Monday, June 18, 2012

ആന്ധ്രയിലെ കൂട്ടക്കുഴപ്പത്തിന്റെ കഥ

2014ലെ തിരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശില്‍ മല്‍സരിക്കുക എന്നത് സിബിഐയെ സംബന്ധിച്ചിടത്തോളം ഒരു നല്ല ആശയമായിരിക്കും. ഇന്ന് സംസ്ഥാനത്തെ ഏറ്റവും സജീവമായ രാഷ്ട്രീയ ശക്തിയാണ് അത് എന്ന കാര്യത്തില്‍ സംശയമില്ല - കുറച്ചുകാലമായിട്ട് അങ്ങിനെ ആയിരുന്നുതാനും. ആന്ധ്രയിലെ സമ്മതിദായകരുടെ മുന്നില്‍ തിരഞ്ഞെടുക്കാനുള്ള ""വക""യൊന്നുമില്ലാത്തതിനാല്‍ അവര്‍ക്കും കുറച്ച് വോട്ട് കിട്ടില്ലെന്നാരു കണ്ടു! അതിനുള്ള സാമ്പത്തിക സൗകര്യമൊക്കെ സിബിഐയ്ക്കുണ്ട്. മറ്റ് പാര്‍ടികളില്‍നിന്ന് പിടിച്ചെടുത്തിട്ടുള്ള കോടിക്കണക്കിന് രൂപ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സിബിഐയ്ക്ക് ഉപയോഗിയ്ക്കാവുന്നതാണ്. അവര്‍ക്ക് തങ്ങളുടെ സ്വന്തമായ പ്രത്യേക വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം - തങ്ങളുടെ പ്രതിയോഗികളുടെ തിരഞ്ഞെടുപ്പ് ചെലവുകളില്‍ പിടിച്ചു തൂങ്ങാമല്ലോ. അവര്‍ക്ക് ഒരുപക്ഷേ, പുതിയ മുഖം നവീനമായി കാഴ്ചവെയ്ക്കാനും കഴിഞ്ഞെന്നുവരാം.

1990കളുടെ ആദ്യത്തില്‍ ആസ്ട്രേലിയയില്‍ തിരഞ്ഞെടുപ്പ് മല്‍സരത്തിനിറങ്ങിയ ഒരു രസികന്‍, കണ്ടതെല്ലാം സ്വകാര്യവല്‍ക്കരിക്കുന്ന നവലിബറല്‍ വ്യവസ്ഥയെയാണ് തെന്‍റ പ്രചരണത്തിന് കൂട്ടുപിടിച്ചത്. ഓടകളും പൊതുശുചീകരണവ്യവസ്ഥയും പൊളിച്ചടുക്കി അതും സ്വകാര്യവല്‍ക്കരിക്കണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. സ്വന്തം ശരീരത്തില്‍നിന്നുള്ള മാലിന്യം (മാലിന്യം എന്ന വാക്കല്ല അയാള്‍ ഉപയോഗിച്ചത്. മറ്റേ വാക്കു തന്നെയാണ്. എങ്കിലും കാര്യം വ്യക്തമാകുമല്ലോ) കൈകാര്യം ചെയ്യുന്നതിന് ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ട് എന്നദ്ദേഹം പ്രഖ്യാപിച്ചു; പ്രചരണത്തിന്റെ അവസാനാളുകളായപ്പോഴേയ്ക്ക് വിജയം താനത്രയ്ക്കൊന്നും കാര്യമാക്കുന്നില്ല എന്ന് സ്വയം വ്യക്തമാക്കിയ അയാള്‍, ലേബര്‍ പാര്‍ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി സ്വന്തം സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയും ചെയ്തു. എന്നിട്ടും കിട്ടി കുറച്ച് വോട്ട്! അതിനാല്‍ സിബിഐയ്ക്കും ആശയ്ക്ക് വകയുണ്ട് - തിരഞ്ഞെടുപ്പ് കാര്യമാക്കുന്നില്ല എന്ന പേരുദോഷം വരുത്തരുതെന്ന് മാത്രം. ഊഹം വെച്ചുള്ള കളി ആന്ധ്രപ്രദേശില്‍ പതിനെട്ട് അസംബ്ലി മണ്ഡലങ്ങളിലേക്കും ഒരു ലോകസഭാ മണ്ഡലത്തിലേക്കും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പിന് (ഈ ലക്കം ചിന്ത അച്ചടിച്ചു പുറത്തിറങ്ങുമ്പോഴേക്കും അതിെന്‍റ ഫലം അറിഞ്ഞു കഴിഞ്ഞിരിക്കും - പത്രാധിപര്‍) ഒരു പുതിയ രസവും ഗുണവുമുണ്ട്. അതിെന്‍റ ഫലം എന്താകുമെന്നതിനെക്കുറിച്ച് ഏറെ ചര്‍ച്ചയൊന്നും നടക്കുന്നില്ല; അഥവാ ചര്‍ച്ചയൊന്നും തന്നെ നടക്കുന്നില്ല. അക്കാര്യത്തെക്കുറിച്ച് ഒരിക്കലും സംശയമേ ഉണ്ടായിട്ടില്ല. കൂടുതല്‍ സീറ്റുകളില്‍ ആരാണ് മൂന്നാം സ്ഥാനത്തെത്തുക എന്നതിനെക്കുറിച്ചാണ് ഊഹങ്ങള്‍ നടക്കുന്നത് - കോണ്‍ഗ്രസ്സാണോ അതോ ടിഡിപിയാണോ?

(ഇന്നത്തെ സ്ഥിതി വെച്ച് അതിന് ഏറ്റവും കൂടുതല്‍ അര്‍ഹത കോണ്‍ഗ്രസ്സിനു തന്നെയാണ്). ജൂണ്‍ 12ന് നടക്കാനിരിക്കുന്ന വോട്ടിങ്ങിന് മുമ്പ് എത്ര ഭരണകക്ഷി എംഎല്‍എമാര്‍ ജഗന്‍റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്സിലേക്ക് കൂറുമാറും, തിരഞ്ഞെടുപ്പുഫലം വന്നതിനുശേഷം എത്ര പേര്‍ കൂറുമാറും എന്നതിനെക്കുറിച്ചുമാവാം ഊഹങ്ങള്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഗവണ്‍മെന്‍റിനുമേല്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചാണ് ഊഹങ്ങള്‍. ആ ഗവണ്‍മെന്‍റ് 2014 വരെ കടിച്ചുതൂങ്ങി നില്‍ക്കുമോ? ജയിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഭൂരിപക്ഷം എത്രയായിരിക്കും? ജഗന്‍റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്സിന് ഏറ്റവും കുറഞ്ഞത് 14 സീറ്റെങ്കിലും ലഭിക്കുമെന്ന കാര്യത്തില്‍ എല്ലാവരും ഏകാഭിപ്രായക്കാരാണ്. ബാക്കിയുള്ള നാല് സീറ്റുകളെ സംബന്ധിച്ച് എല്ലാവരും സമ്മതിച്ചുതരുന്ന ഒരു കാര്യം, ആ സീറ്റുകളില്‍ യഥാര്‍ത്ഥ മല്‍സരം കാണാം എന്നതാണ്. ജഗന്‍റെഡ്ഡി അറസ്റ്റ് ചെയ്യപ്പെട്ട സംഭവം ഇല്ലായിരുന്നുവെങ്കില്‍ത്തന്നെ, ഭരണകക്ഷിയുടെ നില പരുങ്ങലിലായിരുന്നു. ആരാണ് അഴിമതിക്കാരന്‍ എന്നതിനെക്കുറിച്ച് അവിടെ ഏറെ ചര്‍ച്ചകളൊന്നും നടക്കുന്നില്ല; ""ആരാണ് അഴിമതിക്കാരനല്ലാത്തത്"" എന്നതാണ് ചോദ്യം. തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് ഏറെ ചര്‍ച്ചയൊന്നും നടക്കുന്നില്ല. എന്നാല്‍ അതിെന്‍റ പ്രത്യാഘാതം എന്തായിരിക്കും എന്നതിനെക്കുറിച്ചാണ് ചര്‍ച്ച. ഭരണ കോണ്‍ഗ്രസ്സിനും അതിെന്‍റ പ്രവര്‍ത്തനങ്ങള്‍ക്കും എതിരായ രോഷത്തെക്കുറിച്ചാണ് ചര്‍ച്ച. ഗവണ്‍മെന്‍റിനെതിരായി, വൈഎസ്ആറിന്റെ മകനോടൊപ്പം നില്‍ക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച.

വൈഎസ്ആര്‍ ഘടകം നിലനില്‍ക്കുന്നതിനെക്കുറിച്ചും അത് കോണ്‍ഗ്രസ്സിനുമേല്‍ ഉണ്ടാക്കുന്ന പരിഹാസ്യമായ ആഘാതത്തെക്കുറിച്ചും ആണ് ചര്‍ച്ച. കോണ്‍ഗ്രസ് പാര്‍ടി അതിെന്‍റ എല്ലാ ഓഫീസുകളില്‍നിന്നും വൈ എസ് രാജശേഖരറെഡ്ഡിയുടെ കട്ടൗട്ടുകള്‍ എടുത്തുമാറ്റിയിരിക്കുന്നു; എന്നിട്ടാണ് അദ്ദേഹത്തിന്റെ അഴിമതിയ്ക്കെതിരെ പറയുന്നതും ആക്രമിക്കുന്നതും. ഒരു വര്‍ഷം മുമ്പുവരെ പാര്‍ടി, അദ്ദേഹത്തിന്റെ പൈതൃകം അവകാശപ്പെട്ടുകൊണ്ടിരുന്നതാണ്. കഡപ്പയിലെ ഉപതിരഞ്ഞെടുപ്പില്‍ ജഗന്നെതിരെ മല്‍സരിക്കുമ്പോള്‍പോലും അങ്ങനെയാണ് ചെയ്തിരുന്നത് - ആ മണ്ഡലത്തില്‍ 5 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജഗന്‍ ജയിച്ചത്. പറയത്തക്കവിധത്തിലുള്ള ബദല്‍ശക്തികളില്ലാത്ത ഒരവസ്ഥ ആന്ധ്രപ്രദേശില്‍ മുമ്പ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നിലും ഉണ്ടായിട്ടില്ല എന്നതാണ് ദുരന്തം. പട്ടിക നോക്കൂ: കോണ്‍ഗ്രസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിഡിപി, ടിആര്‍എസ്, ബിജെപി... പല പാര്‍ടികളുണ്ട്; എന്നിട്ടും ബദല്‍ശക്തികള്‍ വളരെ കുറവ്. (ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത വിധത്തില്‍ ചെറുതാണല്ലോ ഇടതുപക്ഷത്തിന്റെ സ്ഥാനം).

ജഗെന്‍റ രാഷ്ട്രീയവും പരിവേഷവും സംബന്ധിച്ച പ്രകടമായ പ്രശ്നങ്ങള്‍, ഇന്നത്തെ നിലയ്ക്ക് വലിയ മാറ്റമൊന്നും വരുത്താനിടയില്ല. കേന്ദ്രത്തില്‍നിന്ന് കെട്ടിയിറക്കപ്പെട്ട ക്രോണി - സുബേദാരി വ്യവസ്ഥയോടുള്ള രോഷം അത്രമാത്രം രൂക്ഷമാണ്. 1983ലെ സ്ഥിതിയും ഇന്നത്തെ അവസ്ഥയും മുന്‍കാലങ്ങളില്‍ ആന്ധ്രപ്രദേശിലെ വോട്ടര്‍മാര്‍ ഗൗരവബോധത്തോടെ ബദല്‍സംവിധാനങ്ങള്‍ കെട്ടിപ്പടുത്തിരുന്നു - അവയെ അന്നത്തെ ഭരണാധികാരികളും അവരോട് വിധേയത്വം പുലര്‍ത്തിയിരുന്ന മാധ്യമങ്ങളും പരിഹസിച്ചിരുന്നുവെങ്കിലും. 1983 ജനുവരിയില്‍ കോണ്‍ഗ്രസ് വിരുദ്ധ വികാരത്തിന്റെ വേലിയേറ്റത്തിലേറി എന്‍ ടി രാമറാവു അധികാരത്തിലേറി. 2 രൂപയ്ക്ക് അരി നല്‍കുമെന്ന വാഗ്ദാനവും അദ്ദേഹം നല്‍കിയിരുന്നു - അതദ്ദേഹം യഥാര്‍ത്ഥത്തില്‍ പാലിക്കുകയും ചെയ്തു. എന്നാല്‍ ഒന്നരക്കൊല്ലം കഴിഞ്ഞപ്പോള്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ്, തങ്ങളുടെ കൈകളിലുള്ള സ്വയം വിനാശകരമായ ബട്ടണില്‍ വിരലമര്‍ത്തി. ഹൃദയശസ്ത്രക്രിയയ്ക്കായി എന്‍ടിആര്‍ അമേരിക്കയിലേക്ക് പോയ തക്കം നോക്കി അവര്‍ അദ്ദേഹത്തിന്റെ ഗവണ്‍മെന്‍റിനെ അട്ടിമറിച്ചു; അദ്ദേഹത്തിന്റെ പാര്‍ടി പിളര്‍ന്നു; ഒരു പാവ ഗവണ്‍മെന്റിനെ അധികാരത്തിലേറ്റി. പുതിയ മുഖ്യമന്ത്രി 31 ദിവസമേ അധികാരത്തിലുണ്ടായിരുന്നുള്ളൂ. (ആന്ധ്രപ്രദേശില്‍ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയുമാണ് അദ്ദേഹം).

ഒരു മാസത്തിനുള്ളില്‍ രാമറാവു തിരിച്ചുവന്നുവെങ്കിലും കേന്ദ്രത്തിന്റെ നടപടിയ്ക്കെതിരായ ജനരോഷം ഒരു പതിറ്റാണ്ടിലേറെ കാലം നിലനിന്നു. ഇന്ന് കോണ്‍ഗ്രസ് വീണ്ടും അതേ ദുരന്തത്തിന്റെയും കാപട്യത്തിന്റെയും ചുഴിയില്‍ത്തന്നെയാണ്. ജഗന്‍റെഡ്ഡിയുടെ അച്ഛന്‍ 2009ല്‍ മരണപ്പെട്ടപ്പോള്‍, ജഗെന്‍റ തന്ത്രത്തെ പൊളിക്കുന്നതിനുവേണ്ടി കോണ്‍ഗ്രസ്, മുഖ്യമന്ത്രിയായി കെ റോസയ്യയെ ആന്ധ്രയ്ക്കുമേല്‍ കെട്ടിയേല്‍പ്പിച്ചു. ഏറെ ആദരിയ്ക്കപ്പെട്ട, ധനകാര്യമന്ത്രിയെന്ന നിലയില്‍ പ്രാഗത്ഭ്യം തെളിയിച്ച റോസയ്യയ്ക്ക്, പക്ഷേ, ജനപിന്തുണ ഉണ്ടായിരുന്നില്ല - മറിച്ച് ശത്രുതാപരമായ ജനവികാരത്തെ നേരിടേണ്ടതുണ്ടായിരുന്നു താനും. സംസ്ഥാന ഭരണമാകുന്ന കപ്പല്‍, ആടിയുലഞ്ഞു തുടങ്ങിയപ്പോള്‍, ""ആരോഗ്യപരമായ കാരണങ്ങളാല്‍"" അദ്ദേഹം രാജിവെച്ചൊഴിഞ്ഞുപോയി. എന്നാല്‍ ഗവര്‍ണറാകുന്ന കാര്യത്തില്‍ അദ്ദേഹത്തിന് ആരോഗ്യം തടസ്സമായിരുന്നതുമില്ല. കിരണ്‍കുമാര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റ് ആണ് ഇപ്പോഴുള്ളത് - അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ അദ്ദേഹത്തിന് പ്രതിച്ഛായ കുറവാണ്; ആ മണ്ഡലത്തിന്നുപുറത്ത് പ്രതിച്ഛായയൊട്ടില്ല താനും. വൈഎസ്ആര്‍ കോണ്‍ഗ്രസ്സിലേക്കുള്ള ഒഴുക്ക് ശക്തിപ്രാപിയ്ക്കാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ ഗവണ്‍മെന്‍റ് പരിഭ്രാന്തിയിലായി. ടിഡിപിയും രക്തം വാര്‍ന്നൊലിച്ചു കിടക്കുകയാണ്. 12 മാസം മുമ്പ് കഡപ്പയില്‍ ജഗനോടു മല്‍സരിച്ച ടിഡിപിയിലെ പരാക്രമിയായ എം വി മൈസൂരറെഡ്ഡി ഇപ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്സിലാണെന്ന കാര്യം ഓര്‍ക്കുക.

എന്‍ ടി രാമറാവുവിനുശേഷമുള്ള ടിഡിപിയില്‍ ചന്ദ്രബാബുനായിഡുവിെന്‍റ വാഴ്ചയായിരുന്നു - ആന്ധ്രപ്രദേശില്‍ മാധ്യമങ്ങളുടെ എക്കാലത്തേയും ഏറ്റവും വലിയ ഇഷ്ടഭാജനമായ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. തെന്‍റ ശ്വശുരെന്‍റ രാഷ്ട്രീയ ബാങ്ക് ബാലന്‍സില്‍ക്കയറി യാത്രയാരംഭിച്ച അദ്ദേഹം, തിരഞ്ഞെടുപ്പുവേളകളില്‍ മാത്രം പ്രതീകാത്മകമായി സൈക്കിളിലും യാത്ര ചെയ്തുകൊണ്ടിരുന്നു. ""പാശ്ചാത്യ ഗവണ്‍മെന്‍റുകളുടെയും കോര്‍പറേഷനുകളുടെയും ഓമനപ്പുത്രന്‍"" എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. സംസ്ഥാനത്ത് ""കോണ്‍ട്രാക്ടര്‍ രാജ്"" ചുവടുറപ്പിച്ചതും ഇക്കാലത്താണ്. പിന്നീടുള്ള കാലത്തെല്ലാം അവിടെ അതിെന്‍റ വാഴ്ചയായിരുന്നു. നായിഡുവിെന്‍റ ഭരണകാലത്ത് ആന്ധ്രപ്രദേശ്, പല ജീവിത സൂചകങ്ങളുടെയും കാര്യത്തില്‍, തെക്കേ ഇന്ത്യയിലെ ഏറ്റവും മോശപ്പെട്ട സംസ്ഥാനമായിരുന്നു - ഒരു പതിറ്റാണ്ടു കാലം അതായിരുന്നു സ്ഥിതി. ഗ്രാമീണമേഖലയിലെ തൊഴില്‍അവസരം തകര്‍ന്നു; ആയിരക്കണക്കിന് കൃഷിക്കാര്‍ നിരാശരായി ജീവനൊടുക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. പട്ടിണിക്കാരായ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുവേണ്ടി 2003ല്‍ ആയിരക്കണക്കിന് ""കഞ്ഞിവീഴ്ത്തു കേന്ദ്രങ്ങള്‍"" സംസ്ഥാനത്ത് ഉയര്‍ന്നുവന്നു - അവയൊന്നും ഗവണ്‍മെന്‍റിേന്‍റതായിരുന്നില്ല. ജീവിത ഗുണസൂചികകളുടെ പരീക്ഷണങ്ങളിലെല്ലാം നായിഡു പരാജയപ്പെട്ടുവെങ്കിലും കോര്‍പ്പറേറ്റ് ലോകവും മാധ്യമങ്ങളും അദ്ദേഹത്തെ ഇഷ്ടപ്പെട്ടു.

1999-2004 കാലഘട്ടത്തില്‍ സംസ്ഥാനത്തിന്റെ ജിഡിപി വളര്‍ച്ച, മറ്റ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞതായിരുന്നു - ദേശീയ ശരാശരിയേക്കാളും കുറവായിരുന്നു അത്. അതൊന്നും വോട്ടര്‍മാര്‍ മറന്നിരുന്നില്ല. അദ്ദേഹത്തിന് അവര്‍ മാപ്പുകൊടുത്തതുമില്ല. കോണ്‍ഗ്രസ് നിലംപൊത്തിക്കൊണ്ടിരിക്കുകയാണെങ്കില്‍പ്പോലും, സംസ്ഥാനത്തിന്റെ ഒരു ഭാഗത്തും പ്രധാന ശക്തിയായിത്തീരാന്‍ ടിഡിപിയ്ക്ക് കഴിയുന്നില്ല. കോണ്‍ഗ്രസ്സിന് തിരിച്ചുവരാന്‍ സഹായകമായിത്തീര്‍ന്നത്, മറ്റേതൊരു ഘടകത്തേക്കാളും, നായിഡുവിെന്‍റ ഭരണം തന്നെയാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. കഴിഞ്ഞ ഏതാനും വര്‍ഷക്കാലത്തിന്നുള്ളിലെ ഏറ്റവും ജനകീയനായ നേതാവിനെയാണ് വൈ എസ് രാജശേഖരറെഡ്ഡിയിലൂടെ കോണ്‍ഗ്രസ് ദര്‍ശിച്ചത്. നായിഡുവിെന്‍റ വീഴ്ചകളെ വൈഎസ്ആര്‍ മുതലെടുത്തു. (നായിഡുവിെന്‍റ നേട്ടങ്ങളായി മാധ്യമങ്ങള്‍ കണ്ടതും അവയെത്തന്നെയായിരുന്നു) കാര്‍ഷികത്തകര്‍ച്ചയെ ഉയര്‍ത്തിക്കാണിച്ച അദ്ദേഹം കര്‍ഷകസമൂഹത്തിന്റെ ജീവനാഡിയിലാണ് പിടിച്ചത്. അങ്ങനെയാണ് 2004ല്‍ അദ്ദേഹം അധികാരത്തിലെത്തിയത്.

കാര്‍ഷികമേഖലയുടെ തകര്‍ച്ചയെക്കുറിച്ച് പഠിക്കുന്നതിന് സംസ്ഥാനത്തെ ആദ്യത്തെ കമ്മീഷനെ നിയമിച്ച (പ്രൊഫസ്സര്‍ ജയതിഘോഷ് കമ്മിറ്റി) മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ആ കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് ചെവികൊടുക്കുന്ന ആളാണ് അദ്ദേഹം എന്നും ഒരിടയ്ക്ക് തോന്നിയിരുന്നു. അതുകാരണം കുറച്ചൊക്കെ നേട്ടവുമുണ്ടായി. എന്നാല്‍ അതേ അവസരത്തില്‍ത്തന്നെ, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സ്ഥൂല സാമ്പത്തികനയങ്ങള്‍ ഈ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അന്തഃസത്തയ്ക്ക് എതിരായിയിരുന്നുതാനും. ദേശീയ ഗ്രാമീണ തൊഴില്‍ദാന പരിപാടി അദ്ദേഹം ന്യായമായ വിധത്തില്‍ത്തന്നെ നടപ്പാക്കി. ഗതിയറ്റ കുടിയേറ്റ തൊഴിലാളികള്‍ വന്നടിയുന്ന ചില മേഖലകളില്‍ അത് വളരെ ആശ്വാസമായിരുന്നു. വില കുറഞ്ഞ അരിയുടെ കാര്യത്തിലുള്ള എന്‍ടിആറിന്റെ പൈതൃകവും അദ്ദേഹം സ്വായത്തമാക്കി. ഇതൊക്കെ അദ്ദേഹത്തിന് വമ്പിച്ച ജനപിന്തുണ ഉണ്ടാക്കിക്കൊടുത്തു.

ഇതൊക്കെയാണിപ്പോള്‍, അദ്ദേഹത്തിന്റെ മകന്‍ ജഗന്‍റെഡ്ഡിയ്ക്കുള്ള സഹതാപതരംഗമായിത്തീര്‍ന്നിരിയ്ക്കുന്നത്. മറ്റെല്ലാ മേഖലകളിലും, അദ്ദേഹത്തിന്റെ ഗവണ്‍മെന്‍റ്, നായിഡു ഗവണ്‍മെന്‍റിന്റെ കാലഘട്ടത്തിന്റെ വമ്പിച്ച തുടര്‍ച്ച തന്നെയായിരുന്നു. അഴിമതിയും കോണ്‍ട്രാക്ടര്‍രാജും വെട്ടിപ്പുകളും ഭൂമികയ്യേറ്റങ്ങളും കോര്‍പ്പറേറ്റ് ലോകത്തിനുള്ള സഹായത്തിന്നുള്ള പ്രത്യുപകാരവും എല്ലാം മുറപോലെ നടന്നു; അല്ല കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുക തന്നെ ചെയ്തു. 103 സെസ്സുകളും വമ്പന്‍ ജലസേചന പദ്ധതികളും വൈഎസ്ആറിെന്‍റ ഭരണകാലത്ത് അനുവദിയ്ക്കപ്പെട്ടു. 15 ലക്ഷം ആളുകളാണ് കുടിയിറക്കിവിടപ്പെട്ടത് - അതുമായി ബന്ധപ്പെട്ട എല്ലാ ദുരിതങ്ങളും സംഭവിച്ചു. അതെന്തായാലും അതിെന്‍റയൊക്കെ ഫലം ഏറെ കഴിഞ്ഞേ തലപൊക്കിയുള്ളൂ. അതിന്നിടയില്‍ 2009ല്‍ അദ്ദേഹത്തിന് വീണ്ടും തകര്‍പ്പന്‍ വിജയം നേടാനായി. സമ്മതിദായകര്‍ക്ക് അപ്പോഴും ചന്ദ്രബാബുനായിഡുവില്‍ വിശ്വാസം ഇല്ലാതിരുന്നതാണ് അതിന് കാരണം. അഴിമതിയ്ക്കെതിരെ വൈഎസ്ആറിന്റെ ദാരുണമായ മരണത്തില്‍ അനുശോചിച്ചുകൊണ്ട് ""ഹിന്ദു"" ദിനപത്രം ഇങ്ങനെ എഴുതി: ""വിനാശകരമായ ചില ജലസേചന പദ്ധതികളുടെയും വിചിത്രമായ നിരവധി സെസ്സുകളുടെയും ഭാരം കൂടി പേറുന്നതായിരിക്കും വൈഎസ്ആറിന്റെ പൈതൃകം.... (അതെന്തായാലും) കൂടുതല്‍ നിഷേധാത്മകമായ നയങ്ങളുടെ അനന്തരഫലം പിന്നീടേ അനുഭവപ്പെടുകയുള്ളൂ.... ഒരുപക്ഷേ 2012 ആകുമ്പോഴേയ്ക്ക്. (ഹിന്ദു, 2009 സെപ്തംബര്‍ 4). ഇപ്പോഴിതാ ജഗന്‍റെഡ്ഡി, തെന്‍റ പിതാവിെന്‍റ പൈതൃകത്തിന്റെ നല്ല വശങ്ങളില്‍ കയറി ഉയര്‍ന്നുവരുന്നു - അതിെന്‍റ നിഷേധാത്മകവശങ്ങളും തലപൊക്കിത്തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം കഡപ്പയില്‍ നടന്ന അസംബ്ലി ഉപതിരഞ്ഞെടുപ്പിലൂടെയാണ് ജഗന്‍ അസംബ്ലിയില്‍ പ്രവേശിച്ചത്. അന്നദ്ദേഹം നല്‍കിയ സത്യവാങ്മൂലത്തില്‍, തെന്‍റയും ഭാര്യയുടെയും കൂടി സ്വത്തായി പ്രഖ്യാപിച്ചത് 430 കോടി രൂപയാണ്. 2009ലെ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തിലാകട്ടെ, ആസ്തി 72 കോടി രൂപ മാത്രമായിരുന്നു. 24 മാസത്തിന്നുള്ളില്‍ അദ്ദേഹം തെന്‍റ ആസ്തി 357 കോടി രൂപ കണ്ട് വര്‍ധിപ്പിച്ചു എന്നാണ് ഇതിന്നര്‍ഥം. അല്ലെങ്കില്‍ ദിനംപ്രതി ശരാശരി 50 ലക്ഷം രൂപ വീതം. അത്ര ചെറിയ സംഖ്യയല്ല അത്. അതെന്തായാലും എല്ലാ ശക്തിയോടും കൂടി അഴിമതിവിരുദ്ധ കുരിശുയുദ്ധം നടത്തുന്ന കോണ്‍ഗ്രസ്സിെന്‍റ ചിത്രം, പൊതുജനങ്ങള്‍ക്കുമുന്നില്‍ അപഹാസ്യമായ കാഴ്ചയാണ് ഉണ്ടാക്കുന്നത്. വൈഎസ്ആര്‍ ജീവിച്ചിരുന്ന കാലത്തുതന്നെ ഇതൊക്കെ അറിയാമായിരുന്നിട്ടും, ജഗന്‍ കോണ്‍ഗ്രസ് വിട്ടതിനുശേഷം മാത്രമാണ് അവര്‍ അത് ഉന്നയിച്ചത് എന്ന വസ്തുത, അവരുടെ ബഹുമാന്യതയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. 2014നുമുമ്പ് മറ്റേതെങ്കിലും ശക്തി ഉയര്‍ന്നുവരുന്നതിനുള്ള സാധ്യതയും കാണുന്നില്ല. അതിനാല്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുകയും വമ്പിച്ച തോതില്‍ ആളുകള്‍ കുടിയിറക്കപ്പെടുകയും തെലുങ്കാനാ പ്രശ്നം ആളിക്കത്തുകയും പൊതുസ്വത്തുക്കളും പ്രകൃതിവിഭവങ്ങളും കൊള്ളചെയ്യപ്പെടുകയും ചെയ്യുമ്പോഴും സംസ്ഥാനം പഴയ മാര്‍ഗത്തില്‍ത്തന്നെ അകപ്പെട്ടുക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. മാറ്റങ്ങളോടുകൂടിയ തിരഞ്ഞെടുപ്പ്ഉണ്ടാകാം; എന്നാല്‍ ബദലുകള്‍ ഉയര്‍ന്നുവരുന്നില്ല. 2014ല്‍ മല്‍സരിക്കുന്നതിനെക്കുറിച്ച് സിബിഐക്ക് ചിന്തിക്കേണ്ടിവന്നേക്കാം.

*
പി സായ്നാഥ് ചിന്ത വാരിക 22 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

2014ലെ തിരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശില്‍ മല്‍സരിക്കുക എന്നത് സിബിഐയെ സംബന്ധിച്ചിടത്തോളം ഒരു നല്ല ആശയമായിരിക്കും. ഇന്ന് സംസ്ഥാനത്തെ ഏറ്റവും സജീവമായ രാഷ്ട്രീയ ശക്തിയാണ് അത് എന്ന കാര്യത്തില്‍ സംശയമില്ല - കുറച്ചുകാലമായിട്ട് അങ്ങിനെ ആയിരുന്നുതാനും. ആന്ധ്രയിലെ സമ്മതിദായകരുടെ മുന്നില്‍ തിരഞ്ഞെടുക്കാനുള്ള ""വക""യൊന്നുമില്ലാത്തതിനാല്‍ അവര്‍ക്കും കുറച്ച് വോട്ട് കിട്ടില്ലെന്നാരു കണ്ടു! അതിനുള്ള സാമ്പത്തിക സൗകര്യമൊക്കെ സിബിഐയ്ക്കുണ്ട്. മറ്റ് പാര്‍ടികളില്‍നിന്ന് പിടിച്ചെടുത്തിട്ടുള്ള കോടിക്കണക്കിന് രൂപ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സിബിഐയ്ക്ക് ഉപയോഗിയ്ക്കാവുന്നതാണ്. അവര്‍ക്ക് തങ്ങളുടെ സ്വന്തമായ പ്രത്യേക വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം - തങ്ങളുടെ പ്രതിയോഗികളുടെ തിരഞ്ഞെടുപ്പ് ചെലവുകളില്‍ പിടിച്ചു തൂങ്ങാമല്ലോ. അവര്‍ക്ക് ഒരുപക്ഷേ, പുതിയ മുഖം നവീനമായി കാഴ്ചവെയ്ക്കാനും കഴിഞ്ഞെന്നുവരാം.