Friday, June 8, 2012

അധികാരത്തണലില്‍ സിപിഐ എമ്മിനെതിരെ

Part 1

ചന്ദ്രശേഖരന്റെ വധം നടന്ന ഉടനെ സിപിഐ എമ്മിനെ പ്രതിയാക്കി പ്രഖ്യാപിച്ച യുഡിഎഫ് നേതൃത്വം തുടര്‍ന്ന് അധികാരത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഈ കേസ് പാര്‍ടിക്കെതിരെ തിരിച്ചുവിടുന്നതിനാണ് പരിശ്രമിച്ചത്. കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് ഇന്‍ക്വസ്റ്റ് നടക്കുന്ന സ്ഥലം ആഭ്യന്തരമന്ത്രി സന്ദര്‍ശിക്കുക എന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗങ്ങളില്‍ ആഭ്യന്തരമന്ത്രി പങ്കെടുക്കുക സാധാരണമാണ്. എന്നാല്‍, പൊലീസ് ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനയില്‍ കെപിസിസി പ്രസിഡന്റ് പങ്കെടുത്ത് അന്വേഷണങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക എന്നത് സാധാരണ സംഭവിക്കുന്നതല്ല. ഇവിടെ അതും സംഭവിച്ചു.

പൊലീസ് അന്വേഷണങ്ങളുടെയും മറ്റ് ദൈനംദിന കാര്യങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ഡിജിപി. ടി പി ചന്ദ്രശേഖരന്റെ വധം അന്വേഷിക്കുന്ന സംഘാംഗങ്ങളുമായി സംസാരിച്ചശേഷം ഈ കൊല സ്വകാര്യലാഭത്തിനുവേണ്ടിയായിരുന്നു എന്നായിരുന്നു ഡിജിപിയുടെ വെളിപ്പെടുത്തല്‍. ഉടന്‍ ഈ വെളിപ്പെടുത്തലിനെ നിഷേധിച്ച് ആഭ്യന്തരമന്ത്രി രംഗത്തുവരികയും ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പൊലീസിന്റെ സ്വതന്ത്രമായ അന്വേഷണത്തെയും പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തുന്നതിനാണ് ഇവര്‍ ഇടപെടുന്നത് എന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട തെളിവായിരുന്നു ഇത്. ഡിജിപിയുടെ പ്രസ്താവനയെപ്പോലും നിഷേധിച്ചുള്ള ആഭ്യന്തരമന്ത്രിയുടെ ഇടപെടല്‍ ഭരണതലത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്.

ക്രമസമാധാനം സംസ്ഥാന പരിധിയില്‍പ്പെടുന്ന ഒന്നാണ്. അന്വേഷണം തങ്ങള്‍ ഉദ്ദേശിക്കുന്ന തലത്തില്‍ നീങ്ങിയില്ലെങ്കില്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കും എന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയില്‍ നടന്ന സത്യഗ്രഹത്തില്‍ പ്രഖ്യാപിച്ചു. ഇത് യഥാര്‍ഥത്തില്‍ സംസ്ഥാനത്തിന്റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റവും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതുമായിരുന്നു. മറ്റൊരു കാര്യവും മുല്ലപ്പള്ളി പറഞ്ഞു, ചില പരല്‍മീനുകള്‍ മാത്രമേ കുടുങ്ങിയിട്ടുള്ളൂ എന്നും വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ട് എന്നും. ഈ പ്രസംഗത്തിനുശേഷമാണ് കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്തത്. ഗൂഢാലോചനാവകുപ്പിനുള്ള സവിശേഷത ആരെയും അതില്‍ പ്രതിയാക്കാം എന്നതാണ്. തികഞ്ഞ രാഷ്ട്രീയലക്ഷ്യത്തോടെയാണ് അന്വേഷണം മുന്നോട്ടുപോകുന്നത് എന്നതിന്റെ മറ്റൊരു തെളിവാണിത്.

കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ ഈ ഘട്ടത്തില്‍ ഇടപെട്ട് ആരൊക്കെ കേസില്‍ പ്രതിയാകണം എന്ന കാര്യം പരസ്യമായി പ്രഖ്യാപിച്ചു. സിപിഐ എം ഒഞ്ചിയം ഏരിയ സെക്രട്ടറി സി എച്ച് അശോകനെ അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് ഇദ്ദേഹം പ്രതിയാണ് എന്ന് പ്രഖ്യാപിച്ചത് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ്. പ്രതികളെ നിശ്ചയിക്കുന്നതിനുള്ള തിരക്കഥ രാഷ്ട്രീയമായി തയ്യാറാക്കപ്പെടുകയും അതനുസരിച്ച് ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത് എന്നതിന്റെ മറ്റൊരു സൂചനയാണ് ഈ സംഭവം.

യുഡിഎഫിന്റെ ചില നേതാക്കള്‍ തങ്ങളുടെ പങ്ക് നിര്‍വഹിക്കേണ്ടതുണ്ട് എന്ന അര്‍ഥത്തില്‍ വാര്‍ത്ത സൃഷ്ടിക്കാനുള്ള ചില വാദഗതികള്‍ മുന്നോട്ടുവച്ചു. വളരെ പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ അവതരിപ്പിച്ച അത്തരമൊരു കഥയാണ്, സി എച്ച് അശോകന്‍ എന്‍ജിഒ യൂണിയന്റെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല എന്നത്. മറ്റൊരാളുടെ പ്രഖ്യാപനം ടി പി രാമകൃഷ്ണന്‍ ചൈനയിലേ പോയിട്ടില്ല എന്നായിരുന്നു. യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണം എന്ന ആത്മാര്‍ഥമായ നിലപാടാണ് സിപിഐ എം സ്വീകരിച്ചത്. അത്തരത്തിലുള്ള അന്വേഷണത്തിന് എല്ലാവിധ പിന്തുണയും പാര്‍ടി വാഗ്ദാനംചെയ്തു. സത്യം പുറത്തുവരുമ്പോള്‍ കാര്യങ്ങളെല്ലാം വ്യക്തമാകും എന്ന നിലപാടാണ് പാര്‍ടി സ്വീകരിച്ചത്. അതുകൊണ്ടുതന്നെ അന്വേഷണം ആരംഭിച്ചഘട്ടത്തില്‍ യുഡിഎഫും മറ്റും രാഷ്ട്രീയ ഉദ്ദേശ്യത്തോടെ ഉയര്‍ത്തിയ പ്രചാരണത്തിന്റെ ഭാഗമായി പാര്‍ടിയുമായി ബന്ധമുള്ള ചിലരെ കസ്റ്റഡിയിലെടുത്തപ്പോഴും ഒരു അഭിപ്രായവ്യത്യാസംപോലും പാര്‍ടി രേഖപ്പെടുത്തിയില്ല. ഹാജരാകാന്‍ ആവശ്യപ്പെട്ടവരെല്ലാം ഹാജരാവുക എന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, അന്വേഷണം വഴി തെറ്റിക്കുന്നതിനും തിരക്കഥകള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നീക്കുന്നതിനുമാണ് പൊലീസ് പരിശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ച് ഉണ്ടായതോടെയാണ് അന്വേഷണത്തെക്കുറിച്ചുള്ള സംശയങ്ങളിലേക്ക് പാര്‍ടി വിരല്‍ചൂണ്ടിയത്.

അതിലെ പ്രധാനപ്പെട്ട സംഭവമായിരുന്നു കൂത്തുപറമ്പ് ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി ബാബുവിനെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ടത്. ബാബുവിനെ വിളിച്ചുകൊണ്ടു പോയതുതന്നെ സംശയാസ്പദമായ രീതിയിലായിരുന്നു. മറ്റൊരു കേസിനെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ പ്രകാരമാണ് ബാബു സിഐ ഓഫീസിലേക്ക് പോകുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ വടകര ഡിവൈഎസ്പി ഓഫീസിലേക്ക് കൊണ്ടുപോയി. തെറ്റായ വിവരങ്ങള്‍ നല്‍കി കസ്റ്റഡിയിലെടുത്തിട്ടും ഒരു എതിര്‍പ്പിനും പാര്‍ടി മുതിര്‍ന്നില്ല. അദ്ദേഹത്തെ അന്വേഷിച്ചുചെന്ന സഖാക്കളോട് ചോദ്യംചെയ്തശേഷം വിടും എന്നാണ് പറഞ്ഞത്. എന്നാല്‍, നേരത്തെ നല്‍കിയ ഉറപ്പില്‍നിന്ന് വ്യത്യസ്തമായി നിയമപരമായി കസ്റ്റഡിയില്‍ വയ്ക്കുന്നതിനുള്ള സമയമായ 24 മണിക്കൂറിനുശേഷവും ബാബുവിനെ കസ്റ്റഡിയില്‍വച്ചപ്പോഴാണ് എം വി ജയരാജന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഓഫീസിനു മുന്നില്‍ ജനാധിപത്യപരമായ സമരം നടത്തിയത്. അന്വേഷണം, നിയമപരമായി പൗരന് ലഭിക്കേണ്ട അവകാശങ്ങളെ തടസ്സപ്പെടുത്തുന്നതും സുതാര്യമായ രീതികള്‍ക്ക് വിരുദ്ധവും ആകുന്നു എന്ന സംശയം ഈ ഘട്ടത്തിലാണ് ശക്തമായി ഉയര്‍ന്നത്. പൊലീസ് കസ്റ്റഡിയില്‍ എന്തു നടക്കുന്നു എന്ന കാര്യംപോലും പാര്‍ടി അന്വേഷിച്ചിരുന്നില്ല. കാരണം, അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ എന്ന ശക്തമായ നിലപാടായിരുന്നു പാര്‍ടിക്കുണ്ടായിരുന്നത്.

കസ്റ്റഡിയിലുണ്ടായ അനുഭവത്തെക്കുറിച്ച് ബാബു നടത്തിയ വെളിപ്പെടുത്തലാണ് അന്വേഷണസംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിജസ്ഥിതി മനസ്സിലാക്കാന്‍ സഹായിച്ചത്. ബാബുവിനെ ഭീകരമായി പീഡിപ്പിച്ചു. ചോദ്യംചെയ്യലിനിടയില്‍ മൂന്നുതവണയാണ് ഈ ചെറുപ്പക്കാരന്‍ അബോധാവസ്ഥയിലായത്. പാര്‍ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം പനോളി വത്സലന് ഈ സംഭവവുമായി ബന്ധമുണ്ട് എന്ന മൊഴി നല്‍കണം എന്നതായിരുന്നു പൊലീസിന്റെ ആവശ്യം. ആ കള്ളമൊഴി നല്‍കാന്‍ തയ്യാറായില്ലെന്നതാണ് ബാബുവിനെ പീഡിപ്പിച്ചതിന്റെ അടിസ്ഥാനമെന്ന് ബോധ്യപ്പെട്ടു. അവശനായ ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിവന്നു. പൊലീസ് കസ്റ്റഡിയില്‍ നടക്കുന്ന കാര്യങ്ങള്‍ ഭീകരമാണ് എന്ന് മനസ്സിലായതോടെ കസ്റ്റഡിയിലായ സഖാക്കളെ കാണേണ്ടത് അത്യാവശ്യമാണ് എന്ന് ബോധ്യപ്പെട്ടു. എന്നാല്‍, കസ്റ്റഡിയിലുള്ളവരെ കാണാന്‍ പൊലീസ് അനുമതി നല്‍കിയില്ല. ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റിയശേഷമാണ് പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും എംഎല്‍എയുമായ എളമരം കരീമും മറ്റൊരു എംഎല്‍എയായ കെ കെ ലതികയും പടയങ്കണ്ടി രവീന്ദ്രനെ സന്ദര്‍ശിച്ചത്. പടയങ്കണ്ടി രവീന്ദ്രന്‍ നല്‍കിയ മൊഴികളെന്ന പേരില്‍ പത്രത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ രവീന്ദ്രന്‍ വിശദീകരിച്ചു. പത്രത്തില്‍ കാണുന്ന തരത്തിലുള്ള മൊഴി നല്‍കിയിട്ടില്ലെന്നും കടുത്ത പീഡനമാണ് ഉണ്ടായതെന്നും രവീന്ദ്രന്‍ വിശദീകരിച്ചു. അവിടെ അരങ്ങേറിയ മൂന്നാംമുറകളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഇതിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ന്യായമായും ഈ കാര്യം കോടതിയില്‍ എന്തുകൊണ്ട് പറഞ്ഞില്ലെന്ന് ഈ സഖാക്കള്‍ ചോദിക്കുകയും ചെയ്തു.

കൊടിയ പീഡനം വീണ്ടും ഏല്‍ക്കേണ്ടിവരും എന്നതുകൊണ്ടാണ് ഈ കാര്യം പറയാതിരുന്നത് എന്ന് രവീന്ദ്രന്‍ വ്യക്തമാക്കി. ഇതോടൊപ്പം, മറ്റു ചില കാര്യങ്ങള്‍കൂടി രവീന്ദ്രനെ സന്ദര്‍ശിച്ച സഖാക്കള്‍ക്ക് മനസ്സിലാക്കാനായി. അന്വേഷണ ഉദ്യോഗസ്ഥരില്‍ ചിലര്‍ മാധ്യമങ്ങളുമായി ചേര്‍ന്ന് നടത്തുന്ന ചില പരിശ്രമങ്ങള്‍ പുറത്തുകൊണ്ടുവരാനും ഈ സന്ദര്‍ശനം ഇടയാക്കി. പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലരാണ് തെറ്റായ പല വാര്‍ത്തകളും മാധ്യമങ്ങള്‍ക്ക് നല്‍കുന്നതെന്നും ഇവരുമായുള്ള സംഭാഷണത്തില്‍നിന്ന് വ്യക്തമായി. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് വ്യത്യസ്തമാണ് കാര്യങ്ങളെന്ന് പാര്‍ടിക്ക് ബോധ്യപ്പെടുന്ന നില ഇതുണ്ടാക്കി. മാധ്യമങ്ങളില്‍നിന്ന് പുറത്തുവരുന്ന കാര്യങ്ങളില്‍നിന്ന് വ്യത്യസ്തമാണ് സംഭവങ്ങള്‍ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എളമരം കരീമിനുണ്ടായിരുന്നു. ഇക്കാര്യമാണ് എസ്പി ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ കരീം വിശദീകരിച്ചത്. ഇതിന്റെ പേരിലാണ് കരീമിനെതിരെ തുടര്‍ച്ചയായി കേസുകള്‍ ചുമത്തുന്നതിന് പൊലീസ് തയ്യാറായത്. തെറ്റായ വാര്‍ത്തകള്‍ മുന്നോട്ടുവച്ച് മാധ്യമങ്ങള്‍ക്ക് എന്തും പറയാം. എന്നാല്‍, യഥാര്‍ഥ വസ്തുത ജനങ്ങളെ അറിയിക്കുന്നതിന് പാര്‍ടി സഖാക്കള്‍ക്ക് പാടില്ല എന്ന നീതി ഏത് അര്‍ഥത്തിലുള്ളതാണെന്ന് മനസ്സിലാകുന്നില്ല.

സംഘടിക്കാനും സമരം ചെയ്യുന്നതിനും ജനാധിപത്യപരമായി അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്നതിനും ഉള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും നല്‍കിയിട്ടുള്ളതാണ്. അത് കമ്യൂണിസ്റ്റുകാര്‍ക്ക് ബാധകമല്ല എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്നതിന്റെ സൂചനയാണ് ഇത്. ഇങ്ങനെ അന്വേഷണം തെറ്റായ നിലയിലേക്ക് നീങ്ങുന്നു എന്ന് പൂര്‍ണമായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ടി ഈ നടപടിക്കെതിരായി ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്ന കാര്യം പറഞ്ഞത്. അല്ലാതെ, അന്വേഷണത്തെ തടസ്സപ്പെടുത്താനുള്ള ഒരു നടപടിയും പാര്‍ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഒഞ്ചിയം ഏരിയ സെക്രട്ടറി സി എച്ച് അശോകനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. അശോകനെ കാണണമെന്ന് ഡിവൈഎസ്പി പറയുകയും അതിന്റെ അടിസ്ഥാനത്തില്‍ ഒന്നും ഭയപ്പെടാനില്ലാത്ത അശോകന്‍ ചെല്ലുകയുമാണ് ചെയ്തത്. ഈ ഘട്ടത്തില്‍പ്പോലും അന്വേഷണ സംഘവുമായി സഹകരിക്കുകയാണ് പാര്‍ടി ചെയ്തത്. എന്നാല്‍, ആ സഹകരണത്തെ ദൗര്‍ബല്യമായി കണ്ട് പാര്‍ടിയെ തകര്‍ക്കാനാകുമോ എന്ന ശ്രമമാണ് പൊലീസിനെ ഉപയോഗിച്ച് യുഡിഎഫ് നടത്തുന്നത്. ഈ യാഥാര്‍ഥ്യം തുറന്നുകാട്ടുകമാത്രമാണ് സിപിഐ എം ചെയ്തത്.

അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ച സിപിഐ എമ്മിനു നേരെ തിരക്കഥകളുണ്ടാക്കി അതിനുസരിച്ച് അന്വേഷണം നീങ്ങുന്നു എന്ന ഘട്ടം വന്നപ്പോഴാണ് ആ തെറ്റായ നടപടികളെ തുറന്നുകാട്ടാന്‍ പാര്‍ടി തയ്യാറായത്. അതായത്, അന്വേഷണത്തെ സ്വതന്ത്രമായി വിടുന്നതിനു പകരം രാഷ്ട്രീയതാല്‍പ്പര്യത്തോടുകൂടിയുള്ള ഇടപെടലിലേക്കും പൗരാവകാശ ധ്വംസനത്തിലേക്കും കടന്നതോടെ അത് തുറന്നുകാട്ടുക മാത്രമാണ് പാര്‍ടി ചെയ്തത്. ഈ യാഥാര്‍ഥ്യം മറച്ചുവച്ചുള്ള പ്രചാരണമാണ് ഇപ്പോള്‍ പല മാധ്യമങ്ങളും നടത്തുന്നത്. ശരിയായ അന്വേഷണവുമായി പൂര്‍ണ അര്‍ഥത്തില്‍ സഹകരിക്കാന്‍ പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍, ആ നിലപാടെടുത്ത സിപിഐ എമ്മിനെ ഒറ്റപ്പെടുത്തി തകര്‍ക്കാനാണ് അധികാരം ഉപയോഗിച്ച് യുഡിഎഫ് ശ്രമിച്ചത് എന്നതാണ് വസ്തുത. ആ ശ്രമത്തെയാണ് പാര്‍ടി എതിര്‍ത്തത്. (അവസാനിക്കുന്നില്ല)

*
പിണറായി വിജയന്‍

മൂന്നാം ഭാഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചന്ദ്രശേഖരന്റെ വധം നടന്ന ഉടനെ സിപിഐ എമ്മിനെ പ്രതിയാക്കി പ്രഖ്യാപിച്ച യുഡിഎഫ് നേതൃത്വം തുടര്‍ന്ന് അധികാരത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഈ കേസ് പാര്‍ടിക്കെതിരെ തിരിച്ചുവിടുന്നതിനാണ് പരിശ്രമിച്ചത്. കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് ഇന്‍ക്വസ്റ്റ് നടക്കുന്ന സ്ഥലം ആഭ്യന്തരമന്ത്രി സന്ദര്‍ശിക്കുക എന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗങ്ങളില്‍ ആഭ്യന്തരമന്ത്രി പങ്കെടുക്കുക സാധാരണമാണ്. എന്നാല്‍, പൊലീസ് ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനയില്‍ കെപിസിസി പ്രസിഡന്റ് പങ്കെടുത്ത് അന്വേഷണങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക എന്നത് സാധാരണ സംഭവിക്കുന്നതല്ല. ഇവിടെ അതും സംഭവിച്ചു.