Friday, April 22, 2011

അവസാനത്തെ അടിമയും സ്വതന്ത്രനാകുംവരെ

എക്കാലത്തും മനുഷ്യവംശത്തിന് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മഹാസങ്കല്‍പ്പങ്ങള്‍ നല്‍കിയത് കവിതയാണ്. കാരാഗൃഹങ്ങള്‍ സൃഷ്ടിച്ചതിനുശേഷം അതില്‍ നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യം എന്നും അടിമത്തം വ്യവസ്ഥയാക്കിത്തീര്‍ത്തതിനുശേഷം ഉടമ നല്‍കുന്ന ചെറിയ ചെറിയ ആനുകൂല്യങ്ങളാണ് വിമോചനം എന്നും പറഞ്ഞവര്‍ സ്വാതന്ത്ര്യം എന്ന സങ്കല്‍പ്പത്തെത്തന്നെ അട്ടിമറിച്ചവരായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യം എന്ന പരികല്പന യാതൊരുപാധികളുമില്ലാതെ ഭൗതിക വിമോചനമാണ് എന്ന് ഉദാത്തമാം അര്‍ഥത്തില്‍ സ്വപ്‌നം കണ്ടത് എന്നും കവിത മാത്രമാണ്. എല്ലാ അര്‍ഥത്തിലും അത്തരത്തിലുള്ള ഒരു മഹാസ്വാതന്ത്ര്യബോധത്തിന്റെ കവിയാണ് മണമ്പൂര്‍ രാജന്‍ ബാബു. കവിത അദ്ദേഹത്തിന് സ്വാതന്ത്ര്യത്തിന്റെ പര്യായമാണ്.

'മൃണ്‍മയമെന്റെ ശരീരമെറിഞ്ഞും
മൃതിയെ ജയിക്കുമ്പോള്‍
കവിതയെനിയ്ക്കതി ഗംഭീര മോചന
വസന്തസായൂജ്യം
സ്വാതന്ത്ര്യത്തിന്‍ പരകോടിയില്‍
സംഗീത സുവര്‍ണലയം!
സ്വാതന്ത്ര്യത്തിന്‍ ജൃംഭിത സംഗീതാ-
നന്ദത്തില്‍ പരമപദം!

ഇത്രത്തോളം ഉന്നതമാണ് മണമ്പൂരിന്റെ സ്വാതന്ത്ര്യസങ്കല്പം.

മണമ്പൂര്‍ രാജന്‍ ബാബുവിന്റെ 'തിരഞ്ഞെടുത്ത കവിതകള്‍' ഈയിടെ വായിച്ചപ്പോഴാണ് ഈ കവി സൃഷ്ടിച്ചെടുത്ത സ്വാതന്ത്ര്യ കല്പനയുടെ രാഷ്ട്രീയ പരിപ്രേക്ഷ്യങ്ങള്‍ വേണ്ടവിധത്തില്‍ ഇതുവരെ വിലയിരുത്തപ്പെട്ടില്ലല്ലോ എന്നു ഖേദം തോന്നിയത്. ജീവിതത്തെ പുരോഗമിപ്പിക്കാത്ത ഒരാശയവും ആയുധവും നാം നമ്മുടെ കൂടെക്കൊണ്ടു നടന്നുകൂടാ എന്ന് ഒരുതരം വ്രതനിഷ്ഠയോടെ ശഠിക്കുന്ന കവിയാണ് മണമ്പൂര്‍. മനുഷ്യചരിത്രത്തിലെ ജീവന്‍മരണ പ്രശ്‌നങ്ങളിലൊന്ന് സ്വാതന്ത്ര്യം തന്നെയാണ്. കൊടുക്കുന്നവന്റെ ഔദാര്യമല്ല, എടുക്കുന്നവന്റെ അവകാശമാണ് സ്വാതന്ത്ര്യം. അതിന്‍മേല്‍ ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ കുടുംബ-രാഷ്ട്ര വ്യവസ്ഥകള്‍ക്കോ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കോപോലും അധികാരമില്ല. എല്ലാ അധിനിവേശങ്ങള്‍ക്കുമെതിരെ ഒരേഒരായുധമേയുള്ളൂ അതാണ് സ്വാതന്ത്ര്യം.ഇത്രത്തോളം തീവ്രമാണ് മണമ്പൂരിലെ സ്വാതന്ത്ര്യവാഞ്‌ച. ഓര്‍ക്കേണ്ടവര്‍ ഒക്കെ മറന്ന പാട്ടെല്ലാം നിര്‍ത്തേണ്ടവനല്ല കവി എന്നാണ് മണമ്പൂരിന്റെ നിലപാട്.

'പാറയോടാണെന്റെ പാട്ടെങ്കിലും,
കാട്ടു-മാമരച്ചില്ലകള്‍ കേള്‍ക്കാതിരിക്കുമോ!'

എന്ന പ്രത്യാശ നിര്‍ഭരമായ വിമോചന വിശ്വാസമാണ് കവിയുടെ അക്ഷര പ്രതീക്ഷ.

ജീവിതത്തില്‍ തനിക്കേറ്റ മുറിവുകളും തിരസ്‌കാരങ്ങളുമൊക്കെ കാവ്യാനുഭവമായി ഉള്‍ക്കൊള്ളുകയും തന്റെ ഹൃദയത്തിലേറ്റ ഒരമ്പുപോലും പറിക്കാതിരിക്കുകയും അതിനെയെല്ലാം ജനതയുടെ സ്വാതന്ത്ര്യതൃഷ്ണയ്ക്കുള്ള ആയുധമാക്കി കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഒരു തളരാത്ത യോദ്ധാവാണ് മണമ്പൂരിലെ കവി.

'നിഷ്‌കാസിതന്റെ നിശ്ശബ്ദയാമങ്ങളില്‍
നിഷ്ഠൂരം പൊട്ടിച്ചിരിച്ചിടാം തോക്കുകള്‍
തോല്‍ക്കുമ്പോഴൊക്കെ കുരയ്ക്കുമിത്തോക്കുകള്‍
വാക്കുമുട്ടുന്നവര്‍ക്കന്ത്യമാം താവളം'

ഈ തിരിച്ചറിവാണ് എന്നും കവിയുടെ ഇച്ഛാബലം. തോക്കുകള്‍ കൊണ്ട് തോല്‍പ്പിക്കാന്‍ കഴിയുന്ന വനല്ല കവി. ചിക്കിത്തുവര്‍ത്തുവാനാവാത്ത ചിറകുമായ് അവന്‍ കാലവനത്തില്‍ ജടായുവായിക്കിടക്കും. മനുഷ്യവര്‍ഗത്തിന്റെ യഥാര്‍ഥ വിമോചകന്‍ വന്നെത്തുംവരെ. അവസാനത്തെ അടിമയും സ്വാതന്ത്ര്യത്തിലേയ്ക്കു കണ്ണുതുറക്കുംവരെ. നീ കൊളുത്തുന്ന ചിരിയുടെ ചിരാതുകള്‍ എനിക്കു വേണ്ടെന്നും മരിക്കുമെന്ന് സ്വയം ഉറപ്പായാല്‍ മാത്രം നീ തരുന്ന സത്യത്തിന്റെ കാഞ്ഞിരപ്പഴമാണ് എന്റെ സ്വാതന്ത്ര്യത്തിന്റെ അമൃത് എന്ന് കവി ഉച്ചരിക്കാനിടവരുന്നത് ഉല്‍ക്കടമായ വിമോചനത്തിന്റെ നീതിബോധം കൊണ്ടാണ്.

വിശ്വാസവും യാഥാര്‍ഥ്യവും തമ്മില്‍ വൈരുധ്യങ്ങളുണ്ടായാലും പുരോഗതിയുണ്ടാവണമെങ്കില്‍ നിലനില്‍ക്കുന്ന സ്വാതന്ത്ര്യത്തിന്റെ വ്യവസ്ഥയെ ഉടച്ചുതകര്‍ക്കുക തന്നെ വേണം എന്നതാണ് കവിയുടെ ഉറച്ച ബോധ്യം.
നീതി നന്നാനകള്‍ കണ്ണുപൊട്ടന്‍മാര്‍ വിധിച്ച രൂപങ്ങളില്‍ ചിന്നം വിളിക്കുന്നതും ''നഗ്നസാമ്രാട്ടിന്റെ വസ്ത്രാഭ വാഴ്ത്തുവാന്‍ ചിത്തഭ്രമത്തിന്‍ കലാകാരനെത്തുന്ന''തും കവി കാണുന്നുണ്ട്. പക്ഷേ എല്ലാവരും ചേരയെത്തിന്നാലും ''എനിക്കു വയ്യ യീ നടുക്കണ്ടം തിന്നാന്‍'' എന്ന ഉറച്ച പ്രഖ്യാപനമാണ് കവിയുടെ നീതിബോധം.

ഈ നീതി മനുഷ്യരോടു മാത്രം പുലര്‍ത്തേണ്ട ഒന്നല്ലെന്നും സമസ്ത ജീവപ്രപഞ്ചത്തോടും നീതിമാനാകുന്നവന്‍ മാത്രമേ യഥാര്‍ഥ സ്വാതന്ത്ര്യത്തിന് അര്‍ഹനാകുന്നുള്ളൂ എന്നുകൂടി കവി ഉപദര്‍ശിക്കുന്നുണ്ട്. 'കൂട്ടിലങ്ങാടി' എന്ന കവിതയില്‍ കൂട്ടിലങ്ങാടിപ്പുഴയും 'നിളയെന്‍ മനസ്സിലാണൊഴുകുന്നു' എന്ന കവിതയില്‍ നിളാനദിയും മനുഷ്യന് മഹാനീതി നല്‍കിയ പ്രകൃതി കാരുണ്യങ്ങളാണ്. തിരസ്‌കൃതനായ മനുഷ്യനോട് കൂട്ടിലങ്ങാടിപ്പുഴ ഇങ്ങനെ സംസാരിക്കുന്നുണ്ട്.

''കൂട്ടിലങ്ങാടിപ്പുഴ പറഞ്ഞു; കൂട്ടു-
കാരാ, വരാനെന്തു വൈകി?''

നിഷ്‌കാസിതന് അഭയമാണിവിടെ പുഴ. എല്ലാം വിഴുങ്ങുന്ന കാകോള വഹ്നിയില്‍ വന്‍ മാമരങ്ങള്‍ കരിഞ്ഞമരുന്നത് കവി കാണുന്നുണ്ട്. കാടും മരങ്ങളും കാവളം കിളികളും കാതോര്‍ത്ത് കാതോര്‍ത്ത് മര്‍ത്ത്യഭാഗധേയം കാത്തിരിക്കുന്നതും അറിയുന്നുണ്ട്. ഇതൊക്കെ ഇല്ലാതായാല്‍ മര്‍ത്ത്യജീവിതം ഇല്ലാതാകും എന്ന വിഫലമായ തിരിച്ചറിവാണ് മണമ്പൂര്‍ കവിതയിലെ ആത്മീയത.

ഇന്ന് ലോകവ്യവഹാരത്തിലുടനീളം ഒരധികാരശക്തിയായി വര്‍ത്തിക്കുന്ന സ്ഥാപനവല്‍ക്കരിക്കപ്പെട്ട ദൈവത്തില്‍ കവിക്കു വിശ്വാസമില്ല. എങ്കിലും കണ്ണില്ലെങ്കിലും കാണുന്ന, കാതില്ലെങ്കിലും കേള്‍ക്കുന്ന, മൂക്കില്ലെങ്കിലും മണക്കുന്ന, ത്വക്കില്ലെങ്കിലും തൊട്ടറിയുന്ന, ഏതോ ഒരുഭാവം എല്ലാ ജീവിതത്തിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നു കവി വിശ്വസിക്കുന്നുണ്ട്.

'ഈ അഭാവത്തെ
ജീവനെന്നു വിളിക്കാം
വിശ്വാസികള്‍ ഈശ്വരനെന്നു ഭജിക്കും
കവിതയെന്നേ എനിക്കറിയൂ...'

ഇത്ര അഗാധമായാണ് മണമ്പൂരിന് കവിത, സ്വാതന്ത്ര്യമായിത്തീരുന്നത് ലോകത്തിലെ ഒരു ശക്തിക്കും വിലങ്ങിടാനാവാത്തതാണ് ഈ മഹാസ്വാതന്ത്ര്യം.

'ചിരിക്കുന്നു പാണന്‍' എന്ന കവിതയില്‍ പടിക്കുപുറത്തു നിര്‍ത്തപ്പെട്ട ഒരു പഴമ്പാണനുണ്ട്. ഈ പാണനാരിലാണ് മണമ്പൂരിന്റെ കവിസ്വത്വം. ''പുറത്തുനിര്‍ത്തിയാലിവന്‍ വെറും പാണന്‍' എന്ന് മേലാളര്‍ക്കറിയാം. അതിനാലവര്‍ പാണനുവേണ്ടി ഒരിക്കലും പടി തുറക്കുന്നില്ല. പക്ഷേ പാണന്റെ പാട്ടിന്റെ ശക്തിയില്‍ വാതില്‍ താനേ തുറന്നുപോവുകയാണ്.
ഇത് ഒരു കാല്‍പനിക ശുഭാപ്തി വിശ്വാസമാണ് എന്ന് പുതിയ കാലത്തിനു വേണമെങ്കില്‍ പുച്ഛിച്ചുതള്ളാം. ബൃഹദ് സങ്കല്പ്പങ്ങളോ മഹത്തായ മോചനങ്ങളോ ഇല്ല എന്നാണല്ലോ ഉത്തരാധുനിക കാവ്യപ്രത്യയശാസ്ത്രം. മഹാനദികളില്ല. മഹാകവികളില്ല. മഹാസ്വപ്‌നങ്ങളില്ല. ഉള്ളത് ഇത്തിരിവട്ടം ഇടപാടുകള്‍ മാത്രം. കവിതകൊണ്ട് ചില പലവ്യജ്ഞനവ്യാപാരങ്ങള്‍ നടത്തുന്നവര്‍ മാത്രം.

ഇത്തിരിവട്ടം മാത്രം കാണ്‍മവരും ഇത്തിരിവട്ടം ചിന്തിക്കുന്നവരുമായ ഈ അധോമുഖ വാമനരോട് മണമ്പൂര്‍ രാജന്‍ബാബു എന്ന കവിക്ക് പറയാനുള്ളത് ഇത്ര മാത്രം.

അസ്ഥിപര്‍വ്വാനന്തരവും ശേഷിക്കുന്ന
അസ്തിത്വത്തെക്കുറിച്ചാണ്
എന്റെ ചിന്ത
അതുകൊണ്ട്,
കവിതയുടെ നൂല്‍പ്പാലത്തിലൂടെ
എന്നും ഈ ഏകാന്തയാത്ര!

കവിതയുടെ നൂല്‍പ്പാലം കടക്കുംവരെ ഒറ്റയ്ക്കാണെങ്കിലും കവി ഒടുക്കം ചെന്നെത്തുന്നത് വര്‍ഗശക്തിയുടെ മഹാസ്വാതന്ത്ര്യത്തിലാണ്. സഹനത്തിന്റെ അതിരുകള്‍ അവസാനിച്ചനാള്‍ അനാഥരുടെ വിലാപങ്ങള്‍ ഒരുമിച്ച് ഒരൊറ്റ മര്‍ത്ത്യശക്തിയായി എഴുന്നേറ്റുവരുന്നത് അവിടേയ്ക്കാണ്.

എല്ലാ വിലാപങ്ങളും ഇല്ലാതാക്കാന്‍ പോന്ന ഈ മനുഷ്യജീവിത സ്വാതന്ത്ര്യമാണ് മണമ്പൂര്‍ രാജന്‍ബാബുവിന് കവിത. ഏതേതിരുള്‍ക്കുഴികള്‍ക്കുമേല്‍ ജീവിതമുരുണ്ടാലും അത് പ്രത്യാശയുടെ രശ്മികളെ കൈവിടുകയില്ല. കവി നശ്വരനെങ്കിലും അവസാനത്തെ അടിമയും മോചിപ്പിയ്ക്കപ്പെടും വരെ സര്‍ഗബലമായി കവിത പ്രവര്‍ത്തിക്കുക തന്നെ ചെയ്യും-

''മൃതമാവേണ്ട വപുസ്സിനിരിയ്ക്കാന്‍
മൂവടി മണ്ണുമതി.
അളന്നു മുന്നേറുമ്പോള്‍ ത്രിഭുവന-
മിവന്നു പോരല്ലോ''.


*****


ആലങ്കോട് ലീലാകൃഷ്ണന്‍, കടപ്പാട് :ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എക്കാലത്തും മനുഷ്യവംശത്തിന് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മഹാസങ്കല്‍പ്പങ്ങള്‍ നല്‍കിയത് കവിതയാണ്. കാരാഗൃഹങ്ങള്‍ സൃഷ്ടിച്ചതിനുശേഷം അതില്‍ നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യം എന്നും അടിമത്തം വ്യവസ്ഥയാക്കിത്തീര്‍ത്തതിനുശേഷം ഉടമ നല്‍കുന്ന ചെറിയ ചെറിയ ആനുകൂല്യങ്ങളാണ് വിമോചനം എന്നും പറഞ്ഞവര്‍ സ്വാതന്ത്ര്യം എന്ന സങ്കല്‍പ്പത്തെത്തന്നെ അട്ടിമറിച്ചവരായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യം എന്ന പരികല്പന യാതൊരുപാധികളുമില്ലാതെ ഭൗതിക വിമോചനമാണ് എന്ന് ഉദാത്തമാം അര്‍ഥത്തില്‍ സ്വപ്‌നം കണ്ടത് എന്നും കവിത മാത്രമാണ്. എല്ലാ അര്‍ഥത്തിലും അത്തരത്തിലുള്ള ഒരു മഹാസ്വാതന്ത്ര്യബോധത്തിന്റെ കവിയാണ് മണമ്പൂര്‍ രാജന്‍ ബാബു. കവിത അദ്ദേഹത്തിന് സ്വാതന്ത്ര്യത്തിന്റെ പര്യായമാണ്.