Sunday, August 31, 2008

ഗുജറാത്ത്, ഒറീസ, ടി.കെ.രാമചന്ദ്രന്‍

'ഒറീസയായിരിക്കണം ഭാരതത്തിലെ ആദ്യരാമരാജ്യം, അതു യാഥാര്‍ഥ്യമാവണമെങ്കില്‍ ഇവിടത്തെ ആദിവാസികളെ മതപരിവര്‍ത്തനം നടത്തുന്ന ക്രിസ്ത്യന്‍ പാതിരിമാരെ നാം തോല്‍പിക്കണം'

പ്രവീണ്‍ തൊഗാഡിയ 2003

സീറ്റിനും ചെയര്‍മാന്‍ പദവിക്കുംവേണ്ടി ബിജെപിയുമായി വിലപേശുന്നതില്‍ പേശീബലം കാട്ടുന്ന ബിജെഡി ഹിന്ദുത്വരാഷ്ട്രീയമായ പ്രശ്നം വരുമ്പോള്‍ ബിജെപിക്ക് പൂര്‍ണമായും കീഴടങ്ങുന്ന കാഴ്ചയാണ് കാണുന്നത്. മുന്‍കരുതല്‍ എടുത്തിരുന്നെങ്കില്‍ തടയാമായിരുന്ന വര്‍ഗീയസംഘര്‍ഷമായിരുന്നു ഫുല്‍ബാനിയിലേത്. അതിന് തയ്യാറില്ലെന്നു മാത്രമല്ല സംഘപരിവാര്‍ ശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ എറെ അവസരം നല്‍കുകയായിരുന്നു നവീന്‍ പട്നായിക് ഗവണ്‍മെന്റ്. രണ്ടാഴ്‌ചയ്‌ക്കുശേഷവും സ്ഥിതി നിയന്ത്രണാധീനമാക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കലാപം തുടരുന്നിടത്തോളം ഗുണം സംഘപരിവാറിനാണ്. അതുകൊണ്ടാണ് സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍പോലും ബിജെപി തയ്യാറാകാത്തത്. കോണ്‍ഗ്രസാകട്ടെ നിശ്ശബ്ദ കാഴ്ചക്കാര്‍ മാത്രവും. മതനിരപേക്ഷതയുടെ കാവല്‍ഭടന്മാരായി പ്രവര്‍ത്തിക്കേണ്ട കോണ്‍ഗ്രസിന്റെ ഈ സമീപനം സംഘപരിവാറിന് ചൂട്ടുപിടിക്കലാണ്. ഒറീസയില്‍നിന്ന് വാര്‍ത്തകള്‍ തുടങ്ങിയിട്ടേയുള്ളൂ. വംശീയവും വര്‍ഗീയവുമായ സംഘര്‍ഷങ്ങളുടെ വിളനിലമായി ഈ പിന്നോക്ക സംസ്ഥാനം മാറുകയാണ്.

