Monday, April 4, 2011

അപ്രസക്തമായ കാര്യങ്ങള്‍ ഉന്നയിച്ച് ഒളിച്ചോടുന്ന യുഡിഎഫ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രികാ സമര്‍പ്പണവും പരിശോധനയും പിന്‍വലിക്കലും കഴിഞ്ഞു. അവസാന സ്ഥാനാര്‍ഥിപ്പട്ടികയായി. മുന്നണികള്‍ അവയുടെ പ്രകടനപത്രിക ജനസമക്ഷം അവതരിപ്പിച്ചുകഴിഞ്ഞു. അവസാനവട്ട പ്രചാരണത്തിനുള്ള അരങ്ങൊരുങ്ങിയിരിക്കുന്നു. ബിജെപി ഇവിടെ ഗണ്യമായ ശക്തിയല്ല. മുതലാളിവര്‍ഗ്ഗ പാര്‍ടിയാണ്. ആ നിലയ്ക്ക് സിപിഐ (എം) നയിക്കുന്ന മുന്നണിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയെ സഹായിക്കുന്ന നിലപാടാണ് അത് പൊതുവില്‍ കൈക്കൊള്ളാറുള്ളത്. അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന പോര് എന്നത് സഹ്യനിപ്പുറത്ത് ഇരുകൂട്ടരും ഓര്‍ക്കാറില്ല. ഇവിടെ ബിജെപി കോണ്‍ഗ്രസുമായി വോട്ടുകച്ചവടം ചെയ്യാറാണ് പതിവ്. ഇന്ത്യയിലാകെ കോണ്‍ഗ്രസിനെതിരെ ബിജെപി ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ ഇവിടെയും അവര്‍ ശക്തമായി ഉന്നയിച്ച് പ്രചാരണം നടത്തുമോ, അതോ പതിവുപോലെ വോട്ടുകച്ചവടം നടത്തുമോ? ഇതു മാത്രമേ ബിജെപിയെ സംബന്ധിച്ച് അറിയാനുള്ളൂ.

പാര്‍ലമെന്റ്-പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് ഒരു മെയ്യായാണ് മത്സരിച്ചത്. അതിന്റെ ഗുണം അവര്‍ക്ക് ലഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ആയപ്പോഴേക്ക് യുഡിഎഫിന്റെ കെട്ടുറപ്പും ജനങ്ങള്‍ക്ക് അതിനെക്കുറിച്ച് ഉണ്ടായിരുന്ന മതിപ്പുമൊക്കെ തകര്‍ത്ത സംഭവങ്ങള്‍ ഉണ്ടായി. മാണി കേരളയില്‍ ലയിച്ച ജോസഫ് കേരളയോടുള്ള കോണ്‍ഗ്രസിന്റെ എതിര്‍പ്പ്, മുസ്ളീംലീഗിനുള്ളില്‍നിന്നുതന്നെ പി കെ കുഞ്ഞാലിക്കുട്ടിയുടെ രതി വൈകൃതങ്ങളെയും അവ മൂടിവെയ്ക്കാന്‍ കോടതി ഉള്‍പ്പെടെ ഭരണസംവിധാനത്തെ ആകെ കുഞ്ഞാലിക്കുട്ടിയും മറ്റും ചേര്‍ന്ന് ദുരുപയോഗം ചെയ്തതിന്റെയും തെളിവുകള്‍ പുറത്തുവന്നത്, ആര്‍ ബാലകൃഷ്ണപിള്ള അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടത്, ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഭരണനേതൃത്വത്തിനുവേണ്ടിയുള്ള മത്സരത്തില്‍ പരസ്യമായി ഗോദായില്‍ ഇറങ്ങിയത്, കോണ്‍ഗ്രസ്സിലെ മുതിര്‍ന്നതും ചെറുപ്പക്കാരുമായ പല പ്രമുഖ നേതാക്കളും സീറ്റ് ലഭിക്കാതെ തഴയപ്പെട്ടത്; സിഎംപിയെയും സോഷ്യലിസ്റ്റ് ജനതയെയും പ്രകോപിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് നടപടികള്‍ - തുടരെത്തുടരെ സംഭവിച്ച ഈ വക കാര്യങ്ങള്‍ യുഡിഎഫ് അണികളുടെ ആത്മവിശ്വാസവും ജനങ്ങള്‍ക്ക് യുഡിഎഫിനോടുണ്ടായിരുന്ന മതിപ്പും നഷ്ടപ്പെടുത്തി.

എല്‍ഡിഎഫ് ഗവണ്‍മെന്റ് തങ്ങള്‍ക്കായി ചെയ്ത കാര്യങ്ങളെക്കുറിച്ച് ഓരോ വിഭാഗം ജനങ്ങള്‍ക്കും ഇപ്പോള്‍ നല്ല ബോധ്യമുണ്ട്. രണ്ടുരൂപയ്ക്ക് അരി കേരളത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും നല്‍കാനുള്ള എല്‍ഡിഎഫ് ഗവണ്‍മെന്റ് തീരുമാനത്തെ യുഡിഎഫ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് സുപ്രീംകോടതിയെക്കൊണ്ട് നിര്‍ത്തലാക്കിയത് ജനങ്ങള്‍ക്ക് വ്യക്തമായ സൂചന നല്‍കുന്നു; ജനങ്ങള്‍ക്ക് ക്ഷേമകരമായ നടപടികളെ യുഡിഎഫ് നേതൃത്വം ഇടപെട്ട് തടയുകയോ നിര്‍ത്തലാക്കുകയോ ചെയ്യും. ഇപ്പോള്‍ താല്‍ക്കാലികമായാണ് നിര്‍ത്തലാക്കപ്പെട്ടത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സ്ഥിരമായി നിര്‍ത്തലാക്കപ്പെടും. മറ്റെല്ലാ ക്ഷേമ പ്രവര്‍ത്തനങ്ങളോടും യുഡിഎഫ് സമീപനം ഇതായിരിക്കും.

പാമോലിന്‍ അഴിമതിക്കേസില്‍ ഇപ്പോള്‍ ഒരു കാര്യം വ്യക്തമായി. കേര കര്‍ഷകരുടെ വയറ്റത്തടിക്കുന്ന പാമോലിന്‍ ഇറക്കുമതിയെ ഉമ്മന്‍ചാണ്ടി എതിര്‍ത്തിരുന്നില്ല. എന്നു മാത്രമല്ല, അതിനു കൂട്ടുനില്‍ക്കുകയും ചെയ്തു. കുറഞ്ഞനിരക്കില്‍ പാമോലിന്‍ തരാന്‍ തയാര്‍ എന്നറിയിച്ച കമ്പനിയെ ഒഴിവാക്കി ടെണ്ടര്‍ വിളിക്കാതെയാണ് പാമോലിന്‍ വാങ്ങിയത്. അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അതിനെ ശരിവെയ്ക്കുകയാണ് ചെയ്തത്. അങ്ങനെയുള്ള ഉമ്മന്‍ചാണ്ടിയെ പാമോലിന്‍ കേസില്‍ പ്രതിയാക്കുന്നില്ലെങ്കില്‍ തന്നെയും പ്രതിയാക്കരുത് എന്നാണ് അന്നത്തെ സിവില്‍സപ്ളൈസ് മന്ത്രി ടി എച്ച് മുസ്തഫയും സെക്രട്ടറി സഖറിയാ മാത്യുവും കോടതിയോട് അപേക്ഷിച്ചത്. അതുകൊണ്ടാണ് കോടതി ഇപ്പോള്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

മുന്‍ യുഡിഎഫ് ഗവണ്‍മെന്റിന്റെ അവസാന നാളുകളില്‍ തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയുടെ വികസനത്തിന്റെപേരില്‍ ഫാക്ടറിക്കും കേരള ഗവണ്‍മെന്റിനും വന്‍ നഷ്ടമുണ്ടാക്കുന്ന ഒരു പദ്ധതി അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ കാര്‍മികത്വത്തില്‍ അംഗീകരിക്കപ്പെട്ടതായി കോണ്‍ഗ്രസ് നേതാവും അന്ന് മന്ത്രിയുമായിരുന്ന കെ കെ രാമചന്ദ്രന്‍മാസ്റ്റര്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ശുഭ്രവസ്ത്രധാരിയെങ്കിലും ഉമ്മന്‍ചാണ്ടിയുടെ സേവന റെക്കോര്‍ഡ് അത്ര ശുഭ്രമല്ല എന്നാണ് ഇതെല്ലാം കാണിക്കുന്നത്.

എല്‍ഡിഎഫ് ഗവണ്‍മെന്റിനോ മന്ത്രിമാര്‍ക്കോ നേരെ ഒരു ആരോപണവും ഉന്നയിക്കാന്‍ യുഡിഎഫ് നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്കുനേരെ-മകനുനേരെ-ചാണ്ടിയ ആരോപണമൊക്കെ പാളിപ്പോയി. ഇപ്പോള്‍ അതാരും മിണ്ടുന്നില്ല. ഒന്നും ഇല്ലാത്തതുകൊണ്ടാണ് കൈക്ക് സ്വാധീനമില്ലാത്ത പി ജയരാജന്‍ ഏഷ്യാനെറ്റ് പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തെന്നും സിവില്‍സപ്ളൈസ് മന്ത്രി സി ദിവാകരന്‍ ആരെയോ ആക്രമിച്ചെന്നുംപറഞ്ഞ് കേരളത്തില്‍ ക്രമസമാധാനത്തകര്‍ച്ച എന്ന പുകമറ പരത്താന്‍ യുഡിഎഫ് നേതൃത്വവും അതിലേറെ തല്‍പര മാധ്യമങ്ങളും കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്. എ കെ ആന്റണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ആഗ്രഹം വളരെ വ്യക്തമാണ്. കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നുകൂട. വന്നാല്‍, അത് കോണ്‍ഗ്രസ് ഇന്ത്യയാകെ നടപ്പാക്കിവരുന്ന സമ്പന്നരോട് പക്ഷപാതം കാണിക്കുന്ന വികസനനയത്തിന്റെ മുനയൊടിക്കും. തൊഴിലാളികളും കൃഷിക്കാരും പട്ടികവിഭാഗക്കാരും സ്ത്രീകളും ഇടത്തരക്കാരും അടങ്ങുന്ന ജനസാമാന്യത്തിന് അത്തരമൊരു വികസന നയത്തിനുകീഴില്‍ ജീവിതം ദുരിതമയമായിരിക്കും. മറ്റ് സംസ്ഥാനങ്ങളിലെ ഇത്തരക്കാരുടെ സ്ഥിതി പരിശോധിച്ചാല്‍ ആര്‍ക്കും കാര്യം വ്യക്തമാകും.

കേരളത്തിലെ 90 ശതമാനത്തിലേറെ ജനങ്ങള്‍ക്ക് വലിയ പ്രയോജനവും ആശ്വാസവും പകര്‍ന്നതാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ എല്‍ഡിഎഫ് ഭരണം. ഓരോ മേഖലയിലും ഓരോ വിഭാഗം ജനങ്ങള്‍ക്കും അത് എന്തു ഗുണം ചെയ്തു, ആശ്വാസം നല്‍കി, സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് എന്തു സംഭാവനനല്‍കി എന്ന ചര്‍ച്ച നാടാകെ ഉയര്‍ന്നുവന്നാല്‍, എല്‍ഡിഎഫിന്റെ ബദല്‍ വികസന നയത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഏവര്‍ക്കും ബോധ്യപ്പെടും.

ഇങ്ങനെയൊരു വിലയിരുത്തലും അതിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫിനോടും യുഡിഎഫിനോടും ഈ തിരഞ്ഞെടുപ്പില്‍ എന്തു സമീപനം കൈക്കൊള്ളണം എന്ന തീരുമാനവും ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്നതു തടയാനാണ് യുഡിഎഫ് നേതൃത്വവും അവരോടൊപ്പമുള്ള മാധ്യമങ്ങളും അപ്രസക്തമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുന്നത്. ജാതിമതങ്ങളുടെയും മറ്റ് രാഷ്ട്രീയേതര പരിഗണനകളുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെക്കൊണ്ട് അവരുടെ വോട്ടവകാശം വിനിയോഗിപ്പിക്കാനാണ് ശ്രമം.

വീടുവീടാന്തരം കയറി എല്‍ഡിഎഫ് ചെയ്ത കാര്യങ്ങളും ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും വോട്ടര്‍മാരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നേരിട്ട് ബോധ്യപ്പെടുത്തുകയാണ് ഇതിനുള്ള മറുമരുന്ന്.


*****


സി പി നാരായണന്‍, കടപ്പാട് : ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ 90 ശതമാനത്തിലേറെ ജനങ്ങള്‍ക്ക് വലിയ പ്രയോജനവും ആശ്വാസവും പകര്‍ന്നതാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ എല്‍ഡിഎഫ് ഭരണം. ഓരോ മേഖലയിലും ഓരോ വിഭാഗം ജനങ്ങള്‍ക്കും അത് എന്തു ഗുണം ചെയ്തു, ആശ്വാസം നല്‍കി, സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് എന്തു സംഭാവനനല്‍കി എന്ന ചര്‍ച്ച നാടാകെ ഉയര്‍ന്നുവന്നാല്‍, എല്‍ഡിഎഫിന്റെ ബദല്‍ വികസന നയത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഏവര്‍ക്കും ബോധ്യപ്പെടും.

ഇങ്ങനെയൊരു വിലയിരുത്തലും അതിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫിനോടും യുഡിഎഫിനോടും ഈ തിരഞ്ഞെടുപ്പില്‍ എന്തു സമീപനം കൈക്കൊള്ളണം എന്ന തീരുമാനവും ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്നതു തടയാനാണ് യുഡിഎഫ് നേതൃത്വവും അവരോടൊപ്പമുള്ള മാധ്യമങ്ങളും അപ്രസക്തമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുന്നത്. ജാതിമതങ്ങളുടെയും മറ്റ് രാഷ്ട്രീയേതര പരിഗണനകളുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെക്കൊണ്ട് അവരുടെ വോട്ടവകാശം വിനിയോഗിപ്പിക്കാനാണ് ശ്രമം.

വീടുവീടാന്തരം കയറി എല്‍ഡിഎഫ് ചെയ്ത കാര്യങ്ങളും ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും വോട്ടര്‍മാരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നേരിട്ട് ബോധ്യപ്പെടുത്തുകയാണ് ഇതിനുള്ള മറുമരുന്ന്.