Tuesday, August 21, 2007

അമേരിക്കന്‍ പ്രണയം

മൂന്നരവര്‍ഷത്തെ ഭരണത്തിനുശേഷം യുപിഎ സര്‍ക്കാര്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ഇന്ത്യയുടെ സൈനികവും സാമ്പത്തികവും തന്ത്രപ്രധാനവുമായ താല്‍പ്പര്യങ്ങള്‍ അമേരിക്കയ്ക്ക് അടിയറവയ്ക്കുന്ന യുപിഎ സര്‍ക്കാരിന്റെ സമീപനമാണ് ഈ പ്രതിസന്ധിക്ക് വഴിവച്ചത്.

അധികാരമേറി ദിവസങ്ങള്‍ക്കകംതന്നെ സര്‍ക്കാരിന്റെ ഈ അമേരിക്കന്‍ ദാസ്യമനോഭാവവുമായി, സര്‍ക്കാരിന് നിര്‍ണായകമായ പിന്തുണ നല്‍കുന്ന ഇടതുപക്ഷത്തിന്, ഏറ്റുമുട്ടേണ്ടിവന്നിരുന്നു. ആസൂത്രണകമീഷന്‍ ഉപസമിതിയില്‍ ലോകബാങ്കിന്റെയും മെക്കന്‍സി കോര്‍പറേഷന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയതിനെതിരെയായിരുന്നു ഇടതുപക്ഷം ആദ്യം രംഗത്തു വന്നത്. ഇവരെ ഒഴിവാക്കുന്നതിനുപകരം ആ സമിതിതന്നെ പിരിച്ചുവിട്ടുകൊണ്ട് ഇടതുപക്ഷത്തെ വെല്ലുവിളിക്കുന്ന സമീപനമായിരുന്നു ആസൂത്രണകമ്മീഷന്‍ ഉപാദ്ധ്യക്ഷനും പ്രധാനമന്ത്രിയുടെ വലംകൈയുമായ മൊണ്ടേക്‌‍സിങ്ങ് അലുവാലിയ സ്വീകരിച്ചത്.

തുടര്‍ന്നാണ് 2005 ജൂലൈ ആദ്യവാരം അമേരിക്കയുമായി പ്രതിരോധമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി പ്രതിരോധ ചട്ടക്കൂട് കരാറിലെത്തുന്നത്. ആ കരാറിന്റെ മഷിയുണങ്ങുന്നതിനു മുമ്പാണ് ഇന്ത്യ-അമേരിക്ക ബന്ധത്തെ സമൂല പരിവര്‍ത്തനത്തിന് വിധേയമാക്കിയ ജൂലൈ 18 ന്റെ സംയുക്ത പ്രസ്താവന പുറത്തുവരുന്നത്.

തുടര്‍ന്നങ്ങോട്ട് അമേരിക്കയുമായുള്ള സൈനിക-സാമ്പത്തിക-രാഷ്ട്രീയ ബന്ധങ്ങള്‍ അടിക്കടി വര്‍ധിക്കുകയായിരുന്നു. സംയുക്ത പ്രസ്താവനയുടെ ഭാഗമായി വിവര സമാരംഭ സമിതി (Knowledge Initiative Board) രൂപീകരിക്കുകയും അതില്‍ ചില്ലറവില്‍പ്പനമേഖലയിലെ ഭീമനായ വാള്‍മാര്‍ട്ടിന്റെയും വിത്തുകുത്തകയായ മൊണ്‍സാന്റോയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി. തുടര്‍ന്ന് സംയുക്ത നാവികാഭ്യാസങ്ങളും അടിക്കടി നടന്നു. കോടികളുടെ സൈനികകരാറുകളിലും ഒപ്പിടപ്പെട്ടു. ഇസ്രയേലുമായുള്ള സഹകരണം വര്‍ധിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള അടുത്ത ബന്ധം ഉപേക്ഷിച്ച മട്ടായി. ചേരിചേരാനയത്തെ തള്ളിപ്പറയുന്നത് സാധാരണ സംഭവങ്ങളായി. സ്വതന്ത്ര വിദേശനയത്തോട് വിടപറഞ്ഞ് അമേരിക്കന്‍ തീട്ടൂരമനുസരിച്ച് ഇന്ത്യ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്ന് ആണവപ്രശ്നത്തില്‍ ഇറാനെതിരെ രണ്ടുതവണ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ വോട്ടുചെയ്തതില്‍നിന്ന് മനസ്സിലാക്കാം.

അതായത്, ഇടതുപക്ഷം മുന്നോട്ടുവച്ചതും ദേശീയ പൊതുമിനിമം പരിപാടിയുടെ സത്തയുമായ സ്വതന്ത്രവിദേശനയം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയില്ലെന്നര്‍ഥം.

അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി കോണ്ടലിസ റൈസ് ആവശ്യപ്പെട്ടതുപോലെ ചേരിചേരാനയം എന്ന വിദേശനയം ഉപേക്ഷിച്ച കോണ്‍ഗ്രസ് ആഭ്യന്തരരംഗത്തും ഉദാരവല്‍ക്കരണ നയങ്ങളാണ് നടപ്പാക്കാന്‍ ശ്രമിച്ചത്.

ഇടതുപക്ഷവുമായുള്ള ആദ്യത്തെ സുപ്രധാനമായ ഏറ്റുമുട്ടല്‍ നവരത്ന കമ്പനികളുടെ ഓഹരി വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയപ്പോഴാണ്. അന്ന് ഇടതുപക്ഷത്തിന്റെ ആവശ്യപ്രകാരം രൂപീകരിച്ച ഏകോപനസമിതിയില്‍നിന്ന് ഇറങ്ങിവന്ന ഇടതുപക്ഷം പിന്നീട് തിരിച്ചുകയറുന്നത് ഓഹരിവില്‍പ്പന ഉണ്ടാവില്ലെന്ന സോണിയാഗാന്ധിയുടെ പ്രസ്താവനയ്ക്കുശേഷമാണ്. ഓഹരിവില്‍പ്പന നയം ഉപേക്ഷിച്ചുവെന്ന് കരുതിയെങ്കിലും ധനമന്ത്രി ചിദംബരം വെറുതെയിരുന്നില്ല.

ഒറീസയിലെ നാല്‍കോയും തമിഴ്‌നാട്ടിലെ ലിഗ്നൈറ്റ് കോര്‍പറേഷനും സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തി. ഇതിനെതിരെ ഇടതുപക്ഷവും ഡിഎംകെയും ശക്തമായ പ്രതിഷേധമുയര്‍ത്തി. മന്ത്രിമാരെ പിന്‍വലിക്കുമെന്നുവരെ കരുണാനിധിക്ക് പറയേണ്ടിവന്നു.

ഏതായാലും ഈ ശ്രമവും പിന്നീട് ഉപേക്ഷിക്കപ്പെട്ടു.

തുടര്‍ന്ന് പെന്‍ഷന്‍ഫണ്ട് സ്വകാര്യവല്‍ക്കരണം സംബന്ധിച്ച ബില്ലും ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം 49 ശതമാനമാക്കിക്കൊണ്ടുള്ള ബില്ലും കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തിനു വഴങ്ങി പിന്മാറേണ്ടിവന്നു. അതായത്, മൂന്നര വര്‍ഷക്കാലത്തെ ഭരണത്തിനിടയ്ക്ക് പല ഘട്ടങ്ങളിലും ഇടതുപക്ഷത്തിന് യുപിഎയുമായി ഏറ്റുമുട്ടേണ്ടിവന്നിട്ടുണ്ട്.

ഇടതുപക്ഷത്തിന്റെ പിന്തുണ നിര്‍ണായകമായിട്ടുപോലും അവരുടെ നയങ്ങള്‍ തീര്‍ത്തും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ തുനിഞ്ഞത്. ഇതിന് മന്‍മോഹന്‍സിങ്ങിനെ പ്രേരിപ്പിച്ചത് ചിദംബരവും മൊണ്ടേക്‌സിങ്ങ് അലുവാലിയയുംമറ്റും ചേര്‍ന്നാണെന്ന് കോണ്‍ഗ്രസില്‍ത്തന്നെ സംസാരമുണ്ട്. ഇവരുടെ ഉപദേശപ്രകാരമാണത്രേ പ്രധാനമന്ത്രി ഇടതുപക്ഷത്തെ പിന്തുണ പിന്‍വലിക്കാന്‍ വെല്ലുവിളിച്ചുകൊണ്ടുള്ള അഭിമുഖത്തിന് തയ്യാറായത്.

ആദ്യം മുംബൈയില്‍നിന്ന് ഇറങ്ങുന്ന ഒരു ദിനപത്രത്തിന്റെ ലേഖികയെ ഉപയോഗിച്ച് കരാറുമായി മുന്നോട്ടുപോകാന്‍ അനുവദിച്ചില്ലെങ്കില്‍ താന്‍ രാജിവയ്ക്കുമെന്ന സൂചന പ്രധാനമന്ത്രി നല്‍കി. എന്നാല്‍, മന്‍മോഹന്‍സിങ്ങ് ഉദ്ദേശിച്ചതുപോലെ കോണ്‍ഗ്രസിനകത്തോ യുപിഎയിലോ അദ്ദേഹത്തിനനുകൂലമായി ഒരു സഹതാപവും ഉയര്‍ന്നില്ല. ഇതില്‍ പ്രകോപിതനായാണത്രേ കൊല്‍ക്കത്തയില്‍നിന്ന് ഇറങ്ങുന്ന ഒരു ദിനപത്രത്തിന് മന്‍മോഹന്‍സിങ്ങ് മുഖാമുഖം അനുവദിച്ചത്. അതിലാണ് ഇടതുപക്ഷത്തിന് വേണമെങ്കില്‍ പിന്തുണ പിന്‍വലിക്കാമെന്ന് മന്‍മോഹന്‍സിങ്ങ് പറഞ്ഞത്.

കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയാത്ത ഒരു രാഷ്ട്രീയക്കാരനാണ് മന്‍മോഹന്‍സിങ്ങ് എന്ന് തെളിയിക്കുന്നതായി ഈ മുഖാമുഖം.

കരാറിനെതിരെ ഇടതുപക്ഷം ഇറക്കിയ പ്രസ്താവനയ്ക്കുശേഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രധാനമന്ത്രി പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍, ഇടതുപക്ഷം പ്രധാനമായും ഉന്നയിച്ച ഹൈഡ് ആക്ടിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചെന്നല്ല, ആ ആക്ടിനെക്കുറിച്ച് തന്റെ പ്രസ്താവനയില്‍ പരാമര്‍ശിക്കാന്‍പോലും പ്രധാനമന്ത്രി തയ്യാറാകാത്തത് ഇടതുപക്ഷത്തെ ചൊടിപ്പിച്ചു. തുടര്‍ന്ന് പ്രകാശ് കാരാട്ട്, എ ബി ബര്‍ദന്‍ തുടങ്ങിയ ഇടതുപക്ഷ നേതാക്കളെ കണ്ട് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല.

പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന തൃപ്തികരമല്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ രണ്ട് പേജ് വരുന്ന പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് ചിദംബരം-അലുവാലിയ കൂട്ടുകെട്ടിന്റെ ഉപദേശപ്രകാരം വിവാദ അഭിമുഖം പ്രസിദ്ധീകരിച്ചത്.

കരാറില്‍നിന്ന് പിന്‍വാങ്ങിയാല്‍ പ്രധാനമന്ത്രിസ്ഥാനത്ത് തുടരാനാവില്ലെന്ന ആകുലതയാണ് മന്‍മോഹന്‍സിങ്ങിനെ അലട്ടുന്നത്. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഒരു കരാര്‍ ഇടതുപക്ഷ സമ്മര്‍ദത്തിന്റെ ഫലമായി ഉപേക്ഷിക്കേണ്ടിവന്നാല്‍ മുഖം നഷ്ടപ്പെടുന്നത് പ്രധാനമന്ത്രിക്കാണ്.

ഈ പ്രതിസന്ധിക്ക് കാരണം പ്രധാനമന്ത്രിതന്നെയാണ്. കാരണം അന്തിമ കരാര്‍ പുറത്തുവിടാതെ ഇടതുപക്ഷത്തെയും മറ്റും ഇരുട്ടില്‍ നിര്‍ത്തിയാണ് കേന്ദ്രമന്ത്രിസഭ കരാറിന് അംഗീകാരം നല്‍കിയത്. ഈ കരാര്‍ നേരത്തെ പുറത്തിറക്കിയിരുന്നുവെങ്കില്‍ അതിന് അംഗീകാരം നല്‍കുക വിഷമമാകുമായിരുന്നു.

മന്ത്രിസഭയുടെ തീരുമാനം മാറ്റിവയ്ക്കേണ്ടിവരുന്നത് ഒരു ജനാധിപത്യരാഷ്ട്രത്തില്‍ തെറ്റായ നടപടിയൊന്നുമല്ല. നാല്‍കോ, ലിഗ്നൈറ്റ് പ്രശ്നങ്ങളില്‍ കേന്ദ്രമന്ത്രിസഭയുടെ തീരുമാനം നേരത്തെതന്നെ മന്‍മോഹന്‍സിങ്ങിന് വിഴുങ്ങേണ്ടിവന്നിട്ടുണ്ട്.

അത് ആവര്‍ത്തിച്ചാല്‍ പ്രധാനമന്ത്രിയായി തുടരുന്നതെങ്ങനെയെന്ന നിര്‍ണായക ചോദ്യമാണ് മന്‍മോഹന്‍സിങ്ങ് അഭിമുഖീകരിക്കുന്നത്. അതിന് അദ്ദേഹം കണ്ടെത്തിയ വഴി സര്‍ക്കാരിനെ ബലികഴിച്ചും കരാറുമായി മുന്നോട്ടുപോവുകയെന്നതാണ്. അതായത്, അമേരിക്കന്‍ താല്‍പ്പര്യത്തിനാണ് പ്രാമുഖ്യമെന്നര്‍ഥം.

എന്നാല്‍, അമേരിക്കയ്ക്കുവേണ്ടി സ്വന്തം സര്‍ക്കാരിനെ ബലികഴിച്ചുവെന്ന് അഭിമാനത്തോടെ ജനങ്ങള്‍ക്കുമുമ്പില്‍ പറയാന്‍ സ്വാതന്ത്ര്യത്തിന്റെ അറുപതാംവാര്‍ഷിക വേളയില്‍ കോണ്‍ഗ്രസിന് കഴിയുമോ എന്നതാണ് ചോദ്യം. ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നുറപ്പ്. കോണ്‍ഗ്രസും യുപിഎയും കടുത്ത പ്രതിസന്ധിയിലാണ്. സര്‍ക്കാരിനെ സംരക്ഷിക്കണമോ പ്രധാനമന്ത്രിയെ സംരക്ഷിക്കണമോ എന്ന പ്രതിസന്ധി.

പ്രമുഖ ദേശീയ ദിനപത്രം സൂചിപ്പിച്ചതു പോലെ കമ്പനിഭരണമല്ല രാജ്യ ഭരണമെന്ന്“ ഇനിയെങ്കിലും മന്‍മോഹന്‍സിങ്ങ് മനസ്സിലാക്കണം.

കരാറില്‍നിന്ന് പിന്മാറിയാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇടതുപക്ഷത്തെ പ്രകോപിപ്പിച്ചതിന് അവരുടെ വികാരങ്ങളെ മാനിക്കാത്തതിന് കടുത്ത രാഷ്ട്രീയവിലതന്നെ കോണ്‍ഗ്രസിന് കൊടുക്കേണ്ടിവരില്ലേ?

(ലേഖകന്‍: ശ്രീ. വി ബി പരമേശ്വരന്‍ - ദേശാഭിമാനി - ദില്ലി)

6 comments:

വര്‍ക്കേഴ്സ് ഫോറം said...

ഭാരതത്തില്‍ ഇന്ന്‌ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനു പിന്നില്‍ 123 കരാറിനു കാര്യമായ പങ്കുണ്ടെന്നതില്‍ സംശയമൊന്നുമില്ല. ഇടത് പക്ഷകക്ഷികളും യു.പി.എ സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഈ കരാര്‍ ഒപ്പിട്ടത് തൊട്ടാണെന്ന് കരുതുന്നവരുമുണ്ടാകാം. മന്ത്രിസഭാരൂപീകരണത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ നയപരമായ വിയോജിപ്പുകള്‍ പുറത്തുവന്നു തുടങ്ങിയിരുന്നു എന്നതാണ് സത്യം. ഈ വിയോജിപ്പുകളുടെ നാള്‍വഴിയേയും അവയില്‍ അന്തര്‍ലീനമായ നയപ്രശ്നങ്ങളേയും കുറിച്ച് പ്രതിപാദിക്കുന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യുന്നു.രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഗൌരവപൂര്‍വം വിലയിരുത്തുന്ന എല്ലാവര്‍ക്കും ഉപകാരപ്രദമായേക്കാവുന്ന തരത്തില്‍ ലിങ്കുകള്‍ വഴി കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്.

Unknown said...

ലേഖനത്തിനും ലിങ്കുകള്‍ക്കും നന്ദി...ഈ ലേഖനത്തില്‍ ഒരല്പം ചായ്‌വില്ലേ എന്ന് സംശയം. ..മറ്റൊരു സംശയം കൂടി ഉണ്ട്..ഇത്രയും ദരിദ്രമായ രാജ്യത്തില്‍ എന്തേ ഇടത് പക്ഷം വേരു പിടിക്കുന്നില്ല?

Anonymous said...

മന്‍‌മോഹന്‍ സിംഗിന്റെ അമേരിക്കന്‍ പ്രണയം കാണുമ്പോള്‍ ഈ കഥയാണ് ഓര്‍മ്മ വരുന്നത്,
“ പണ്ട് പണ്ട്, വളരെ പണ്ട്
ഒരു സുന്ദരന്‍ സുന്ദരിയോടു ചോദിച്ചു...
നിനക്കെന്നെ ഇഷ്ടമാണോ?
നമുക്കു കല്യാണം കഴിക്കാം?
വേണ്ട...അവള്‍ മൊഴിഞ്ഞു.
അതിനു ശേഷം വളരെക്കാലം
അയാള്‍ സുഖമായി ജീവിച്ചിരുന്നു”

ജിം said...

ജനാധിപത്യ വ്യവസ്ഥിതിയും, ചേരിചേരാ നയവും ഒക്കെ മന്മോഹന്‍ സിംഗ് മറന്ന മട്ടാണ്. അമേരിക്ക പറഞ്ഞു പഠിപ്പിച്ചതൊക്കെ അദ്ദേഹം കണ്ണുമടച്ചു വിശ്വസിച്ചിരിക്കുകയാണെന്നു തോന്നുന്നു .

എന്തു ചോദിച്ചാലും ഊര്‍ജ്ജം, ഊര്‍ജ്ജം എന്നു മാത്രമാണ് ഇപ്പോള്‍ മറുപടി. മറ്റൊന്നും അദ്ദേഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളല്ല എന്നു തോന്നും.

രാജ്യത്തിന്റെ പരമാധികാരത്തിന് ഭീക്ഷണിയായേക്കുമെന്ന് സംശയിക്കേണ്ടിയിരിക്കുന്ന ഇത്തരമൊരു കരാറില്‍ ഒപ്പിടാന്‍ കാണിക്കുന്ന വ്യഗ്രത, എന്തു വന്നാലും മുന്നോട്ടു പോകുമെന്ന ഭീക്ഷണി, കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള വൈമനസ്യം ഇതൊക്കെ കാണിക്കുന്നത് മന്‍മോഹന് എന്തോ ഹിഡണ്‍ അജണ്ട ഇക്കാര്യത്തില്‍ ഉണ്ട് എന്നു തന്നെയാണ്.

Anonymous said...

cherichera ennokke paranju kure angu undaakki

ennaa pinne china yu maayi sahakarikkaam, picha votinu vendi undaakkunna edathanmaarkku happy aavum

olkkede moottile communism

വിന്‍സ് said...

BY election vannirunnengil enthengilum okkey nadanneney. ee nasicha kammmunist koppanmar rajyam nasippikkum. cheeri cheera nayam ennokkey paranjirunna india oru chukkum aavan poovunnilla.