Friday, June 1, 2012

കുതിരക്കച്ചവടവും അഞ്ചാംമന്ത്രിയും അവതാളത്തില്‍

ജാതിരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി നെയ്യാറ്റിന്‍കരയെ മാറ്റാന്‍ യുഡിഎഫ് കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ അനാശാസ്യചിത്രവുമായാണ് നെയ്യാറ്റിന്‍കര ശനിയാഴ്ച പോളിങ്ബൂത്തിലേക്ക് പോകുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരായ ധാര്‍മികത ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പോരാട്ടം. ഫലം നിര്‍ണയിക്കുന്നതില്‍ രാഷ്ട്രീയത്തിനൊപ്പം സാമുദായിക ഘടകത്തിനും പ്രാമുഖ്യമേകുന്ന പ്രദേശമാണ് ഇവിടമെന്നത് നെയ്യാറ്റിന്‍കരയെ കേരളത്തിലെ മറ്റു മണ്ഡലങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. അതുകൊണ്ടാണ് അഞ്ചാംമന്ത്രിയും ലീഗിന്റെ ആര്‍ത്തിയും അതിനു കീഴടങ്ങിയ ഉമ്മന്‍ചാണ്ടിയുടെ നയവും സൃഷ്ടിച്ച പുതിയ രാഷ്ട്രീയ, സാമൂഹികാന്തരീക്ഷം യുഡിഎഫിനെ പരുങ്ങലിലാക്കുന്നത്. ഇതു തിരിച്ചറിഞ്ഞാണ് ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ മുതല്‍ അഞ്ചാംമന്ത്രിക്കുവരെ മണ്ഡലത്തില്‍ അയിത്തം കല്‍പ്പിച്ചത്. ഒന്നരമാസം നീണ്ട പ്രചാരണത്തില്‍ ലീഗ് നേതാക്കളെയെല്ലാം കോണ്‍ഗ്രസ് ബോധപൂര്‍വം അകറ്റിനിര്‍ത്തി. യുഡിഎഫില്‍ കോണ്‍ഗ്രസിനേക്കാള്‍ മേധാവിത്വം മുസ്ലിംലീഗിനാണെന്ന് അഞ്ചാംമന്ത്രിയെ നേടിയതടക്കമുള്ള രാഷ്ട്രീയ-ഭരണനടപടികളിലൂടെ ഒരാണ്ടിലെ ഉമ്മന്‍ചാണ്ടി ഭരണം തെളിയിച്ചതാണ്. എന്നിട്ടും ലീഗ് നേതാക്കളെ പ്രചാരണരംഗത്തുനിന്ന് പരസ്പരധാരണയോടെ മാറ്റിനിര്‍ത്തി. അങ്ങനെ അഞ്ചാംമന്ത്രിയെ തൊട്ട ലീഗിന് നെയ്യാറ്റിന്‍കരയില്‍ അയിത്തം കല്‍പ്പിച്ച് കോണ്‍ഗ്രസ് കൗശലരാഷ്ട്രീയമാണ് കളിച്ചത്.

പാണക്കാട് തങ്ങളെയും മറ്റു ലീഗ് നേതാക്കളെയും കണ്ടാല്‍ അഞ്ചാംമന്ത്രിപ്രശ്നം കൂടുതല്‍ ചൂടേറിയ വിഷയമാകുമെന്ന തിരിച്ചറിവിലാണ് ഇവരെ ഷെഡില്‍ ഇരുത്തിയത്. പക്ഷേ, ഇതുകൊണ്ട് അഞ്ചാംമന്ത്രിയും അതേത്തുടര്‍ന്നു നടന്ന മന്ത്രിസഭയിലെ വകുപ്പുവിഭജനപ്രശ്നവും സര്‍ക്കാരിന്റെ വഴിവിട്ട വര്‍ഗീയപ്രീണന നയവും തമസ്കരിക്കപ്പെടുന്നില്ല. 40 വര്‍ഷം കോണ്‍ഗ്രസിനെ നഖശിഖാന്തം എതിര്‍ത്ത സെല്‍വരാജ് കോടികളുടെ പണക്കിലുക്കത്തില്‍ കലുമാറി കോണ്‍ഗ്രസ് കൂടാരത്തില്‍ എത്തിയതിനെ തുടര്‍ന്നാണ് അനവസരത്തില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കൈപ്പത്തി ചിഹ്നം നല്‍കി കാലുമാറ്റക്കാരനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതിന്റെ ധാര്‍മികതയാണ് ചോദ്യംചെയ്യപ്പെടുന്നത്.

മറുചേരിയിലെ എംഎല്‍എയെ രാജിവയ്പിച്ച് ഭരണം ഉറപ്പാക്കാന്‍ ഉമ്മന്‍ചാണ്ടി കളിച്ച കുതിരക്കച്ചവട രാഷ്ട്രീയവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളുമാണ് മാറ്റുരയ്ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് വിജയം സുനിശ്ചിതമാണെന്ന് തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ച പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയോട് പറഞ്ഞു. കാലുമാറ്റവും പെട്രോള്‍ വിലവര്‍ധനയും വിലക്കയറ്റവും കര്‍ഷക ആത്മഹത്യയും യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടുമെല്ലാം വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സിന് വിജയം ഉറപ്പാണെന്നാണ് കോടിയേരി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ഒഞ്ചിയം കൊലപാതകവും അതേത്തുടര്‍ന്നുള്ള വിവാദങ്ങളും വികസനപ്രശ്നവും യുഡിഎഫിന്റെ വിജയഘടകങ്ങളാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. നല്ല ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, കേരള രാഷ്ട്രീയത്തില്‍ അത്ഭുതം സൃഷ്ടിച്ച് ഒ രാജഗോപാല്‍ താമര വിരിയിക്കുമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ വിലയിരുത്തല്‍. നെയ്യാറ്റിന്‍കരയിലെ മുഖ്യമത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. എന്നാല്‍, ത്രികോണമത്സരത്തിന്റെ സ്വഭാവം കൈവന്നിട്ടുണ്ട്.

ഒ രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വവും യുഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ച അഞ്ചാംമന്ത്രി പ്രശ്നവും ബിജെപിയെ സജീവമാക്കിയിട്ടുണ്ട്. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലും അഞ്ചു പഞ്ചായത്തില്‍ ഒരിടത്തും മാത്രമേ കുറച്ചെങ്കിലും സംഘടനാശേഷി ബിജെപിക്കുള്ളൂ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറായിരത്തോളം വോട്ടാണ് കിട്ടിയത്. വോട്ടര്‍മാരില്‍ 60 ശതമാനത്തോളം നാടാര്‍ വിഭാഗത്തിലുള്ളവരാണ്. രണ്ടു മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ ഈ വിഭാഗത്തിലുള്ളവരാണെന്ന് പ്രചരിപ്പിച്ച് രാജഗോപാലിന് വോട്ട് സമ്പാദിക്കാനുള്ള തന്ത്രം ബിജെപി പ്രയോഗിക്കുന്നുണ്ട്. അഞ്ചാം മന്ത്രി പ്രശ്നത്തെ തുടര്‍ന്നുള്ള സാഹചര്യത്തെയും ഉപയോഗിക്കാന്‍ നോക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഇരുപതിനായിരത്തിനുമേല്‍ വോട്ട് ലഭിച്ചേക്കാമെങ്കിലും അത് വിജയപ്രതീക്ഷയുടെ അടുത്തെങ്ങുമെത്തില്ല. അതുകൊണ്ട് താമര വിരിയിക്കാമെന്ന സ്വപ്നം ഒരുകാരണവശാലും പൂവണിയില്ല. വോട്ടര്‍മാരുടെ എണ്ണം 1,64,856 ആണ്. കഴിഞ്ഞതവണത്തേക്കാള്‍ 7852 വോട്ടര്‍മാരുടെ വര്‍ധന. 2011ല്‍ പോളിങ് 71.15 ശതമാനം. ഇത്തവണ 82 ശതമാനമെങ്കിലും എത്തും. അപ്രകാരം 1.35 ലക്ഷം പേര്‍ വോട്ടുചെയ്തേക്കും. 2011ല്‍ 1,10,950 പേരാണ് വോട്ടുചെയ്തത്. അന്ന് എല്‍ഡിഎഫിന് 54,711ഉം യുഡിഎഫിന് 48,009ഉം ബിജെപിക്ക് 6730ഉം വോട്ടാണ് ലഭിച്ചത്. രണ്ടു മുന്നണിക്കും മണ്ഡലത്തില്‍ ഭദ്രമായ രാഷ്ട്രീയാടിത്തറയും ബഹുജനപിന്തുണയും ഉണ്ട്. നാല്‍പ്പതിനായിരത്തിനുമേല്‍ വോട്ടുനേടുന്ന സ്ഥാനാര്‍ഥിക്കേ ജയിക്കാനാകൂ. ബിജെപി ഇക്കുറി സമാഹരിക്കുന്ന വര്‍ധിത വോട്ടില്‍ നല്ലൊരുപങ്ക് കോണ്‍ഗ്രസ് വോട്ടാണ്. അത് യുഡിഎഫിന്റെ സാധ്യതയെ എത്രമാത്രം പ്രതികൂലമാക്കുമെന്ന ആശങ്ക കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ക്കുണ്ട്. യുഡിഎഫ് പരാജയം പൂര്‍ണമാക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസുകാരുടെ സംഖ്യ ചെറുതല്ല. കാലുമാറ്റക്കാരനെ സ്ഥാനാര്‍ഥിയാക്കിയത് എതിര്‍പ്പിനുള്ള മുഖ്യഘടകമാണ്. സെല്‍വരാജിന്റെ പരാജയം പൂര്‍ണമായും ഉറപ്പാക്കാന്‍ കോണ്‍ഗ്രസുകാര്‍ യുക്തിപൂര്‍വം ഉപയോഗിച്ചാല്‍ വോട്ട് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വീഴും. അങ്ങനെ വന്നാല്‍ യുഡിഎഫ് നില വളരെ പരിങ്ങലിലാകും. പിറവത്തുനിന്ന് നെയ്യാറ്റിന്‍കരയെ വ്യത്യസ്തമാക്കുന്നത് ഇവിടത്തെ ഫലം യുഡിഎഫ് മന്ത്രിസഭയുടെ നിലനില്‍പ്പിനെ ഗണിതശാസ്ത്രപരമായി ബാധിക്കുന്നില്ല എന്നതാണ്. യുഡിഎഫ് ജയിച്ചാല്‍ 72ല്‍നിന്ന് 73 ആയി എംഎല്‍എ സംഖ്യ ഉയരും. തോറ്റാല്‍ സിറ്റിങ് സീറ്റ് പ്രതിപക്ഷം നിലനിര്‍ത്തി എന്നാകും. എന്നാല്‍, കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മാറ്റംമറിച്ചിലുകള്‍ വലിയതോതില്‍ സംഭവിക്കും. ഇതിനെ തടയുന്നതിനുവേണ്ടി ഒഞ്ചിയത്തെ കൊലപാതകത്തെയും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെയും വലിയതോതില്‍ യുഡിഎഫ് ഉപയോഗപ്പെടുത്തുന്നുണ്ട്. യുഡിഎഫിന്റെ നിഴല്‍ സ്ഥാനാര്‍ഥിയായി വലതുപക്ഷമാധ്യമങ്ങള്‍ എല്‍ഡിഎഫ് വിരുദ്ധപ്രചാരണം എക്കാലത്തെയും കടത്തിവെട്ടുന്ന തരത്തില്‍ നടത്തുന്നു. ഇതുകൊണ്ടുമാത്രം എല്‍ഡിഎഫിനെ മറികടക്കാന്‍ ആകില്ലെന്നതുകൊണ്ട് ജാതിരാഷ്ട്രീയം ഒരു മറയുമില്ലാതെ കളിക്കുകയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും. അതിനുവേണ്ടി കേന്ദ്രമന്ത്രിമാരെയടക്കം ഉപയോഗിച്ച് രഹസ്യനീക്കങ്ങളും ഭരണസംവിധാനത്തെ ദുരുപയോഗപ്പെടുത്തലും വലിയതോതില്‍ നടത്തിയിട്ടുണ്ട്. ഒപ്പം പണത്തിന്റെ കുത്തൊഴുക്കും. ഇതെല്ലാമാണെങ്കിലും ത്രികോണമത്സരസ്വഭാവമുള്ള നെയ്യാറ്റിന്‍കരയിലെ ബാലറ്റ് അങ്കം രണ്ടു മുന്നണി തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ്.

*
ആര്‍ എസ് ബാബു ദേശാഭിമാനി 01 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...