കുടിച്ച് കുഴയുന്ന കേരളം 2
ഒന്നാം ഭാഗം മുഖം നഷ്ടമാകുന്ന അലോഷ്യസുമാര്‍
ഒരു 'രസ'ത്തിന് മദ്യപാനം തുടങ്ങുമ്പോള്‍ സുനില്‍കുമാറിന് 17 വയസ്സുപോലും തികഞ്ഞിരുന്നില്ല. മദ്യലഹരിയില്‍ അഭിരമിക്കാന്‍ പിന്നെയും കൂടെക്കൂടെ അവസരം കിട്ടി. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഇത്തരം അവസരങ്ങള്‍ക്കായി ബോധപൂര്‍വം കൂട്ടുകെട്ടുകള്‍ കണ്ടെത്തിത്തുടങ്ങി. ഇതിനിടയിലാണ് ജോലി ലഭിച്ചത്. മധ്യകേരളത്തില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന സമാന്യം നല്ല പ്രചാരമുള്ള വാരികയില്‍ ലേ ഔട്ട് ആര്‍ട്ടിസ്റ്. വളരെ പെട്ടെന്നു ആ മേഖലയില്‍ ശ്രദ്ധേയനായി. അതിനനുസരിച്ച് സുഹൃദ്ബന്ധങ്ങളും വിപുലപ്പെട്ടു. സൌഹൃദക്കൂട്ടായ്മകളിലെ 'ആഘോഷ'ത്തിന് അപ്പോഴും ഭംഗമുണ്ടായില്ല. ഇതിനിടയിലാണ് സാധുകുടുംബത്തില്‍പ്പെട്ട രശ്മി ജീവിതസഖിയാകുന്നത്. ഇവര്‍ക്ക് രണ്ടുകുട്ടികളും പിറന്നു. ഭാര്യയുടെയും മക്കളുടെയും അപേക്ഷയ്ക്കോ ഉറ്റവരുടെ ശാസനാപൂര്‍വമുള്ള ഉപദേശങ്ങള്‍ക്കോ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി ലഹരിമോചന കേന്ദ്രത്തില്‍ ചികിത്സ തേടി. പിന്നീട് കുറച്ചുനാള്‍ എല്ലാത്തില്‍നിന്നും രക്ഷപ്പെട്ടതുപോലുള്ള സ്വച്ഛജീവിതം. പക്ഷേ,അത് ഏറെ നാള്‍ നീണ്ടില്ല. ഒരുദിവസം രാത്രി സുനില്‍ വീട്ടിലെത്തിയത് നിലത്തുറയ്ക്കാത്ത കാലുകളുമായാണ്. വീണ്ടും ഉപദേശം...ചികിത്സ... ചെറിയ ഇടവേളയ്ക്കു ശേഷം പഴയ നില തന്നെ. ഇതിനിടെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. ദാരിദ്ര്യവും പട്ടിണിയും പടികയറിയെത്തിയതോടെ ജീവിക്കാന്‍ വേണ്ടി സുനില്‍ സുഹൃത്തുക്കളോടു പണം ചോദിച്ചു വാങ്ങാന്‍ തുടങ്ങി. ആദ്യമൊക്കെ സഹായഹസ്തം നീട്ടിയ സുഹൃത്തുക്കള്‍ പതുക്കെപ്പതുക്കെ കൈയ്യൊഴിഞ്ഞു. സുനിലിന്റെ ആരോഗ്യം തീര്‍ത്തും മോശമായതോടെ കുടുംബം പോറ്റേണ്ട ചുമതല രശ്മിയുടെ ചുമലിലായി. അവര്‍ വീട്ടുവേലയ്ക്കു പോകാന്‍ തുടങ്ങി. മക്കളുടെ പഠനംവരെ മുടങ്ങുന്ന സ്ഥിതി. ഭര്‍ത്താവിന്റെ ചികിത്സയ്ക്കും പണം വേണം. ദുരിതങ്ങളുടെ പെരുമഴക്കാലമായി പിന്നീട് ആ കുടുംബത്തിന്റെ ജീവിതം. അമ്മയെ സഹായിക്കാനും അപ്പനെ പോറ്റാനുമായി, കൌമാരപ്രായം കഴിഞ്ഞ രണ്ടുമക്കളും ഇപ്പോള്‍ വര്‍ക്ക്ഷോപ്പില്‍ പണിയെടുത്ത് നടുവൊടിക്കുകയാണ്.
മരിച്ചവരെയോര്‍ത്ത് ജീവിച്ചിരിക്കുന്നവര്‍ അസൂയപ്പെടുകയാണെന്ന് പറഞ്ഞത് മരണത്തേക്കാള്‍ ദുരന്തപൂര്‍ണമായ ജീവിതം നയിക്കേണ്ടിവന്ന രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാനിലെ മനുഷ്യരെക്കുറിച്ചാണ്. മലപ്പുറം തിരൂരിനടുത്ത പുല്ലൂര്‍ അംബേദ്കര്‍ കോളനിയിലെ ചുള്ളിപ്പറമ്പില്‍ ചാത്തനും ഇപ്പോള്‍ സമാന മാനസികാവസ്ഥയിലാണ്. കൂലിപ്പണിയുടെ ക്ഷീണത്തില്‍നിന്ന് ചെറിയൊരു മോചനം. അത്രയേ മദ്യം കഴിക്കുമ്പോഴൊക്കെ ചാത്തന്‍ വിചാരിച്ചിരുന്നുള്ളൂ. വര്‍ഷങ്ങളായി തുടരുന്ന ഈ ശീലം കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിരുന്നുമില്ല. പക്ഷേ, അടുത്തിടെ ഉണ്ടായ മലപ്പുറം മദ്യദുരന്തം ചാത്തന്റെ ജീവിതം മാറ്റിമറിച്ചു. ലക്ഷങ്ങള്‍ ചെലവായ ചികിത്സയ്ക്കൊടുവില്‍ ആശുപത്രി വിട്ടപ്പോള്‍ ചാത്തനു മുന്നില്‍ ഇരുട്ടായിരുന്നു. രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു.ദുരിതങ്ങളുടെ പേമാരി അവസാനിച്ചില്ല. ആഴ്ചകള്‍ക്കുമുമ്പ് ചാത്തന്റെ വലതുകാല്‍ തളര്‍ന്നു. ഡോക്ടര്‍മാരുടെ ഭാഷയില്‍ മദ്യത്തിന്റെ പ്രതിപ്രവര്‍ത്തനം. കൂലിപ്പണിക്കാരനായ മകന്‍ സുരേഷ്ബാബുവിന്റെ വരുമാനം മാത്രമായിരുന്നു പിന്നീട് കുടുംബത്തിന്റെ ആശ്രയം. നിത്യചെലവുകള്‍ക്കു പുറമേ ചികിത്സ കൂടിയായപ്പോള്‍ കിട്ടുന്ന വരുമാനം ഒന്നിനും തികഞ്ഞില്ല. കടംവാങ്ങിയും സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ പണയംവച്ചും ഉള്ളതെല്ലാം വിറ്റുപെറുക്കിയുമാണ് സുരേഷ് അച്ഛനെ ചികിത്സിക്കുന്നത്.
*
കെ.വി.സുധാകരന്‍ ദേശാഭിമാനി 20 ഏപ്രില്‍ 2011
Wednesday, April 20, 2011
Subscribe to:
Post Comments (Atom)
1 comment:
ഒരു 'രസ'ത്തിന് മദ്യപാനം തുടങ്ങുമ്പോള്‍ സുനില്‍കുമാറിന് 17 വയസ്സുപോലും തികഞ്ഞിരുന്നില്ല. മദ്യലഹരിയില്‍ അഭിരമിക്കാന്‍ പിന്നെയും കൂടെക്കൂടെ അവസരം കിട്ടി. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഇത്തരം അവസരങ്ങള്‍ക്കായി ബോധപൂര്‍വം കൂട്ടുകെട്ടുകള്‍ കണ്ടെത്തിത്തുടങ്ങി. ഇതിനിടയിലാണ് ജോലി ലഭിച്ചത്. മധ്യകേരളത്തില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന സമാന്യം നല്ല പ്രചാരമുള്ള വാരികയില്‍ ലേ ഔട്ട് ആര്‍ട്ടിസ്റ്. വളരെ പെട്ടെന്നു ആ മേഖലയില്‍ ശ്രദ്ധേയനായി. അതിനനുസരിച്ച് സുഹൃദ്ബന്ധങ്ങളും വിപുലപ്പെട്ടു. സൌഹൃദക്കൂട്ടായ്മകളിലെ 'ആഘോഷ'ത്തിന് അപ്പോഴും ഭംഗമുണ്ടായില്ല.
Post a Comment