Tuesday, December 6, 2011

പൊതുമേഖലാ ഓഹരി വിറ്റഴിക്കല്‍ സമ്പദ്ഘടനയ്ക്ക് ആപത്ത്

കാലത്തിന്റെ ചുവരെഴുത്തുകള്‍ കൂടുതല്‍ വ്യക്തമാകുന്നു. ആഗോളവത്കരണത്തിന്റെയും നവ ഉദാരീകരണ നയങ്ങളുടെയും ഭാഗമായ സ്വകാര്യവത്കരണ നീക്കങ്ങള്‍ പ്രത്യുത്പാദകമല്ലെന്ന് അനുദിനം തെളിയിക്കുന്നു. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഇരുപതാം വാര്‍ഷികം പിന്നിടുമ്പോള്‍ ഇന്ത്യയിലും സൂചനകള്‍ ആപത്ശങ്ക ഉയര്‍ത്തുന്നു, കൊട്ടിഘോഷിക്കപ്പെട്ട വളര്‍ച്ച ലക്ഷ്യങ്ങളുടെ സ്ഥാനത്ത് സാമ്പത്തിക മാന്ദ്യതയും തളര്‍ച്ചയുമാണ് സമ്പദ്ഘടനയുടെ എല്ലാ മേഖലകളിലും പ്രത്യക്ഷപ്പെടുന്നത്. 8.5 ശതമാനം ഒമ്പതുശതമാനം വളര്‍ച്ചയെപ്പറ്റി ധനമന്ത്രി സംസാരിച്ചിരുന്ന ദിനങ്ങള്‍ അവസാനിച്ചിരിക്കുന്നു. ഇപ്പോഴത്തെ പ്രതീക്ഷ വളര്‍ച്ച ഏറി വന്നാല്‍ ഏഴുശതമാനമെന്നായിരിക്കുന്നു, സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ ചൂണ്ടിക്കാണിക്കുന്നു.

രൂപയുടെ അഭൂതപൂര്‍വമായ മൂല്യത്തകര്‍ച്ച വളര്‍ച്ചയുടെ എല്ലാ സാധ്യതകള്‍ക്കും പ്രതീക്ഷകള്‍ക്കുമാണ് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. വിദേശസ്ഥാപന നിക്ഷേപങ്ങളുടെ ഡോളര്‍ ആവശ്യങ്ങള്‍ രൂപയുടെ റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച 52.76 രൂപയിലേക്ക് കൂപ്പുകുത്താന്‍ വഴിയൊരുക്കി. നവംബര്‍ 22ന് മൂല്യം 52.43 ലാണ് അവസാനിച്ചത്. ഉല്‍പ്പാദനമേഖലയുടെ വളര്‍ച്ചാനിരക്ക് ഏറ്റവും കുറഞ്ഞത് ഇതേ കാലയളവിലാണ്. വ്യാവസായിക ഉല്‍പ്പാദനം കഴിഞ്ഞ മൂന്നുമാസങ്ങളിലെ ഏറ്റവും കുറഞ്ഞതായി സൂചിക വെളിപ്പെടുത്തുന്നു. 6.1 ശതമാനത്തില്‍ നിന്നും 1.9 ശതമാനത്തിലേക്കായിരുന്നു ആ വീഴ്ച. ആഗോളവാണിജ്യത്തിലും വന്‍ തകര്‍ച്ചയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. ജൂലൈ മാസത്തിലെ 81.7 ശതമാനത്തില്‍ നിന്നും അത് 10.8 ശതമാനത്തിലേക്കാണ് നിപതിച്ചത്. ഇതൊന്നും കണക്കിലെടുക്കാതെ 40,000 കോടി രൂപയുടെ പൊതുമേഖലാ ആസ്തികള്‍ വിറ്റഴിക്കാനുള്ള നീക്കത്തിലാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി. സാമൂഹ്യമേഖലയിലെ പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിക്കലുമായി മുന്നോട്ടു പോകുമെന്നാണ് അദ്ദേഹം പറയുന്നത്. ''നിശ്ചയിച്ച ലക്ഷ്യം പുതുക്കാന്‍ നീക്കമൊന്നുമില്ല. നിശ്ചിത ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ലക്ഷ്യം കൈവരിക്കുകയെന്നത് മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്; പ്രത്യേകമായും സമ്പദ്ഘടനയുടെ കരുത്തിനെ''- പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കുന്നതു സംബന്ധിച്ച് ധനമന്ത്രി നിലപാട് വ്യക്തമാക്കി.

''വികസന ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ വേണ്ടി പൊതുമേഖലയില്‍ കേന്ദ്രീകരിച്ചിട്ടുള്ള സമ്പത്തിന്റെ 51 ശതമാനത്തിലധികം അവിടെ സൂക്ഷിക്കേണ്ടതില്ല''- അദ്ദേഹം പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴുമാസങ്ങളില്‍ 1,145 കോടിരൂപയാണ് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്റെ ഓഹരി വിറ്റഴിക്കല്‍ വഴി സമാഹരിക്കാനായത്. 2011-12 കാലയളവില്‍ 40,000 കോടിയുടെ ലക്ഷ്യം കൈവരിക്കുക ദുഷ്‌കരമാണ്.

വികസ്വര സമ്പദ്ഘടനയിലും നയപരിപാടികളിലും രാഷ്ട്രവും വിപണിയും ഉള്‍പ്പെട്ട ചര്‍ച്ച നിര്‍ണായകമാണ്. ഇന്ത്യയെപ്പോലെയുള്ള സമ്മിശ്ര സമ്പദ്ഘടനകളില്‍ പൊതുമേഖലയ്ക്ക് നിര്‍ണായക പങ്കാണ് നിര്‍വഹിക്കാനുള്ളത്. എന്നാല്‍ 1991-ഓടുകൂടി ദേശീയ സാമ്പത്തികനയങ്ങള്‍ കാതലായ മാറ്റങ്ങള്‍ക്ക് വിധേയമായി. ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും നയങ്ങള്‍ പൊതുമേഖലയെ സംബന്ധിച്ച നിലപാടുകളില്‍ മാറ്റത്തിന് വഴിതെളിച്ചു.

പൊതുമേഖലാ ഓഹരികള്‍ യഥാര്‍ഥത്തില്‍ പൊതുജനങ്ങളുടേതാണ്. അതുകൊണ്ടുതന്നെ ജനങ്ങളുടെ ആസ്തികള്‍ വിറ്റഴിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് തീരുമാനമെന്നത് അധാര്‍മികമാണ്. അതിന് വിപുലമായ ജനകീയ അഭിപ്രായസമന്വയം വേണം. പൊതുമേഖലയുടെ സൃഷ്ടിക്കു പിന്നില്‍ സാമ്പത്തികവും സാമൂഹ്യക്ഷേമപരവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങള്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പൊതുമേഖലാ ആസ്തികള്‍ വിറ്റഴിക്കുന്നത് ഗവണ്‍മെന്റിന്റെ സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക് പണം കണ്ടെത്താനാണെന്ന വാദമാണ് ഉന്നയിക്കപ്പെടുന്നത്.
നവഉദാരീകരണ നയങ്ങളുടെ വക്താക്കള്‍ കുറഞ്ഞ ഉല്‍പ്പാദനശേഷി, ഉല്‍പന്നങ്ങളുടെ ഗുണമേന്മക്കുറവ്, അമിത മനുഷ്യാധ്വാനം, ആവശ്യമായ മനുഷ്യവിഭവശേഷി വികസനത്തിന്റെ അഭാവം, മൂലധനനിക്ഷേപത്തില്‍ നിന്നും കുറഞ്ഞ വരുമാനം എന്നിവയാണ് പൊതുമേഖലയുടെ പ്രശ്‌നങ്ങളായി ഉയര്‍ത്തിക്കാട്ടുന്നത്. സ്വകാര്യമേഖലയില്‍ മെച്ചപ്പെട്ട മാനേജ്‌മെന്റ് രീതികളും സ്വകാര്യനിക്ഷേപകരുടെ മെച്ചപ്പെട്ട നിരീക്ഷണവും നടക്കുന്നതായി ഇക്കൂട്ടര്‍ വാദിക്കുന്നു. അതാണ് പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കുന്നതിന്റെ യുക്തിയായി അവര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്താണ് ഗവണ്‍മെന്റിനെ നിസഹായമാക്കുന്നത്? പൊതുമേഖലയുടെ സമ്പത്ത് എവിടെയാണ് അപ്രത്യക്ഷമാകുന്നത്? ഗവണ്‍മെന്റ് ചെലവുകളുടെ കണക്കുകള്‍ ഇക്കാര്യങ്ങള്‍ക്ക് വ്യക്തത പകരും. ഗവണ്‍മെന്റിന്റെ സമ്പന്നാനുകൂല നയങ്ങളാണ് സാധാരണപൗരന്മാര്‍ക്ക് അനുകൂലമായ പദ്ധതികള്‍ നടപ്പാക്കുന്നതിന് മുഖ്യതടസ്സമെന്ന് കാണാന്‍ കഴിയും.
2008-09 കാലയളവില്‍ ഗവണ്‍മെന്റ് സമ്പന്നര്‍ക്ക് നല്‍കിയ ഇളവുകള്‍ 4,14,099 കോടി രൂപയുടേതാണ്. 2010-11ല്‍ ഇത് 5,11,630 കോടിയായി ഉയര്‍ന്നു. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും അതിസമ്പന്ന നികുതിദായകര്‍ക്കും 2008-09ല്‍ നല്‍കിയ നികുതിയിളവുകള്‍ മാത്രം 1,04,471 കോടിരൂപ വരും. 2009-10ല്‍ 1,20,483 കോടിരൂപയായി ഇത് ഉയര്‍ന്നു. 2010-11ല്‍ നികുതിയിളവുകള്‍ 1,38,921 കോടി രൂപയായിരുന്നു. ഈ മൂന്നുവര്‍ഷക്കാലം ഗവണ്‍മെന്റിന് നിയമാനുസൃതം ലഭിക്കേണ്ട നികുതി ഇളവു ചെയ്ത വകയില്‍ നഷ്ടം 14,28,028 കോടി രൂപ വരും.

ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് രണ്ടാം യു പി എ ഗവണ്‍മെന്റ് അതിസമ്പന്നര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും അനുകൂലമായ നയപരിപാടികളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാനാണ്. പൊതുമേഖലയിലും ജനങ്ങളിലും നടത്തുന്ന നിക്ഷേപം രാജ്യത്തിന്റെ സമ്പദ്ഘടനയെ നിലനിര്‍ത്തുമെന്നും പ്രതിസന്ധികളെ നേരിടാന്‍ കരുത്തുപകരുമെന്നതും കണക്കിലെടുക്കാത്ത സമ്പന്നാനുകൂല നയങ്ങളാണ് രാജ്യം അവലംബിക്കുന്നത്. ഗവണ്‍മെന്റിന്റെ പൊതുമേഖലാ നിക്ഷേപം വിറ്റഴിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയെ കൂടുതല്‍ മൂര്‍ഛിപ്പിക്കാനേ സഹായിക്കൂ.

*
എന്‍ ചിദംബരം ജനയുഗം 06 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കാലത്തിന്റെ ചുവരെഴുത്തുകള്‍ കൂടുതല്‍ വ്യക്തമാകുന്നു. ആഗോളവത്കരണത്തിന്റെയും നവ ഉദാരീകരണ നയങ്ങളുടെയും ഭാഗമായ സ്വകാര്യവത്കരണ നീക്കങ്ങള്‍ പ്രത്യുത്പാദകമല്ലെന്ന് അനുദിനം തെളിയിക്കുന്നു. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഇരുപതാം വാര്‍ഷികം പിന്നിടുമ്പോള്‍ ഇന്ത്യയിലും സൂചനകള്‍ ആപത്ശങ്ക ഉയര്‍ത്തുന്നു, കൊട്ടിഘോഷിക്കപ്പെട്ട വളര്‍ച്ച ലക്ഷ്യങ്ങളുടെ സ്ഥാനത്ത് സാമ്പത്തിക മാന്ദ്യതയും തളര്‍ച്ചയുമാണ് സമ്പദ്ഘടനയുടെ എല്ലാ മേഖലകളിലും പ്രത്യക്ഷപ്പെടുന്നത്. 8.5 ശതമാനം ഒമ്പതുശതമാനം വളര്‍ച്ചയെപ്പറ്റി ധനമന്ത്രി സംസാരിച്ചിരുന്ന ദിനങ്ങള്‍ അവസാനിച്ചിരിക്കുന്നു. ഇപ്പോഴത്തെ പ്രതീക്ഷ വളര്‍ച്ച ഏറി വന്നാല്‍ ഏഴുശതമാനമെന്നായിരിക്കുന്നു, സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ ചൂണ്ടിക്കാണിക്കുന്നു.