Saturday, June 9, 2012

ജനാധിപത്യാവകാശ സംരക്ഷണത്തിന് പോരാട്ടം തുടരും

ഒന്നാം ഭാഗം

രണ്ടാം ഭാഗം

എല്ലാ വിഭാഗം ജനങ്ങളുടെയും ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കുക ജനാധിപത്യരാഷ്ട്രത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. അതില്‍ പ്രധാനമാണ് ഭരണകൂടത്തിന്റെ എല്ലാവിധ ഭീകരതകളില്‍നിന്നും ജനങ്ങളെ സംരക്ഷിക്കുക എന്നത്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊലീസ് ആക്ടിന് രൂപം നല്‍കിയത്. ആ ആക്ടിലെ ഒരു പ്രധാന വകുപ്പ് കസ്റ്റഡിയിലെടുക്കുന്നവര്‍ക്കു നേരെ ഒരുതരത്തിലുള്ള പീഡനവും ഉണ്ടാകാതിരിക്കാനുള്ളതാണ്. ഈ അന്വേഷവുമായി ബന്ധപ്പെട്ട് അതിനെ കാറ്റില്‍പ്പറത്തി മൂന്നാംമുറ അരങ്ങേറുകയാണ്. പൗരാവകാശം സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനം എന്ന നിലയില്‍ ഈ കാര്യമാണ് പാര്‍ടി ഇപ്പോള്‍ ഉന്നയിക്കുന്നത്.

കേസന്വേഷണവുമായി ബന്ധപ്പെട്ട് നല്‍കുന്ന മൊഴികള്‍ ഒരു കാരണവശാലും പുറത്തുവിടരുത് എന്നത് ജനാധിപത്യ സംവിധാനത്തിലെയും ജുഡീഷ്യറിയിലെയും പ്രധാനപ്പെട്ട കാഴ്ചപ്പാടാണ്. അന്വേഷണമധ്യേ കേസ് ഡയറിയിലെ വിവരങ്ങള്‍ പുറത്തുവന്നാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് കേരള ഹൈക്കോടതിയും സുപ്രീംകോടതിയും വിവിധ വിധികളില്‍ പ്രതിപാദിച്ചിട്ടുമുണ്ട്. മുരുകേശന്‍ ഢെ സ്റ്റേറ്റ് ഓഫ് കേരള എന്ന കേസില്‍ കേരള ഹൈക്കോടതി പറഞ്ഞത് ഒരു ക്രിമിനല്‍ കേസ് രജിസ്റ്റര്‍ചെയ്തശേഷം പ്രഥമ വിവര റിപ്പോര്‍ട്ട് മജിസ്ട്രേട്ട് കോടതിക്ക് അയച്ചാല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും അന്വേഷണത്തിന്റെ പുരോഗതിയോ മറ്റുകാര്യങ്ങളോ പുറത്തുവിടാന്‍ അധികാരമില്ല എന്നാണ്. അന്വേഷണ വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ ആ ഉദ്യോഗസ്ഥന്റെ പേരില്‍ നടപടിയെടുക്കാന്‍ തക്കവണ്ണം സ്വഭാവദൂഷ്യമാണ് നടത്തിയത് എന്നും കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണമധ്യേ പൊലീസുദ്യോഗസ്ഥര്‍ സമാഹരിക്കുന്ന തെളിവുകള്‍ ഒന്നുകില്‍ കോടതികള്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്തതാവാം; അല്ലെങ്കില്‍ മൂന്നാംമുറ ഉപയോഗിച്ച് നേടിയെടുത്തതുമാകാം. ഇത്തരം തെളിവുകള്‍ വിചാരണ നടക്കുമ്പോള്‍ നിലനില്‍ക്കില്ല എന്നും വിധിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നാല്‍ അത് സാമൂഹ്യനന്മയ്ക്കുവേണ്ടിയായിരിക്കില്ല; മേലില്‍ ഇത്തരം നിയമലംഘനം നടത്തിയാല്‍ അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമങ്ങളും നിയമലംഘനത്തിനുള്ള നടപടികള്‍ക്ക് വിധേയമാകേണ്ടിവരുമെന്നും ഹൈക്കോടതി വ്യക്തമാക്കിയതാണ്.

ജസീക്കാലാല്‍ വധക്കേസില്‍, പ്രതിയുടെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം മാധ്യമവിചാരണയിലൂടെ നശിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതി വ്യക്തമായി പ്രതികരിക്കുന്നു. ഇത്തരം മാധ്യമവിചാരണ പ്രതിയുടെ മൗലികാവകാശമായ ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും സുപ്രീംകോടതി പറഞ്ഞു. കേസ് അന്വേഷണം നടത്തുന്നതിനിടെ ഇത്തരം മീഡിയാ ട്രയലുകള്‍ നിര്‍ത്തേണ്ടതിന്റെ ആവശ്യവും അതില്‍ വ്യക്തമാക്കി. കണ്ണന്‍ ഢെ സ്റ്റേറ്റ് ഓഫ് കേരള കേസിലും ഇതിനു സമാനമായ വിധിയാണുണ്ടായത്. ടി പി ചന്ദ്രശേഖരന്റെ ദാരുണമായ വധവുമായി ബന്ധപ്പെട്ട് മൊഴികളെന്ന പേരിലും മറ്റും മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ മേല്‍പ്പറഞ്ഞ വിധത്തിലുള്ളതാണ്. അത് ആര്‍ക്കും മനസിലാകുന്നതുമാണ്. പരിധിവിട്ട് ഇങ്ങനെ കഥകള്‍ അനുസ്യൂതം വരികയും അത് സിപിഐ എമ്മിനെതിരായ സംഘടിതാക്രമണത്തിന് വളമാവുകയുംചെയ്ത ഘട്ടത്തിലാണ് കേസിന്റെ സുഗമമായ മുന്നോട്ടുപോക്കിനുവേണ്ടിയും ജനങ്ങളുടെ പൗരാവകാശത്തിന്റെ പ്രശ്നം ഉന്നയിച്ചും പാര്‍ടി കോഴിക്കോട് ജില്ലാകമ്മിറ്റി റിട്ട് ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ചെയ്തത്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണ് എന്നാണ് ചിലര്‍ വ്യാഖ്യാനിച്ചത്. അങ്ങനെയെങ്കില്‍ മേല്‍സൂചിപ്പിച്ച വിധികളാണ് മാധ്യമസ്വാതന്ത്ര്യത്തിന് എതിര് എന്നുപറഞ്ഞായിരുന്നു മാധ്യമങ്ങള്‍ രംഗത്തിറങ്ങേണ്ടിയിരുന്നത്. അന്നൊന്നും ആ പ്രശ്നം ഉന്നയിക്കാത്തവര്‍ നിയമപരമായ ഈ കാര്യം സിപിഐ എം ഉന്നയിക്കുമ്പോള്‍ പ്രതിഷേധവുമായി വരുന്നത് നിയമത്തോടോ മാധ്യമസ്വാതന്ത്ര്യത്തോടോ ഉള്ള ബഹുമാനമല്ല. പാര്‍ടിയെ കിട്ടിയ വടിയെടുത്ത് അടിക്കാനുള്ള അവസരം ഉപയോഗിക്കുകയാണവര്‍. പാര്‍ടിയെ ഏതുവിധേനയും തകര്‍ക്കാനാകുമോ എന്ന പരീക്ഷണത്തിന്റെ ഭാഗമാണ് അത് എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്.

