Tuesday, August 7, 2007

അസംഘടിതമേഖലയിലെ പണിമുടക്ക്

2007 ആഗസ്റ്റ് 8ന്‌ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ രാജ്യമാസകലം പണിമുടക്കുകയാണ്‌. ഈ മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ പണിമുടക്കാണിത്. ആദ്യത്തേത് 1993 ജൂലായ് 13ന്‌ ആയിരുന്നു.അസംഘടിതമേഖലയിലെ തൊഴിലാളികളുടെ തൊഴില്‍സം‌രക്ഷണം,സേവനവ്യവസ്ഥ,സാമൂഹികക്ഷേമ ആനുകൂല്യം എന്നിവ സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്തുക, തൊഴില്‍നിയമത്തിലെ വ്യവസ്ഥകള്‍ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കും ബാധക‌മാക്കുക, നിയമപരമായ കുറഞ്ഞ കൂലി അസംഘടിതവിഭാഗം തൊഴിലാളികള്‍ക്കും ബാധകമാക്കുക,സ്ത്രീകള്‍ക്ക് തുല്യവേതന നിയമം കര്‍ശനമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ പണിമുടക്ക്.

മുതലാളിത്ത വ്യവസ്ഥിതിയില്‍ വികസനതന്ത്രങ്ങളും പദ്ധതികളും എല്ലാം തന്നെ വന്‍കിട വ്യവസായസ്ഥാപനങ്ങളെ അഥവാ സംഘടിതമേഖലയെ കേന്ദ്രീകരിച്ചാണ്‌ നടപ്പിലാക്കപ്പെട്ടിട്ടുള്ളത്. ചെറുകിട-കുടില്‍ വ്യവസായം, പാരമ്പര്യ തൊഴില്‍സ്ഥാപനങ്ങള്‍ തുടങ്ങിയ അസംഘടിതമേഖല എല്ലായ്പ്പോഴും വന്‍‌കിട വ്യവസായത്തിന്റെ അരികു പറ്റിയാണ് നിലനിന്നുപോന്നിട്ടുള്ളത്.

മുതലാളിത്ത വ്യവസ്ഥിതിയിലെ വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉത്പാദനത്തിന്റെയും ചൂഷണത്തിന്റെയും രീതികളൊക്കെ സാമ്രാജ്യത്വ താത്പര്യങ്ങള്‍ക്കനുസരിച്ചും മുതലാളിത്തത്തെ നിലനിര്‍ത്തുന്നതിനായും ആവശ്യാനുസരണം മാറിയിട്ടുണ്ട്. ഉദാരവത്കരണ-സ്വകാര്യവത്കരണ-ആഗോളവത്കരണ പരിപാടികളുടെ ആവിര്‍ഭാവത്തോടെ ഉത്പാദന കേന്ദ്രങ്ങളെല്ലാംതന്നെ അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്‌. അത്ര പ്രാധാന്യമില്ലാത്തത് എന്നു കരുതപ്പെട്ടിരുന്ന അസംഘടിതമേഖല ഇന്ന് സംഘടിതമേഖലക്കുതന്നെ ഭീഷണിയാകുന്ന തരത്തില്‍ വളരുകയാണ്‌. കൃഷികൂടാതെ ബീഡി, കൈത്തറി, വസ്ത്രനിര്‍മ്മാണം, ഓട്, ഇഷ്ടിക, കശുവണ്ടി, കയര്‍, ക്വാറികള്‍, പടക്ക/തീപ്പെട്ടി നിര്‍മ്മാണക്കമ്പനികള്‍, വള നിര്‍മ്മാണം, കല്ലുര വ്യവസായം, വജ്രം, പാത്രനിര്‍മ്മാണം എന്നിങ്ങനെയുള്ള ഉത്പാദനമേഖലകള്‍ക്കു പുറമെ കരാര്‍/കാഷ്വല്‍ തൊഴിലാളികള്‍, ചുമടിറക്ക് തൊഴിലാളികള്‍, വഴിയോര വാണിഭക്കാര്‍, ഗൃഹജോലിക്കാര്‍, സ്വയം തൊഴിലെടുക്കുന്നവര്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന വളരെ വിപുലമായ ഒന്നാണ്‌ ഇന്ന് ഈ അസംഘടിതമേഖല. ജി.ഡി.പിയുടെ 65 ശതമാനവും കയറ്റുമതിയുടെ 35 ശതമാനവും സംഭാവന ചെയ്യുന്നത് ഈ മേഖലയാണ്‌. രാജ്യത്തെ തൊഴില്‍ശക്തിയുടെ 93 ശതമാനവും ഈ മേഖലയിലാണുള്ളത്.

സാമ്പത്തിക പരിഷ്കരണവക്താക്കളുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണ്‌ അസംഘടിതമേഖലയിലെ യഥാര്‍ത്ഥ സ്ഥിതി. അതത്ര നവീനമായതോ തൊഴില്‍ സാദ്ധ്യതകള്‍ നിറഞ്ഞതോ അല്ല. ഘടനാപരമായ പരിഷ്കരണ നടപടികളുടെ(structural adjustment programme) ഭാഗമായി സംഘടിതമേഖലയില്‍ നിന്നും പുറംതള്ളപ്പെടുന്ന തൊഴിലാളികളെ ഉള്‍ക്കൊള്ളാനുള്ള ശക്തി ആ മേഖലയ്ക്കില്ല. കാരണം അതിനുള്‍ക്കൊള്ളാവുന്നതിലുമേറെ തൊഴിലാളികള്‍ ഇപ്പോള്‍ത്തന്നെ അവിടെ ഉണ്ട് എന്നതാണ്‌. അതിന്റെ കൂടെ പുതുതായി കുറേപ്പേര്‍കൂടി ചേരുമ്പോള്‍ സംഭവിക്കുന്നത് തൊഴിലാളികളുടെ വരുമാനത്തിലുള്ള കുറവും തൊഴിലുറപ്പിന്റെ ശൈഥില്യവുമാണ്‌. ആഗോളവത്ക്കരണത്തിന്റെയും സ്വദേശ-വിദേശ കുത്തകകളുടെ കടന്നുകയറ്റത്തിന്റേയും ഇറക്കുമതി നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റേയും, ഇറക്കുമതി ചുങ്കം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതിന്റേയും പശ്ചാത്തലത്തില്‍ അസംഘടിതമേഖല എന്നത് തീര്‍ത്തും കുറ്റകരമായ വിധത്തിലുള്ള ചൂഷണത്തിന്റേയും സാമൂഹിക ഒഴിവാക്കപ്പെടലിന്റേയും (social exclusion) വിളനിലമായി മാറിയിരിക്കുകയാണ്‌.

കുറഞ്ഞമുതല്‍മുടക്കും, തൊഴില്‍ നിയമങ്ങളുടെ അഭാവവും സാമൂഹ്യ സുരക്ഷാ പരിരക്ഷയില്ലായ്മയുടേയും കുറഞ്ഞകൂലിയുടേയും തൊഴില്‍ സുരക്ഷയുടേയും കാര്യത്തിലുള്ള വ്യവസ്ഥയില്ലായ്മയും മൂലം ഈ മേഖല കുത്തകകള്‍ക്ക് ലാഭം കൊയ്യാനുള്ള ഒരു അക്ഷയഖനിയാണ്‌. തൊഴിലാളികളുടെ വരുമാനം ഇവിടെ ദാരിദ്ര്യരേഖക്കും താഴെയാണ്‌. കുടുംബത്തിലെ ദാരിദ്ര്യം മൂലം ലക്ഷക്കണക്കിന്‌ കുഞ്ഞുങ്ങള്‍, നാലു വയസ്സിനു താഴെയുള്ളവര്‍ പോലും, ഈ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്. രാജ്യത്തിലെ ദാരിദ്ര്യത്തിന്റെ അവസ്ഥ ശരിയായി മനസ്സിലാക്കണമെങ്കില്‍ ഈ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതത്തിലൂടെ കണ്ണോടിച്ചാല്‍ മതിയാകും. സംസ്ഥാനങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തില്‍ തൊഴില്‍ശക്തിയുടെ 93 ശതമാനത്തേയും സം‌രക്ഷിക്കുന്നതിനാവശ്യമായ നിയമങ്ങളൊന്നുമില്ല. ഒരു തരം കാട്ടുനീതിയാണിവിടെ നടപ്പിലാകുന്നത്.

ഇവിടെയാണ്‌ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന തൊഴില്‍ശക്തിക്കായി തുടര്‍ച്ചയായ തൊഴിലും മതിയായ വേതനവും ഉറപ്പുവരുത്തുന്ന സമഗ്രമായ ഒരു കേന്ദ്രനിയമത്തിന്റെ ആവശ്യകത ഉയര്‍ന്നുവരുന്നത്. മതിയായ വേതനവും ഉറപ്പുള്ള തൊഴിലും ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിനും സാമൂഹികസുരക്ഷിതത്വത്തിനുമൊക്കെ അത്യന്താപേക്ഷിതമാണെന്ന് സമ്മതിച്ചേ മതിയാകൂ. തങ്ങളുടെമേല്‍ അടിച്ചേല്പ്പിക്കപ്പെടുന്ന കപട നിയമ നിര്‍മ്മാണത്തെ (fraudulent legislation) ധിക്കരിച്ചുകൊണ്ട് കടുത്ത സമരത്തിലൂടെ ഈയാവശ്യങ്ങള്‍ നേടിയെടുക്കുക എന്നതുമാത്രമേ ഈ മേഖലയിലെ തൊഴില്‍ശക്തിക്ക് കരണീയമായിട്ടുള്ളൂ.

23 comments:

വര്‍ക്കേഴ്സ് ഫോറം said...

2007 ആഗസ്റ്റ് 8ന്‌ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ രാജ്യമാസകലം പണിമുടക്കുകയാണ്‌. ഈ മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ പണിമുടക്കാണിത്. ആദ്യത്തേത് 1993 ജൂലായ് 13ന്‌ ആയിരുന്നു.അസംഘടിതമേഖലയിലെ തൊഴിലാളികളുടെ തൊഴില്‍സം‌രക്ഷണം,സേവനവ്യവസ്ഥ,സാമൂഹികക്ഷേമ ആനുകൂല്യം എന്നിവ സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്തുക, തൊഴില്‍നിയമത്തിലെ വ്യവസ്ഥകള്‍ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കും ബാധക‌മാക്കുക, നിയമപരമായ കുറഞ്ഞ കൂലി അസംഘടിതവിഭാഗം തൊഴിലാളികള്‍ക്കും ബാധകമാക്കുക,സ്ത്രീകള്‍ക്ക് തുല്യവേതന നിയമം കര്‍ശനമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ പണിമുടക്ക്.

Gopu said...

It is your party, I mean so called worker's party is at ruling side in India. You support Central government. Why don't you do something for the workers.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ഗോപു,
പോസ്റ്റ് സന്ദര്‍ശിച്ചതിനും കമന്റിനും നന്ദി

വര്‍ക്കേഴ്സ് ഫോറം അതിന്റെ ആദ്യപോസ്റ്റില്‍ തന്നെ പറഞ്ഞിരുന്നു.... “.നമുക്കു ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെ തൊഴിലാളി പക്ഷത്തു നിന്നും നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം. ഇതില്‍ കക്ഷി രാഷ്ട്രീയമില്ല...പക്ഷെ, തൊഴിലാളി പക്ഷപാതം തീര്‍ച്ചയായും ഉണ്ട്. സംഘടിതവും അസംഘടിതവുമായ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് ഒന്നിച്ചു കൂടുവാനും പരസ്പരം സംവദിക്കുവാനുമുള്ള ഒരു വേദി ഒരുക്കുകയാണ് ഇതിന്റെ പ്രവര്‍ത്തകരുടെ ലക്ഷ്യം”.

അതിനാല്‍ തന്നെ പറയട്ടെ, വര്‍ക്കേഴ്സ് ഫോറം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും വാലല്ല. എന്നു വച്ചു തൊഴിലാളികള്‍ക്കനുകൂലമായ നയസമീപനങ്ങള്‍ എടുക്കുന്നവരെ കണ്ടില്ലെന്നു നടിക്കാനുമാവില്ല. തൊഴിലാളികള്‍ തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ ഉയര്‍ത്തുകയും അവ നേടിയെടുക്കാന്‍ പരിശ്രമിക്കുകയുമാണ് ചെയ്യേണ്ടത് എന്ന് ഞങ്ങള്‍ കരുതുന്നു. മറ്റാരെങ്കിലും തങ്ങളുടെ അവകാശങ്ങള്‍ നേടിത്തരും എന്നു പ്രതീക്ഷിച്ചിരിക്കുന്നത് മൌഢ്യമാണ്. തൊഴിലാളികളോട് ആഭിമുഖ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിലപ്പോള്‍ തൊഴിലാളികളുടെ പ്രക്ഷോഭങ്ങളെ സഹായിക്കാന്‍ കഴിഞ്ഞേക്കും.അതില്‍ കൂടുതല്‍ പ്രതീക്ഷിക്കരുത്.

ഇന്ന് , 2007 ആ‍ഗസ്റ്റ് 8 ന് , അഖിലേന്ത്യാ വ്യാപകമായി നടക്കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പണിമുടക്കം യഥാര്‍ത്ഥത്തില്‍ മുഴുവന്‍ ജനവിഭാഗങ്ങളുടെയും ശ്രദ്ധ ആ‍കര്‍ഷിക്കേണ്ടതാണ്. ഇന്ത്യയിലെ 93 ശതമാനം ആ‍ളുകളെ ബാധിക്കുന്ന ഒരു വിഷയമായിട്ടു പോലും വേണ്ടത്ര ചര്‍ച്ച ഇക്കാര്യത്തില്‍ ഉണ്ടായി എന്നു തോന്നുന്നില്ല.കര്‍ഷകത്തൊഴിലാളിയുടേയും വഴിവാണിഭക്കാരുടേയും അടിച്ചുതളിക്കാരുടേയും, ചുമട്ടുതൊഴിലാളിയുടേയും ഓട്ടോ ഡ്രൈവറുടെയും മറ്റും സാമൂഹ്യ സുരക്ഷ , അതിനു വേണ്ടിയുള്ള നിയമ നിര്‍മ്മാണം എന്നൊക്കെയുള്ളത് പലര്‍ക്കുമൊരു ചര്‍ച്ചാ വിഷയം പോലുമല്ലല്ലോ.

കിരണ്‍ തോമസ് തോമ്പില്‍ said...

എന്തു കൊണ്ട്‌ CITU വിന്റെ സമരങ്ങള്‍ക്ക്‌ ജനപിന്തുണ കിട്ടുന്നില്ല (ഇവരെപ്പേടിച്ച്‌ കട അടക്കുന്നതും വണ്ടിയോടാതിരിക്കുന്നതും പിന്തുണയാണെന്ന് കരുതുന്നില്ല) എന്ന് ചിന്തിക്കേണ്ട കാര്യമാണ്‌ എന്ന് ഞാന്‍ കരുതുന്നു. യാഥാര്‍ത്ഥ്യ ബോധമുള്ള സമരങ്ങളായി അത്‌ പരിഗണിക്കാതെ പോകുന്നു എന്നതാണ്‌ സത്യം. കാരണം ഇവര്‍ ഒരു കാലത്ത്‌ നടത്തിയ സംഘടിത വിലപേശല്‍ സമരങ്ങളുടെ ചരിത്രം ഇവരെ അങ്ങനെ കാണാന്‍ നിര്‍ബന്ധിതരാക്കുന്നു

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ കിരണ്‍,
ഇന്നത്തെ സമരം അസംഘടിത മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന വളരെ പ്രധാനപ്പെട്ട ഒരു വിഷയം ഉയര്‍ത്തിക്കാട്ടാനുള്ളതായിരുന്നു എന്നതിനോട് യോജിക്കുമല്ലോ. ഒരു ദിവസത്തെ പണിമുടക്ക് കൊണ്ട് ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും നേടിയെടുക്കാന്‍ കഴിയും എന്നു സംഘാടകരോ, അതില്‍ പങ്കെടുത്തവര്‍ പോലുമോ കരുതിയിട്ടുണ്ടാവില്ല. വാസ്തവത്തില്‍ യു പി എ തങ്ങളുടെ പ്രകടനപത്രികയില്‍ ന‍ല്‍കിയ വാഗ്ദാനം, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കും വിധം നിയമനിര്‍മാണം നടത്തും എന്ന വാഗ്ദാനം, നടപ്പിലാക്കിക്കിട്ടാന്‍ വേണ്ടിയായിരുന്നില്ലേ ഇന്നത്തെ പ്രക്ഷോഭം? യു പി എ സര്‍ക്കാര്‍ മൂന്നു വര്‍ഷം പിന്നിട്ടിട്ടും ഈ ദിശയില്‍ കാര്യമാ‍യ പുരോഗതി ഉണ്ടായിട്ടില്ല എന്നതല്ലേ വസ്തുത?

ഇത്തരമൊരു പ്രക്ഷോഭംസംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയതിന് CITU വിനെ അഭിനന്ദിക്കുകയല്ലേ വേണ്ടത്? ഈ സമരം വാസ്തവത്തില്‍ മുഴുവന്‍ കേന്ദ്ര TU സംഘടനകളും ഒന്നു ചേര്‍ന്ന് നടത്തേണ്ടതായിരുന്നു എന്നാണ് ഞങ്ങളുടെ അഭിപ്രായം.

ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 43 ഇങ്ങനെ പറയുന്നു, “ The State shall endeavour to secure by suitable legislation or economic organisation or any other way, to all workers, agricultural, industrial or otherwise, work, a living wage, conditions of work ensuring a decent standard of life and full of enjoyment of leisure and social and cultural opportunities.”
സര്‍ക്കാരിന്റെ നയം ഭരണഘടനയുടെ ഈ നിര്‍ദ്ദേശകതത്വം നടപ്പിലാക്കാതിരിക്കുക എന്നാവുമ്പോള്‍ പ്രക്ഷോഭത്തിന്റെ മാര്‍ഗമല്ലാതെ മറ്റെന്താണ് തൊഴിലാളിക്കു മുന്നില്‍ അവശേഷിച്ചിട്ടുള്ളത്?

വിദ്യാര്‍ത്ഥി said...

ഈ പണിമുടക്കു കൊണ്ടു പൊതുജനങ്ങള്‍ക്കുണ്ടാവുന്ന തൊഴില്‍ നഷ്ടത്തിന്റെയും അവസര നഷ്ടത്തിന്റെയും ഒക്കെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ നിങ്ങള്‍ക്കും നിങ്ങളുടെ സംഘടനക്കും കഴിയുമോ

ഉത്തരവാദിത്ത്വം എന്നതുകൊണ്ടു ഉദ്ദേശിച്ചതു financial responsibility -i.e. compensate public for their lost income എന്നും കൂടി ആണ്.

സാദ്ധ്യമല്ലെങ്കില്‍ ഈ സമരപരിപാടി നിര്‍ത്തിക്കൂടേ

SHAN ALPY said...

inkillab zindaabaad

visit my blog

http://shanalpyblogspotcom.blogspot.com/

keralafarmer said...

പണിമുടക്കെന്നാല്‍ പണിചെയ്യാന്‍ അനുവദിക്കാതിരിക്കല്‍ എന്നാണല്ലോ. സംഘടിച്ച്‌ പലരും ശക്തരാവുമ്പോള്‍ അശക്തരാവുന്ന കുറെ പാവങ്ങളീ നാട്ടില്‍ ഉണ്ട്‌. അവര്‍ക്ക്‌ തൊഴില്‍ ചെയ്യുവാന്‍ അവസരങ്ങളും തൊഴില്‍ ചെയ്യിക്കുന്നവര്‍ക്ക്‌ ലാഭവും ഉണ്ടാകുമോ?
കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന പ്രശ്നങ്ങള്‍ എന്തെന്ന്‌ വര്‍ക്കേഴ്‌സ്‌ ഫോറം അല്പമൊന്ന്‌ ചിന്തിക്കുമോ?
ഭക്ഷണം എല്ലാപേര്‍ക്കും കൂടിയേ തീരു. അതിനാല്‍ ആ മേഖലയെ രക്ഷിക്കുവാന്‍ എന്തെങ്കിലും ചെയ്യൂ. പപ്രകാരം ചെയ്താല്‍ അസംഘടിത കര്‍ഷക തൊഴിലാളികള്‍ നിങ്ങളോടൊപ്പം ഉണ്ടാവും. സംഘടിപ്പിക്കാനും സമരം ചെയ്യിക്കുവാനും പൊതുമുതല്‍ തല്ലിത്തകര്‍ക്കുവാനും പലര്‍ക്കും കഴിയും. ജീവനോപാധി ലഭ്യമാക്കുവാനാണ് ബുദ്ധിമുട്ട്‌. ജോലിചെയ്യുമ്പോള്‍ ശരീരത്തിനുണ്ടാകുന്ന വേദന അറിയുന്നവര്‍ വിരളം!!!

മൂര്‍ത്തി said...

വിദ്യാര്‍ത്ഥിയുടെ കമന്റില്‍ പറഞ്ഞിരിക്കുന്ന നഷ്ടത്തിന്റെ കണക്ക് ഏകപക്ഷീയമാണെന്ന് പറയാതെ വയ്യ. രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടവും ഉത്പാദന നഷ്ടവുമൊക്കെ ഉണ്ടായിരിക്കുന്നത് തൊഴില്‍ സമരം മൂലം അല്ല. മറിച്ച്, ഉടമകളുടെ ഭാഗത്തു നിന്നുള്ള ലോക്ക് ഔട്ട് മൂലമാണെന്നത് പലര്‍ക്കും അറിയാത്ത വസ്തുതയാണ്. ഈ ലിന്ക് നോക്കുക. ലേബര്‍ ബ്യൂറോയുടെ 2004ലെ കണക്കനുസരിച്ച് സമരം മൂലം 20.2 ശതമാനം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍, ലോക്ക് ഔട്ട് മൂലം നഷ്ടപ്പെട്ടത് 70.8 ശതമാനം ആണ്. ലിങ്ക് ഇവിടെ. എന്നിട്ടും എല്ലായ്പ്പോഴും പഴി തൊഴിലാളിക്കു തന്നെ.

വര്‍ക്കേഴ്സ് ഫോറം said...

ശ്രീ ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞ അഭിപ്രായം തികച്ചും പ്രസക്തമാണ്‌. കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ തികച്ചും ബോധവാന്‍മാരാണ്‌ ഞങ്ങള്‍. ആ പ്രശ്നങ്ങള്‍ക്ക്‌ ശരിയായ പരിഹാരം അടിയന്തിരമായി ചെയ്തേ മതിയാവൂ. കാര്‍ഷിക വിളകള്‍ക്ക്‌ വില കിട്ടാത്തതും, വളത്തിനും വൈദ്യുതിക്കും വിലയേറുന്നതും, ഇറക്കുമതി ഉദാരവല്‍ക്കരണം അവിഘ്നം തുടരുന്നതും നാം കണ്ടേ തീരൂ.

എങ്കിലും ഈ സമരത്തെ കണ്ടില്ലെന്നു നടിക്കാന്‍ നമുക്ക്‌ പറ്റുമോ? അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക്‌ ന്യായമായും കിട്ടേണ്ട, അവര്‍ക്ക്‌ യു.പി.എ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന ആവശ്യങ്ങള്‍ക്ക്‌ വേണ്ടിയല്ലേ ഈ സമരം? 2007 മേയ്‌ 14ന്‌ കേന്ദ്ര മന്ത്രിസഭ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള ചില സാമൂഹ്യ സുരക്ഷാ നടപടികള്‍ക്ക്‌ അംഗീകാരം നല്‍കുകയുണ്ടായി. പക്ഷേ, ദേശീയ പൊതു മിനിമും പരിപാടിയില്‍ വാഗ്ദാനം ചെയ്തിരുന്നതുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ നടപടികള്‍ തുച്ഛവും കാലവിളംബം വന്നതും ആണ്‌.

സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗത്തില്‍ പെട്ട തൊഴിലാളികള്‍ക്ക്‌ സാമൂഹ്യ സുരക്ഷാവലയം പ്രദാനം ചെയ്യുക എന്നത്‌ പ്രാധാന്യമുള്ള കാര്യമല്ലേ? 1991ലെ ഉദാരവത്കരണ നടപടികളോടെ മുതലാളിമാര്‍ക്ക്‌ യഥേഷ്ടം കാര്യങ്ങള്‍ നടത്താന്‍ അനുവദിക്കുന്ന തൊഴില്‍ കമ്പോള പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിന്റെ കൂടെ തന്നെ ഈ സുരക്ഷാ വലയത്തെക്കുറിച്ചുള്ള ചര്‍ച്ചയും തുടങ്ങിയിരുന്നു.

പക്ഷെ, സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്‌ മറ്റു പല കാര്യത്തിലും എന്ന പോലെ ഇതിലും വ്യക്തമാണ്‌. മുതലാളിമാര്‍ക്കനുകൂലമായ നടപടികള്‍ അതിവേഗം നടപ്പിലാക്കപ്പെടുമ്പോള്‍ അസംഘടിത തൊഴിലാളികളുടെ കാര്യത്തില്‍ നടപടികള്‍ വെറും വാക്കുകളും പ്രസംഗങ്ങളും മാത്രമായി ഒതുങ്ങുന്നു.

അവസാനമായി ഒരു വാക്ക്‌, കൃഷിക്കാരനും കര്‍ഷകതൊഴിലാളിയും സംഘടിതവും അസംഘടിതവും ആയ വിവിധ മേഖലകളില്‍ മറ്റു തൊഴിലുകള്‍ ചെയ്തു ജീവിക്കുന്നവരും, പരസ്പരം പോരാടേണ്ടവരല്ല, ഒന്നിച്ച്‌ നിന്ന്‌ നാടിനെ ചൂഷണം ചെയ്യുന്ന മൂലധനനാഥന്‍മാരോട്‌ പൊരുതേണ്ടവരാണ്‌ എന്നു ഞങ്ങള്‍ കരുതുന്നു.

Unknown said...

നല്ല പോസ്റ്റ്.

ഈ പോസ്റ്റ് കൊണ്ടൊന്നും ഒന്നും നടക്കാന്‍ പോകുന്നില്ല എന്നത് വേറെ കാര്യം.പക്ഷെ, കാണേണ്ടത് കാണാതിരിക്കുന്നത് ആത്മവഞ്ചന ആവും. ആ രീതിയില്‍ ഇത്തരം പോസ്റ്റുകള്‍ തികച്ചും പ്രസക്തം തന്നെ.

ജീവിക്കാനുള്ള അവകാശം ചോദ്യം ചെയ്യപ്പെടാവുന്നതല്ല. അതിനുവേണ്ടി സമരം നടക്കുമ്പോള്‍ അതിനെ മറ്റു ചിലത് ചൂണ്ടിക്കാട്ടി അപ്രസക്തമാക്കുന്നത് എന്തോ നമ്മുടെയൊക്കെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നു പോയി എന്നു തോന്നുന്നു. സമരത്തിന്റെ ‘സ’കേട്ടാല്‍ വിറളി പിടിക്കുന്നവരായോ നമ്മള്‍? ഭൂമിക്കുവേണ്ടി കര്‍ഷകര്‍ സമരം ചെയ്യുമ്പോളും നമുക്ക് സഹിക്കില്ല. സംഘടന കൊണ്ട് ശക്തരാകുവാന്‍ ഉത്ബോധിപ്പിച്ച മഹാന്റെ നാട്ടില്‍ത്തന്നെ സംഘടിതശക്തിക്ക് കിട്ടുന്ന വില ഇതാണെങ്കില്‍ മറ്റു സംസ്ഥാനനങ്ങളിലെ കാര്യം പറയണോ?

ഈ സമരത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിച്ചത് നാം കാണണം. സമരം ഭാഗികം എന്നെഴുതാന്‍ അവര്‍ക്കൊക്കെ എന്തൊരു സന്തോഷം.

വര്‍ക്കേഴ്സ് ഫോറം said...

ഇന്നത്തെ (10 ആഗസ്റ്റ് 2007) ദേശാഭിമാനി ദിനപ്പത്രത്തില്‍‍ കണ്ട വാര്‍ത്ത. ഈ പോസ്റ്റുമായി ബന്ധപ്പെട്ട് നോക്കുമ്പോള്‍‍ തികച്ചും പ്രസക്തമായ ഒന്ന്‌.

ന്യൂഡല്‍ഹി: അസംഘടിത മേഖലയിലേതടക്കം രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും ദേശീയ സാമൂഹ്യസുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് അസംഘടിതമേഖലയിലെ തൊഴില്‍ സംരംഭങ്ങളെക്കുറിച്ചുള്ള ദേശീയ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു. ഡോ. അര്‍ജുന്‍സെന്‍ ഗുപ്ത അധ്യക്ഷനായ കമീഷന്‍ ബുധനാഴ്ചയാണ് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതി വിജ്ഞാപനം ചെയ്യുക, ക്ഷേമപ്രവര്‍ത്തനത്തിന് 5000 കോടി രൂപയുടെ ദേശീയഫണ്ട് രൂപീകരിക്കുക, നിയമാനുസൃത ആനുകൂല്യം നല്‍കാന്‍ വൈകിയാല്‍ പിഴപ്പലിശ നല്‍കുക തുടങ്ങിയ 13 ഇന കര്‍മപരിപാടി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പാക്കണം.

ആശുപത്രിയില്‍ കിടത്തി ചികില്‍സയ്ക്ക് പ്രതിവര്‍ഷം 15000 രൂപ, അസുഖമായി കിടക്കുന്ന ദിവസങ്ങളില്‍ (പരമാവധി 15 ദിവസം) പ്രതിദിനം 50 രൂപ ബത്ത, 1000 രൂപ പ്രസവാനുകൂല്യം എന്നിവ നല്‍കണം. സ്വാഭാവികമരണം സംഭവിക്കുന്ന തൊഴിലാളിയുടെ കുടുംബത്തിന് 30000 രൂപ, അപകടമരണം സംഭവിക്കുന്നവര്‍ക്ക് 75000 രൂപ, സ്ഥായിയായ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 37500 രൂപ എന്നിങ്ങനെ ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കണം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരില്‍ 60 വയസ്സിനുമുകളിലുള്ള തൊഴിലാളികള്‍ക്ക് പ്രതിമാസം 200 രൂപ പെന്‍ഷന്‍ നല്‍കണം. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും പ്രോവിഡന്റ് ഫണ്ട് നല്‍കണം. കര്‍ഷകത്തൊഴിലാളി ക്ഷേമപദ്ധതിക്ക് 19400 കോടി രൂപയും മറ്റ് മേഖലകളിലെ തൊഴിലാളികള്‍ക്ക് 12950 കോടി രൂപയും ക്ഷേമപരിപാടിക്കായി വേണ്ടിവരും.

വീടുകള്‍ക്കുള്ളില്‍ പണിയെടുക്കുന്നവരടക്കം എല്ലാ തൊഴിലാളികള്‍ക്കും നിയമാനുസൃത മിനിമം വേതനം ഉണ്ടാകണം. ദിവസം എട്ട് മണിക്കൂര്‍ (അര മണിക്കൂര്‍ വിശ്രമം ഉള്‍പ്പെടെ) ജോലിസമയമായി നിശ്ചയിക്കണം. ആഴ്ചയിലൊരിക്കല്‍ വേതനത്തോടെയുള്ള അവധി നല്‍കണം. സംഘടിക്കാനുള്ള അവകാശം വേണം. ജാതി, മതം, ലിംഗം, പ്രദേശം, എച്ച്ഐവി-എയ്‌ഡ്‌സ് എന്നിവയുടെ പേരില്‍ വിവേചനം പാടില്ല. തൊഴിലിടങ്ങളില്‍ സുരക്ഷാസംവിധാനവും അപകടങ്ങള്‍ക്ക് നഷ്ടപരിഹാരവും നല്‍കണം. ലൈംഗികചൂഷണത്തില്‍നിന്ന് സംരക്ഷണം നല്‍കുകയും ശിശുപരിപാലനത്തിന് അടിസ്ഥാനസൌകര്യം ലഭ്യമാക്കുകയും വേണം.

ചെറുകിട- നാമമാത്ര കര്‍ഷകര്‍ക്ക് വായ്പാസൌകര്യമൊരുക്കണം. പതിനൊന്നാം പദ്ധതിയില്‍ ഈ വിഭാഗം കര്‍ഷകര്‍ക്ക് പ്രത്യേക പദ്ധതി ആരംഭിക്കണം. ഭൂ- ജല സംരക്ഷണ പദ്ധതികള്‍, കടാശ്വാസ കമീഷന്‍ എന്നിവയും കര്‍ഷകര്‍ക്കായി ഒരുക്കണം.

കാര്‍ഷികേതര മേഖലകളിലുള്ളവര്‍ക്ക് സുഗമമായ വായ്പ, സ്വയംസഹായസംഘങ്ങള്‍ക്ക് ആനുകൂല്യം എന്നിവ നല്‍കണം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കണമെന്നും കമീഷന്‍ ശുപാര്‍ശ ചെയ്തു.

വര്‍ക്കേഴ്സ് ഫോറം said...

ഇന്നലത്തെ(10/08/2007) ജനയുഗത്തില്‍ കണ്ട ഷാഹിനയുടെ റിപ്പോര്‍ട്ട്.

അസംഘടിത തൊഴിലാളികളുടെ ജീവിതാവസ്ഥയെക്കുറിച്ച് പഠിക്കാന്‍
കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച അര്‍ജുന്‍ സെന്‍ ഗുപ്ത കമ്മീഷന്റെ കണ്ടെത്തല്‍ അനുസരിച്ച് ഇന്തയിലെ തൊഴില്‍ ശക്തിയുടെ 86% അസംഘടിതമേഖലയിലാണ്. 39.4 കോടി തൊഴിലാളികള്‍. ഇവരില്‍ 64% പേര്‍ കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നു. 79% പേരുടെ പ്രതിദിന വരുമാനം 20 രൂപയില്‍ താഴെയാണെന്ന് കമ്മീഷന്‍ പറയുന്നു. പുരുഷ/സ്ത്രീ തൊഴിലാളികളുടെ പ്രതിദിന വരുമാനം നഗരത്തില്‍ 74/44 ഉം ഗ്രാമപ്രദേശങ്ങളില്‍ 55/35 ആണെന്നും കമീഷന്‍ പറയുന്നു. ഈ മേഖലയില്‍ ജോലി ചെയ്യുന്ന 87% സ്ത്രീകള്‍ക്കും മിനിമം വേതനം ലഭിക്കുന്നില്ല.

ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പു വരുത്തണമെന്നും പ്രൊവിഡന്റ് ഫണ്ടും ഇന്‍ഷുറന്‍സും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കമീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

ഒന്നര വര്‍ഷം കൊണ്ടാണ് കമ്മീഷന്‍ അസംഘടിത തൊഴിലാളികളുടെ ജീവിത നിലവാരത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേരളത്തില്‍ നിന്നും ഡോ.കെ.പി.കണ്ണന്‍ ഈ കമ്മീഷനില്‍ അംഗമായിരുന്നു.
ഇവിടെ നോക്കുക.
മറ്റൊരു വാര്‍ത്ത ഇവിടെ.

Unknown said...

ഇതിലൊന്നും ആര്‍ക്കും എതിരഭിപ്രായമില്ല . ഇന്‍ഡ്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഗ്രാമീണ ജനവിഭാഗങ്ങളുടെ ജീവിതനിലവാരം വളരെയേറെ മെച്ചപ്പെടുത്താനുണ്ട് . അതിന് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ വേണം . പക്ഷെ നിങ്ങള്‍ ഇടതുപക്ഷങ്ങള്‍ എന്നു പറയുന്നവര്‍ ആണ്ടാണ്ട് വഴിപാട് പോലെ പണിമുടക്കും , ഹര്‍ത്താലും , ബന്ദും നടത്താന്‍ കാരണം തേടുകയാണ്. ഇതിലൊന്നും ഇപ്പോള്‍ മറ്റുള്ളവര്‍ക്ക് വിശ്വാസമോ താല്പര്യമോ ഇല്ലെന്ന് മാത്രമല്ല അപഹാസ്യമായിത്തോന്നുകയും ചെയ്യുന്നു. ഇങ്ങിനെയൊന്നുമായിരുന്നില്ലെങ്കില്‍ നിങ്ങള്‍ വലഞ്ഞു പോകില്ലായിരുന്നോ ? ഇപ്പോള്‍ വര്‍ഗ്ഗസമരം മൂര്‍ച്ഛിപ്പിക്കാന്‍ ഇങ്ങിനെ ഇടക്കിടെ അമൂര്‍ത്തമായ പണിമുടക്കെങ്കിലും നടത്താമല്ലോ ?

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട സുകുമാരേട്ടാ,

" ഇതിലൊന്നും ആര്‍ക്കും എതിരഭിപ്രായമില്ല . ഇന്‍ഡ്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഗ്രാമീണ ജനവിഭാഗങ്ങളുടെ ജീവിതനിലവാരം വളരെയേറെ മെച്ചപ്പെടുത്താനുണ്ട് " എന്ന താങ്കളുടെ അഭിപ്രായത്തിനു നന്ദി. ഇവിടുത്തെ ഇടതുപക്ഷത്തിനിതിലൊന്നും ആത്മാര്‍ത്ഥതയില്ല, വര്‍ഷാവര്‍ഷം വഴിപാട് പോലെ പണിമുടക്കും , ഹര്‍ത്താലും , ബന്ദും നടത്താന്‍ കാരണം തേടുകയാണ് അവര്‍ എന്നും താങ്കള്‍ പറയുമ്പോള്‍, ഗ്രാമീണ ജനവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ എന്ത് ബദല്‍ നിര്‍ദ്ദേശമാണ് താങ്കള്‍ക്ക് മുന്നോട്ട് വെയ്ക്കാനുള്ളതെന്ന് അറിയുവാന്‍ ആഗ്രഹമുണ്ട്. അപ്പോള്‍ മാത്രമേ ഈ ചര്‍ച്ച സാര്‍ത്ഥകമാകൂ എന്നു ഞങ്ങള്‍ കരുതുന്നു. അതില്ലാതെയുള്ള അഭിപ്രായപ്രകടനങ്ങള്‍ വെറും ആത്മനിഷ്ഠമായ വിമര്‍ശനമായിപ്പോവില്ലേ?

Unknown said...

ബദല്‍ നിര്‍ദ്ധേശങ്ങള്‍ വയ്ക്കാന്‍ ഞാന്‍ ഒരു സാമൂഹ്യശാസ്ത്രജ്ഞനോ , ധനശാസ്ത്ര പണ്ഡിതനോ അല്ലല്ലോ ? അതൊക്കെ ബന്ധപ്പെട്ടവര്‍ ചെയ്യട്ടെ . ഞാന്‍ പറയാന്‍ വന്ന കാര്യം ഇന്നത്തെ സമരമുറകള്‍ ഒരു വഴിപാടോ ഫാഷനോ ആയി മാറി എന്നും അതുകൊണ്ട് സമരങ്ങളുടെ മൂല്യവും ഫലപ്രാപ്തിയും ഇല്ലാത്തായി എന്നുമായിരുന്നു. ഇന്നത്തെ അമൂര്‍ത്തമായ സമരരീതികളില്‍ നിന്ന് മാറി എങ്ങിനെ സമരങ്ങള്‍ മൂര്‍ത്തമാക്കി ഫലപ്രാപ്തി കണ്ടെത്താമെന്നാണെങ്കില്‍ എന്റേതായ എളിയ നിര്‍ദ്ധേശങ്ങളും വയ്ക്കാമായിരുന്നു. പക്ഷെ ഇന്നത്തെ ചുറ്റുപാടില്‍ അത്തരം ഒരു ചര്‍ച്ചക്ക് ആരും മുതിരുമെന്ന് തോന്നുന്നില്ല. ആരോ പറഞ്ഞ പോലെ ഇന്ന് പാലില്‍ വെള്ളം ചേര്‍ക്കുന്നതിന് പകരം വെള്ളത്തില്‍ പാല്‍ ചേര്‍ക്കുകയാണ് . പിന്നെ ശുദ്ധമായ പാലിനെ പറ്റി പരിതപിച്ചിട്ട് കാര്യമുണ്ടോ ? ഒരു പൊളിച്ചെഴുത്താണ് ഞാന്‍ ആവശ്യപ്പെടുക . അതേതായാലും നമുക്ക് തല്‍ക്കാലം വയ്യല്ലോ ? എന്നോടുള്ള ആദരവിന് വര്‍ക്കേഴ്സ് ഫോറത്തോട് നന്ദി പറയുന്നു. നമ്മുടെയെല്ലാം മനസ്സില്‍ നല്ല ഒരു നാളെയും നല്ല ഒരു സമൂഹവും ആണുള്ളത്. പക്ഷെ പല പല തട്ടുകളില്‍ ആയിപ്പോയില്ലേ ? മാര്‍ക്സിസം പറഞ്ഞതിന് നക്സല്‍ എന്ന് മുദ്ര കുത്തപ്പെട്ട ഒരു മുന്‍ കമ്മ്യൂണിസ്റ്റാണ് ഞാന്‍ . പിന്നീട് മാര്‍ക്സിസം പറയാറില്ല. ഇതിലപ്പുറമൊന്നും പറയാന്‍ കഴിയാത്തതില്‍ ക്ഷമാപണത്തോടെ....

myexperimentsandme said...

സുകുമാരന്‍ മാഷ് പറഞ്ഞതുപോലെ ഞാനും ഒരു സാമൂഹ്യ/സാമ്പത്തിക ശാസ്ത്രജ്ഞനോ ഒന്നുമല്ല. എങ്കിലും എനിക്ക് തോന്നുന്ന ചില കാര്യങ്ങള്‍:

ലേഖനത്തില്‍ പറയുന്നുണ്ട്:

... രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന തൊഴില്‍ശക്തിക്കായി തുടര്‍ച്ചയായ തൊഴിലും മതിയായ വേതനവും ഉറപ്പുവരുത്തുന്ന സമഗ്രമായ ഒരു കേന്ദ്രനിയമത്തിന്റെ ആവശ്യകത ഉയര്‍ന്നുവരുന്നത്. മതിയായ വേതനവും ഉറപ്പുള്ള തൊഴിലും ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിനും സാമൂഹികസുരക്ഷിതത്വത്തിനുമൊക്കെ അത്യന്താപേക്ഷിതമാണെന്ന് സമ്മതിച്ചേ മതിയാകൂ .

പക്ഷേ എങ്ങിനെയാണ് തുടര്‍ച്ചയായ തൊഴില്‍ ഉറപ്പുവരുത്തുന്നത്? അതിന് എന്തൊക്കെ പ്രായോഗിക നിര്‍ദ്ദേശങ്ങളാണ് അവര്‍ക്കാ‍യി വാദിക്കുന്നവര്‍ മുന്നോട്ട് വെക്കുന്നത്? നിയമങ്ങള്‍ വേണം. പക്ഷേ പാലിക്കാന്‍ പറ്റുന്ന നിയമങ്ങളായിരിക്കണം, അവ നടപ്പാക്കുകയും വേണം. ആ രീതിയില്ലുള്ള നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ് മുന്നോട്ട് വന്നിരിക്കുന്നത്? അല്ലെങ്കില്‍ ഈ സമരവും സുകുമാരന്‍ മാഷ് പറഞ്ഞതുപോലെ ഒരു പ്രഹസനമായി മാറില്ലേ?

എന്റെ അഭിപ്രായത്തില്‍- ഇതുമായി നേരിട്ട് ബന്ധമുണ്ടോ എന്നറിയില്ല- അത്യാവശ്യമായി വേണ്ടത് എന്തൊക്കെയാണ് തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ഉള്‍പ്പടെയുള്ള അവകാശങ്ങള്‍ എന്ന് ഈ മേഖലയിലെ എല്ലാവര്‍ക്കും അവരവരുടെ നിലയില്‍ (ഏതെങ്കിലും നേതാക്കന്മാര്‍ പറഞ്ഞ് കൊടുക്കുന്നതല്ല-അവരവര്‍ മനസ്സിലാക്കിയ രീതിയില്‍) മനസ്സിലാക്കാന്‍ പറ്റണം. അതിന് ഏറ്റവും ആദ്യം വേണ്ടത് വിദ്യാഭ്യാസമാണ്. എന്തൊക്കെ നിയമങ്ങളുണ്ടെങ്കിലും അടിസ്ഥാന വിദ്യാഭ്യാസമില്ലാത്ത ഒരു ജനതയാണ് ഈ മേഖലയില്‍ പണിയെടുക്കുന്നതെങ്കില്‍ ഇനിയും അവരെ ചൂഷണം ചെയ്യാന്‍ ആള്‍ക്കാര്‍ ഉണ്ടാവും-അവരെ സമീപിക്കുന്ന രാഷ്ട്രീയക്കാര്‍ ഉള്‍പ്പടെ. അതുകൊണ്ട് അവരുടെ അട്സ്ഥാന വിദ്യാഭ്യാസത്തിനു വേണ്ട നടപടികള്‍ വേണം.

പിന്നെ വേണ്ടത് നല്ല റോഡുകള്‍ ഉള്‍പ്പടെയുള്ള ഇന്‍‌ഫ്രാസ്ട്രക്‍ചര്‍ ആണ്. അതിനായി സമരം ചെയ്യണം. കാരണം അത് സര്‍ക്കാരിനെക്കൊണ്ടാണ് ചെയ്യാന്‍ പറ്റുന്നത്. ലേഖനത്തില്‍ തന്നെ പറയുന്നുണ്ട്, സ്വയം തൊഴില്‍ ചെയ്യുന്നവരും ഈ മേഖലയിലുണ്ടെന്ന്. നല്ല ഒരു ഇന്‍‌ഫ്രാസ്ട്രക്ചറിന്റെ ഫലം നല്ലതുപോലെ ഉപയോഗിക്കാന്‍ പറ്റുന്ന ഒരു കൂട്ടരാണ് അവര്‍.

അവരെപ്പറ്റി ആദ്യമായും അവസാനമായും പറയേണ്ടവര്‍ അവരാണ്. അതിന് അവരെ പ്രാപ്തരാക്കുകയാണ് ആദ്യം വേണ്ടത്. തങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു എന്ന് തോന്നിയാല്‍ അത് തിരിച്ചറിയാനും അത് ബന്ധപ്പെട്ട ഇടങ്ങളില്‍ ബോധിപ്പിക്കാനും അത് ഫോളോ അപ് ചെയ്യാനുമുള്ള പ്രാപ്തി അവര്‍ക്കുണ്ടാവണം. അതിനോടൊപ്പം തന്നെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നിറവേറ്റുന്നില്ലെങ്കില്‍ സമരം ചെയ്യുക തന്നെ വേണം. പക്ഷേ അത് ഒരു സമരപ്രഹസനമാവരുത്. അങ്ങിനെ സമരങ്ങള്‍ പ്രഹസനമാവരുതെങ്കില്‍, ആള്‍ക്കാരും സര്‍ക്കാരും സമരങ്ങള്‍ക്ക് വില കൊടുക്കുന്ന ഒരു സ്ഥിതി വരണം. അവിടെയാണ് ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും റോള്‍. അവര്‍ ഉത്തരവാദിത്തബോധമില്ലാതെ സ്വന്തം അണികളെ ബൂസ്റ്റ് ചെയ്യിക്കാന്‍ മാത്രമെന്ന രീതിയിലും സമരങ്ങള്‍ നടത്തുമ്പോള്‍ ഇപ്പോള്‍ അത്തരം പരമ്പരാഗത സമരങ്ങള്‍ ആള്‍ക്കാരിലും സര്‍ക്കാരിലും പ്രത്യേകിച്ച് ഇം‌പാക്ട് ഒന്നും തന്നെ ഉണ്ടാക്കുന്നില്ല.

ഈ ചര്‍ച്ചയുമായി നേരിട്ട് ബന്ധപ്പെട്ട കാര്യങ്ങളല്ല മുകളില്‍ പറഞ്ഞതെങ്കില്‍ ക്ഷമിക്കണം.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട സുകുമാരേട്ടാ, താങ്കള്‍ പറഞ്ഞു.

"നമ്മുടെയെല്ലാം മനസ്സില്‍ നല്ല ഒരു നാളെയും നല്ല ഒരു സമൂഹവും ആണുള്ളത്. പക്ഷെ പല പല തട്ടുകളില്‍ ആയിപ്പോയില്ലേ ? "

ഈ സംവാദങ്ങള്‍ പല തട്ടുകളിലായി കിടക്കുന്ന നല്ല നാളെയെ സ്വപ്നം കാണുന്നവരെ ഒരുമിച്ചു കൊണ്ടുവരാന്‍ ഉതകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഓരൊരുത്തര്‍ക്കും വ്യത്യസ്ത വിശ്വാസം വെച്ചുപുലര്‍ത്താന്‍ അവകാശമുണ്ടെങ്കിലും സമൂഹത്തിനു നല്ലത് ഏത് എന്നതിനെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ യോജിപ്പ് ഉണ്ടായാല്‍ ഒന്നിച്ചുള്ള മുന്നേറ്റത്തിനു കഴിയില്ലേ? കഴിയണം.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട വക്കാരീ,

വിദ്യാഭ്യാസത്തിന്റേയും അടിസ്ഥാന സൌകര്യവികസനത്തിന്റേയും ആവശ്യകതയെക്കുറിച്ച് തര്‍ക്കമില്ല. പൂര്‍ണ്ണമായും യോജിക്കുന്നു. പക്ഷെ ഒന്നുണ്ട്. നമുക്ക് ചുറ്റുമുള്ള എത്രയോ പണ്ഡിതര്‍, വിദഗ്ദര്‍, അഭ്യസ്തവിദ്യര്‍ പൊതുപ്രശ്നങ്ങളോട് നിസംഗതാ മനോഭാവം പുലര്‍ത്തുന്നു. ഒരു പക്ഷെ, ബീഹാറിലേയും യു.പി.യിലേയും പട്ടിണിപ്പാവങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ പലതും നഗരങ്ങളിലെ അഭ്യസ്തവിദ്യര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല എന്നത് ചരിത്രം. അതിനാല്‍തന്നെ വിദ്യാഭ്യാസം കൊണ്ട് എല്ലാം ആകുന്നില്ലല്ലോ?

താങ്കള്‍ പറഞ്ഞു "തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ഉള്‍പ്പടെയുള്ള അവകാശങ്ങള്‍ ഈ മേഖലയിലെ എല്ലാവര്‍ക്കും അവരവരുടെ നിലയില്‍ (ഏതെങ്കിലും നേതാക്കന്മാര്‍ പറഞ്ഞ് കൊടുക്കുന്നതല്ല-അവരവര്‍ മനസ്സിലാക്കിയ രീതിയില്‍) മനസ്സിലാക്കാന്‍ പറ്റണം."

ശരിയാണ്. മനുഷ്യാവകാശത്തെക്കുറിച്ച് ഓരോരുത്തര്‍ക്കും ബോദ്ധ്യം ഉണ്ടാകണം. പക്ഷെ, ഇതിലും ഒരു ധ്വനിയില്ലേ? leaders are misleaders എന്ന ധ്വനി. എന്നു മാത്രമല്ല, നേതാക്കന്മാര്‍ പുറത്ത്നിന്നും ഇറക്കുമതി ചെയ്യപ്പെടുന്നതാണെന്നും തൊഴിലാളികള്‍ക്ക് കാര്യങ്ങള്‍ സ്വയം പഠിച്ച് മനസ്സിലാക്കി മുന്നേറാന്‍ കഴിയില്ലെന്നും?

ഒന്ന് കൂടി, മനുഷ്യാവകാശത്തെക്കുറിച്ചുള്ള വെറും ബോദ്ധ്യം കൊണ്ട് കാര്യമില്ല. ബോദ്ധ്യമായത് നേടിയെടുക്കാന്‍ സംഘടന കൂടിയേ തീരൂ. അത് ഏത് നിറത്തിലുള്ള കൊടിയും പിടിച്ചോട്ടെ. പക്ഷെ, സംഘടന വേണം. അതിന് നേതാക്കന്മാര്‍ അകത്ത് നിന്നോ പുറത്ത് നിന്നോ ആകാം. ഒന്നു മാത്രം. ട്രേഡ് യൂണിയന്‍ നേതാവ് അത് തൊഴിലായി സ്വീകരിച്ചവനാകരുത്.

ഇന്‍ഫോര്‍മല്‍ സെക്ടറില്‍ വിഭിന്ന മേഖലകളില്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ രീതികള്‍ വ്യത്യസ്തമായിരിക്കും. വഴി വാണിഭക്കാര്‍, റിക്ഷാ വലിക്കുന്നവര്‍, തുടങ്ങിയവരുടെ തൊഴില്‍ പരിശോധിച്ചാല്‍ അതില്‍ ഒരു കൃത്യമായ തൊഴിലാളി-മുതലാളി ബന്ധം ഇല്ല എന്ന് മനസ്സിലാകും. അത് കൊണ്ട് തന്നെ ക്ഷേമനിധി, സാമൂഹ്യ വിരുദ്ധരുടെ/പോലീസിന്റെ ഒക്കെ പീഡനത്തില്‍ നിന്നുമുള്ള സംരക്ഷണം തുടങ്ങിയ ആവശ്യങ്ങളാവും കണക്കിലെടുക്കേണ്ടി വരിക. ജാതി/ലിംഗം എന്നിവയുടെ പേരിലുള്ള അടിച്ചമര്‍ത്തലും, വാസസ്ഥലത്തിന്റെ പ്രത്യേകതയനുസരിച്ച്, ജല ലഭ്യത, റേഷന്‍ കാര്‍ഡ് , സാനിട്ടേഷന്‍ തുടങ്ങിയ ആ‍വശ്യങ്ങളും ഉയര്‍ത്തേണ്ടി വരും. ഇതിനും സംഘടന കൂടിയേ തീരൂ.

താങ്കള്‍ പറഞ്ഞു "പിന്നെ വേണ്ടത് നല്ല റോഡുകള്‍ ഉള്‍പ്പടെയുള്ള ഇന്‍‌ഫ്രാസ്ട്രക്‍ചര്‍ ആണ്. അതിനായി സമരം ചെയ്യണം. " ഇതിനും സംഘടന വേണ്ടേ?

ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നതിനോടു പൂര്‍ണമായും യോജിക്കുന്നു. അതോടൊപ്പം സൂചിപ്പിക്കട്ടെ, സര്‍ക്കാരിനും മാനേജുമെന്റുകള്‍ക്കും ഇതു ബാധകമാണ്.

തൊഴിലാളി പിക്കിനിക്കിന് പോകുന്ന ലാഘവത്തോടെയല്ല പണിമുടക്കുന്നത്. അതവന്റെ അവസാന ആയുധമാണ്. ആയിരിക്കുകയും വേണം.

അവസാനമായി പറയട്ടെ, ചിട്ടയായ സംഘടനാപ്രവര്‍ത്തനത്തിലൂടെ സ്വയം പഠിക്കുകയും മറ്റുളളവരെ പഠിപ്പിക്കുകയും ചെയ്യുന്ന ധാരാളം ടി യു പ്രവര്‍ത്തകരുണ്ട്.

Anonymous said...

ആഗസ്റ്റ് 13 ന് `ഹിന്ദു’ പത്രത്തില്‍ വന്ന വാര്‍ത്ത താഴെ കൊടുക്കുന്നു.

Appeal to introduce Social Security Bill
NEW DELHI: Prominent citizens and activists on Sunday urged Prime Minister Manmohan Singh to ensure the introduction of the Social Security Bill for unorganised workers during the monsoon session of Parliament in order to benefit over 370 million workers in the unorganised sector.

In an appeal to the Prime Minister and expressing their support and solidarity for Social Security Bill for unorganised sector workers, they said they had several concerns regarding the contents of the Bill which they were sharing with the Prime Minister.

“As you know, the drafts of several legislations have been prepared and debated over the years. We appeal that to ensure that the Bill tabled in Parliament meets the real needs of the workers and incorporates the following features,” they said.

It should be ensured that registration and identity cards for all unorganised workers, life and disability insurance, health insurance, maternity benefits, old age pension, adequate financial provision from the Union Budget to the National Social Security Fund that will be set up for the purpose and clear implementation machinery, which will be participatory through Worker Facilitation Centres, they added.

The statement said there were over 370 million unorganised workers in the informal economy, of which 65 per cent are engaged in agricultural work and rest in non-agricultural work. Their vulnerability is revealed by the fact that 59 per cent of men workers and 89 per cent of women workers in rural India earn less than Rs. 44 and that 50 per cent of men workers and 83 per cent of women workers in urban areas earn less than Rs. 55. Though their contribution to the Gross Domestic Product (GDP) is over 60 per cent, they do not have access to any form of social security, in the time of needs driving them into debt, reducing their productivity and leading to vulnerability in old age,” Ela. R. Bhatt of SEWA said in a statement here.

Supporters

Among those supporting the cause include leading columnist Khushwant Singh, Supreme Court lawyer Indira Jaising, human rights activist Swami Agnivesh, actress and Member of Parliament Shabana Azmi, historian Ramchandra Guha, Ram Manohar Reddy, Editor, Economic and Political Weekly, R.A. Mashelkar, eminent scientist, Amitabh Kundu, Professor, Jawaharlal Nehru University, Mona Khan, Director, Global Foundation of Human Rights and various NGOs working for the welfare of the people in the unorganised sector.

Unknown said...

നമ്മുടെ നാട്ടില്‍ ട്രേഡ് യൂനിയനുകളെ, രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങളുടെ പോഷക സംഘടനകളായി രൂപീകരിക്കുകയും പാര്‍ട്ടിതാല്പര്യങ്ങള്‍ക്ക് മാത്രമായി വിനിയോഗിക്കുകയും ചെയ്യുന്നു എന്നതാണ് ഇന്നത്തെ അവസ്ഥ. സര്‍ക്കാര്‍ ജീവനക്കാരുടേത് മുതല്‍ വ്യാപാരി-വ്യവസായികളുടേത് വരെ യൂനിയനുകള്‍ പാര്‍ട്ടികള്‍ സ്പോണ്‍സര്‍ ചെയ്യുന്നു. സമരങ്ങള്‍ അനുഷ്ഠാനങ്ങളായി മാറിയത് ഈയൊരു പശ്ചാത്തലത്തിലാണ് . പണിയെടുക്കുന്നവരുടെ വികാരങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കാന്‍ കഴിയാത്ത പ്രൊഫഷണല്‍ ട്രേഡ് യൂനിയന്‍ നേതാക്കന്മാര്‍ വളര്‍ന്നുവരികയും അവര്‍ ഫലത്തില്‍ തൊഴിലാളികളുടെയും മുതലാളിമാരുടെയും ഇടയില്‍ ഒരു ഇടത്തട്ടുകാരന്റെ റോളില്‍ എത്തിപ്പെടുകയും ചെയ്തിരിക്കുന്നു ഇന്നു. ഒരു നേതാവിന് താന്‍ എത്ര യൂനിയനുകളുടെ ഭാരവാഹിയാണെന്ന് ഇന്ന് ഓര്‍മ്മയുണ്ടാവാന്‍ വഴിയില്ല . ഇത് ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനത്തെ ഒരു ദല്ലാള്‍ പണിയായി ഇന്ന് അധ:പതിപ്പിച്ചിച്ചിരിക്കുന്നു. മാത്രമല്ല അന്യോന്യം വിരുദ്ധ താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന വിഭാഗങ്ങളുടെ നേതാവ് ഒരാള്‍ തന്നെ ആയിരിക്കുമ്പോള്‍ ദുര്‍ബ്ബലവിഭാഗത്തിന് തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും കഴിയുന്നില്ല. ഒരു പ്രത്യേക ജോലി ചെയ്യുന്നവരുടെ നേതാവ് ആ ജോലി ചെയ്തുകൊണിരിക്കുന്ന തൊഴിലാ‍ളി തന്നെയായിരിക്കണം . എന്നാല്‍ മാത്രമേ ആ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെ അവര്‍ക്ക് ലഭിക്കുകയുള്ളൂ . ഉദാഹരണത്തിന് ചുമട്ടുതൊഴിലാളികളുടെ , ഏത് തലത്തിലുള്ള നേതാവും ഒരു ചുമട്ടു തൊഴിലാളി തന്നെയായിരിക്കണം. ഇതേപോലെ ബീഡിത്തൊഴിലാളികളുടെ ദേശീയ നേതാവായാലും അയാള്‍ ഒരു ബീഡി തെറുപ്പുകാരനായിരിക്കണം . ഇത് ശരിയാണെങ്കിലും പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് പറഞ്ഞേക്കാം . എന്നാല്‍ ശരിയും തെറ്റും അങ്ങിനെ രണ്ടേയുള്ളൂ , മൂന്നാമത് ഒന്നില്ല . നമ്മള്‍ ശരിയുടെ ഭാഗത്ത് നില്‍ക്കണം . ഇന്ന് പലരും ഒഴിവ്കഴിവിന്റെ ഭാഗത്താണ് . ശരിയാണ് പക്ഷേ ... ഇതാണ് ഒഴിവ്കഴിവ് കാരന്റെ വാദം . ഇവിടെയാണ് വഴി തെറ്റുന്നത് . ഈ ഒഴിവ്കഴിവ് കാരനാണ് അപകടകാരി . കാരണം അവന്‍ തെറ്റിനും ശരിക്കും ഇടയിലുള്ള അതിര്‍ വരമ്പ് മായ്ച്ചുകളയുന്നു . പിന്നീട് തെറ്റും ശരിയും വേര്‍തിരിച്ചു കാണാന്‍ കഴിയാതെ തെറ്റുകള്‍ ശരിയായി വ്യാഖ്യാനിക്കപ്പെടുന്നു. എന്റെ ജില്ലയായ കണ്ണൂരില്‍ ഒരു നേതാവ് അമ്പതിലധികം യൂനിയനുകളുടെ സെക്രട്ടരിയാണ് , സഹകരണ സംഘത്തിന്റെ ചേര്‍മാനാണ് , പാര്‍ട്ടിയുടെ ഉയര്‍ന്ന ഭാരവാഹിയാണ് കുടാതെ എം.എല്‍.ഏ യുമാണ് . ഇതില്‍ എതെങ്കിലും ഒന്ന് അയാള്‍ക്ക് വൃത്തിയായി കൈകാര്യം ചെയ്യാന്‍ പറ്റുമോ ? ഒരു ജനപ്രധിനിധി എന്ന ചുമതല തന്നെ ഒരു മുഴുവന്‍ സമയ ഉത്തരവാദിത്തമാകേണ്ടതാണ് . ഇന്ന് കണ്ണുരില്‍ ട്രേഡ് യൂനിയന്‍ നേതാക്കന്മാരുടെ മീറ്റിങ്ങ് നടക്കുന്നത് നഗരത്തിലെ എറ്റവും മുന്തിയ ഹോട്ടലായ കമലാ ഇന്റര്‍ നേഷണലില്‍ വെച്ചാണ് . നേതാക്കന്മാരെ പറ്റി ഒരു ഫ്യൂഡല്‍ സങ്കല്‍പ്പമാണ് ഇന്നും ജനങ്ങള്‍ക്കുള്ളത് . ജന്മിത്വത്തിന്റെ പ്രതീകങ്ങളായാണ് ഇന്നും നേതാക്കള്‍ വര്‍ത്തിക്കുന്നത്. സ്റ്റേജുകളില്‍ പ്രസംഗിക്കുമ്പോഴല്ലാതെ അവര്‍ സാധാരണക്കാരോട് സംവദിക്കാറില്ല. നേതാക്കളെന്നാല്‍ ദൂരെ മാറി നിന്ന് ആരാധിക്കേണ്ടതായ സവിശേഷവ്യക്തിത്വങ്ങളാണെന്ന് സാധാരണക്കാരനും കരുതുന്നു. ഇത്തരത്തിലുള്ള ഫ്യൂഡല്‍ അപകര്‍ഷതാ ബോധങ്ങളില്‍ നിന്ന് തൊഴിലാളികളെയും സാധാരണക്കാരേയും മോചിപ്പിക്കേണ്ടതുണ്ട് . അത്തരം ഒരു മുന്‍‌കൈ എടുക്കുന്നതിന് ആര് മുന്നോട്ട് വരും ?
വര്‍ക്കേഴ്സ് ഫോറത്തിന് എന്റെ ആശാംസകള്‍ !

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട സുകുമാരന്‍ ചേട്ടാ,

ട്രേഡ് യൂണിയന്‍ രംഗത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ ഞങ്ങളും പങ്കു വെക്കുന്നു. താങ്കള്‍ പറഞ്ഞ രീതിയിലുള്ള പല പ്രശ്നങ്ങളും ഈ രംഗത്ത് ഉണ്ട് എന്നതും സത്യമാണ്. പക്ഷെ, ശരിയായി കാര്യങ്ങള്‍ പഠിക്കുകയും അവതരിപ്പിക്കുകയും, തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി അദ്ധാനിക്കുകയും ചെയ്യുന്ന നിരവധിപ്പേര്‍ ഈ മേഖലയിലുണ്ട് എന്ന സത്യം ഒന്നുകൂടി എടുത്തു പറയട്ടെ. എല്ലാ മേഖലയിലും എന്ന പോലെത്തന്നെയല്ലേ ഈ മേഖലയിലെ കളകളും? കളകളെ മാറ്റി വിള സംരക്ഷിക്കുക എന്നതല്ലേ പ്രായോഗികമായി നമുക്ക് ചെയ്യാന്‍ കഴിയുന്നത്? അതിനപ്പുറത്ത് കളകളെപ്പേടിച്ച് വിളകളെയും തള്ളിക്കളയണോ എന്നത് തികച്ചും പ്രസക്തമായ ചോദ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു.
എല്ലാറ്റിനേയും ഒറ്റയടിക്ക് തള്ളിക്കളഞ്ഞ് ഒന്നും ചെയ്യാതിരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമല്ലേ ചെയ്യൂ? കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ക്കായി സ്വപ്നം കാണുകയും ആ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനായി ശ്രമിക്കുകയും ചെയ്യുക, അതല്ലേ കരണീയം?

Unknown said...

ശരിയാണ് .. വര്‍ക്കേഴ്സ് ഫോറത്തിന്റെ ഈ അഭിപ്രായം ഞാന്‍ സര്‍വ്വാത്മനാ അംഗീകരിക്കുന്നു.
ആശംസകള്‍ !