Thursday, June 21, 2012

കലുഷമാകുന്ന പാകിസ്ഥാന്‍

പ്രത്യക്ഷത്തില്‍ പ്രകടമാവുന്നതിനപ്പുറത്തുള്ള പലതുമാണ് പാകിസ്ഥാനില്‍ സംഭവിക്കുന്നത്. ഇടയ്ക്കിടെ ഉണ്ടാവുന്ന പട്ടാളഭരണംകൊണ്ട് പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ അപകടപ്പെടുന്നതിന്റെ ദീര്‍ഘചരിത്രമുള്ള രാജ്യമാണത്. പാര്‍ലമെന്റും പട്ടാളവും സര്‍ക്കാരും നീതിപീഠവും അധികാരത്തിനുവേണ്ടി സദാ വടംവലി നടത്തുന്ന രാഷ്ട്രം. അത്തരത്തിലുള്ള അധികാരവടംവലികള്‍കൂടിയാണ് പാകിസ്ഥാനില്‍ ഇപ്പോഴുണ്ടായിട്ടുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലമായി നില്‍ക്കുന്നത് എന്നത് കാണാന്‍ വിഷമമില്ല.

പാക് സുപ്രീംകോടതി, പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയെ പാര്‍ലമെന്റ് അംഗം എന്നതില്‍നിന്ന് അയോഗ്യനാക്കി ഉത്തരവ് പുറപ്പെടുവിച്ചു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസിന്റെ അധ്യായം വീണ്ടും തുറക്കാനാവശ്യപ്പെട്ടുള്ള ഉത്തരവ് അനുസരിക്കാതിരുന്നതിന് രണ്ടുമാസം മുമ്പ് പ്രതീകാത്മകമായി ഗീലാനിയെ കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിച്ചിരുന്നു. കോടതി പിരിയുംവരെയുള്ള തടവുശിക്ഷയായിരുന്നു വിധിച്ചത്. കോടതി പെട്ടെന്ന് പിരിഞ്ഞതിനാല്‍ മുപ്പതു സെക്കന്‍ഡേ ശിക്ഷ അനുഭവിക്കേണ്ടിവന്നുള്ളൂ. ശിക്ഷ എന്തായാലും ശിക്ഷതന്നെ. എന്നാല്‍, കോടതി അലക്ഷ്യത്തിനുള്ള ശിക്ഷ സഭാംഗത്വത്തിന് അയോഗ്യത കല്‍പ്പിക്കാന്‍ മതിയായ കാരണമല്ലെന്ന നിലപാടാണ് സ്പീക്കര്‍ ഫെഹ്മിദ മിര്‍സ കൈക്കൊണ്ടത്. ഇത് നിയമനിര്‍മാണസഭയും ജുഡീഷ്യറിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വക്കോളമെത്തി. സ്പീക്കറുടെ റൂളിങ് പാര്‍ലമെന്റ് അംഗീകരിച്ചതും സഭയില്‍ സ്പീക്കറാണ് പരമാധികാരി എന്ന നിലപാടെടുത്തതും കോടതിയെ കൂടുതല്‍ പ്രകോപിപ്പിച്ചു. റൂളിങ്ങിനെതിരെ ഹര്‍ജികള്‍ വന്നപ്പോള്‍, അത് അവസരമാക്കി കോടതിയാകട്ടെ, ഗീലാനിക്ക് പാര്‍ലമെന്റംഗമായി തുടരാന്‍ യോഗ്യതയില്ലെന്നു കല്‍പ്പിച്ചു. കോടതി ഉത്തരവുവന്ന് നിമിഷങ്ങള്‍ക്കുള്ളില്‍തന്നെ ഗീലാനിയെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പുകമീഷന്‍ ഇറക്കുകയുംചെയ്തു. ഇത്രയുമാണ് പ്രത്യക്ഷത്തില്‍ സംഭവിച്ചത്.

എന്നാല്‍, കഴിഞ്ഞ മുപ്പതുമാസമായി സര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ നടന്നുപോരുന്ന ഏറ്റുമുട്ടലും പാകിസ്ഥാന്‍ ജുഡീഷ്യറി അവിടത്തെ സൈന്യത്തിന്റെ താല്‍പ്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുന്ന സംവിധാനമാണെന്നതും മറ്റും ഇതിനിടെ ഉയര്‍ന്നുവന്നിട്ടുണ്ട്. ജനാധിപത്യ ഭരണക്രമത്തെ അട്ടിമറിച്ച് സൈന്യം അധികാരംപിടിക്കാന്‍ സദാ വ്യഗ്രതപൂണ്ട് നില്‍ക്കുന്ന അവസ്ഥയാണവിടെയുള്ളത് എന്നത് ചരിത്രം സ്ഥിരീകരിച്ചിട്ടുള്ള കാര്യവുമാണ്. ഈ പശ്ചാത്തലത്തിലാണ്, പാകിസ്ഥാനില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് പ്രത്യക്ഷത്തിലുള്ളതിനേക്കാള്‍ പ്രാധാന്യം കൈവരുന്നത്. ഏതായാലും ജുഡീഷ്യറിയുമായി ഏറ്റുമുട്ടാനില്ല എന്ന നിലപാടിലാണ് തല്‍ക്കാലം പാക് സര്‍ക്കാരും ഭരണകക്ഷിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ടിയും. അതുകൊണ്ട് സ്ഥിതി പെട്ടെന്ന് വഷളാകാനിടയില്ല. എങ്കില്‍പ്പോലും പിപിപിയുടെ ഒരു പ്രധാനമന്ത്രിയെപ്പോലും കാലാവധി തികയ്ക്കാന്‍ ഒന്നുകില്‍ പട്ടാളമോ അതല്ലെങ്കില്‍ ജുഡീഷ്യറിയോ അനുവദിച്ചിട്ടില്ല എന്ന വസ്തുത ബാക്കിനില്‍ക്കും. ഏപ്രില്‍ 26 മുതല്‍ക്കുള്ള മുന്‍കാല പ്രാബല്യത്തോടെ പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്നുവെന്ന കോടതിയുടെ വിധിതീര്‍പ്പ് മാനിക്കുന്നതായിപ്പറഞ്ഞ് പുതിയ ആളെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് കണ്ടെത്താന്‍ പിപിപി അടിയന്തരമായി ശ്രമിച്ചെങ്കിലും പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെയും സര്‍ക്കാരിന്റെയും മനസ്സില്‍ ജുഡീഷ്യറിയുടെ താല്‍പ്പര്യങ്ങളെക്കുറിച്ചുള്ള സംശയത്തിന്റെ കനല്‍ എരിഞ്ഞുതന്നെ നില്‍ക്കും.
അധികാരഭ്രഷ്ടനാവുന്നത് ഗീലാനിയാണെങ്കിലും ആത്യന്തികമായി കോടതി വെല്ലുവിളി ഉയര്‍ത്തുന്നത് തനിക്കുനേര്‍ക്കുതന്നെയാണെന്ന് സര്‍ദാരി ചിന്തിച്ചുകൊണ്ടേയിരിക്കും. പാകിസ്ഥാന്‍ തെരുവുകളില്‍ കോടതിക്കെതിരായ പ്രകടനങ്ങള്‍ നടക്കുന്നത് കോടതിയെ അസ്വസ്ഥപ്പെടുത്തും. സര്‍ക്കാരിനോട് പ്രീതിയില്ലാത്ത സൈന്യം എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടേയിരിക്കും. ഇതെല്ലാം വ്യക്തമാക്കുന്നത് പാകിസ്ഥാന്‍ ഭരണസംവിധാനവും പാര്‍ലമെന്ററി ജനാധിപത്യവും കലുഷമായ കാലത്തേക്ക് വീണ്ടും കടക്കുന്നുവെന്നാണ്. അത് ഏതൊക്കെ വഴിക്കുതിരിയും എന്നത് കണ്ടറിയേണ്ടതുണ്ട്.

പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ആറുമാസംമാത്രം ബാക്കിനില്‍ക്കെ ഭരണവ്യവസ്ഥയില്‍ അസ്ഥിരതയുണ്ടാക്കുന്നത് പാക് സൈന്യത്തിന്റെ താല്‍പ്പര്യത്തിലാണ് എന്ന് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നുണ്ട്. പ്രസിഡന്റിനെതിരായ അഴിമതിക്കേസ് വീണ്ടും തുറക്കുന്നതില്‍നിന്ന് പ്രധാനമന്ത്രിയെ തടഞ്ഞത് പ്രസിഡന്റിന് ഭരണഘടനാപരമായുള്ള പ്രത്യേക പരിരക്ഷയാണെന്ന വാദം കോടതി അംഗീകരിക്കാതിരുന്നതിനുപിന്നില്‍ സൈന്യതാല്‍പ്പര്യമാണുള്ളത് എന്ന സംശയം രാഷ്ട്രീയനിരീക്ഷകര്‍ക്കിടയില്‍ ശക്തമാണ്. ജനാധിപത്യഭരണവും പട്ടാളഭരണവും മാറിമാറിവരാറുള്ള പാകിസ്ഥാനില്‍ ജുഡീഷ്യറിയും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുന്നത് വീണ്ടും പട്ടാളത്തിന് അധികാരം പിടിക്കാനുള്ള അരങ്ങൊരുക്കലാവുമെന്നും അത് കണക്കുകൂട്ടിത്തന്നെയാണ് കോടതി നീങ്ങുന്നതെന്നും കരുതുന്നവരുണ്ട്. അയല്‍പക്കത്തുള്ള പാകിസ്ഥാനിലുണ്ടാകുന്ന ഏത് മാറ്റവും ഇന്ത്യയില്‍ അതിന്റെ നിഴല്‍ വീഴ്ത്തുമെന്നതുറപ്പാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും അവിടത്തെ കാര്യങ്ങള്‍ നിരീക്ഷിക്കേണ്ട ഘട്ടമാണിത്.

പാകിസ്ഥാനില്‍ സര്‍ക്കാരും സൈന്യവും തമ്മില്‍ നേരത്തേതന്നെ ഏറ്റുമുട്ടലുണ്ടായിരുന്നു. ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടാന്‍ തയ്യാറെടുത്തുകൊള്ളൂവെന്ന് പ്രധാനമന്ത്രി ഗീലാനിയോട് പാക് സൈന്യം കല്‍പ്പിച്ചിട്ട് അധികമാസങ്ങളായിട്ടില്ല. അതാണിപ്പോള്‍ സത്യമായി വന്നത് എന്നത് ഗീലാനിക്കറിയാം. പ്രതിരോധസെക്രട്ടറി ഖാലിം നയിം ലോധിയെ പ്രധാനമന്ത്രി പുറത്താക്കിയതാണ് മാസങ്ങള്‍ക്കുമുമ്പ് ഏറ്റുമുട്ടലിന് തീവ്രത പകര്‍ന്നത്. മെമോഗേറ്റ് വിവാദം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്നാണ് ബന്ധം കൂടുതല്‍ വഷളായത്. പാകിസ്ഥാന്‍സൈന്യം തന്റെ ഭരണത്തെ അട്ടിമറിക്കാനിടയുണ്ടെന്നും അങ്ങനെ സംഭവിക്കുന്നപക്ഷം സൈനിക സഹായം നല്‍കണമെന്നും കാണിച്ച് പ്രസിഡന്റ് സര്‍ദാരി അമേരിക്കയിലേക്ക് സന്ദേശമയച്ചത് പുറത്തായി. അതാണ് മെമോഗേറ്റ് വിവാദം. അത് സര്‍ക്കാരിനും സൈന്യാധിപര്‍ക്കും ചാരസംഘടനയായ ഐഎസ്ഐക്കുമിടയില്‍ അവിശ്വാസവും ശത്രുതയും വളര്‍ത്തി. ആ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയോടാലോചിക്കാതെ മെമോഗേറ്റ് പ്രശ്നത്തില്‍ സൈന്യാധിപനായ ജനറല്‍ അഷ്ഫാക് പര്‍വേസ് കയാനിയും ഐഎസ്ഐ തലവനായ ലഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷൂജാപാഷയും സുപ്രീംകോടതിയില്‍ സര്‍ക്കാരിനെതിരെ വിശദീകരണം നല്‍കിയത്.

ഇതേത്തുടര്‍ന്നാണ് പ്രതിരോധസെക്രട്ടറിസ്ഥാനത്തുനിന്ന് ഖാലിദ് നയിം തെറിച്ചത്. അതാണ് സൈന്യത്തെ പ്രകോപിപ്പിച്ചത്. ചാരസംഘടനയായ ഐഎസ്ഐയുടെ തലവനായിരുന്നിട്ടുള്ള കയാനിക്ക് ഇപ്പോള്‍ സൈന്യത്തിനുമേലും ഐഎസ്ഐയുടെ മേലും ഒരുപോലെ സ്വാധീനമുണ്ട്. കയാനി തന്റെ രാഷ്ട്രീയാധികാരമോഹങ്ങള്‍ പണ്ടേ പ്രസിദ്ധമാക്കിയിട്ടുള്ളയാളാണുതാനും. ഷൂജാപാഷ, കയാനിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നയാളാണ്. ഈ പശ്ചാത്തലങ്ങളൊക്കെ പരിഗണിക്കുമ്പോഴാണ്, നേരത്തേതന്നെ സൈന്യവുമായി ഏറ്റുമുട്ടുന്ന പിപിപി സര്‍ക്കാര്‍ ഇപ്പോള്‍ നീതിന്യായപീഠവുമായിക്കൂടി ഏറ്റുമുട്ടുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ശ്രദ്ധേയമാവുക.

*
ദേശാഭിമാനി മുഖപ്രസംഗം 21 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പ്രത്യക്ഷത്തില്‍ പ്രകടമാവുന്നതിനപ്പുറത്തുള്ള പലതുമാണ് പാകിസ്ഥാനില്‍ സംഭവിക്കുന്നത്. ഇടയ്ക്കിടെ ഉണ്ടാവുന്ന പട്ടാളഭരണംകൊണ്ട് പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ അപകടപ്പെടുന്നതിന്റെ ദീര്‍ഘചരിത്രമുള്ള രാജ്യമാണത്. പാര്‍ലമെന്റും പട്ടാളവും സര്‍ക്കാരും നീതിപീഠവും അധികാരത്തിനുവേണ്ടി സദാ വടംവലി നടത്തുന്ന രാഷ്ട്രം. അത്തരത്തിലുള്ള അധികാരവടംവലികള്‍കൂടിയാണ് പാകിസ്ഥാനില്‍ ഇപ്പോഴുണ്ടായിട്ടുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലമായി നില്‍ക്കുന്നത് എന്നത് കാണാന്‍ വിഷമമില്ല.