Sunday, June 3, 2012

ചൈനീസ് സോഡിയാക് സ്റ്റണ്ടിന്റെ അവസാനം

ഞാനിപ്പോള്‍ യുവാവല്ല. ശരിക്കും ക്ഷീണിതനാണ്. ലോകം മുഴുവന്‍ അതിക്രമങ്ങളാണ് വാഴുന്നത്. അതൊരു വല്ലാത്ത ധര്‍മസങ്കടമാണ്. എന്നാല്‍, ഇപ്പോഴും പോരാട്ടം ഇഷ്ടപ്പെടുന്നു. പക്ഷേ, അക്രമത്തെ അതിയായി വെറുക്കുന്നുണ്ട്. ഗൗരവമുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി വിജയിപ്പിച്ച റോബര്‍ട്ട് ഡി നീറോയെപ്പോലെ ഇനി യഥാര്‍ഥ അഭിനയജീവിതം ആരംഭിക്കാനാണ് ആഗ്രഹിക്കുന്നതും..."" സ്റ്റണ്ട് ചിത്രങ്ങളില്‍നിന്നുള്ള വിടവാങ്ങല്‍ ജാക്കിചാന്‍ പ്രഖ്യാപിച്ചതിങ്ങനെ. നൂറാമത്തെ ആക്ഷന്‍ ചിത്രമായ "ചൈനീസ് സോഡിയാക്" പുറത്തിറങ്ങിക്കഴിഞ്ഞാല്‍ സ്റ്റണ്ട് രംഗം കൈവിടാനാണ് ജാക്കിച്ചാന്റെ തിരുമാനം.                         
 
ഓര്‍മ, പ്രതീകം

ഹോങ്കോങ്-ചൈന യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ ജാക്കിചാന്‍ ഓര്‍മയായും പ്രതീക്ഷമായും ഞങ്ങളില്‍ നിറഞ്ഞു. വിക്ടോറിയ പീക്കിന്റെ നെറുകയിലെത്തിയപ്പോഴും അവന്യൂ ഓഫ് സ്റ്റാര്‍സിലെ സമതലം സ്പര്‍ശിച്ചപ്പോഴും ഒരേ വികാരത്തിന്റെ ആഴങ്ങളിലേക്കിറങ്ങിയ പ്രതീതിയായിരുന്നു. ചൈനീസ് ആഭ്യന്തരയുദ്ധത്തിന്റെ സംഘര്‍ഷ സന്ദിഗ്ധതകള്‍ക്കിടയില്‍ ഹോങ്കോങ്ങിലേക്ക് അഭയാര്‍ഥികളായെത്തിയ കുടുംബത്തിലായിരുന്നു ചാന്‍ കോങ് സാങ്ങിന്റെ ജനം. അച്ഛനമ്മമാര്‍ക്ക് ഫ്രഞ്ച് കോണ്‍സുലേറ്റിലായിരുന്നു ജോലി. ഊര്‍ജസ്വലന്‍ എന്ന അര്‍ഥത്തിലുള്ള പവോപവോ അവന്റെ വിളിപ്പേരായി. ഒന്നാം ക്ലാസില്‍തന്നെ തോറ്റ സാങ് നാഹ്-ഹ്വാ പ്രാഥമിക വിദ്യാലയത്തില്‍ ഒറ്റപ്പെട്ട നിലയിലായിരുന്നു. എട്ടാം വയസ്സില്‍ "സാങ്" എന്ന ബിഗ് ആന്‍ഡ് ലിറ്റില്‍ വോങ്ങില്‍ അഭിനയിച്ചു. ആ വര്‍ഷംതന്നെ ടിന്‍ ബാറിലും വേഷമിട്ടു. പ്രശസ്ത നടി ലി ലി ഹ്വാ ആയിരുന്നു അമ്മയായെത്തിയത്. 1963ലെ ദി ലവ് എറ്റെമെയിലും 1971ലെ കം ഡ്രിങ്ക് വിത്ത് മീയിലും പങ്കാളിയായത് വഴിത്തിരിവായി. പതിനേഴാം വയസ്സില്‍ ബ്രൂസ്ലിയുമൊത്ത് അഭിനയിച്ച ഫിസ്റ്റ് ഓഫ് ഫ്യൂറി, എന്റര്‍ ദി ഡ്രാഗണ്‍ എന്നീ ചിത്രങ്ങള്‍ അന്താരാഷ്ട്ര പ്രശസ്തരാക്കിയ സംരംഭങ്ങളായി. ടൈഗര്‍ ഓഫ് കാന്റണിലെ നായകവേഷം ആ പ്രതിഭയുടെ ജീവിതം അഭിനയത്തില്‍ ഉറപ്പിച്ചു.

1975ല്‍ പുറത്തിറങ്ങിയ ഓള്‍ ഇന്‍ ദി ഫാമിലി പല പ്രത്യേകതകളും നിറഞ്ഞതായിരുന്നു. മുഴുനീള ഹാസ്യം. സ്റ്റണ്ടിന്റെ ചെറുഭാഗംപോലുമുണ്ടായില്ലെന്നത് മറ്റൊരു കാര്യം. സാങ് അതില്‍ നഗ്നനായിട്ട് പ്രത്യക്ഷപ്പെടുകൂടി ചെയ്തു. ഈ സിനിമയ്ക്കുശേഷമാണ് കൂട്ടുകാര്‍ അദ്ദേഹത്തെ ജാക്കിചാന്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്. 1978ലെ സ്നേക്ക് ഇന്‍ ദി ഈഗിള്‍സ് ഷാഡോവിലെ അത്യുജ്വല പ്രകടനമാണ് ജാക്കിചാന് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്തത്. കുങ്ഫൂ ചിത്രങ്ങള്‍ക്ക് അമേരിക്കന്‍ മുഖ്യധാരാ സിനിമയില്‍ ഇടംനേടിക്കൊടുത്തതും അദ്ദേഹമാണ്. ഫ്രഞ്ചുകാരിയായ തുസദാദ് സ്ഥാപിച്ച ഏഷ്യയിലെ രണ്ടാമത്തെ മെഴുക് പ്രതിമാ മ്യൂസിയമാണ് വിക്ടോറിയാ പീക്കിലേത്. ആദ്യത്തേത് ഹാങ്ഹായിലായിരുന്നു. ഹോങ്കോങ്ങിന്റെ പ്രൗഢിയും അഭിനയ-സംഗീതപ്രതിഭകളും അന്താരാഷ്ട്ര പ്രശസ്തരായ നേതാക്കളും കായിക വിസ്മയങ്ങളുമടക്കം 100 മെഴുകുപ്രതിമകള്‍. ജീവന്‍ ഒലിച്ചിറങ്ങുംമട്ടിലുള്ള മുഖഭാവങ്ങള്‍തന്നെ. അതില്‍ ഏറ്റവും ആദ്യത്തേത് ജാക്കിചാന്‍. റോബ്-ബി ഹുഡ് എന്ന സിനിമയിലെ വേഷങ്ങളണിഞ്ഞാണ് ആ നില്‍പ്പ്. അദ്ദേഹത്തിന്റെ ഏറ്റവും വിജയംകൊയ്ത ചലച്ചിത്രങ്ങളിലൊന്നാണത്.           

നിറയെ സംഗീതമുള്ള നിശ്വാസവും

ജാക്കിചാന്റെ സംഗീതാഭിമുഖ്യത്തെ ഒരു കെട്ടുകഥയായേ പലര്‍ക്കും രുചിക്കാറുള്ളൂ. ആ ശരീരത്തിലും മനസ്സിലും സംഗീതമോ എന്ന് ചിലരെങ്കിലും അത്ഭുതം കൂറിയിട്ടുമുണ്ട്. പീക്കിങ് ഓപ്പറ സ്കൂളിലെ ചെറുപ്പകാലത്തുതന്നെ അവന്‍ സംഗീതത്തിന്റെ സാന്ത്വനങ്ങളില്‍ അലിഞ്ഞുചേര്‍ന്നിരുന്നു. 1980കളിലെ സിനിമകളില്‍ ജാക്കിചാന്‍ പ്രധാന ഗായകനായി സ്ഥാനമുറപ്പിച്ചു. കാന്റൊണീസ്, മന്‍ഡാരില്‍, ജപ്പാനീസ്, തായ്വാനീസ്, ഇംഗ്ലീഷ് ഭാഷകളിലെല്ലാം പാടുകയുംചെയ്തു. ദി യങ് മാസ്റ്റേഴ്സ് പോലുള്ള തന്റെ സിനിമകളിലെ തീം സോങ്ങുകള്‍ അദ്ദേഹത്തിന്റേതായിരുന്നു. ജാക്കിചാന്‍ എഴുതി പൊലീസ് സ്റ്റോറിയില്‍ നായകന്‍ ആലപിച്ച ഗാനം ഹോങ്കോങ് റോയല്‍ പൊലീസിന്റെ റിക്രൂട്ട്മെന്റ് പരസ്യത്തില്‍ ഉള്‍പ്പെടുത്തുകയുമുണ്ടായി. ചൈനീസ് ചിത്രമായ മുലാനില്‍ (1998) ഐ വില്‍ മെയ്ക്ക് എ മാന്‍ ഔട്ട് ഓഫ് യു എന്ന ഗാനം പാടിയതും ജാക്കിചാന്‍. 2008ലെ ബീജിങ് ഒളിമ്പിക്സിന്റെ രണ്ട് ആല്‍ബങ്ങളും അദ്ദേഹത്തിന്റേതായിരുന്നു. ഹാര്‍ഡ് ടു സേ ഗുഡ്ബൈ എന്ന സമാപനഗാനത്തിലൂടെ ജാക്കിചാന്‍ കായികരംഗത്തും പ്രകീര്‍ത്തിക്കപ്പെട്ടു.                                     

