Friday, June 15, 2012

സാം പിട്രോഡ വക നവലിബറല്‍ കുറിപ്പടി

വിദേശത്തുനിന്ന് എത്തുമ്പോള്‍ ഇന്ത്യയെക്കുറിച്ച് ഒന്നും അറിയില്ലാതിരുന്നതുപോലെ കേരളത്തെപ്പറ്റിയും തനിക്ക് ഒന്നും അറിയില്ല എന്നാണ് മലയാളമനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാം പിട്രോഡ പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായ സാംപിട്രോഡ സംസ്ഥാന സര്‍ക്കാരിന്റെ വികസന മാര്‍ഗദര്‍ശിയാണ്. ആ നിലയ്ക്കാണ് കേരളവികസനത്തിനുള്ള പത്ത് നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചത്. കേരളത്തെക്കുറിച്ചുള്ള അറിവില്ലായ്മ ശരിക്കും വെളിപ്പെടുത്തുന്നതായി പത്തിന നിര്‍ദേശങ്ങള്‍. പിട്രോഡയുടെ അവതരണം കേട്ട മുഖ്യമന്ത്രിയോ മന്ത്രിമാരോ സംസ്ഥാന പ്ലാനിങ്ബോര്‍ഡംഗങ്ങളോ എന്തെങ്കിലും പ്രതികരിച്ചതായി റിപ്പോര്‍ട്ടില്ല. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിനുമുന്നില്‍ അവര്‍ നിശബ്ദ സ്വീകര്‍ത്താക്കളായി ഇരുന്നു എന്നുവേണം കരുതാന്‍. വിശദപഠനത്തിനുള്ള ഉപസമിതികള്‍ക്ക് രൂപംനല്‍കിയാണ് അവതരണം അവസാനിപ്പിച്ചത്. നോളജ് സിറ്റി, തീരദേശ ചരക്കുഗതാഗതം, ആയുര്‍വേദം, മാലിന്യസംസ്കരണം, ഇ ഗവേണന്‍സ്, ഐടി അധിഷ്ഠിത വിദ്യാഭ്യാസം, ആരോഗ്യ ഇന്‍ഷുറന്‍സ്, വിരമിച്ച ഉദ്യോഗസ്ഥരുടെ വിന്യാസം, അതിവേഗ റെയില്‍പ്പാത, പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം എന്നിവയാണ് പത്ത് നിര്‍ദേശങ്ങള്‍.

ഇവയില്‍ സ്വീകാര്യങ്ങളായവ ചിലതുണ്ടെങ്കിലും ഭൂരിപക്ഷവും അപ്രധാനങ്ങളോ അപ്രസക്തങ്ങളോ ആയ നിര്‍ദേശങ്ങളാണ്. യഥാര്‍ഥ പ്രശ്നങ്ങളെ അഭിസംബോധനചെയ്യുന്നില്ല എന്നതാണ് അവയുടെ പ്രധാന ദൗര്‍ബല്യം. കേരളത്തിന്റെ ഭൗതിക-സാമ്പത്തിക-സാമൂഹിക പരിതസ്ഥിതികള്‍ സംബന്ധിച്ച അജ്ഞതയും പ്രശ്നങ്ങള്‍ സംബന്ധിച്ച ധാരണക്കുറവും സാധ്യതകള്‍ വിലയിരുത്തുന്നതിലെ യാഥാര്‍ഥ്യബോധമില്ലായ്മയുമാണ് ശുപാര്‍ശകളിലുടനീളം നിഴലിക്കുന്നത്.

സവിശേഷതകള്‍ അനവധിയുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങളുടെയോ രാജ്യങ്ങളുടെയോ വികസന പാഠങ്ങളുടെ തനിയാവര്‍ത്തനം അപ്രസക്തം മാത്രമല്ല അനാവശ്യവുമാണ്. സാമൂഹികനീതിയും ക്ഷേമപ്രവര്‍ത്തനങ്ങളും ഉയര്‍ന്ന ജീവിതഗുണമേന്മയുമാണ് കേരളത്തിന്റെ പ്രധാന നേട്ടങ്ങള്‍. ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടി നടത്തപ്പെട്ട സമരങ്ങള്‍, തുടര്‍ന്നുണ്ടായ കാര്‍ഷിക- വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍, സാക്ഷരതാ പ്രസ്ഥാനം, അധികാരവികേന്ദ്രീകരണം, പുരോഗമനപരമായ തൊഴില്‍ നിയമങ്ങള്‍, സാമൂഹ്യസുരക്ഷാപദ്ധതികള്‍ ഇവയെല്ലാമാണ് ആധുനിക കേരളത്തിന്റെ സൃഷ്ടിക്ക് നിദാനങ്ങളായത്. സാമ്പത്തിക വികസനം സാമൂഹികനീതി അപകടപ്പെടുത്തിക്കൊണ്ടാകരുത്. രണ്ടുലക്ഷ്യങ്ങളും ഒന്നിനൊന്നു ചേര്‍ന്നുപോകണം. സാമൂഹികനീതി ഉറപ്പിച്ചുനിര്‍ത്താന്‍ ഭൗതിക ഉല്‍പ്പാദനം, വിശേഷിച്ചും കാര്‍ഷിക-വ്യാവസായിക ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന യാഥാര്‍ഥ്യം വര്‍ഷങ്ങള്‍ക്കുമുമ്പേ കേരളം തിരിച്ചറിഞ്ഞതാണ്. ഒന്നാം വികസന കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് ഇ എം എസ് ഊന്നിപ്പറഞ്ഞത് ആ യാഥാര്‍ഥ്യമാണ്.

കാര്‍ഷിക- വ്യാവസായിക ഉല്‍പ്പാദനം ഉത്തേജിപ്പിക്കത്തക നിര്‍ദേശങ്ങളൊന്നും പിട്രോഡ മുന്നോട്ടുവയ്ക്കുന്നില്ല. പിട്രോഡയ്ക്ക് വികസനമെന്നാല്‍ ഉയര്‍ന്ന സാങ്കേതികവിദ്യകളുടെ പ്രയോഗമാണ്. അതുപക്ഷേ സ്വാഭാവികം. പിട്രോഡ ഒരു ടെക്നോക്രാറ്റാണ്. സാമൂഹിക ശാസ്ത്രജ്ഞനോ സാമ്പത്തിക വിദഗ്ധനോ അല്ല. എന്നാല്‍, വികസനം കേവലം സാങ്കേതികസമസ്യയല്ല. അതൊരു സമഗ്രതയാണ്. മനുഷ്യനും പ്രകൃതിയും സമൂഹവും സംസ്കാരവും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സമഗ്രത. ഭൂവിസ്തൃതിയില്‍ വളരെ ചെറുതാണ് കേരളം. ഗ്രാമനഗരവ്യത്യാസമില്ലാതെ ഭൂപ്രദേശമാകെ വ്യാപിച്ചുകിടക്കുന്ന ആവാസവ്യവസ്ഥ കേരളത്തിന്റെ പ്രത്യേകതകളിലൊന്നാണ്. കേരളത്തില്‍ വ്യാവസായികാവശ്യങ്ങള്‍ക്ക് ഏക്കര്‍ കണക്കിന് ഭൂമി ലഭ്യമല്ല. കല്‍ക്കരി, ഇരുമ്പയിര്, മാംഗനീസ്, ബോക്സൈറ്റ്, ക്രൂഡ് ഓയില്‍ തുടങ്ങിയ അസംസ്കൃതവസ്തുക്കളും ലഭ്യമല്ല. പരുത്തി, ചണം, കരിമ്പ് തുടങ്ങിയവയ്ക്ക് അനുകൂലമായ കാലാവസ്ഥയും ഭൂപ്രകൃതിയുമല്ല കേരളത്തിലേത്. തന്മൂലം വന്‍കിടവ്യവസായങ്ങള്‍ക്കുള്ള സാധ്യത അടയുന്നു. റബര്‍, നാളികേരം, അടയ്ക്ക, കുരുമുളക്, കപ്പ, ഇഞ്ചി, മഞ്ഞള്‍, ഏലം, ചായ, കാപ്പി എന്നിവയുടെ ഉല്‍പ്പാദനത്തിലും വിണപനത്തിലുമാണ് കേരളം കേന്ദ്രീകരിക്കുന്നത്. അവ ദീര്‍ഘകാല വിളകളാണ്. അവയുടെ പരിപാലനത്തിന് അധ്വാനശേഷി കുറച്ചുമതി. നെല്‍കൃഷിക്കാകട്ടെ കൂടുതല്‍ അധ്വാനശേഷിവേണം.

