Saturday, June 9, 2012

കല്‍ക്കരി ഖനി കുംഭകോണം: സോണിയയും മന്‍മോഹനും എന്തിനു വിറളി പിടിക്കണം

ലക്ഷക്കണക്കിനു കോടിരൂപ രാജ്യത്തെ ഖജനാവിനു നഷ്ടം വരുത്തിയ കല്‍ക്കരിഖനി ഇടപാടില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനും പങ്കുണ്ടെന്ന ആരോപണം അദ്ദേഹത്തെയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെയും ക്ഷുഭിതരാക്കിയിരിക്കുന്നു. 2004 നും 2009 നുമിടയില്‍ രാജ്യത്തെ 155 കല്‍ക്കരി ബ്ലോക്കുകള്‍ 100 സ്വകാര്യ കമ്പനികള്‍ക്കായി അനുവദിച്ചിരുന്നുവെന്നും അത് രാജ്യത്തിന് വന്‍ സാമ്പത്തിക നഷ്ടം വരുത്തിവച്ചുവെന്നും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഇതുസംബന്ധിച്ച കരടു റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നും പ്രമുഖ മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷമൊന്നടങ്കം ഗവണ്‍മെന്റിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. 2 ജി സ്‌പെക്ട്രത്തിലെന്നപോലെ രാജ്യത്തിന്റെ വിലപ്പെട്ട ഈ പ്രകൃതിസമ്പത്തും ലേലം കൂടാതെ സ്വകാര്യ ഇടപാടുകാര്‍ക്ക് കൈമാറുകയാണുണ്ടായതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. ഈ ഇടപാടുവഴി രാഷ്ട്ര ഖജനാവിനുണ്ടായ നഷ്ടം 2 ജി സ്‌പെക്ട്രം ഇടപാടിലെ നഷ്ടത്തിന്റെ ആറിരട്ടിയിലധികം വരുമെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും സി എ ജി റിപ്പോര്‍ട്ടിന്റെ അന്തിമ രൂപത്തിന്റെ അവസാന കരടുപോലും തയ്യാറായിട്ടില്ലെന്നുമുള്ള വാദമുഖമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് തങ്ങളുടെ പ്രതിരോധവാദമുഖമായി ഉന്നയിച്ചിരിക്കുന്നത്. ലഭ്യമായ വിവരങ്ങള്‍ ശരിയാണെങ്കില്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായിരിക്കും പുറത്തുവരിക. നിരവധി ലക്ഷം കോടിരൂപ ഉള്‍പ്പെട്ടിട്ടുള്ള അഴിമതി ആരോപണത്തെപ്പറ്റി നിഷ്പക്ഷവും നീതിപൂര്‍വവും സുതാര്യവുമായ യാതൊരന്വേഷണത്തിനും പ്രധാനമന്ത്രിയോ യു പി എ സര്‍ക്കാരോ ഇനിയും സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല.

ഏതാണ്ട് പന്ത്രണ്ട് ലക്ഷം കോടി രൂപ ഖജനാവിനു നഷ്ടം വരുത്തിയെന്നാരോപിക്കപ്പെടുന്ന കല്‍ക്കരി ഖനി കുംഭകോണം പ്രധാനമന്ത്രിയേയും കോണ്‍ഗ്രസ് അധ്യക്ഷയേയും ക്ഷുഭിതരാക്കിയെന്നതില്‍ എന്തെങ്കിലും അസ്വഭാവികതകാണാന്‍ ജനങ്ങള്‍ക്കോ അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ കഴിയില്ല. രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് 2 ജി സ്‌പെക്ട്രം അഴിമതിയെപ്പറ്റി സി പി ഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഢിയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഗുരുദാസ് ദാസ് ഗുപ്തയും പ്രധാനമന്ത്രിയുടെ ശ്രദ്ധക്ഷണിച്ചപ്പോള്‍ അത് അവഗണിക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിച്ചിരുന്നത്. പിന്നീട് മന്‍മോഹന്‍ മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന എ രാജയും ഉന്നത ഉദ്യോഗസ്ഥരും കോര്‍പ്പറേറ്റ് മേധാവികളും യു പി എ ഘടകകക്ഷി എം പിയുമടക്കം തീഹാര്‍ ജയിലിലടക്കപ്പെട്ടുവെന്നതും അവര്‍ വിചാരണ നേരിടുന്നുവെന്നതും ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസിന്റെ പ്രമുഖനേതാവും ന്യൂഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി അധ്യക്ഷനുമായിരുന്ന സുരേഷ് കല്‍മാഡി വന്‍ അഴിമതി ആരോപണത്തിനു വിധേയനായി ജയിലിലടക്കപ്പെട്ടുവെന്നതും അനിഷേധ്യമായ ചരിത്രവസ്തുതയാണ്. കോണ്‍ഗ്രസും അതിന്റെ ഉന്നത നേതാക്കളും ഉള്‍പ്പെട്ട അഴിമതി പരമ്പരകളുടെ കഥകള്‍ വിസ്താര ഭയത്താല്‍ ഇവിടെ നിരത്തുന്നില്ല. ഈ ആരോപണങ്ങളോരോന്നും ഉയര്‍ന്നപ്പോള്‍ അവ അടിസ്ഥാന രഹിതമെന്നും അപവാദ പ്രചരണമെന്നും കൂട്ടുകക്ഷി ഭരണത്തിന്റെ ദുരന്തമെന്നുമൊക്കെ വരുത്തി വ്യാഖ്യാനിക്കാനാണ് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയും ശ്രമിച്ചത്. എന്നാല്‍ അവയെല്ലാം പില്‍ക്കാലത്ത് കോണ്‍ഗ്രസിന്റെയും യു പി എ ഭരണത്തിന്റെയും ബാക്കി പത്രങ്ങളാണെന്നു തെളിയിക്കപ്പെട്ടു.

കോണ്‍ഗ്രസും യു പി എയും പിന്തുടരുന്നതും മന്‍മോഹന്‍സിംഗ് നേതൃത്വം നല്‍കുന്നതും നവ ഉദാരീകരണ സാമ്പത്തിക നയങ്ങളും അതിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കുമാണ്. രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ രംഗങ്ങളില്‍ ലോകം ധാര്‍മികമെന്ന് വിലമതിക്കുന്ന മൂല്യങ്ങള്‍ക്കെന്നും വിലകല്‍പിക്കാത്ത മൂലധന ചൂഷണത്തിലും ധനമൂലധനത്തിന്റെ ആധിപത്യത്തിലും അധിഷ്ഠിതമാണ് ആ നയങ്ങളും അതിന്റെ പ്രത്യയശാസ്ത്രവും. അത് രാഷ്ട്രങ്ങളുടെയും ജനതകളുടെയും സമ്പത്തിന്റെ കൊള്ളയിലും സൂപ്പര്‍ ലാഭത്തിലും കേന്ദ്രീകൃതമാണ്. മന്‍മോഹന്‍സിംഗും സോണിയാഗാന്ധിയും കാഴ്ചവെയ്ക്കുന്ന സൗമ്യതയുടെയും നിഷ്‌കളങ്കതയുടെയും മുഖമറയ്ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആ സാമ്പത്തിക നീതിയുടെ അധാര്‍മ്മികതയും കൗടില്യവുമാണ്. ഒരുപക്ഷേ ഈ യാഥാര്‍ഥ്യം മറ്റാരെക്കാളും നന്നായി തിരിച്ചറിയുന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന്റെ മാധ്യമ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

പ്രതിപക്ഷവും അന്നാഹസാരെ സംഘവും മാധ്യമ ലോകവും കല്‍ക്കരി ഖനി ഇടപാടുകളെപ്പറ്റിയും അതുമൂലം രാഷ്ട്രഖജനാവിനുണ്ടായ ഭീമമായ നഷ്ടത്തെപ്പറ്റിയും അതിലുള്‍പ്പെട്ട സാമ്പത്തിക ക്രമക്കേടുകളെപ്പറ്റിയും ആശങ്ക ഉയര്‍ത്തുമ്പോള്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയും എന്തിനു വിറളിപിടിക്കണം? തങ്ങളുടെ കൈകള്‍ സംശുദ്ധമെങ്കില്‍ സ്വതന്ത്രവും നീതിപൂര്‍വവും സുതാര്യവുമായ അന്വേഷണം എന്ന ആവശ്യത്തെ എന്തിന് അവര്‍ തിരസ്‌ക്കരിക്കണം? പ്രതിപക്ഷത്തിന്റെയും മറ്റുവിമര്‍ശകരുടെയും ആവശ്യങ്ങള്‍ അവഗണിച്ചുകൊണ്ട് ഭരണാധികാരത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള സി ബി ഐയെ എന്തിന് ആരെയും പ്രതിസ്ഥാനത്തു നിര്‍ത്താതെ അന്വേഷണം ഏല്‍പ്പിക്കണം? അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തന്നെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ എന്തുകൊണ്ട് കണ്ടില്ലെന്നു നടിക്കണം? യു പി എ ഭരണ  നേതൃത്വം ഇന്ത്യയേയും ഇന്ത്യന്‍ ജനതയേയും മറ്റൊരു 'ബനാന റിപ്പബ്ലിക്കാ'യാണ് കാണാന്‍ ശ്രമിക്കുന്നതെങ്കില്‍ അവര്‍ക്ക് ഹാ കഷ്ടം.

*
ജനയുഗം മുഖപ്രസംഗം 06 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...