Tuesday, April 12, 2011

നെഹ്റു മുതല്‍ മന്‍മോഹന്‍ വരെ

സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യത്തെ രണ്ടു പതിറ്റാണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നെഹ്റു യുഗമായിരുന്നു. അതിനുശേഷമുള്ള രണ്ടു പതിറ്റാണ്ട് നെഹ്റുയുഗത്തിന്റെ ഹാങ്ങോവര്‍ കാലമായിരുന്നു- ആ യുഗത്തിന്റെ ലഹരി ഇറങ്ങിത്തുടങ്ങുന്ന കാലം. അതിനുശേഷം ഇന്നുവരെയുള്ളത് നെഹ്റു വിരുദ്ധകാലവും. ആദ്യയുഗം സൃഷ്ടിയുടേതാണെങ്കില്‍ മൂന്നാമത്തേത് സംഹാരത്തിന്റേതാണ്. നെഹ്റുയിസത്തെ ചാമ്പലാക്കി ചുടലനൃത്തം ചെയ്യുകയാണ് മന്‍മോഹന്‍സിങ്. അമേരിക്ക കണ്ടെത്തിയ സാമ്പത്തിക വിദഗ്ധന്‍. ആദ്യം ധനമന്ത്രിയായും ഇപ്പോള്‍ പ്രധാനമന്ത്രിയായും തന്റെ സംഹാരതാണ്ഡവ ദൌത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.

1930, 40കളിലെ സാര്‍വദേശീയ സാഹചര്യങ്ങളുടെ സൃഷ്ടിയാണ് നെഹ്റു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം സജീവമാകുന്നത് ഇരുപതുകളുടെ അവസാനത്തിലാണ്. അക്കാലത്ത് മുതലാളിത്ത ലോകത്തെ പിടിച്ചുകുലുക്കിയ സാമ്പത്തികമാന്ദ്യം ബാധിക്കാത്ത ഏക രാജ്യം സോവിയറ്റ് യൂണിയനായിരുന്നു. ആസൂത്രിത സമ്പദ്ഘടനയുടെ ഫലമായി സോവിയറ്റ് യൂണിയന്‍ കൈവരിച്ച നേട്ടങ്ങള്‍ നെഹ്റുവിനെയും സഹപ്രവര്‍ത്തകരെയും ആവേശഭരിതരാക്കി. അതാണ് അദ്ദേഹത്തെ സോഷ്യലിസത്തിലേക്ക് ആകര്‍ഷിക്കാനും കോൺഗ്രസിനുള്ളില്‍ സോഷ്യലിസ്റ് ഗ്രൂപ്പ് സ്ഥാപിക്കാനും പ്രേരിപ്പിച്ചത്. 1934ല്‍ കോഗ്രസ് സോഷ്യലിസ്റ് പാര്‍ടി രൂപംകൊണ്ടു.

ഭരണഘടനാ നിര്‍മാണ സഭയില്‍ ലക്ഷ്യപ്രഖ്യാപനരേഖ അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. അതാണ് ഭരണഘടനയുടെ പ്രിയാമ്പിള്‍ ആയി അംഗീകരിക്കപ്പെട്ടത്. ആസൂത്രിത സമ്പദ്ഘടന, ക്ഷേമരാഷ്ട്രം, സോഷ്യലിസം തുടങ്ങിയ ആശയങ്ങളാണ് ഭരണകര്‍ത്താവായപ്പോള്‍ അദ്ദേഹം സ്വീകരിച്ചത്. സാര്‍വദേശീയരംഗത്താകട്ടെ സാമ്രാജ്യത്വ വിരുദ്ധ നിലപാടും സ്വീകരിച്ചു. അതാണ് പിന്നീട് ചേരിചേരാപ്രസ്ഥാനത്തിനു രൂപംകൊടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ പ്രേരണയായത്.

ഇന്ത്യന്‍ ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവം നെഹ്രുവിന്റെ അത്തരം നയങ്ങളെ പിന്തുണയ്ക്കുന്നതല്ല. പാര്‍ടിയിലെ സമ്മര്‍ദത്തെ തുടര്‍ന്ന് പിന്നീട് നെഹ്റു ഒത്തുതീര്‍പ്പിനു വഴങ്ങി. സോഷ്യലിസ്റ് മുഖംമൂടി അണിഞ്ഞുകൊണ്ടുതന്നെ സ്വകാര്യ മുതലാളിമാരെ വളരാന്‍ അനുവദിച്ചു. ടാറ്റ, ബിര്‍ള, ഗോയങ്ക, സിംഘാനിയ തുടങ്ങിയ സ്വകാര്യ വ്യവസായ ഗ്രൂപ്പുകള്‍ വ്യവസായ ഭീമന്മാരായി വളര്‍ന്നു. നെഹ്റുവിനു ശേഷം ലാല്‍ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായി. ഇന്ത്യ കണ്ട ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രി. 1965 ജനുവരിയില്‍ താഷ്കെന്റില്‍ വച്ച് ശാസ്ത്രി അന്തരിച്ചു. തുടര്‍ന്ന് ഇന്ദിരഗാന്ധി പ്രധാനമന്ത്രിയായി. നെഹ്റു തുടങ്ങിവച്ച പൊതുമേഖലാ വികസനനയം ഇന്ദിരഗാന്ധിയും പിന്തുടര്‍ന്നു. എന്നാല്‍, നെഹ്റുയിസത്തിനു നിരക്കാത്ത ജനാധിപത്യ ധ്വംസനം ഇന്ദിര തുടങ്ങിവച്ചു. നെഹ്റുയിസത്തിന്റെ ലഹരി കോൺഗ്രസില്‍ നിന്ന് ഇറങ്ങിത്തുടങ്ങിയതും ഇന്ദിരയുടെ കാലത്താണ്.

1991ല്‍ രാജീവ്ഗാന്ധിയുടെ വധത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ കോൺഗ്രസ് നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കി. അന്നുവരെ ഇക്കണോമിക് പ്രൊഫസര്‍ എന്ന നിലയില്‍ മാത്രം അറിയപ്പെട്ടിരുന്ന മന്‍മോഹന്‍സിങ് ധനമന്ത്രിയായി. ഊര്‍ധ്വംവലിച്ചുകൊണ്ടിരുന്ന നെഹ്റുയിസത്തെ ചുട്ടുചാമ്പലാക്കിയത് റാവുവും മന്‍മോഹനും ചേര്‍ന്നാണ്. മൂലധനത്തിന്റെയും ചരക്കുകളുടെയും സേവനങ്ങളുടെയും ആശയങ്ങളുടെയും സ്വൈരസഞ്ചാരത്തിനു വഴിയൊരുക്കുന്ന ആഗോളവല്‍ക്കരണമെന്ന സാമ്രാജ്യത്വ തന്ത്രത്തിന്റെ വക്താവായി മന്‍മോഹന്‍ മാറി.

പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നൊന്നായി സ്വകാര്യവല്‍ക്കരിക്കാന്‍ ആരംഭിച്ചു. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരികള്‍ സ്വകാര്യമേഖലയ്ക്കു വിറ്റു. വിദേശ ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു. നവരത്നപ്പട്ടികയില്‍പ്പെട്ട വ്യവസായ സ്ഥാപനങ്ങളെപ്പോലും സ്വകാര്യവല്‍ക്കരിച്ചു. സൈനികോപകരണ ഉല്‍പ്പാദനരംഗവും ബഹിരാകാശഗവേഷണവും വ്യോമഗതാഗതവും സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തു. ഇന്ത്യ അതിവേഗം സാമ്രാജ്യത്വ കടന്നുകയറ്റത്തിന്റെ ഇരയായിതീര്‍ന്നു.

കേന്ദ്രം ഭരിച്ച ബിജെപി സര്‍ക്കാരും സാമ്പത്തിക നയങ്ങളില്‍ ഒരു മാറ്റവും വരുത്തിയില്ല. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിനു വേണ്ടി ഒരു പ്രത്യേക വകുപ്പു തന്നെ രൂപീകരിച്ചു. ഡിസ്ഇന്‍വെസ്റ്മെന്റ് വകുപ്പ് എന്നായിരുന്നു അതിന്റെ പേര്. അരുൺ ഷൂരി എന്ന മുന്‍ പത്രപ്രവര്‍ത്തകനെ വകുപ്പു മന്ത്രിയുമാക്കി. പൊതുമേഖലയെ വിറ്റുതുലയ്ക്കാന്‍ എന്നതിന് പുതിയ വഴികള്‍ കണ്ടെത്താനായിരുന്നു ശ്രമം. അതുകൊണ്ടാണ് ഇടതുപക്ഷം അന്നുപറഞ്ഞത് സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ കോഗ്രസും ബിജെപിയും തമ്മില്‍ വ്യത്യാസമില്ലെന്ന്.

