Tuesday, June 19, 2012

ആഗോള മുതലാളിത്ത സമ്പദ്ഘടന മുങ്ങുന്ന കപ്പല്‍

ആഴക്കടലിലേക്ക് മുങ്ങുന്ന കപ്പലായാണ് ലോകസമ്പദ്ഘടനയെ ""ഇക്കണോമിസ്റ്റ്"" വാരികയുടെ പുതിയ ലക്കത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. നവലിബറല്‍ മുതലാളിത്തത്തിന്റെ കുതിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി കാതോര്‍ത്തിരിക്കുന്ന ഈ ആഗോള മുതലാളിത്ത മാധ്യമത്തിന്, ഇപ്പോള്‍ ഏറെ നാളായി മുതലാളിത്തത്തിന്റെ തകര്‍ച്ചയെക്കുറിച്ച്, അത് കരകാണാക്കയത്തിലേക്ക് മുങ്ങിത്താഴുന്നതിനെക്കുറിച്ച് പരിതപിക്കാനേ കഴിയുന്നുള്ളൂ. അത്രയേറെ ആഴമേറിയ പ്രതിസന്ധിയില്‍പ്പെട്ട് വട്ടം ചുറ്റുകയാണ് മുതലാളിത്തം. ജൂണ്‍ 9െന്‍റ ""ഇക്കണോമിസ്റ്റ്"" വാരികയുടെ മുഖ്യ മുഖപ്രസംഗം തുടങ്ങുന്നതിങ്ങനെ - ""ലൈഫ് ബോട്ടുകളിലേക്ക് ചാടി രക്ഷപ്പെടുക"". ആഗോള സമ്പദ്ഘടനയെ സംബന്ധിച്ച് കടപ്പത്ര  വിപണികള്‍ അയക്കുന്ന ശക്തമായ സന്ദേശമാണിത്. അമേരിക്കയിലെയും ജര്‍മ്മനിയിലെയും അതിവേഗം എണ്ണം കുറഞ്ഞുവരുന്ന മറ്റ് ""സുരക്ഷിത"" സമ്പദ്ഘടനകളിലെയും സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങുന്നതിന് നിക്ഷേപകര്‍ പരക്കം പായുകയാണ്...

എന്തായാലും ലോക സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം എന്തോ ചീഞ്ഞു നാറുകയാണ്. ""വളര്‍ച്ച ഇടറുന്നതും ധനപരമായ തകര്‍ച്ച സംഭവിക്കുമെന്ന വിപത്ത് വര്‍ദ്ധിക്കുന്നതും തന്നെയാണ് ആ എന്തോ ചിലത്. ഈ ഭൂഗോളത്തിലുടനീളം സമ്പദ്ഘടനകള്‍ ദുര്‍ബലമാവുകയാണ്. യൂറോ മേഖലയിലെ പിന്നോക്ക രാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യം ആഴമേറി വരുകയാണ്. തുടര്‍ച്ചയായി മൂന്ന് മാസത്തിലധികം നിലനില്‍ക്കുന്ന ദുര്‍ബലമായ തൊഴിലവസരം സംബന്ധിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്, അമേരിക്കയുടെ മാന്ദ്യത്തില്‍നിന്നുള്ള കരകയറ്റവും കുഴപ്പത്തിലാകുമെന്നാണ്. ഏറ്റവും വലിയ ഉയര്‍ന്നുവരുന്ന വിപണികളും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.... മുന്‍പത്തെ മാന്ദ്യത്തെ തുടര്‍ന്ന് പെട്ടെന്നുണ്ടായ മുടന്തി നീങ്ങിയ ആഗോള വീണ്ടെടുപ്പ് ജപ്പാന്‍ മാതൃകയിലുള്ള വ്യാപകമായ മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക മേഖലയായ യൂറോപ്യന്‍ യൂണിയനാകട്ടെ, ബാങ്ക് തകര്‍ച്ചകളുടെയും അധമര്‍ണതകളുടെയും (default) സാമ്പത്തിക മാന്ദ്യത്തിന്റെയും നീര്‍ച്ചുഴിയിലേക്ക് മുങ്ങിത്താഴുകയുമാണ് - 2008ല്‍ ലെമേന്‍ ബ്രദേഴ്സിന്റെ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ കൂട്ടക്കുഴപ്പത്തെക്കാള്‍ രൂക്ഷമായ സാമ്പത്തിക ദുരന്തമാണിത്.... ഈ പ്രാവശ്യം അതിനെ നേരിടാന്‍പോലും പറ്റാത്ത സ്ഥിതിയാണ്.

2008ല്‍ സാമ്പത്തിക മാന്ദ്യത്തെ തടയുന്നതിനായി രാഷ്ട്രീയ നേതൃത്വവും ബാങ്കര്‍മാരും ഒത്തൊരുമയോടെ നീങ്ങിയിരുന്നു. ഇന്ന് രാഷ്ട്രീയ നേതൃത്വം തമ്മില്‍ തല്ലുകയാണ്. കേന്ദ്ര ബാങ്കുകളിലെ സാങ്കേതിക വിദഗ്ദ്ധര്‍ക്ക് കുറച്ചുകൂടി കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെങ്കിലും അവരുടെ കൈവശം വേണ്ടത്ര പടക്കോപ്പുകളില്ല"". സ്പെയിനിലെ ബാങ്കുകള്‍ കൂട്ടത്തോടെ തകര്‍ച്ചയിലേക്ക് നീങ്ങുന്നതാണ് പുതിയ പ്രശ്നം. അടിയന്തിരമായും യൂറോപ്യന്‍ സ്റ്റെബിലിറ്റി ഏജന്‍സിയില്‍നിന്ന് സ്പെയിനിനെ രക്ഷിക്കാന്‍ ധനസഹായം നല്‍കണം - കടുത്ത വ്യവസ്ഥകളില്ലാതെ. 2012ല്‍ 200 കോടി യൂറോയുടെ വെട്ടിക്കുറവ് വരുത്താന്‍ സ്പെയിന്‍ തീരുമാനിച്ചിട്ടുണ്ട്. ഏതാണ്ട് അത്രയും തന്നെ 2013ലും വെട്ടിക്കുറയ്ക്കാന്‍ സ്പാനിഷ് സര്‍ക്കാര്‍ തയ്യാറായിട്ടുമുണ്ട്. എന്നാല്‍ യൂറോപ്യന്‍ മടിശ്ശീലയായ ജര്‍മ്മനി പണം നല്‍കാന്‍ അതുകൊണ്ടും തയ്യാറായിരുന്നില്ല. ഒടുവില്‍ ഇപ്പോള്‍ അമേരിക്കയുടെയും ബ്രിട്ടെന്‍റയും ഫ്രാന്‍സിന്റെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് യൂറോപ്യന്‍ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ഏജന്‍സിയില്‍നിന്ന് 10000 കോടി യൂറോ സ്പെയിനിന് നല്‍കാന്‍ ജര്‍മ്മനി പാതി മനസ്സോടെ സമ്മതം മൂളിയിരിക്കുന്നു. എന്നാല്‍ ഇതുകൊണ്ടും സ്പെയിനിന്റെ പ്രശ്നം തീരുന്നില്ല. ഈ തുക കൊണ്ട് ആ രാജ്യത്തിന്റെ ബാധ്യതകള്‍ നിറവേറ്റാനോ ബാങ്കുകളെ രക്ഷിക്കാനോ കഴിയില്ല. എന്നു മാത്രമല്ല, ഭാവിയില്‍ എത്ര തുക കൂടി വേണ്ടിവരും എന്ന കാര്യത്തില്‍ പോലും ഒരു നിശ്ചയവുമില്ല.

സ്പെയിനിന്റെ കേന്ദ്ര ബാങ്ക് പറയുന്നത്, ""റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് സ്പെയിനിലെ ബാങ്കുകള്‍ക്ക് 30,000 കോടി യൂറോ വായ്പ തിരിച്ചുകിട്ടാനുണ്ട്"" എന്നാണ്. ഇതില്‍ ഏറെയും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ വാങ്ങിയ വായ്പകളാണ്. സാധാരണ ജനങ്ങള്‍ വസ്തുവും വീടും വാങ്ങാന്‍ എടുത്ത വായ്പകളും ഉണ്ട്. ""ഏകദേശം 18,000 കോടി യൂറോയുടെ വായ്പത്തുകയും തിരിച്ചു കിട്ടാനിടയില്ലാത്തതാണ്"" എന്നും സ്പാനിഷ് കേന്ദ്ര ബാങ്ക് സൂചിപ്പിക്കുന്നു. അപ്പോള്‍ ഈ 10,000 കോടി കൊണ്ട് എന്താകാനാണ്? തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍, സ്പാനിഷ് ബാങ്കുകള്‍ പാടെ തകര്‍ന്നടിയാതിരിക്കുന്നതിനുള്ള താല്‍ക്കാലിക നടപടിയെന്ന നിലയിലേ ഈ ബെയ്ല്‍ ഔട്ടിനെ കാണാനാവൂ. സ്പെയിനിലെ മുതലാളിത്തത്തെ ബാധിച്ച പ്രശ്നങ്ങള്‍ പ്രധാനമായും രണ്ടാണ്. ഏറെക്കുറെ മറ്റെല്ലാ രാജ്യങ്ങളിലെയുംപോലെ തന്നെ. 2008നുമുമ്പ് സ്പെയിനില്‍ സാമ്പത്തിക വളര്‍ച്ചയുടെ കുതിച്ചുകയറ്റമായിരുന്നു. ഇത് പ്രധാനമായും ഭവനിര്‍മ്മാണരംഗത്തെ കുതിപ്പായിരുന്നു - നീര്‍കുമിളയ്ക്ക് സമാനമായ കുതിപ്പ്. ഇത് സാധ്യമാക്കിയതാകട്ടെ ബാങ്കുകളില്‍നിന്ന് വന്‍ തുക വായ്പ സമാഹരിച്ചുകൊണ്ടാണ്. റിയല്‍ എസ്റ്റേറ്റ് ഉടമകളും വസ്തു വാങ്ങുന്നവരും ഒരേ പോലെ ബാങ്ക് വായ്പയെയാണ് ആശ്രയിച്ചത്. ഈ വായ്പ കുടിശ്ശികയായതോടെ ബാങ്കുകള്‍ കടക്കെണിയില്‍പ്പെട്ട് പാപ്പരാകുന്ന സ്ഥിതി വന്നു. മറ്റൊന്ന് ബജറ്റ് കമ്മിയാണ്. സാമ്പത്തിക പ്രതിസന്ധിയും 2008 മുതല്‍ ബാങ്കുകളെ രക്ഷിക്കുന്നതിന് നല്‍കിയ ബെയ്ല്‍ ഔട്ട് പദ്ധതികളും കാരണമാണ് ബജറ്റ് കമ്മി ക്രമാതീതമായി ഉയര്‍ന്നത്. സ്പെയിനിലെ വസ്തുവില (വീടിന്റെയും സ്ഥലത്തിന്റെയും) 20 ശതമാനത്തോളമാണ് ഇടിഞ്ഞത്. 50 ശതമാനം വരെ ഇടിവുണ്ടായ അമേരിക്കയിലെ ഭവനിര്‍മ്മാണ തകര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതത്ര വലുതല്ല. എന്നാല്‍ ഇനിയും 20 ശതമാനമെങ്കിലും സ്പെയിനില്‍ വസ്തുവില ഇടിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. വീടു വാങ്ങാനായി, വാങ്ങുന്ന വീടിന്റെ ഈടിന്മേല്‍ ബാങ്കുകള്‍ വലിയ തോതില്‍ വായ്പ നല്‍കിയിരുന്നു. ഗണ്യമായ വിഭാഗം ആളുകള്‍ക്കും വായ്പത്തുക തിരിച്ചടയ്ക്കാന്‍ ആവാത്ത അവസ്ഥയാണുള്ളത്. 2008 മുതല്‍ പല ഘട്ടങ്ങളായി നടപ്പാക്കിവന്ന ചെലവ് ചുരുക്കല്‍ നടപടികള്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടതും കൂലി കുറഞ്ഞതും മൂലം പൊതുവില്‍ സാധാരണക്കാരില്‍ ഉണ്ടായ വരുമാനക്കുറവാണ് വന്‍തോതില്‍ വായ്പാ കുടിശ്ശികയ്ക്ക് കാരണമായത്. (2007ല്‍ സ്പെയിനില്‍ തൊഴിലില്ലാത്തവരുടെ എണ്ണം ഔദ്യോഗിക കണക്കുപ്രകാരം 18 ലക്ഷമായിരുന്നത് 2012 ആയപ്പോള്‍ 56 ലക്ഷമായി ഉയര്‍ന്നിരിക്കുന്നു. 25 ശതമാനമാണ് ഇപ്പോള്‍ സ്പെയിനിലെ തൊഴിലില്ലായ്മാ നിരക്ക്). അതേപോലെ തന്നെ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് നല്‍കിയ വായ്പകളും കിട്ടാക്കടമായി മാറുന്ന സ്ഥിതിയാണുള്ളത്. സ്പെയിനില്‍ പുതുതായി നിര്‍മ്മിച്ച 7 ലക്ഷത്തിലധികം വീടുകള്‍ വാങ്ങാനാളില്ലാതെ കിടക്കുന്നതായാണ് ""കൗണ്ടര്‍ പഞ്ച്"" (ജൂണ്‍ 11) റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാനായി വാങ്ങിക്കൂട്ടിയ സ്ഥലങ്ങളും കെട്ടിടം നിര്‍മ്മിക്കാനോ മറിച്ചു വില്‍ക്കാനോ കഴിയാതെ കിടക്കുകയാണ്. വാങ്ങാനാളില്ല, ആവശ്യക്കാരായ ആളുകള്‍ക്ക് വരുമാനമില്ല എന്നതുകൊണ്ടു തന്നെ. ഭവനവായ്പാ ഇനത്തില്‍ ബാങ്കുകള്‍ മൊത്തം നല്‍കിയ തുക 30,000 കോടി യൂറോയാണെന്ന് സ്പാനിഷ് സെന്‍ട്രല്‍ ബാങ്ക് പ്രസ്താവിക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ ഒരു ലക്ഷം കോടി യൂറോയില്‍ അധികം ഈ ഇനത്തില്‍ സ്പാനിഷ് ബാങ്കുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് ഉദ്ധരിച്ച് ""കൗണ്ടര്‍ പഞ്ച്"" പ്രസ്താവിക്കുന്നത്. ""ദ ഇക്കണോമിസ്റ്റും"" ഏറെക്കുറെ ഇത് ശരിവെയ്ക്കുന്നു. അതേപോലെ ""അപകടസാധ്യതയുള്ളത്"" (തിരിച്ചുകിട്ടാന്‍ സാധ്യതയില്ലാത്തത്) 18,000 കോടി യൂറോയോളമാണെന്ന് സെന്‍ട്രല്‍ ബാങ്ക് പറയുമ്പോള്‍ വാസ്തവം 25,000 കോടി യൂറോയിലും അധികമാണെന്നാണ് അനൗദ്യോഗിക കണക്ക്. സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതോടെ ഈ തുക ഇനിയും ഉയരാനാണ് സാധ്യത. വസ്തുവില ഇടിയുന്നതോടെ ബാങ്കുകള്‍ ഈട് വാങ്ങിയ വസ്തു പിടിച്ചെടുത്താലും നല്‍കിയ വായ്പത്തുകയ്ക്ക് സമാനമാകാത്ത അവസ്ഥയാണുള്ളത്. അഭിവൃദ്ധിയുടെ കാലത്ത് സ്പെയിന്‍ 14 വര്‍ഷത്തിലേറെക്കാലം ഇടതടവില്ലാതെ സാമ്പത്തിക വളര്‍ച്ചയിലേക്ക് കുതിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ആ കാലത്ത് സ്പാനിഷ് ബാങ്കുകള്‍ക്ക് വന്‍തുകകള്‍ വായ്പയായി നല്‍കാന്‍ മറ്റ് യൂറോപ്യന്‍ ബാങ്കുകള്‍ക്ക് അത്യാഹ്ലാദമായിരുന്നു. അങ്ങനെ സ്പാനിഷ് ബാങ്കിങ് വ്യവസ്ഥയുമായി യൂറോപ്പിലെയും അമേരിക്കയിലെയും വന്‍കിട ബാങ്കുകളാകെ കെട്ടുപാടിലാണ്.

ജര്‍മ്മന്‍ ബാങ്കുകള്‍ക്ക് മാത്രം 18,000 കോടി യൂറോ സ്പാനിഷ് ബാങ്കുകള്‍ നല്‍കാനുണ്ട്. അപ്പോള്‍ സ്പാനിഷ് ബാങ്ക് തകര്‍ച്ച ജര്‍മ്മനി ഉള്‍പ്പെടെ എല്ലാ യൂറോപ്യന്‍ രാജ്യങ്ങളെയും അമേരിക്കയെയും പ്രതികൂലമായി ബാധിക്കുന്നു. സ്പെയിനിലെ, വലിപ്പത്തില്‍ നാലാം സ്ഥാനത്തുള്ള ബാങ്കിയ എന്ന ബാങ്കിെന്‍റ തകര്‍ച്ചയോടെയാണ് ബാങ്കിങ് പ്രതിസന്ധി പുറംലോകത്തെത്തിയത്. കുഴപ്പത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ചില പ്രാദേശിക സേവിങ്സ് ബാങ്കുകള്‍ ലയിപ്പിച്ചും 400 കോടി യൂറോയുടെ സര്‍ക്കാര്‍ നിക്ഷേപം സ്വീകരിച്ചുമായിരുന്നു 2010ല്‍ ബാങ്കിയ രൂപീകരിക്കപ്പെട്ടത്. ഇപ്പോള്‍ ബാങ്കിയ ദേശസാല്‍ക്കരിക്കാനും 1900 കോടി യൂറോ കൂടി അതിനായി ചെലവഴിക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായി. സര്‍ക്കാര്‍ പിന്തുണയുള്ള ബാങ്ക് എന്ന നിലയില്‍ സുരക്ഷിതത്വം പ്രതീക്ഷിച്ച് തങ്ങളുടെ സ്വകാര്യ സമ്പാദ്യങ്ങള്‍ ഈ ബാങ്കില്‍ നിക്ഷേപിച്ച മൂന്നര ലക്ഷത്തോളം ചെറുകിട നിക്ഷേപകരുടെ സമ്പാദ്യമാകെ വെള്ളത്തിലായിരിക്കുകയാണ്. ബാങ്കിയ മാത്രമല്ല, സ്പെയിനിലെ ബാങ്കിങ് മേഖലയാകെ തകരുകയാണ്. മറ്റ് 8 ബാങ്കുകള്‍ കൂടി ദേശസാല്‍ക്കരിക്കാന്‍ ഇതിനിടെ സ്പാനിഷ് സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഈ പശ്ചാത്തലത്തിലാണ് ബാങ്കുകളെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ 10,000 കോടി യൂറോയെങ്കിലും ബെയ്ല്‍ ഔട്ടായി അനുവദിക്കുന്നതിന് സ്പെയിന്‍ യൂറോപ്യന്‍ യൂണിയനു മുന്നില്‍ സഹായാഭ്യര്‍ത്ഥന നടത്തിയത്. ഇപ്പോള്‍ അത് അനുവദിച്ചെങ്കിലും പ്രതിസന്ധി അതുകൊണ്ടും തീരില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജൂണ്‍ 26ന് ചേരുന്ന യൂറോപ്യന്‍ യൂണിയന്‍ ധനമന്ത്രിമാരുടെ യോഗത്തിനുശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കാം എന്ന നിലപാടിലാണ് ജര്‍മ്മനി. ഇറ്റലിയുടെയും സ്പെയിനിന്റെയും പ്രശ്നം അയര്‍ലണ്ടിന്റെയോ പോര്‍ച്ചുഗലിേന്‍റയോ ഗ്രീസിന്റെയോപോലെ ലഘുവോ ലളിതമോ അല്ല. കാരണം ആ രണ്ട് രാജ്യങ്ങളുടെയും സമ്പദ്ഘടനയുടെ വലുപ്പം തന്നെ. അവ തകര്‍ന്നാല്‍ അത് യൂറോപ്യന്‍ മുതലാളിത്തത്തിനെന്നല്ല, മുതലാളിത്ത ലോകത്തിനാകെയും താങ്ങാനാവുന്നതല്ല. ജൂണ്‍ 17െന്‍റ ഗ്രീസിലെ ജനവിധിയിലേക്കാണ് മുതലാളിത്ത ലോകമാകെ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഗ്രീസില്‍ ചെലവു ചുരുക്കലിനെ എതിര്‍ക്കുന്ന ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍, പുതിയ സര്‍ക്കാര്‍ ബെയ്ല്‍ ഔട്ട് വ്യവസ്ഥ പ്രകാരമുള്ള ചെലവ് ചുരുക്കല്‍ നടപടികള്‍ നടപ്പാക്കുന്നില്ലെങ്കില്‍ ആ പ്രവണത മറ്റു രാജ്യങ്ങളിലേക്കും പടരുമെന്നതാണ് മൂലധനശക്തികളെ ആശങ്കയില്‍ അകപ്പെടുത്തിയിരിക്കുന്നത്. വായ്പാ കുടിശ്ശിക ഇനത്തില്‍ ഗ്രീസ് നല്‍കേണ്ട തുക നല്‍കുന്നത് നീട്ടിവെയ്ക്കുകയോ എഴുതിത്തള്ളുകയോ ചെയ്തേക്കാമെന്ന ഭീതിക്കും അപ്പുറം മറ്റു രാജ്യങ്ങളും ഇതനുകരിക്കുമെന്ന ഭയമാണ് ധനമൂലധനത്തിനുള്ളത്. ചെലവ് ചുരുക്കലിനെതിരെ ആവര്‍ത്തിച്ചുള്ള ജനവിധികള്‍ മാത്രമല്ല, പ്രക്ഷോഭങ്ങളിലെ ജനപങ്കാളിത്തവും ജനവികാരം പ്രതിഫലിപ്പിക്കുന്നതാണ്. സ്പെയിനില്‍ തന്നെ ഈ നടപടികള്‍ക്കെതിരെ 2011ല്‍ നിരവധി പൊതുപണിമുടക്കുകളും ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങളും നടക്കുകയുണ്ടായി. "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" പ്രക്ഷോഭത്തിനുതന്നെ പ്രചോദനമായ സ്പെയിനിലെ "ഇന്‍ഡിഗ് നഡോസ്" എന്ന, മാസങ്ങള്‍ നീണ്ടുനിന്ന പ്രതിഷേധ പ്രക്ഷോഭം ഈ നയങ്ങള്‍ക്കെതിരെയായിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 29ന് പൊതുപണിമുടക്കും മെയ് 22ന് വിദ്യാഭ്യാസമേഖലയിലെ പണിമുടക്കും ഇതേ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു. ജൂണ്‍ ഒന്നിന് ഖനിത്തൊഴിലാളികള്‍ ആരംഭിച്ച പണിമുടക്കും ചെലവ് ചുരുക്കല്‍ പരിപാടികള്‍ക്കെതിരെയായിരുന്നു. ചെലവ് ചുരുക്കല്‍ നടപ്പാക്കണമെന്ന വ്യവസ്ഥ ഇല്ലാതെയാണ് സ്പെയിനിന് ബെയ്ല്‍ ഔട്ട് നല്‍കിയത് എന്നാണ് പ്രചരിപ്പിച്ചിരുന്നതെങ്കില്‍ ജൂണ്‍ 11ന് ജര്‍മ്മന്‍ ധനമന്ത്രി വൊള്‍ഫ്ഗാങ് ഷ്വാബ്ള്‍ നടത്തിയ റേഡിയോ പ്രഭാഷണത്തില്‍ ഗ്രീസിനും അയര്‍ലണ്ടിനും പോര്‍ച്ചുഗലിനും ബെയ്ല്‍ ഔട്ട് നല്‍കിയപ്പോഴത്തെ കര്‍ക്കശമായ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് സ്പെയിനിനും സഹായം നല്‍കിയത് എന്നാണ് പറഞ്ഞത്. തുടര്‍ന്ന് സ്പാനിഷ് പ്രധാനമന്ത്രി മറിയാനൊ റജോയിയും അത് സമ്മതിക്കാന്‍ നിര്‍ബന്ധിതനായി. 10000 കോടി യൂറോ വായ്പ തരാന്‍ സമ്മതിച്ചവര്‍ പറയുന്നത് കേള്‍ക്കാന്‍ ബാധ്യതയുണ്ടെന്നാണ് റജോയിയുടെ വാദം. ചെലവ് ചുരുക്കല്‍ പരിപാടി നടപ്പാക്കിയത് സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവും വര്‍ദ്ധിപ്പിക്കാനല്ലാതെ കുറയ്ക്കാന്‍ പര്യാപ്തമായിട്ടില്ല എന്നാണ് ഇതേവരെയുള്ള അനുഭവം തെളിയിക്കുന്നത്.

ഈ പരിപാടികള്‍ നടപ്പിലാക്കുന്നതിലൂടെ സാധാരണ ജനങ്ങളുടെ വരുമാനം ഇടിയുകയും അതിസമ്പന്നരുടെ വരുമാനം വര്‍ദ്ധിക്കുകയും അങ്ങനെ അസമത്വം വര്‍ദ്ധിക്കുകയും ചെയ്യുന്നതായാണ് അനുഭവം. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് 2012 ജൂണ്‍ ആദ്യവാരത്തില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് 2007നും 2010നും ഇടയില്‍ അമേരിക്കയിലെ ഇടത്തരം കുടുംബങ്ങളുടെ ശരാശരി ആസ്തിയില്‍ 38.9 ശതമാനം കുറഞ്ഞതായാണ്. ഇതുതന്നെയാണ് യൂറോപ്പിലെയും മുതലാളിത്ത ലോകത്തിലെയാകെയും സ്ഥിതി. ഈ അവസ്ഥ മാന്ദ്യത്തെ ത്വരിതപ്പെടുത്തുകയും മൂര്‍ച്ഛിപ്പിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ ബൂര്‍ഷ്വാ അര്‍ത്ഥശാസ്ത്രകാരന്മാര്‍ക്കുപോലും ഭിന്നാഭിപ്രായമുണ്ടാകില്ല. ഈ ചെലവ് ചുരുക്കല്‍ പരിപാടി നടപ്പാക്കാത്ത, ബദല്‍നയങ്ങള്‍ നടപ്പാക്കിയ ചൈനയിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ഈ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. അപ്പോള്‍ എന്തുകൊണ്ട് ഈ നയങ്ങള്‍ നടപ്പാക്കുന്നു? ഈ നയങ്ങളുടെ ഉള്ളടക്കം എന്താണ്? തൊഴിലാളികളുടെ കൂലി കുറയ്ക്കുകയും ജോലിസമയം വര്‍ദ്ധിപ്പിക്കുകയും പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുകയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കുറയ്ക്കുകയും തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുകയും അവരുടെ ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുകയും സാമൂഹ്യക്ഷേമ പദ്ധതികളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയും സമ്പന്നരില്‍നിന്ന് നികുതി കുറച്ചു മാത്രം പിരിക്കുകയും സാധാരണക്കാരുടെമേല്‍ അധികനികുതിഭാരം അടിച്ചേല്‍പിക്കുകയും പൊതുമേഖലയും പൊതുആസ്തികളും സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള ഒരു പാക്കേജാണ് ചെലവ് ചുരുക്കല്‍ എന്ന പേരില്‍ നടപ്പാക്കുന്നത്. പ്രത്യക്ഷത്തില്‍ തന്നെ ഇത് ആരുടെ താല്‍പര്യം സംരക്ഷിക്കുന്നതാണെന്ന് വ്യക്തമാണ്. ക്ഷേമരാഷ്ട്രം എന്ന ആശയം മുതലാളിത്തം അംഗീകരിച്ചതുതന്നെ രണ്ടാംലോക യുദ്ധാനന്തരമായിരുന്നു. ഇത് പ്രചരിപ്പിക്കപ്പെടുന്നതുപോലെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരയകറുന്നതിനുള്ള നടപടിയായി മാത്രം അംഗീകരിക്കപ്പെട്ടതല്ല. രണ്ടാംലോക യുദ്ധാനന്തരം ലോകത്തെ പ്രബലശക്തിയായി, ഫാസിസത്തെ ആത്യന്തികമായി മുട്ടുകുത്തിക്കാന്‍ കരുത്തുകാട്ടിയ ശക്തിയായി സോവിയറ്റ് യൂണിയന്‍ ഉയര്‍ന്നുവരുകയും ഒരു സോഷ്യലിസ്റ്റ് ചേരി തന്നെ നിലവില്‍ വരുകയും ചെയ്തു. ചൈനീസ് വിപ്ലവത്തിന്റെ വിജയംകൂടി ആയപ്പോള്‍ ലോകത്തിലെ ഭൂവിസ്തൃതിയിലും ജനസംഖ്യയിലും വലിയൊരു ഭാഗം സോഷ്യലിസം അംഗീകരിക്കുന്ന സ്ഥിതി വന്നു. മാത്രമല്ല, ഫാസിസത്തിനെതിരായ ചെറുത്തുനില്‍പില്‍ മാതൃകാപരമായ നേതൃത്വം വഹിച്ച കമ്യൂണിസ്റ്റു പാര്‍ടികള്‍ യൂറോപ്പിലാകെ പ്രബലശക്തിയായി വളര്‍ന്നുവരികയും ചെയ്തു.

ഫ്രാന്‍സിലും ഇറ്റലിയിലും തിരഞ്ഞെടുപ്പുകളിലൂടെ തന്നെ, കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ എത്തിയേക്കുമെന്ന സ്ഥിതി വന്നു. (യുദ്ധാനന്തര ഇടക്കാല സര്‍ക്കാരുകളില്‍ ഈ രണ്ട് രാജ്യങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് നിര്‍ണായകമായ പങ്കാളിത്തം ഉണ്ടായിരുന്നു). മിക്കവാറും യൂറോപ്യന്‍ രാജ്യങ്ങളിലെ പാര്‍ലമെന്‍റുകളില്‍ നിരവധി കമ്യൂണിസ്റ്റ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ടിയുടെയും സോഷ്യലിസ്റ്റ് ആശയങ്ങളുടെയും ഈ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം തടയുന്നതിന് രണ്ട് നടപടികളാണ് മുതലാളിത്ത ശക്തികള്‍ സ്വീകരിച്ചത്. ഒന്ന് സ്പെയിനിലും പോര്‍ച്ചുഗലിലും ഗ്രീസിലും നടപ്പാക്കിയ നഗ്നമായ ഫാസിസ്റ്റ് - സൈനിക സ്വേച്ഛാധിപത്യം. മറ്റൊന്ന് അമേരിക്ക ഉള്‍പ്പെടെ മറ്റു മുതലാളിത്ത രാജ്യങ്ങളില്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍. കൂലിവര്‍ദ്ധനവും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷവും ക്ഷേമപദ്ധതികളും നടപ്പാക്കിയതിലൂടെ സാധാരണക്കാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ മുതലാളിത്ത വ്യവസ്ഥയില്‍ തന്നെ കഴിയും എന്ന മിഥ്യാധാരണ ജനങ്ങളില്‍ പരത്താന്‍ കഴിഞ്ഞു.

യുദ്ധാനന്തര സാമ്പത്തിക വളര്‍ച്ചയും മൂന്നാംലോക രാജ്യങ്ങളില്‍ നടത്തിയ നവകൊളോണിയല്‍ ചൂഷണവും അതിനവര്‍ക്ക് വേണ്ട സാമ്പത്തിക ഭദ്രത പ്രദാനം ചെയ്യുകയും ചെയ്തു. ശീതയുദ്ധകാലത്തെ ഈ പ്രത്യയശാസ്ത്ര പ്രചരണത്തിന് വലതുപക്ഷ ട്രേഡ് യൂണിയനുകളും സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ടികളും ചില മുന്‍കമ്യൂണിസ്റ്റുകാരും മുതലാളിത്തത്തെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്തു. യൂറോപ്പിലെ കമ്യൂണിസ്റ്റ് സ്വാധീനം ഇല്ലാതാക്കാന്‍ അമേരിക്കന്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ സജീവമായി ഇടപെട്ടതിനൊപ്പം മാര്‍ഷല്‍ പ്ലാന്‍ പ്രകാരം അമേരിക്കയില്‍നിന്ന് വികസന സഹായമെന്ന നിലയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വന്‍തുക സഹായമായി എത്തുകയും ചെയ്തിരുന്നു.

1970കളില്‍ മുതലാളിത്ത വളര്‍ച്ചയുടെ സുവര്‍ണയുഗം അസ്തമിക്കുകയും മുതലാളിത്തം ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം വീണ്ടും പ്രതിസന്ധിയില്‍പ്പെടുകയും ചെയ്തതോടെ ഈ ക്ഷേമരാഷ്ട്ര സങ്കല്‍പത്തില്‍നിന്നും നടപടികളില്‍നിന്നും പിന്തിരിയാന്‍ മുതലാളിത്തം നീക്കം തുടങ്ങി. അതിനകം തന്നെ പശ്ചിമ യൂറോപ്പിലെ കമ്യൂണിസ്റ്റ് സ്വാധീനം കുറയ്ക്കാന്‍, വ്യാജപ്രചരണ തന്ത്രം ഉപയോഗിച്ചുള്ള പ്രത്യയശാസ്ത്ര യുദ്ധത്തിലൂടെ മുതലാളിത്തത്തിനു കഴിഞ്ഞിരുന്നു. ഏഷ്യയില്‍ ഇന്‍ഡോനേഷ്യയിലെ കമ്യൂണിസ്റ്റ് സ്വാധീനം ഇല്ലാതാക്കാന്‍ സൈനിക സ്വേച്ഛാധിപത്യത്തെ ഉപയോഗിച്ച് ലക്ഷക്കണക്കിന് കമ്യൂണിസ്റ്റുകാരെ കൂട്ടത്തോടെ കശാപ്പ് ചെയ്തു. ഈ പശ്ചാത്തലത്തിലാണ് 1970കളില്‍ നവലിബറല്‍ നയങ്ങളുടെ അരങ്ങേറ്റം ആരംഭിച്ചത്. ചിലിയില്‍ അലണ്ടെ സര്‍ക്കാരിനെ അട്ടിമറിച്ച് പിനോഷെയുടെ സൈനിക സ്വേച്ഛാധിപത്യം നടപ്പാക്കിക്കൊണ്ടാണ് ഇതിന്റെ പരീക്ഷണം ആരംഭിച്ചത്.

അമേരിക്കയില്‍ റീഗന്‍ ഭരണകാലത്ത് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ സമരം അടിച്ചമര്‍ത്തിക്കൊണ്ടും ബ്രിട്ടനില്‍ മാര്‍ഗരറ്റ് താച്ചര്‍ കല്‍ക്കരി ഖനിത്തൊഴിലാളികളുടെ സമരത്തെ ചോരയില്‍ മുക്കിക്കൊന്നുമാണ് നവലിബറല്‍ നയങ്ങള്‍ നടപ്പാക്കാനുള്ള അരങ്ങൊരുക്കിയത്. സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ചേരിയും തകര്‍ക്കപ്പെട്ടതോടെ നവലിബറല്‍ തേര്‍വാഴ്ചയ്ക്ക് സമ്പൂര്‍ണമായി കളമൊരുങ്ങി. പക്ഷേ, ആ നവലിബറല്‍ നയങ്ങള്‍ മുതലാളിത്തത്തെ പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് എടുത്തെറിഞ്ഞുകൊണ്ടിരിക്കുന്നതായാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ അനുഭവം തെളിയിക്കുന്നത്. എന്നാല്‍, ലാഭക്കൊതി പൂണ്ട മുതലാളിത്തം ഈ പ്രതിസന്ധികളെയും തങ്ങളുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങളായാണ് ഉപയോഗപ്പെടുത്തുന്നത്.

ഓരോ പ്രതിസന്ധിഘട്ടത്തിലും വീണ്ടും വീണ്ടും ചെലവ് ചുരുക്കലിന്റെ പേരില്‍ ജനങ്ങളെ കടന്നാക്രമിക്കുകയാണ്. ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ താല്‍പര്യം സംരക്ഷിക്കാന്‍ മാത്രം കഴിയുന്ന സംവിധാനമായി മുതലാളിത്ത ഭരണകൂടങ്ങള്‍ അതിന്റെ തനിസ്വരൂപം വെളിപ്പെടുത്തുകയാണ്, ഈ പ്രതിസന്ധിഘട്ടത്തില്‍. മാനവരാശി അഭിമുഖീകരിക്കുന്ന ഒരു പ്രശ്നത്തിനും മുതലാളിത്തത്തില്‍ പരിഹാരമില്ലെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ റോസാ ലക്സംബര്‍ഗ് ഉയര്‍ത്തിയ ചോദ്യം ഇപ്പോള്‍ കൂടുതല്‍ പ്രസക്തമായി വരുന്നു - സോഷ്യലിസമോ കാടത്തമോ? മുതലാളിത്തം ലോകത്തെ അരാജകത്വത്തിലേക്കും അക്രമത്തിലേക്കും കാടത്തത്തിലേക്കും നയിക്കുമ്പോള്‍ അതിനു ബദല്‍ സോഷ്യലിസം മാത്രമെന്ന് ഇന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

*
ജി വിജയകുമാര്‍ ചിന്ത 22 ജൂണ്‍ 2012

No comments: