Saturday, April 23, 2011

പുസ്തകങ്ങള്‍ വഴിവിളക്കുകള്‍

1996 മുതലാണ് ഏപ്രില്‍ 23 ലോകപുസ്തകദിനമായി ആചരിച്ച് തുടങ്ങിയത്. വിശ്വപ്രസിദ്ധ നാടകകൃത്തും കവിയുമായ വില്യം ഷേക്സ്പിയറുടെ ജന്മദിനവും ചരമദിനവും കൂടിയാണിന്ന്. മഹാനായ ആ എഴുത്തുകാരനെ ആദരിക്കുന്നതോടൊപ്പം അക്ഷരങ്ങളുടെ ശക്തി തിരിച്ചറിയുന്നതിനും ഈ ദിനം പ്രയോജനപ്പെടുത്തണം.

അന്തര്‍ദേശീയ പുസ്തകസംഘടനയാണ് പുസ്തകദിനം എന്ന ആശയം അവതരിപ്പിച്ചത്. ജീവിതത്തില്‍ പുസ്തകങ്ങള്‍ക്കുള്ള സ്വാധീനം വളരെ വലുതാണ്. പഴയകാലത്ത് ജീവിച്ചിരുന്ന മഹാന്മാരാണ് പുസ്തകരൂപത്തില്‍ നമുക്കിടയില്‍ ജീവിക്കുന്നതെന്ന് മഹാകവി ഉള്ളൂര്‍ പാടിയിട്ടുണ്ട്. "ദൈവമാകാന്‍ എളുപ്പമാണ്. മനുഷ്യനാവാനാണ് പ്രയാസം"" എന്ന് പ്രൊഫ. എം കെ സാനു തന്റെ ഗ്രന്ഥത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മനുഷ്യനാവുന്നതിന് നിരന്തര പ്രയത്നവും പോരാട്ടവും ആവശ്യമാണ്. ഇതിന് പുസ്തകങ്ങള്‍ സഹായിക്കും.

എഴുത്തുകാരെ "മനുഷ്യാത്മാവിന്റെ എന്‍ജിനിയര്‍മാര്‍"" എന്ന് ലെനിന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. അനുഭവങ്ങള്‍ക്കാണ് എഴുത്തുകാര്‍ അക്ഷരഭാഷ്യം ചമയ്ക്കുന്നത്. അവ വായിച്ചും ചിന്തിച്ചും മനസ്സില്‍ വേദനകളും ഉല്‍ക്കണ്ഠകളും ഉടലെടുക്കണം. മാറ്റത്തിന് തിരിതെളിക്കുന്നത് ഈ വികാരങ്ങളാണ്. "അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്"" എന്ന നാടകം വി ടി ഭട്ടതിരിപ്പാടിന്റെ വിപ്ലവ പ്രവര്‍ത്തനമായിരുന്നു. കേരളീയ ജീവിതത്തിലെ സാമൂഹ്യപരിഷ്കരണങ്ങളെല്ലാം വിപ്ലവങ്ങളാണ്. ഇതിനുള്ള ആയുധങ്ങളാണ് പുസ്തകങ്ങള്‍.

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഇത്തിരിനേരം വായനയില്‍ ഏര്‍പ്പെടുക എന്നതാണ് ഈ ദിനം നല്‍കുന്ന സന്ദേശം.

കേരളം ലോകത്തിന് നല്‍കിയ സംഭാവനയാണ് ഗ്രന്ഥശാല പ്രസ്ഥാനം. ജീവിതത്തിന്റെ ഇടവഴികളിലെല്ലാം ഗ്രന്ഥശാലകള്‍ പ്രതികരിക്കുന്നു. മനുഷ്യഹൃദയത്തിലേക്കാണ് അവ പ്രകാശം പ്രസരിപ്പിക്കുന്നത്. പുറത്തെ ഇരുട്ടകറ്റാന്‍ വിളക്ക് കൊളുത്തിയാല്‍ മതിയാകും. എന്നാല്‍, മനസ്സിലെ ഇരുട്ടകറ്റാന്‍ അക്ഷരംതന്നെ വേണമെന്നാണ് എന്‍ വി കൃഷ്ണവാര്യര്‍ പാടിയത്.

വായനയെന്നാല്‍ പുസ്തകങ്ങളുടെ ഉള്ളടക്കം ഓര്‍ത്തുവയ്ക്കുന്ന പ്രക്രിയയല്ല. പുസ്തകം തുറന്നുവിടുന്ന ആശയങ്ങള്‍ക്ക് സാമൂഹ്യജീവിതത്തില്‍ പ്രായോഗികത കൈക്കൊള്ളാനുള്ള പ്രേരണ ചെലുത്തലാണ്. വായന വഴി സാധാരണക്കാരുടെ ഭാഷയ്ക്കും സംസ്കാരത്തിനും തെളിച്ചം ലഭിക്കുന്നു. അവന്റെ ജീവിതത്തെ അംഗീകരിക്കപ്പെടുന്ന നിലയിലേക്ക് ഉയര്‍ത്തപ്പെടുന്നു. ഓരോ പുതിയ പുസ്തകവും നവീനമായ സംസ്കൃതി ഉല്‍പ്പാദിപ്പിക്കുന്നു. മനുഷ്യന്‍ യുക്തിബോധമുള്ള മൃഗം മാത്രമല്ല ചിന്താശേഷിയുമുള്ളവനുമാകുന്നു. നന്മകളാല്‍ സമൃദ്ധമായ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാംസ്കാരികാന്തരീക്ഷം നിലനിര്‍ത്താന്‍ പുസ്തകങ്ങള്‍ക്ക് കഴിയും. അക്ഷരംചൊല്ലിയും അക്കങ്ങള്‍കൂട്ടിയും വികസിച്ച നമ്മുടെ വിജ്ഞാനലോകം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും വായന അത്യന്താപേക്ഷിതമാണ്.


*****


പയ്യന്നൂര്‍ കുഞ്ഞിരാമന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഏപ്രില്‍ 23: ലോകപുസ്തകദിനം