Tuesday, April 5, 2011

കേരളത്തിന്റെ വികസനം മുടക്കുന്നത് കോൺഗ്രസ്സല്ലേ?

കേരളത്തിന്റെ വളര്‍ച്ചയില്‍ എന്നെങ്കിലും പിന്നോട്ടടി ഉണ്ടായിട്ടുണ്ടെങ്കില്‍ അത് യുഡിഎഫ് ഭരിച്ച കാലത്തുമാത്രമാണ്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കും സംസ്ഥാനത്തിന്റെ വികസനം മുരടിപ്പിക്കുന്നതില്‍ തുല്യപങ്കാളിത്തമുണ്ട്. രണ്ടു വിഷയത്തിലും പ്രതിസ്ഥാനത്ത് കോൺ‌ഗ്രസാണ്. മൂന്നുവട്ടം കേരളത്തിന്റെ മുഖ്യമന്ത്രിയും മൂന്നുവട്ടം ഇവിടെനിന്നുള്ള കേന്ദ്രമന്ത്രിയും യുപിഎ സര്‍ക്കാരില്‍ പ്രധാനിയുമായ എ കെ ആന്റണി രണ്ടുനിലയിലും വികസനം മുടക്കികളുടെ നേതൃസ്ഥാനത്താണ്. കേന്ദ്രനയങ്ങള്‍മൂലം അനേകം കര്‍ഷകര്‍ കടംകയറി ജീവനൊടുക്കിയ ഘട്ടത്തിലാണ് ആന്റണിക്ക് സംസ്ഥാന മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നതെന്നതും വിസ്മരിക്കാവുന്നതല്ല.

എന്തുകൊണ്ട് കേന്ദ്രം കേരളത്തെ ക്രൂരമായി അവഗണിക്കുന്നു; ദ്രോഹിക്കുന്നു എന്ന് പരിശോധിക്കുമ്പോള്‍ ആന്റണി പ്രതിനിധാനംചെയ്യുന്ന പാര്‍ടിയുടെ നിഷേധാത്മക നിലപാടുകളേ കാണാന്‍ കഴിയൂ. കോൺ‌ഗ്രസ് ദീര്‍ഘകാലം ഭരിച്ച സംസ്ഥാനങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് കേരളമാണ് പിഴയൊടുക്കേണ്ടിവരുന്നത്. അവിടങ്ങളിലെ മാനദണ്ഡംവച്ച് കേന്ദ്രം പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ കേരളത്തിന് ഒന്നും കിട്ടുന്നില്ല. ഓരോ സംസ്ഥാനത്തിന്റെയും സവിശേഷ പ്രശ്നങ്ങള്‍ പരിഗണിച്ച് വിഹിതം നല്‍കണമെന്ന ആവശ്യം കോൺ‌ഗ്രസ് അംഗീകരിക്കുന്നില്ല. ധനകമീഷനുകളുടെ തീര്‍പ്പില്‍ കേരളത്തിന്റെ വിഹിതം തുടര്‍ച്ചയായി കുറയുന്നതിന് കാരണം ഇതാണ്. പത്താം ധനകമീഷന്‍ കേന്ദ്രനികുതിയുടെ 3.9 ശതമാനം കേരളത്തിനു മാറ്റിവച്ചുവെങ്കില്‍ ഇന്നത് 2.7 ശതമാനമാണ്.

സംസ്ഥാനത്തിന്റെ വായ്പാപരിധികള്‍ കേന്ദ്രം യുക്തിരഹിതമായി കര്‍ശനമാക്കുന്നു. വിദേശവായ്പയ്ക്ക് പകരം നാട്ടില്‍നിന്നുതന്നെ സമാഹരണം നടത്തുന്നതിന് സംസ്ഥാനത്തിന് സ്വാതന്ത്ര്യം നല്‍കുന്നില്ല. ഭക്ഷ്യസുരക്ഷ രാജ്യത്തിന്റെ സുപ്രധാനപ്രശ്നമായി ഉയരുമ്പോള്‍, കേരളത്തിന്റെ സ്റാറ്റ്യൂട്ടറി റേഷനിങ് തകര്‍ക്കാനാണ് യുപിഎ സര്‍ക്കാര്‍ അരിവിഹിതത്തിന്റെ നിഷേധമുള്‍പ്പെടെയുള്ള നടപടികളിലൂടെ ശ്രമിക്കുന്നത്. എപിഎല്‍ റേഷന്‍ വിഹിതംതന്നെ ഏറെക്കുറെ പൂര്‍ണമായി വെട്ടിക്കുറയ്ക്കുന്നു.

കേന്ദ്ര പൊതുമേഖലാ നിക്ഷേപത്തിന്റെ 2.5 ശതമാനമേ കേരളത്തിനുള്ളൂ. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍ ഒരു ഐഐടി സ്ഥാപിക്കുന്നതിനുപോലും കേന്ദ്രത്തിന് താല്‍പ്പര്യമില്ല. ഇവിടെനിന്നുള്ള കുട്ടികള്‍ പുറംസംസ്ഥാനങ്ങളില്‍ പോയി പഠിക്കട്ടെ എന്നാണ് ആന്റണിയുടെ പാര്‍ടിയുടെ വാശി.

വളര്‍ന്നുവരുന്ന കൊച്ചിനഗരത്തില്‍ മെട്രോ റെയില്‍വേ ഉണ്ടാകണമെന്നത് ആഗ്രഹം മാത്രമല്ല; അത്യാവശ്യംകൂടിയാണ്. എന്നാല്‍, കേന്ദ്രം സഹായിക്കാന്‍ തയ്യാറല്ല. ഇന്ത്യന്‍ റെയില്‍വേയുടെ സുപ്രധാന കേന്ദ്രങ്ങളിലൊന്നാണ് കേരളം എന്നിരിക്കെ, സംസ്ഥാനത്തിനായി ഒരു റെയില്‍വേ സോൺ അനുവദിക്കണമെന്ന് കാലങ്ങളായി നാം ആവശ്യപ്പെടുന്നു. അത് പരിഗണിച്ചില്ല എന്നു മാത്രമല്ല, ഏറ്റവും മോശപ്പെട്ട ബോഗികളും സര്‍വീസുമാണ് കേരളത്തിനായി റെയില്‍വേ നല്‍കുന്നത്.

പ്രകൃതിദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന ഭീമന്‍നഷ്ടങ്ങളില്‍ സംസ്ഥാനത്തിന് സമാശ്വാസ സഹായംപോലും നല്‍കാന്‍ മടിച്ചുനിന്നിട്ടേയുള്ളൂ യുപിഎ സര്‍ക്കാര്‍. പ്രവാസി മലയാളികള്‍ രാജ്യത്തിന് നല്‍കുന്ന സംഭാവന ചെറുതല്ല. കേരളീയനായി ഒരു പ്രവാസിക്ഷേമ മന്ത്രിതന്നെ ഉണ്ടായിട്ടും വിദേശങ്ങളില്‍ പോയി അധ്വാനിക്കുന്നവരുടെ പ്രശ്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ചെവികൊടുക്കുന്നില്ല. കുവൈത്ത് യുദ്ധകാലത്ത് അന്നത്തെ ദേശീയ മുന്നണി സര്‍ക്കാര്‍ മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ നടത്തിയ പരിശ്രമം അവിസ്മരണീയമായിരുന്നു. അത് മനസിലുള്ളവര്‍ക്ക്, ഇപ്പോള്‍ അറബ് രാജ്യങ്ങളിലുണ്ടായ കുഴപ്പത്തില്‍ കുടുങ്ങിയവരോട് യുപിഎ സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയെ പുച്ഛിക്കാതിരിക്കാനാവില്ല.

കയറ്റുമതി പ്രോത്സാഹന പദ്ധതിയില്‍നിന്ന് കശുവണ്ടിയെയും കയറിനെയും ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം 2908 കോടി രൂപയുടെ വിദേശനാണ്യമാണ് കശുവണ്ടി കയറ്റുമതിയിലൂടെ നേടിയെടുത്തത്. എന്നിട്ടും ആ മേഖലയ്ക്ക് താങ്ങില്ല; പ്രോത്സാഹനമില്ല. ഊര്‍ജിത നെല്‍കൃഷി വികസന പദ്ധതി വന്നപ്പോഴും കേരളത്തെ ഒഴിവാക്കി. കേരളത്തിലെ കാര്‍ഷിക-പരമ്പരാഗത മേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ച അനുഭവങ്ങള്‍ ഇങ്ങനെ നിരവധിയാണ്.

അന്യസംസ്ഥാന ലോട്ടറിപ്രശ്നത്തില്‍ അധികാരങ്ങളാകെ സ്വന്തം കൈയില്‍ വച്ച് ലോട്ടറി രാജാക്കന്‍മാര്‍ക്കുവേണ്ടി ദാസ്യവേല ചെയ്യുകയാണ് യുപിഎ നേതൃത്വം. അധികാരം കേന്ദ്രത്തിന്റെ കൈയില്‍ ഉറപ്പിച്ചുനിര്‍ത്തുകയും സംസ്ഥാനങ്ങള്‍ക്ക് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് തടസ്സം നില്‍ക്കുകയും ചെയ്യുകയാണ് മന്‍മോഹന്‍ സിങ് നയിക്കുന്ന സര്‍ക്കാര്‍. പതിനൊന്നാം പഞ്ചവത്സരപദ്ധതി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്ന തരത്തിലാണ് രൂപപ്പെടുത്തുന്നത്. സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍വരുന്ന മേഖലകളില്‍ കേന്ദ്രം പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നു. അങ്ങനെ വരുമ്പോള്‍ കേരളത്തിന്റെ നഷ്ടം ഇനിയും വര്‍ധിക്കും.

കേന്ദ്ര അവഗണനയുടെയും തെറ്റായ നിലപാടുകളുടെയും പൊതുവായ ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. ഇത്തരം കാര്യങ്ങളില്‍ കോൺ‌ഗ്രസിന്റെ പൊതു നയത്തില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ യുഡിഎഫോ എ കെ ആന്റണിയോ നിലപാടെടുക്കുമോ? കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന ദ്രോഹനിലപാടുകള്‍ക്കെതിരെ പ്രതികരിക്കുമോ? അതല്ല, ഈ അവഗണന സഹിച്ച്, ബദല്‍നയങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ നടപ്പാക്കി കേരളത്തെ ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമാക്കി മാറ്റാന്‍ എല്‍ഡിഎഫ് നടത്തിയ അശ്രാന്ത പരിശ്രമങ്ങളെ അംഗീകരിക്കാന്‍ സന്മനസ്സ് കാണിക്കുമോ? ഇന്ത്യയുടെ വളര്‍ച്ച എന്ന് ആന്റണി പറയുന്നത്, ശതകോടീശ്വരന്‍മാരുടെ വളര്‍ച്ചയാണ്. ദിവസം ഇരുപതുരൂപ പോലും വരുമാനമില്ലാത്ത ജനകോടികളുടെ എണ്ണത്തിലെ വളര്‍ച്ചയാണ്. അതുപോലെയല്ല കേരളം വളരുന്നത്. കേരളത്തിന്റെ വളര്‍ച്ച ഇന്നാട്ടിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന, സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്ന വളര്‍ച്ചയാണ്. അതു മറച്ചുപിടിക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ കെട്ടിപ്പൊക്കുന്ന വിവാദങ്ങളൊന്നും യുഡിഎഫിനെ രക്ഷിക്കുകയുമില്ല.


*****


പിണറായി വിജയൻ, ദേശാഭിമാനി 05042011

1 comment:

മുക്കുവന്‍ said...

മൂന്നാക്ലാസ് കിട്ടിയവെനെ ഇങ്ങനെ പൊക്കിയെങ്കില്‍ ഒരു ഫസ്റ്റ് ക്ലാസ് കിട്ടിവനായിരുന്നെങ്കില്‍ എന്താകുമായിരുന്നു..!