Friday, June 1, 2012

ഒറ്റുകൊടുക്കുന്നു സ്വന്തം ജനതയെ

സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുക എന്നൊരു ചൊല്ലുണ്ട്. എന്നാല്‍, ആ ചൊല്ലിനുമപ്പുറം പോയി കവാത്ത് മറക്കുക മാത്രമല്ല, സ്വന്തം ജനതയെ ഒറ്റുകൊടുക്കുകകൂടി ചെയ്യുന്ന ഭരണക്കാര്‍ ഇതാ ഇവിടെ- കേരളത്തിലും കേന്ദ്രത്തിലും. ഇറ്റലിയെ പ്രീതിപ്പെടുത്താന്‍ സ്വന്തം ജനങ്ങളെയും അതിന്റെ താല്‍പ്പര്യങ്ങളെയും ഒരു ഉളുപ്പുമില്ലാതെ കൈയൊഴിയുകയാണ് എന്‍റിക ലെക്സി കടല്‍ക്കൊലക്കേസില്‍ ഇരു സര്‍ക്കാരുകളും. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് ബുധനാഴ്ച കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിമുമ്പാകെ നടത്തിയ മലക്കംമറിച്ചില്‍. ആദ്യം ജാമ്യമില്ലാത്ത വകുപ്പുപ്രകാരം എടുത്ത കേസില്‍ ഇപ്പോള്‍ പ്രതികള്‍ക്ക് ജാമ്യംനല്‍കാന്‍ അനുവദിക്കുന്ന വിധത്തിലായിരുന്നു മലക്കംമറിച്ചില്‍. സുവ നിയമം ഒഴിവാക്കുന്ന തരത്തിലേക്ക് സര്‍ക്കാര്‍ മാറിയതോടെയാണ് ഇറ്റാലിയന്‍ സൈനികരായ മാസിമില്യാനോ ലാത്തോര്‍, സാല്‍വത്തോര്‍ ജിറോന്‍ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

അന്താരാഷ്ട്ര കപ്പലോട്ട നിയമമായ സുവ കര്‍ക്കശമായ വ്യവസ്ഥകളുള്ളതാണ്. അതുപയോഗിക്കുകയാണെങ്കില്‍ കേന്ദ്ര അനുമതിവേണം. അതില്ല. അതുകൊണ്ട് അത് ഒഴിവാക്കുന്നു. ഇതാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കേന്ദ്രാനുമതി വാങ്ങിയെടുക്കണമെങ്കില്‍ അതിന് എത്രയോ സമയമുണ്ടായിരുന്നു. 48 മണിക്കൂറിനകം കിട്ടാവുന്നതായിരുന്നു അത്. എന്നാല്‍, സംഭവം നടന്ന് മാസങ്ങളായ ഘട്ടത്തിലും കേരള സര്‍ക്കാര്‍ കേന്ദ്രാനുമതി തേടിയില്ല. കേന്ദ്രം കൊടുത്തുമില്ല. ഒരു വശത്ത് കേന്ദ്രാനുമതി തേടാതിരിക്കുക. മറുവശത്ത് കേന്ദ്രാനുമതിയില്ല എന്ന് കോടതിയില്‍ പറഞ്ഞ് സൈനികരെ രക്ഷപ്പെടുത്തുക. ഈ തട്ടിപ്പ് കോടതിയും ജനങ്ങളും കാണാതിരുന്നുകൂടാ. കേന്ദ്രവും കേരളവും ഈ വിഷയത്തില്‍ തട്ടിപ്പ് കാണിക്കുന്നത് ഇതാദ്യമല്ല. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റലിക്കാരെ രക്ഷിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഏപ്രില്‍ മൂന്നാംവാരത്തിലും ശ്രമിച്ചിരുന്നു. മരിച്ചവര്‍ ഇന്ത്യക്കാരാണെന്നു മറക്കരുതെന്ന് സുപ്രീംകോടതിക്ക് അന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മിപ്പിക്കേണ്ടതായും വന്നു. മത്സ്യത്തൊഴിലാളികളെ വെടിവച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതിയില്‍ ചെന്ന് പറഞ്ഞാണ് കേന്ദ്രം അന്ന് ഇറ്റാലിയന്‍ സൈനികരെ രക്ഷിക്കാന്‍ നോക്കിയത്. കേന്ദ്രം ഇത്തരമൊരു നിലപാടെടുത്തപ്പോള്‍ സംസ്ഥാനത്തിന്റെ അധികാരാവകാശങ്ങള്‍ ബോധ്യപ്പെടുത്താന്‍ ചുമതലയുള്ള കേരളത്തിന്റെ അഭിഭാഷകന്‍ മൗനംപാലിച്ചു. ഈ കള്ളക്കളി കണ്ടുകൊണ്ടാണ് മരിച്ചവര്‍ ഇന്ത്യക്കാരാണെന്ന് ഓര്‍മിക്കണമെന്ന് അന്ന് സുപ്രീംകോടതി ഇന്ത്യാഗവണ്‍മെന്റിനോട് പറഞ്ഞത്.

അന്ന് സുപ്രീംകോടതിമുമ്പാകെ നടന്നത് കള്ളക്കളിയാണെന്നു വ്യക്തമായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനമന്ത്രി കെ എം മാണി, ഗ്രാമവികസനമന്ത്രി കെ സി ജോസഫ് എന്നിവര്‍ അന്ന് ഡല്‍ഹിയിലുണ്ടായിരുന്നു. എന്നു മാത്രമല്ല, വിശേഷിച്ച് ഒരു കാര്യവുമില്ലാതെ കെ എം മാണിയും ജോസഫും കോടതിയില്‍ ഈ പ്രശ്നം വരുന്നതിനു തൊട്ടുമുമ്പായി സോണിയ ഗാന്ധിയെ കാണുകയുമുണ്ടായി. ആ കൂടിക്കാഴ്ചയ്ക്കുശേഷം സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ രമേശ്ബാബുവിനെ തിടുക്കത്തില്‍ ചുമതലയില്‍നിന്ന് മാറ്റുകയും എം ടി ജോര്‍ജിനെ കേരളത്തിന്റെ വാദം പറയാന്‍ ചുമതലപ്പെടുത്തുകയും നിര്‍ണായക ഘട്ടത്തില്‍ എം ടി ജോര്‍ജ് നിശബ്ദത പാലിക്കുകയുമായിരുന്നു. ഇതിനിടെ നിയമവകുപ്പ് കൈകാര്യംചെയ്യുന്ന കെ എം മാണിയും ജോര്‍ജും തമ്മില്‍ ഡല്‍ഹി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. ഇതെല്ലാം ചേര്‍ത്തു വായിക്കുന്നവര്‍ക്ക്, അനാഥമായ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ താല്‍പ്പര്യങ്ങള്‍ കൈവിട്ട് ഇറ്റലിക്കാരായ സൈനികരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കൂറുമാറികളിച്ചതെങ്ങനെയെന്ന് വ്യക്തമാകാന്‍ വിഷമമില്ല.

ഇറ്റലിക്കാരനും സോണിയ ഗാന്ധിയുടെ കുടുംബസുഹൃത്തുമായ ഒക്ടോവിയോ ക്വട്റോച്ചിക്ക് ഇന്ത്യന്‍ കോടതികളില്‍ കേസുകള്‍ നിലനില്‍ക്കെ ഇന്ത്യയില്‍നിന്ന് രക്ഷപ്പെട്ടുപോകാന്‍ പഴുതുകളുണ്ടാക്കിയതെങ്ങനെയെന്ന് അറിയുന്നവര്‍ക്ക് രണ്ടും തമ്മിലുള്ള സമാനതകള്‍ മനസ്സിലാകുകതന്നെ ചെയ്യും. കേരളീയരും ഇന്ത്യക്കാരുമല്ല, മറിച്ച് ഇറ്റലിക്കാരാണ് കേന്ദ്ര- കേരള ഭരണക്കാര്‍ക്ക് വേണ്ടപ്പെട്ടവര്‍ എന്നതിനു പിന്നിലെ രാഷ്ട്രീയബന്ധങ്ങള്‍ കാണാതിരിക്കേണ്ട കാര്യമില്ല. അന്ന്, കേസ് എടുക്കാന്‍ കേരളത്തിന് അവകാശമില്ലെന്ന് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ അഭിഭാഷകനും ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭിഭാഷകനും വാദിച്ചത് ഒരേ സ്വരത്തിലാണ്. ഇന്ന് സുവ പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് ഇറ്റാലിയന്‍ സൈനികരുടെ അഭിഭാഷകനും കേരള സര്‍ക്കാരിന്റെ അഭിഭാഷകനും ഒരേ സ്വരത്തില്‍ വാദിക്കുന്നു. വിരുദ്ധനിലപാടില്‍ നില്‍ക്കേണ്ടവര്‍ക്ക് എങ്ങനെ ഒരേസ്വരം കൈവരുന്നൂ എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് അവിശുദ്ധ രാഷ്ട്രീയബന്ധങ്ങളുടെ ചുരുള്‍ നിവരുന്നത്.നിയമവ്യവസ്ഥ ഈ വിധത്തില്‍ അട്ടിമറിക്കാന്‍ അനുവദിച്ചുകൂടാ. സ്വന്തം ജനതയെ സര്‍ക്കാര്‍തന്നെ ഒറ്റുകൊടുക്കുന്ന സ്ഥിതി വച്ചുപൊറുപ്പിച്ചുകൂടാ.

*
ദേശാഭിമാനി മുഖപ്രസംഗം 01 ജൂണ്‍ 2012

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുക എന്നൊരു ചൊല്ലുണ്ട്. എന്നാല്‍, ആ ചൊല്ലിനുമപ്പുറം പോയി കവാത്ത് മറക്കുക മാത്രമല്ല, സ്വന്തം ജനതയെ ഒറ്റുകൊടുക്കുകകൂടി ചെയ്യുന്ന ഭരണക്കാര്‍ ഇതാ ഇവിടെ- കേരളത്തിലും കേന്ദ്രത്തിലും. ഇറ്റലിയെ പ്രീതിപ്പെടുത്താന്‍ സ്വന്തം ജനങ്ങളെയും അതിന്റെ താല്‍പ്പര്യങ്ങളെയും ഒരു ഉളുപ്പുമില്ലാതെ കൈയൊഴിയുകയാണ് എന്‍റിക ലെക്സി കടല്‍ക്കൊലക്കേസില്‍ ഇരു സര്‍ക്കാരുകളും. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് ബുധനാഴ്ച കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിമുമ്പാകെ നടത്തിയ മലക്കംമറിച്ചില്‍. ആദ്യം ജാമ്യമില്ലാത്ത വകുപ്പുപ്രകാരം എടുത്ത കേസില്‍ ഇപ്പോള്‍ പ്രതികള്‍ക്ക് ജാമ്യംനല്‍കാന്‍ അനുവദിക്കുന്ന വിധത്തിലായിരുന്നു മലക്കംമറിച്ചില്‍. സുവ നിയമം ഒഴിവാക്കുന്ന തരത്തിലേക്ക് സര്‍ക്കാര്‍ മാറിയതോടെയാണ് ഇറ്റാലിയന്‍ സൈനികരായ മാസിമില്യാനോ ലാത്തോര്‍, സാല്‍വത്തോര്‍ ജിറോന്‍ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Stockblog said...

actually no body know where did that firing take place. India says it was in Indian territorial waters but Italy says it was in international waters. If it was taken place in international waters then there is no doubt that they should be prosecuted in international court. if it was in Indian waters then can we prosecute them ? According to UN treaties and rules about international ship movements (in which India is also a signatory) those guarding ships should be prosecuted in the country to which that ship own.An armed personal in an Italian ship should be considered as Italian soldier. So what we are saying is emotional not reasonable