Wednesday, June 13, 2012

പ്രതിസന്ധി രൂക്ഷമാവുമ്പോള്‍ ഭാരം മുഴുവന്‍ സാധാരണക്കാര്‍ക്ക്

രൂപയുടെ ഡോളര്‍ കൈമാറ്റ മൂല്യം കുത്തനെ ഇടിഞ്ഞു. കയറ്റുമതിയില്‍നിന്നുള്ള വരവിനേക്കാള്‍ ഇറക്കുമതിക്കുള്ള ചെലവ് 1400 കോടി ഡോളറായി 2011-12 അവസാനം വര്‍ധിച്ചു. വ്യാവസായിക ഉല്‍പാദനം 2011-12ലെ അവസാനപാദ (മൂന്നുമാസം)ത്തില്‍ കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ജനുവരി - മാര്‍ച്ച് കാലത്ത് വളര്‍ച്ചാനിരക്ക് 5.3 ശതമാനമായി ഇടിഞ്ഞു. വ്യാവസായികോല്‍പാദനം 2.8 ശതമാനം മാത്രമാണ്. ഏതുവിധത്തില്‍ നോക്കിയാലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സ്ഥിതി ദയനീയവും സാധാരണക്കാരെ പേടിപ്പെടുത്തുന്നതുമായിട്ടുണ്ട്.

വിലക്കയറ്റം, ദാരിദ്ര്യത്തിെന്‍റ വര്‍ധന, തൊഴില്‍ നഷ്ടപ്പെടല്‍, അസംഘടിത തൊഴിലാളികളുടെ എണ്ണത്തിലുള്ള വര്‍ധന - ഇങ്ങനെ പലതുമാണ് അവരെ ഭയപ്പെടുത്തുന്നത്. അതോടൊപ്പം അവരെ വേദനിപ്പിക്കുന്നതും രോഷം കൊള്ളിക്കുന്നതും വന്‍കിട പണക്കാര്‍ക്ക് പ്രയോജനകരമാകുന്ന തരത്തില്‍ വിവിധ നികുതി ഇളവുകളിലൂടെ 2012 - 13 ബജറ്റില്‍ 5 ലക്ഷം കോടി രൂപയുടെ ആനുകൂല്യം നല്‍കിയതാണ്. എണ്ണ ഉല്‍പന്നങ്ങളുടെ മേലുള്ള വിവിധ നികുതികളിലൂടെ രണ്ടുലക്ഷം കോടി രൂപയോളമാണ് 2009-10ല്‍ സര്‍ക്കാരിനു ലഭിച്ചിരുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഈ ഉല്‍പന്നങ്ങളുടെ വില കുത്തനെ വര്‍ധിച്ചതിനാല്‍ നികുതിവരവിലും ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. പെട്രോളിനുപുറമെ ഡീസല്‍, മണ്ണെണ്ണ, പാചകവാതകം മുതലായവയുടെമേലുള്ള നികുതികളെല്ലാം കൂടി 5 ലക്ഷം കോടി രൂപയോളം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. സമ്പന്നരുടെ ഭാരം കുറച്ച് സാധാരണക്കാരുടെമേല്‍ നടുവൊടിക്കുന്ന ഭാരം അടിച്ചേല്‍പിക്കുകയാണ്.

സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലേക്ക് മുതലക്കൂപ്പ് കുത്തുന്നതിനിടെ പ്രധാനമന്ത്രിയും ധനമന്ത്രിയുമൊക്കെ ഈ സ്ഥിതിവിശേഷത്തെ നേരിടാന്‍ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. 20 വര്‍ഷംമുമ്പ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ആഗോളവല്‍ക്കരണത്തിലേക്ക് തള്ളിവിട്ട ധനമന്ത്രിയാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി. ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി പല മേഖലകളിലായി നടത്താന്‍ കൂട്ടുനിന്നയാളുമാണ്. അതുകൊണ്ട് അദ്ദേഹത്തിെന്‍റ ശുഭാപ്തി വിശ്വാസത്തെ കോണ്‍ഗ്രസ്സുകാര്‍പോലും മുഖവിലയ്ക്ക് എടുക്കുന്നില്ല. പക്ഷേ, അദ്ദേഹം ഇന്ത്യയിലെ കുത്തകകളുടെ ഇഷ്ടഭാജനമാണ്. അതുകൊണ്ട് കോണ്‍ഗ്രസ്സല്ല, ബിജെപി പോലും അദ്ദേഹത്തെ മാറ്റാന്‍ ആവശ്യപ്പെടില്ല. രാജ്യത്തെ വന്‍കിട ബിസിനസ്സുകാരുടെ സംഘടനകളാണ് ഫിക്കി (എഫ്ഐസിസിഐ)യും സിഐഐയും. അവ സംയുക്തമായി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത് സിവില്‍ വിമാനഗതാഗതം, പ്രതിരോധം എന്നീ മേഖലകളില്‍ വിദേശ ഓഹരി അനുവദിക്കണമെന്നും മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വില്‍പനശാലകള്‍ സ്ഥാപിക്കാന്‍ വിദേശ കുത്തകകളെ അനുവദിക്കണമെന്നുമാണ്. രാഷ്ട്രത്തിെന്‍റയോ ജനസാമാന്യത്തിെന്‍റയോ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്ന ഒരു നിഷ്കര്‍ഷയും അവര്‍ക്കില്ല. ഫിക്കിയും സിഐഐയും വിദേശ കുത്തകകളുമായി താദാത്മ്യം പ്രാപിച്ചതായാണ് അവരുടെ പ്രതികരണങ്ങള്‍ വെളിവാക്കുന്നത്.

വ്യാവസായികോല്‍പാദനവും വളര്‍ച്ചാനിരക്കും കുറയാന്‍ പ്രധാന കാരണം പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഇടിഞ്ഞതാണ്. അവിടങ്ങളിലെ സാമ്പത്തികസ്ഥിതിയും ധനസ്ഥിതിയും പരിതാപകരമായിരിക്കുന്നു. അതിനാല്‍ ആ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ഊന്നിയും അവയുടെ സാമ്പത്തിക സ്ഥിതി താറുമാറാക്കിയ ബഹുരാഷ്ട്രകുത്തകകളുടെ മൂലധന ഇറക്കുമതിക്ക് ചുവന്ന പരവതാനി വിരിച്ചും സാമ്പത്തികഭാരം പണക്കാരുടെ ചുമലിലേറ്റാതെ സാധാരണക്കാരുടെ തലയില്‍ കെട്ടിവെച്ചും ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന ഫിക്കി - സിഐഐ നിര്‍ദേശം സമ്പന്നരുടെ ക്ഷേമം മാത്രം മുന്നില്‍കണ്ടുള്ളതാണ്. ജനങ്ങളെ കടുത്ത ജീവിത പ്രയാസങ്ങളിലേക്ക് എറിയുന്നതാണ്. സാമ്രാജ്യത്വ സൈദ്ധാന്തികരും മറ്റും നിര്‍ദേശിക്കുന്ന പരിഹാരം ഇന്ത്യയെ, അതിലെ മഹാഭൂരിപക്ഷംവരുന്ന സാധാരണക്കാരെ, കൂടുതല്‍ ജീവിത വിഷമതകളില്‍ ആഴ്ത്തുകയേ ഉള്ളൂ. ഈ വര്‍ഷം 5 ലക്ഷം കോടിയുടെയും കഴിഞ്ഞ വര്‍ഷം 4.6 ലക്ഷം കോടി രൂപയുടെയും അതിനുമുമ്പുള്ള നാലു വര്‍ഷങ്ങളില്‍ 16 ലക്ഷംകോടി രൂപയുടെയും നികുതി ഇളവുകള്‍ വന്‍കിടക്കാര്‍ക്ക് നല്‍കിയില്ലായിരുന്നുവെങ്കില്‍, ഇന്ത്യാ സര്‍ക്കാരിെന്‍റ റവന്യൂക്കമ്മിയും ധനക്കമ്മിയും ഇത്ര രൂക്ഷമാകുമായിരുന്നില്ല. അവര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് വിദേശമൂലധനത്തിനും മറ്റും കൂടുതല്‍ സൗജന്യങ്ങള്‍ വേണമെന്നാണ്. അതുകൊണ്ട് ഗവണ്‍മെന്‍റിെന്‍റ വരുമാനത്തില്‍ ഉണ്ടാകുന്ന കുറവ് സാധാരണക്കാരുടെമേല്‍ പുതിയ സാമ്പത്തികഭാരം അടിച്ചേല്‍പിച്ച് നികത്തണമെന്നും.

നിലാവുണ്ടെന്ന്വെച്ച് വെളുക്കുവോളം കക്കരുത് എന്നൊരു പഴഞ്ചൊല്ലുണ്ട്. കേന്ദ്ര സര്‍ക്കാരിനോടും വന്‍കിട മുതലാളിമാരോടും മറ്റും ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പായി നല്‍കാനുള്ളത് അതാണ്. കോണ്‍ഗ്രസ്സും ബിജെപിയും തങ്ങളുടെ നയത്തെ എതിര്‍ക്കില്ല എന്ന മുന്‍കാലാനുഭവം അവരുടെ മുന്നിലുണ്ട്. അവ കുത്തക മുതലാളിത്തത്തിെന്‍റ പാര്‍ടികളാണല്ലോ. ഫിക്കിയുടെ നേതൃത്വം അത്തരത്തിലൊരു ആഹ്വാനം ഭരണ - പ്രതിപക്ഷ പാര്‍ടികളോട് കഴിഞ്ഞയാഴ്ച ആദ്യം നടത്തിയിരുന്നു. നികുതി കണക്കാക്കുന്നതില്‍ വര്‍ധിച്ച തേയ്മാനച്ചെലവ് അനുവദിക്കുക, കൂടുതല്‍ മുതല്‍മുടക്ക് അലവന്‍സ്, പശ്ചാത്തലമേഖലയുടെ മേലുള്ള നികുതി (എംഎടി) റദ്ദാക്കുക മുതലായ പുതിയ സൗജന്യങ്ങള്‍ അവ ആവശ്യപ്പെടുന്നു. തൊഴിലാളികളും കൃഷിക്കാരും ജീവനക്കാരും തൊഴിലില്ലാത്തവരും അടങ്ങുന്ന ജനസംഖ്യയിലെ നൂറുകോടിയിലധികം വരുന്ന ജനസാമാന്യം ഒറ്റക്കെട്ടായി ഈ നീക്കങ്ങളെ ഉടനെ ചെറുത്തില്ലെങ്കില്‍, പ്രതിസന്ധിയുടെ ഭാരം മുഴുവന്‍ മുന്‍കാലങ്ങളില്‍ ഉണ്ടായതുപോലെ അവരുടെമേല്‍ കെട്ടിവെക്കപ്പെടുന്ന സ്ഥിതി ഉണ്ടാകും. അതിനെ ചെറുക്കാനുള്ള നീക്കങ്ങള്‍ അതിവേഗം ഉണ്ടാകേണ്ടിയിരിക്കുന്നു.

*
ചിന്ത മുഖപ്രസംഗം 13 ജൂണ്‍ 2012

No comments: