷോഭംപോലുള്ള പുതിയ സമരരീതികളും മേല്‍പ്രസ്താവനയ്ക്ക് അടിവരയിടുന്നു. അമേരിക്കയിലെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെയും സാമ്പത്തിക പ്രതിസന്ധിയുടെ കാരണം "മൂലധനം" വിശദമാക്കുന്നുണ്ട്. വളരുന്ന ഉല്‍പ്പാദനശക്തികളും അതിനൊത്ത് മാറാത്ത ഉല്‍പ്പാദന ബന്ധങ്ങളുമാണ് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നത്. സമൂഹത്തിന്റെ ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവ് നിരന്തരം വികസിക്കുകയാണ്. ഉല്‍പ്പാദന വര്‍ധനയ്ക്കൊപ്പം സമ്പത്തിന്റെയും വരുമാനത്തിന്റെയും നീതിയുക്തമായ വിതരണം ഉണ്ടായാലേ, ഉല്‍പ്പാദിപ്പിക്കപ്പെട്ട ചരക്കുകള്‍ വിറ്റഴിയൂ.

മുതലാളിത്ത ഉല്‍പ്പാദന ബന്ധങ്ങളുടെ അടിസ്ഥാനം ഉല്‍പ്പാദനോപാധികള്‍ മുതലാളിത്തം കൈയടക്കുകയും തൊഴിലാളികള്‍ അധ്വാനശേഷി വില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു എന്നതാണ്. ഉല്‍പ്പാദനോപാധികള്‍ ഉപയോഗിച്ച് പരമാവധി ഉല്‍പ്പാദിപ്പിക്കാന്‍ മുതലാളികള്‍ ശ്രമിക്കും. തൊഴില്‍ശക്തി വാങ്ങാനുപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ മൂലധനം യന്ത്രങ്ങളിലും അസംസ്കൃത വസ്തുക്കളിലും നിക്ഷേപിക്കപ്പെടുന്നു. അതിന്റെ ഫലമായി തൊഴിലവസരങ്ങള്‍ ചുരുങ്ങുന്നു. തൊഴിലില്ലായ്മ പെരുകുന്നു. വമ്പിച്ച തൊഴില്‍രഹിതപ്പട രൂപംകൊള്ളാന്‍ ഇടവരുന്നു. ഒരു വശത്ത് തൊഴിലില്ലായ്മയും കുറഞ്ഞ വാങ്ങല്‍ശേഷിയും; മറുവശത്ത് വര്‍ധിച്ച ഉല്‍പ്പാദനം. ഈ വൈരുധ്യം അമിതോല്‍പ്പാദന പ്രതിസന്ധി സൃഷ്ടിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അരനൂറ്റാണ്ട് മുതലാളിത്ത രാജ്യങ്ങള്‍ ഉയര്‍ന്ന ദേശീയ വരുമാനം കൈവരിച്ചു. ഈ വളര്‍ച്ച മുതലാളിത്തവ്യവസ്ഥയുടെ കഴിവിന്റെ ചിഹ്നമായി ബൂര്‍ഷ്വാ പണ്ഡിതര്‍ വ്യാഖ്യാനിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച അവരുടെ വാദത്തിന് ഊന്നുവടിയായി. എന്നാല്‍ , ദേശീയവരുമാന വര്‍ധനയ്ക്കൊപ്പം തൊഴിലവസരങ്ങള്‍ ഉയര്‍ന്നില്ല. "തൊഴില്‍രഹിത വരുമാന വളര്‍ച്ച"യായിരുന്നു ഫലം. വരുമാനവും ലാഭവും ഉല്‍പ്പാദനോപാധികളുടെ ഉടമകള്‍ കൈയടക്കിയപ്പോള്‍ സാധാരണക്കാര്‍ ദരിദ്രരായി. ഇത്രയും വമ്പിച്ച ഉല്‍പ്പാദന-വിനിമയോപാധികളെ ആവാഹിച്ചു വരുത്തിയ സമൂഹം, സ്വന്തം മന്ത്രശക്തികൊണ്ട് പാതാളലോകത്തുനിന്ന് വിളിച്ചുകൊണ്ടുവന്ന ശക്തികളെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയാത്ത മന്ത്രവാദിയെപ്പോലെയാണ്. ശരിക്കും ആ മന്ത്രവാദിയുടെ അവസ്ഥയിലാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും. സാമ്പത്തിക പ്രതിസന്ധികള്‍ മുതലാളിത്തത്തിന്റെ ഒഴിവാക്കാനാകാത്ത ഭാഗമാണ്. ഒരു പ്രതിസന്ധി തരണംചെയ്യുമ്പോള്‍ മറ്റൊന്ന് പ്രത്യക്ഷപ്പെടും. ഓരോ തവണയും മുമ്പത്തേക്കാള്‍ കൂടുതല്‍ ഭീഷണമായ രൂപത്തില്‍ ബൂര്‍ഷ്വാ സമൂഹത്തെയാകെ പ്രതിക്കൂട്ടില്‍ കയറ്റുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ നടത്തുന്ന മാര്‍ഗങ്ങളൊന്നും ഫലപ്രദമാകുന്നില്ല. 1930കളിലെ മഹാമാന്ദ്യത്തെ നേരിട്ടത് സര്‍ക്കാര്‍ചെലവുകള്‍ വര്‍ധിപ്പിച്ചാണ്. "ന്യൂ ഡീല്‍" എന്ന പേരില്‍ ആ നടപടി തുടര്‍ന്നു.

2008ലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശ്രമിച്ചത് തകര്‍ന്ന ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് സഹായം നല്‍കിയാണ്. ഇപ്പോഴത്തെ പ്രതിസന്ധി കടത്തെയും കമ്മിയെയും അമിതമായി ആശ്രയിച്ചതുമൂലം രൂക്ഷമായതാണ്. ഇറ്റലിയുടെ ദേശീയവരുമാനത്തിന്റെ 121 ശതമാനമാണ് കടം. ജര്‍മനിയുടെ കടം 83 ശതമാനവും ഫ്രാന്‍സിന്റേത് 87 ശതമാനവും ബല്‍ജിയത്തിന്റേത് 97 ശതമാനവും പോര്‍ച്ചുഗലിന്റേത് 106 ശതമാനവുമാണ്. ചെലവുചുരുക്കി പ്രശ്നത്തെ നേരിടാനാണ് ശ്രമം. ഈ നടപടി സമ്പദ്വ്യവസ്ഥകളെ പിന്നോട്ടടിപ്പിക്കുകയേയുള്ളൂ. പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാകും. ചെലവുചുരുക്കല്‍ തൊഴിലും വരുമാനവും ഇടിക്കുകയും ഡിമാന്‍ഡ് ചുരുക്കി ഉല്‍പ്പാദനം സ്തംഭിപ്പിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള തെറ്റായ സമീപനമാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ കൈക്കൊള്ളുന്നത്. അതിനവരെ നിര്‍ബന്ധിക്കുന്നത് സഹായം നല്‍കാനെത്തിയ ഐഎംഎഫും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കുമാണ്. ചെലവുചുരുക്കല്‍ നയം നാളിതുവരെ കാണാത്ത വന്‍ പ്രക്ഷോഭങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

വാള്‍സ്ട്രീറ്റിലും മാഡ്രിഡിലും ലണ്ടനിലും അത് ഒതുങ്ങുന്നില്ല. പ്രക്ഷോഭം ആളിപ്പടരുകയാണ്. മുതലാളിത്തവ്യവസ്ഥയാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു എന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ നല്‍കുന്ന സന്ദേശം. മുതലാളിത്തം സൃഷ്ടിച്ച അസമത്വവും ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധികളും മുതലാളിത്തംതന്നെ പരിഹരിക്കുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. മാര്‍ക്സിനെ പരിഹാസദ്യോതകമായ ഒരു അടിക്കുറുപ്പില്‍ ഒതുക്കുകയാണ് വളരെക്കാലം ബൂര്‍ഷ്വാപണ്ഡിതര്‍ ചെയ്തുപോന്നതെന്ന് പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞ മിസിസ് ജോണ്‍ റോബിന്‍സണ്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ചരിത്രം ഒരു വട്ടംകൂടി കറങ്ങിയെത്തുമ്പോള്‍ ചൂഷിതരും പണ്ഡിതരും ഒരുപോലെ മാര്‍ക്സിനെ തിരയുന്നു.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 16 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം ഒരു പ്രതീകമാണ്- അമേരിക്കക്കാരന്റെ അമര്‍ഷത്തിന്റെയും സങ്കടത്തിന്റെയും വിശ്വാസത്തകര്‍ച്ചയുടെയും പ്രതീകം. എല്ലാവര്‍ക്കും തൊഴിലും ഭക്ഷണവും പാര്‍പ്പിടവും നല്‍കാന്‍ മുതലാളിത്തത്തിനു കഴിയുമെന്ന വിശ്വാസം തകര്‍ന്നിരിക്കുന്നു. ഒരു ശതമാനം വരുന്ന ന്യൂനപക്ഷത്തില്‍ സമ്പത്തും വരുമാനവും കുന്നുകൂട്ടുകയാണ് മുതലാളിത്തം. ഇതുവരെ ആരാധിച്ചത് കപടദൈവത്തെയാണെന്ന് സാധാരണക്കാരായ അമേരിക്കക്കാര്‍ക്ക് മനസ്സിലായിരിക്കുന്നു. ആ രാജ്യത്ത് എല്ലാം സുഭിക്ഷം; കഴിയുമെങ്കില്‍ അവിടേക്ക് കുടിയേറി പാര്‍ക്കുന്നത് മോക്ഷദായകം എന്ന് അമേരിക്കക്കാരല്ലാത്തവരുടെ മോഹങ്ങള്‍ക്കുമേലും കരിനിഴല്‍ വീണിരിക്കുന്നു. അസമത്വവും തൊഴിലില്ലായ്മയും ദാരിദ്ര്യവും ആവര്‍ത്തിക്കുന്ന പ്രതിസന്ധികളും മുതലാളിത്തത്തിന്റെ മുഖമുദ്രകളാണെന്ന് ലോകം മനസ്സിലാക്കിയിരിക്കുന്നു. സ്വാതന്ത്ര്യമെന്നാല്‍ സമ്പന്നരുടെ സ്വാതന്ത്ര്യമാണെന്നും ജനാധിപത്യമെന്നാല്‍ സമ്പന്നരുടെ ആധിപത്യമാണെന്നുമുള്ള തിരിച്ചറിവ് ശക്തമാവുകയാണ്. "മൊത്തത്തില്‍ ബൂര്‍ഷ്വാസിയുടെ പൊതുകാര്യങ്ങള്‍ നടത്തുന്ന ഒരു കമ്മിറ്റിമാത്രമാണ് ബൂര്‍ഷ്വാ ഭരണകൂട" മെന്ന തിരിച്ചറിവും വ്യാപകമാകുന്നു. ഈ പശ്ചാത്തലത്തിലാണ് "മാര്‍ക്സാണ് ശരി; സോഷ്യലിസമാണ് മോചനമാര്‍ഗം" എന്ന ചിന്താഗതി വേരുറയ്ക്കുന്നത്.