Thursday, June 14, 2012

ഗസല്‍വിസ്മയം മാഞ്ഞു

സംഗീതത്തിന്റെ മാന്ത്രികതയില്‍ രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച ഗസലുകളുടെ സുല്‍ത്താന്‍ അരങ്ങൊഴിഞ്ഞു.പാകിസ്ഥാനില്‍ കറാച്ചിയിലെ ആശുപത്രിക്കിടക്കയില്‍ ബുധനാഴ്ച പകല്‍ 12.20നായിരുന്നു മെഹ്ദി ഹസന്റെ അന്ത്യം. 84 വയസ്സായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ സംഗീതമഴയില്‍ കുളിര്‍പ്പിച്ച മെഹ്ദി ഹസന്‍ അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീതജീവിതത്തില്‍ പാടിത്തീര്‍ത്ത ഗസലുകള്‍ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ചു. പാകിസ്ഥാനി സിനിമാസംഗീതത്തിലും മുടിചൂടാമന്നനായിരുന്ന അദ്ദേഹം ലോകം കണ്ട ഏറ്റവും മികച്ച ഗസല്‍ ഗായകരില്‍ ഒരാളാണ്. പന്ത്രണ്ട് വര്‍ഷത്തോളമായി വിവിധ രോഗങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹത്തെ കഴിഞ്ഞയാഴ്ചയാണ് കറാച്ചിയിലെ ആഗ ഖാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ മകന്‍ ആരിഫ് ഹസനാണ് മരണവിവരം അറിയിച്ചത്. മൃതദേഹം വെള്ളിയാഴ്ച കബറടക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിയഗായകന്റെ വിയോഗവാര്‍ത്തയറിഞ്ഞ് ആയിരക്കണക്കിന് ആരാധകര്‍ ആശുപത്രിയിലേക്ക് ഒഴുകിയെത്തി. ഗസലിന്റെ മാന്ത്രികതയില്‍ ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ അതിര്‍ത്തികള്‍ മായ്ച്ചുകളഞ്ഞ മെഹ്ദിയുടെ വേര്‍പാടില്‍ ഇരുരാജ്യങ്ങളിലെയും സംഗീതപ്രേമികള്‍ കണ്ണീരണിഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും അനുശോചിച്ചു. വന്‍കരയുടെ ഭാവുകത്വങ്ങള്‍ക്ക് സ്വന്തം പാട്ടുകളിലൂടെ ജീവന്‍ നല്‍കിയ ഗായകനാണ് മെഹ്ദി ഹസനെന്ന് മന്‍മോഹന്‍സിങ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ഉപഭൂഖണ്ഡത്തിലെയാകെ സംഗീതപ്രേമികളെ വിസ്മയിപ്പിച്ച പ്രതിഭയായിരുന്നു ഹസനെന്ന് ഗീലാനി പറഞ്ഞു. 1927 ജൂലൈ 18ന് രാജസ്ഥാനിലെ ലൂണയില്‍ സംഗീതകുടുംബത്തിലാണ് മെഹ്ദി ഹസന്‍ ജനിച്ചത്. ഇന്ത്യാവിഭജനത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബം പാകിസ്ഥാനിലേക്ക് ചേക്കേറുകയായിരുന്നു. രാജകുടുംബാംഗങ്ങളെയും പ്രഭുകുടുംബാംഗങ്ങളെയും സംഗീതം അഭ്യസിപ്പിക്കുന്ന "കലാവന്തി" കുടുംബത്തിലെ പതിനാറാം തലമുറയായിരുന്നു മെഹ്ദി ഹസന്റേത്.

1957ല്‍ പാകിസ്ഥാന്‍ റേഡിയോയില്‍ പാടിയാണ് സംഗീതജീവിതത്തില്‍ ഹസന്‍ സജീവമായത്. തുമ്രി ഗായകന്‍ എന്ന നിലയില്‍ അദ്ദേഹം ഏറെ അംഗീകാരം നേടി. പിന്നീട് ഗസലിലേക്ക് മാറുകയായിരുന്നു. ബീഗം അക്തര്‍, ബര്‍ക്കത്ത് അലി ഖാന്‍, മുക്താര്‍ ബീഗം എന്നീ ഗസല്‍ ഗായകരുടെ സ്വാധീനമാണ് മെഹ്ദിയെ ഗസലിന്റെ ലോകത്തെത്തിച്ചത്. പ്രണയം തുളുമ്പുന്ന ഉര്‍ദു കവിതകള്‍ ഗസലായി ആലപിച്ച് അദ്ദേഹം അതിവേഗം പ്രസിദ്ധനായി. പ്രണയവും വിരഹവും ഭാവതീവ്രതയോടെ ആലപിച്ച അദ്ദേഹത്തെ സംഗീതപ്രേമികള്‍ ഗസലുകളുടെ സുല്‍ത്താന്‍ എന്ന് വിളിച്ചു. മെഹ്ദി ഹസന്റെ ഗസല്‍ ആല്‍ബങ്ങള്‍ ഇന്ത്യയിലും പാകിസ്ഥാനിലും ചൂടപ്പംപോലെ വിറ്റുപോയി. "കെഹ്ന ഉസേ", "നര്‍സാ", "ദില്‍ ജോ രഹ്താ ഹേ", "ഗാലിബ് ഗസല്‍സ്", "ഖൂലി ജോ അനഘ്" തുടങ്ങിയവ പ്രസിദ്ധ ആല്‍ബങ്ങളാണ്. തംഗ ഇ ഇംതിയാസ് അവാര്‍ഡ്, ഹിലാല്‍ ഇ ഇംതിയാസ് അവാര്‍ഡ് തുടങ്ങിയ ബഹുമതികള്‍ പാക് സര്‍ക്കാര്‍ അദ്ദേഹത്തിന് സമ്മാനിച്ചു. ഇന്ത്യ സൈഗാള്‍ അവാര്‍ഡും നേപ്പാള്‍ ഗൂര്‍ഖ ദക്ഷിണ്‍ ബന്ധു അവാര്‍ഡും നല്‍കി അദ്ദേഹത്തെ ആദരിച്ചു. ആയുര്‍വേദ ചികിത്സയ്ക്കായി മെഹ്ദി ഹസന്‍ 2000ല്‍ കേരളത്തിലെത്തിയിരുന്നു. ഇന്ത്യയില്‍ അദ്ദേഹത്തിന്റെ അവസാനത്തെ ഗസല്‍ ആലാപനം അപ്പോള്‍ കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടത്തിയതായിരുന്നു.

അതിരുകള്‍ മായ്ച്ച സംഗീതപ്രതിഭ

"ജീവിതം, അടിച്ചമര്‍ത്തപ്പെട്ട ജീവിതം, അതില്‍നിന്നേയുതിരൂമിന്നല്‍പ്പിണരുകള്‍", എന്ന മുണ്ടശ്ശേരി മാസ്റ്ററുടെ ആശയം അടിവരയിടുന്ന അനുഭവമാണ് ഉസ്താദ് മെഹ്ദി ഹസന്റെ ജീവിതത്തില്‍ കാണാന്‍ കഴിയുന്നത്. രാജസ്ഥാനിലുള്ള ലുണാ ഗ്രാമത്തില്‍ ജനനം. വിഭജനത്തെത്തുടര്‍ന്ന് പാകിസ്ഥാനിലേക്ക് കുടുംബത്തോടൊപ്പം മാറിത്താമസിച്ചു. ഗായകനാകാന്‍ കൊതിച്ച ആ യുവാവിനെ കഷ്ടപ്പാട് നിറഞ്ഞ ജീവിതം, സൈക്കിള്‍കടയിലും കാറും ട്രാക്ടറും നന്നാക്കുന്നിടത്തും മറ്റും കൂലിവേലക്കാരനാക്കി. പക്ഷേ, അച്ഛനില്‍നിന്നും അമ്മാവനില്‍നിന്നും പഠിച്ച ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതസാധന ദുസ്സഹജീവിതസാഹചര്യത്തിലും തുടര്‍ന്നു. തുംമ്രി, ദ്രുപദ്, ഖയാല്‍, ഭാദ്ര തുടങ്ങിയ ശാസ്ത്രീയസംഗീത രീതികളില്‍ ആഴത്തില്‍ പ്രാവീണ്യം നേടാനുള്ള കഠിനതപസ്സും ജീവിതം നിലനിര്‍ത്തുന്നതിനാവശ്യമായ ഭക്ഷണം നേടാന്‍ സഹായകമായ പലവിധ ജോലികളും ഒപ്പത്തിനൊപ്പം മുന്നോട്ടു കൊണ്ടുപോയി. ഇങ്ങനെ വളര്‍ന്ന് അരനൂറ്റാണ്ടിലേറെ സംഗീതലോകത്ത് മഹാത്ഭുതമായി നിറഞ്ഞുനിന്ന അപൂര്‍വപ്രതിഭയാണ് മെഹ്ദി ഹസന്‍.

ഇന്ത്യയിലെയും കേരളത്തിലെയും ഒടുവിലത്തെ ഗസല്‍ ആലാപനം മെഹ്ദി ഹസന്‍ സാഹിബ് നടത്തിയ ആനന്ദമുഹൂര്‍ത്തം ഓര്‍ത്തുപോവുകയാണ്. 2000-ാം ആണ്ടിനെ വരവേല്‍ക്കുന്നതിനായി സംഘടിപ്പിച്ച "മാനവീയം" എന്ന സാംസ്കാരികപരിപാടിയുടെ ഭാഗമായി കോഴിക്കോട് ടാഗോര്‍ ഹാളിലായിരുന്നു മെഹ്ദി ഹസന്‍ സാഹിബിന്റെ ഗസല്‍സന്ധ്യ ഒരുക്കിയത്. വളരെ യാദൃച്ഛികമായാണ് അത് സംഘടിപ്പിക്കാന്‍ സാഹചര്യമൊരുങ്ങിയത്. ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ ഗസല്‍മാന്ത്രികന്റെ വിവരം അന്വേഷിച്ച് അലഞ്ഞ് ഒടുവില്‍ അത് ഏര്‍പ്പാടാക്കിയ വഹാബ് വഴി ഒരു പരിപാടിക്കുള്ള പരിശ്രമം നടത്തുകയായിരുന്നു. ഒഴിയാനൊക്കെ ആദ്യം ശ്രമിച്ചെങ്കിലും ഒടുവില്‍ അദ്ദേഹം സമ്മതംമൂളി. അപ്പോഴാണ് അദ്ദേഹത്തിന്റെ പ്രിയപത്നിയുടെ നിര്യാണവാര്‍ത്ത എത്തുന്നത്. ഞങ്ങള്‍ രണ്ടു കാരണങ്ങളാല്‍ ദുഃഖിതരായി; പ്രിയഗായകന്റെ പത്നിയുടെ നിര്യാണവാര്‍ത്ത സൃഷ്ടിച്ച ദുഃഖവും അതിനെത്തുടര്‍ന്ന് മുമ്പ് സമ്മതിച്ച സംഗീതപരിപാടി റദ്ദാക്കേണ്ടിവരുമല്ലോ എന്ന ചിന്ത സൃഷ്ടിച്ച നഷ്ടബോധവും. എന്തായാലും ഒരുക്കങ്ങള്‍ ഉപേക്ഷിച്ചില്ല. പരിപാടിക്ക് ഏതാനും ദിവസംമുമ്പ് അദ്ദേഹത്തോട് ചോദിച്ചു- പ്രിയപത്നിക്ക് സമര്‍പ്പിക്കുന്ന ഒരു ഗസല്‍ സായാഹ്നം ആകാമോ എന്ന്. ജീവിതം സംഗീതത്തിന്റെ പര്യായമായിരുന്ന ആ മഹാഗായകന്‍ ഞങ്ങളുടെ ഉല്‍ക്കണ്ഠകള്‍ക്ക് വിരാമമിട്ടുകൊണ്ട് സമ്മതം മൂളി. കോഴിക്കോട് ടാഗോര്‍ ഹാള്‍ നിറഞ്ഞുകവിഞ്ഞ ആസ്വാദകസഹസ്രങ്ങള്‍ അന്ന് മെഹ്ദി ഹസന്‍ സാഹിബിന്റെ വിസ്മയകരമായ സംഗീതാവിഷ്കാരം കേട്ടു. സ്വരലയയും കൈരളി ചാനലും കോഴിക്കോട് കോര്‍പറേഷനുമായിരുന്നു "മാനവീയ"ത്തിന്റെ ഗസല്‍സന്ധ്യ ഒരുക്കിയത്.

1950കളുടെ തുടക്കത്തില്‍ കറാച്ചി റേഡിയോ നിലയത്തില്‍ ലഭിച്ച ചെറിയ അവസരങ്ങളില്‍ പിടിച്ചുകയറിയ മെഹ്ദി ഹസന്‍ 1960കളിലാണ് ശ്രദ്ധേയനായത്. "ഭരംഗി" എന്ന ചലച്ചിത്രത്തിലെ "ഗുല്ലോം മേം രംഗ് ഭരായ്" എന്ന ഗസല്‍ വന്‍ വിജയമായി. മഹാഗായിക നൂര്‍ജഹാനുമൊത്തുള്ള യുഗ്മഗാനങ്ങളും വലിയ ആസ്വാദകവൃന്ദത്തെ സൃഷ്ടിച്ചു. ഭൂഖണ്ഡങ്ങളുടെ പ്രിയഗായകനായി മാറിയ മെഹ്ദി ഹസന്‍ സാഹിബിനെ അംഗീകാരങ്ങളുടെ മഹാപ്രവാഹം തേടിയെത്തി. 2010ല്‍ ലതാ മങ്കേഷ്കറുമൊത്ത് എച്ച്എംവി പുറത്തിറക്കിയ "തേരാ മിലാനാ" മെഹ്ദി ഹസന്‍തന്നെ സംഗീതം പകര്‍ന്ന് ആലപിച്ച യുഗ്മഗാനമാണ്. ഒരു ഭാഗം പാകിസ്ഥാനിലും ബാക്കിഭാഗം ഇന്ത്യയിലും ശബ്ദലേഖനംചെയ്ത് പരസ്പരം ലയിപ്പിച്ച്, രണ്ട് മഹാസംഗീതപ്രതിഭകള്‍ തയ്യാറാക്കിയ ഈ ഗാനത്തിന് സംഗീതചരിത്രത്തിനപ്പുറവും പ്രസക്തിയും പ്രാധാന്യവുമുണ്ട്. സാമ്രാജ്യത്വമേധാവിത്വവും കുടിലതയും വെട്ടിമുറിച്ച മനുഷ്യസമൂഹത്തിന്; കൃത്രിമമായ ഭൂപടാതിരുകള്‍ സര്‍ഗസാക്ഷാല്‍ക്കാരത്തിന്റെ വര്‍ണക്കൂട്ടുകൊണ്ട് മായ്ച്ചുകളയാനും സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പുതിയ ലോകം മാറ്റത്തിനായുള്ള മനുഷ്യയത്നങ്ങളിലൂടെ രൂപപ്പെടുത്താനും കഴിയുമെന്ന തിരിച്ചറിവുകൂടിയാണ് ആ യുഗ്മഗാനം പകര്‍ന്നുതരുന്നത്. കലയുടെയും സാഹിത്യത്തിന്റെയും അതിരുകളില്ലാത്ത സാധ്യതകളും.


*****

എം എ ബേബി


ഗസലുകളുടെ സുല്‍ത്താന്‍

"ദുനിയ കിസീസേ പ്യാര്‍ മേം ജാനത്ത് കേ കാം നഹീ"- ഹാര്‍മോണിയത്തില്‍ വിരല്‍മീട്ടി മെഹ്ദി ഹസന്‍ ഭാവതീവ്രമായി പാടുന്നു; പ്രണയവും വിരഹവും വിഷാദവും സ്വരത്തിലും വരികളിലും നിറയുന്നു; "വാഹ്" ശബ്ദങ്ങളാല്‍ മുഖരിതമായി ലാഹോറിലെയും കറാച്ചിയിലെയും മുംബൈയിലെയും തിങ്ങിനിറഞ്ഞ ഹാളുകള്‍- അറുപതുകളിലെയും എഴുപതുകളിലെയും സ്ഥിരം കാഴ്ച. ഗസലിന്റെ സുല്‍ത്താനായിരുന്നു മെഹ്ദി.

"മെഹ്ദി ഹസന്റെ കണ്ഠത്തില്‍നിന്ന് ദൈവമാണ് സംസാരിക്കുന്നത്" ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കറിന്റെ ഈ വാക്കുകള്‍ മതിയാകും മെഹദിഹസ്സനെ വിലയിരുത്താന്‍. സംഗീതത്തിനായി സര്‍വവും സമര്‍പ്പിക്കുകയായിരുന്നു മെഹ്ദി. പാകിസ്ഥാനി സിനിമയിലും ഗസല്‍ സംഗീതവേദികളിലും പൂര്‍ണപ്രഭയോടെ നില്‍ക്കുമ്പോഴും ജീവിതം സുരക്ഷിതമാക്കാന്‍ അദ്ദേഹം മെനക്കെട്ടില്ല. പണം കണക്കുപറഞ്ഞ് വാങ്ങുന്ന ശീലവും ഇല്ലായിരുന്നു. സംഗീതം ഖാന്‍ സാഹിബിന് കച്ചവടമായിരുന്നില്ല; ആത്മസമര്‍പ്പണമായിരുന്നു. പക്ഷാഘാതം വന്ന് കിടപ്പിലായപ്പോള്‍ ആശുപത്രിയില്‍ അടയ്ക്കാന്‍ പണമില്ലാതെ അദ്ദേഹം വിഷമിച്ചു. ലത മങ്കേഷ്കറാണ് സഹായവുമായി എത്തിയത്.

തന്റെ സംഗീതജീവിതത്തിലെ മറക്കാനാകാത്ത സംഭവങ്ങളിലൊന്നായി മെഹ്ദി ഹസന്‍ വിശേഷിപ്പിച്ചത് നേപ്പാള്‍ രാജാവ് ബീരേന്ദ്രയുമായുള്ള കൂടിക്കാഴ്ചയാണ്. കൊട്ടാരത്തിലെത്തിയ മെഹ്ദിയോട് രാജാവ് തനിക്ക് ഇഷ്ടപ്പെട്ട ""സിന്ദഗി മേം തൂ സബി പ്യാര്‍ ക്യാ കര്‍താ ഹെ"" എന്ന ഗാനം ആലപിക്കാന്‍ പറഞ്ഞു. ഗാനം പകുതിയെത്തിയപ്പോള്‍ വരികള്‍ മറന്നു. പിന്നീട് പൂരിപ്പിച്ചത് ബീരേന്ദ്ര രാജാവായിരുന്നു.

ഇന്ത്യ എന്നും ഗൃഹാതുരമായ ഓര്‍മയായിരുന്നു മെഹ്ദിക്ക്. വിഭജനത്തിന്റെ മുറിവുകള്‍ ഏല്‍പ്പിച്ച വേദന മരണംവരെ വിട്ടുപോയില്ല. മരണക്കിടക്കയിലും ഇന്ത്യയെ സ്വപ്നം കണ്ടു. ഇന്ത്യയില്‍ വരണമെന്നതും അവസാനപരിപാടി ഇവിടെയായിരിക്കണമെന്നും അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നതായി മകന്‍ ആരിഫ് പറയുന്നു. കേരളവും മെഹ്ദിക്ക് ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു. മെഹ്ദി ഹസന്‍ വിടപറയുമ്പോള്‍ ആസ്വാദകമനസ്സിനെ കുളിരണിയിച്ച ഒരു നല്ല സംഗീതകാലഘട്ടത്തിനാണ് അന്ത്യമാകുന്നത്.

****

ബിജു പി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സംഗീതത്തിന്റെ മാന്ത്രികതയില്‍ രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച ഗസലുകളുടെ സുല്‍ത്താന്‍ അരങ്ങൊഴിഞ്ഞു.പാകിസ്ഥാനില്‍ കറാച്ചിയിലെ ആശുപത്രിക്കിടക്കയില്‍ ബുധനാഴ്ച പകല്‍ 12.20നായിരുന്നു മെഹ്ദി ഹസന്റെ അന്ത്യം. 84 വയസ്സായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ സംഗീതമഴയില്‍ കുളിര്‍പ്പിച്ച മെഹ്ദി ഹസന്‍ അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീതജീവിതത്തില്‍ പാടിത്തീര്‍ത്ത ഗസലുകള്‍ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ചു. പാകിസ്ഥാനി സിനിമാസംഗീതത്തിലും മുടിചൂടാമന്നനായിരുന്ന അദ്ദേഹം ലോകം കണ്ട ഏറ്റവും മികച്ച ഗസല്‍ ഗായകരില്‍ ഒരാളാണ്. പന്ത്രണ്ട് വര്‍ഷത്തോളമായി വിവിധ രോഗങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹത്തെ കഴിഞ്ഞയാഴ്ചയാണ് കറാച്ചിയിലെ ആഗ ഖാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ മകന്‍ ആരിഫ് ഹസനാണ് മരണവിവരം അറിയിച്ചത്. മൃതദേഹം വെള്ളിയാഴ്ച കബറടക്കുമെന്നും അദ്ദേഹം പറഞ്ഞു.