Monday, June 4, 2012

തിരുത്തുമെന്നുതന്നെ പ്രതീക്ഷ

മഹാശ്വേതാദേവിയുടെ തുറന്ന കത്തിനുള്ള പിണറായി വിജയന്റെ മറുപടിയുടെ പൂര്‍ണരൂപം 

അഭിവന്ദ്യ  സഹോദരീ,

എനിക്കയച്ച തുറന്ന കത്ത് പത്രങ്ങളില്‍ വായിച്ചു. ഏറെക്കാലമായി ധാരാളംപേര്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തുപോരുന്ന സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമാണ് നിങ്ങള്‍. അത്തരത്തിലുള്ള ഒരാള്‍ക്ക് അടുത്തകാലത്തായി ഉണ്ടായിട്ടുള്ള മാറ്റം എന്നെ കുറച്ചൊന്നുമല്ല വിസ്മയിപ്പിച്ചിട്ടുള്ളത്. തെറ്റിദ്ധാരണകളാകാം ഈ മാറ്റത്തിനു പിന്നില്‍ എന്നേ ഞാന്‍ ധരിച്ചിട്ടുള്ളൂ. ഈ ധാരണ ദൃഢീകരിക്കുന്നതാണ് നിങ്ങള്‍ വെള്ളിയാഴ്ച പ്രസിദ്ധീകരണത്തിനായി മാധ്യമങ്ങള്‍ക്ക് നല്‍കിയ കത്തിലെ ഉള്ളടക്കവും.

എഴുത്തുകാര്‍ പൊതുവെ ലോലഹൃദയരാണെന്നും അതുകൊണ്ടുതന്നെ അവരെ വേഗത്തില്‍ സ്വാധീനിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യാമെന്നും കരുതുന്നവരുണ്ട്. തങ്ങള്‍ നേരിട്ടു പറയുന്നതിനേക്കാള്‍ സമൂഹത്തില്‍ വിലപ്പോകുന്നത് എഴുത്തുകാര്‍ പറയുന്നതാകയാല്‍ തങ്ങള്‍ക്ക് പറയാനുള്ളത് അവരെക്കൊണ്ട് പറയിച്ച് തങ്ങളുടെ താല്‍പ്പര്യം നിറവേറ്റിയെടുക്കാമെന്ന് കരുതുന്നവരുമുണ്ട്. അത്തരക്കാരാരെങ്കിലുമാകണം കേരളത്തിലെ സമീപകാല കാര്യങ്ങളെക്കുറിച്ച് നിങ്ങളെ തുടരെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇവര്‍ തന്നെയാണ് കണ്ണൂര്‍ ജില്ലയിലുള്ള എന്റെ വീട് ഹര്‍മ്യമാണെന്ന് നിങ്ങളോട് പറഞ്ഞതും എന്നു കരുതാനേ എനിക്ക് നിവൃത്തിയുള്ളൂ.

ഏതായാലും എന്റെ വീട് നിങ്ങളെ ചൂഴ്ന്നുനില്‍ക്കുന്നവര്‍ പറഞ്ഞതരത്തിലുള്ള ഒന്നാണോ എന്ന് നേരിട്ടുകണ്ട് മനസ്സിലാക്കാന്‍ സ്നേഹാദരങ്ങളോടെ നിങ്ങളെ എന്റെ ആ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. ഈ ക്ഷണം നിരസിക്കില്ലെന്നു കരുതട്ടെ. നിങ്ങള്‍ക്ക് സൗകര്യമുള്ള ഏതു ദിവസവും അവിടേക്ക് വരാവുന്നതാണ്. ആ വീടിന്റെ വാതിലുകള്‍ തുറന്നുതന്നെയിരിക്കും.

നിങ്ങള്‍ക്ക് ഇത്തരം വിവരങ്ങള്‍ നല്‍കുന്നവര്‍ സ്വാഭാവികമായും പറഞ്ഞിരിക്കാനിടയില്ലാത്ത ഒരു കാര്യം കൂടി അറിയിക്കട്ടെ. കുറച്ചുകാലം മുമ്പ് കൊട്ടാരസദൃശ്യമായ ഏതോ ഒരു വീടിന്റെ ചിത്രമെടുത്ത് എന്റെ വീടാണ് അതെന്നു പറഞ്ഞ് ചിലര്‍ കംപ്യൂട്ടര്‍ നെറ്റുവര്‍ക്ക് ഉപയോഗിച്ച് വ്യാപകമായി പ്രചരിപ്പിച്ചു. പിന്നീട് ആ കള്ളം പൊളിഞ്ഞു. ആ കള്ളപ്രചാരണത്തിനു പിന്നിലുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് എന്തെന്ന് ജനങ്ങള്‍ക്കാകെ ബോധ്യപ്പെടുകയും ചെയ്തു. ജനത്തെയാകെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കി പരാജയപ്പെട്ട അതേ തന്ത്രമാണ് അതേ ദുരുദ്ദേശ്യക്കാര്‍ ഇപ്പോള്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ഉപയോഗിച്ചിട്ടുള്ളത്.

നേരത്തെയുണ്ടായിരുന്ന വീട് പുതുക്കിയെടുക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. വീട് നില്‍ക്കുന്ന പ്രദേശത്തെ പാര്‍ടിയുടെ അറിവോടെയാണ് അത്. അത് മണിമാളികയോ രമ്യഹര്‍മ്യമോ ഒന്നുമല്ല. അതു കണ്ടാല്‍ ഒരാള്‍ക്കും പാര്‍ടിയെക്കുറിച്ചുള്ള മതിപ്പില്‍ ഇടിവുവരികയുമില്ല. കണക്കുകളടക്കം അതുമായി ബന്ധപ്പെട്ട എല്ലാം സുതാര്യമാണുതാനും. ഇതാണ് സത്യമെന്ന നിലയ്ക്ക് ആ വീട് കാണുന്നതില്‍നിന്ന് ആരെയും വിലക്കേണ്ട കാര്യമേ ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിച്ച് നിങ്ങള്‍ പറയുന്ന മറ്റു കാര്യങ്ങളുടെ പ്രശ്നമേ ഉദിക്കുന്നില്ല. കടലുകള്‍ക്കപ്പുറമുള്ള ഏതോ വിദൂരദ്വീപിലൊന്നുമല്ല, പാര്‍ടി പ്രവര്‍ത്തിക്കുന്ന ഈ കേരളത്തിലെ എന്റെ സ്വന്തം ഗ്രാമത്തില്‍ തന്നെയാണ് ആ വീട് സ്ഥിതിചെയ്യുന്നത് എന്നതെങ്കിലും ഓര്‍മിച്ചാലും. സത്യം നേരില്‍ കാണാനാണ് ഞാന്‍ നിങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുന്നത്. സിപിഐ എമ്മിനെക്കുറിച്ച് നിങ്ങളെ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ തെറ്റിദ്ധരിപ്പിക്കുന്നവരെ തിരിച്ചറിയാന്‍ കൂടി ഇത് സഹായകമാകും.

എം എം മണിയെ കുറിച്ച് കത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങളെയെല്ലാം പാര്‍ടി അംഗീകരിക്കുന്നില്ല എന്നത് പാര്‍ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫോണ്‍ വിളിച്ച് മണിയുടെ പ്രസംഗത്തെക്കുറിച്ച് നിങ്ങളോട് പറഞ്ഞ ആള്‍ സ്വാഭാവികമായും രണ്ടാമത്തെ കാര്യം അറിയിച്ചിട്ടുണ്ടാകാനിടയില്ല. രണ്ടാമത്തെ കാര്യം അറിയുന്നത് സിപിഐ എം വിരുദ്ധ രാഷ്ട്രീയ പ്രചാരണത്തിന് സഹായകമാകുന്നതല്ലല്ലോ. പ്രാകൃതവും വികൃതവുമായ ഈ കഥാപാത്രം എന്ന് നിങ്ങള്‍ മണിയെ വിശേഷിപ്പിച്ചിട്ടുണ്ടല്ലോ. നാട്ടിന്‍പുറത്ത് പണിയെടുത്തും പാര്‍ടി കെട്ടിപ്പടുത്തും നേതൃത്വത്തിലേക്ക് വളര്‍ന്നുവന്ന ആളാണ് മണി. നാഗരിക പരിഷ്കാരങ്ങളോ തേച്ചുവെടിപ്പാക്കിയ ഭാഷയോ ഒന്നും അദ്ദേഹത്തിന് അതുകൊണ്ടുതന്നെ ഉണ്ടാകില്ല. ഗ്രാമീണമായ ഒരു "നേരേ വാ നേരേ പോ" രീതിയുണ്ടാകാം. ഗോത്രമേഖലയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള നിങ്ങള്‍ക്ക് ആ ഗ്രാമീണതയും തൊഴിലാളി സഹജമായ ആത്മാര്‍ഥതയും മനസ്സിലാകേണ്ടതാണ്. മണിയുടെ വാക്കുകളെ എതിര്‍ക്കാം; പക്ഷേ, അദ്ദേഹത്തിന്റെ രൂപത്തെ പ്രാകൃതമെന്ന് ആക്ഷേപിക്കാന്‍ പാടുണ്ടോ?

ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടതുമുതല്‍ വിരുദ്ധ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചേര്‍ന്ന് സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ദൗത്യം കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. അതിന്റെ വേലിയേറ്റത്തില്‍ പല സത്യവും മുങ്ങിപ്പോകുന്നു. ടി പി ചന്ദ്രശേഖരന്റെ വധത്തെ സിപിഐ എം അപലപിച്ചിട്ടുണ്ടെന്നും വ്യക്തിയെ കൊന്ന് വിശ്വാസത്തെ തകര്‍ക്കാമെന്ന മിഥ്യാധാരണ സിപിഐ എമ്മിന് ഇല്ലെന്നും നിങ്ങളെ അറിയിക്കാന്‍ കൂടി ഈ അവസരം ഉപയോഗിക്കട്ടെ. പല കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട് കേരളത്തില്‍. എന്നാല്‍, ചന്ദ്രശേഖരന്റെ കൊലപാതകം മുന്‍നിര്‍ത്തി അപ്പപ്പോള്‍ നിങ്ങള്‍ക്ക് വിവരം നല്‍കിക്കൊണ്ടിരിക്കുന്നവര്‍ ഒന്നരമാസം മുമ്പ് കൊലചെയ്യപ്പെട്ട അനീഷിന്റെ ദയനീയാവസ്ഥയിലുള്ള അമ്മ പെങ്ങന്മാരെക്കുറിച്ച് പറയാത്തത് എന്തുകൊണ്ടാണ്? അവിടേക്ക് കൂട്ടിക്കൊണ്ടുപോകാത്തത് എന്താണ്? നിങ്ങള്‍ അത് ആലോചിക്കണം. എല്ലാ ചോരയ്ക്കും ഒരേ നിറമാണെന്നും എല്ലാ ജീവനും ഒരേ വിലയാണെന്നും നിങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരോട് നിങ്ങള്‍ പറയണം. ജീവിതം എന്തെന്നുപോലും അറിഞ്ഞിട്ടില്ലാത്ത ഡസന്‍കണക്കിന് കുട്ടികള്‍ അവര്‍ ഇടതുപക്ഷത്താണെന്നതുകൊണ്ടുമാത്രം കോണ്‍ഗ്രസുകാരാലും ആര്‍എസ്എസുകാരാലും കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഭുവനേശ്വരന്‍, മുസ്തഫ, പ്രസാദ്, സുധീഷ് തുടങ്ങി എത്രയോപേര്‍. പരമ്പരയില്‍ ഒടുവിലത്തെ കണ്ണിയാണ് അനീഷ്. ഇവരെക്കുറിച്ചൊന്നും നിങ്ങളെ ഇവര്‍ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് ഇവരോട് ചോദിക്കാന്‍ കഴിയണം. അപ്പോള്‍ കിട്ടുന്ന ഉത്തരത്തില്‍ നിന്നറിയാം മരണത്തിലുള്ള സങ്കടമല്ല, മറിച്ച് മരണം മുതലെടുക്കാനുള്ള രാഷ്ട്രീയ വ്യഗ്രതയാണ് ഇവരെ നയിക്കുന്നതെന്ന്. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പുള്ള രണ്ടുവര്‍ഷക്കാലത്ത് നിങ്ങള്‍ പശ്ചിമബംഗാളില്‍ മമതാബാനര്‍ജിക്കുവേണ്ടിയുള്ള പ്രചാരണരംഗത്തായിരുന്നല്ലോ. അതും ഒരുപക്ഷേ തെറ്റിദ്ധരിച്ചാകാം. ഏതായാലും ഇപ്പോള്‍ മമതാബാനര്‍ജിയാണ് ജനാധിപത്യവാദി എന്ന തെറ്റിദ്ധാരണ മാറിയിട്ടുണ്ടാകും. എന്നാല്‍, ഇതിനിടയ്ക്കുള്ള ഘട്ടത്തില്‍, തെരഞ്ഞെടുപ്പിനു മുമ്പുള്ള ഘട്ടത്തിലായി മാവോയിസ്റ്റുകളും തൃണമൂലും കോണ്‍ഗ്രസും ചേര്‍ന്ന് 214 സിപിഐ എം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. തൃണമൂല്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ 65 സിപിഐ എം പ്രവര്‍ത്തകരെയാണ് കൊന്നൊടുക്കിയത്. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഏറ്റവുമധികം സുരക്ഷിതത്വമുള്ള സംസ്ഥാനമെന്ന പദവിയില്‍നിന്ന് സ്ത്രീകള്‍ക്കെതിരായി ഏറ്റവുമധികം ആക്രമണം നടക്കുന്ന രണ്ടാമത്തെ സംസ്ഥാനമെന്ന അവസ്ഥയിലേക്ക് ഇപ്പോള്‍ ദേശീയ വനിതാ കമീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ ബംഗാള്‍ മാറി. "അമൃതബസാര്‍ പത്രിക" മുതല്‍ "ടെലഗ്രാഫ്" വരെയുള്ള പത്രങ്ങള്‍ വായനശാലകളില്‍ നിരോധിക്കുന്ന സ്ഥിതിയായി. കാര്‍ട്ടൂണ്‍ വരച്ച യാദവ്പുര്‍ യൂണിവേഴ്സിറ്റി അധ്യാപകനെ അറസ്റ്റുചെയ്യുന്ന അവസ്ഥയായി.

ഇടതുപക്ഷത്തെ ആക്രമിച്ചതില്‍ മുമ്പ് മമതയ്ക്കും മാവോയിസ്റ്റുകള്‍ക്കും ഒപ്പംനിന്ന അവിടത്തെ ചില സാംസ്കാരികനായകര്‍ ഇപ്പോള്‍ പശ്ചാത്തപിക്കുകയാണ്. നിങ്ങള്‍ കേരളത്തില്‍ വന്നപ്പോള്‍ ബംഗാളില്‍നിന്നും കേരളത്തില്‍നിന്നും ഇടതുപക്ഷത്തെ തൂത്തെറിയണമെന്ന് പ്രസംഗിച്ചതായി കണ്ടു. ഇതാണ് നിങ്ങളുടെ യഥാര്‍ഥ കാഴ്ചപ്പാടും ധാരണയുമെങ്കില്‍ തിരുത്താന്‍ കഴിയാത്തവിധത്തില്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ ചേരിയില്‍ നിലയുറപ്പിച്ച ഒരു മഹതിയായി നിങ്ങളെ ആരെങ്കിലും വിലയിരുത്തിയാല്‍ കുറ്റപ്പെടുത്താനാകില്ല. ഏതായാലും യഥാര്‍ഥ വസ്തുതകള്‍ തിരിച്ചറിഞ്ഞാല്‍ തിരുത്തുമെന്ന പ്രതീക്ഷതന്നെയാണ് എനിക്കുള്ളത്.

ആരെങ്കിലും പറഞ്ഞല്ലാതെ നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നതുകൊണ്ടാകണം കേരളത്തിലെ പ്രമുഖരായ സാഹിത്യ-സാംസ്കാരിക നായകര്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കിടാത്തത് എന്നാണ് ഞാന്‍ കരുതുന്നത്. സിപിഐ എം കേരളത്തിലെ സാമൂഹ്യമാറ്റത്തില്‍ വഹിച്ച പങ്ക് എത്ര സുപ്രധാനമാണെന്നും അടിസ്ഥാനരഹിതമായി ആ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തി ഇല്ലാതാക്കിയാല്‍ ഉണ്ടാകുന്ന ശൂന്യത എത്ര വിപല്‍ക്കരമാണെന്നും അവര്‍ തിരിച്ചറിയുന്നുണ്ടാകണം. തനിക്കു ചുറ്റും രാഷ്ട്രീയ ഉപയോഗപ്പെടുത്തലിനായി വന്നുനില്‍ക്കുന്ന സ്ഥാപിതതാല്‍പ്പര്യക്കാരുടെ വലയം മുറിച്ചുകടന്ന് ആദരണീയരായ ആ സാംസ്കാരിക നേതാക്കളോടെങ്കിലും സംവദിച്ചാല്‍ നിങ്ങള്‍ക്ക് ഇപ്പോഴത്തേതില്‍നിന്നും ഭിന്നമായ ഒരു ധാരണയുണ്ടാകുമായിരുന്നെന്ന് എനിക്കുറപ്പുണ്ട്. ഏതായാലും തെറ്റിദ്ധാരണകള്‍ക്കപ്പുറത്തേക്ക് കടന്ന് സത്യം മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് ഇടവരുമെന്ന് പ്രത്യാശിക്കുന്നു. ആ വഴിക്കുള്ള ആദ്യപടിയാകട്ടെ എന്റെ വീട്ടിലേക്കുള്ള സന്ദര്‍ശനം.

സ്നേഹാദരങ്ങളോടെ,
സ്വന്തം പിണറായി വിജയന്‍

3 comments:

വര്‍ക്കേഴ്സ് ഫോറം said...

അഭിവന്ദ്യ സഹോദരീ,

എനിക്കയച്ച തുറന്ന കത്ത് പത്രങ്ങളില്‍ വായിച്ചു. ഏറെക്കാലമായി ധാരാളംപേര്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തുപോരുന്ന സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമാണ് നിങ്ങള്‍. അത്തരത്തിലുള്ള ഒരാള്‍ക്ക് അടുത്തകാലത്തായി ഉണ്ടായിട്ടുള്ള മാറ്റം എന്നെ കുറച്ചൊന്നുമല്ല വിസ്മയിപ്പിച്ചിട്ടുള്ളത്. തെറ്റിദ്ധാരണകളാകാം ഈ മാറ്റത്തിനു പിന്നില്‍ എന്നേ ഞാന്‍ ധരിച്ചിട്ടുള്ളൂ. ഈ ധാരണ ദൃഢീകരിക്കുന്നതാണ് നിങ്ങള്‍ വെള്ളിയാഴ്ച പ്രസിദ്ധീകരണത്തിനായി മാധ്യമങ്ങള്‍ക്ക് നല്‍കിയ കത്തിലെ ഉള്ളടക്കവും.

പണ്ഡിറ്റ് said...

//////നേരത്തെയുണ്ടായിരുന്ന വീട് പുതുക്കിയെടുക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. വീട് നില്‍ക്കുന്ന പ്രദേശത്തെ പാര്‍ടിയുടെ അറിവോടെയാണ് അത്. അത് മണിമാളികയോ രമ്യഹര്‍മ്യമോ ഒന്നുമല്ല.//////

ഈ ലിങ്കില്‍ കാണുന്നതു തന്നെയാണോ പിണറായിയുടെ വീട്?

http://www.facebook.com/photo.php?fbid=154783227987988&set=at.108986095901035.11237.100003689345991.100000236699299&type=1&ref=nf

എങ്കില്‍ പിണറായി പറയുന്നത് കള്ളമാണ്.

പണ്ഡിറ്റ് said...

//////നേരത്തെയുണ്ടായിരുന്ന വീട് പുതുക്കിയെടുക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. വീട് നില്‍ക്കുന്ന പ്രദേശത്തെ പാര്‍ടിയുടെ അറിവോടെയാണ് അത്. അത് മണിമാളികയോ രമ്യഹര്‍മ്യമോ ഒന്നുമല്ല.//////

ഈ ലിങ്കില്‍ കാണുന്നതു തന്നെയാണോ പിണറായിയുടെ വീട്?

http://www.facebook.com/photo.php?fbid=154783227987988&set=at.108986095901035.11237.100003689345991.100000236699299&type=1&ref=nf

എങ്കില്‍ പിണറായി പറയുന്നത് കള്ളമാണ്.