Wednesday, December 7, 2011

"തിരുപ്പിറവി"

ഇന്ദ്രപ്രസ്ഥത്തില്‍ ആഭ്യന്തര അടിയന്തരാവസ്ഥ. എന്തും നേരിടാന്‍ സൈന്യത്തിന് മുന്നറിയിപ്പ് പോയി. കടല്‍ -കര-വായുസേന ജാഗ്രതയില്‍ . പീരങ്കികള്‍ ചുണ്ടു നനച്ചൊരുങ്ങിനിന്നു. സിഗ്നല്‍ കാത്ത് പോര്‍വിമാനങ്ങള്‍ അക്ഷമരായി. പടക്കപ്പലുകള്‍ പടഹമടിച്ചു. പൊലീസ് പെട്രോളിങ് ശക്തം. തലങ്ങും വിലങ്ങും അവ ചീറി. പ്രധാന കേന്ദ്രങ്ങളില്‍ ആംഡ് റിസര്‍വ് നിരന്നു. അവര്‍ക്ക് പിന്നില്‍ അര്‍ധനാരീശ്വര സൈന്യം. ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ സൈറ്റ് അറ്റ് ഷൂട്ട്. സെറ്റില്‍ ഡൗണ്‍ വിത്തൗട്ട് സെറ്റില്‍മെന്റ്. റെയില്‍വേ സ്റ്റേഷന്‍ , വിമാനത്താവളം എന്നിവിടങ്ങളില്‍ കര്‍ശന പരിശോധന. ഈച്ചയെപ്പോലും ഒഴിവാക്കിയില്ല. മരിച്ചവരെ വരെ മെറ്റല്‍ ഡിറ്റക്ടറിലൂടെ കടത്തിവിട്ടു. അഴിച്ചു പരിശോധനക്കായി അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദുര്യോധനാസില്‍നിന്നും വിദഗ്ധ പരിശീലനം നേടിയവരെത്തി. രാജസദസ്സില്‍ ദുശ്ശാസനനെപ്പോലെ അവര്‍ കൈനീട്ടി നിന്നു- ദ്രൗപദിമാരെക്കാത്ത്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ ഉലിയും എന്ന മട്ടിലാണ് അവര്‍ .

ബോംബാണ്, എവിടെയും വെക്കാം. അങ്ങനെയാണ് അവന്റെ നിര്‍മിതി. ബോംബു പരിശോധനക്ക് നഗരത്തില്‍ നായകള്‍ ഇറങ്ങി. ഹോട്ടലില്‍നിന്നും സമൂസയും കടിച്ചുകൊണ്ട് അവര്‍ ജീവനും കൊണ്ടോടി. ഇന്ദ്രപ്രസ്ഥത്തില്‍ അടിയന്തര ക്യാബിനറ്റ് നിന്നുകൊണ്ട് ചേര്‍ന്നു. സ്ഥിതിഗതികള്‍ വഷളായതിനാല്‍ കാച്ചിയ പാലില്‍ ബദാം കുറുക്കിയത് ഒഴിവാക്കി. നെയ്യില്‍ പൊരിച്ച കശുവണ്ടി കൊറിച്ച് സമയം ലാഭിച്ചു. പ്രശ്നത്തിന്റെ നാനാവശങ്ങളെക്കുറിച്ച് പരിശോധിക്കാനുള്ളതിനാല്‍ നാനാരീതിയില്‍ തല പിടിച്ചായിരുന്നു പര്യാലോചന. മന്ത്രിമാര്‍ സ്വന്തം വകുപ്പുകളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സോദാഹരണ പ്രഭാഷണം നടത്തി. അടിയന്തര പരിതസ്ഥിതിയായതിനാല്‍ കോട്ടുവായ ഒഴിവാക്കി. അത് അടുത്ത ക്യാബിനറ്റിലേക്ക് മാറ്റിവെച്ചു. എല്ലാ നഗരകേന്ദ്രങ്ങളിലും ആംബുലന്‍സ് റെഡി. ഓപ്പറേഷന്‍ തിയേറ്റര്‍ സദാ സജ്ജം. ഡോക്ടര്‍മാര്‍ ഇരുപത്തിനാലു മണിക്കൂറും ഡ്യൂട്ടിയില്‍ . നേഴ്സുമാരുടെ ലീവ് അടിയന്തരമായി റദ്ദാക്കി. വിളക്കേന്തിയ വനിതകള്‍ പകലും വിളക്കൂതാതെ വാര്‍ഡുകളില്‍ റോന്തു ചുറ്റി.

അത്യാസന്ന രോഗികളോട് മരണത്തിന്റെ അനിവാര്യതയെക്കുറിച്ച് പ്രഭാഷണം നടത്തി ഡിസ്ചാര്‍ജ് ചെയ്തു. അനാത്യാസന്നരെ അടിച്ചോടിച്ചു. ഒ പി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. രക്തമൂത്രാദികള്‍ , ഇ സി ജി, സ്കാന്‍ എന്നിവ സി ബി ഐയെക്ക് കൈമാറി. യാത്ര ഒഴിവാക്കാന്‍ പൊലീസ് നിര്‍ദേശം. ഗതാഗതത്തിന് നിയന്ത്രണം. തെരുവുകള്‍ ശാന്തം, കടകള്‍ മൂകം, അന്തരീക്ഷം ആകാംക്ഷാഭരിതം. ഇടക്കിടക്ക് സൈറണ്‍ മുഴക്കി പായുന്ന പൊലീസ് വാഹനങ്ങള്‍ മാത്രം നിശബ്ദത ഭഞ്ജിച്ചു. ക്രൈസിസ് മാനേജ്മെന്റ് നിരന്തരം യോഗം ചേര്‍ന്നു. പ്രശ്നം ഒരു പ്രസവമാണ്. അനന്തകോടി പ്രസവങ്ങള്‍ പോലെ അതിസാധാരണമായ സംഭവമല്ല ഇത്. തലമുറകളെ നിലനിര്‍ത്താനുള്ള പ്രകൃതിയുടെ നിശബ്ദമായ കല്‍പ്പനയുമല്ല ഇത്. രാഷ്ട്രീയ- സാമൂഹ്യ- സാമ്പത്തിക- സാംസ്കാരിക മേഖലകളില്‍ വിസ്ഫോടനം സൃഷ്ടിക്കുന്ന അനവദ്യ സുന്ദര അസുലഭ മോഹന അത്യപൂര്‍വാഡംബരഭരിത പ്രസവ പ്രക്രിയയാകുന്നു. രാജ്യത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഒരു നടിയുടെ പ്രസവം. എ സെലിബ്രിറ്റി ഡെലിവറി. അഥവാ ഒരു രാജകീയ തിരുവയറൊഴിയല്‍ .

ഈ പ്രസവത്തോടെ വന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ജി ഡി പി ഉയരും. ആഭ്യന്തര നിക്ഷേപം വര്‍ധിക്കും. തൊഴില്‍ സാധ്യത പെരുകും. പട്ടിണി നാടുകടക്കും. പെട്രോളിനും പാചക വാതകത്തിനും വില കുറയും. കശ്മീര്‍ ശാന്തമാകും. മാവോയിസ്റ്റുകള്‍ കീഴടങ്ങും. എല്ലാവര്‍ക്കും കുടിവെള്ളമെത്തും. ഒരു രൂപക്ക് അരി. ഭൂമിയില്ലാത്ത എല്ലാവര്‍ക്കും ഭൂമി. പാര്‍പ്പിടപ്രശ്നത്തിന് ശാശ്വതമായ പരിഹാരം. കാര്‍ഷികോല്‍പ്പാദനം വര്‍ധിക്കും. മണ്ണിന്റെ ഫലപുഷ്ടി കൂടും. മഴ വരും. മരണ നിരക്ക് കുറയും. ആയുസ്സ് കൂടും. ജനകീയാരോഗ്യം ശക്തിപ്പെടും. ചിക്കുന്‍ഗുനിയ അപ്രത്യക്ഷമാവും. ചൊറി, വില്ലന്‍ ചുമ, വയറിളക്കം എന്നീ ദരിദ്രരോഗങ്ങള്‍ ലജ്ജിച്ച് തല കുനിക്കും. വിദ്യാഭ്യാസ നിലവാരം ഉയരും. ലിംഗനീതി കൈവരും. അത്യത്ഭുതകരമായ ദിവ്യപ്രസവമേ.....നിന്റെ മുന്നില്‍ 110 കോടി ജനങ്ങളുടെ ദണ്ഡനമസ്കാരം. രംഗം - രണ്ട് കര്‍ട്ടന്‍ ഉയരുമ്പോള്‍ വേദിയില്‍ പത്രമാപ്പീസ്. എല്ലാ ഇനങ്ങളും ഉണ്ട്. ബുദ്ധിജീവി മുതല്‍ ബുഭുക്ഷുജീവി വരെ. നടനവൈഭവമുള്ളതിനാല്‍ വേദിയില്‍ നാട്യം പ്രധാനം. വെളിച്ചം പതുക്കെ തെളിയുമ്പോള്‍ പത്രാധിഭര്‍ സമ്മര്‍ദരഥത്തില്‍ സ്വര്‍ഗയാത്ര ചെയ്യുന്നു. ഉപജീവി പത്രാധിഭര്‍മാര്‍ അനുയാത്ര ചെയ്യുന്നു. ഉപജീവികള്‍ തല മേലോട്ടും കീഴോട്ടുമാക്കിയും, പത്രാധിഭര്‍ നാലു വശത്തേക്കു തിരിഞ്ഞും സമ്മര്‍ദം അഭിനയിക്കേണ്ടതാണ്. ചര്‍ച്ച. ചര്‍ച്ചക്കു മുമ്പ് ടി വി ഓണ്‍ ചെയ്തു. അതില്‍ മല്‍സമയം എന്ന മട്ടില്‍ തല്‍സമയം.

"....ഇപ്പോള്‍ ലേബര്‍ റൂമിന്റെ മുന്നില്‍ ഞങ്ങളുടെ പ്രതിനിധി ഉണ്ട്...നടി ഗര്‍ഭിണിയായ വിവരം ആദ്യം പുറത്തുവിട്ടത് ഞങ്ങളാണ്. നടിയുടെ ഭര്‍ത്താവു പോലും ഞങ്ങളില്‍നിന്നാണ് വിശദവിവരങ്ങള്‍ അറിഞ്ഞത്.... നടി ഏതാനും നിമിഷങ്ങള്‍ക്കകം ലേബര്‍ റൂമില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്...ഇപ്പോള്‍ പ്രത്യേകിച്ച് നമ്മുടെ മുന്നില്‍ വിവരങ്ങള്‍ ഒന്നുമില്ല. എന്തായാലും പ്രസവം നടക്കുമെന്നുതന്നെ നമുക്ക് ഉറപ്പിക്കാവുന്നതാണ്...മറ്റൊരു സാധ്യതയും കാണുന്നില്ല. ഗര്‍ഭിണിയായാല്‍ പിന്നെ പ്രസവിക്കുമെന്നുതന്നെയാണ് നമുക്കറിയാന്‍ കഴിഞ്ഞത്...ആ സ്ഥിതിയില്‍ ഇതുവരെ മാറ്റമുണ്ടായതായി അറിയാന്‍ കഴിഞ്ഞിട്ടില്ല... "

....ഇപ്പോഴുള്ള ഏകദേശ ധാരണ എന്താണ്..?"

"....ഏകദേശ ധാരണ ഒന്നുമില്ല എന്നുള്ളതാണ് ഇപ്പോള്‍ നമ്മുടെ കൈയിലുള്ള ഏക ഏകദേശധാരണ. കുറച്ചു കഴിയുമ്പോള്‍ നമുക്ക് ഒരേകദേശ ധാരണ കിട്ടും. നമുക്കു മാത്രമായിരിക്കും ഈ ഏകദേശ ധാരണ. ഡോക്ടര്‍മാരെ ബന്ധപ്പെട്ടിരുന്നു. അവര്‍ ഉറപ്പിച്ചൊന്നും പറയുന്നില്ല...."

"....ഇപ്പോള്‍ നമുക്കെന്താണ് ഉറപ്പിച്ചു പറയാന്‍ കഴിയുക..?"

"....ഇപ്പോള്‍ ഉറപ്പിച്ചു പറയാവുന്ന ഏകകാര്യം നടി തന്നെ പ്രസവിക്കും എന്നതാണ്. ഡ്യൂപ്പായിരിക്കും പ്രസവിക്കുക എന്ന ധാരണ നേരത്തെ ഉണ്ടായിരുന്നു. നമ്മള്‍തന്നെ അത് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആ സ്ഥിതി മാറി നടി തന്നെ പ്രസവിക്കും എന്നുറപ്പായിട്ടുണ്ട്. അതും നമ്മള്‍തന്നെയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

"പ്രസവത്തിനുവേണ്ടി എന്തെല്ലാം ഒരുക്കങ്ങളാണ് അവിടെ ചെയ്തിരിക്കുന്നതെന്ന് നമ്മുടെ പ്രേക്ഷകര്‍ക്കുവേണ്ടി ഒന്നു ചുരുക്കി വിവരിക്കാമോ..?"

" വമ്പിച്ച ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ശ്രീരാമ പട്ടാഭിഷേകത്തിന് അയോധ്യാപുരി ഒരുങ്ങിയതു പോലെയാണ് ആശുപത്രിയും പരിസരവും. എങ്ങും കൊടിതോരണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നവജാത ശിശുവിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് വ്യാപകമായി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നവജാത ശിശുവിന്റെ ഫാന്‍സ് അസോസിയേഷനുകള്‍ ഇതിനകം പല സ്ഥലത്തും രൂപീകരിച്ചു കഴിഞ്ഞു. പ്രധാന നഗരകേന്ദ്രങ്ങളില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ചില സ്ഥലത്ത് പായസമാണ് തയ്യാറാക്കിയിരിക്കുന്നത്. ആശുപത്രിയും ചുറ്റുവട്ടവും ഉത്സവ ലഹരിയിലാണ്. വാദ്യമേളങ്ങള്‍ , വെടിക്കെട്ട്, സംഗീതമേള എന്നിവ ഏര്‍പ്പാടാക്കിയിട്ടുണ്ട്. താരാട്ടുപാട്ടുകള്‍ ഇപ്പോഴേ മുഴങ്ങിത്തുടങ്ങി.“

"ശരി. വിളിക്കാം. നിങ്ങള്‍ അവിടെത്തന്നെ കിടന്നോളൂ"

പത്രാധിഭര്‍ ടി വി പൂട്ടി. ചര്‍ച്ച തുടങ്ങി. പത്രാധിഭര്‍ ആമുഖമായി പ്രസംഗിച്ചു.

"വളരെ പ്രധാനപ്പെട്ട സംഭവമാണ് നടക്കാന്‍ പോകുന്നത്. ഫസ്റ്റ് ഇന്‍ യുവര്‍ പ്രൊഫഷന്‍ . നിങ്ങള്‍ക്കൊരു വെല്ലുവിളി. ഈ പ്രസവം നിങ്ങള്‍ എങ്ങനെ ഏറ്റെടുക്കും?"

ഉപജീവി പത്രാധിഭര്‍മാര്‍ ഇനം തിരിഞ്ഞാലോചിച്ചു. പിടിച്ചെടുക്കുന്ന തലക്കെട്ടു വേണം. ഞെട്ടണം. നടി പ്രസവിച്ചു എന്ന മട്ടില്‍ വേണ്ട. അത് നീരൊഴുക്ക് നിലച്ചു എന്ന മട്ടിലായിപ്പോകും. സിനിമാ സങ്കേതങ്ങള്‍ തന്നെ ഉപയോഗിക്കുന്നതാവും നല്ലത്. പ്രൊഫഷണല്‍ കണക്ഷനുണ്ടാവുമ്പോള്‍ വായനക്കാരന് കൂടുതല്‍ രസിക്കും" "അധ്യാപിക പ്രസവിച്ചാല്‍ -പുതിയ സിലബസ് പ്രഖ്യാപിച്ചു- എന്ന് പറയുന്ന പോലെ, അല്ലെ സര്‍ ?" "ചോദ്യപേപ്പര്‍ പുറത്തായി എന്നതാവും കുറച്ചുകൂടി ഉചിതം"- മറ്റൊരു ഉപജീവി കൂട്ടിച്ചേര്‍ത്തു.

പത്രാധിഭര്‍ വിലക്കി. "വിഷയത്തില്‍നിന്ന് മാറ്റിച്ചവിട്ടരുത്."

അതോടെ ഇതികര്‍ത്തവ്യമൂഢരായ പത്രാധിഭ സമിതി ഒന്നടങ്കം ആലോചനയില്‍ വീണു. ഭാഗ്യം! ആര്‍ക്കും പരിക്കില്ല.

" കട്ട്...കട്ട്...കുട്ടി പിറന്നു" എന്നാവാം. "തിരക്കഥയില്ലാത്ത പിറവി" എന്നായാലോ..?" ഇതിലൊന്നും പ്രസവത്തിന്റെ തീവ്രതയില്ല, കഠിന വ്യഥകളുടെ കടന്നുവരവില്ല.. എങ്കില്‍ ദാ പിടിച്ചോ.. "യ്യ്യ്യോ...ഹാവൂ!..ആരാരോ.." "കണ്ണീരും നക്ഷത്രവും"

കൂട്ടത്തിലെ ബുദ്ധിജീവിക്ക് പിടിച്ചില്ല.

"നിങ്ങളുടെ ഭാവന പരമ്പരാഗത സരണിയിലൂടെ തന്നെയാണ്. അല്ലെങ്കില്‍ മാര്‍ക്കറ്റിന്റെ നിര്‍ബന്ധങ്ങളിലൂടെ ഒഴുകിപ്പോകുന്നു. ഇതൊക്കെ ജഡസമാനമാണ്. പുതിയ തലമുറയോട് ഉദ്ബുദ്ധമായി സംവേദിക്കാന്‍ ഇത് നമ്മെ പ്രാപ്തരാക്കുന്നില്ല എന്ന തിരിച്ചറിവില്‍നിന്നു വേണം സര്‍ഗപരമായി ചിന്തിക്കാനുള്ള സ്പേസ് കണ്ടെത്താന്‍ ."

"എന്നാ താമ്പറ...."

ബുദ്ധിജീവി മീശ താഴോട്ടു വലിച്ചും, കണ്ണ് മേലോട്ടുമാക്കി പ്രഖ്യാപിച്ചു.

"....ലിംഗനീതിയുടെ ആശയപരിസരത്ത് സ്വത്വപ്രഖ്യാപനം"

പത്രാധിഭര്‍ ക്ഷമയുടെ നെല്ലിപ്പലക രണ്ടാക്കി ഒടിച്ച് പാഞ്ഞടുത്തു. "....പന്നീ, കൊല്ലും ഞാന്‍ . മനുഷ്യനിവിടെ കാലു വെന്തു നില്‍ക്കുമ്പോഴാണ് നിന്റെ..."

മറ്റുള്ളവരുടെ വിവരമില്ലായ്മയില്‍ തീവ്രവേദന അനുഭവിച്ച്, അവരുടെ മോചനത്തിനായി ബുദ്ധിജീവി കുരിശില്‍ തറച്ചവനെപ്പോലെ കസേരയില്‍ കിടന്നു. ഏതാനും നിമിഷങ്ങള്‍ക്കകം നടി പ്രസവിക്കും.

വീണ്ടും ടി വിയിലേക്ക്.

"....നടിയെ ലേബര്‍ റൂമിനകത്തേക്ക് പ്രവേശിപ്പിച്ചുകഴിഞ്ഞു. ലേബര്‍ റൂം ഇപ്പോള്‍ പട്ടാളം വളഞ്ഞിരിക്കുകയാണ്. ലേബര്‍ റൂമിനകത്ത് നമ്മുടെ പ്രതിനിധിയുണ്ട്. അദ്ദേഹത്തിലേക്ക് പോകാം.... എന്തൊക്കെയാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്...?"

"അതിപ്പോ എങ്ങ്ന്യാ പറയ്യാ..?"

ടി വി ഓഫ്. പത്രാധിഭര്‍മാരുടെ അന്തിമ ചര്‍ച്ച കത്തിക്കയറി. തീരുമാനമായി. ഒന്നാം പേജില്‍ പ്രധാന വാര്‍ത്ത. പ്രസവശുശ്രൂഷക്ക് ഒരു പേജ് മുഴുവന്‍ . കളര്‍ . പ്രസവ പൂര്‍വ- അനന്തര കഥകള്‍കൊണ്ട് അവ സമ്പന്നം. പ്രതികരണങ്ങള്‍ , ഓഹരിക്കമ്പോളത്തിലെ കുതിച്ചുകയറ്റം എന്നിവ മറ്റൊരു പേജില്‍ . കലക്കും. ഓരോരുത്തര്‍ക്കും ജോലി നിശ്ചയിച്ചു. അവര്‍ തിരക്കില്‍ തല പൂഴ്ത്തി. മുഖ്യവാര്‍ത്തക്ക് ആസ്ഥാന സാഹിത്യകാരന്‍ പേന തുറന്നു. പ്രവഹിച്ചൂ, നിരര്‍ഗളം.

"ഘടികാര സൂചിയില്‍നിന്ന് നിമിഷങ്ങള്‍ ഊര്‍ന്ന് വീഴ്കെ, ഇരുണ്ട വെള്ളിത്തിരയിലേക്ക് വെളിച്ചത്തിന്റെ പ്രവാഹം പോലെ വിശുദ്ധ പിറവി. കാത്തുകാത്തിരുന്ന് റിലീസായ ചിത്രത്തിന്റെ ആദ്യ സീനിലെ കരച്ചിലിന് മണ്ണിലിറങ്ങിയ താരങ്ങള്‍ താരാട്ടു പാടി...."

സമയത്തിനെതിരെ പത്രാധിഭര്‍മാരുടെ അക്ഷരം കൊണ്ടുള്ള യുദ്ധം. മധുരമനോഹര മനോജ്ഞ കോമള പദാവലികള്‍കൊണ്ട് കോര്‍ത്തെടുത്ത വരികള്‍ 124 എണ്ണം. തേന്‍ തുളുമ്പും തലക്കെട്ടുകള്‍ ആറെണ്ണം. പളപളമിന്നും ബഹുവര്‍ണ ചിത്രങ്ങള്‍ പത്തെണ്ണം.

ഹായ്!. കൊതിയാവ്ണു. അപ്പോള്‍ പത്രാധിഭറുടെ ഫോണ്‍ അനാവശ്യമായി ചിലച്ചു. ചിലച്ച ജന്തുവിനെ ഒറ്റ വിരലില്‍ തോണ്ടിയെടുത്ത് പത്രാധിഭര്‍ ചെവിട്ടില്‍ വെച്ചു. "ങ്ങേ..ങ്ങേ.." എന്ന ശബ്ദം പത്രാധിഭറില്‍നിന്ന് മുഴങ്ങി. ഫോണ്‍ താഴെ വെച്ചു. റെഡ് അലെര്‍ട്ട്!. അടിയന്തര യോഗം. പത്രാധിഭര്‍മാര്‍ വീണ്ടും കൂടി.

"ഒരു കര്‍ഷകന്‍ വിഷം കഴിച്ച് ഇപ്പോള്‍ മരിച്ചിരിക്കുന്നു. പഴയ സബ്ജക്റ്റ്. കടക്കണി. നൗ വീ ഹാവ് ടു സബ്ജക്റ്റ്സ്. സൂയിസൈഡ് ആന്‍ഡ് സ്റ്റാര്‍ ഡെലിവറി. പ്രസവം, ആത്മഹത്യ. എങ്ങനെ പ്രസന്റ് ചെയ്യണം?. പ്രയോറിറ്റി എങ്ങനെ? മുന്‍ഗണന ആര്‍ക്ക്?"

"കര്‍ഷക ആത്മഹത്യക്ക് ഇപ്പോള്‍ നോ ന്യൂസ് വാല്യൂ. വാര്‍ത്താമൂല്യമില്ല. ഇറ്റ് ബിക്കംസ് എ കോമണ്‍ പ്രാക്റ്റീസ്. പതിവു സംഭവം. വായനക്കാര്‍ ബോറടിക്കും. മാത്രമല്ല ഈ സൂയിസൈഡിനു തന്നെ ഒരു നോവല്‍റ്റി ഇല്ല. പതിവു മെത്തേഡ്സാണ് അവര്‍ സ്വീകരിക്കുന്നത്. ടേയ്ക്കിങ് പോയിസണ്‍ ...വിഷം കഴിക്കുക.... വിഷം കഴിക്കുക...ഒരു ചെയ്ഞ്ച് വേണ്ടേ..."