ശ്രീ. വി.ബി.പരമേശ്വരന്‍ 2007 ഡിസംബര്‍

രണ്ടു ഉദ്ധരണികളും യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ഒറീസ വീണ്ടും കത്തിയെരിയുകയാണ്. വി.എച്ച്.പി. നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ വധത്തെത്തുടര്‍ന്ന് വിശ്വഹിന്ദു പരിഷത്തും ബജ്‌രംഗ്‌ദളും അവിടത്തെ ക്രൈസ്തവര്‍ക്കും ക്രൈസ്തവസ്ഥാപനങ്ങള്‍ക്കും ആരാധാനാലയങ്ങള്‍ക്കും നേരെ അഴിച്ചുവിട്ട ‘സ്വാഭാവിക പ്രതികരണം’ നിരവധി ജീവനുകള്‍ എടുത്തുകഴിഞ്ഞു. സ്വാമിയുടെയും കൂട്ടരുടേയും വധത്തിനു പിന്നിലെ കുറ്റവാളികളെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെയും നിയമവ്യവസ്ഥയുടേയും കടമയാണ്. അത് ചെയ്യുവാന്‍ ബിജു ജനതാ‍ദളും ബിജെപിയും ചേര്‍ന്ന ബി.ജെ.ഡി സര്‍ക്കാരിനു ബാധ്യതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണപരാജയമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വാദിക്കുമ്പോള്‍ തന്നെ കേന്ദ്രത്തിലിരിക്കുന്ന സര്‍ക്കാരിന്റെ പരാജയത്തെക്കുറിച്ച് മൌനം ദീക്ഷിക്കുകയാണ്. ലക്ഷ്മണാനന്ദയെയും കൂട്ടാളികളെയും വധിച്ചത് മാവോയിസ്റ്റുകളാണെന്ന് ബി.ജെ.പിക്ക് പങ്കുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും, മാവോയിസ്റ്റുകള്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി വാര്‍ത്തകള്‍ വരികയും ചെയ്തത് സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. എങ്കിലും നടപ്പാക്കപ്പെടേണ്ട അജണ്ടകള്‍ കൃത്യമായും നിര്‍വചിക്കപ്പെട്ടിട്ടുള്ള അവര്‍ക്ക് വീണുകിട്ടിയ അവസരം മുതലാക്കാതിരിക്കാനാവില്ലല്ലോ. അതു കൊണ്ട് തന്നെ കുറ്റം ക്രിസ്ത്യന്‍ സംഘടനകളില്‍ ചാരി ‘സ്വാഭാവിക പ്രതികരണത്തിന്റെ’ മണ്ണെണ്ണ മനുഷ്യശരീരങ്ങളിലും, സ്ഥാപനങ്ങളിലും, ആരാധനാ‍ലയങ്ങളിലും കോരിയൊഴിച്ച് തീപ്പെട്ടിക്കോലിന്റെ നീതി നടപ്പിലാക്കുകയാണവര്‍. ബി.ജെ.പി മുന്നില്‍ നിന്നു കത്തിക്കുന്നില്ലെങ്കിലും, വിശ്വഹിന്ദുപരിഷത്തും ബജ്‌രംഗ് ദളും ശിവകാശിയുടെ പ്രേതം ബാധിച്ച മട്ടില്‍ ഉറഞ്ഞു തുള്ളുക തന്നെയാണ്.

1999ല്‍ ആസ്ത്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സും മക്കളും മൃഗീയമായി കൊലചെയ്യപ്പെട്ടതും തുടര്‍ന്ന് കത്തോലിക്കാ പുരോഹിതനായ അരുള്‍ദാസ് വധിക്കപ്പെട്ടതും ഒറീസയിലായിരുന്നു. മുപ്പതോളം സംഘപരിവാര്‍ അനുകൂല സംഘടനകള്‍ ഒറീസയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ക്രിസ്മസ് ദിനങ്ങളില്‍ ഫുല്‍ബാനി ജില്ലയിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുംനേരെ നടന്ന സംഘടിതമായ ആക്രമണവും, നേരത്തെ മധ്യപ്രദേശിലെ ജാബുവയിലും ഗുജറാത്തിലെ ഡാങ്സിലും ഉണ്ടായ ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങളും ഒക്കെ കൃത്യമായ ആസൂത്രണം ഓരോ ആക്രമണത്തിന്റെ പിന്നിലും ഉണ്ട് എന്ന് തെളിയിക്കുന്നവയാണ്.

കൃത്യമായ ആസൂത്രണം കൃത്യമായ അജണ്ടയിലേക്കാണ് വിരല്‍ ചൂണ്ടുക. ആ അജണ്ടക്കും പിന്നില്‍ കൃത്യമായ ഒരു പ്രത്യയശാസ്ത്രവുമുണ്ട്. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതും പഠിക്കുന്നതും ആ രാഷ്ട്രീയത്തിനെതിരായ ചെറുത്തു നില്പിനു സഹായകമാവുമെന്നത് എടുത്തു പറയേണ്ടതില്ല.

ഈയിടെ അന്തരിച്ച ഡോ.ടി.കെ. രാമചന്ദ്രന്റെ നാമം പ്രസക്തമാവുന്നതവിടെയാണ്. മതേതര ബുദ്ധിജീവികള്‍ക്കിടയിലൊരു വലിയ വിഭാഗം 'സവര്‍ണത'ക്കെതിരെ കുറ്റകരമായ മൌനം പുലര്‍ത്തുകയോ, പരസ്യമായി അതിനെ ന്യായീകരിക്കാന്‍ സന്നദ്ധരാവുകയോ ചെയ്യുന്ന ഒരു കാലത്ത്, തന്റെ സാംസ്കാരികാന്വേഷണങ്ങളുടെ 'സൂക്ഷ്മരാഷ്ട്രീയം' കൊണ്ട് ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തനത്തിന് ശക്തിപകരുന്ന മുഖ്യസ്രോതസ്സുകളിലൊന്നായി മുന്നില്‍ നിന്ന ടി.കെ. ഫാസിസത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചിട്ടുള്ള വ്യക്തിയാണ്. ആദ്യം ജനകീയ സാംസ്കാരികവേദിയുടെ ഭാഗമായും, പിന്നീട് പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തോട് സഹകരിച്ചും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സൈദ്ധാന്തിക ഇടപെടലുകള്‍ ശ്രദ്ധേയമാണ്.

ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസത്തിന്റെ കരാളമുഖം തീര്‍ത്തും പുറത്തുവന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹത്തിന്റെ “ഒരു മിഥ്യയുടെ ഭാവി“”പ്രസിദ്ധീകരിക്കുന്നത്. പുസ്തകപ്രസാധനം എന്നതിലേറെ ഫാസിസത്തിനെതിരെ സാംസ്കരികമായ ഒരിടപെടല്‍ എന്ന നിലയ്ക്കാണ് ഈ ദൌത്യം പ്രസക്തമാവുന്നത്. ഇപ്പോള്‍ ഈ ദൌത്യത്തിന്റെ വര്‍ധിച്ച പ്രസക്തി തെളിയിക്കുന്ന വിധത്തിലാണ് ഗുജറാത്തിലെ സംഭവഗതികള്‍, ഒറീസയിലെ സംഭവഗതികള്‍ എല്ലാം‍....

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാനമായ ഭീഷണി ഹിന്ദുത്വഫാസിസമാണെന്ന് നിസ്സംശയം പ്രഖ്യാപിക്കാന്‍ തയാറായ ധൈഷണികര്‍ നമുക്കിടയില്‍ ഏറെയില്ല. എല്ലാ അന്വേഷണങ്ങളും ചരിത്രനിരപേക്ഷമാവുന്ന ഒരു ഘട്ടത്തില്‍, ചരിത്രത്തില്‍ ഊന്നിയുള്ള വൈരുധ്യാത്മകവീക്ഷണത്തെ അന്വേഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ഉപാധിയായി എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്ന അദ്ദേഹവുമായി നടത്തിയ ഒരു അഭിമുഖം ഈയവസരത്തില്‍ പ്രസക്തമായിരിക്കും.

ചോദ്യം: വര്‍ഗീയകലാപങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഫാഷിസ്റ്റുകള്‍ക്കുള്ള പ്രത്യേക താല്‍പ്പര്യം എന്തുകൊണ്ടാണ്? കൊളോണിയല്‍ കാലത്തെ ഇന്ത്യയിലെ വര്‍ഗീയകലാപങ്ങളില്‍ നിന്ന് ഇന്നുണ്ടാവുന്ന കലാപങ്ങള്‍ക്ക് എന്തെങ്കിലും വ്യത്യസ്തതയുണ്ടോ?

