Wednesday, December 21, 2011

ഉന്മാദിയുടെ യാത്രകള്‍

ക്ഷോഭിച്ച കടല്‍പോലെയാണ് പ്രതിഭാശാലികളുടെ മനസ്സെന്ന് പറയാറുണ്ട്. അസ്വസ്ഥതയുടെ തിരകള്‍ ഉയര്‍ന്നുപൊങ്ങിക്കൊണ്ടേയിരിക്കും. ഉന്മാദത്തോളമെത്തുന്ന ചിന്തകളും നിലപാടുകളും പ്രകടനങ്ങളുമായി അവരില്‍ചിലര്‍ സമൂഹത്തെ ചുട്ടുപൊള്ളിക്കും. ഉള്ളില്‍ നീറിത്തീരുമ്പോഴും സ്വയം പുറത്തുകടക്കാനാവാതെ അഗ്നിച്ചിറകുകളില്‍ അലഞ്ഞലഞ്ഞ് എങ്ങോ പോയ് മറയുന്നവര്‍ . അപ്പോഴും മിക്കവരുടെയും അകക്കാമ്പില്‍ സമൂഹനന്മയെച്ചൊല്ലിയുള്ള വലിയ കിനാവുകള്‍ വിരിയുന്നുണ്ടാവും.

മലയാളികള്‍ക്ക് അവരെ ജോണ്‍ എബ്രഹാമെന്നോ എ അയ്യപ്പനെന്നോ വിളിക്കാം. ചിന്തകളെയും എഴുത്തിനെയും ജീവിതംകൊണ്ട് ചൂതാടിയ ദസ്തയേവ്സ്കിയെ ഓര്‍ക്കാം. സ്വന്തം പ്രതിഭയെക്കുറിച്ച് ഒരിക്കലും സംശയം തീരാതിരുന്ന, വരച്ച ഓരോ ചിത്രത്തെയും ചൊല്ലി ആനന്ദിക്കുകയും ആശങ്കാകുലനാവുകയും ചെയ്ത, സൂര്യകാന്തിപ്പൂക്കളുടെ കിനാമഞ്ഞയായി വിന്‍സന്റ് വാന്‍ഗോഗും ഓര്‍മകളില്‍ നിറഞ്ഞേക്കാം. കറുത്ത വംശജന്റെ അവകാശങ്ങള്‍ക്കുവേണ്ടി സംഗീതത്തിലൂടെ കലഹിക്കുകയും മയക്കുമരുന്നിന്റെ ഉന്മത്തസഞ്ചാരങ്ങളിലൂടെ മറ്റൊരു താളലോകം തീര്‍ക്കുകയും ചെയ്ത് അകാലത്തില്‍ മടങ്ങിയ ജമൈക്കന്‍ ഇതിഹാസം ബോബ് മാര്‍ലിയെയുംമറക്കുവതെങ്ങനെ. എഴുത്തിലും ചിത്രമെഴുത്തിലും ചലച്ചിത്രങ്ങളിലും സംഗീതത്തിലും മാത്രമല്ല കളിക്കളങ്ങളിലും ഇത്തരം അപൂര്‍വ കാവ്യപ്രണയികള്‍ ഉണ്ടായിരുന്നു. ജീവിതത്തെയും സൃഷ്ടികളെയും കാല്‍പ്പനികതയുടെ ഉത്സവമാക്കിയവര്‍ . ഫുട്ബോളിലെ കാവ്യയൗവനമായിരുന്ന ജോര്‍ജ് ബെസ്റ്റിനെപ്പോലെ ചിലര്‍ .

