Sunday, June 10, 2012

മാര്‍ക്സിസത്തിന്റെ ഭാവിജീവിതം

കോഴിക്കോട്ട് നടന്ന സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിലെ പ്രധാന വാരികകളെല്ലാം ഇടതുപക്ഷ രാഷ്ട്രീയത്തെയും മാര്‍ക്സിസത്തെയും പുനഃപരിശോധനക്ക് വിധേയമാക്കുന്ന പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കിയിരുന്നു. ഇന്ത്യന്‍ ഇടതുപക്ഷത്തെയും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയെയുംകുറിച്ച് പൊതുവായി ചര്‍ച്ച ചെയ്യുന്ന ലേഖനങ്ങള്‍ മുതല്‍ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗതിവിഗതികളും മാര്‍ക്സിസത്തിന്റെ ദാര്‍ശനിക പരിണാമങ്ങളും പുതിയ പ്രതിരോധ രൂപങ്ങളുംവരെയുള്ള പ്രമേയങ്ങളെ വിശകലന വിധേയമാക്കുന്ന പഠനങ്ങളും അഭിമുഖങ്ങളുമെല്ലാംകൊണ്ട് സമ്പന്നമായിരുന്നു ഈ പതിപ്പുകള്‍. കേരളത്തിലെ പ്രബലമായ ഇടതുപക്ഷ വായന സമൂഹത്തെ കൂടെ നിര്‍ത്തുകയും ഒപ്പം അടിസ്ഥാനപരമായി മാര്‍ക്സിസത്തെ തന്നെ നിരാകരിക്കുന്ന രാഷ്ട്രീയം കൊണ്ടുനടക്കുകയും ചെയ്യുകയെന്ന വൈരുധ്യപൂര്‍ണവും വിചിത്രവുമായ നിലപാടിന്റെ അടയാളങ്ങള്‍ അവയില്‍ പലതിലും പ്രകടമായിരുന്നു.

മാര്‍ക്സിസം കേരളത്തില്‍ ഏറ്റവും വില്‍പ്പനമൂല്യമുള്ള വിഭവമാണ് എന്നതാണ് മാര്‍ക്സിത്തോടുള്ള പ്രതിപത്തിയല്ല അതില്‍ പലതിന്റെയും പ്രേരണാശക്തി എന്ന് പറഞ്ഞാല്‍ വലിയ തെറ്റൊന്നുമുണ്ടാകില്ല. മാര്‍ക്സിസത്തിന്റെ ദാര്‍ശനിക പരിണാമങ്ങളെ സൂക്ഷ്മമായി പിന്തുടര്‍ന്നുചെന്ന്, അതിന്റെ വര്‍ത്തമാന ജീവിതവും സാധ്യതകളും വിശകലനം ചെയ്യാനുള്ള ഏറ്റവും ഫലപ്രദമായ ശ്രമങ്ങള്‍ ബി രാജീവന്റേതായിരുന്നു. മാതൃഭൂമി വാര്‍ഷികപ്പതിപ്പിലെ സുദീര്‍ഘമായ അഭിമുഖത്തിലും മാധ്യമം, ദേശാഭിമാനി വാരികകളിലെ പ്രബന്ധങ്ങളിലും മാര്‍ക്സിസത്തിന്റെ വര്‍ത്തമാന ജീവിതത്തെ സ്ഥാനിര്‍ണയം ചെയ്യാനുള്ള ശ്രമമാണ് രാജീവന്‍ മാഷ് നടത്തിയത്. രണ്ട് നിലകളില്‍ ആ പഠനങ്ങള്‍ സവിശേഷമായ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. ഒന്നാമത്തേത് പാശ്ചാത്യ അതിഭൗതികത്തിന്റെ ചരിത്രത്തിനും ചിന്താരീതിക്കും പുറത്തുവച്ച് മാര്‍ക്സിസത്തേയും അതിന്റെ ഭൗതികവാദപരമായ ഉള്ളടക്കത്തേയും വിശദീകരിക്കാനുള്ള ശ്രമമാണ്. വസ്തു/ആശയം, ആത്മാവ്/ശരീരം, വിചാരം/വികാരം എന്നിങ്ങനെയുള്ള വിപരീത ദ്വന്ദ്വങ്ങളെ മുന്‍നിര്‍ത്തുന്ന പാശ്ചാത്യ യുക്തിചിന്തക്കുള്ളില്‍ തന്നെയാണ് മുഖ്യധാരാ മാര്‍ക്സിസം പലപ്പോഴും മാര്‍ക്സിസത്തെ പ്രതിഷ്ഠിച്ചത്. ഇതിന്റെ ഫലമായി മാര്‍ക്സിസ്റ്റ് വൈരുധ്യവാദത്തെ ആധുനികമായ യാന്ത്രിക ഭൗതികത്തിന്റെ താവഴിയില്‍ കൊണ്ടുചെന്നു കെട്ടുന്ന സ്ഥിതിവിശേഷം നിലവില്‍വന്നു.

ഇരുപതാം ശതകത്തിലെ മാര്‍ക്സിസ്റ്റ് രാഷ്ട്രീയ പ്രയോഗങ്ങള്‍ പലതും അരങ്ങേറിയത് ഈ വിചാരമാതൃകയെ പിന്‍പറ്റിക്കൊണ്ടാണ്. അവ നേരിട്ട പരാജയത്തിന്റെ അടിസ്ഥാന കാരണങ്ങളും മറ്റൊന്നല്ല. സൈദ്ധാന്തിക പരാധീനതകള്‍ സൈദ്ധാന്തികമായിത്തന്നെ പര്യവസാനിച്ചില്ല എന്നര്‍ഥം. മാര്‍ക്സിസ്റ്റ് ചിന്തയുടെയും പ്രയോഗത്തിന്റെയും അടിസ്ഥാനപരമായ വ്യതിരിക്തതയെ തമസ്കരിക്കുകയും പടിഞ്ഞാറന്‍ ആധുനികതയുടെ അനുബന്ധങ്ങളിലൊന്നായി അതിനെ ചുരുക്കിയെഴുതുകയും ചെയ്യുന്ന മേല്‍പ്പറഞ്ഞ വിശകലന രീതിയെ മറികടക്കുവാന്‍ ശ്രമിക്കുന്ന മൗലികമായ അന്വേഷണമാണ് ബി രാജീവന്റേത്. ഈ ശ്രമത്തിന്റെ ആദ്യപടിയായി ഭൗതികവാദചിന്തയുടെ ഒരു ബദല്‍ ചരിത്രവും സഞ്ചാരപഥവും കണ്ടെത്താനും പറഞ്ഞുറപ്പിക്കാനും അദ്ദേഹം നിരന്തരം ശ്രമിക്കുന്നുണ്ട്. വസ്തു/ആശയം എന്നിങ്ങനെയുള്ള സ്വയം പര്യാപ്തസത്തകളെ വിഭാവനം ചെയ്യുന്ന അതിഭൗതികചിന്തയ്ക്ക് പുറത്തുനില്‍ക്കുന്ന ബദല്‍ഭൗതികതയുടെ ചരിത്രമാണ് രാജീവന്‍ അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സ്പിനോസ, മാര്‍ക്സ്, ദെല്യുസ് എന്ന ചിന്താപഥം അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. ആശയങ്ങളുടെ ഭൗതികതയേയും അവയുടെ പ്രവര്‍ത്തനക്ഷമതയേയും ഉള്‍ക്കൊള്ളുന്ന ഒരു എതിര്‍പാരമ്പര്യത്തിന്റെ പ്രാരംഭ സ്ഥാനമായി സ്പിനോസയുടെ ചിന്തയെ പരിഗണിച്ചുകൊണ്ട്, ദെക്കാര്‍ത്ത് മുതലാരംഭിക്കുന്ന സ്വ/പര വിഭജനയുക്തിയെയും ആധുനികതയുടെ വിചാരവ്യവസ്ഥയേയും മറികടക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. ഈ എതിര്‍പാരമ്പര്യത്തിലാണ് മാര്‍ക്സ് ഉള്‍പ്പെട്ടിരിക്കുന്നത്. ആശയം/വസ്തു എന്ന കേവല ദ്വന്ദ്വത്തിലല്ല അവയുടെ വൈരുധ്യാത്മക വിനിമയങ്ങളിലാണ് മാര്‍ക്സ് യാഥാര്‍ഥ്യത്തെ പ്രതിഷ്ഠിച്ചത്. പില്‍ക്കാല ചിന്തയില്‍ ഫ്രഞ്ചുചിന്തകനായ ദെല്യുസിലൂടെ ഈ ബദല്‍ ഭൗതികതയുടെ ചരിത്രം തുടരുന്നതായും രാജീവന്‍ വിശദീകരിക്കുന്നു.

സൈദ്ധാന്തികമായ എതിര്‍വാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും വകയുള്ളതാണ് ഇത്തരമൊരു വിഭാവനം എന്നതില്‍ സംശയമൊന്നുമില്ല. എന്നിരുന്നാലും മാര്‍ക്സിസത്തിന്റെ വിപ്ലവപരമായ ഉള്ളടക്കത്തെ വീണ്ടെടുക്കുന്നതിനുള്ള ആഴമേറിയ സൈദ്ധാന്തിക പരിശ്രമമാണത്. ഒരര്‍ഥത്തില്‍ മാര്‍ക്സിസം നേരിട്ട മൗലികമായ പ്രതിസന്ധികളിലൊന്ന് ആധുനികതയുമായി അതിനുള്ള ബന്ധത്തെ നിര്‍വചിക്കുന്നതിലെ സന്ദിഗ്ധതയാണ്. സിഗ്മണ്ട് ബൗമനും മറ്റും ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ, സോവിയറ്റ് പാരമ്പര്യം വഴി വികസിച്ചുവന്ന മുഖ്യധാരാ മാര്‍ക്സിസം, ആധുനികതയുടെ ബൃഹദ് വ്യവഹാരത്തിനകത്ത് മാര്‍ക്സിസത്തെ ഒതുക്കിക്കെട്ടുകയാണ് ചെയ്തത്; തത്വശാസ്ത്രപരമായും പ്രായോഗികമായും. ആധുനികത വിഭാവനം ചെയ്ത ബൃഹദ് ലോകങ്ങളും വന്‍കിട വ്യവസായങ്ങളും കേന്ദ്രീകൃത സമൂഹ സംവിധാനങ്ങളുമെല്ലാം ഏറ്റവും ഫലപ്രദമായി നിലനിന്ന രാഷ്ട്രമായിരുന്നു സോവിയറ്റ് യൂണിയന്‍. അതുകൊണ്ട് സോവിയറ്റ് പതനം ആധുനികതയുടെ പതനമാണ്; മാര്‍ക്സിസത്തിന്റേതല്ല എന്നും ബൗമന്‍ പറയുന്നുണ്ട്. എന്തായാലും ആധുനികതയുടെ വിചാരവ്യവസ്ഥയ്ക്കും ലോകാവബോധത്തിനുമുള്ളില്‍ നിലകൊള്ളുന്ന ഒന്നായാണ് മാര്‍ക്സിസം മനസ്സിലാക്കപ്പെട്ടതും വിമര്‍ശിക്കപ്പെട്ടതും. ഇതിന് പകരം മാര്‍ക്സിസത്തെ ആധുനികതാ വിമര്‍ശം (critique of moderntiy) എന്ന നിലയിലോ ബദല്‍ ആധുനികത (counter moderntiy) എന്ന നിലയിലോ മനസ്സിലാക്കാനും സ്ഥാനിര്‍ണയം ചെയ്യാനും കഴിഞ്ഞാല്‍ മാത്രമേ അതിന്റെ വിപ്ലവപരമായ മൗലികതയെ തിരിച്ചറിയാനാവൂ എന്ന കാഴ്ചപ്പാട് ലോകമെമ്പാടുമുള്ള മാര്‍ക്സിസ്റ്റുകള്‍ ഇപ്പോള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ഈയൊരു സമീക്ഷയുടെ മലയാള മാതൃകയാണ് ബി രാജീവന്റെ അന്വേഷണങ്ങള്‍. ഇതുപോലെതന്നെ പ്രാധാന്യമുള്ള മറ്റൊരു പ്രമേയമാണ് വിപ്ലവത്തിന്റെ വര്‍ത്തമാന സ്വരൂപത്തെക്കുറിച്ചുള്ള അന്വേഷണങ്ങളുടേത്.

മൂലധന വളര്‍ച്ചയുടെയും സാങ്കേതിക വിദ്യാവ്യാപനത്തിന്റെയും ഭരണകൂടാധികാരത്തിന്റെ പരിണാമങ്ങളുടെയും ഫലമായി വിപ്ലവ പ്രയോഗത്തിന്റെ സ്വരൂപത്തില്‍ നിര്‍ണായകമായ മാറ്റം വന്നതായി സമകാലിക മാര്‍ക്സിസ്റ്റ് ചിന്തകരില്‍ പലരും നിരീക്ഷിക്കുന്നുണ്ട്. മിഷേല്‍ ഫൂക്കോയുടെ "ജൈവാധികാരം" (bio power) എന്ന പരികല്പനയേയും നെഗ്രിയുടെ "ജനസഞ്ചയം" (multitude) എന്ന ആശയത്തേയുമെല്ലാം മുന്‍നിര്‍ത്തി മാറിവരുന്ന വിപ്ലവപ്രയോഗങ്ങളെ വിശദീകരിക്കാനുള്ള ശ്രമമാണ് ബി രാജീവന്റെ മേല്‍പ്പറഞ്ഞ പഠനങ്ങളിലെ മറ്റൊരു പ്രധാന ഭാഗം. തൊഴിലാളിവര്‍ഗത്തെ വിപ്ലവ പ്രയോഗത്തിന്റെ മുന്നണിപ്പടയായി പരിഗണിക്കാവുന്ന ഘട്ടത്തെ മൂലധന വളര്‍ച്ച അസാധ്യമാക്കിയെന്നും അധികാരവും വ്യക്തികളും തമ്മിലുള്ള ആസന്നവും അടിയന്തര സ്വഭാവമുള്ളതുമായ ബന്ധം പുതിയൊരു വിപ്ലവശക്തിക്ക് ജന്മം നല്‍കിയിട്ടുണ്ടെന്നും വാദിക്കപ്പെടുന്നു. മുഖ്യധാരാ മാര്‍ക്സിസ്റ്റ് നിലപാടുകളെ സംബന്ധിച്ചിടത്തോളം വളരെയേറെ വിവാദപരമാണ് ഈ വീക്ഷണം.

ജനസഞ്ചയം എന്ന സങ്കല്പനത്തെ അമിതമായി ആദര്‍ശവല്‍ക്കരിച്ചുകൊണ്ടല്ലേ അതിന്റെ വിപ്ലവാത്മകത പറഞ്ഞുറപ്പിക്കുന്നത് എന്ന സംശയം നേരത്തെ ഉന്നയിക്കപ്പെട്ടിട്ടുമുണ്ട്. ഈജിപ്തിലെയും മറ്റും പ്രക്ഷോഭങ്ങളെ ജനസഞ്ചയത്തിന്റെയും അതിന്റെ വിപ്ലവാത്മകതയുടെയും മാതൃകയായി പരിഗണിച്ചാല്‍ എത്രയോ പരിമിതപ്പെട്ട ഒന്നായാണ് അത് നിലകൊള്ളുന്നതെന്ന് വ്യക്തമാവുകയും ചെയ്യും. ഏതായാലും സാമൂഹ്യ വിപ്ലവത്തിന്റെ വര്‍ത്തമാന പ്രകൃതവും സ്വരൂപവും മാര്‍ക്സിസ്റ്റ് ചിന്താമണ്ഡലത്തിലെ ചര്‍ച്ചാവിഷയമായി തുടരുകയാണ്. ആ ചര്‍ച്ചകളില്‍ ഫലപ്രദമായി പങ്കുചേരുകയാണ് ബി രാജീവന്‍ ചെയ്യുന്നത്. മലയാളത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ നടക്കുന്ന മാര്‍ക്സിസ്റ്റ് സംവാദങ്ങളുടെ വലിയൊരു പ്രത്യേകത അതിലെ പങ്കാളികളില്‍ വലിയൊരു വിഭാഗം അടിസ്ഥാനപരമായി മാര്‍ക്സിസ്റ്റ് വിരുദ്ധരാണ് എന്നതാണ്. മാര്‍ക്സിസ്റ്റ് രാഷ്ട്രീയ കക്ഷികളോടുള്ള വിരോധം എന്നതിലുപരി മാര്‍ക്സിസത്തോടുതന്നെ അടിസ്ഥാനപരമായ എതിര്‍പ്പുള്ളവരാണ് അവരില്‍ പലരും. അവരുടെ മുന്‍കൈയില്‍ അരങ്ങേറുന്ന "മാര്‍ക്സിസ്റ്റ് സംവാദങ്ങള്‍" ഫലത്തില്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ ആശയങ്ങളുടെ അവതരണം മാത്രമാണെന്ന് പര്യവസാനിക്കാറുള്ളതും. ഇതില്‍നിന്ന് വ്യത്യസ്തമായി, മാര്‍ക്സിസത്തോടും അതിന്റെ വിപ്ലവപരമായ ഉള്ളടക്കത്തോടും പ്രതിബദ്ധമായിരിക്കുകയും ഒപ്പംതന്നെ മുഖ്യധാരാ മാര്‍ക്സിസത്തിന്റെ യാന്ത്രികതയെ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതിലാണ് ബി രാജീവന്റെ ഇടപെടലുകളുടെ പ്രസക്തി കുടികൊള്ളുന്നത്. മാര്‍ക്സിസത്തിന്റെ സര്‍ഗാത്മകതയിലും വിപ്ലവാത്മകതയിലും വിശ്വാസമര്‍പ്പിക്കുന്നവര്‍ ഇത്തരം ഇടപെടലുകളോട് സംവാദത്തിലേര്‍പ്പെടുക തന്നെയാണ് വേണ്ടത്.

ശൈശവഭാവനയുടെ വര്‍ണങ്ങള്‍ ദേശാഭിമാനി വാരിക കുട്ടികള്‍ക്കായി ഒരു ലക്കം മുഴുവനായും നീക്കിവച്ചത് ആഹ്ലാദകരമായ വായനാനുഭവമായിരുന്നു (2012 ഏപ്രില്‍ 15). കുട്ടികളുടെ ഭാവനാലോകത്തിന്റെ വലുപ്പങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുവാന്‍ പോന്ന മികവ് ആ ലക്കത്തിലെ പല രചനകള്‍ക്കുമുണ്ടായിരുന്നു. ചിലരൊക്കെ മുതിര്‍ന്നവരുടെ എഴുത്തിന്റെ ചെറുപതിപ്പായി തങ്ങളുടെ രചനകളെ ചുരുക്കിക്കളഞ്ഞെങ്കിലും ശൈശവ ഭാവനയുടെ സൂക്ഷ്മതകളത്രയും ഉള്‍ക്കൊണ്ട എഴുത്തുകളും അതില്‍ വേണ്ടുവോളമുണ്ടായിരുന്നു. ദേശാഭിമാനി വാരികക്ക് അഭിമാനിക്കാന്‍ വകയുള്ള ഒന്നായിരുന്നു ആ ലക്കം. ഭാവനാജീവിതത്തെ നാഗരികതയുടെയും യുക്തിപരതയുടെയും സമ്മര്‍ദങ്ങള്‍ക്ക് പുറത്തുനിര്‍ത്താന്‍ കഴിയുന്നു എന്നതാണ് ശൈശവത്തിന്റെ സവിശേഷതയായി പല വലിയ കലാകാരന്മാരും കണ്ടത്. നാലു വയസ്സില്‍ താന്‍ റാഫേലിനെപ്പോലെ വരയ്ക്കുമായിരുന്നു എന്നും എന്നാല്‍ പില്‍ക്കാലത്തുടനീളം ഒരു നാലു വയസ്സുകാരനെപ്പോലെ വരയ്ക്കാനാണ് താന്‍ ശ്രമിച്ചതെന്നും പിക്കാസ്സോ ഒരു സന്ദര്‍ഭത്തില്‍ പറയുന്നുണ്ട്. യുക്തിപരതയുടെ പിടിമുറുക്കത്തെ ഭേദിക്കുകയായിരുന്നല്ലൊ ക്യൂബിസ്റ്റ് കലയുടെ അടിസ്ഥാന താല്‍പര്യങ്ങളിലൊന്ന്. ഒരര്‍ഥത്തില്‍ മോഡേണിസ്റ്റ് കലയിലുടനീളം ഈ ശൈശവ ഭാവനയുടെ ബലം കാണാം. ജോണ്‍ മിറോയും സാല്‍വദോര്‍ ദാലിയും മുതല്‍ റെനെ മാഗ്രിത്തും ഷബ്രാളും വരെയുള്ളവരുടെ രചനാലോകങ്ങളില്‍ കേവല യുക്തിക്കു കുറുകെ നീങ്ങുന്ന കിശോരസ്വപ്നങ്ങളുടെ നിറം കലരുന്നുണ്ടെന്ന് വ്യക്തമാണ്. ഒരു വര വരയ്ക്കാന്‍ പറഞ്ഞാല്‍ മുതിര്‍ന്ന ഏതൊരാളും നേര്‍വരയാവും വരയ്ക്കുക. എന്നാല്‍ ഒരു കുഞ്ഞ് എങ്ങനെയെങ്കിലുമുള്ള ഒരു വരയാവും വരയ്ക്കുക; വളഞ്ഞതും ഒടിഞ്ഞതും ഒക്കെയായി. വര, നേര്‍വരയാവണമെന്നത്, നാഗരികതയുടെ യുക്തിശാസ്ത്രമാണ്. അബോധത്തില്‍ അതിന്റെ പിടിമുറുക്കം പോരാത്തവരാണ് കുഞ്ഞുങ്ങള്‍. അതുകൊണ്ട് ആനയെ വരയ്ക്കുന്ന കുഞ്ഞ് എന്തെങ്കിലുമൊരു രൂപം വരച്ച് ആനയാണെന്ന് സങ്കല്പിക്കും. മുതിര്‍ന്നവര്‍ക്ക്, പക്ഷേ, ആനയെ വരയ്ക്കണമെങ്കില്‍ അതിന് ആനയുടെ രൂപസാദൃശ്യം തോന്നിയേ തീരൂ.

ആനയുടെ ബാഹ്യരൂപത്തെയാണ് നാം ആനയായി കാണുക. ഏതു രൂപത്തിലും ആനയെ കാണാം എന്നതാണ് കുഞ്ഞിന്റെ കാഴ്ചയുടെ ഗുണം. ഇങ്ങനെ സ്വച്ഛന്ദമായ ഭാവനാലോകത്തിന്റെ വിശാല വിസ്മൃതികള്‍ ശൈശവഭാവനയിലുണ്ട് എന്നതിനാലാണ് പിക്കാസ്സോ നാലു വയസ്സുകാരനെപ്പോലെ വരയ്ക്കാന്‍ പണിപ്പെട്ടത്. ""കോപ്പിടും നൃപതിപോലെയും/കളിക്കോപ്പെടുത്ത ചെറു പൈതല്‍പോലെയും"" എന്ന് എഴുതുന്ന കുമാരനാശാന്‍ മുതല്‍ ""സ്ലെയ്റ്റേ സ്ലെയ്റ്റേ/ പെന്‍സിലെ, പെന്‍സിലേ"" എന്നെഴുതുന്ന മോഹനകൃഷ്ണന്‍ കാലടിവരെയുള്ളവരുടെ രചനകളില്‍ ഈ കാഴ്ചയുടെ തുടര്‍ച്ചകളുണ്ട്. ബാലഭാവനയുടെ ഈ അതിരില്ലായ്മകള്‍ ദേശാഭിമാനിയുടെ പ്രത്യേക ലക്കത്തില്‍ ചിലയിടങ്ങളിലും കാണാമായിരുന്നു. മലയാളത്തിന്റെ ഭാവിജീവിതത്തിന്റെ അടയാളങ്ങളാണവ. കുടുംബം: കുറ്റവിചാരണയുടെ ആവശ്യകത കേരളീയ കുടുംബ ജീവിതത്തില്‍ എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഡോ. ഖദീജാ മുംതാസ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനം (2012 ഏപ്രില്‍ 15) ശ്രദ്ധേയമായിരുന്നു. സാമൂഹ്യ വിശകലനവും വിമര്‍ശനവും ഏറെ നടക്കുന്നുണ്ടെങ്കിലും കുടുംബം എന്ന സ്ഥാപനരൂപം കാര്യമായ വിമര്‍ശനങ്ങള്‍ക്കൊന്നും വിധേയമാവാതെയാണ് പിന്നിട്ട ആറേഴു പതിറ്റാണ്ടുകളായി നിലനിന്നുപോരുന്നത്.

ആധുനിക സമൂഹ രൂപീകരണത്തോടൊപ്പം നിലവില്‍ വന്ന അത്യന്തം പിതൃകേന്ദ്രിതമായ, കുടുംബഘടന നമ്മുടെ സാമൂഹ്യജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്ന അന്വേഷണങ്ങളും കാര്യമായി നടന്നിട്ടില്ല. വിവിധതരം മതയാഥാസ്ഥിതികശക്തികള്‍ ഈ കുടുംബഘടനയെ അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങള്‍ മൗനംകൊണ്ട് അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഫലത്തില്‍ അതിയാഥാസ്ഥിതികത്വത്തിന്റെ കാവല്‍പ്പുര പോലെയാണ് മധ്യവര്‍ഗ കേരളീയ കുടുംബങ്ങള്‍ ഇപ്പോള്‍ ഏറിയപങ്കും നിലനിന്നുവരുന്നത്. ഡോ. ഖദീജാ മുംതാസ് സൂചിപ്പിക്കുന്നതുപോലെ അത്യന്തം പിതൃകേന്ദ്രിതവും സ്ത്രീയുടെ സര്‍ഗാത്മകതയുടെ ശവപ്പറമ്പുമായാണ് നമ്മുടെ കുടുംബസംവിധാനം നിലനില്‍ക്കുന്നത്. സാമ്പത്തികമോ സാമൂഹികമോ ലൈംഗികമോ ആയ സ്വാധികാരങ്ങളില്ലാതെ കീഴായ്മയുടെ ഒരിടമാണ് സ്ത്രീക്ക് കേരളീയ മധ്യവര്‍ഗ കുടുംബങ്ങളില്‍ പൊതുവെയുള്ളത്. മാതൃത്വത്തിന്റെയും ഗൃഹനായികയുടെയും മറ്റും ആദര്‍ശാത്മക പരിവേഷങ്ങള്‍കൊണ്ട് ഈ കീഴായ്മയെ മറച്ചുപിടിക്കാന്‍ മുമ്പ് പലപ്പോഴും കഴിയാറുണ്ടെങ്കിലും ഇപ്പോള്‍ ഇതിലെ വൈരുധ്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരികയാണ്. വീട്ടമ്മ എന്ന പദവി ഏറെക്കുറെ വീട്ടടിമ എന്ന പദവിയാണ് എന്ന യാഥാര്‍ഥ്യത്തിന്റെ പൊള്ളിക്കുന്ന വെളിച്ചം അവിടവിടെയായി തെളിയുന്നത്. അതുളവാക്കുന്ന സംഘര്‍ഷങ്ങള്‍ കൂടുതല്‍ പ്രബലമാവുന്നുമുണ്ട്. വാസ്തവത്തില്‍ ആധുനികീകരണത്തിന്റെ പാതിവഴിയില്‍ സ്തംഭിച്ചുപോയ ഒന്നാണ് കേരളത്തിലെ മധ്യവര്‍ഗ കുടുംബഘടന. കേരളീയ സമൂഹരൂപീകരണത്തിലെ വൈരുധ്യങ്ങളെല്ലാം അവിടെ കൂടുതല്‍ ശക്തമായി അവശേഷിക്കുന്നുണ്ട്. "അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്" എന്ന് തുടങ്ങിയെങ്കിലും അവിടെനിന്നും മുന്നോട്ടുപോകാന്‍ കേരളത്തിലെ കുടുംബഘടന സ്ത്രീയെ കാര്യമായി അനുവദിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ ഇന്ത്യയില്‍തന്നെ ഏറ്റവും അധികമുള്ളത് കേരളത്തിലാണെങ്കിലും ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഏറ്റവും കുറഞ്ഞിരിക്കുന്നതും ഇവിടെ തന്നെയാണ്. നമ്മുടെ ചില സാമൂഹ്യശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ "വീട്ടമ്മവത്കരണം" എന്ന പ്രതിഭാസത്തിന്റെ ഇരകളാണ് വലിയൊരു പങ്ക് കേരളീയ സ്ത്രീകളും. ആധുനികമായ വിദ്യാഭ്യാസവും സാങ്കേതിക സൗകര്യങ്ങളും എല്ലാം കൈവന്നതിനുശേഷം അതിനെല്ലാം വിരുദ്ധമായ ഗാര്‍ഹിക-മതാത്മക-പുരുഷാധികാരഘടനയില്‍ തളച്ചിടപ്പെടുന്ന സ്ഥിതിവിശേഷത്തെയാണ് ഈ "ഗൃഹനായികാ" പദവി അര്‍ഥമാക്കുന്നത്. ഇതോടൊപ്പം ആധുനികീകരണത്തിന്റെ സന്ദര്‍ഭത്തില്‍ പൊതുജീവിതത്തില്‍ നിന്നും പുറത്താക്കിയവയെല്ലാം - ജാതി, മതം, ആചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ - കേരളീയ ഗൃഹങ്ങളില്‍ ഒളിച്ചുപാര്‍ക്കുന്നുമുണ്ട്. ഇങ്ങനെ പല തലങ്ങളില്‍ യാഥാസ്ഥിതികമായി അവശേഷിക്കുന്ന ഒന്നാണ്, കേരളീയ കുടുംബങ്ങള്‍. ഈ കുടുംബ സംവിധാനത്തിന്റെ ആഴമേറിയ വിമര്‍ശനം വഴിയല്ലാതെ കൂടുതല്‍ നീതിപൂര്‍ണവും ജനാധിപത്യപരവുമായ സമൂഹനിര്‍മിതി സാധ്യമല്ല. ഡോ. ഖദീജാ മുംതാസിന്റെ ലേഖനം ആ പ്രശ്നത്തിന്റെ പല തലങ്ങളിലേക്കും നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.

ശാസ്ത്രവും മാര്‍ക്സിസവും: തുടരുന്ന സംവാദങ്ങള്‍ മാര്‍ക്സിസത്തെക്കുറിച്ചുള്ള ഇരുപതാം നൂറ്റാണ്ടിലെ പുനരാലോചനകളിലെ കേന്ദ്രപ്രമേയങ്ങളിലൊന്ന് മാര്‍ക്സിസവും ശാസ്ത്രവും തമ്മിലുള്ള ബന്ധമെന്ത് എന്നതായിരുന്നു. ശാസ്ത്രീയ സോഷ്യലിസം എന്ന് എംഗല്‍സ് മാര്‍ക്സിസത്തെ സാമാന്യമായി നിര്‍വചിക്കുകയും രണ്ടാം ഇന്റര്‍നാഷണലിന്റെ കാലംതൊട്ട് മുഖ്യധാരാ മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങള്‍ മാര്‍ക്സിസത്തെ ശാസ്ത്രപദവിയില്‍ പ്രതിഷ്ഠിച്ച് പോരുകയും ചെയ്തിട്ടുണ്ട്. "മാര്‍ക്സിസം ശാസ്ത്രമാണ്", "ശാസ്ത്രം സത്യമാണ്", "മാര്‍ക്സിസം സത്യമാണ്" എന്നിങ്ങനെയുള്ള കേവല പ്രസ്താവനകളും സമവാക്യ രൂപീകരണങ്ങളും മേല്‍പ്പറഞ്ഞ വീക്ഷണത്തിന്റെ ആവിഷ്കാരങ്ങളായിരുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ മാര്‍ക്സിസത്തിന് മേല്‍ ആരോപിക്കപ്പെട്ട ഈ ശാസ്ത്രപദവി മാര്‍ക്സിസ്റ്റു ചിന്തകര്‍ ചോദ്യം ചെയ്തിട്ടുണ്ട്. ശാസ്ത്രവാദത്തിന്റെയും പോസിറ്റീവിസത്തിന്റെയും താവഴിയില്‍ മാര്‍ക്സിസത്തെ കൊണ്ടുചെന്നു കെട്ടാനുള്ള ശ്രമങ്ങള്‍ക്കെതിരായ സൈദ്ധാന്തിക സമരങ്ങളുടെ സുദീര്‍ഘമായ ചരിത്രം മാര്‍ക്സിസ്റ്റ് ചിന്തയ്ക്കുണ്ട്. ലൂക്കാച്ചും ഗ്രാംഷിയും കാള്‍ കോര്‍ഷും മുതല്‍ അഡോണോയും ഹോര്‍വൈമറും ഹെമ്പര്‍മാസും വരെയുള്ളവര്‍ മാര്‍ക്സിസത്തെ ശാസ്ത്രമായി പരിഗണിക്കുന്ന ചിന്താരീതിയുടെ വിമര്‍ശകരായിരുന്നു.

എറിക് ഫ്രോമിനെയും സാര്‍ത്രിനെയും പോലുള്ളവര്‍ മാനവവാദപരമായ മാര്‍ക്സിസത്തിനും അതിന്റെ പലതരം വകഭേദങ്ങള്‍ക്കും വേണ്ടി നിലകൊണ്ടപ്പോള്‍ അള്‍ത്യൂസറും ബാലിബറും ഉള്‍പ്പെടെയുള്ള ഘടനാവാദ മാര്‍ക്സിസ്റ്റുകള്‍ മാര്‍ക്സിസത്തിലെ ഹെഗേലിയന്‍ അവശിഷ്ടമായാണ് ഈ മാനവവാദത്തെ കണ്ടത്. ആദ്യകാല മാര്‍ക്സിലെ ഹെഗേലിയന്‍ അവശിഷ്ടങ്ങളില്‍നിന്നും മാര്‍ക്സിസത്തെ മോചിപ്പിച്ച് അതിന്റെ വിപ്ലവപരമായ ശാസ്ത്രീയത പുനഃസ്ഥാപിക്കണമെന്നായിരുന്നു അവരുടെ വാദം. ഈ സുദീര്‍ഘ സംവാദത്തിന്റെ ചരിത്രവും അതിന്റെ ഗതിഭേദങ്ങളും വിശദമായി ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥമാണ് പോള്‍ തോമസിന്റെ "മാര്‍ക്സിസവും ശാസ്ത്രീയ സോഷ്യലിസവും: ഏംഗല്‍സ് മുതല്‍ അള്‍ത്യൂസെര്‍ വരെ" എന്നത്. സാമൂഹ്യ ചിന്താപഠന പരമ്പരയുടെ ഭാഗമായി പ്രസിദ്ധ പ്രസാധകരായ റൗട്ലഡ്ജ് 2008 പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ രാഷ്ട്രതന്ത്രവിഭാഗം പ്രൊഫസര്‍ ആയ പോള്‍ തോമസ്, മാര്‍ക്സിസവും ശാസ്ത്രവും തമ്മിലുള്ള വിനിമയങ്ങളുടെ ചരിത്രം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ശാസ്ത്രത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ വീക്ഷണങ്ങള്‍, ആന്റി ഡ്യൂറിങ് പ്രകൃതിയുടെ വൈരുധ്യാത്മകത എന്നീ കൃതികളിലൂടെ മാര്‍ക്സിസത്തെ ശാസ്ത്രീയ സോഷ്യലിസമായി പുനര്‍നിര്‍വചിക്കാന്‍ ഏംഗല്‍സ് നടത്തിയ ശ്രമം, ഡാര്‍വിന്റെ പരിണാമസിദ്ധാന്തവും മാര്‍ക്സിസ്റ്റ് ചരിത്ര ദര്‍ശനവും തമ്മില്‍ തുലനപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍, വൈരുധ്യാത്മക ഭൗതികവാദം എന്ന "ശാസ്ത്രീയ" ദര്‍ശനത്തിന്റെ ഉള്ളടക്കം, ജെ ബി എസ് ഹാള്‍ഡെയിന്‍, ജെ സി ബര്‍ണല്‍ തുടങ്ങിയവരുടെ ഇടപെടലുകള്‍, അള്‍ത്യൂസറുടെ രംഗപ്രവേശവും ശാസ്ത്രീയതയുടെ പുനഃസ്ഥാപനവും എന്നീ പ്രമേയങ്ങളെ ഓരോ അധ്യായങ്ങളായി ചര്‍ച്ച ചെയ്തുകൊണ്ടാണ് പോള്‍ തോമസ് തന്റെ ഗ്രന്ഥം വികസിപ്പിക്കുന്നത്. മാര്‍ക്സിസ്റ്റ് ചിന്തയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ചര്‍ച്ചാവിഷയങ്ങളിലൊന്നിനെ അടുത്തുനിന്നു കാണാന്‍ ഈ പുസ്തകം വളരെയേറെ സഹായിക്കും.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക 09 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കോഴിക്കോട്ട് നടന്ന സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിലെ പ്രധാന വാരികകളെല്ലാം ഇടതുപക്ഷ രാഷ്ട്രീയത്തെയും മാര്‍ക്സിസത്തെയും പുനഃപരിശോധനക്ക് വിധേയമാക്കുന്ന പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കിയിരുന്നു. ഇന്ത്യന്‍ ഇടതുപക്ഷത്തെയും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയെയുംകുറിച്ച് പൊതുവായി ചര്‍ച്ച ചെയ്യുന്ന ലേഖനങ്ങള്‍ മുതല്‍ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗതിവിഗതികളും മാര്‍ക്സിസത്തിന്റെ ദാര്‍ശനിക പരിണാമങ്ങളും പുതിയ പ്രതിരോധ രൂപങ്ങളുംവരെയുള്ള പ്രമേയങ്ങളെ വിശകലന വിധേയമാക്കുന്ന പഠനങ്ങളും അഭിമുഖങ്ങളുമെല്ലാംകൊണ്ട് സമ്പന്നമായിരുന്നു ഈ പതിപ്പുകള്‍. കേരളത്തിലെ പ്രബലമായ ഇടതുപക്ഷ വായന സമൂഹത്തെ കൂടെ നിര്‍ത്തുകയും ഒപ്പം അടിസ്ഥാനപരമായി മാര്‍ക്സിസത്തെ തന്നെ നിരാകരിക്കുന്ന രാഷ്ട്രീയം കൊണ്ടുനടക്കുകയും ചെയ്യുകയെന്ന വൈരുധ്യപൂര്‍ണവും വിചിത്രവുമായ നിലപാടിന്റെ അടയാളങ്ങള്‍ അവയില്‍ പലതിലും പ്രകടമായിരുന്നു.