ഉത്തരം: വര്‍ഗീയകലാപം നടക്കുന്നിടത്തെ ഏറ്റവും വലിയ പ്രശ്നം ഗെറ്റോവല്‍ക്കരണമാണ്. അതായത്, വിവിധ വിഭാഗം ആളുകള്‍ കൂടിപ്പാര്‍ക്കുകയും ഇടതിങ്ങിപ്പാര്‍ക്കുകയും ചെയ്യുന്ന അവസ്ഥ മാറ്റി അവരില്‍ വ്യക്തമായ ചേരിതിരിവുണ്ടാക്കുക. ഇതുകൊണ്ടാണ് ഒരു പ്രത്യേക ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഫാഷിസ്റ്റുകള്‍ വര്‍ഗീയകലാപം സൃഷ്ടിക്കുന്നത്. വര്‍ഗീയകലാപം ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെയതു സ്വയം പ്രവര്‍ത്തിച്ചുകൊള്ളും. ഓട്ടോമെക്കാനിസം പോലെ അതു വീണ്ടും വീണ്ടും വര്‍ഗീയതയെ സൃഷ്ടിച്ചുകൊണ്ടിരിക്കും. കൊളോണിയല്‍ കാലഘട്ടത്തിലാണല്ലോ ആധുനിക അര്‍ഥത്തിലുള്ള വര്‍ഗീയകലാപങ്ങള്‍ ആദ്യമായി ഉണ്ടാവുന്നത്. ഈ കലാപങ്ങളുടെ പിന്നിലുണ്ടായിരുന്ന പ്രശ്നം എന്തായിരുന്നു? മിക്കവാറും പ്രശ്നങ്ങളില്‍ വ്യക്തമായ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ഉണ്ടായിരുന്നു. ഭീവണ്ടി കലാപം വന്‍തോതിലുള്ള മയക്കുമരുന്ന് കള്ളക്കടത്തിനു പശ്ചാത്തലമൊരുക്കിയെന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഈ രീതി വിട്ടു രാഷ്ട്രീയമായി കലാപങ്ങളെ ബോധപൂര്‍വം ഉപയോഗിച്ചുതുടങ്ങിയത് പുതിയ പ്രക്രിയയുടെ ഭാഗമായാണ്. ഫാഷിസത്തിന്റെ അക്രമോല്‍സുകത വര്‍ധിച്ചുവന്നതോടെ മുമ്പ് വളരെ ഒറ്റപ്പെട്ടു മാത്രം നടന്നിരുന്ന കലാപങ്ങള്‍ക്ക് ഒരു നൈരന്തര്യം സൃഷ്ടിക്കപ്പെട്ടു. ഇത് എഴുപതുകള്‍ക്കു ശേഷമാണ്. എല്ലാ മേഖലകളിലും ഒട്ടേറെ ചലനങ്ങളുണ്ടാക്കിയ ജനകീയപ്രസ്ഥാനങ്ങള്‍- വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, കര്‍ഷകര്‍ എന്നിവരുടെയൊക്കെ പോരാട്ടങ്ങള്‍- ഏതാണ്ടു ദുര്‍ബലമായിത്തുടങ്ങിയ വേളയാണത്. അടിയന്തരാവസ്ഥയോടെയായിരുന്നു ഈ മുന്നേറ്റങ്ങളുടെ അവസാനത്തെ കൊട്ടിക്കലാശം. ഇതുകഴിഞ്ഞുള്ള എണ്‍പതുകള്‍ എടുത്തു പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള ജനകീയപ്രസ്ഥാനങ്ങള്‍ വന്‍തോതില്‍ കുറഞ്ഞുവരുന്നതു കാണാം. എല്ലായ്പ്പോഴും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെയും വിപ്ലവപ്രസ്ഥാനങ്ങളുടെയും വേലിയിറക്കസമയത്താണു പ്രതിലോമചിന്തകള്‍ വികസിക്കുക. കേരളം തന്നെ ഉദാഹരണം. കേരളത്തിലെ ഇന്നത്തെ വലതുപക്ഷവല്‍ക്കരണത്തെ രാഷ്ട്രീയസമരങ്ങളുടെ അഭാവവുമായി ബന്ധിപ്പിക്കാം. ഇതെല്ലാ രംഗത്തുമുണ്ട്.

ചോദ്യം: ദേശീയത എന്ന വികാരത്തെ ഫാഷിസ്റ്റുകള്‍ക്കു ഫലപ്രദമായി ഉപയോഗിക്കാനാവുന്നുണ്ടല്ലോ?

ഉത്തരം: ദേശീയതയെ ഫാഷിസം പുനര്‍നിര്‍വചിക്കുന്നുണ്ട്. ഫാഷിസം എല്ലായ്പ്പോഴും ഒരു അപരനെ സൃഷ്ടിക്കുകയും ഈ അപരനെ എല്ലാ തിന്മകളുടെയും കേന്ദ്രമായി കാണുകയും ചെയ്യും. ഇവരില്‍ നിന്നുള്ള നിരന്തരമായ ആക്രമണത്തെ നേരിടുന്ന ദേശസ്നേഹികളായി സ്വയം അവരോധിക്കലാണ് അടുത്ത പടി. ഇതു വളരെ സങ്കീര്‍ണമായ ഒരു പ്രത്യയശാസ്ത്ര പ്രക്രിയയാണ്. ഈ പ്രക്രിയയുടെ ഭാഗമായാണു ദേശീയതയെ ഫാഷിസ്റ്റുകള്‍ ആയുധമായി കൈയാളുന്നത്. ജര്‍മനിയില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യയില്‍ വ്യത്യസ്ത ജനവിഭാഗങ്ങളുടെ വിശാലമായ ഐക്യത്തിലൂടെയാണു ദേശീയത ഉണ്ടായിട്ടുള്ളത്. അതു സാമ്രാജ്യത്വശക്തികള്‍ക്കെതിരേയും അധിനിവേശശക്തികള്‍ക്കെതിരേയുമുള്ള സമരത്തില്‍ക്കൂടി രൂപപ്പെട്ടതാണ്. ഈ ദേശീയതയെ പാശ്ചാത്യ ദേശീയതയെ നിര്‍വചിക്കുന്നതുപോലെ ലളിതമായി വംശീയതയുടെയും മറ്റും വെളിച്ചത്തില്‍ നിര്‍വചിക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് ഒരു പുനര്‍നിര്‍വചനം ആവശ്യമായിവരുന്നത്. സ്വാതന്ത്ര്യസമരത്തിലെ ഒട്ടേറെ ത്യാഗങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ മതനിരപേക്ഷമായി നിര്‍വചിക്കപ്പെട്ട ഒരു സ്റേറ്റിനെ എങ്ങനെ ഫാഷിസ്റ്റായി പുനര്‍നിര്‍വചിക്കാം എന്നതാണ് ഇന്ത്യന്‍ ഫാഷിസ്റ്റുകളുടെ ദൌത്യം.

ചോദ്യം: ആഗോളതലത്തില്‍ ഒരു ഇസ്ലാമിക മൌലികവാദം രൂപംകൊള്ളുന്നുണ്ടെന്നും അതിനോടുള്ള ഒരു സ്വാഭാവിക പ്രതികരണമാണ് ഹിന്ദുത്വ ഫാഷിസമെന്നും വാദമുണ്ട്?

ഉത്തരം: ഇന്നത്തെ സാഹചര്യത്തില്‍, ലോകത്താകമാനം ഒരു ഇസ്ലാമിക മൌലികവാദമുണ്ട് എന്നു പറഞ്ഞുകഴിഞ്ഞാല്‍ ഈ ഇസ്ലാമിക മൌലികവാദമുള്ള ആളുകളെ എല്ലാ സാഹചര്യത്തിലും ഫാഷിസ്റ്റുകളുമായി തുലനപ്പെടുത്തിക്കളയാമെന്നുള്ള അവസ്ഥയുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ന്യൂനപക്ഷ ഫാഷിസമുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ന്യൂനപക്ഷ തീവ്രവാദമുണ്ട്. അതു വിമര്‍ശിക്കപ്പെടേണ്ടതുമാണ്. പക്ഷേ, അതു ഫാഷിസമാവില്ല. കാരണം, ഫാഷിസമെന്ന വിശകലനാത്മക ഗണം ഉപയോഗിക്കണമെങ്കില്‍ അതു സാമ്പത്തികമായിത്തന്നെ നിര്‍വചിക്കണം. ന്യൂനപക്ഷ ഫാഷിസത്തെപ്പറ്റിയുള്ള വാദങ്ങള്‍ പലപ്പോഴും വളരെ അപകടമായിട്ടുള്ളതാണ്; പ്രത്യേകിച്ചും, ന്യൂനപക്ഷ തീവ്രവാദത്തെ ഫാഷിസവുമായി വളരെ ലാഘവബുദ്ധിയോടെ തുലനം ചെയ്യുന്നത്. ഇവ രണ്ടിനെയും പരസ്പരം സഹായിക്കുന്ന, വളരെ വ്യത്യസ്തമൊന്നുമല്ലാത്ത, രണ്ടുതരം ഫാഷിസങ്ങളായി ചുരുക്കിക്കാണുന്നതു വിശകലനത്തിനു സഹായകമാവില്ല. എന്തുതരത്തിലുള്ള ചരിത്രസന്ദര്‍ഭത്തിലാണു മൌലികവാദത്തില്‍ നിന്ന് അക്രമം ഉണ്ടാവുന്നത് എന്ന് ആലോചിക്കണം. പണ്ടും വളരെ ആഴത്തില്‍ മതവിശ്വാസം പുലര്‍ത്തിയിരുന്ന ആളുകളുണ്ടായിരുന്നു. അവരില്‍ പലരും വളരെ നല്ല മനുഷ്യരായൊക്കെ ജീവിച്ചിട്ടുമുണ്ട്. അക്രമം കാണിച്ചിരുന്നില്ലെന്നു മാത്രമല്ല, അവരില്‍ പലരും അക്രമരാഹിത്യത്തിന്റെ വക്താക്കളുമായിരുന്നു. ഉദാഹരണത്തിന് ഗാന്ധി. വളരെ ശക്തമായ മതവിശ്വാസം പുലര്‍ത്തിയിരുന്ന ഗാന്ധി ആ അര്‍ഥത്തില്‍ മതമൌലികവാദി എന്നു വിളിക്കാവുന്ന ഒരാളായിരുന്നു. വളരെ കര്‍ക്കശമായ മതവിശ്വാസമുണ്ടായിരുന്നു ഗാന്ധിജിക്ക്. പക്ഷേ, അതില്‍ നിന്നു വല്ലാത്തൊരു ഊര്‍ജം ഉണ്ടാക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ടു ചരിത്രപരമായി മൌലികവാദം സമം അക്രമം എന്നു നിര്‍വചിക്കാനാവില്ല.

ചോദ്യം: മതന്യൂനപക്ഷങ്ങള്‍, പ്രധാനമായും മുസ്ലിം ജനവിഭാഗങ്ങള്‍, നവോത്ഥാന പ്രവണതകളോടു കടുത്ത വിമുഖത പുലര്‍ത്തുന്നവരാണെന്നും ഇതു ഫാഷിസത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്നുണ്ടെന്നുമുള്ള വാദത്തോട് എങ്ങനെ പ്രതികരിക്കും?

ഉത്തരം:ഫാഷിസത്തിന് അതിന്റെ ഇരകളെ അതിനാവശ്യമായ രീതിയില്‍ നിര്‍വചിക്കാന്‍ കഴിയുന്നു എന്നതു വളരെ ഗൌരവമായി കാണണം. ചരിത്രപരമായി പരിശോധിക്കുമ്പോള്‍, മറ്റെല്ലാ സമുദായങ്ങളിലുമെന്നപോലെ മുസ്ലിം സമുദായത്തിലും നവോത്ഥാന പ്രവണതകള്‍ക്ക് ഇടമുണ്ടായിരുന്നു. മുഹമ്മദ് അബ്‌ദുര്‍റഹ്മാന്‍ സാഹിബിനെപ്പോലുള്ളവരുടെ ഘട്ടം മുസ്ലിം സമുദായത്തിന്റെ നവോത്ഥാനദശയെയാണു പ്രതിനിധീകരിക്കുന്നത്. ഇന്നു മറ്റെല്ലാ സമുദായങ്ങളിലും പുനരുത്ഥാന പ്രവണതകള്‍ പ്രകടമായിരിക്കുന്നതുപോലെ മുസ്ലിം സമുദായത്തിലും അതു പ്രകടമാണ്. ഹിന്ദുമതത്തിലെ വ്യത്യസ്ത ജാതിസമൂഹങ്ങളും ഇന്നു സ്വന്തം സമുദായത്തിന്റെ പേരില്‍ അഭിമാനിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതു സൂചിപ്പിക്കുന്നത്, നവോത്ഥാന പ്രവണതകളോടു വിമുഖത കാണിക്കുന്ന മൌലികസ്വഭാവം മുസ്ലിം സമുദായത്തിന്റേതു മാത്രമല്ല എന്നുതന്നെയാണ്. ഫാഷിസം ഉയര്‍ത്തുന്ന ഭീഷണിയാണു മുസ്ലിം സമുദായത്തില്‍ പുനരുത്ഥാന പ്രവണതകള്‍ ശക്തമാവാന്‍ കാരണമാവുന്നത് എന്ന വസ്തുത കാണാതിരുന്നുകൂടാ.

ചോദ്യം: ഫാഷിസത്തിനെതിരേയുള്ള ഐക്യമുന്നണി ഏതുവിധത്തിലാണു രൂപപ്പെടുത്തേണ്ടത്? മതമൌലികവാദികള്‍ക്ക് ഇത്തരം മുന്നണിയിലുള്ള പങ്കെന്ത്?

ഉത്തരം: ഐക്യമുന്നണിയുടെ തലത്തില്‍ രണ്ടു കാര്യങ്ങള്‍ ഒരേപോലെ പ്രസക്തമാണ്. ഒരുഭാഗത്ത് വിശാലമായ ഐക്യത്തിന്റെ തലം. അതേസമയം, വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ പ്രത്യയശാസ്ത്രപരമായ സമരം നിലനിര്‍ത്തുകയും വേണം. ഐക്യം മാത്രമുണ്ടാവുകയും സമരം ഇല്ലാതിരിക്കുകയും എന്ന രീതി ശാസ്ത്രീയമല്ല. എന്നാല്‍, ഈ സമരം ശത്രുതാപരമാവാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ഐക്യമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാത്ത വിധത്തില്‍ ഈ സമരങ്ങളെ മുന്നോട്ടുകൊണ്ടുപോവണം. ആശയസമരത്തിന്റെ തലത്തിലാണ് അതു നിലനിര്‍ത്തേണ്ടത്. ഈ രീതിയിലുള്ള പ്രവര്‍ത്തനമില്ലാതെ ഐക്യമുന്നണി കെട്ടിപ്പടുക്കുന്നതു ബാലിശമാണ്. ഐക്യമുന്നണി ഉണ്ടായിവരേണ്ടത് പൊരുതുന്ന മുന്നണിയായാണ്. എന്നാല്‍, ഇന്ത്യയില്‍ പലപ്പോഴും മാറുന്ന ഭരണവ്യവസ്ഥയുടെ ഭാഗമായി അപ്പപ്പോള്‍ പടച്ചുവിടുന്ന ചില ഐക്യമുന്നണികളാണു രൂപപ്പെട്ടിട്ടുള്ളത്.

ചോദ്യം: മുതലാളിത്തം അതിന്റെ മനുഷ്യവിരുദ്ധ സ്വഭാവമാകെ പുറത്തെടുക്കുകയും ഇന്ത്യയില്‍ ഫാഷിസം യാഥാര്‍ഥ്യമാവുകയും ചെയ്ത ഈ സന്ദര്‍ഭത്തില്‍ ശുഭപ്രതീക്ഷയ്ക്കു വകയില്ലേ?

ഉത്തരം: ഉണ്ടെന്നുതന്നെയാണ് എന്റെ അഭിപ്രായം. ഫാഷിസം അധികാരമുറപ്പിച്ച ഘട്ടത്തിലാണ് ഇറ്റലിയില്‍ അന്റോണിയോ ഗ്രാംഷി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു പ്രസിദ്ധീകരണം പുറത്തിറക്കുന്നത്. അതിന്റെ തലവാചകം 'ബുദ്ധിയുടെ ദുരന്തബോധവും ഇച്ഛയുടെ ശുഭാപ്തിവിശ്വാസവും' എന്നാണ്. മുതലാളിത്ത ചൂഷണവ്യവസ്ഥ ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും നീങ്ങി എല്ലാ അമൂല്യവിഭവങ്ങളെയും ധൂര്‍ത്തടിക്കുകയും ഈയൊരു വ്യവസ്ഥ നിര്‍ബാധം മുന്നോട്ടുപോവുകയും ചെയ്യുമെന്ന് അംഗീകരിക്കലാവും അശുഭാപ്തിവിശ്വാസത്തിന്റെ ഫലം. അപ്പോള്‍ അത്തരത്തിലുള്ള അശുഭാപ്തിവിശ്വാസം മനുഷ്യന്റെ ഭാവിയെപ്പറ്റിത്തന്നെയുള്ള അശുഭാപ്തിവിശ്വാസമാവും. അതുകൊണ്ട് ഇതിനെതിരേ പടപൊരുതുക എന്നത് ഒഴിവാക്കാന്‍ പറ്റില്ല. ഭാവിയുണ്ടാവണമെങ്കിലും ദൈനംദിനം സാധ്യമാവണമെങ്കിലും വ്യവസ്ഥയുമായുള്ള പോരാട്ടം ആവശ്യമാണ്. ഈ വ്യവസ്ഥ മുന്നോട്ടുപോവും എന്നുള്ള ധാരണ ആത്മഹത്യാപരമാണ്. ഏറ്റവും വലുത് രാഷ്ട്രീയം എന്ന സങ്കല്‍പ്പം തന്നെയാണ്. അധ്വാനിക്കുന്നവരുടെയും പീഡിതരുടെയും ഐക്യമാണ് ഉയര്‍ന്നുവരേണ്ടത്. അതിനു രണ്ടു ഘടകങ്ങളുണ്ട്. ഒന്ന്, സംഘടനാപരമായ ഐക്യം. മറ്റൊന്ന് സൈദ്ധാന്തികമായ വ്യക്തത. ഈ രണ്ടുതരത്തിലുള്ള പ്രവര്‍ത്തനങ്ങളും വേണം. അതു വളരെ ശ്രമകരമാണ്. ലോകത്തുണ്ടായിട്ടുള്ള പരാജയങ്ങളില്‍ നിന്നെല്ലാം പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, എങ്ങനെയാണു നിസ്വരായ ജനതയുടെ ഐക്യനിര കെട്ടിപ്പടുക്കുക എന്നതു സങ്കീര്‍ണം തന്നെയാണ്. അതിനു ശക്തമായ സംഘടനാരൂപം ആവശ്യമാണ്.

****

കടപ്പാട്: തേജസ് ഓണ്‍‌ലയിന്‍, ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മതേതര ബുദ്ധിജീവികള്‍ക്കിടയിലൊരു വലിയ വിഭാഗം 'സവര്‍ണത'ക്കെതിരെ കുറ്റകരമായ മൌനം പുലര്‍ത്തുകയോ, പരസ്യമായി അതിനെ ന്യായീകരിക്കാന്‍ സന്നദ്ധരാവുകയോ ചെയ്യുന്ന ഒരു കാലത്ത്, തന്റെ സാംസ്കാരികാന്വേഷണങ്ങളുടെ 'സൂക്ഷ്മരാഷ്ട്രീയം' കൊണ്ട് ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തനത്തിന് ശക്തിപകരുന്ന മുഖ്യസ്രോതസ്സുകളിലൊന്നായി മുന്നില്‍ നിന്ന ടി.കെ. ഫാസിസത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചിട്ടുള്ള വ്യക്തിയാണ്. ആദ്യം ജനകീയ സാംസ്കാരികവേദിയുടെ ഭാഗമായും, പിന്നീട് പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തോട് സഹകരിച്ചും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സൈദ്ധാന്തിക ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ഗുജറാത്തില്‍ നടന്ന ഭീതിദമായ വംശഹത്യയുടെ പശ്ചാത്തലത്തില്‍, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനവ്യാപകമായി കെട്ടഴിച്ചുവിട്ട ഫാസിസ്റ്റ് വിരുദ്ധപ്രചാരണത്തിന്റെ 'മുന്‍നിര' പ്രവര്‍ത്തകരിലൊരാളായി അദ്ദേഹം മാറുകയുണ്ടായി.

"ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസത്തിന്റെ കരാളമുഖം തീര്‍ത്തും പുറത്തുവന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹത്തിന്റെ “ഒരു മിഥ്യയുടെ ഭാവി“ പ്രസിദ്ധീകരിക്കുന്നത്. പുസ്തകപ്രസാധനം എന്നതിലേറെ ഫാസിസത്തിനെതിരെ സാംസ്കരികമായ ഒരിടപെടല്‍ എന്ന നിലയ്ക്കാണ് ഈ ദൌത്യം പ്രസക്തമാവുന്നത്. ഇപ്പോള്‍ ഈ ദൌത്യത്തിന്റെ വര്‍ധിച്ച പ്രസക്തി തെളിയിക്കുന്ന വിധത്തിലാണ് ഗുജറാത്തിലെ സംഭവഗതികള്‍, ഒറീസയിലെ സംഭവഗതികള്‍ എല്ലാം‍....