ഈയിടെ ലോകത്തോട് വിടവാങ്ങിയ ബ്രസീല്‍ ഫുട്ബോള്‍ താരം സോക്രട്ടീസും പന്തുകളിയെയും ജീവിതത്തെയും വിശ്വാസപ്രമാണങ്ങളെയും ഉന്മാദത്തോളം കൊണ്ടുചെന്നെത്തിച്ച കലാകാരനായിരുന്നു. ഒരു സുന്ദര സ്വപ്നമായിരുന്നു സോക്രട്ടീസ്. അദ്ദേഹത്തിന് ഫുട്ബോളും അങ്ങനെതന്നെ. കളിക്കാരന്‍ എന്ന തൊഴിലിനെ സദാ അനിഷ്ടത്തോടെ കണ്ട സോക്രട്ടീസിന് ആത്മാവിഷ്കാരത്തിനുള്ള മഹത്തായ മാധ്യമം മാത്രമായിരുന്നു ഫുട്ബോള്‍ . കളിക്കുമ്പോള്‍ കളിക്കുകയും മദ്യപിക്കുമ്പോള്‍ മദ്യപിക്കുകയും കലഹിക്കുമ്പോള്‍ കലഹിക്കുകയും പഠിക്കുമ്പോള്‍ പഠിക്കുകയും ചെയ്ത ഫുട്ബോളിലെ ജീനിയസ്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലും എണ്‍പതുകളിലും ലോകത്തിന്റെ പതിവ് ശീലങ്ങളില്‍ അസ്വസ്ഥതകള്‍ പടര്‍ത്തിയ ഹിപ്പിസത്തിന്റെയും അരാജകവാദത്തിന്റെയുമെല്ലാം വിത്തുകള്‍ സോക്രട്ടീസില്‍ മുളപൊട്ടിയിരുന്നു. ഒപ്പം ജനാധിപത്യബോധവും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനുള്ള ജാഗ്രതയും സോക്രട്ടീസിനെ ഫുട്ബോളിലെ ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തകനാക്കി മാറ്റി. ചപ്രത്തലമുടിയും ഒതുക്കമില്ലാതെ നീട്ടിവളര്‍ത്തിയ താടിരോമങ്ങളും തലയില്‍ വീതിയേറിയ കെട്ടും വളഞ്ഞുപുളഞ്ഞുള്ള ചലനങ്ങളുമായി ഈ നെടിയ മനുഷ്യന്‍ ഫുട്ബോള്‍ ഗ്രൗണ്ടിലെ വ്യത്യസ്തമായ കാഴ്ചയായിരുന്നു.

പ്രൊഫഷണല്‍ ഫുട്ബോളിന്റെ അച്ചടക്ക ശീലങ്ങളെ പെരുമാറ്റ വൈചിത്ര്യവും വേഷഭൂഷകളും കൊണ്ട് നടുക്കിക്കളഞ്ഞു അയാള്‍ . ബാല്യകാലം മുതല്‍ ചെഗുവേരയെയും ഫിദല്‍ കാസ്ട്രോയെയും ജോണ്‍ ലെനനെയും ആരാധിച്ച സോക്രട്ടീസ് വ്യതിക്ത്വത്തിലെ വൈരുധ്യങ്ങളാലും നിലപാടുകളിലെ അടിയുറപ്പുകൊണ്ടും ഫുട്ബോളിനപ്പുറത്തേക്ക് തന്നെ വളര്‍ത്തി. ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച മധ്യനിരക്കാരനെന്ന് സോക്രട്ടീസിനെ സാമാന്യേന വിശേഷിപ്പിക്കാം. എന്നാല്‍ , അത് ആ വ്യക്തിത്വത്തിന്റെ ചെറിയ ഭാഗം മാത്രം. വൈദ്യശാസ്ത്രത്തിലും തത്വചിന്തയിലും ഡോക്ടറേറ്റ് നേടുകയും ആതുരസേവനത്തിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും എഴുത്തും പ്രഭാഷണവും മദ്യപാനവും പുകവലിയും കൂടെ കൊണ്ടുനടക്കുകയും ചെയ്ത പ്രതിഭയും നിഷേധിയും. സോക്രട്ടീസിന്റെ വിശേഷണങ്ങള്‍ക്ക് അവസാനമില്ല. 1982, 86 ലോകകപ്പുകള്‍ കണ്ടവര്‍ക്ക് സോക്രട്ടീസ് അനശ്വരമായ അനുഭവമാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായാണ് 1982ലെ ബ്രസീലിനെ വിലയിരുത്തുന്നത്.

