Monday, June 4, 2012

കാല്‍വയ്പ് ആശങ്കയിലേക്ക്

പുതിയ വിദ്യാലയവര്‍ഷം ആരംഭിക്കുകയാണ്. 40 ലക്ഷം കുട്ടികളും ഒരുലക്ഷത്തിഅറുപതിനായിരത്തോളം അധ്യാപകരും ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ഏറ്റവും ശക്തമായ പൊതുവിദ്യാഭ്യാസം സജീവമാവുകയാണ്. 12-ാം തരംവരെ വിദ്യാഭ്യാസം അവകാശമായി പ്രഖ്യാപിക്കാന്‍ കഴിയുന്ന വിധത്തില്‍ സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം നിലവിലുള്ള രാജ്യത്തെ ഏകസംസ്ഥാനം. കുറ്റമറ്റ പൊതുപരീക്ഷകള്‍, സമയബന്ധിതമായ പരീക്ഷാഫലം, സുതാര്യമായ ഏകജാലകപ്രവേശനം ഉറപ്പാക്കുന്ന ഹയര്‍സെക്കന്‍ഡറി, താല്‍പ്പര്യമുള്ള അരലക്ഷം കുട്ടികള്‍ക്കു തെരഞ്ഞെടുക്കാവുന്ന തൊഴിലധിഷ്ഠിത കോഴ്സുകള്‍, എട്ടാം ക്ലാസുവരെ പാഠപുസ്തകങ്ങള്‍ സൗജന്യം തുടങ്ങി നിരവധി ആനുകൂല്യങ്ങളും വിദ്യാര്‍ഥികളെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളുമുള്ള കേരളത്തിലെ പൊതുവിദ്യാഭ്യാസ സംവിധാനം ശക്തമായി നിലനില്‍ക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. എന്നാല്‍, സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന നയങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.

പത്തു ലക്ഷം കുട്ടികള്‍ക്കുകൂടി പഠിക്കുവാനുള്ള സൗകര്യം ഇന്ന് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലുണ്ട്. കുട്ടികളുടെ കുറവുമൂലം ഒഴിഞ്ഞുകിടക്കുന്ന ക്ലാസ്മുറികളും തസ്തിക നഷ്ടപ്പെട്ട് പുറത്തുപോയ യോഗ്യതയുള്ള അധ്യാപകരുമുള്ള സംസ്ഥാനത്ത് പുതിയ വിദ്യാലയങ്ങള്‍ക്ക് അംഗീകാരം കൊടുക്കുന്നതിന്റെ ലക്ഷ്യമെന്താണ്. 184 സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി കൊടുത്തത് ഭരണനേട്ടമായി പ്രഖ്യാപിച്ച ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയാണ് പി കെ അബ്ദുറബ്ബ്. പുതിയ സ്കൂളുകളുടെ അംഗീകാരത്തിനുള്ള നിബന്ധനകള്‍ കോടതി റദ്ദാക്കിയപ്പോള്‍ വിദ്യാഭ്യാസമന്ത്രി ഉള്ളില്‍ സന്തോഷിച്ചുകാണും. നിബന്ധനകള്‍ ഉള്ളതിനാല്‍ 354 സ്കൂളുകളാണ് അപേക്ഷ നല്‍കിയത്. കോടതി വിധിയെത്തുടര്‍ന്ന് 600 സ്കൂളുകള്‍ക്ക് അപേക്ഷ നല്‍കി അംഗീകാരം നേടാനുള്ള വഴിയൊരുക്കി. സംസ്ഥാന സിലബസിലുള്ള ഏകദേശം 2100 അണ്‍-എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം കിട്ടാനായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അപേക്ഷ പരിഗണിച്ചതായിരുന്നു. എതിര്‍പ്പിനെത്തുടര്‍ന്ന് അംഗീകാരം നല്‍കിയില്ല. എന്നാല്‍, ഈ അപേക്ഷകള്‍ പരിഗണിച്ച് ഒന്നാം വര്‍ഷം ആഘോഷിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ അംഗീകാരത്തിന് നടപടി സ്വീകരിച്ചിരിക്കുകയാണ്.

ഇവിടെയുള്ള 12,000 സ്കൂളുകളില്‍ 3,600 എണ്ണം കുട്ടികള്‍ കുറഞ്ഞതിന്റെ ഫലമായി (അണ്‍-എക്കണോമിക്) അടച്ചുപൂട്ടല്‍ ഭീക്ഷണിയിലാണ്. 8,400 വിദ്യാലയങ്ങള്‍ എല്ലാ അര്‍ഥത്തിലും മികവിന്റെ കേന്ദ്രങ്ങളാണ്. പതിനായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ സ്കൂളും അയ്യായിരത്തോളം പെണ്‍കുട്ടികള്‍മാത്രം പഠിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ പെണ്‍കുട്ടികളുടെ വിദ്യാലയവും ഇക്കൂട്ടത്തില്‍ ഉണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗം കുട്ടികളും ഒരുവിവേചനവുമില്ലാതെ പഠിക്കുകയും മതേതരസാംസ്കാരികമൂല്യം അനുഭവിച്ചറിഞ്ഞ് മിടുക്കന്മാരായി പഠനം പൂര്‍ത്തിയാക്കുകയുംചെയ്യുന്ന ഇത്തരം സ്ഥാപനങ്ങളെ ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ഏറ്റവും മികവുള്ള അധ്യാപകരുടെ ശിക്ഷണത്തില്‍ ഏറ്റവും മെച്ചപ്പെട്ട പരീക്ഷാഫലം കരസ്ഥമാക്കാന്‍ കഴിയുന്ന തരത്തില്‍ പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്. പുതിയ പാഠ്യപദ്ധതിയും, ഗുണമേന്മയുമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം&ൃെൂൗീ;എന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയും സ്കൂളന്തരീക്ഷത്തില്‍ അത്ഭുതകരമായ മാറ്റം വരുത്തിയിട്ടുണ്ട്. അതിവേഗത്തില്‍ മുന്നേറിയ പൊതുവിദ്യാലയങ്ങളുടെ നേട്ടമാണ് ഇക്കൊല്ലവും എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലത്തിലൂടെ പ്രകടമായത്. സര്‍ക്കാര്‍നയം എന്നനിലയില്‍ ഇനിയും പുതിയ വിദ്യാലയങ്ങള്‍ക്ക് അംഗീകാരം കൊടുത്താല്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്ന 8400 സ്കൂളും തകര്‍ച്ചയിലേക്ക് പോകും എന്നതിന് സംശയമില്ല. അനധികൃത സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനുപകരം ആവശ്യത്തിന് സ്കൂളുകളില്ലാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെ അംഗീകാരം നല്‍കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു. ഇത് കേരളം പടുത്തുയര്‍ത്തിയ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ അടിത്തറതന്നെ തകര്‍ക്കുന്നതിന് ഇടയാക്കും. പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ ഏറ്റവും ശ്രദ്ധേയമായി മാറിയത് അക്കാദമിക് അനുബന്ധ സ്ഥാപനങ്ങളുടെ വളര്‍ച്ചയാണ്. എസ്സിഇആര്‍ടി, ഐടി@സ്കൂള്‍, സീമാറ്റ് എന്നീ സ്ഥാപനങ്ങള്‍ ഇന്ത്യയിലെതന്നെ മികവുള്ള സ്ഥാപനങ്ങളായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിയിരുന്നു. കേരളാ പാഠ്യപദ്ധതി (കെസിഎഫ്-2007) തയ്യാറാക്കിയതിലൂടെ എസ്സിഇആര്‍ടി ദേശീയ ശ്രദ്ധ നേടി.

സമ്പൂര്‍ണ വിദ്യാഭ്യാസ ചാനലും ഐടി അധിഷ്ഠിത പഠനവും വിദ്യാഭ്യാസ വകുപ്പിനെ സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറ്റിയ നടപടികളിലൂടെയും ഐടി@സ്കൂളിന്റെ പ്രവര്‍ത്തനം ആഗോളശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സ്കൂള്‍ അധ്യാപകര്‍ക്ക് മാനേജ്മെന്റ് പരിശീലനത്തിനുള്ള സീമാറ്റ് സ്ഥാപിച്ചത് മറ്റൊരു നേട്ടമാണ്. ഒരുവര്‍ഷംകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ കരിക്കുലം കമ്മിറ്റി മുതല്‍ ഐടി@ സ്കൂളിന്റെയും എസ്സിഇആര്‍ടിയുടെ പ്രവര്‍ത്തനവും താളം തെറ്റിച്ചിരിക്കുകയാണ്. എസ്സിഇആര്‍ടിയുടെ എല്ലാ ഗവേഷണ പ്രവര്‍ത്തനങ്ങളെയും നിശ്ചലമാക്കി, മികവുള്ള മുഴുവന്‍ പേരെയും പിരിച്ചുവിട്ട് ലീഗ് നോമിനികളായ അയോഗ്യരായ കുറെപ്പേരുടെ താവളമായി ഈ സ്ഥാപനത്തെ അധഃപതിപ്പിച്ചു. ഓപ്പണ്‍ സ്കൂളിനെ ലക്ഷ്യങ്ങളില്‍നിന്ന് വ്യതിചലിപ്പിച്ച് ഫണ്ട് ദുര്‍വിനിയോഗംചെയ്യുന്ന സ്ഥാപനമാക്കി മാറ്റി. ഐടി@സ്കൂള്‍ ലീഗിന്റെ മുന്‍പഞ്ചായത്ത് പ്രസിഡന്റിന്റെ താവളമാക്കി. എല്ലാ രംഗത്തുമുള്ള കഴിവുള്ള അധ്യാപകരെ പിരിച്ചുവിട്ടു. സീമാറ്റ് കോണ്‍ഗ്രസ് നേതാവായ ഡയറക്ടറുടെ കസേര ഉറപ്പിക്കുന്ന സ്ഥാപനമായി മാറി. കേന്ദ്രഫണ്ട് ഉപയോഗിക്കുന്ന എസ്എസ്എ, ആര്‍എംഎസ്എ എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനരഹിതമാണ്. കഴിഞ്ഞവര്‍ഷം ചെലവാക്കേണ്ടിയിരുന്ന 473 കോടിയില്‍ 200 കോടിപോലും ചെലവഴിക്കാന്‍ കഴിയാത്ത പ്രോജക്ടായി എസ്എസ്എ പ്രവര്‍ത്തനം നിശ്ചലാവസ്ഥയിലായി. സ്റ്റേറ്റ് പ്രോജക്ട് ഓഫീസില്‍ അക്കാദമികരംഗത്ത് കഴിവുള്ളവരെ ഏകപക്ഷീയമായി പിരിച്ചുവിട്ടു. ആര്‍എംഎസ്എ ജില്ലാതലപ്രവര്‍ത്തനം ആരംഭിച്ചിട്ടേയില്ല. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തേണ്ട കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. അധ്യാപക പരിശീലനം നടക്കാതെയാണ് പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നത്. സ്കൂള്‍തല പ്ലാനിങ് നടന്നിട്ടില്ല. പ്രായപരിധിയുടെ പേരിലും ഘടനാമാറ്റത്തിന്റെ പേരിലും വലിയ ആശയക്കുഴപ്പങ്ങളുണ്ടാക്കി.

എല്ലാകുട്ടികള്‍ക്കും യൂണിഫോം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ സ്കൂളിലുള്ള എല്ലാ കുട്ടികള്‍ക്കുപോലും ഇപ്പോള്‍ നല്‍കുന്നില്ല. യഥാസമയം നടപടി സ്വീകരിക്കാതിരുന്നതിനാല്‍ സൗജന്യയൂണിഫോം കിട്ടേണ്ട എട്ടാംതരംവരെ പഠിക്കുന്ന 28 ലക്ഷം കുട്ടികളില്‍ 9.37 ലക്ഷം കുട്ടികള്‍ക്കുമാത്രമേ നല്‍കാന്‍ കഴിയുകയുള്ളൂ. യൂണിഫോം പ്രതീക്ഷിച്ചിരുന്നതിനാല്‍ സ്വന്തമായി വാങ്ങാന്‍ രക്ഷിതാക്കള്‍ക്കും കഴിഞ്ഞില്ല. യൂണിഫോം ഇല്ലാതെയാണ് ഭൂരിഭാഗം കുട്ടികളും ഈ വര്‍ഷം സ്കൂളിലെത്തുക. അധ്യാപകരിലും വിദ്യാര്‍ഥികളിലും ആശങ്കയുണര്‍ത്തുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. പൊതുവിദ്യാലയം സംരക്ഷിക്കാനുള്ള ശക്തമായ പോരാട്ടം അനിവാര്യമാക്കുന്ന ഘട്ടത്തിലാണ് പുതിയ വിദ്യാലയവര്‍ഷം ആരംഭിക്കുന്നത്.

*
എം ഷാജഹാന്‍ (കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍) 

ദേശാഭിമാനി 04 ജൂണ്‍ 2012

No comments: