Sunday, April 10, 2011

വോട്ട് ചെയ്യുമ്പോള്‍

പോളിങ് സ്റേഷനില്‍ എത്തിയാല്‍ പ്രവേശനം ക്യൂ വഴിയായിരിക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും പ്രത്യേകം ക്യൂ ഉണ്ടായിരിക്കും. ഒരേ സമയം മൂന്നോ നാലോ പേരെയായിരിക്കും പോളിങ് കേന്ദ്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കുക. അംഗവൈകല്യമുള്ള വോട്ടര്‍മാര്‍ക്കും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കും മുന്‍ഗണന ലഭിക്കും.

ഘട്ടം 1:

പോളിങ് കേന്ദ്രത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ നിങ്ങള്‍ ആദ്യം പോകുന്നത് തിരിച്ചറിയല്‍ രേഖയുടെയും വോട്ടര്‍ പട്ടികയുടെയും ഉത്തരവാദിത്തമുള്ള തെരഞ്ഞെടുപ്പ് ഓഫീസറുടെ അടുത്തേക്കാണ്. തിരിച്ചറിയല്‍ രേഖയായ തെരഞ്ഞെടുപ്പു കമീഷന്‍ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, തെരഞ്ഞെടുപ്പു കമീഷന്‍ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച വോട്ടേഴ്സ് സ്ളിപ്പ് ഇവയിലേതെങ്കിലുമൊന്ന് നിങ്ങളുടെ പക്കലുണ്ടായിരിക്കണം. നിങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്ളിപ്പും ഹാജരാക്കാം. രേഖയെല്ലാം ഹാജരാക്കി കഴിഞ്ഞാല്‍ ആദ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിങ്ങളുടെ പേരും ക്രമനമ്പരും ഉറക്കെ പറയും.

ഘട്ടം 2:

നിങ്ങളുടെ തിരിച്ചറിയല്‍ രേഖയില്‍ ചോദ്യം ചെയ്യപ്പെടേണ്ട പ്രശ്നമൊന്നും ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് രണ്ടാമത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ അടുത്തേക്ക് നീങ്ങാം. അദ്ദേഹം നിങ്ങളുടെ ഇടതു കൈയുടെ ചൂണ്ടുവിരലില്‍ മായാത്ത മഷി കൊണ്ട് അടയാളം പതിക്കും. അതിനുംശേഷം വോട്ടര്‍മാരുടെ രജിസ്ററില്‍ വോട്ടര്‍ പട്ടികയിലെ നിങ്ങളുടെ ക്രമനമ്പര്‍ രേഖപ്പെടുത്തും. തുടര്‍ന്ന് രജിസ്ററിലെ നിര്‍ദിഷ്ട കോളത്തില്‍ വോട്ടറുടെ ഒപ്പുരേഖപ്പെടുത്തും. ഒപ്പ് രേഖപ്പെടുത്താന്‍ കഴിയാത്തവരുടെ വിരലടയാളമാണ് പതിക്കുക. അതുകഴിഞ്ഞ് ഒപ്പുവച്ച വോട്ടിങ് സ്ളിപ്പ് വോട്ടര്‍ക്ക് നല്‍കും. അതോടെ നിങ്ങളുടെ ക്രമനമ്പര്‍ വോട്ടര്‍ പട്ടികയിലും രജിസ്ററിലും രേഖപ്പെടുത്തും.

ഘട്ടം 3:

ഇനി നിങ്ങള്‍ എത്തുന്നത് മൂന്നാമത്തെ തെരഞ്ഞെടുപ്പ് ഓഫീസറുടെ അടുത്തേക്കാണ്. രണ്ടാമത്തെ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിങ്ങള്‍ക്കു നല്‍കിയ സ്ളിപ്പ് ഇദ്ദേഹത്തിനു കൈമാറണം. അദ്ദേഹം വോട്ടിങ് യന്ത്രത്തിന്റെ നിയന്ത്രണസംവിധാന ബട്ടണില്‍ വിരലമര്‍ത്തി യന്ത്രത്തെ നിങ്ങളുടെ സമ്മതിദാനം സ്വീകരിക്കാന്‍ സജ്ജമാക്കിയശേഷം അവിടെ വോട്ടിങ് യന്ത്രം സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തേക്ക് പോകാന്‍ അനുവദിക്കും. വോട്ടിങ് യന്ത്രത്തിലെ ബാലറ്റിങ് യൂണിറ്റില്‍ നിങ്ങള്‍ക്ക് സമ്മതിദാനം രേഖപ്പെടുത്താം.

ഘട്ടം 4:

വോട്ടിങ് പ്രക്രിയ

വോട്ടു ചെയ്യുന്ന സ്ഥലത്ത് എത്തിയാല്‍ വോട്ടിങ് യന്ത്രത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീല ബട്ടണില്‍ വിരല്‍ അമര്‍ത്തുക.
ബട്ടണില്‍ ഒറ്റപ്രാവശ്യം മാത്രമേ അമര്‍ത്താന്‍ പാടുള്ളൂ.

നീലബട്ടണില്‍ വിരല്‍ അമര്‍ത്തിയാലുടന്‍ നിര്‍ദിഷ്ട സ്ഥാനാര്‍ഥിയുടെ പേരിന്റെയും ചിഹ്നത്തിന്റെയും നേര്‍ക്കുള്ള ചുവന്ന ബള്‍ബ് തെളിയും.
ഒപ്പം വോട്ടു രേഖപ്പെടുത്തിയതിന്റെ സൂചനയായി ഒരു ബീപ് ശബ്ദവും കേള്‍ക്കാം. ബീപ് ശബ്ദം കേട്ടശേഷം മാത്രമേ ബട്ടണില്‍ നിന്ന് വിരല്‍ പിന്‍വലിക്കാവൂ)
അതോടെ നിയന്ത്രണ യൂണിറ്റില്‍ മിന്നി നിന്ന പ്രകാശം അണയുകയും ചെയ്യും.

വോട്ടെടുപ്പ് അവസാനിക്കും വരെ, ഓരോ വോട്ടര്‍ വരുമ്പോഴും ഈ പ്രക്രിയ ആവര്‍ത്തിച്ചു കൊണ്ടിരിക്കും.

*
കടപ്പാട്: ദേശാഭിമാനി ദിനപത്രം 10 ഏപ്രില്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പോളിങ് സ്റേഷനില്‍ എത്തിയാല്‍ പ്രവേശനം ക്യൂ വഴിയായിരിക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും പ്രത്യേകം ക്യൂ ഉണ്ടായിരിക്കും. ഒരേ സമയം മൂന്നോ നാലോ പേരെയായിരിക്കും പോളിങ് കേന്ദ്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കുക. അംഗവൈകല്യമുള്ള വോട്ടര്‍മാര്‍ക്കും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കും മുന്‍ഗണന ലഭിക്കും.