1954ലെ ഹങ്കറിയും 1974ലെ ഹോളണ്ടുമാണ് ലോകോത്തരമായ മറ്റു രണ്ടു ടീമുകള്‍ . ഇവക്കൊന്നും ലോകകപ്പ് ജയിക്കാനായില്ലെന്നത് ചരിത്രത്തിലെ മറ്റൊരു ദുരന്തം. ഫല്‍ക്കാവോ, സീക്കോ, എല്‍ഡയര്‍ , സെര്‍ജിഞ്ഞോ, ജൂനിയര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഫുട്ബോളിലെ ഇതിഹാസ സംഘത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ടത് സോക്രട്ടീസ് ആയിരുന്നു. വാക്കുകളിലെയും നീക്കങ്ങളിലെയും ആധികാരികത സോക്രട്ടീസിനെ നേതൃഗുണമുള്ളവനാക്കുന്നുവെന്ന് കോച്ച് ടെലി സന്താന വിലയിരുത്തി. 1982, 86 ലോകകപ്പുകളില്‍ ബ്രസീലിന്റെ സുന്ദരഫുട്ബോളിന് മന്ത്രങ്ങളോതിക്കൊടുത്ത അതേ ടെലി സന്താന തന്നെ. ചടുലമായ നീക്കങ്ങളുമായി ടീമിനെ നയിച്ച, ഏതാനും ചുവടുവെപ്പുകള്‍കൊണ്ട് മൈതാനത്തെ അളന്ന സോക്രട്ടീസ് എന്ന ആ വലിയ രൂപം 1986ല്‍ മെക്സിക്കോ ലോകകപ്പ് ടെലിവിഷനില്‍ കണ്ട മലയാളികള്‍ മറന്നുപോകില്ല.

1982ല്‍ ഇറ്റലിയോടും 86ല്‍ ഫ്രാന്‍സിനോടും ക്ലാസിക്കല്‍ പോരാട്ടങ്ങളില്‍ തോറ്റു മടങ്ങേണ്ടിവന്നു ബ്രസീലിന്. തോറ്റവരെ ആ നിമിഷം വിസ്മൃതിയില്‍ തള്ളുന്ന കരുണയറ്റ ലോകം 1982ലും 86ലും പരാജിതരായി തലകുനിച്ച ബ്രസീലിനെയാണ് ഇന്നും ആരാധിക്കുന്നത് എന്നോര്‍ക്കുക. പരാജിതന്റെ പ്രതിഭയും അവന്‍ ചിന്തിയ വിയര്‍പ്പും പാഴായില്ല. ആ പോരാട്ടങ്ങളില്‍ പരാജിതനെ നയിക്കാന്‍ സോക്രട്ടീസിന് മാത്രമേ കഴിയുമായിരുന്നുള്ളൂ എന്ന് തോന്നിപ്പോകുന്നു. സിദ്ധിക്കപ്പുറം കായിക കരുത്തിനും വേഗതക്കും പ്രാധാന്യം കൊടുക്കുന്ന പ്രൊഫഷണല്‍ കാലത്തിന്റെ കളിക്കാരനല്ല സോക്രട്ടീസ്. പന്തിനെ ശരീരത്തിന്റെ ഭാഗമാക്കി മെരുക്കിയെടുത്ത് നര്‍ത്തകരുടെ ചലന സൗഭഗതയോടെ എതിരാളികളെ മറികടന്ന് ഗോള്‍മുഖം തേടിച്ചെല്ലുന്ന സൗന്ദര്യാത്മക നീക്കങ്ങളുടെ പ്രയോക്താവാണ് അദ്ദേഹം. സര്‍ഗാത്മക ബുദ്ധിയുടെയും സൃഷ്ടിപരതയുടെയും പിന്‍ബലമുള്ള ക്രിയാത്മക ഫുട്ബോളിലാണ് അദ്ദേഹം വിശ്വസിച്ചത്. പന്തിനു പിറകെ പായാനും കിട്ടുന്ന പണംകൊണ്ട് സ്പോര്‍ട്സ് കാറുകള്‍ വാങ്ങാനുമല്ലാതെ ഒന്നുമറിയാത്ത ബുദ്ധിശൂന്യരാണ് ഇപ്പോഴത്തെ കളിക്കാരെന്ന് തുറന്നടിക്കാന്‍ സോക്രട്ടീസിനല്ലാതെ മറ്റാര്‍ക്ക് കഴിയും. ഈ പ്രസ്താവന കളിക്കാരുടെ മാത്രമല്ല ഫുട്ബോളിന്റെയും നിലവാരത്തകര്‍ച്ചയോടുള്ള പ്രതിഷേധമായിരുന്നു. ഫുട്ബോളിന്റെ സൗന്ദര്യത്തെ നിഷേധിക്കുന്ന പ്രൊഫഷണല്‍ രീതികളോടുള്ള എതിര്‍പ്പ് സോക്രട്ടീസിന്റെ രാഷ്ട്രീയ നിലപാടിന്റെതന്നെ ഭാഗമാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടതും കൂടുതല്‍ കാലം കളിച്ചതും കൊറിന്ത്യന്‍സ് ഉള്‍പ്പടെയുള്ള ബ്രസീലിലെ ക്ലബ്ബുകള്‍ക്കുവേണ്ടിയായിരുന്നു. 1910ല്‍ കുടിയേറ്റ തൊഴിലാളികള്‍ സ്ഥാപിച്ച്, എക്കാലത്തും അടിസ്ഥാന വര്‍ഗത്തിന്റെ പിന്തുണയോടെ നിലനിന്ന കൊറിന്ത്യന്‍സ് ബ്രസീലിലെ പട്ടിണിപ്പാവങ്ങളുടെ ക്ലബ്ബാണ്. കൊറിന്ത്യന്‍സില്‍ തുടരുന്നത് ജനാധിപത്യപ്രക്ഷോഭത്തിന്റെ ഭാഗമായാണ് സോക്രട്ടീസ് കണ്ടത്.

1982ലെ സ്പെയിന്‍ ലോകകപ്പിലെ മിന്നുന്ന പ്രകടനത്തെത്തുടര്‍ന്ന് യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ അദ്ദേഹത്തെ റാഞ്ചാന്‍ കാത്തുനിന്നു. പട്ടാള ഭരണത്തിന്‍കീഴില്‍ അടിച്ചമര്‍ത്തപ്പെടുന്ന സ്വന്തം നാട്ടില്‍ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടത്തുംവരെ എങ്ങോട്ടുമില്ലെന്ന് ആ പോരാളി പ്രഖ്യാപിച്ചു. മുന്നിലെത്തിയ വലിയ സാമ്പത്തിക വാഗ്ദാനങ്ങളെ ജനാധിപത്യ പോരാട്ടത്തിനായി തട്ടിക്കളയുകയാണ് അദ്ദേഹം ചെയ്തത്. ഏകാധിപത്യ ഭരണത്തിനെതിരായി "കൊറിന്ത്യന്‍സ് ഡമോക്രസി" എന്ന പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലും അദ്ദേഹം ഭാഗഭാക്കായി. ജനാധിപത്യ പ്രക്ഷോഭത്തിന്റെ ദിനങ്ങളില്‍ "ജനാധിപത്യം" എന്നെഴുതിയ ജേഴ്സി ധരിച്ചാണ് അദ്ദേഹം കളിക്കാനിറങ്ങിയത്. നാട്ടില്‍ ജനാധിപത്യം പുനഃസ്ഥാപിച്ചശേഷം ഇറ്റലിയിലെ ഫിയോന്റിന ക്ലബ്ബില്‍ ചേര്‍ന്നെങ്കിലും ഒരു വര്‍ഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സോക്രട്ടീസിന്റെ രീതികള്‍ ഇറ്റലിക്കോ ഇറ്റാലിയന്‍ പ്രൊഫഷണല്‍ ഫുട്ബോളിന്റെ രീതികള്‍ സോക്രട്ടീസിനോ പഥ്യമായിരുന്നില്ല. പ്രൊഫഷണല്‍ കളിക്കാരന്റെ രൂപഭാവങ്ങളും ശരീരവടിവുകളുമൊന്നുമില്ലാത്ത പച്ച മനുഷ്യനായിരുന്നു സോക്രട്ടീസ്. എനിക്കും കുറച്ച് കളിക്കണം എന്ന മട്ടില്‍ പന്തുതട്ടാനിറങ്ങുന്ന തനി നാട്ടിന്‍പുറത്തുകാരന്‍ .

പക്ഷേ, പന്ത് കാലില്‍ കിട്ടിയാല്‍ ഈ നാട്ടുമനുഷ്യന്റെ ഭാവം മാറും. അഞ്ചാറു ചുവടുവെപ്പുകള്‍ കൊണ്ട് എതിരാളികള്‍ പിന്നിലാവും. ഏത് കടുത്ത മത്സരങ്ങളിലും അനായാസം എതിര്‍പാളയത്തിലെ വിടവുകള്‍ ആ ബൂട്ടുകള്‍ക്ക് മുന്നില്‍ തുറന്നുകിട്ടും. നീക്കങ്ങളിലെ ഒഴുക്കും ഊക്കും അസുലഭ സൗന്ദര്യമുള്ളതായിരുന്നു. വേഗവും നീക്കങ്ങളുടെ പൂര്‍ണതയുംവഴി ഗോളിലേക്ക് ആക്രമണം നയിക്കുന്നതില്‍ സോക്രട്ടീസിന് കൂടുതല്‍ സമയം പകര്‍ന്നുകിട്ടി. മധ്യനിര ആസൂത്രകന്റെ റോളില്‍ മത്സരത്തിന്റെ നിയന്ത്രണം എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ ബൂട്ടുകളിലും മസ്തിഷ്കത്തിലുമായിരുന്നു. അസാധാരണമായ ഉള്‍ക്കാഴ്ചയോടെ ആ കാലുകള്‍ കൂട്ടുകാര്‍ക്ക് പാസുകള്‍ ഒഴുക്കിക്കൊടുത്തുകൊണ്ടേയിരിക്കും. സിദ്ധിയും സാധനയും വേഗവും നീക്കങ്ങളിലെ പൂര്‍ണതയും സമന്വയിക്കുന്ന സുന്ദര ഫുട്ബോളിന്റെ നാളുകളെയാണ് ഈ ആറടി നാലിഞ്ചുകാരന്‍ പ്രതിനിധാനം ചെയ്യുന്നത്. രണ്ടേരണ്ട് ചുവടുവെച്ച് എടുക്കുന്ന പെനല്‍റ്റി കിക്കുകള്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസുകളായിരുന്നു. അതിവേഗത്തില്‍ പന്തുമായി കുതിക്കുമ്പോള്‍പോലും ഉപ്പൂറ്റികൊണ്ട് കൃത്യതയാര്‍ന്ന പാസുകള്‍ നല്‍കുന്നതിലെ "സോക്രട്ടീസ് സ്പര്‍ശം" ഫുട്ബോള്‍ ലോകത്തിന് ഇന്നും അത്ഭുതമാണ്.

ചേരികളിലും ദരിദ്ര ഗ്രാമങ്ങളിലും പന്തുകളിയുടെ അടിസ്ഥാന പാഠങ്ങള്‍ പഠിച്ച് ലോകത്തോളം വളരുന്ന ലാറ്റിനമേരിക്കന്‍ കളിക്കാരുടെ നേര്‍ വിപരീതമായിരുന്നു സോക്രട്ടീസ്. വിദ്യാസമ്പന്നരായ മാതാപിതാക്കളുടെ മകനായി മധ്യവര്‍ഗ കുടുംബത്തിലായിരുന്നു ജനനം. ബ്രസീലിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഫുട്ബോള്‍ ആവേശം താരതമ്യേന കുറഞ്ഞ ഉത്തര സംസ്ഥാനമായ പരയിലെ ബെലം ഡി പരയിലാണ് സോക്രട്ടീസ് പിറന്നതും ബാല്യകൗമാരങ്ങള്‍ പിന്നിട്ടതും. വായനയും പഠനവുമെല്ലാം ഏറെ ഇഷ്ടപ്പെട്ട ആ കുടുംബം ഗ്രീക്ക് തത്വചിന്തകനായിരുന്ന സോക്രട്ടീസിനെ ഓര്‍ത്തുകൊണ്ടാണ് മകന് പേരിട്ടത്്. സോക്രട്ടീസ് ബ്രസീലിറോ സാമ്പായിയോ ഡി സൂസ വിയേറ ഡി ഒളിവേറ എന്നായിരുന്നു മുഴുവന്‍ പേര്. ബാല്യത്തിലും കൗമാരത്തിലും കളിയെ അദ്ദേഹം കാര്യമായി കണ്ടിരുന്നില്ല. നേരമ്പോക്കെന്ന നിലയില്‍ മാത്രമായിരുന്നു ഫുട്ബോള്‍കളി. പഠനവും വായനയും എഴുത്തുമായിരുന്നു സോക്രട്ടീസിന്റെ ആദ്യ പരിഗണന. പക്ഷേ അസാമാന്യപ്രതിഭയുള്ള ആ ഫുട്ബോള്‍ കളിക്കാരന് മൈതാനത്തിന്റെ വിളി കേള്‍ക്കാതിരിക്കാനായില്ല. സാവോപോളോയിലെ ബൊട്ടാ ഫോഗോ ക്ലബ്ബിന് ഇരുപതാം വയസ്സില്‍ കളിച്ചുതുടങ്ങിയ സോക്രട്ടീസ് പിന്നീട് കൊറിന്ത്യന്‍സിലേക്ക് മാറി. ഇതിനിടക്ക് പലപ്പോഴും കളിക്കളത്തില്‍നിന്ന് വിട്ടുനിന്നു. വൈദ്യശാസ്ത്രത്തിലും തത്വചിന്തയിലും പഠനത്തിനായിരുന്നു ഈ ഇടവേളകള്‍ . നാടിന്റെ സ്നേഹത്തിനുമുന്നില്‍ ഓരോ തവണയും അദ്ദേഹം പന്തുകളിയിലേക്ക് തിരിച്ചുവന്നു.

1979ല്‍ ആദ്യമായി ബ്രസീലിന്റെ മഞ്ഞക്കുപ്പായമണിഞ്ഞ സോക്രട്ടീസ് 60 അന്താരാഷ്ട്ര മത്സരങ്ങളില്‍ 22 ഗോള്‍ അടിച്ചു. ക്ലബ്ബ് സോക്കറിലെ 396 കളിയില്‍ 207 ഗോളുകളും. ചേട്ടന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റി സോക്രട്ടീസിന്റെ സഹോദരന്‍ റായിയും പിന്നീട് ബ്രസീലിന്റെ ദേശീയ ടീമിലെത്തി. ഈ നേട്ടങ്ങള്‍ ബ്രസീലും ലോകവും ആഘോഷിക്കുമ്പോഴും സോക്രട്ടീസ് എന്ന ബഹുമുഖ വ്യക്തിത്വം ആതുരസേവനത്തിലും തത്വചിന്തയിലും എഴുത്തിലും പ്രഭാഷണത്തിലും മദ്യപാനത്തിലുമെല്ലാമാണ് ആനന്ദം കണ്ടെത്തിയത്. മത്സരത്തിന്റെ തലേന്നാള്‍ പോലും ബിയര്‍ കഴിച്ച് വയറുനിറയ്ക്കുന്ന സോക്രട്ടീസിനെ കായികതാരങ്ങള്‍ക്കെന്നല്ല ആര്‍ക്കും മാതൃകാപുരുഷനാക്കാനാവില്ല. എന്തു ചെയ്യാം, അതായിരുന്നു സോക്രട്ടീസ്. അതെല്ലാം ഇല്ലായിരുന്നെങ്കില്‍ സോക്രട്ടീസ് ഉണ്ടാവുമായിരുന്നില്ല. കളിയില്‍നിന്ന് വിരമിച്ചശേഷം ഭാര്യയോടും ആറു മക്കളോടുമൊപ്പം റിബീറോ പ്രിറ്റോയില്‍ ആതുരസേവനം നടത്തുകയായിരുന്നു അദ്ദേഹം.

ബ്രസീലിലെ നിരവധി പത്രങ്ങളില്‍ പതിവായി കോളമെഴുതുകയും ചെയ്തു. ഫുട്ബോളും രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും തത്വചിന്തയുമെല്ലാം കൂടിക്കലര്‍ന്നതായിരുന്നു ചിന്തോദ്ദീപകമായ ആ എഴുത്ത്. ബ്രസീല്‍ ടെലിവിഷനില്‍ ഫുട്ബോള്‍ വിശലകനത്തിനും അദ്ദേഹം എത്തിക്കൊണ്ടിരുന്നു. സാവോപോളോയിലെ ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ അമ്പത്തേഴാം വയസ്സില്‍ ലോകത്തോട് വിടപറയുമ്പോള്‍ സോക്രട്ടീസ് ബാക്കിവെച്ചുപോയത് ഫുട്ബോളിലെ മാത്രമല്ല മനുഷ്യജീവിതത്തിലെതന്നെ സവിശേഷ സത്യങ്ങളാണ്. വ്യത്യസ്ത മേഖലകളിലേക്ക് പടര്‍ന്നുകയറുന്ന പ്രതിഭയുടെ ബഹുമുഖ ഭാവങ്ങള്‍ പല മനുഷ്യരിലും അന്തര്‍ലീനമായിരിക്കുന്നു എന്ന ആരും ശ്രദ്ധിക്കാത്ത സത്യം. പ്രതിഭയുടെ ഈ ആന്തരിക വിസ്ഫോടനം മനുഷ്യനെ ഉന്മാദിയും സ്വപ്നജീവിയും കലാപകാരിയും അനുതാപിയും കലാകാരനുമാക്കുന്നുവെന്നാണ് സ്വജീവിതം കൊണ്ട് സോക്രട്ടീസ് പ്രഖ്യാപിച്ചത്. ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച 125 പേരില്‍ ഒരാളായാണ് സോക്രട്ടീസിനെ പെലെ വിശേഷിപ്പിക്കുന്നത്. വേള്‍ഡ് സോക്കര്‍ മാസിക തെരഞ്ഞെടുത്ത നൂറ് ഉജ്വല ഫുട്ബോള്‍ താരങ്ങളുടെ പട്ടികയിലും സോക്രട്ടീസ് ഇടം കണ്ടു. ഫുട്ബോള്‍ മികവിന്റെ പേരില്‍ തന്നെയാവും ലോകം സോക്രട്ടീസിനെ വരും നാളുകളില്‍ ഓര്‍ക്കുക.

*
ടി ആര്‍ മധുകുമാര്‍ ദേശാഭിമാനി വാരിക 24 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഈയിടെ ലോകത്തോട് വിടവാങ്ങിയ ബ്രസീല്‍ ഫുട്ബോള്‍ താരം സോക്രട്ടീസും പന്തുകളിയെയും ജീവിതത്തെയും വിശ്വാസപ്രമാണങ്ങളെയും ഉന്മാദത്തോളം കൊണ്ടുചെന്നെത്തിച്ച കലാകാരനായിരുന്നു. ഒരു സുന്ദര സ്വപ്നമായിരുന്നു സോക്രട്ടീസ്. അദ്ദേഹത്തിന് ഫുട്ബോളും അങ്ങനെതന്നെ. കളിക്കാരന്‍ എന്ന തൊഴിലിനെ സദാ അനിഷ്ടത്തോടെ കണ്ട സോക്രട്ടീസിന് ആത്മാവിഷ്കാരത്തിനുള്ള മഹത്തായ മാധ്യമം മാത്രമായിരുന്നു ഫുട്ബോള്‍ . കളിക്കുമ്പോള്‍ കളിക്കുകയും മദ്യപിക്കുമ്പോള്‍ മദ്യപിക്കുകയും കലഹിക്കുമ്പോള്‍ കലഹിക്കുകയും പഠിക്കുമ്പോള്‍ പഠിക്കുകയും ചെയ്ത ഫുട്ബോളിലെ ജീനിയസ്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലും എണ്‍പതുകളിലും ലോകത്തിന്റെ പതിവ് ശീലങ്ങളില്‍ അസ്വസ്ഥതകള്‍ പടര്‍ത്തിയ ഹിപ്പിസത്തിന്റെയും അരാജകവാദത്തിന്റെയുമെല്ലാം വിത്തുകള്‍ സോക്രട്ടീസില്‍ മുളപൊട്ടിയിരുന്നു. ഒപ്പം ജനാധിപത്യബോധവും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനുള്ള ജാഗ്രതയും സോക്രട്ടീസിനെ ഫുട്ബോളിലെ ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തകനാക്കി മാറ്റി. ചപ്രത്തലമുടിയും ഒതുക്കമില്ലാതെ നീട്ടിവളര്‍ത്തിയ താടിരോമങ്ങളും തലയില്‍ വീതിയേറിയ കെട്ടും വളഞ്ഞുപുളഞ്ഞുള്ള ചലനങ്ങളുമായി ഈ നെടിയ മനുഷ്യന്‍ ഫുട്ബോള്‍ ഗ്രൗണ്ടിലെ വ്യത്യസ്തമായ കാഴ്ചയായിരുന്നു.