പത്രാധിഭര്‍മാര്‍ ആ ഫലിതം കണക്കിനാസ്വദിച്ചു.

ഡെഡ് ലൈനില്ലാതെ ചിരിച്ചു.

"പ്രസവം ഒരു പോസിറ്റീവ് ആസ്പെക്റ്റാണ്. ആത്മഹത്യ നെഗറ്റീവും. നമ്മള്‍ പോസിറ്റീവ് ആകണം. മാത്രമല്ല, ഇതുപോലെ ഒരു പ്രസവം എന്നൊക്കെ പറയുന്നത് വണ്‍സ് ഇന്‍ ആന്‍ ഈറ. യുഗങ്ങളിലൊന്ന്. സൂയിസൈഡൊക്കെ ഡെയ്ലിയല്ലെ!.“

പ്രസവത്തിന്റെ പസന്റേഷനില്‍ ഒരു മാറ്റവും വേണ്ടെന്ന് അന്തിമമായി തീരുമാനിച്ചു. എങ്കിലും അനാഥനായ കര്‍ഷകന്റെ ജഡം ചരമപ്പേജിന്റെ അവസാന കോളത്തിലെ അവസാന ഭാഗത്ത് കുഴിച്ചിടാന്‍ പത്രാധിഭര്‍ര്‍ര്‍ര്‍ സന്മനസ്സു കാണിച്ചു. രംഗം ഇരുളുന്നു. യവനിക താഴുന്നു. പശ്ചാത്തലത്തില്‍ പത്രമടിക്കുന്ന ശബ്ദം.

*
എം എം പൗലോസ് ദേശാഭിമാനി വാരിക 10 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ദ്രപ്രസ്ഥത്തില്‍ ആഭ്യന്തര അടിയന്തരാവസ്ഥ. എന്തും നേരിടാന്‍ സൈന്യത്തിന് മുന്നറിയിപ്പ് പോയി. കടല്‍ -കര-വായുസേന ജാഗ്രതയില്‍ . പീരങ്കികള്‍ ചുണ്ടു നനച്ചൊരുങ്ങിനിന്നു. സിഗ്നല്‍ കാത്ത് പോര്‍വിമാനങ്ങള്‍ അക്ഷമരായി. പടക്കപ്പലുകള്‍ പടഹമടിച്ചു. പൊലീസ് പെട്രോളിങ് ശക്തം. തലങ്ങും വിലങ്ങും അവ ചീറി. പ്രധാന കേന്ദ്രങ്ങളില്‍ ആംഡ് റിസര്‍വ് നിരന്നു. അവര്‍ക്ക് പിന്നില്‍ അര്‍ധനാരീശ്വര സൈന്യം. ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ സൈറ്റ് അറ്റ് ഷൂട്ട്. സെറ്റില്‍ ഡൗണ്‍ വിത്തൗട്ട് സെറ്റില്‍മെന്റ്. റെയില്‍വേ സ്റ്റേഷന്‍ , വിമാനത്താവളം എന്നിവിടങ്ങളില്‍ കര്‍ശന പരിശോധന. ഈച്ചയെപ്പോലും ഒഴിവാക്കിയില്ല. മരിച്ചവരെ വരെ മെറ്റല്‍ ഡിറ്റക്ടറിലൂടെ കടത്തിവിട്ടു. അഴിച്ചു പരിശോധനക്കായി അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദുര്യോധനാസില്‍നിന്നും വിദഗ്ധ പരിശീലനം നേടിയവരെത്തി. രാജസദസ്സില്‍ ദുശ്ശാസനനെപ്പോലെ അവര്‍ കൈനീട്ടി നിന്നു- ദ്രൗപദിമാരെക്കാത്ത്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ ഉലിയും എന്ന മട്ടിലാണ് അവര്‍ .