നെല്‍വയലുകള്‍ ദീര്‍ഘകാലവിളകള്‍ക്കും കെട്ടിടങ്ങള്‍ക്കും വഴിമാറിയതോടെ, ധാരാളംപേര്‍ കാര്‍ഷികമേഖലയ്ക്കു പുറത്തായി. പരമ്പരാഗത വ്യവസായങ്ങള്‍ പ്രതിസന്ധിയിലായതോടെ ആ മേഖലയില്‍നിന്ന് ധാരാളംപേര്‍ പുറത്താക്കപ്പെട്ടു. പെയിന്റര്‍മാരും കല്‍പ്പണിക്കാരും ഡ്രൈവര്‍മാരുമായി മാറിയ ധാരാളംപേര്‍ ഗള്‍ഫ് മേഖലയില്‍ ചേക്കേറുന്നതാണ് പിന്നീട് കേരളം കണ്ടത്. വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നേറിയ സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസാധിഷ്ഠിത സേവനങ്ങളിലാണ് കേരളത്തിന്റെ കരുത്ത് എന്നുപറയുന്നത് ശരിയാണ്. എന്നാല്‍, പ്രസ്തുത മേഖലയിലെ കേന്ദ്രീകരണം വികസനത്തെ ഏകമുഖവും സങ്കുചിതവുമാക്കുന്നു. കാര്‍ഷിക- വ്യാവസായിക ഉല്‍പ്പാദനത്തെ വിഗണിച്ചുള്ള വികസനം ആത്മഹത്യാപരമാണ്. സേവനമേഖല സൃഷ്ടിക്കുന്ന വരുമാനവര്‍ധന അന്യസംസ്ഥാന ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പോളം സൃഷ്ടിക്കുകയാണ് ചെയ്യുക. നെല്ല്, പച്ചക്കറികള്‍, പാല്‍, മുട്ട, പഴങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനവര്‍ധന, ദീര്‍ഘകാലവിളകളുടെ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത, കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്കരണവും വിപണനവും, ഐടി- ബയോടെക്നോളജി- ടൂറിസം അധിഷ്ഠിത സംരംഭങ്ങള്‍, ചെറുകിട- ഇടത്തരം വ്യവസായങ്ങളുടെ വളര്‍ച്ച ഇവയ്ക്കാകണം കേരളം ഊന്നല്‍ നല്‍കേണ്ടത്. ജില്ല- സംസ്ഥാന റോഡുകളുടെ വികസനം, വൈദ്യുതി ഉല്‍പ്പാദനശേഷി വര്‍ധന തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

അതിവേഗ റെയില്‍പ്പാത ഗതാഗത വികസനത്തിനുള്ള ഒറ്റമൂലിയല്ല. പക്ഷേ, വൈദ്യുതിയും റോഡുവികസനവും മറ്റും പിട്രോഡയുടെ ശ്രദ്ധയാകര്‍ഷിച്ചതായി കാണുന്നില്ല. കാര്‍ഷിക- മൃഗസംരക്ഷണ- മത്സ്യബന്ധന മേഖലകള്‍ പൂര്‍ണമായി അവഗണിക്കപ്പെടുന്നു. സംസ്ഥാനത്തെ തൊഴിലെടുക്കുന്നവരില്‍ 33.5 ശതമാനം കൃഷിയെയും അനുബന്ധതൊഴിലുകളെയും ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. മൊത്തം കൃഷിയിടങ്ങളില്‍  95.17 ശതമാനം ഒരു ഹെക്ടറില്‍ താഴെമാത്രം വിസ്തൃതിയുള്ളതാണ്. ഒരു ഹെക്ടറിനും രണ്ട് ഹെക്ടറിനും മധ്യേ വിസ്തൃതിയുള്ള കൃഷിയിടങ്ങള്‍ ആകെ കൃഷിയിടങ്ങളുടെ 3.4 ശതമാനമാണ്. നാമമാത്ര- ചെറുകിട കൃഷിക്കാരുടെ തൊഴിലും വരുമാനവും ഭക്ഷണവും ജീവിതവും മുഖ്യമായും തുണ്ടുകൃഷിയിടങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇവരുടെ പുരോഗതി ലക്ഷ്യമാക്കാത്ത ഏതുവികസന നിര്‍ദേശവും പിന്തിരിപ്പനും യാഥാര്‍ഥ്യബോധമില്ലാത്തതുമാണ്.

വികസനത്തിന്റെ സാമൂഹിക- സാംസ്കാരിക മാനം ഗൗരവപൂര്‍വം സമീപിക്കേണ്ട പ്രശ്നമാണ്. കായികാധ്വാനത്തോടുള്ള കേരളീയരുടെ വിരക്തി പ്രസിദ്ധമാണ്. കായികവും മാനസികവുമായ അധ്വാനശേഷി പ്രയോഗിക്കാതെ ഉല്‍പ്പാദനം സാധ്യമല്ല. കായികാധ്വാനത്തോടുള്ള പ്രതിപത്തിക്കുറവിന്റെ സാമൂഹ്യശാസ്ത്രപരമായ കാരണങ്ങള്‍ വികസനചര്‍ച്ചയില്‍ അവഗണിക്കപ്പെടുന്നു. "ബാബുജി" മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍നിന്ന് ഇനിയും നാം മോചിതരായിട്ടില്ല. അതിനുള്ള ഗൗരവതരമായ ശ്രമങ്ങളുമില്ല. സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ "സാങ്കേതിക ബാബുജി" മാരെ സൃഷ്ടിക്കുകയാണു ചെയ്തുവരുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ഉള്ളടക്കവും പുനര്‍നിര്‍വചിക്കുവാന്‍ സാംപിട്രോഡയ്ക്കാവുന്നില്ല.

നെല്‍കൃഷിയും മൃഗസംരക്ഷണവും ചേര്‍ന്ന ജൈവചക്രമായിരുന്നു കേരളീയരുടെ കാര്‍ഷിക സംസ്കൃതിയുടെ അടിസ്ഥാനശില. നെല്‍വയലുകള്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണം ഉറപ്പാക്കി. മൃഗപരിപാലനം വയലുകള്‍ക്ക് ജൈവവളവും മനുഷ്യര്‍ക്കു പോഷകാഹാരവും നല്‍കി. ഭൂമിയുടെ ജലവിതാനം സംരക്ഷിക്കുന്നതില്‍ നെല്‍വയലുകള്‍ മര്‍മപ്രധാനപങ്കു വഹിച്ചു. എന്നാല്‍ നെല്‍വയലുകളുടെ വിസ്തൃതി 1973-74 ലെ 8.75 ലക്ഷം ഹെക്ടറില്‍ നിന്ന് 2010-11 ല്‍ 2.13 ലക്ഷം ഹെക്ടറായി ഇടിഞ്ഞു. 75.65 ശതമാനത്തിന്റെ ഇടിവ.് ലഭ്യമായ കൃഷിഭൂമിയില്‍നിന്ന് എങ്ങനെ പരമാവധി ഉല്‍പ്പാദനം നടത്താമെന്ന പ്രശ്നം സാംപിട്രോഡയുടെ വിഷയമാവുന്നില്ല. അഥവാ കൃഷിക്കാര്‍ അദ്ദേഹത്തിന്റെ അജന്‍ഡയിലില്ല. കേരളത്തിലെ സാധാരണ മനുഷ്യരും.

പിട്രോഡയുടെ നിര്‍ദേശങ്ങള്‍ ഒരു പൊതുവായ രാഷ്ട്രീയ ദര്‍ശനം മുന്നോട്ടുവയ്ക്കുന്നുണ്ട്. നവഉദാരവല്‍ക്കരണ സാമ്പത്തിക നയം സര്‍ക്കാരിനു വിട്ടു നല്‍കുന്നത് പശ്ചാത്തലസൗകര്യമൊരുക്കുന്ന ധര്‍മമാണ്. പത്തു നിര്‍ദേശങ്ങളും ആ ഗണത്തില്‍പെടുന്നവയാണ്. അതിവേഗ റെയില്‍പ്പാതയും തീരദേശചരക്കുഗതാഗതവും മറ്റും കോടിക്കണക്കിന് രൂപയുടെ മുതല്‍മുടക്ക് ആവശ്യമാക്കുന്നവയാണ്. പത്തു ശതമാനമെങ്കിലും ആദായം ഉറപ്പുവരുത്താമെങ്കില്‍ യഥേഷ്ടം സ്വകാര്യമൂലധനം ലഭ്യമാകുമെന്ന പിട്രോഡയുടെ അഭിപ്രായം നവഉദാരവല്‍ക്കരണ സാമ്പത്തിക നയത്തെ പിന്താങ്ങലാണ്. പിട്രോഡയുടെ അഭിപ്രായത്തില്‍ വികസനം സ്വകാര്യമൂലധനത്തിനും ലാഭം നേടാനുമുള്ള വഴിയാണ്.


*****

പ്രൊഫ. കെ എന്‍ ഗംഗാധരന്‍

No comments: