Wednesday, April 13, 2011

ജനാധിപത്യം സംരക്ഷിക്കപ്പെടട്ടെ

ഒരു ജനാധിപത്യ സമൂഹത്തിന് സഹിക്കാവുന്നതിനപ്പുറമുള്ള കാര്യങ്ങളാണ് നടക്കുന്നത്. അക്രമങ്ങള്‍; പണം ഒഴുക്കിയുള്ള വോട്ട് ശേഖരണം; മാധ്യമങ്ങളെ നഗ്നമായി ദുരുപയോഗിക്കല്‍; സംഘടിതമായ അപവാദ പ്രചാരണം; മത-ജാതി വികാരങ്ങള്‍ ഉണര്‍ത്തിവിടല്‍-യുഡിഎഫ് ഇനി എന്താണ് ചെയ്യാനുള്ളത് എന്നേ ആലോചിക്കാനുള്ളൂ. ഏറ്റവും കുറഞ്ഞ പ്രചാരണകാലം കിട്ടിയ തെരഞ്ഞെടുപ്പാണ് നടക്കുന്നത് എന്നതിനു പുറമെ പ്രചാരണ രംഗത്ത് വലതുപക്ഷം ഏറ്റവുമധികം ക്ഷീണിച്ച തെരഞ്ഞെടുപ്പുകൂടിയാണിത്. യുഡിഎഫ് ആരോപണമുന്നയിക്കുക; എല്‍ഡിഎഫ് മറുപടി പറയുക; അതിനുള്ള സാഹചര്യം മാധ്യമങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നതാണ് പതിവ്. ഇത്തവണ യുഡിഎഫില്‍നിന്നുതന്നെ ആരോപണങ്ങള്‍ വന്നതോടെ മറുപടി പറയേണ്ട ചുമതലയും അവരില്‍തന്നെ നിക്ഷിപ്തമായി. ആ മുന്നണിയിലെ കൊള്ളരുതായ്മകളാണ് അക്കൂട്ടത്തില്‍ത്തന്നെയുള്ളവര്‍ വിളിച്ചുപറഞ്ഞത്.

വലതുപക്ഷ മാധ്യമങ്ങളാകട്ടെ നേരത്തെ തുടര്‍ന്ന കാപട്യ സമീപനത്തില്‍നിന്ന് മാറാനാവാതെ ഏറെക്കുറെ നിസ്സഹായാവസ്ഥയിലായി. യുഡിഎഫിലെ ഘടക പാര്‍ടികളുടെ മുഖപത്രങ്ങളും ഒരു ഘടക കക്ഷിയുടെ പ്രസിഡന്റ് ചെയര്‍മാനായ മാതൃഭൂമിയും ചില ചാനലുകളും പരസ്യമായിത്തന്നെ വലതുപക്ഷ നിലപാടുകളുടെ പ്രചാരകരായി. ഒരു പടികൂടി കടന്ന് യുഡിഎഫിനെ സേവിച്ചത് മലയാള മനോരമയും 'ക്രൈം' ദ്വൈവാരികയുമാണ്. ഏറ്റവും നികൃഷ്ടവും അറപ്പിക്കുന്നതും പൊറുക്കാനാവാത്തതുമായ അപവാദങ്ങളുമായാണ് രാത്രിയുടെ മറവില്‍ ക്രൈം ലക്കങ്ങള്‍ വീടുകള്‍ക്കുമുന്നില്‍ എത്തിക്കുന്നത്. ഇസ്തിരിവച്ച 'ക്രൈം' ആയ മലയാള മനോരമയാകട്ടെ സൌജന്യമായി പല വീടുകളിലുമെത്തുന്നു. എല്‍ഡിഎഫിനെയും അതിന്റെ നേതാക്കളെയും അപമാനിക്കുന്ന കള്ളക്കഥകള്‍ രണ്ടുവഴിക്കും പ്രചരിക്കുന്നു.

പെയ്ഡ്ന്യൂസ് എന്ന വ്യാധി കേരളത്തിലും വേരൂന്നിയിരിക്കുന്നു എന്ന് ഈ തെരഞ്ഞെടുപ്പുകാലം ഉറപ്പിച്ചു. സ്ഥാനാര്‍ഥികളെ സമീപിച്ച്, സ്പെഷ്യല്‍ എഡിഷന്‍ ഇറക്കാമെന്ന് അറിയിച്ച് 'നിശ്ചിത കോപ്പികളുടെ' വില എന്ന രൂപത്തില്‍ ലക്ഷങ്ങള്‍ കൈക്കലാക്കുകയാണ് ഒരു വാരിക. സ്ഥാനാര്‍ഥികളെ അപമാനിക്കുംവിധം വാര്‍ത്തയും ഫീച്ചറും കൈയിലുണ്ട്; അത് പുറത്തുവരണമെന്നില്ലെങ്കില്‍ പണംവേണം എന്ന രീതിയില്‍ ബ്ളാക്ക്മെയിലിങ്ങും നടന്നിട്ടുണ്ട്. അത്തരം വഴിവിട്ട രീതിയില്‍ തലവയ്ക്കാന്‍ സന്നദ്ധരാകാത്തവരെ വ്യാജ വാര്‍ത്തകളിലൂടെ പൊതുജന മധ്യത്തില്‍ താറടിക്കുന്നു. പ്രചാരണം അവസാനിച്ച ദിവസം രാത്രി ലക്ഷക്കണക്കിന് 'ക്രൈം' കോപ്പികളാണ് വിതരണംചെയ്യപ്പെട്ടത്. പാലക്കാട് ജില്ലയില്‍ ഷൊര്‍ണൂര്‍, ചിറ്റൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വിതരണം ചെയ്ത ആയിരക്കണക്കിന് 'ക്രൈം' വാരികകളാണ് പിടികൂടിയത്. ഷൊര്‍ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശാന്ത ജയറാമിന്റെ പ്രകടനപത്രികയോടൊപ്പമായിരുന്നു വാരിക വിതരണം. ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ ദേവാങ്കപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ അച്യുതന്റെ പ്രകടനപത്രികയോടൊപ്പം വിതരണം ചെയ്ത ആയിരക്കണക്കിന് 'ക്രൈം' വാരികകള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിടികൂടി.

പ്രചാരണ സമാപനത്തിനിടെ സംസ്ഥാനവ്യാപകമായി യുഡിഎഫ് കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. തിരുവനന്തപുരത്ത് പൂന്തുറയില്‍ മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ വി സുരേന്ദ്രന്‍പിള്ളയ്ക്ക് കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റു. പെരിന്തല്‍മണ്ണ, കരുനാഗപ്പള്ളി, ആലപ്പുഴ, കണ്ണൂര്‍, കുന്ദമംഗലം, കയ്പമംഗലം -ഇങ്ങനെ നിരവധി സ്ഥലങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും ആക്രമിക്കപ്പെട്ടു. തുറന്ന വാഹനത്തില്‍ വോട്ട് അഭ്യര്‍ഥിച്ചുനീങ്ങുന്നതിനിടെയാണ് സുരേന്ദ്രന്‍പിള്ളയെ ആക്രമിച്ചത്. കല്ലേറില്‍ ഇരുപത്തഞ്ചോളം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പ്രചാരണ സമാപനയോഗത്തിലേക്ക് യുഡിഎഫുകാര്‍ പ്രചാരണവാഹനം ഓടിച്ചുകയറ്റുകയായിരുന്നു. അത് ചിത്രീകരിച്ച ജീവന്‍ ടിവി ക്യാമറാമാന്‍ എ ധനേഷിനെ യുഡിഎഫുകാര്‍ മര്‍ദിച്ചു. സാരമായി പരിക്കേറ്റ ധനേഷ് ആശുപത്രിയിലാണ്. പെരിന്തല്‍മണ്ണയില്‍ ഐസ്ക്രീം കണ്ടപ്പോള്‍ വിറളിയെടുത്താണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് പ്രവര്‍ത്തകര്‍ തെരുവില്‍ അഴിഞ്ഞാടിയത്. നാദാപുരത്ത് സ്ഫോടനത്തില്‍ അഞ്ചു ലീഗുകാര്‍ മരിച്ചപ്പോള്‍ വ്യക്തമായത് തെരഞ്ഞെടുപ്പില്‍ അക്രമമുണ്ടാക്കാന്‍ വന്‍ ബോംബുശേഖരം അവര്‍ കരുതിവച്ചിട്ടുണ്ട് എന്നാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ഇതേ യുഡിഎഫ് ക്വട്ടേഷന്‍ സംഘത്തെ ഇറക്കിയത് പിടിക്കപ്പെട്ടതാണ്. പ്രചാരണ സമാപനത്തില്‍ നടത്തിയ ആക്രമണം തുടര്‍ന്നും അത്തരം അനുഭവങ്ങളുണ്ടാകാമെന്ന സൂചനയാണ്.

പണവും സമ്മാനവും കൊടുത്ത് വോട്ടര്‍മാരെ വശത്താക്കാനുള്ള നീക്കവും യുഡിഎഫ് സംസ്ഥാനത്തെങ്ങും ഊര്‍ജിതമാക്കിയിട്ടുണ്ട്. വയനാട്ടില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നമായ മോതിരം സ്വര്‍ണം പൂശി വോട്ടര്‍മാര്‍ക്ക് സമ്മാനിക്കുന്നത് പിടിക്കപ്പെട്ടു. പാവപ്പെട്ട ആദിവാസി വോട്ടര്‍മാരെ ഇങ്ങനെ കബളിപ്പിക്കുന്നു. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടിയുമില്ലാതെ കേരളത്തില്‍ വന്നുപോയി. ഇവിടെ അദ്ദേഹം നടത്തിയത് ഒരു കവലയോഗം മാത്രമാണ്. സ്വന്തം സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ വാശിയേറിയ തെരഞ്ഞെടുപ്പ് നടക്കവെ കവലയോഗം നടത്താനായിമാത്രം ഗ്രീന്‍ ചാനലില്‍ പ്രണബ് വന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നു.

ഹൈക്കമാന്‍ഡില്‍നിന്ന് അനേക കോടികള്‍ കേരളത്തിലേക്ക് ഒഴുകിയിട്ടുണ്ട്. പണക്കൊഴുപ്പില്‍ ആറാടുകയാണ് യുഡിഎഫിന്റെ പ്രചാരണം. എല്ലാ തലത്തിലും തരത്തിലും ജനാധിപത്യത്തിന് വിരുദ്ധമായ കാര്യങ്ങളാണ് യുഡിഎഫ് നടത്തുന്നത്. നിയമപാലന സംവിധാനത്തിന്റെ ഫലപ്രദമായ ഇടപെടല്‍, ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകരുടെ ജാഗ്രത എന്നിവ കൊണ്ടുമാത്രം ഈ കെട്ട രീതിയെ ചെറുത്ത് തോല്‍പ്പിക്കാനാവില്ല. ജനങ്ങളുടെ സംഘടിതമായ പ്രതികരണവും ഉണ്ടാകണം. വ്യാജ വാര്‍ത്തകള്‍ പരത്തുന്നവരെയും പണവുമായി വോട്ടിന് വരുന്നവരെയും അര്‍ഹിക്കുന്ന രീതിയില്‍ സ്വീകരിക്കാനുള്ള ബോധംതന്നെയാണ് ജനാധിപത്യബോധം. അത്തരക്കാര്‍ക്ക് ജനങ്ങളില്‍നിന്നും നിയമത്തില്‍നിന്നും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്.


*****


ദേശാഭിമാനി മുഖപ്രസംഗം 130411

No comments: