Sunday, June 3, 2012

കേസ് എളമരത്തിനെതിരെയല്ല, ജനാധിപത്യത്തിനെതിരെ

ജനാധിപത്യപരമായ പ്രതിഷേധങ്ങളെപ്പോലും പൊലീസ് നടപടികള്‍കൊണ്ട് അമര്‍ച്ചചെയ്യാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ അമിതാധികാര വ്യഗ്രതയാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീമിന്റെ പേരില്‍ എടുത്ത കേസില്‍നിന്ന് തെളിയുന്നത്.

നിയമാനുസൃതവും ജനാധിപത്യപരവുമായ വിമര്‍ശങ്ങളെ ഭീഷണിയായി ചിത്രീകരിച്ച് ഇല്ലായ്മചെയ്യാനുള്ള ഈ നീക്കം കേരളത്തില്‍ വിലപ്പോവില്ല. ഇതനുവദിച്ചുകൊടുത്താല്‍പ്പിന്നെ ചോദ്യം ചെയ്യാനാവാത്ത ഏകാധിപത്യത്തിന്റെ തേര്‍വാഴ്ചയാവും ഇവിടെയുണ്ടാവുക. അടിയന്തരാവസ്ഥയുടെ കറുത്തകാലത്തെ അതിജീവിച്ചുവന്ന പ്രസ്ഥാനവും ജനതയും ഈ സ്വേച്ഛാനീക്കത്തിന് കീഴടങ്ങിക്കൊള്ളുമെന്ന് കരുതുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതൃത്വവും അധികാരപ്രമത്തതകൊണ്ട് അന്ധമായിപ്പോയ മൗഢ്യത്തിലാവണം ഇന്ന് കഴിയുന്നത്.

ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയില്‍കെട്ടിവയ്ക്കാന്‍ ആഴ്ചകളായി പെടാപ്പാട് പെടുകയാണ് യുഡിഎഫ് സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് കീഴില്‍ പൊലീസ് സംഘം. സിപിഐ എം ആണ് കൊലചെയ്തത് എന്ന് ഒരു തെളിവിനോ സൂചനയ്ക്കുപോലുമോ കാത്തുനില്‍ക്കാതെ കൊലപാതകത്തെത്തുടര്‍ന്നുള്ള മണിക്കൂറുകളില്‍തന്നെ പ്രഖ്യാപിച്ച സ്ഥിതിക്ക് സത്യത്തിന്റെ വഴിയേപോയി അവര്‍ പറഞ്ഞതിന് വിരുദ്ധമായ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസ് സംഘം ശ്രമിക്കുമെന്ന് കരുതേണ്ടതില്ല. അതിന് അവര്‍ക്ക് അനുവാദമില്ലല്ലോ. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞത് ശരിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇല്ലാത്ത തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയെടുക്കാനുള്ള തീവ്രശ്രമം നടത്താന്‍ അവര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് സംഘം ബാധ്യസ്ഥവുമാവാം. എന്നാല്‍, ആ പ്രക്രിയക്കിടയില്‍ നിരപരാധികളായ രാഷ്ട്രീയപ്രവര്‍ത്തകരെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍വച്ച് നിഷ്ഠുരമായി ഭേദ്യംചെയ്യാന്‍ തുടങ്ങിയാലോ? അവരെക്കൊണ്ട് അവരുടെ മനസിലില്ലാത്തതുപറയിക്കാന്‍ തുടങ്ങിയാലോ? സിപിഐ എം വിരുദ്ധ രാഷ്ട്രീയ സംഘങ്ങളുടെ തേര്‍വാഴ്ചയ്ക്ക് ഒഞ്ചിയത്തെ സിപിഐ എം പ്രവര്‍ത്തകരെയും അവരുടെ കുടുംബങ്ങളെയും വിട്ടുകൊടുത്ത് അക്രമികള്‍ക്ക് പൊലീസ് കാവല്‍നിന്നാലോ? സ്വാഭാവികമായും പ്രതിഷേധമുയരും.

അത്തരത്തിലുള്ള പ്രതിഷേധമാണ് മെയ് 26ന് വടകര റൂറല്‍ എസ്പി ഓഫീസിനുമുമ്പില്‍ നടന്നത്. ഒഞ്ചിയത്തും പരിസരങ്ങളിലും നടക്കുന്ന സിപിഐ എം വിരുദ്ധ ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കുകയും അവിടെ സമാധാന ജീവിതത്തിനുള്ള അന്തരീക്ഷം പുനഃസ്ഥാപിക്കുകയുംചെയ്യാന്‍ പൊലീസ് ചെറുവിരല്‍പോലും അനക്കാത്തതില്‍ പ്രതിഷേധമുള്ള ആയിരക്കണക്കിനാളുകളാണ് അതില്‍ പങ്കെടുത്തത്. ഇത് നിയമം ലംഘിക്കുന്നതിനല്ല, മറിച്ച് നിയമലംഘനങ്ങള്‍ തടയാത്തതില്‍ പ്രതിഷേധിക്കുന്നതിനായിരുന്നു. അതുകൊണ്ടുതന്നെ, മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സിപിഐ എം നേതാവ് എളമരം കരീം, നിയമങ്ങള്‍ ലംഘിക്കുകയും നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയുംചെയ്ത പഴയ പൊലീസ് ഓഫീസര്‍മാര്‍ക്ക് കോടതിയില്‍നിന്ന് നീതിന്യായസംവിധാനം വഴിതന്നെ ശിക്ഷയേല്‍ക്കേണ്ടിവന്നതിനെക്കുറിച്ച് പ്രസംഗമധ്യേ പറഞ്ഞു. നിയമലംഘനം നടത്തി കിരാതപ്രവൃത്തികള്‍ ചെയ്ത പൊലീസ് ഓഫീസര്‍മാരെ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നുപറഞ്ഞാലത് ഭീഷണിയാവുമോ? തെറ്റിലേക്ക് പോവരുത് എന്ന് ഉപദേശരൂപത്തില്‍ ഓര്‍മിപ്പിക്കുന്ന ആ പ്രസംഗത്തെയാണ് "ഭീഷണി"യായി ചിത്രീകരിച്ചത്.

അങ്ങനെ പ്രസംഗത്തെ വികലമായി വ്യാഖ്യാനിച്ചാണ് എളമരം കരീമിനെതിരെ കേസെടുത്തിട്ടുള്ളത്. എളമരം കരീമിന്റെ പ്രസംഗത്തില്‍ പ്രകോപനപരമായോ ഭീഷണിയായോ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ സിപിഐ എമ്മിനെതിരെ എന്തുണ്ടെന്ന് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഇവിടത്തെ ദൃശ്യമാധ്യമങ്ങള്‍ അപ്പോള്‍തന്നെ വിളംബരം ചെയ്യുമായിരുന്നല്ലോ; പിറ്റേന്നത്തെ അച്ചടിമാധ്യമങ്ങള്‍ അലറിവിളിച്ച് പ്രഖ്യാപനം നടത്തുമായിരുന്നല്ലോ. ഇക്കാര്യത്തില്‍ സദാ ജാഗ്രത പുലര്‍ത്തുന്ന പത്ര-ദൃശ്യമാധ്യമങ്ങള്‍പോലും എളമരം കരീമിനെ ഒരു വാക്കുകൊണ്ടുപോലും കുറ്റപ്പെടുത്തിയിട്ടില്ല. ഇതുതന്നെ സിപിഐ എം നേതാവിന്റെ പ്രസംഗത്തില്‍ ഭീഷണിയുടെ സ്വരമേ ഇല്ലായിരുന്നുവെന്നതിന് തെളിവുതരുന്നു. അതവിടെ നില്‍ക്കട്ടെ, എളമരം കരീമിന്റെ പ്രസംഗം എക്സിക്യൂട്ടീവ് മജിസ്ട്രേട്ടും ഉന്നത പൊലീസ് ഓഫീസര്‍മാരും നേരിട്ടുകേട്ടതാണ്. അതില്‍ ഭീഷണിയുണ്ടായിരുന്നെങ്കില്‍ അവര്‍ സ്വയമേവ കേസെടുക്കാതിരിക്കുമോ? ഇവിടെ അതും ഉണ്ടായിട്ടില്ല. 26ന് നടന്ന പ്രസംഗത്തിന്റെ പേരില്‍ തുടര്‍ന്നുള്ള നാലുനാള്‍ ഒരു വിമര്‍ശവും ഒരു ഭാഗത്തുനിന്നും ഉയര്‍ന്നില്ല. 30ന് പി പി തങ്കച്ചന്റെ നേതൃത്വത്തില്‍ യുഡിഎഫ് നേതൃയോഗം നടക്കുന്നു. ആ യോഗം എളമരം കരീമിന്റെ പ്രസംഗത്തില്‍ ഭീഷണിയുണ്ടായിരുന്നുവെന്ന് കണ്ടെത്തുന്നു. കേസെടുക്കണമെന്ന് പൊലീസിനോടാവശ്യപ്പെടുന്നു. യുഡിഎഫിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുകയല്ലാതെ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല എന്ന് നിത്യേന തെളിയിച്ചുകൊണ്ടിരിക്കുന്ന പൊലീസ് തൊട്ടുപിന്നാലെ കേസെടുക്കുന്നു. ഇതാണ് സംഭവിച്ചത്. പൊലീസ് എന്തുചെയ്യണമെന്ന് കല്‍പ്പിക്കാനുള്ള അധികാരം യുഡിഎഫ് നേതൃയോഗത്തിനുണ്ടോ? കോണ്‍ഗ്രസും യുഡിഎഫും വരച്ച വരകളിലൂടെയേ പൊലീസ് സഞ്ചരിക്കൂ എന്നതിന് ഇതില്‍പ്പരം തെളിവുവേണോ? ഇങ്ങനെ ഭരണഘടനാബാഹ്യകേന്ദ്രങ്ങളില്‍നിന്ന് കല്‍പ്പന സ്വീകരിച്ച് പൊലീസ് പ്രവര്‍ത്തിക്കുമെന്നുവന്നാല്‍ നിയമവാഴ്ചയെവിടെ? ഭരണക്രമമെവിടെ? ജനാധിപത്യസ്വാതന്ത്ര്യമെവിടെ? പ്രസക്തമായ ഈ ചോദ്യങ്ങളാണ് ഈ പ്രശ്നത്തില്‍നിന്നുയരുന്നത്.

പൗരാവകാശ ലംഘനങ്ങളും മനുഷ്യാവകാശലംഘനങ്ങളും പൊലീസിന്റെ ഭാഗത്തുനിന്നുള്ള നിയമലംഘനങ്ങളും ശ്രദ്ധയില്‍പെട്ടാല്‍ അവ ജനസമക്ഷം തുറന്നുകാട്ടുക എന്നത് ജനാധിപത്യത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകന്റെ ചുമതലയാണ്. ഇവിടെ എളമരം കരീം അതേ ചെയ്തുള്ളൂ. നിയമലംഘനം നടത്തിയ പൊലീസ് ഓഫീസര്‍മാര്‍ കോടതിയില്‍ ശിക്ഷിക്കപ്പെട്ടതിന്റെ ഉദാഹരണങ്ങള്‍ നിരത്തുന്നത് പൊലീസ് ഓഫീസര്‍മാര്‍ കോടതിതന്നെ തെറ്റ് എന്ന് പ്രഖ്യാപിച്ചവ ആവര്‍ത്തിക്കാതിരിക്കാനുള്ള ഓര്‍മപ്പെടുത്തല്‍മാത്രമാണ്. നീതിന്യായസംവിധാനത്തിന്റെ ഭാഗംചേര്‍ന്നുള്ള പ്രവര്‍ത്തനമാണത്. അത് നിയമവിരുദ്ധമല്ല. നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ആ ഇടപെടലിനെയാണ് യുഡിഎഫ് "ഭീഷണി"യായി ചിത്രീകരിച്ചത്. ആ ചിത്രീകരണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എളമരം കരീമിനെതിരെ കേസെടുത്തത്. പൗരാവകാശങ്ങളോടും മനുഷ്യാവകാശങ്ങളോടും ജനാധിപത്യാവകാശങ്ങളോടും യുഡിഎഫ് പുലര്‍ത്തുന്ന അസഹിഷ്ണുതയെയാണിത് കാണിക്കുന്നത്. യുഡിഎഫിന്റെ രാഷ്ട്രീയ അസഹിഷ്ണുത മുന്‍നിര്‍ത്തിയുള്ള വൈരനിര്യാതനത്തിനുള്ള ഉപകരണമായി പൊലീസ് തരംതാഴുന്ന നിലയാണ് ഇപ്പോള്‍ കാണുന്നത്. ഇത് അനുവദിച്ചുകൊടുത്താല്‍ നാളെ അപകടപ്പെടുക കേരളജനതയുടെ ജനാധിപത്യസ്വാതന്ത്ര്യമാവും. ആ ആപത്ത് ഉണ്ടാവാതെ നോക്കാനുള്ള ജാഗ്രത കേരളം പുലര്‍ത്തിയേ പറ്റൂ. ആ ജാഗ്രത കേരളം കാട്ടുകതന്നെ ചെയ്യും.

*
ദേശാഭിമാനി മുഖപ്രസംഗം 02 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജനാധിപത്യപരമായ പ്രതിഷേധങ്ങളെപ്പോലും പൊലീസ് നടപടികള്‍കൊണ്ട് അമര്‍ച്ചചെയ്യാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ അമിതാധികാര വ്യഗ്രതയാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീമിന്റെ പേരില്‍ എടുത്ത കേസില്‍നിന്ന് തെളിയുന്നത്.