Sunday, December 4, 2011

ലണ്ടന്‍ ഒളിമ്പിക്‌സിനുമേല്‍ ഭോപാല്‍ ദുരന്തത്തിന്റെ കരിനിഴല്‍

ഇരുപത്തിയേഴ് വര്‍ഷം മുമ്പുണ്ടായ ഭോപാല്‍ വിഷവാതക ദുരന്തം 2012 ല്‍ നടക്കുന്ന ലണ്ടന്‍ ഒളിമ്പിക്‌സിനുമേല്‍ കരിനിഴല്‍വീഴ്ത്തിയിരിക്കുന്നു. ദുരന്തം വിതച്ച യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഉടമസ്ഥരായ ഡൗകെമിക്കല്‍സ് ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സ്‌പോണ്‍സറായിട്ടുള്ളതാണ് വിവാദമായിട്ടുള്ളത്. ഡൗ കെമിക്കല്‍സിനെ സ്‌പോണ്‍സര്‍മാരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുകഴിഞ്ഞു; ഇന്ത്യയില്‍ മാത്രമല്ല, ബ്രിട്ടനിലും ലോകമൊട്ടാകെയും.

1984 ഡിസംബര്‍ 2-3 തീയതികളിലാണ് ഭോപാല്‍ ദുരന്തമുണ്ടായത്. യൂണിയന്‍കാര്‍ബൈഡ് കമ്പനിയുടെ കീടനാശിനി നിര്‍മിക്കുന്ന പ്ലാന്റില്‍ നിന്നും വിഷവാതകം ചോര്‍ന്നതിനെതുടര്‍ന്ന് 15,000 ല്‍പരം പേര്‍ മരിക്കുകയും അഞ്ച് ലക്ഷത്തില്‍പ്പരം പേര്‍ രോഗബാധിതരായിത്തീരുകയും ചെയ്തു. ജനിതക വൈകല്യങ്ങളോട്കൂടിയ കുട്ടികള്‍ ഇപ്പോഴും ജനിച്ചു കൊണ്ടിരിക്കുന്നു. കൊല്ലപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കുംകൂടി 47 കോടി ഡോളറിന്റെ നാമമാത്രമായ നഷ്ടപരിഹാരം മാത്രമാണ് യൂണിയന്‍ കാര്‍ബൈഡ് കമ്പനി നല്‍കിയത്. 170 കോടി ഡോളര്‍കൂടി അധിക നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിയമനടപടികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇന്ത്യ.

യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇപ്പോഴത്തെ ഉടമസ്ഥത അമേരിക്കയിലെ മിഡ്‌ലാന്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡൗ കെമിക്കല്‍സ് എന്ന രാജ്യാന്തര കുത്തക കമ്പനിക്കാണ്. 1999 ലാണ് യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഓഹരികള്‍ എല്ലാം ഡൗ കെമിക്കല്‍സ് വാങ്ങിയത്. ഭോപാല്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വം പേറേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി ഡൗ കെമിക്കല്‍സിന്റെ ഓഹരിയുട മകള്‍ ഇതിനെ എതിര്‍ത്തിരുന്നതാണ്.

ലണ്ടന്‍ ഒളിമ്പിക്‌സിന്റെ മുഖ്യസ്‌പോണ്‍സര്‍മാരിലൊന്നായി മാറിയതോടെ ഡൗ കെമിക്കല്‍സ് വിവാദത്തിന്റെ ചുഴിയില്‍ അകപ്പെട്ടു. 2012 ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 12 വരെയാണ് ഒളിമ്പിക് ഗെയിംസ് നടക്കുന്നത്. ഗെയിംസ് നടത്തിപ്പിന് ഭാരിച്ച ചിലവുവരും. ഇതില്‍ 200 കോടി പൗണ്ട് സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തിലൂടെ സമാഹരിക്കാനാണ് സംഘാടക സമിതി തീരുമാനിച്ചിട്ടുള്ളത്. സ്‌പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ് വില്‍പ്പനാവകാശം, സംപ്രേഷണാവകാശം തുടങ്ങിയ രീതികളിലായിരിക്കും ഇത് സമാഹരിക്കുക. സ്‌പോണ്‍സര്‍മാരെ അവര്‍ നല്‍കുന്ന തുകയുടെ വലുപ്പത്തിനനുസരിച്ച് നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. അവരില്‍ ഏറ്റവും ഉയര്‍ന്ന 'ലോകവ്യാപക സ്‌പോണ്‍സര്‍' മാരുടെ കൂട്ടത്തിലാണ് ഡൗകെമിക്കല്‍സ്. ഈസ്റ്റ് ലണ്ടനിലെ 80,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം അലംകൃതമാക്കുന്നതിന് 70 ലക്ഷം പൗണ്ട് (1.14 കോടി ഡോളര്‍) നല്‍കാമെന്നാണ് ഡൗ കെമിക്കല്‍സ് ഏറ്റിട്ടുള്ളത്. സ്റ്റേഡിയത്തില്‍ ഡൗ കെമിക്കല്‍സിന്റെ ലോഗോയും പരസ്യവും ഉണ്ടാകും. ഭോപാലിലെ സഹോദരന്മാരുടെ കൊലയാളിയുടെ ചിഹ്നം പേറുന്ന ഇതേ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്കും പങ്കെടുക്കേണ്ടിവരും.

സ്‌പോണ്‍സര്‍മാരുടെ പട്ടികയില്‍ നിന്നും ഡൗ കെമിക്കല്‍സിനെ ഒഴിവാക്കാത്തപക്ഷം ഒളിമ്പിക്‌സ് ബഹിഷ്‌ക്കരിക്കണമെന്ന ആവശ്യം ഇന്ത്യയില്‍ പലരും ഉന്നയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മുന്‍ ഒളിമ്പ്യന്മാരും ഇക്കൂട്ടത്തില്‍പ്പെടുന്നു. എന്നാല്‍ ഒളിമ്പിക്‌സ് ബഹിഷ്‌ക്കരിക്കുന്ന പ്രശ്‌നമില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ (ഐ ഒ എ) പ്രസിഡന്റ് വി കെ മല്‍ഹോത്ര കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഡൗ കെമിക്കല്‍സിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുമായി കൂടിയാലോചിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ അന്തിമതീരുമാനം കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു.

ഡൗ കെമിക്കല്‍സിനെതിരെ ബ്രിട്ടനിലും ജനവികാരം ഉയര്‍ന്നിട്ടുണ്ട്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ്, സഖ്യകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക്, പ്രതിപക്ഷത്തെ ലേബര്‍ പാര്‍ട്ടി എന്നിവയിലെ 30 എം പിമാരുള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കള്‍ ഡൗ കെമിക്കല്‍സിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു.

''ഒളിമ്പിക്‌സിന്റെ മഹത്തായ ലക്ഷ്യങ്ങള്‍ക്കുമേല്‍ പുരണ്ടിരിക്കുന്ന കറയാണ്'' ഡൗ കെമിക്കല്‍സിന്റെ സ്‌പോണ്‍സര്‍ഷിപ്പെന്ന് ലേബര്‍ ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ അധ്യക്ഷനും പാര്‍ലമെന്റംഗവുമായ ബാരിഗാര്‍ഡിനര്‍ പറഞ്ഞു. ഡൗ കെമിക്കല്‍സിന്റെ പണം കൊണ്ട് അലംകൃതമാകുന്ന സ്റ്റേഡിയത്തേക്കാള്‍ അലങ്കാരമില്ലാത്ത സ്റ്റേഡിയമാണ് അഭികാമ്യമെന്നായിരുന്നു ലണ്ടനിലെ മേയര്‍സ്ഥാനത്തേക്കുള്ള ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി കെന്‍ ലിവിങ്സ്റ്റന്റെ അഭിപ്രായം.

പ്രശസ്ത അമേരിക്കന്‍ ചിന്തകനായ നോം ചോംസ്‌കിയും ഡൗ കെമിക്കല്‍സിനെതിരെ ഒളിമ്പിക്‌സ് സംഘാടകസമിതി അധ്യക്ഷന് കത്തെഴുതിയവരുടെ കൂട്ടത്തില്‍പ്പെടുന്നു. പ്രശസ്ത നടനായ മാര്‍ട്ടിന്‍ ഷീന്‍, സംവിധായകന്‍ ശേഖര്‍ കപൂര്‍, അമേരിക്കയുടെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് മെല്‍സ്റ്റുവര്‍ട്ട്, പാകിസ്ഥാന്റെ ഒളിമ്പിക് സ്വര്‍ണജേതാവ് അഖ്തര്‍ റസൂല്‍ എന്നിങ്ങനെ പ്രഗത്ഭരുടെ ആ പട്ടിക നീളുകയാണ്. ആംനസ്റ്റി ഇന്റര്‍നാഷണലും പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

സാര്‍വദേശീയമായിത്തന്നെ ഉയരുന്ന ആവശ്യത്തോട് മുഖംതിരിച്ചിരിക്കുകയാണ് ഒളിമ്പിക്‌സ് സംഘാടകസമിതിയുടെ അധ്യക്ഷനായ സെബാസ്റ്റ്യന്‍ കോ. 1980കളില്‍ മധ്യദൂര ട്രാക്ക് അടക്കിവാണിരുന്ന പ്രഗത്ഭനായ കായികതാരമായിരുന്നു സെബ്‌കോ. അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെയുള്ള പാശ്ചാത്യശക്തികള്‍ രാഷ്ട്രീയകാരണങ്ങളാല്‍ ബഹിഷ്‌കരിച്ച 1980ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ സ്വന്തം നിലയില്‍ പങ്കെടുക്കുകയും 1500 മീറ്ററില്‍ സ്വര്‍ണം നേടുകയും ചെയ്ത സെബ്‌കോ ലോകമെമ്പാടുമുള്ള കായികപ്രേമികളുടെ മനസില്‍ ഒരിടം നേടിയിരുന്നു. അന്ന് കാട്ടിയ ആദര്‍ശധീരത ഇപ്പോള്‍ അദ്ദേഹത്തില്‍ നിന്നുണ്ടാകുന്നില്ലായെന്നത് നിരാശാജനകമാണ്.

ഭോപാല്‍ദുരന്തം നടന്ന കാലത്ത് തങ്ങള്‍ ഉടമസ്ഥരായിരുന്നില്ലായെന്ന കാരണം ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറാനാണ് ഡൗ കെമിക്കല്‍സ് ശ്രമിക്കുന്നത്.

ദുരന്തത്തിന്റെ 27-ാം വാര്‍ഷികം ആചരിച്ച വേളയില്‍ ഭോപാലിലുമുണ്ടായി ഒളിമ്പിക്‌സ് വിവാദത്തിന്റെ അലയൊലികള്‍. അവിടെ പ്രകടനം നടത്തിയവര്‍ സെബ്‌കോയുടെ കോലം കത്തിച്ചാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. ലണ്ടനില്‍ ഒളിമ്പിക്‌സ് നടക്കുന്ന അതേ ദിവസങ്ങളില്‍, ദുരന്തത്തിന്റെ ഫലമായി വൈകല്യങ്ങളോടു കൂടി ജനിച്ച കുട്ടികളുടെ വിവിധ കായികമത്സരങ്ങള്‍ ഭോപാലില്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ഇന്ത്യാ ഗവണ്‍മെന്റ് ഇപ്പോഴും ഉറക്കത്തില്‍ തന്നെ.

*
വി ഐ തോമസ് ജനയുഗം 04 ഡിസംബര്‍ 2011

No comments: