Saturday, June 2, 2012

ഇന്ത്യ അമേരിക്കന്‍ കെണിയില്‍ തലവെയ്ക്കുന്നു

ഇറാനില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ ഇന്ത്യയുടെമേല്‍ അമേരിക്കന്‍ സമ്മര്‍ദ്ദം അനുദിനം ഏറിവരികയാണ്. ഇന്ത്യയുടെ ഇന്ധന സുരക്ഷിതത്വത്തേയും സമ്പദ്ഘടനയെ തന്നെയും തികച്ചും പ്രതികൂലമായി ബാധിക്കുന്നതാണ് ഈ സമ്മര്‍ദ്ദം. മെയ് ആദ്യം ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റന്റെ യാത്രോദ്ദേശത്തില്‍ മുഖ്യം ഇന്ത്യയുടെമേല്‍ ഇറാന്‍ എണ്ണ ഇറക്കുമതിക്കെതിരെ സമ്മര്‍ദ്ദം കൂട്ടുക എന്നതായിരുന്നു. അവരുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് രാജ്യം ഇറാന്‍ എണ്ണ ഇറക്കുമതി ലക്ഷ്യത്തില്‍ ഗണ്യമായ വെട്ടിക്കുറവ് വരുത്തുകയുണ്ടായി. 2010-12 ല്‍ 18.50 ദശലക്ഷം ടണ്ണും 2011-2012 ല്‍ 17.44 ദശലക്ഷം ടണ്ണും അസംസ്‌കൃത എണ്ണയാണ് നാം ഇറക്കുമതി ചെയ്തിരുന്നത്. 2012-13 ല്‍ ലക്ഷ്യം വച്ചിരുന്നത് നമ്മുടെ ആഭ്യന്തര ആവശ്യത്തിന്റെ 12 ശതമാനമെന്നത് 11 ശതമാനമായി കുറവ് ചെയ്തു. ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഇറാന്‍ നിര്‍ണായകപങ്കാണ് വഹിച്ചുപോരുന്നത്. നൂറ്റി ഇരുപതു കോടി ജനസംഖ്യയുള്ള രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നത്. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിന്റെ സിംഹഭാഗവും ചിലവഴിക്കുന്നത് എണ്ണ ഇറക്കുമതിക്കു വേണ്ടിയാണ്. സംഘര്‍ഷഭരിതമായ ഇന്നത്തെ ലോക സാഹചര്യത്തില്‍ ഏതെങ്കിലും ഒരു ശാക്തിക ചേരിയെ ആശ്രയിച്ചുള്ള എണ്ണ ഇറക്കുമതി രാഷ്ട്രസുരക്ഷയ്ക്കുതന്നെ കനത്ത ഭീഷണിയാണ്. ഇറാനില്‍ നിന്നുള്ള അസംസ്‌കൃതഎണ്ണ ഇറക്കുമതിക്കെതിരെ ഇന്ത്യയുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന അമേരിക്ക അവരുടെ പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള രാഷ്ട്രങ്ങളോടുള്ള ആശ്രയത്വം വളര്‍ത്താനാണ് ശ്രമിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന അസംസ്‌കൃത എണ്ണവിലയും അതിന് അമേരിക്കന്‍ ഡോളറില്‍ വില നല്‍കേണ്ടിവരുന്നതും ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിനുമേല്‍ കനത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിച്ചുവരുന്നത്. ഇറാന്‍പോലെ പരമ്പരാഗതമായി ഉറ്റസൗഹൃദം നിലനിര്‍ത്തിപ്പോരുന്ന രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി ഈ സമ്മര്‍ദ്ദത്തിനു ആശ്വാസകരമായ അയവ് വരുത്തും. ഇറാനില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്കന്‍ ഡോളറിലല്ലാതെ വിലനല്‍കാനുള്ള സാധ്യതകള്‍ ഉഭയകക്ഷിബന്ധത്തില്‍ സാധ്യമാണ്. അത്തരം ചര്‍ച്ചകള്‍ പുരോഗമിക്കുകയും ധാരണയിലേയ്ക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കപ്പെട്ട ഘട്ടത്തിലാണ് അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടി വന്നത്. ഒരര്‍ഥത്തില്‍ ദീര്‍ഘവീക്ഷണം കൂടാതെ അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങിയതാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന വിദേശനാണയ പ്രതിസന്ധിയുടെ കാരണങ്ങളില്‍ ഒന്നെന്ന് പറയാതെ വയ്യ. ഇന്ത്യയെ അമേരിക്കയുടെ ഒരു 'ക്ലൈന്റ്' രാഷ്ട്രമാക്കി മാറ്റാനുള്ള യു പി എ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ രാജ്യത്തിന്റെ എണ്ണസുരക്ഷിതത്വത്തിനു കനത്ത ഭീഷണിയായി തീര്‍ന്നിരിക്കുന്നു. ഇന്ത്യയിലെ പല എണ്ണ ശുദ്ധീകരണശാലകളും ഇറാനിലെ അസംസ്‌കൃതഎണ്ണ കൈകാര്യം ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യകളാണ് പ്രയോജനപ്പെടുത്തി വരുന്നത്. ഇത് ശുദ്ധീകരണ പ്രക്രിയയെ പ്രതികൂലമായി ബാധിക്കുമെന്നതും അവഗണിക്കാവുന്ന വസ്തുതയല്ല.

ഇന്ത്യയ്ക്കും പാകിസ്ഥാനും ബംഗ്‌ളാദേശിനും ചൈനയ്ക്കും ഏറെ പ്രയോജനകരമായി മാറുമായിരുന്ന ഇറാന്‍ ഇന്ത്യ വാതക പൈപ്പ് ലൈന്‍ പദ്ധതി അട്ടിമറിച്ചത് നമ്മുടെ ഭരണാധികാരികളുടെ സാമ്രാജ്യത്വ ദാസ്യമനോഭാവമാണ്. ദീര്‍ഘകാലമായി ചര്‍ച്ചചെയ്യപ്പെടുന്നതും കഴിഞ്ഞ ദശകത്തില്‍ വളരെ പുരോഗതി കൈവരിച്ചതുമായ സ്വപ്നപദ്ധതിയായിരുന്നു ഇറാന്‍ - ഇന്ത്യ വാതക പൈപ്പ്‌ലൈന്‍. അമേരിക്കയും ഇന്ത്യയും ഒപ്പുവച്ച ആണവ സഹകരണ കരാറാണ്  ആ പദ്ധതിയുടെ അട്ടിമറിയിലേയ്ക്കു നയിച്ചത്. ഇറാനില്‍ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതകം പദ്ധതി വിഭാവനം ചെയ്തതനുസരിച്ച് ലഭിച്ചിരുന്നെങ്കില്‍ ഊര്‍ജ സുരക്ഷിതത്വത്തില്‍ രാജ്യത്തിനു വന്‍കുതിച്ചുചാട്ടം തന്നെ നടത്താനാവുമായിരുന്നു. സുദീര്‍ഘമായ ഒരു കാലയളവിലേയ്ക്ക് നമുക്ക് ആവശ്യമായ വിലകുറഞ്ഞ ഇന്ധനം അതുവഴി ലഭ്യമാകുമായിരുന്നു. രാജ്യത്തിന്റെ ഉത്തമതാല്‍പര്യങ്ങളേക്കാള്‍ ഉയര്‍ന്ന മുന്‍ഗണനയാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ സാമ്രാജ്യ താല്‍പര്യങ്ങള്‍ക്കു നല്‍കുന്നതെന്നാണ് ഇത് കാട്ടിത്തരുന്നത്. രാഷ്ട്രാന്തര ഊര്‍ജവ്യാപാരത്തെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി നിയന്ത്രിക്കാനാണ് അമേരിക്ക എക്കാലത്തും ശ്രമിച്ചുപോന്നിട്ടുള്ളത്. അതിന്റെ ഭാഗമായാണ് എണ്ണ സമ്പന്നമായ പശ്ചിമേഷ്യയില്‍ സയണിസ്റ്റ് ഇസ്രായേലിനെ അമേരിക്കയടക്കം പാശ്ചാത്യശക്തികള്‍ താങ്ങി നിര്‍ത്തുന്നത്. അതുതന്നെയാണ് ഇറാക്കിന്റെയും ലിബിയയുടെയും മേല്‍ നടത്തിയ സായുധ അതിക്രമത്തിന് പിന്നിലെ ചേതോവികാരവും.

സാമ്രാജ്യത്വത്തെ പ്രതിരോധിക്കാനുള്ള ഇറാന്റെ കരുത്തിന്റെ അടിത്തറ അവരുടെ എണ്ണ സമ്പത്താണ്. രാഷ്ട്രീയമായ കരുത്തും റഷ്യയും ചൈനയുമടക്കം വന്‍ശക്തികളുടെ നയതന്ത്ര പിന്തുണയും ഇറാനെതിരായ സൈനിക നടപടി ദുഷ്‌ക്കരമാക്കുന്നു. അഫ്ഗാനിസ്ഥാനും ഇറാക്കിനുശേഷം പുതിയൊരു യുദ്ധമുഖം തുറക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല ഇന്ന് അമേരിക്ക. സാമ്പത്തിക പ്രതിസന്ധിയും യുദ്ധത്തിനെതിരെ ശക്തിയാര്‍ജിച്ച ജനകീയ എതിര്‍പ്പും അത്തരം ഒരു സാധ്യതയെ പൂര്‍ണമായും നിരാകരിക്കുന്നു. ഈ സ്ഥിതി വിശേഷമാണ് ഇന്ത്യയുടെയും ഇതരരാജ്യങ്ങളുടെയും മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അമേരിക്കയെ നിര്‍ബന്ധിതമാക്കുന്നത്. ലാറ്റിന്‍ അമേരിക്കയില്‍ എണ്ണ സമ്പന്നമായ വെനിസ്വല എണ്ണ നയതന്ത്രത്തില്‍ അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. എണ്ണ സമ്പത്തിന്റെ കാര്യത്തില്‍ അതിനേക്കാള്‍ സമ്പന്നമായ ഇറാന്റെ സ്വതന്ത്ര രാഷ്ട്രീയ നിലപാട് അമേരിക്കയ്ക്കു താങ്ങാനാവാത്തതാണ്. തങ്ങള്‍ക്ക് ഒറ്റയ്ക്കു നേരിടാനാവാത്ത വെല്ലുവിളിയെ നേരിടാന്‍ പരമാവധി രാഷ്ട്രങ്ങളെ അണിനിരത്താനാണ് അവര്‍ ശ്രമിക്കുന്നത്. അത്തരമൊരു കെണിയില്‍ തലവെച്ചു കൊടുക്കുന്ന ഇന്ത്യന്‍ ഭരണാധികാരി വര്‍ഗം രാജ്യതാല്‍പര്യത്തിനു തന്നെ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്.

*
ജനയുഗം മുഖപ്രസംഗം 01 ജൂണ്‍ 2012

No comments: