Wednesday, April 13, 2011

ചരിത്രത്തിലേയ്ക്കുളള കുതിപ്പിന് അര നൂറ്റാണ്ട്

'മാതൃരാജ്യം ഇതറിയുന്നു, ഇതു കേള്‍ക്കുന്നു, തന്റെ പ്രിയപുത്രന്‍ ആകാശത്തിലൂടെ പറക്കുന്നത്' റഷ്യന്‍ കവി ദിമിത്രി ഷോസ്ത്‌കോവിച്ചിന്റെ ഈ വരികള്‍ റഷ്യന്‍ ആകാശത്ത് മുഴങ്ങിയിട്ട് അന്‍പതാണ്ട് പിന്നിട്ടിരിക്കുന്നു. യൂറി അലക്‌സിയോവിച്ച് ഗഗാറിന്‍ എന്ന കുറിയ മനുഷ്യന്‍ ആദ്യ ബഹിരാകാശയാത്രികന്‍ എന്ന സ്വപ്നസമാനമായ നേട്ടം കൈവരിച്ചത് 1961 ഏപ്രില്‍ 12നായിരുന്നു. ശാസ്ത്ര-സാങ്കേതിക മേഖലയുടെ കുത്തക അവകാശപ്പെട്ടിരുന്ന ലോകമുതലാളിത്തത്തിനേറ്റ കനത്ത തിരിച്ചടി കൂടിയായി സോവിയറ്റ് യൂണിയന്റെ പ്രിയ പുത്രന്റെ ചരിത്രദൗത്യം. റഷ്യ ഒരുവികാരമായി നെഞ്ചിലേറ്റിയിരുന്ന ഗഗാറിന്‍ വിജയകരമായ ദൗത്യം കഴിഞ്ഞ് തിരിച്ചിറങ്ങുന്ന വേളയിലുടനീളം റഷ്യന്‍ ദേശഭക്തി ഗാനങ്ങള്‍ മൂളുകയായിരുന്നു.

വോസ്റ്റോക്ക് 1 എന്ന ബഹിരാകാശപേടകത്തില്‍ ബൈക്കന്നൂരിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും നക്ഷത്രങ്ങളെ ലക്ഷ്യമാക്കി കുതിക്കുമ്പോള്‍ യൂറിഗഗാറിന്റെ പ്രായം 27 വയസ് മാത്രം. രാവിലെ ഒന്‍പതു മണിക്കാരംഭിച്ച ദൗത്യം വിജയകരമായി പര്യവസാനിച്ച് ഗഗാറിന്‍ തിരിച്ചെത്തിയത് കൃത്യം ഒരു മണിക്കൂര്‍ 48 മിനിട്ടിന് ശേഷം. ഭൂലോകം കടന്നുപോയവരാരും തിരിച്ചെത്തുകയില്ല എന്ന വിശ്വാസത്തെ അതിജീവിച്ചെത്തിയ ഗഗാറിനെ സോവിയറ്റ് ജനതയോടൊപ്പം ലോകജനതയും അത്ഭുതാദരങ്ങളോടെ നോക്കി നിന്നു.
കഷ്ടതകള്‍ നിറഞ്ഞ ബാല്യം നല്‍കിയ സഹനശേഷിയില്‍ നിന്നുമാണ് ഗഗാറിന്‍ സാഹസികതയെ നെഞ്ചിലേറ്റിയത്. ജര്‍മന്‍ അധിനിവേശ കാലത്തായിരുന്നു ഗഗാറിന്റെ ബാല്യം. ബോംബാക്രമണത്തില്‍ വീടു തകര്‍ന്നശേഷം മണ്ണു കൊണ്ടുണ്ടാക്കിയ താല്‍ക്കാലിക അറയിലായിരുന്നു ഗഗാറിന്റെയും കുടുംബത്തിന്റെയും താമസം. ഗഗാറിന്റെ രണ്ട് സഹോദരിമാരെ നാസിപ്പട അടിമപ്പണിയ്ക്കായി പിടിച്ചു കൊണ്ടുപോയി. ഒരു സാധാരണ മരപ്പണിക്കാരന്റെ മകനായി പിറന്ന ഗഗാറിന്‍ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും വൈമാനിക മോഹം ചിറകിലേറ്റിയിരുന്നു. സെറോടോവിലെ ടെക്‌നിക്കല്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കേ 17ാം വയസിലാണ് ഗഗാറിന്‍ ആദ്യമായി വിമാനം പറത്തുന്നത്. സ്‌കൂളിനോട് അനുബന്ധിച്ചുളള എയ്‌റോ ക്‌ളബ് വഴിയായിരുന്നു ഇതിനവസരം ലഭിച്ചത്. തുടര്‍ന്ന് മിലിട്ടറി അക്കാദമിയിലെത്തിയ ഗഗാറിന്‍ യുദ്ധവിമാനങ്ങള്‍ പറത്തുന്നതില്‍ നിപുണനായി. കുട്ടിക്കാലത്ത് പാടത്ത് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ വെടിയുണ്ടകളേറ്റു തുളവീണ യുദ്ധവിമാനം ഇടിച്ചിറങ്ങിയതും അതില്‍ നിന്നും പുറത്തേയ്ക്ക് വന്ന ധീരരായ സോവിയറ്റ് സൈനികരുമാണ് തനിയ്ക്ക് എന്നും പ്രചോദനമായതെന്ന് ഗഗാറിന്‍ എന്നും പറയാറുണ്ടായിരുന്നു.

സ്‌കൂളിലെ സയന്‍സ് അധ്യാപകനില്‍ നിന്നുമാണ് ബഹിരാകാശ യാത്രയെക്കുറിച്ചും റഷ്യയുടെ ബഹിരാകാശ പദ്ധതികളെക്കുറിച്ചും ഗഗാറിന് വിവരം ലഭിക്കുന്നത്. റഷ്യന്‍ റോക്കറ്റ് സാങ്കേതികതയുടെ പിതാവെന്ന് അറിയപ്പെടുന്ന കോണ്‍സ്റ്റാന്റിന്‍ സിയോള്‍സ്‌കിയുടെ പുസ്തകങ്ങളും ഗഗാറിന് ഏറെ പ്രചോദനമായി. അക്കാലത്താണ് സ്ഫുട്‌നിക് വിജയകരമായി വിക്ഷേപിക്കപ്പെടുന്നത്. താമസിയാതെ തന്നെ ബഹിരാകാശത്തേയ്ക്ക് മനുഷ്യനേയും അയയ്ക്കുമെന്ന് സോവിയറ്റ് പ്രസിഡന്റ് ക്രൂഷ്‌ചേവിന്റെ വാക്കുകള്‍ പുറത്തുവരുന്നത് ഇക്കാലത്താണ്. സ്‌കൂള്‍ ക്‌ളാസുമുതല്‍ ഒപ്പം കൂട്ടിയ തന്റെ പ്രിയതമയായ വാലന്റീന ഇവ്‌നോവയോട് അത് താന്‍ തന്നെയാകുമെന്ന് ദൃഢനിശ്ചയത്തോടെ അന്ന് തന്നെ ഗഗാറിന്‍ പറഞ്ഞിരുന്നു. വ്യോമസേനയില്‍ മികച്ച പരിശീലനം നേടിയ ഗഗാറിന്‍ ഉള്‍പ്പെടെയുളള 20 പേരെയാണ് കോസ്‌മോനട്ട് പരിശീലനത്തിനായി തിരഞ്ഞെടുത്തത്. കഠിനമായ പരിശീലനമുറകള്‍ക്ക് ശേഷം 12 പേരാണ് സന്നദ്ധരായി വീണ്ടും അവശേഷിച്ചത്. ഇതില്‍ മികച്ച ആറുപേരെയാണ് തീവ്രപരിശീലനത്തിന് വിധേയരാക്കിയത്. ഒടുവില്‍ ഗഗാറിന് നറുക്കു വീഴുകയായിരുന്നു. രണ്ടരമീറ്റര്‍ മാത്രം വ്യാസമുളളതും ഗോളാകൃതിയിലുളളതുമായ പേടകമായിരുന്നു വോസ്‌തോക്ക്. നാല്‍പ്പതു മീറ്ററോളം ഉയരമുളളതും 280 ടണ്ണിലധികം ഭാരമുളളതുമായ ഒരു എസ് എല്‍-3 റോക്കറ്റിനു മുകളിലായിരുന്നു ഇത് സജ്ജീകരിച്ചിരുന്നത്.

താപരോധനസംവിധാനങ്ങളും ലോഹ ഉപകരണങ്ങളുമടക്കം ഭാരം അഞ്ചു ടണ്ണില്‍ താഴെയായിരുന്നു. 'പൊട്ടാനൊരുങ്ങി നില്‍ക്കുന്ന ഒരു ബോംബിനു മുകളിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഗഗാറിന്‍' എന്നായിരുന്നു ഒരു സഹവൈമാനികന്‍ ഗഗാറിന്റെ യാത്രയെക്കുറിച്ച് അന്ന് പ്രതികരിച്ചത്. എന്നാല്‍ സുസജ്ജമായ രീതിയിലുളള പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ് സോവിയറ്റ് യൂണിയന്‍ ഗഗാറിന്റെ യാത്രയ്ക്ക് വഴിയൊരുക്കിയത്. ഗഗാറിന്റെ യാത്രയ്ക്കു രണ്ടാഴ്ച മുന്‍പ് ഗഗാറിന്റെ ഡമ്മിയെയും ഒരു നായ്ക്കുട്ടിയേയും സമാനമായ റോക്കറ്റില്‍ ബഹിരാകാശത്തേയ്ക്ക് അയച്ചത് വിജയകരമായി തിരിച്ചെത്തിയിരുന്നു. യാത്രയില്‍ ഏതെങ്കിലും തരത്തിലുളള ഭീതി അനുഭവപ്പെടുകയാണെങ്കില്‍ റഷ്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രവുമായി അടിയന്തിരമായി ബന്ധപ്പെടാനുളള രഹസ്യകോഡ് സീല്‍ ചെയ്ത് ഗഗാറിന് നല്‍കിയിരുന്നു. 135 എന്ന കോഡ് ഗഗാറിന് തുറന്നു നോക്കേണ്ടി വന്നില്ല.

വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയിട്ടും ഗഗാറിന്റെ യാത്രയെ അംഗീകരിക്കാന്‍ തയ്യാറാകാതെ അമേരിക്കയും സാമ്രാജ്യത്വശക്തികളും തടസ്സവാദങ്ങളുമായി രംഗത്തെത്തിയിരുന്നു. പേടകം നിലത്തെത്തും മുന്‍പ് പാരച്യൂട്ട് വഴി താഴെയിറങ്ങിയ വൈമാനികനെ അംഗീകരിക്കാനാകില്ലെന്ന വാദം ഉയര്‍ത്തിയായിരുന്നു ഇത്. ബഹിരാകാശത്ത് താന്‍ ദൈവത്തെയൊന്നും കണ്ടില്ല എന്ന് ഗഗാറിന്‍ പറഞ്ഞതായി വ്യാഖ്യാനിച്ച് വിശ്വാസികളെ അദ്ദേഹത്തിനെതിരെ തിരിച്ചുവിടാനും ശ്രമമുണ്ടായി. സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് ക്രൂഷ്‌ചേവിന്റെ അഭിപ്രായപ്രകടനം വളച്ചൊടിച്ച് ഗഗാറിനെതിരെ ഉപയോഗിക്കുകയായിരുന്നു. സോവിയറ്റ് സേനയുടെ കേണല്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ട ഗഗാറിനെ അപകടകരമായ ദൗത്യങ്ങളിലേര്‍പ്പെടുന്നതില്‍ നിന്നും അധികൃതര്‍ വിലക്കിയിരുന്നെങ്കിലും 1968 മാര്‍ച്ച് 27 ന് യുദ്ധവിമാനത്തിന്റെ പരിശീലന പറക്കലിനിടെ ഗഗാറിനെ ലോകത്തിന് നഷ്ടമാകുകയായിരുന്നു. 1971 ല്‍ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികള്‍ ഗഗാറിന്റെ സ്മരണാര്‍ഥം ഒരു ഫലകം സോവിയറ്റ് സര്‍ക്കാരിന് നല്‍കുകയുണ്ടായി. ചന്ദ്രനിലെ ഗര്‍ത്തത്തിന് ഗഗാറിന്റെ പേരു നല്‍കി ശാസ്ത്രലോകവും അദ്ദേഹത്തിന്റെ സ്മരണ പുതുക്കി. നക്ഷത്രയുദ്ധങ്ങള്‍ക്ക് കോപ്പുകൂട്ടിയിരുന്ന ലോകമേലാളന്‍മാര്‍ക്ക് നക്ഷത്രങ്ങളെ ചുംബിച്ച് മറുപടി നല്‍കിയ ഗഗാറിന്റെ സാഹസികതയുടെ അന്‍പതാമാണ്ടിന്റെ ആഘോഷങ്ങളിലാണ് റഷ്യയും ശാസ്ത്രലോകവും

*
ഡി എസ് പ്രമോദ് ജനയുഗം 13 ഏപ്രില്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

'മാതൃരാജ്യം ഇതറിയുന്നു, ഇതു കേള്‍ക്കുന്നു, തന്റെ പ്രിയപുത്രന്‍ ആകാശത്തിലൂടെ പറക്കുന്നത്' റഷ്യന്‍ കവി ദിമിത്രി ഷോസ്ത്‌കോവിച്ചിന്റെ ഈ വരികള്‍ റഷ്യന്‍ ആകാശത്ത് മുഴങ്ങിയിട്ട് അന്‍പതാണ്ട് പിന്നിട്ടിരിക്കുന്നു. യൂറി അലക്‌സിയോവിച്ച് ഗഗാറിന്‍ എന്ന കുറിയ മനുഷ്യന്‍ ആദ്യ ബഹിരാകാശയാത്രികന്‍ എന്ന സ്വപ്നസമാനമായ നേട്ടം കൈവരിച്ചത് 1961 ഏപ്രില്‍ 12നായിരുന്നു. ശാസ്ത്ര-സാങ്കേതിക മേഖലയുടെ കുത്തക അവകാശപ്പെട്ടിരുന്ന ലോകമുതലാളിത്തത്തിനേറ്റ കനത്ത തിരിച്ചടി കൂടിയായി സോവിയറ്റ് യൂണിയന്റെ പ്രിയ പുത്രന്റെ ചരിത്രദൗത്യം. റഷ്യ ഒരുവികാരമായി നെഞ്ചിലേറ്റിയിരുന്ന ഗഗാറിന്‍ വിജയകരമായ ദൗത്യം കഴിഞ്ഞ് തിരിച്ചിറങ്ങുന്ന വേളയിലുടനീളം റഷ്യന്‍ ദേശഭക്തി ഗാനങ്ങള്‍ മൂളുകയായിരുന്നു.