Friday, June 8, 2012

ഫ്‌ളെയിം: ആധുനികോത്തര കാലത്തെ രാഷ്ട്രതന്ത്രം

'പാനാപ്റ്റികോണ്‍' എന്ന ഒരു സങ്കല്‍പമുണ്ട് ആധുനികോത്തര തത്വശാസ്ത്രത്തില്‍. നൂറ്റാണ്ടുകള്‍ക്കു മുമ്പെ ജറമി ബെന്‍ഥാം എന്ന വിശേ്വാത്തര ചിന്തകന്‍ മുന്നോട്ടുവച്ച ഈ സങ്കല്‍പനം ഒരു ജയിലിനെപ്രതിയാണ്. പ്രസ്തുത ജയിലിലെ വാതിലുകള്‍ അടച്ചിട്ടുണ്ടാവില്ല. പകരം ജയിലിന്റെ ഒത്തമധ്യത്തില്‍ ഏറ്റവും ഉയര്‍ന്ന വിതാനത്തില്‍ ഒരു കാവല്‍മാടമുണ്ടാകും. അവിടെ ഇരിക്കുന്ന കാവല്‍ക്കാരന് ഓരോ ജയില്‍പ്പുള്ളിയുടെയും നീക്കങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയുംവിധമുള്ള ഒരു സംവിധാനം. എന്നാല്‍ ഈ കാവല്‍ക്കാരനെ ജയില്‍പ്പുള്ളിക്ക് കാണാനുമാവില്ല. ഫലം കാവല്‍ക്കാരനില്ലാത്ത നമ്മുടെ പൊലീസ് എയ്ഡ്‌പോസ്റ്റ് പോലെയാണ് കാവല്‍മാടമെങ്കിലും ജയില്‍പുള്ളികള്‍ തങ്ങള്‍ നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന ഭയത്തില്‍ മര്യാദക്കാരായി ഇരുന്നുകൊള്ളും. കഴിഞ്ഞവാരം  ലോകത്താകെ ഞെട്ടലുളവാക്കിക്കൊണ്ട് പ്രത്യക്ഷപ്പെട്ട ഫ്‌ളെയിം എന്ന കംപ്യൂട്ടര്‍ വൈറസ് നമ്മുടെ കാലഘട്ടത്തില്‍ ലോകംതന്നെ അധീശത്വശക്തികളുടെ നിരീക്ഷണത്തിലുള്ള ഒരു ജയിലായി മാറിയതിന്റെ ഉത്തമ നിദര്‍ശനമാണ്.

പശ്ചിമേഷ്യയിലെ പ്രതേ്യകിച്ചും ഇറാനിലെ കംപ്യൂട്ടര്‍ ശൃംഖലയെയാണ് ഈ വൈറസ് പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. ലോകത്താകമാനം തന്നെ 5000 ല്‍ ഏറെ കംപ്യൂട്ടറുകളെ ബാധിച്ചു എന്നു കരുതപ്പെടുമ്പോഴും ഏറ്റവും കൂടുതല്‍ ഇരകള്‍ ഇറാനിലെ ഉന്നത ഉദേ്യാഗസ്ഥന്മാരുടെ ഓഫീസുകളിലാണ് (189). അതുകൊണ്ട് തന്നെ ഇറാന്‍- അമേരിക്ക സാമ്രാജ്യത്വ അച്ചുതണ്ടാണ് ഈ വൈറസിന്റെ ഉല്‍പാദകര്‍ എന്നു വ്യക്തം. കൂടുതല്‍ തെളിവുകള്‍ ആന്റിവൈറസ് നിര്‍മ്മാതാക്കളായ കസ്പര്‍കെ നല്‍കുന്നു. 2010 ല്‍ ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ച് അവരുടെ ആണവശേഷിയുടെ അഞ്ചില്‍ ഒരുഭാഗവും നശിപ്പിച്ച സ്റ്റക്‌സ്‌നെറ്റ് വൈറസിന്റെയും, അതിനുമുമ്പ് ഇറാനില്‍നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തിയ ദുഖു വൈറസിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ച കേന്ദ്രങ്ങള്‍ തന്നെയാണ് ഫ്‌ളെയിമിന്റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അവര്‍ പറയുന്നത്. ദുഖുവിന്റെയും സ്റ്റക്‌സ്‌നെറ്റിന്റെയും നിര്‍മ്മാതാക്കളുടെ പ്രവര്‍ത്തന സമയവും ഇസ്രായേലിലെ ജറുസലേമിലെ പ്രാദേശിക സമയവുമായി യോജിച്ചുപോകുന്നതും, യഹൂദര്‍ മതേതരമായ കാര്യങ്ങള്‍ ചെയ്യാതെ സാബത്ത് ആചരിക്കുന്ന വെളളിയാഴ്ച അസ്തമയം തൊട്ട് ശനിയാഴ്ച അസ്തമയം വരെയുള്ള സമയത്ത് ഈ രണ്ട് പ്രോഗ്രാമുകളുടേയും പ്രോഗ്രാമര്‍മാര്‍ പ്രവര്‍ത്തനം നിര്‍ത്തിവക്കുന്നതും അടിസ്ഥാനപ്പെടുത്തിയാണ് ഈ നിഗമനത്തില്‍ കസ്‌പെര്‍കെ എത്തിച്ചേര്‍ന്നത്. എന്നാല്‍ പുതിയ വൈറസിന്റെ പ്രോഗ്രാമര്‍ പുതിയ ഒരു ടീമാണ് എന്നവര്‍ വ്യക്തമാക്കുന്നു. കാരണം പുതിയ പ്ലാറ്റ്‌ഫോമിലാണ് ഈ വൈറസിനെ നിര്‍മ്മിച്ചിരിക്കുന്നത്. പക്ഷേ അപകടകാരികളായ ഈ മൂന്ന് വൈറസുകളെയും ഉപയോഗപ്പെടുത്തുന്നത് ഒരേ കേന്ദ്രങ്ങളാണ് എന്നതില്‍ കസ്‌പെര്‍കെക്ക് സംശയമില്ല.

അങ്ങേയറ്റം സങ്കീര്‍ണ്ണമായ ഒരു വൈറസാണ് ഫ്‌ളെയിം. സാധാരണ കംപ്യൂട്ടര്‍ വൈറസുകള്‍ ഏതാനും നൂറുകിലോ ബൈറ്റുകള്‍ മാത്രം പ്രോഗ്രാമുകള്‍ വഹിക്കുന്നവയാണെങ്കില്‍ ഫ്‌ളെയിം അതിന്റെ പലയിരട്ടി അതായത് 20 മെഗാബൈറ്റ് ശേഷിയുള്ളതാണ്. വിവരങ്ങള്‍ ചോര്‍ത്താനാണ് ഈ വൈറസ് ഉപയോഗിക്കുന്നത്. ബ്ലൂടൂത്തുകള്‍ വഴിപോലും ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തിയുളള കംപ്യൂട്ടറുകളില്‍ കയറിപ്പറ്റി വിവരങ്ങള്‍ മൊത്തം ചോര്‍ത്താന്‍ മാത്രമല്ല വിദൂരനിയന്ത്രണം വഴി മൈക്രോഫോണുകള്‍ ഓണ്‍ ചെയ്ത് നിറുത്താന്‍ വരെ ഇവയ്ക്കു പറ്റും. ഇതേ സ്വഭാവമായിരുന്നു ദുഖുവിനും. എന്നാല്‍ ഫ്‌ളെയിമിന്റെ പ്രഹരശേഷി അപാരമാണ്. സ്റ്റക്‌സ്‌നെറ്റ് പക്ഷേ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു ഉപയോഗിച്ചിരുന്നത്. കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകളിലെ വിവരങ്ങള്‍ പൂര്‍ണ്ണമായും മായ്ച്ചുകളയലും, പ്രോഗ്രാമുകള്‍ താറുമാറാക്കലുമായിരുന്നു അതിന്റെ ദൗത്യം. ഇങ്ങനെ ഇറാനിലെ ഒരു വൈദ്യുതനിലയത്തിന്റെ പ്രവര്‍ത്തനങ്ങളെ അപ്പാടെ തന്നെ സ്റ്റക്‌സ്‌നെറ്റ് അട്ടിമറിച്ചിരുന്നു.

ഇത്രയും നമ്മള്‍ കേട്ടത് ജയിംസ്‌ബോണ്ട് സിനിമകളെയും ഷര്‍ലക് ഹോംസിനേയും വെല്ലുന്ന അപസര്‍പ്പക യാഥാര്‍ഥ്യങ്ങള്‍. ഇനിയാണ് നാം ആദ്യമേ പറഞ്ഞ സാമ്രാജ്യത്വ ഭീകരതയുടെ തനിനിറം വ്യക്തമാകുന്നത്. കാരണം ആരാന്റെ അമ്മയ്ക്ക് ഭ്രാന്തു പിടിച്ചാല്‍ കാണുന്ന രസത്തോടെ ഇറാന്റെ വിഷമാവസ്ഥ കണ്ടുരസിക്കുന്ന നാം അറിയുന്നില്ല നാളെ ഈ വൈറസിന്റെ ഇര നമ്മളുമാകാം എന്ന സത്യം. കാരണം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളാണ് വൈറസിന്റെ ഒരു പ്രധാന ഇര. അതുകൊണ്ട് തന്നെ അമേരിക്കക്കെതിരെ വെറുതെ ഒന്നു കമന്റ് ചെയ്താല്‍ വരെ നമ്മുടെ സ്വകാര്യതയിലേക്ക് ഈ കംപ്യൂട്ടര്‍ വൈറസ് കടന്നുകയറാം. അത്തരം ഒരവസ്ഥയില്‍ ഇറാന്റെ പ്രതിരോധ നിലയങ്ങളിലെന്ന പോലെ ഇന്ത്യയിലെ തന്ത്രപ്രധാനമായ കംപ്യൂട്ടര്‍ ശൃംഖലകളും തകര്‍ത്തെന്നുവരാം. കാരണം അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രു-മിത്രങ്ങളില്ല.

സൈബര്‍യുദ്ധം സാമ്രാജ്യത്വത്തിന്റെ ഏറ്റവും സൂക്ഷ്മവും ശക്തവുമായ അത്യാധുനിക യുദ്ധ സംവിധാനമാണ്. ചെലവ് കൂടുമെങ്കിലും പ്രഹരശേഷി കൂടിയത്. സാമ്പ്രദായിക യുദ്ധങ്ങളെപ്പോലെ കൂട്ടക്കൊലകള്‍വഴി ചീത്തപ്പേര് കേള്‍പ്പിക്കാത്തത്. എതിര്‍ക്കുന്നവനെ ഭയപ്പെടുത്തി അരുമമൃഗമാക്കിയാല്‍ പിന്നെ കൊല്ലേണ്ടതില്ലല്ലോ. ഒബാമ ഈ യുദ്ധതന്ത്രത്തിന്റെ വക്താവാണ്. ചര്‍ച്ചയും യുദ്ധവും എന്ന ദ്വിമുഖ തന്ത്രമാണ് ഒരുഭാഗത്ത് ചര്‍ച്ചയും മറുഭാഗത്ത് സൈബര്‍, ഡ്രോണ്‍ ആധുനികോത്തര യുദ്ധങ്ങളും നടത്തുകവഴി ഒബാമ നടപ്പിലാക്കുന്നത്.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം 04 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...