ഇന്ത്യയുടെ ഈ നയവ്യതിയാനത്തിന് സാര്‍വദേശീയ സാഹചര്യം കൂടിയുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും സോഷ്യലിസ്റ് ചേരിയുടെ തിരോധാനവും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അതിക്രമങ്ങള്‍ക്ക് പ്രോത്സാഹനമായി. ഏകലോകക്രമമെന്ന പേരില്‍ അതിനു ദാര്‍ശനിക പരിവേഷം നല്‍കാന്‍ എഴുത്തുകാരും സന്നദ്ധരായി. നെഹ്റുവും നാസറും ടിറ്റോയും ചേര്‍ന്നു സ്ഥാപിച്ച ചേരിചേരാപ്രസ്ഥാനത്തെ തകര്‍ത്തതും ഇക്കാലത്തായിരുന്നു. മുതലാളിത്തചേരിയും സോഷ്യലിസ്റ് ചേരിയും രണ്ടു ധ്രുവത്തിലായി നിന്ന അമ്പതുകളിലെ സാഹചര്യത്തിലായിരുന്നു ചേരിചേരായ്മ ഉടലെടുത്തത്. അതേപ്പറ്റി നെഹ്റു പറഞ്ഞത് വളരെ ശ്രദ്ധേയമാണ്. ചേരിചേരായ്മ എന്നുപറയുന്നത് നിഷ്പക്ഷതയല്ല. അത് സാമ്രാജ്യത്വവിരുദ്ധമായ നിലപാടാണ്, കോളനി രാജ്യങ്ങളെയും നവജാത സ്വതന്ത്രരാഷ്ട്രങ്ങളെയും സാമ്രാജ്യത്വ വിരുദ്ധ പാതയില്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള ശ്രമമാണത്. ഈ നയത്തിനാണ് 1991 മുതല്‍ തിരിച്ചടിയേറ്റത്.

സാമ്രാജ്യത്വ വിരുദ്ധചേരിയില്‍ നിന്നു സാമ്രാജ്യത്വ ചേരിയിലേക്ക് ഇന്ത്യയുടെ ചുവടുമാറ്റം പൂര്‍ത്തിയാകുന്നത് നരസിംഹറാവുവിന്റെ കാലത്താണ്. അക്കാലത്തും അതിനുശേഷവും അന്താരാഷ്ട്രരംഗത്ത് അമേരിക്കയുടെ വിദേശനയത്തെ വിമര്‍ശിക്കുന്നതില്‍നിന്ന് ഇന്ത്യ ഒഴിഞ്ഞുനിന്നു. പല രംഗത്തും അമേരിക്കയുടെ ചട്ടുകമായി ഇന്ത്യ പരിണമിച്ചു. നെഹ്റുയിസത്തിന്റെ മൂന്ന് അടിസ്ഥാനശിലകളായ പൊതുമേഖലാ വികസനം, ചേരിചേരായ്മ, മതനിരപേക്ഷത എന്നീ തത്വങ്ങളെ കൊലചെയ്തത് നരസിംഹറാവുവും മന്‍മോഹന്‍സിങ്ങും കൂടിയാണ്. രണ്ടുപേരും അമേരിക്കന്‍ സാമ്രാജ്യത്വത്തിനു വേണ്ടപ്പെട്ടവരാണ്. അവരില്‍ അവശേഷിക്കുന്നത് മന്‍മോഹന്‍സിങ് മാത്രം. അമേരിക്കയുടെയും ബഹുരാഷ്ട്ര കുത്തകകളുടെയും താല്‍പ്പര്യങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ സംരക്ഷിക്കാന്‍ പ്രാപ്തനാണ് ഈ അര്‍ഥശാസ്ത്ര പ്രൊഫസര്‍ എന്ന് സാമ്രാജ്യത്വത്തിനു നന്നായിട്ടറിയാം. അതുകൊണ്ടാണല്ലോ ഇപ്പോഴത്തെ ബജറ്റിലും ധനമാര്‍ഗത്തിലൊന്നായി പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വില്‍പ്പനയെ കാണുന്നത്.

കേരള രാഷ്ട്രീയത്തിലും നരസിംഹറാവു- മന്‍മോഹന്‍സിങ് പ്രഭൃതികളുടെ അരങ്ങേറ്റം നയവ്യതിയാനത്തിന്റെ കാലമായിരുന്നു. രാജീവ്ഗാന്ധിയുടെ വധം സൃഷ്ടിച്ച സഹതാപതരംഗത്തിലൂടെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലേറിയ യുഡിഎഫ് ആദ്യം കരുണാകരനിലൂടെയും അതിനുശേഷം എ കെ ആന്റണിയിലൂടെയും നടപ്പാക്കിയ നയങ്ങള്‍ അതേവരെ കേരളം വളര്‍ത്തിക്കൊണ്ടുവന്ന പൊതുമണ്ഡലത്തിലെ മൂല്യങ്ങളെ നിരാകരിക്കുന്നവയായിരുന്നു. ബാബറി പള്ളി തകര്‍ക്കല്‍ കേരളത്തിലെ മുസ്ളിങ്ങളെ അങ്ങേയറ്റം വേദനിപ്പിച്ച സംഭവമായിരുന്നു. കേരളത്തില്‍ മുസ്ളിം തീവ്രവാദത്തിന് വേരോട്ടമുണ്ടാക്കിക്കൊടുത്തത് ബാബ്റി സംഭവമാണ്. അതിനു കാരണക്കാര്‍ കോൺഗ്രസും.

നെഹ്റുയിസത്തിന് സൈദ്ധാന്തികവും അക്കാദമികവുമായ ഒരു തലമുണ്ട്. അതിനെ ഇല്ലായ്മ ചെയ്യണമെങ്കിലും ആ തലത്തിലുള്ള കരുക്കള്‍ വേണം. അതുകൊണ്ടാണ് അക്കാദമീഷ്യനായ മന്‍മോഹന്‍സിങ്ങിനെ സാമ്രാജ്യത്വം കണ്ടെത്തിയത്. വിദ്യാസമ്പന്നരുടെയും മധ്യവര്‍ഗത്തിന്റെയുമിടയില്‍ പണ്ഡിതന്മാര്‍ക്ക് മാന്യമായ സ്ഥാനമാണ് ഉള്ളത്. മധ്യവര്‍ഗത്തിന്റെ ഈഗോയെ തൃപ്തിപ്പെടുത്താനും അവരുടെ അംഗീകാരം നേടാനും ബുദ്ധിജീവി പരിവേഷമുള്ളവര്‍ക്കാണ് കഴിയുക. അതുകൊണ്ട് സാമ്രാജ്യത്വത്തിനു പഥ്യമായിട്ടുള്ളത് അത്തരക്കാരെയാണ്. നവലിബറല്‍ ആശയങ്ങള്‍ ജനങ്ങള്‍ക്ക് സ്വീകാര്യതയുള്ളതാക്കാന്‍ അക്കാദമീഷ്യന്മാരുടെ സ്വീകാര്യതയെ ഉപയോഗപ്പെടുത്തുകയാണ് സാമ്രാജ്യത്വം ചെയ്യുന്നത്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ലോകബാങ്കിലെ മുന്‍ ഉദ്യോഗസ്ഥനായ മന്‍മോഹന്‍ സിങ് എന്ന ഇക്കണോമിക്സ് പ്രൊഫസര്‍. എന്നാല്‍, പുരോഗമന വീക്ഷണമുള്ളവരും ദേശസ്നേഹികളും അദ്ദേഹത്തെ വിലയിരുത്തുക നെഹ്റുയിസത്തെ ഉന്മൂലനം ചെയ്ത അന്തകനായിട്ടായിരിക്കും.


*****


വി കാര്‍ത്തികേയന്‍ നായര്‍, കടപ്പാട് :ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നെഹ്റുയിസത്തിന് സൈദ്ധാന്തികവും അക്കാദമികവുമായ ഒരു തലമുണ്ട്. അതിനെ ഇല്ലായ്മ ചെയ്യണമെങ്കിലും ആ തലത്തിലുള്ള കരുക്കള്‍ വേണം. അതുകൊണ്ടാണ് അക്കാദമീഷ്യനായ മന്‍മോഹന്‍സിങ്ങിനെ സാമ്രാജ്യത്വം കണ്ടെത്തിയത്. വിദ്യാസമ്പന്നരുടെയും മധ്യവര്‍ഗത്തിന്റെയുമിടയില്‍ പണ്ഡിതന്മാര്‍ക്ക് മാന്യമായ സ്ഥാനമാണ് ഉള്ളത്. മധ്യവര്‍ഗത്തിന്റെ ഈഗോയെ തൃപ്തിപ്പെടുത്താനും അവരുടെ അംഗീകാരം നേടാനും ബുദ്ധിജീവി പരിവേഷമുള്ളവര്‍ക്കാണ് കഴിയുക. അതുകൊണ്ട് സാമ്രാജ്യത്വത്തിനു പഥ്യമായിട്ടുള്ളത് അത്തരക്കാരെയാണ്. നവലിബറല്‍ ആശയങ്ങള്‍ ജനങ്ങള്‍ക്ക് സ്വീകാര്യതയുള്ളതാക്കാന്‍ അക്കാദമീഷ്യന്മാരുടെ സ്വീകാര്യതയെ ഉപയോഗപ്പെടുത്തുകയാണ് സാമ്രാജ്യത്വം ചെയ്യുന്നത്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ലോകബാങ്കിലെ മുന്‍ ഉദ്യോഗസ്ഥനായ മന്‍മോഹന്‍ സിങ് എന്ന ഇക്കണോമിക്സ് പ്രൊഫസര്‍. എന്നാല്‍, പുരോഗമന വീക്ഷണമുള്ളവരും ദേശസ്നേഹികളും അദ്ദേഹത്തെ വിലയിരുത്തുക നെഹ്റുയിസത്തെ ഉന്മൂലനം ചെയ്ത അന്തകനായിട്ടായിരിക്കും.