മാധ്യമങ്ങള്‍ക്ക് അവരുടേതായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും അന്വേഷിക്കുന്നതിനും അവകാശമുണ്ട്. അത് കേസ് ഡയറിയിലുള്ള കാര്യങ്ങളെ വളച്ചൊടിച്ചും മൂന്നാംമുറ പ്രയോഗത്തിന്റെ അടിസ്ഥാനത്തിലുള്ള മൊഴികളെ വ്യാഖ്യാനിച്ചും മൊഴി എന്ന പേരില്‍ ഭാവനാസൃഷ്ടികള്‍ പ്രസിദ്ധീകരിച്ചും ആകരുത്. ഇത്തരം വിഷയങ്ങളില്‍, സമുന്നത കോടതികള്‍ മുന്നോട്ടുവച്ച കാര്യങ്ങള്‍ സൂചിപ്പിച്ചു എന്നതിന്റെ പേരിലാണ് എളമരം കരീമിനെതിരെ കേസ് എടുക്കാന്‍ പൊലീസ് തയ്യാറായത്. പൊലീസ് ഭീകരതയില്‍നിന്ന് പൗരന്മാര്‍ക്ക് സംരക്ഷണമുണ്ടാവണം എന്ന് നിയമവശങ്ങള്‍ ചൂണ്ടിക്കാണിച്ച് വാദിച്ചത് ഏതു തരത്തിലാണ് നിയമവിരുദ്ധമാകുന്നത്? ജനകീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് ഇടപെടുക എന്ന പൊതുപ്രവര്‍ത്തകന്റെയും നിയമസഭാസാമാജികന്റെയും ഉത്തരവാദിത്തമാണ് കരീം നിര്‍വഹിച്ചത്. ഇത് സംശയമില്ലാതെ തിരിച്ചറിയാന്‍ ജനാധിപത്യസമൂഹത്തിന് കഴിയും. ചന്ദ്രശേഖരന്റെ ദാരുണമായ വധത്തെത്തുടര്‍ന്ന് അതിഭീകരമായ ആക്രമണമാണ് ഒഞ്ചിയത്ത് ആര്‍എംപിയുടെ നേതൃത്വത്തില്‍ പൊലീസ് സഹായത്തോടെ നടന്നത്. എഴുപത്തെട്ടോളം വീടുകള്‍ തകര്‍ത്തു. കൂടുതല്‍ വിപ്ലവകാരികള്‍ എന്ന് അഭിമാനിക്കുന്നവര്‍ക്ക് മാര്‍ക്സും എംഗല്‍സും ഉള്‍പ്പെടെയുള്ള മാര്‍ക്സിസ്റ്റ് ആചാര്യന്മാരുടെ ചിത്രങ്ങള്‍ തകര്‍ക്കുന്നതിന് മടിയുണ്ടായില്ല. പൊലീസ് മര്‍ദനത്തില്‍ പതറാതെ ജയിലറയില്‍ സ്വന്തം ചോരയില്‍ കൈമുക്കി അരിവാള്‍ ചുറ്റിക വരച്ച മണ്ടോടി കണ്ണന്റെ സ്മാരകംപോലും തകര്‍ക്കപ്പെട്ടു.

1948ല്‍ കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ട കാലത്ത് ചെറുപയര്‍ പട്ടാളവും പൊലീസും ചേര്‍ന്നാണ് നിരവധി വായനശാലകള്‍ തകര്‍ത്തത്. അതിനെ അനുസ്മരിക്കുന്ന വിധത്തിലാണ് വായനശാലകളും ഗ്രന്ഥാലയങ്ങളും ആര്‍എംപിക്കാരുടെ നേതൃത്വത്തില്‍ പൊലീസ് സഹായത്തോടെ തകര്‍ത്തത്. സിപിഐ എമ്മുകാര്‍ ആയിപ്പോയി എന്നതിന്റെ പേരില്‍ സ്വന്തം വീട്ടില്‍പ്പോലും കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഒഞ്ചിയത്ത് ഉണ്ടായിട്ടുള്ളത്. സിപിഐ എമ്മിന്റെ ഇടപെടല്‍ കാരണം ഒരു കാരണവശാലും സംഘര്‍ഷം ഉണ്ടാകരുത് എന്ന നിലപാടാണ് പാര്‍ടി സ്വീകരിച്ചത്. അതുകൊണ്ടാണ് വലിയ കലാപത്തിലേക്ക് ആ പ്രദേശം നീങ്ങാതിരുന്നത് എന്ന് അക്രമത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കുന്നവര്‍ ആലോചിക്കേണ്ടതുണ്ട്. വീടുകള്‍ തകര്‍ക്കുകയും ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തവര്‍ക്കു നേരെ ശരിയായ വകുപ്പുകള്‍ ചേര്‍ത്ത് ഒരു കേസുപോലും എടുക്കാന്‍ പൊലീസ് മുതിര്‍ന്നിട്ടില്ല. ഈ നയത്തിനെതിരെ പ്രക്ഷോഭം ഉയര്‍ന്നുവന്നപ്പോഴാണ് നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് ചില കേസുകള്‍ എടുത്തത് എന്നതും മറച്ചുവയ്ക്കാവുന്നതല്ല. ഒഞ്ചിയത്ത് ആര്‍എംപി രൂപീകരിച്ചത് വലിയ നയപ്രശ്നം ഉയര്‍ത്തിയാണ് എന്നാണ് ഇപ്പോഴത്തെ വ്യാഖ്യാനം. അത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ഏറാമല പഞ്ചായത്തില്‍ മുന്നണി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രണ്ടരവര്‍ഷത്തിനുശേഷം ജനതാദളിന് നല്‍കിയതിന്റെ പേരിലാണ് ഈ വിഭാഗം പാര്‍ടി വിട്ടുപോയത്. അല്ലാതെ, നയപരമായ എന്തെങ്കിലും ഭിന്നതയുടെ അടിസ്ഥാനത്തിലല്ല. തെറ്റിദ്ധാരണയുടെ പേരില്‍ പാര്‍ടി വിട്ടുപോയവരായിരുന്നു അതില്‍ ബഹുഭൂരിപക്ഷവും. അവരെ പാര്‍ടിയിലേക്ക് തെറ്റുതിരുത്തിച്ച് തിരിച്ചുകൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പാര്‍ടി നടത്തിയത്. അതിന് രണ്ടു തരത്തിലുള്ള സമീപനം മുന്നോട്ടുവയ്ക്കപ്പെട്ടു. ഒരു ഭാഗത്ത് ഇവരുടെ രാഷ്ട്രീയം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുന്നതാണെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ വലതുപക്ഷ ശക്തികള്‍ക്ക് സഹായകമാണ് എന്നുമുള്ള രാഷ്ട്രീയ നിലപാട് പാര്‍ടി വിശദീകരിച്ചു. അതോടൊപ്പം, വിവിധ തലത്തിലുള്ള സഖാക്കളെ ഉപയോഗപ്പെടുത്തി ഒറ്റയ്ക്കും കൂട്ടായും ചര്‍ച്ച നടത്തി പാര്‍ടിയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുള്ള ഇടപെടലും നടത്തി. ഈ ചര്‍ച്ചയുടെ ആദ്യഘട്ടങ്ങളിലെല്ലാം വലിയ പുരോഗതിയാണ് ഉണ്ടായത്. ആ ദൗത്യം പൂര്‍ണമായും വിജയിക്കും എന്ന ഘട്ടംവരെ എത്തിയിരുന്നു. എന്നാല്‍, അവസാനഘട്ടത്തില്‍ എന്തോ കാരണത്താല്‍ ഇവര്‍ പിന്മാറുകയാണുണ്ടായത്. എങ്കിലും നിരവധി സഖാക്കളെ തെറ്റുതിരുത്തി പാര്‍ടിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു എന്നത് വസ്തുതയാണ്. അത്തരം പരിശ്രമങ്ങള്‍ ഇനിയും തുടരുകതന്നെചെയ്യും. ഇത്തരം രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ആരെയാണ് തുണയ്ക്കുന്നത് എന്ന് ഓര്‍ക്കേണ്ടതുണ്ട്. വടകര പാര്‍ലമെന്റ് മണ്ഡലം അടുത്തകാലത്ത് ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന പ്രദേശമാണ്. എന്നാല്‍, കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ആ സീറ്റില്‍ വിജയിക്കാനായി. മറ്റു നിരവധി കാരണങ്ങള്‍ക്കൊപ്പം ആര്‍എംപിയുടെ രൂപീകരണവും അതിന് സഹായകമായി എന്നതാണ് വസ്തുത. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വിജയിപ്പിക്കാന്‍ ഏതൊക്കെ തരത്തില്‍ ഇവര്‍ ഇടപെട്ടിട്ടുണ്ട് എന്നത് അവിടെയുള്ള ജനങ്ങള്‍ക്ക് അറിയാവുന്നതാണ്- പ്രത്യേകിച്ചും ആര്‍എംപിയുടെ പ്രവര്‍ത്തകര്‍ക്ക്. യഥാര്‍ഥ ഇടതുപക്ഷ ബദല്‍ എന്ന് അവകാശപ്പെട്ട് രംഗത്തുവന്നവരുടെ പ്രവര്‍ത്തനം വലതുപക്ഷ ശക്തികള്‍ക്ക് ഇടതുപക്ഷത്തിന്റെ കേന്ദ്രങ്ങളില്‍ കടന്നുവരാന്‍ പാതയൊരുക്കുന്ന രാഷ്ട്രീയമാണ് ഉണ്ടാക്കുന്നത്. സിപിഐ എമ്മിനകത്ത് വിപ്ലവം പോരാ എന്ന വാദമാണല്ലോ ഇപ്പോള്‍ ഇവര്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസിനെയും വലതുപക്ഷത്തെയും കൂടുതല്‍ ശക്തിയോടെ എതിര്‍ക്കണം എന്നാണ് ഇവരുടെ വാദം. എന്നിട്ട് എന്തുകൊണ്ടാണ് വലതുപക്ഷ ശക്തികള്‍ക്ക് ഇവര്‍ പ്രധാന ശത്രുവായി മാറാത്തത് എന്ന ചോദ്യം ഇവരുടെ രാഷ്ട്രീയം വിശകലനം ചെയ്യുമ്പോള്‍ തെളിഞ്ഞുനില്‍ക്കുന്നു. കേരളം പോലെ ഇടതുപക്ഷമനസ്സ് വികസിച്ചുവന്ന സംസ്ഥാനത്ത് വലതുപക്ഷത്ത് നിന്നുകൊണ്ടുള്ള ആക്ഷേപങ്ങളും എതിര്‍പ്പും ആരും കാര്യമായി എടുത്തു എന്നുവരില്ല. അവയ്ക്ക് വലിയ സ്വാധീനവുമുണ്ടാവില്ല. എന്നാല്‍, ഇടതുപക്ഷത്തുനില്‍ക്കുന്നു എന്ന വ്യാജേന നടത്തുന്ന വിമര്‍ശങ്ങള്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്നതിനും ചിലരെ വഴിതെറ്റിക്കുന്നതിനും പര്യാപ്തമായിത്തീരും. അതുകൊണ്ടാണ് ഇത്തരക്കാരെ വലതുപക്ഷ ശക്തികള്‍ എല്ലാ അര്‍ഥത്തിലും പ്രോത്സാഹിപ്പിക്കുന്നത്. പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ മാവോയിസ്റ്റുകളും തൃണമൂലും കോണ്‍ഗ്രസും ഉണ്ടാക്കിയ ഐക്യം നമുക്ക് അറിയാവുന്നതാണ്. അത്തരത്തിലുള്ള രാഷ്ട്രീയ പ്രയോഗമാണ് കേരളത്തിലും മാധ്യമങ്ങളുടെ സഹായത്തോടെ നടത്താന്‍ ശ്രമിക്കുന്നത്.

ഇടതുപക്ഷത്തെ സ്നേഹിക്കുന്നവര്‍ ഈ യാഥാര്‍ഥ്യം മനസിലാക്കേണ്ടതുണ്ട്. വ്യക്തികളെ ഉന്മൂലനംചെയ്ത് ആശയത്തെ ഇല്ലാതാക്കുക എന്ന നിലപാട് സിപിഐ എമ്മിന് ഇല്ല. ഈ നിലപാടിനെതിരായി നടന്ന പോരാട്ടംകൂടിയാണല്ലോ ഇടതുപക്ഷ തീവ്രവാദത്തിനെതിരായ പാര്‍ടിയുടെ സമരം. നക്സലൈറ്റുകള്‍ മുന്നോട്ടുവച്ച ഉന്മൂലന സിദ്ധാന്തത്തെ ശക്തമായി എതിര്‍ത്താണ് പാര്‍ടി വളര്‍ന്നുവന്നത്. അതുകൊണ്ടുതന്നെയാണ് അത്തരം പാളിച്ചകള്‍ സഖാക്കളുടെ ഭാഗത്തുനിന്ന് വരുമ്പോള്‍ തിരുത്തുന്നതും അവ തെറ്റാണ് എന്ന് പരസ്യമായി പറഞ്ഞ് നിലപാട് സ്വീകരിക്കുന്നതും. കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണ് നാല്‍പ്പാടി വാസുവിനെ കൊലപ്പെടുത്തിയ വിവരം പരസ്യമായി പ്രഖ്യാപിച്ചത്. ഇദ്ദേഹവും എം വി രാഘവനും ചേര്‍ന്നാണ് ഇ പി ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍സംഘത്തെ അയച്ചത്. ഇവരുടെ ചെയ്തികളെ തള്ളിപ്പറയാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസാണ് ഇപ്പോള്‍ സിപിഐ എമ്മിനെതിരെ രംഗപ്രവേശം ചെയ്തിട്ടുള്ളത്.

കോണ്‍ഗ്രസ് വിട്ട് കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രമെഴുതിയ മൊയാരത്ത് ശങ്കരന്‍ തൊട്ട് നിരവധി സഖാക്കളെ വധിച്ചവരാണ് സിപിഐ എമ്മിനെ ജനാധിപത്യ രാഷ്ട്രീയം പഠിപ്പിക്കാന്‍ പുറപ്പെടുന്നത്. എസ്എഫ്ഐ നേതാവായിരുന്ന കെ വി സുധീഷിനെപ്പോലെയുള്ള നിരവധി സഖാക്കളെയാണ് ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള കാപാലിക സംഘം വെട്ടിനുറുക്കി കൊലപ്പെടുത്തിയത്. അത്തരത്തിലുള്ള നിരവധി പ്രയാസങ്ങളെ മറികടന്നാണ് പാര്‍ടി മുന്നോട്ടുപോയിട്ടുള്ളത്. സിപിഐ എം വിട്ട് മറ്റൊരു പാര്‍ടി രൂപീകരിച്ച ആദ്യത്തെ വ്യക്തിയല്ല ടി പി ചന്ദ്രശേഖരന്‍. നിരവധിപേര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടത്തിയിട്ടുണ്ട്. വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ അവര്‍ പാര്‍ടിയെ പല തരത്തില്‍ ആക്രമിച്ചിട്ടുണ്ട്. എന്നാല്‍, അതിനെയെല്ലാം നേരിട്ടത് ആശയപരമായ പ്രചാരണത്തിലൂടെയാണ്. അതാണ് പാര്‍ടിയുടെ നിലപാട്. അതുകൊണ്ടാണ് ഈ ദാരുണസംഭവവുമായി പാര്‍ടിയിലെ ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അത്തരം ആളുകള്‍ക്കു നേരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് പാര്‍ടി പ്രഖ്യാപിച്ചത്. ചിലര്‍ തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് അറസ്റ്റ് ചെയ്തവര്‍ക്കുനേരെ നടപടി എടുക്കും എന്നല്ല ഇതിനര്‍ഥം. മറിച്ച്, അവര്‍ക്കുള്‍പ്പെടെ പങ്കുണ്ടോ എന്ന് പരിശോധിക്കുന്ന ഒരന്വേഷണം പാര്‍ടി നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കുകയും എന്നതാണ് പാര്‍ടിയുടെ നിലപാട്.

സിപിഐ എമ്മിനെ അക്രമകാരികളായി മുദ്രകുത്തി അതിന്റെ മറവില്‍ പാര്‍ടി നേതാക്കള്‍ക്കു നേരെ കള്ളക്കേസുകള്‍ എടുക്കുന്ന നടപടിയും തുടരുകയാണ്. അതാണ് എം എം മണിയുടെ കാര്യത്തില്‍ സംഭവിച്ചത്. രാഷ്ട്രീയപരമായി മണിയുടെ ഒരു പ്രസംഗത്തില്‍ സംഭവിച്ച പോരായ്മ ഉയര്‍ത്തിക്കാട്ടി നിയമത്തിന്റെ എല്ലാ രീതികളെയും കാറ്റില്‍ പറത്തി കേസ് എടുക്കാനാണ് ഇപ്പോള്‍ മുതിരുന്നത്. രാഷ്ട്രീയ താല്‍പ്പര്യത്തോടെ എടുക്കുന്ന ഇത്തരം നിലപാടുകളെ എതിര്‍ത്തും തുറന്നുകാട്ടിയും പാര്‍ടി മുന്നോട്ടുപോകും. ടി പി ചന്ദ്രശേഖരന്റെ കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. അതിന് നിഷ്പക്ഷവും ശാസ്ത്രീയവുമായ അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറാവുകയാണ് വേണ്ടത്.
(അവസാനിച്ചു)

*
പിണറായി വിജയന്‍ ദേശാഭിമാനി 09 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എല്ലാ വിഭാഗം ജനങ്ങളുടെയും ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കുക ജനാധിപത്യരാഷ്ട്രത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. അതില്‍ പ്രധാനമാണ് ഭരണകൂടത്തിന്റെ എല്ലാവിധ ഭീകരതകളില്‍നിന്നും ജനങ്ങളെ സംരക്ഷിക്കുക എന്നത്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊലീസ് ആക്ടിന് രൂപം നല്‍കിയത്. ആ ആക്ടിലെ ഒരു പ്രധാന വകുപ്പ് കസ്റ്റഡിയിലെടുക്കുന്നവര്‍ക്കു നേരെ ഒരുതരത്തിലുള്ള പീഡനവും ഉണ്ടാകാതിരിക്കാനുള്ളതാണ്. ഈ അന്വേഷവുമായി ബന്ധപ്പെട്ട് അതിനെ കാറ്റില്‍പ്പറത്തി മൂന്നാംമുറ അരങ്ങേറുകയാണ്. പൗരാവകാശം സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനം എന്ന നിലയില്‍ ഈ കാര്യമാണ് പാര്‍ടി ഇപ്പോള്‍ ഉന്നയിക്കുന്നത്.