Monday, April 4, 2011

കേരളം ഒന്നാമതുതന്നെ

ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടനപത്രികയില്‍ വാഗ്ദാനംചെയ്യുന്നത് കേരളത്തിന് പുതിയ വികസനമാതൃകയാണ്. വിവിധ രംഗങ്ങളില്‍ കേരളം ആര്‍ജിച്ച മുന്നേറ്റം സംരക്ഷിക്കാനും കൂടുതല്‍ മുന്നോട്ടുപോകാനും കഴിഞ്ഞ അഞ്ചുകൊല്ലത്തെ ഭരണത്തിന്റെ തുടര്‍ച്ച ഉണ്ടാകേണ്ടത് അനിവാര്യമാണ്. അഞ്ചുകൊല്ലം യുഡിഎഫ് ഭരിച്ച് നാടിനെ കൊള്ളയടിക്കുക; പിന്നെ അഞ്ചുകൊല്ലം എല്‍ഡിഎഫ് കഠിനാധ്വാനംചെയ്ത് ആ മുറിവുകള്‍ ഉണക്കുകയും വികസനമുന്നേറ്റമുണ്ടാക്കുകയും ചെയ്യുക എന്നതാണ് കേരളത്തിന്റെ പതിവ്. ഇത്തവണയും നാടിന് അങ്ങനെ ഒരു ദുര്യോഗം വേണമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം.

ഭരണം കൈയിലെത്തുന്ന നിമിഷം നടത്താനുള്ള കച്ചവടങ്ങളും അഴിമതിയും ആസൂത്രണംചെയ്യുന്ന യുഡിഎഫ് സംവിധാനത്തെ ഇനിയും ഈ നാട് പേറേണ്ടതുണ്ടോ എന്നതാണ് വോട്ടര്‍മാരുടെ മുന്നിലുള്ള ചോദ്യം. അങ്ങനെയൊരു ചോദ്യം ജനങ്ങള്‍ ഗൌരവമായി ചര്‍ച്ചചെയ്യുന്നത് യുഡിഎഫും അതിന്റെ പ്രചാരണനായകനായ എ കെ ആന്റണിയും മനസിലാക്കുന്നു എന്നുവേണം കരുതാന്‍. അതുകൊണ്ടാണ്, 'കേരളത്തെ മുന്നിലെത്തിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം' എന്നും എല്‍ഡിഎഫ് 'കേരളത്തെ ബംഗാള്‍ ആക്കു'മെന്നും ആന്റണി ആവര്‍ത്തിക്കുന്നത്.

കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത് കേന്ദ്രസര്‍ക്കാരാണെന്ന വലിയ നുണ ആന്റണിയില്‍നിന്നു വന്നത് ആശ്ചര്യകരംതന്നെ. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേരളത്തില്‍ കര്‍ഷകര്‍ കടക്കെണിയില്‍പെട്ട് ആത്മഹത്യ ചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷക കടാശ്വാസ നിയമം നടപ്പാക്കി. കടം എഴുതിത്തള്ളി. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കി. അവര്‍ക്ക് തുടര്‍ന്ന് കൃഷിചെയ്യാനും ജീവിക്കാനും സാമ്പത്തിക സഹായവും പദ്ധതികളും നടപ്പാക്കി. അതിന്റെ ഫലമായാണ് കര്‍ഷക ജനതയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത്. കോൺഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലും ആന്ധ്രയിലും ഇന്നും നൂറുകണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. കേരളം സ്വീകരിച്ച മാതൃകയില്‍ നിയമനിര്‍മാണവും നടപടികളും വേണമെന്നാണ് അവിടെയെല്ലാമുള്ള കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്. കോൺഗ്രസ് ഭരിക്കുന്നയിടങ്ങളില്‍ കേരളത്തില്‍ കഴിഞ്ഞതുപോലെ ആത്മഹത്യ ഇല്ലാതാക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല എന്നാണ് ആന്റണി പറയേണ്ടത്.

കേരളത്തെ മുന്നിലെത്തിക്കും എന്ന് പറയുമ്പോള്‍ ഇന്ന് നമ്മുടെ നാട് മുന്നിലല്ല എന്നാണതിനര്‍ഥം. കേന്ദ്രമന്ത്രി എന്ന നിലയില്‍ അത്തരമൊരു പ്രസ്താവന നടത്താന്‍ ആന്റണിക്ക് അവകാശമില്ല. കാരണം അദ്ദേഹം അടങ്ങുന്ന കേന്ദ്രസക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അംഗീകരിച്ച് കേരളത്തിന് നിരവധി പുരസ്കാരങ്ങള്‍ നല്‍കിയിട്ടുള്ളത്. ഏറ്റവുമൊടുവില്‍, പുരോഗമനപരമായ രീതിയില്‍ അധികാര വികേന്ദ്രീകരണം സുസ്ഥിരമായി നടപ്പാക്കിയതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ 2010-11ലെ അവാര്‍ഡാണ് കേരളത്തിന് ലഭിച്ചത്. കേന്ദ്രസര്‍ക്കാരില്‍നിന്നും വിവിധ ദേശീയ-അന്തര്‍ദേശീയ ഏജന്‍സികളില്‍നിന്നുമായി അഞ്ചുവര്‍ഷത്തിനിടെ ഇരുപത്തഞ്ചിലേറെ പുരസ്കാരങ്ങള്‍ കേരളത്തിനു കിട്ടി. അധികാര വികേന്ദ്രീകരണത്തിനുള്ള അവാര്‍ഡ് തുടര്‍ച്ചയായി രണ്ടാം തവണയാണ് ലഭിക്കുന്നത്. വിവിധ രംഗങ്ങളില്‍ രാജ്യത്തെ മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡുകള്‍ ഏറ്റവും കൂടുതല്‍ നേടിയ സംസ്ഥാനങ്ങളില്‍ മുന്നില്‍തന്നെയാണ് കേരളം.

അടിസ്ഥാനസൌകര്യവികസനം, പരിസ്ഥിതി, ആരോഗ്യസംരക്ഷണം, വികസനം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക്, മികച്ച ക്രമസമാധാനപാലനത്തിന്, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഫലപ്രദമായി നടപ്പാക്കിയതിന്, ശുചിത്വപദ്ധതികള്‍ക്ക്, ആരോഗ്യ വിദ്യാഭ്യാസരംഗത്തെ മികച്ചപ്രവര്‍ത്തനത്തിന്, ഏഷ്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ളത്, മികച്ച ടൂറിസം സ്റ്റേറ്റിനുള്ളത്, പഞ്ചായത്ത് രാജ് പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ ശാക്തീകരണത്തിനും പദ്ധതികള്‍ക്കുമായി ഏറ്റവും പ്രയോജനകരമായി ഫണ്ട് വിനിയോഗിച്ചതിന്, ഇ- ഗ്രാന്റ്സ് പദ്ധതിക്ക്, ഊര്‍ജ സംരക്ഷണത്തിന്, ഊര്‍ജമേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന്, ശുദ്ധജല വിതരണ രംഗത്തെ മികച്ചപ്രകടനത്തിന്, ഹയര്‍സെക്കന്‍ഡറി അലോട്ട്മെന്റിനുള്ള ഏകജാലകം-സേവനം തുടങ്ങിയ പദ്ധതികള്‍ക്ക്, ഇന്ദിരാപ്രിയദര്‍ശിനി വൃക്ഷമിത്രപുരസ്കാരം-ഇങ്ങനെ നിരവധി അവാര്‍ഡുകള്‍ കേരളം കരസ്ഥമാക്കിയപ്പോള്‍ ആന്റണിയുടെ പാര്‍ടി അത് അംഗീകരിക്കാനോ നാടിന്റെ നേട്ടത്തില്‍ സന്തോഷിക്കാനോ അല്ല തയ്യാറായത്. പകരം, ഇനി കേരളത്തിന് അവാര്‍ഡുകളൊന്നും കൊടുക്കരുത് എന്ന് യുപിഎ നേതൃത്വത്തില്‍ സമ്മര്‍ദംചെലുത്താനാണ്. വയലാര്‍ രവിയുടെ നേതൃത്വത്തില്‍ കോൺഗ്രസ് എംപിമാര്‍, കേരളത്തിന് പുരസ്കാരങ്ങള്‍ നല്‍കരുത് എന്ന് ആവശ്യപ്പെട്ടതിനോട് ആന്റണി പ്രതികരിച്ചതായി അറിവില്ല. ഇത്രയേറെ സങ്കുചിതമായ സമീപനം മറ്റൊരു പാര്‍ടിയും സ്വീകരിക്കാറില്ല.

രണ്ടുരൂപയ്ക്ക് അരി കൊടുക്കുന്ന പദ്ധതി പരാതിപ്പെട്ട് അട്ടിമറിക്കാന്‍ ശ്രമിച്ചതും ആന്റണിയുടെ പാര്‍ടിതന്നെ. ഇങ്ങനെയുള്ളവരാണോ കേരളത്തെ ഒന്നാമതാക്കാന്‍ പോകുന്നത്? ഏതാണ് കേരളത്തിനു ആന്റണി കാണിക്കുന്ന മാതൃക? കേന്ദ്ര യുപിഎ സര്‍ക്കാരിന്റേതാണോ? കേന്ദ്രമന്ത്രിയും കോര്‍പറേറ്റ് മേധാവികളും കൂട്ടുപ്രതികളായി 2ജി സ്പെക്ട്രം കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം യുപിഎ സര്‍ക്കാര്‍ കോര്‍പറേറ്റുകളുമായി ചേര്‍ന്ന് നടത്തുന്ന കൊള്ളയ്ക്ക് തെളിവല്ലേ? മന്ത്രിയായിരുന്ന രാജ ജയിലില്‍ കിടക്കുമ്പോള്‍, റിലയന്‍സ് പോലുള്ള വന്‍കിട കമ്പനികളുമായി കൂട്ടുചേര്‍ന്നാണ് കൊള്ള നടത്തിയത് എന്ന് സംശയാതീതമായി തെളിയിക്കപ്പെടുമ്പോള്‍ ആ മാതൃകയാണോ കേരളത്തിലേക്ക് പകര്‍ത്താന്‍ ഉദ്ദേശിക്കുന്നത് എന്നു പറയാനുള്ള ബാധ്യത ആന്റണിക്കുണ്ട്. എല്‍ഡിഎഫ് ആ വഴിയേ അല്ല.

പടിഞ്ഞാറന്‍ ബംഗാളില്‍ ഇടതുപക്ഷ മുന്നണിയുടെ ഭരണം അട്ടിമറിക്കാന്‍ തൃണമൂല്‍ കോൺഗ്രസ് എന്ന പ്രാകൃത പ്രസ്ഥാനവുമായും മാവോയിസ്റുകളുമായും മറ്റ് സങ്കുചിത ഗ്രൂപ്പുകളുമായും കോൺഗ്രസ് കൈകോര്‍ക്കുന്നു. അത്തരം സഖ്യം ദൃഢപ്പെടുത്താന്‍ സാമ്രാജ്യത്വ ഇടപെടല്‍ ഉണ്ടായി എന്നും വാര്‍ത്ത വന്നിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രവും മറ്റൊന്നല്ല. ആരുമായും ചേര്‍ന്ന്, ഏതുമാര്‍ഗത്തിലൂടെയും അധികാരത്തിലെത്താനാണ് എല്ലാകാലത്തും കോൺഗ്രസ് ശ്രമിച്ചിട്ടുള്ളത്. 'കേരളം ബംഗാളാകും' എന്ന് ആന്റണി പറയുന്നതിന്റെ അര്‍ഥം, ബംഗാളിലേതുപോലെ പരസ്യവും വിചിത്രവുമായ മഴവില്‍സഖ്യമുണ്ടാക്കി ഇടതുപക്ഷത്തെ ആക്രമിക്കാന്‍ കോൺഗ്രസ് തയ്യാറാകും എന്നാണ്.

തെരഞ്ഞെടുപ്പ് രംഗത്ത് മൂര്‍ത്തമായ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാതെ സാങ്കല്‍പ്പികവും തൊലിപ്പുറമെയുള്ളതുമായ വിഷയങ്ങളില്‍ ശ്രദ്ധ തളച്ചിടാനാണ് ആന്റണി ശ്രമിക്കുന്നത്. കേരളം ഇന്ന് ഒന്നാമതാണെന്ന് ജനങ്ങള്‍ മനസിലാക്കുന്നത് ആരെങ്കിലും പറയുന്നത് കേട്ടല്ല- അനുഭവങ്ങളിലൂടെയാണ്. ആ ഒന്നാംസ്ഥാനത്തിന് കൂടുതല്‍ തിളക്കം നല്‍കാന്‍ എല്‍ഡിഎഫിനു മാത്രമേ കഴിയൂ എന്നാണ് ഇന്നാട്ടിലെ സാധാരണ ജനങ്ങള്‍ കരുതുന്നത്. കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ 2ജി സ്പെക്ട്രം മാതൃകയിലുള്ള ഒന്നാം സ്ഥാനമല്ല കേരളത്തിനാവശ്യം. ജനക്ഷേമകരവും ആഗോളവല്‍ക്കരണക്കെടുതികളെ പ്രതിരോധിക്കുന്നതുമായ ബദല്‍ നയങ്ങള്‍ നടപ്പാക്കുന്നതിലെ ബംഗാള്‍ മാതൃകയാണ്; തൃണമൂല്‍ നശീകരണ മഴവില്‍ സഖ്യത്തിന്റെ മാതൃകയല്ല കേരളത്തിനുവേണ്ടത്. അത് ഉറപ്പിക്കാനാണ് ജനങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കുക.


*****


പിണറായി വിജയന്‍

No comments: