Sunday, June 17, 2012

പ്യാര്‍ ഭരേ...

നിസാമുദ്ദീനിലെ ചരസ് പുകയ്ക്കുന്ന യാചകര്‍ നിറഞ്ഞ തെരുവിലൂടെ രാത്രി നടന്നപ്പോള്‍ കവാലിയുടെ ഈണം മെല്ലെ വന്ന് മൂടി. നിസാമുദ്ദീന്‍ ഔലിയയുടെ ജാറത്തിന് മുന്നില്‍ സംഗീതാര്‍ച്ചനയില്ലാത്ത രാവുകളില്ല. ദര്‍ഗയ്ക്ക് സൂഫി സംഗീതത്തിന്റെ പശ്ചാത്തലവും ജാറം മൂടിയ പച്ച ചാദറിന്റെ നിറവും. മിര്‍സാ ഗാലിബിന്റെ ഹവേലിയുള്ള ബല്ലി മറാനിലും ജുമാ മസ്ജിദിലേക്കുള്ള കബാബിയാന്‍ ഗലിയിലും കേള്‍ക്കാം പാകിസ്ഥാനി സിഡികളില്‍ നിന്നുള്ള സംഗീതം. നിസ്കാരം പഠിപ്പിക്കുന്ന ചെറുപുസ്തകങ്ങള്‍ക്കിടയില്‍ നമ്മെ കാത്തിരിപ്പുണ്ട് ഗുലാം അലി, മുന്നിബീഗം, നൂര്‍ജഹാന്‍, ആബിദ പര്‍വീണ്‍. മനസ്സില്‍ സംഗീതത്തിന്റെ നവുള്ളവര്‍ എങ്ങനെ വീഴാതിരിക്കും?

ആയിടക്കാണ് ഗുലാം അലിയെ മുംബൈയില്‍ പാടാന്‍ അനുവദിക്കില്ലെന്ന് ശിവസേനയുടെ ഗര്‍ജനം കേട്ടത്. പാര്‍ലമെന്റിനുനേരെയുള്ള തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ രൂപപ്പെട്ട വൈരത്തിന് അല്‍പ്പം കുറവു വന്ന കാലമായിരുന്നു അത്. കോട്ടക്കലില്‍ ചികിത്സക്കുവന്ന മെഹ്ദി ഹസന്‍കോഴിക്കോടിനെ അതിനുംമുമ്പ് മെഹ്ദി ഹസന്‍ വന്ന് ഇളക്കിമറിച്ചിട്ടുപോയ വാര്‍ത്തയുടെ ആവേശമെല്ലാം ചോര്‍ന്ന നാളുകള്‍. മലയാള ചാനലുകളും പത്രങ്ങളും ന്യൂഡല്‍ഹിയില്‍ വ്യാപകമായിട്ടില്ല. കര്‍കഡ് ഡൂമയിലെ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ കൂട്ടുകാരന്റെ വിളി വാര്‍ത്തകളും വിശേഷങ്ങളും അറിയാനുള്ള പതിവ് അന്വേഷണമാണെന്ന് കരുതി. നെഞ്ചിലൂടെ ഒരു മിന്നല്‍. ശ്വാസം മുട്ടുന്ന പോലെ. മറുപടി പറയാന്‍ പറ്റുന്നില്ല. സാക്ഷാല്‍ മെഹ്ദി ഹസന്‍ പാകിസ്ഥാനില്‍ നിന്ന് ചികിത്സക്ക് എത്തിയിട്ടുണ്ട്. ""രണ്ടാഴ്ചയായി. പത്രക്കാര്‍ ആരും അറിഞ്ഞിട്ടില്ല. തളര്‍വാതത്തിന്റെ അവശതയാണ്. ഇന്നുതന്നെ കാണാന്‍ സൗകര്യമുണ്ടാക്കിത്തരാം."" വൃദ്ധനായ രോഗി. രണ്ടാഴ്ചത്തെ ആയുര്‍വേദ ചികിത്സക്കുശേഷം ഭേദമായിട്ടാണെങ്കില്‍ പോലും ഇന്റര്‍വ്യു ചെയ്യുന്നതില്‍ അസാംഗത്യമുണ്ട്. സംസാരിക്കാന്‍ കഴിയില്ലെങ്കിലും ഒന്നു കാണുകയെങ്കിലും ചെയ്യാമല്ലോ. ഫോട്ടോഗ്രാഫറെയും കൂട്ടി ഐടിഒയുടെ തിരക്കിലൂടെ ബൈക്കോടിച്ചുപോകുമ്പോള്‍ ഇതായിരുന്നു ചിന്ത. ആശുപത്രിയില്‍ മുറിയില്‍ ചെന്നപ്പോള്‍ കൗപീനധാരിയായി എണ്ണത്തോണിയിലാണ് ജയ്പുര്‍ഖരാനയുടെ മഹാഗായകന്‍. ""സിന്ദഗിമേ..സഭീ... എന്ന് പാടി ഇന്ത്യയിലെ മഹാഗായകരെ പോലും നമ്രശിരസ്കരാക്കിയ മഹാല്‍ഭുതം. തന്റെ നാദപുഷ്പങ്ങള്‍ കൊണ്ട് രാജ്യാതിര്‍ത്തികള്‍ പൊഴിച്ചിട്ട ഗായകന്‍, പ്രായത്തിനും രോഗത്തിനും കീഴടങ്ങയിരിക്കുന്നു.

സംസാരിക്കുന്നതില്‍ നിന്ന് കര്‍ശനമായി വിലക്കി സഹായിയായ ജാവെദ്. കേരളത്തില്‍ നിന്നാണെന്നറിയിച്ചപ്പോള്‍ ജാവെദിനും അലിവ്, ""വൈകിട്ട് വരൂ. ആദ്യമായി ഇന്ന് വീല്‍ ചെയറില്‍ പുറത്തുപോകുന്നുണ്ട്. അപ്പോള്‍ കണ്ട് സംസാരിക്കാം. പടവുമെടുക്കാം."" പ്രതീക്ഷയോടെ മടങ്ങി. വൈകിട്ട് കര്‍കഡ് ഡൂമയിലെത്തുമ്പോള്‍ തണുപ്പ് വീണിരുന്നു. മുറിയില്‍ മെഹ്ദി സാബ് ഒരു കച്ചേരിക്ക് തയ്യാറെടുക്കുന്ന പോലെ. പൈജാമയും ഊതനിറമുള്ള കുര്‍ത്തയും. കയ്യുയര്‍ത്തി. അഭിവാദ്യം ചെയ്തു. നിഴല്‍പോലെ ജാവെദുമുണ്ട്. വീല്‍ ചെയറില്‍ മെഹ്ദി സാബ് ആശുപത്രിയുടെ പുല്‍ത്തകിടിയിലേക്ക്. ഇന്ത്യയുടെ തെക്കേ മൂലയില്‍ കേരളത്തില്‍ മെഹ്ദിക്ക് ആയിരക്കണക്കിന് ആരാധകരുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇരുകൈകളും ആകാശത്തേക്കുയര്‍ത്തി അദ്ദേഹം പറഞ്ഞു: ""എല്ലാം ദൈവത്തിന്റെ കൃപ.""

ഇന്ത്യ-പാക് സൗഹൃദം വളര്‍ത്തുന്നതിനെക്കുറിച്ചും ഇഷ്ടമുള്ള ഗായകരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും വിവാദമുണ്ടാക്കരുതെന്ന് പറഞ്ഞ് ജാവെദിന്റെ വിലക്ക്. എങ്കിലും മെഹ്ദി പറഞ്ഞു, ഇഷ്ടമുള്ള ഒരുപാട് പേരുണ്ട്. നൂര്‍ജഹാന്‍, ലത, ആശ, റഫി സാബ്, മുകേഷ്, തലത്, ജഗ്ജിത്സിങ്. ഇങ്ങേത്തലയ്ക്കല്‍ തലത് അസീസും ഹരിഹരനും. പിന്നെ കേരളത്തിലെ അനുഭവങ്ങളിലേക്ക്. ""വരണമെന്നാഗ്രഹമുണ്ട്. പക്ഷേ നിങ്ങളുടെ നാട്ടുകാര്‍ എന്നോടു പൊറുക്കുമല്ലോ."" ജന്മനാടായ രാജസ്ഥാനിലെ ലൂണയിലേക്ക് പോകാന്‍ മോഹമുണ്ടോ എന്ന ചോദ്യത്തിന് മനസ്സുകളുടെ അതിര്‍ത്തി ഭേദിക്കാനാവുമോ എന്ന നിശ്ശബ്ദമായ മറുപടി യില്‍ മുഴങ്ങി. രോഗം മാറി ഇന്ത്യയില്‍ വീണ്ടും പാടാന്‍ എത്തുമോ എന്ന ചോദിച്ചപ്പോള്‍ ഒരു വിഷാദഗാനം പോലെ മെഹ്ദി സാബ് അതു പറഞ്ഞു: ""എവിടെയും ഇനി ഒരു കച്ചേരിയോ റെക്കോഡിങ്ങോ സാധ്യമല്ല. അത്രയ്ക്കും അവശനാണ്."" ഒരിക്കലും ജന്മനാട്ടിലേക്ക് തിരിച്ചുചെല്ലാനായില്ലെങ്കിലും ഇന്നാട്ടിലെ ജനങ്ങളില്‍ സംഗീതത്തിന്റെ ഒരു കൊട്ടാരം പണിത ആ മനുഷ്യനെ ഓര്‍ത്തപ്പോള്‍ മനസ്സ് പാടി: പ്യാര്‍ ഭരേ...

*
എന്‍ എസ് സജിത് ദേശാഭിമാനി വാരാന്തപ്പതിപ്പ് 17 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നിസാമുദ്ദീനിലെ ചരസ് പുകയ്ക്കുന്ന യാചകര്‍ നിറഞ്ഞ തെരുവിലൂടെ രാത്രി നടന്നപ്പോള്‍ കവാലിയുടെ ഈണം മെല്ലെ വന്ന് മൂടി. നിസാമുദ്ദീന്‍ ഔലിയയുടെ ജാറത്തിന് മുന്നില്‍ സംഗീതാര്‍ച്ചനയില്ലാത്ത രാവുകളില്ല. ദര്‍ഗയ്ക്ക് സൂഫി സംഗീതത്തിന്റെ പശ്ചാത്തലവും ജാറം മൂടിയ പച്ച ചാദറിന്റെ നിറവും. മിര്‍സാ ഗാലിബിന്റെ ഹവേലിയുള്ള ബല്ലി മറാനിലും ജുമാ മസ്ജിദിലേക്കുള്ള കബാബിയാന്‍ ഗലിയിലും കേള്‍ക്കാം പാകിസ്ഥാനി സിഡികളില്‍ നിന്നുള്ള സംഗീതം. നിസ്കാരം പഠിപ്പിക്കുന്ന ചെറുപുസ്തകങ്ങള്‍ക്കിടയില്‍ നമ്മെ കാത്തിരിപ്പുണ്ട് ഗുലാം അലി, മുന്നിബീഗം, നൂര്‍ജഹാന്‍, ആബിദ പര്‍വീണ്‍. മനസ്സില്‍ സംഗീതത്തിന്റെ നവുള്ളവര്‍ എങ്ങനെ വീഴാതിരിക്കും?