"ജനാധിപത്യ" പ്രകടനത്തിനെതിരെ

ബീജിങ് ഒളിമ്പിക്സ് അലങ്കോലമാക്കാനുള്ള "ജനാധിപത്യ"വാദികളുടെ ഗൂഢാലോചനയ്ക്ക് ജാക്കിചാന്‍ ദയയുടെ ഒരിറ്റുപോലും പകര്‍ന്നുനല്‍കിയില്ല. അന്നത്തെ ദീപശിഖാ പ്രയാണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനുനേരെ പൊട്ടിത്തെറിക്കുകയുംചെയ്തു. ഒരു കാരണവുമില്ലാതെ പ്രതിഷേധം വാര്‍ത്തകളില്‍ കുളിച്ചുനില്‍ക്കാനാണെന്ന് തുറന്നടിച്ചു. ടെലിവിഷന്‍ സ്ക്രീനുകളില്‍ വിഭവങ്ങളാവാനാണ് ചിലരുടെ നോട്ടമെന്ന് കൂട്ടിച്ചേര്‍ക്കുകയുമുണ്ടായി. ""എല്ലാ കാര്യങ്ങളും പൂര്‍ണമായും ശരിയായി നടക്കുന്നുണ്ടെന്ന് പറയുന്നില്ല. ചൈനയില്‍ പലതിലും ഗുണാത്മകങ്ങളായ മാറ്റങ്ങളുണ്ട്. ഞങ്ങള്‍ മാറുന്നുണ്ട്. ഇനിയും മാറും. ഞങ്ങള്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്ന് പഠിക്കാന്‍ ശ്രമിക്കുന്നു. അതുപോലെ ഞങ്ങളുടെ വഴികളും സംസ്കാരവും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യും..."" എന്ന പ്രതികരണം ചൈനീസ് അവസ്ഥയെക്കുറിച്ചുള്ള ശരിയായ അപഗ്രഥനവുമായിരുന്നു.

അവന്യൂ ഓഫ് സ്റ്റാര്‍സ്

അവന്യൂ ഓഫ് സ്റ്റാര്‍സിലെത്തിയപ്പോള്‍ ഒരു ഹോളിവുഡ് ചിത്രീകരണ മുറിപോലെയായിരുന്നു. സിനിമയുടെ പ്രതീകങ്ങളും ചിഹ്നങ്ങളും കഥകളുംകൊണ്ട് നിറഞ്ഞ സന്ദര്‍ശകരുടെ പറുദീസ. അവിടത്തെ സിനിമാ പ്രതിമ മുഴുവന്‍ ഫിലിം റോള്‍കൊണ്ട് പൂര്‍ത്തിയാക്കിയതായിരുന്നു. ബ്രൂസ്ലിയുടെ പ്രതിമയ്ക്കുമുന്നിലെ തിരക്കിനേക്കാള്‍ ആളുകളുടെ ഒഴുക്ക് ജാക്കിചാന്റെ കൈപ്പടം മുദ്രചാര്‍ത്തിയ തറയിലേക്കായിരുന്നു. അവിടെ കൈ അമര്‍ത്തി പലരും ഫോട്ടോയെടുക്കുന്നതും അത്ഭുതത്തിന്റെ ആംഗ്യങ്ങള്‍ കാണിച്ച്. ഹോങ്കോങ്-ചൈനീസ് ജനത ജാക്കിചാനെ എത്രമാത്രം മനസ്സില്‍ കുടിയിരുത്തിയിട്ടുണ്ടെന്നതിന്റെ സാക്ഷ്യംകൂടിയായിരുന്നു അവന്യൂ ഓഫ് സ്റ്റാര്‍സിലെ മറക്കാനാകാത്ത കാഴ്ചകള്‍.

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി

No comments: